അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 8

لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُۚ أُولَٰئِكَ هُمُ الصَّادِقُونَ ﴿٨﴾

(ആ സമ്പത്ത്) സ്വന്തം വീടുകളില്‍നിന്നും സ്വത്തുക്കളില്‍നിന്നും പുറംതള്ളപ്പെട്ട പാവങ്ങളായ പലായകര്‍ക്കും ഉള്ളതാകുന്നു.16 അവരോ അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും കാംക്ഷിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും പിന്തുണക്കാന്‍ സന്നദ്ധരായി നിലകൊള്ളുകയും ചെയ്യുന്നു. അവര്‍തന്നെയാകുന്നു സത്യസന്ധരായ ജനം.

16. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മാത്രം മക്കയില്‍നിന്നും അറേബ്യയുടെ ഇതര ഭാഗങ്ങളില്‍നിന്നും ബഹിഷ്‌കരിക്കപ്പെട്ട ആളുകളെയാണുദ്ദേശിക്കുന്നത്. ബനുന്നദീറിന്റെ ദേശം വിമോചിപ്പിക്കുന്നതിനുമുമ്പ് ഈ മുഹാജിറുകള്‍ക്ക് ജീവിതായോധനത്തിന് സ്ഥിരമായ ഒരുപാധിയുണ്ടായിരുന്നില്ല. ഇപ്പോള്‍ കൈവന്ന ഈ ധനത്തിനും ഫൈഅ് ആയി ഭാവിയില്‍ കൈവരുന്ന ധനത്തിനും സാധാരണ അഗതികള്‍, അനാഥര്‍, യാത്രക്കാര്‍ എന്നിവരോടൊപ്പം അവര്‍ക്കും അവകാശമുണ്ടെന്നാണ് ഇവിടെ പറയുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും ദീനിനുവേണ്ടി ദേശത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതരായി ഇസ്‌ലാമിക ഗേഹത്തിലെത്തിയ എല്ലാവര്‍ക്കും സഹായം നല്‍കേണ്ടതാകുന്നു. ഈ വിധിയെ ആസ്പദമാക്കിയാണ് നബി(സ) ബനുന്നദീറിന്റെ സ്വത്തുക്കളിലൊരു ഭാഗം മുഹാജിറുകള്‍ക്ക് വിതരണം ചെയ്തത്. അന്‍സ്വാറുകള്‍‍ തങ്ങളുടെ മുഹാജിര്‍ സഹോദരന്‍മാര്‍ക്ക് സഹായമായി നല്‍കിയ ഈന്തപ്പനത്തോട്ടങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍, ഫൈഇല്‍നിന്ന് മുഹാജിറുകള്‍ക്ക് വിഹിതമുണ്ടായിരുന്നത് അക്കാലത്ത് മാത്രമായിരുന്നു എന്ന് കരുതുന്നത് ശരിയായിരിക്കുകയില്ല. അന്ത്യനാള്‍ വരെ ആരെങ്കിലും മുസ്‌ലിമായതിന്റെ പേരില്‍ നാടുകടത്തപ്പെട്ട് ഒരു മുസ്‌ലിംരാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അഭയംതേടാന്‍ നിര്‍ബന്ധിതരായാല്‍ അവര്‍ക്ക് പാര്‍ക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ആവശ്യമായത് ചെയ്തുകൊടുക്കേണ്ടത് അന്നാട്ടിലെ ഇസ്‌ലാമിക ഗവണ്‍മെന്റിന്റെ ബാധ്യതകളില്‍ പെട്ടതാകുന്നു. സകാത്തിനു പുറമേ, ഫൈഅ്‌സ്വത്തുക്കളില്‍നിന്നു കൂടി അവര്‍ക്കുവേണ്ടി ചെലവഴിക്കണം.

പാവങ്ങള്‍ക്ക് = لِلْفُقَرَاءِ
പലായനം ചെയ്തുവന്ന = الْمُهَاجِرِينَ
പുറത്താക്കപ്പെട്ടവര്‍ = الَّذِينَ أُخْرِجُوا
അവരുടെ വീടുകളില്‍നിന്ന് = مِن دِيَارِهِمْ
അവരുടെ സ്വത്തുക്കളില്‍നിന്നും = وَأَمْوَالِهِمْ
അവര്‍ തേടുന്നു = يَبْتَغُونَ
ഔദാര്യം = فَضْلًا
അല്ലാഹുവില്‍നിന്ന് = مِّنَ اللَّهِ
പ്രീതിയും = وَرِضْوَانًا
അവര്‍ സഹായിക്കുകയും ചെയ്യുന്നു = وَيَنصُرُونَ
അല്ലാഹുവിനെ = اللَّهَ
അവന്റെ ദൂതനെയും = وَرَسُولَهُۚ
അവര്‍ = أُولَٰئِكَ
അവര്‍ തന്നെയാണ് = هُمُ
സത്യസന്ധര്‍ = الصَّادِقُونَ

Add comment

Your email address will not be published. Required fields are marked *