وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ﴿٩﴾
മുഹാജിറുകള്‍ എത്തുന്നതിനു മുമ്പേ സത്യവിശ്വാസികളായിക്കൊണ്ട് മദീനയില്‍ വസിച്ചിരുന്നവര്‍ക്ക് കൂടിയുള്ളതത്രേ (ഈ സമ്പത്ത്). അവര്‍, തങ്ങളിലേക്ക് പലായനം ചെയ്തെത്തിയവരെ സ്നേഹിക്കുന്നവരാകുന്നു. മഹാജിറുകള്ക്ക് ലഭിച്ചിട്ടുള്ളതില്‍ ഇവരുടെ മനസ്സില്‍ യാതൊരാഗ്രഹവുമില്ല. തങ്ങള്‍ക്ക്തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ തങ്ങളെക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍.
മുഹാജിറുകള്‍ എത്തുന്നതിനു മുമ്പേ സത്യവിശ്വാസികളായിക്കൊണ്ട് മദീനയില്‍ വസിച്ചിരുന്നവര്‍ എന്നത്കൊണ്ടുദ്ദേശിക്കുന്നത് അന്‍സ്വാറുകളാണ്. ഫൈഇല്‍ മുഹാജിറുകള്‍ക്ക് മാത്രമല്ല അവകാശമുള്ളത്. നേരത്തേ ഇസ്ലാമിക രാജ്യത്തെ നിവാസികളായ മുസ്ലിംകള്ക്കും അതില്‍നിന്ന് വിഹിതം ലഭിക്കാനവകാശമുണ്ട്. ഈ സൂക്തത്തിലൂടെ മദീനയിലെ അന്‍സ്വാറുകളെ പ്രശംസിക്കുകയാണ്. മക്കയില്‍നിന്നും ഇതര സ്ഥലങ്ങളില്‍നിന്നും ഹിജ്റ ചെയ്ത് തങ്ങളുടെ നഗരത്തിലെത്തിയപ്പോള്‍ അവര്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്ന് ബോധിപ്പിച്ചു: ‘ഇതാ, ഞങ്ങളുടെ ഈന്തപ്പനത്തോട്ടങ്ങള്‍, അത് ഞങ്ങളുടെ മുഹാജിര്‍ സഹോദരന്മാര്ക്ക് വീതിച്ചുകൊടുത്താലും.’ തിരുനബി അവരോട് പറഞ്ഞു: ‘ഇവര്‍ക്ക് തോട്ടപ്പണി അറിയില്ല. തോട്ടങ്ങളില്ലാത്ത സ്ഥലങ്ങളില്നിന്നല്ലേ അവര്‍ വരുന്നത്? നിങ്ങളുടെ തോട്ടങ്ങള്‍ നിങ്ങള്‍തന്നെ പരിചരിക്കുകയും അതിലെ ആദായത്തില്‍നിന്ന് ഒരു വിഹിതം അവര്‍ക്ക് നല്‍കുകയും ചെയ്തുകൂടേ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ കേള്‍ക്കുന്നു. അനുസരിക്കുന്നു’ (ബുഖാരി, ഇബ്നു ജരീര്‍). ഇതേപ്പറ്റിയാണ് മുഹാജിറുകള്‍ ഇപ്രകാരം പറഞ്ഞത്: ”ഇങ്ങനെയുള്ള ആളുകളെ ഞങ്ങള്‍ ഇന്നോളം കണ്ടിട്ടില്ല. അവര്‍ സ്വയം പണിയെടുത്തിട്ട് വിഹിതം ഞങ്ങള്‍ക്ക് തരിക! പുണ്യങ്ങളാകെ ഇവര്‍തന്നെ തട്ടിയെടുത്തുവെന്ന് തോന്നുന്നു.” തിരുമേനി പറഞ്ഞു: ”അവരെ പ്രശംസിക്കുകയും അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങള്‍ക്കും പുണ്യം കിട്ടിക്കൊണ്ടിരിക്കും” (മുസ്നദ് അഹ്മദ്). അനന്തരം ബനൂനദീര്‍ പ്രദേശം വിമുക്തമായി. അപ്പോള്‍ നബി (സ) പറഞ്ഞു: ഇപ്പോള്‍ സ്വീകരിക്കാവുന്ന ഒരു സംവിധാനമിതാണ്. നിങ്ങളുടെ സ്വത്തും ആളുകളുപേക്ഷിച്ചുപോയ തോട്ടങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്ത് മൊത്തം സമ്പത്ത് മുഹാജിറുകള്‍ക്കും നിങ്ങള്‍ക്കുമായി വീതിക്കുക. നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ തിരിച്ചെടുക്കുകയും ഈ ഉപേക്ഷിക്കപ്പെട്ട ഭൂമികള്‍ മുഹാജിറുകള്‍ക്കിടയില്‍ വീതിക്കുകയുമാണ് മറ്റൊരു രൂപം. അന്‍സ്വാറുകള്‍ പറഞ്ഞു: ‘ഈ സ്വത്തുക്കള്‍ അങ്ങ് മുഹാജിറുകള്‍ക്ക് വീതിച്ചുകൊടുക്കുക. ഞങ്ങളുടെ സ്വത്തുക്കളില്‍നിന്ന് അങ്ങേക്ക് വേണമെങ്കില്‍ എടുക്കാവുന്നതാണ്.’ ഇതുകേട്ട അബൂബക്ര് (റ) വിളിച്ചു പറഞ്ഞു: അന്‍സ്വാരികളേ, അല്ലാഹു നിങ്ങള്‍ക്ക് നന്മ പ്രതിഫലം തരുമാറാകട്ടെ, (യഹ്യബ്നു ആദം നിവേദനം ചെയ്യുന്നു). അങ്ങനെ അന്‍സ്വാറുകളുടെ സംതൃപ്തിയോടെ, ജൂതന്മാരുപേക്ഷിച്ച സ്വത്തുക്കള്‍ മുഹാജിറുകള്‍ക്ക് വീതിക്കപ്പെട്ടു. അന്‍സ്വാരികളില്‍ അബൂദുജാന, സഹ്ലുബ്നു ഹുനൈഫ് ഹാരിസുബ്നു അല്‍ഖമ എന്നിവര്‍ക്കുമാത്രമേ വിഹിതം നല്‍കിയിട്ടുള്ളൂ. ഈ അന്‍സ്വാരികള്‍ വളരെ ദരിദ്രരായിരുന്നു എന്നതാണ് കാരണം (റൂഹുല്‍ മആനി, ബലാദുരി, ഇബ്നു ഹിശാം,). സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാകുന്നവരത്രെ വിജയം വരിക്കുന്നവര്‍ എന്ന് പറഞ്ഞതിന്റെ താല്പര്യമിതാണ്. അല്ലാഹുവിന്റെ ഉതവിയും സഹായവുമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രം ആര്‍ക്കും പിശുക്കില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ദൈവത്തിന്റെത്തന്നെ ഔദാര്യത്താല്‍ ലഭിക്കുന്ന ഒരു അനുഗ്രഹമാണത്. മനുഷ്യന് അന്യരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നത് പോകട്ടെ, അവരുടെ നന്മകളെ അംഗീകരിക്കാന്‍ പോലും വൈമനസ്യം കാണിക്കുന്നു. ലോകത്തുള്ളതൊക്കെ തനിക്ക് കിട്ടണമെന്നും മറ്റാര്‍ക്കും ഒന്നും കിട്ടരുതെന്നുമാണ് അവരാഗ്രഹിക്കുക. താന്‍ ആര്‍ക്കും ഒന്നും കൊടുക്കില്ലെന്ന് മാത്രമല്ല, മറ്റൊരുവന് ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നതും അയാള്‍ ഇഷ്ടപ്പെടില്ല. ഒരിക്കലും സ്വന്തം അവകാശംകൊണ്ട് അയാളുടെ ആര്‍ത്തി അടങ്ങുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്തിക്കൊണ്ടിരിക്കും. ചുരുങ്ങിയപക്ഷം, ഈ ലോകത്ത് തനിക്ക് ചുറ്റും നല്ലതായിട്ടുള്ളതെല്ലാം തന്റേതായിത്തീരണമെന്നും ആര്‍ക്കും ഒന്നും ബാക്കിയാവരുതെന്നും അയാള്‍ കൊതിച്ചുകൊണ്ടിരിക്കുകയെങ്കിലും ചെയ്യും. അതുകൊണ്ടാണ് ഈ തിന്മയില്നിന്നുള്ള മോചനത്തെ വിശുദ്ധ ഖുര്‍ആന്‍ വിജയത്തിന്റെ ഗ്യാരന്റിയായി നിശ്ചയിച്ചിരിക്കുന്നത്. നബി (സ) ഇതിനെ നാശത്തിന്റെ അടിവേരായ അതിദുഷ്ടമായ മാനുഷിക ഗുണങ്ങളിലൊന്നായി എണ്ണുകയും ചെയ്തിരിക്കുന്നു.
താമസിച്ചവര്‍ക്കും = وَالَّذِينَ تَبَوَّءُوا
ആ വീട്ടില്‍ = الدَّارَ
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും) = وَالْإِيمَانَ
അവര്‍ക്കു മുമ്പ് = مِن قَبْلِهِمْ
അവര്‍ സ്നേഹിക്കുന്നു = يُحِبُّونَ
പലായനം ചെയ്തെത്തിയവരെ = مَنْ هَاجَرَ
അവരിലേക്ക് = إِلَيْهِمْ
അവര്‍ കണ്ടെത്തുന്നുമില്ല = وَلَا يَجِدُونَ
അവരുടെ മനസ്സുകളില്‍ = فِي صُدُورِهِمْ
ഒരാവശ്യവും = حَاجَةً
അവര്‍ക്ക് നല്കപ്പെട്ടതില് = مِّمَّا أُوتُوا
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു = وَيُؤْثِرُونَ
തങ്ങളുടെ ദേഹങ്ങളേക്കാള്‍ = عَلَىٰ أَنفُسِهِمْ
ഉണ്ടെങ്കില്‍ പോലും = وَلَوْ كَانَ
അവര്‍ക്ക് = بِهِمْ
വല്ല അത്യാവശ്യവും = خَصَاصَةٌۚ
ആര് കാത്ത് രക്ഷിക്കപ്പെടുന്നുവോ = وَمَن يُوقَ
പിശുക്കില്‍നിന്ന് = شُحَّ
തന്റെ മനസ്സിന്റെ = نَفْسِهِ
അവര്‍ = فَأُولَٰئِكَ
അവര്‍ തന്നെയാണ് = هُمُ
വിജയം വരിച്ചവര്‍ = الْمُفْلِحُونَ
Add comment