അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 10

وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّۭا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌۭ رَّحِيمٌ﴿١٠﴾

ആ മുന്‍ഗാമികള്‍ക്ക് ശേഷം വന്നുചേര്‍ന്നവര്‍ക്കു(മുള്ളതാകുന്നു ആ സമ്പത്ത്). അവരോ, പ്രാര്‍ഥിക്കുന്നു: ‘നാഥാ, ഞങ്ങള്‍ക്കും ഞങ്ങള്‍ക്ക് മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ, ഞങ്ങളുടെ നാഥാ, നീ കനിവുറ്റവനും കരുണാവാരിധിയുമല്ലോ!’

ഫൈഅ് വിതരണത്തില്‍ അന്നുള്ളവര്‍ക്കും ഹാജരായവര്‍ക്കും മാത്രമല്ല വിഹിതമുള്ളത്. വരാനിരിക്കുന്ന മുസ്‌ലിംകള്‍ക്കും ഭാവിതലമുറകള്‍ക്കും കൂടി വിഹിതമുണ്ട് എന്ന് വിശദമാക്കുകയാണ് ഈ സൂക്തത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെങ്കിലും അതോടൊപ്പം അത് മുസ്‌ലിംകള്‍ക്ക് ഒരു ധാര്‍മികപാഠവും നല്‍കുന്നുണ്ട്: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോട് പകയുണ്ടാകാന്‍ പാടില്ല. തങ്ങളുടെ മുന്‍ഗാമികളുടെ പാപമുക്തിക്കായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ് മുസ്‌ലിംകളുടെ ശരിയായ രീതി; അവരെ ശപിക്കുകയോ ഒറ്റപ്പെടുത്തുകയോ അല്ല. മുസ്‌ലിംകളെ പരസ്പരം കൂട്ടിയിണക്കുന്ന ബന്ധം ഈമാനികബന്ധമാണ്. ആരുടെ മനസ്സില്‍ ഈമാന്‍ മറ്റെന്തിനെക്കാളും പ്രധാനമാണോ, അയാള്‍ അനിവാര്യമായും ഈമാനിക ബന്ധത്തിലൂടെ തന്റെ സഹോദരന്‍മാരായ എല്ലാവരോടും ഗുണകാംക്ഷയുള്ളവനായിരിക്കും. ഈമാന്റെ മൂല്യം കുറഞ്ഞുപോവുകയും മറ്റെന്തെങ്കിലും സംഗതിക്ക് അതിനേക്കാള്‍ പ്രാധാന്യം കല്‍പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അവന്റെ മനസ്സില്‍ സത്യവിശ്വാസികളെ സംബന്ധിച്ച ദുര്‍വിചാരത്തിനും പകയ്ക്കും വെറുപ്പിനും ഇടം കിട്ടുകയുള്ളൂ. അതിനാല്‍, ഒരു വിശ്വാസിയുടെ ഹൃദയം മറ്റൊരു വിശ്വാസിയോടുള്ള വെറുപ്പില്‍നിന്നും വിദ്വേഷത്തില്‍നിന്നും മുക്തമായിരിക്കുക എന്നത് സത്യവിശ്വാസത്തിന്റെ അടിസ്ഥാന താല്‍പര്യമാകുന്നു. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ വാക്കിലോ കര്‍മത്തിലോ തെറ്റുകണ്ടാല്‍ അത് പറയില്ലെന്ന് ഇതിനര്‍ഥമില്ല. വിശ്വാസി തെറ്റ് ചെയ്താലും ശരിയെന്ന് പറയുകയോ അയാളുടെ തെറ്റിനെ തെറ്റെന്ന് പറയാതിരിക്കുകയോ ഒരിക്കലും ഈമാന്റെ താല്‍പര്യമല്ല. ഒരു കാര്യം തെളിവുകളുന്നയിച്ച് തെറ്റെന്ന് പറയുകയും വിനയപൂര്‍വം വിശദീകരിച്ച് കൊടുക്കുകയും ചെയ്യുന്നതും, വിദ്വേഷവും വെറുപ്പും ഭര്‍ത്‌സനവും ശകാരവും നടത്തുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. രണ്ടാമത് പറഞ്ഞ ചെയ്തി ജീവിച്ചിരിപ്പുള്ള സമകാലികരോടാണെങ്കിലും വലിയ പാപമാകുന്നു. മരിച്ചുപോയ മുന്‍ഗാമികളോടാകുമ്പോള്‍ അതിന്റെ കുറ്റം കൂടുതല്‍ ഗുരുതരമാകുന്നു. കാരണം, മരിച്ചവര്‍ക്ക് പോലും മാപ്പുകൊടുക്കാത്ത അവന്റെ മനസ്സ് അതിദുഷ്ടമായിരിക്കും. അതിരൂക്ഷമായ പരീക്ഷണഘട്ടങ്ങളില്‍ പ്രവാചകനോടൊപ്പം നില്‍ക്കുക എന്ന ബാധ്യത നിര്‍വഹിക്കുകയും ജീവന്‍ പണയംവെച്ച് സമരംചെയ്ത് ലോകത്ത് ഇസ്‌ലാമിന്റെ പ്രകാശം പരത്തുക വഴി ഇന്ന് നമുക്ക് സത്യവിശ്വാസം എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്ത പുണ്യാത്മാക്കളെ ആക്ഷേപിക്കുക എന്നത് അതിനേക്കാളും കൂടുതല്‍ ദുഷ്ടതയാകുന്നു. എന്നാല്‍, അവരില്‍ ഉണ്ടായ ഭിന്നിപ്പുകളില്‍, ഒരാള്‍ ഒരു കൂട്ടരെ ശരിയായും മറുപക്ഷത്തിന്റെ നിലപാട് തന്റെ വീക്ഷണത്തില്‍ അസാധുവുമായി കാണുന്നുവെങ്കില്‍ അയാള്‍ക്ക് അഭിപ്രായം പുലര്‍ത്താവുന്നതും യുക്തിയുടെ പരിധിക്കകത്ത് നിന്നുകൊണ്ട് അത് സമര്‍ഥിക്കാവുന്നതുമാകുന്നു. പക്ഷേ, മറുപക്ഷത്തിനെതിരെ മനസ്സില്‍ വെറുപ്പും വിദ്വേഷവും നിറക്കുകയും നാവുകൊണ്ടും പേനകൊണ്ടും അവരുടെ നേരെ ആക്ഷേപ ശകാരങ്ങളുതിര്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഒരു കക്ഷിയെ പ്രതിരോധിക്കാനുള്ള അമിതാവേശം ദൈവഭയമുള്ള ഒരുവനില്‍നിന്നുണ്ടായിക്കൂടാത്തതാകുന്നു. ഖുര്‍ആന്റെ ഈ ഖണ്ഡിതമായ ശാസനക്ക് വിരുദ്ധമായി ഇത്തരം ചെയ്തികളിലേര്‍പ്പെടുന്നവര്‍ പൊതുവില്‍ ഉന്നയിക്കാറുള്ള ന്യായം ഇതാണ്: സത്യവിശ്വാസികളോട് വിദ്വേഷം പുലര്‍ത്തുന്നതിനെയാണ് ഖുര്‍ആന്‍ വിരോധിച്ചിട്ടുള്ളത്. ഞങ്ങള്‍ വെറുക്കുന്നവര്‍ സത്യവിശ്വാസികളല്ല; കപടവിശ്വാസികളാണ്. ഏതൊരു തെറ്റിനെ വെള്ളപൂശാനാണോ ഈ ന്യായീകരണമുന്നയിച്ചത്, ആ തെറ്റിനേക്കാള്‍ ഭയങ്കര കുറ്റമാണ് ഈ ആരോപണം. അല്ലാഹു പിന്‍ഗാമികളായ മുസ്‌ലിംകളെ തങ്ങളുടെ മുന്‍ഗാമികളോട് വിദ്വേഷം പുലര്‍ത്തരുതെന്നും അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കണമെന്നും ഉപദേശിക്കുന്ന പ്രകൃത ഖുര്‍ആന്‍സൂക്തങ്ങള്‍ തന്നെ ഈ ആരോപണത്തെ ഖണ്ഡിക്കാന്‍ മതിയായതാണ്. ഒന്നിനു പിറകെ ഒന്നായി മൂന്ന് കൂട്ടരെ ഈ സൂക്തങ്ങള്‍ ഫൈഇന്റെ അവകാശികളായി നിശ്ചയിച്ചിരിക്കുന്നു. ഒന്ന്: മുഹാജിറുകള്‍. രണ്ട്: അന്‍സ്വാറുകള്‍. മൂന്ന്: അവര്‍ക്കുശേഷം വരുന്ന മുസ്‌ലിംകള്‍. അതോടൊപ്പം ശേഷം വരുന്ന മുസ്‌ലിംകളോട് കല്‍പിക്കുന്നു: നിങ്ങള്‍ നേരത്തേ വിശ്വാസികളായി മുന്നേറിയവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കണം. ഈ പശ്ചാത്തലത്തില്‍ വിശ്വാസത്താല്‍ മുന്നേറിയവര്‍ എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് മുഹാജിറുകളെയും അന്‍സ്വാറുകളെയുമല്ലാതെ മറ്റാരെയുമല്ലെന്ന് വ്യക്തമാണല്ലോ.

വന്നവര്‍ക്കും = وَالَّذِينَ جَاءُوا
അവര്‍ക്കുശേഷം = مِن بَعْدِهِمْ
അവര്‍ പറയുന്നു = يَقُولُونَ
ഞങ്ങളുടെ നാഥാ = رَبَّنَا
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ = اغْفِرْ لَنَا
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും = وَلِإِخْوَانِنَا
ഞങ്ങളെ മുന്‍കടന്ന = الَّذِينَ سَبَقُونَا
സത്യവിശ്വാസത്തില്‍ = بِالْإِيمَانِ
നീ ഉണ്ടാക്കരുതേ = وَلَا تَجْعَلْ
ഞങ്ങളുടെ ഹൃദയങ്ങളില്‍ = فِي قُلُوبِنَا
വെറുപ്പ് = غِلًّا
വിശ്വസിച്ചവരോട് = لِّلَّذِينَ آمَنُوا
ഞങ്ങളുടെ നാഥാ = رَبَّنَا
ഉറപ്പായും നീ = إِنَّكَ
കൃപയുള്ളവനാണ് = رَءُوفٌ
ദയാപരനും = رَّحِيمٌ

Add comment

Your email address will not be published. Required fields are marked *