അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 11-13

أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًۭا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ﴿١١﴾ لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ﴿١٢﴾ لَأَنتُمْ أَشَدُّ رَهْبَةًۭ فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌۭ لَّا يَفْقَهُونَ﴿١٣﴾

(11)കാപട്യം കൈക്കൊണ്ട അക്കൂട്ടരെ താങ്കള്‍ കണ്ടില്ലയോ? വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാര്‍ക്ക് അവര്‍ വാക്കുകൊടുക്കുന്നു: ‘നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും അശേഷം വഴങ്ങുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടാവുകയാണെങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.’ പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു.
(12) അവര്‍ പുറത്താക്കപ്പെട്ടാല്‍ ഈ വഞ്ചകരൊരിക്കലും അവരോടൊപ്പം പുറപ്പെടുന്നതല്ല. അവര്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഇവരൊട്ട് അവരെ സഹായിക്കാന്‍ പോകുന്നുമില്ല. ഇനി ഇവര്‍ സഹായിക്കാന്‍ തുനിഞ്ഞാല്‍തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടെനിന്നും ഒരു സഹായവും അവര്‍ക്ക് ലഭിക്കുന്നതല്ല.
(13) ഇവരുടെ മനസ്സില്‍ അല്ലാഹുവിനോടുള്ളതിലേറെ ഭയം നിങ്ങളോടത്രെ. അതെന്തുകൊണ്ടെന്നാല്‍, ഇവര്‍ ഒന്നും ഗ്രഹിക്കാത്ത സമൂഹമാകുന്നു.

11-നബി(സ) ബനൂനദീറിന് പത്തുദിവസത്തിനകം അവിടംവിട്ട് പോകണമെന്ന് നോട്ടീസ് നല്‍കിയശേഷം ഉപരോധം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിച്ചതെന്ന് അതിന്റെ പ്രതിപാദനശൈലിയില്‍നിന്ന് സൂചിതമാകുന്നുണ്ട്. നാം നേരത്തേ ചൂണ്ടിക്കാണിച്ചപോലെ റസൂല്‍ (സ) ഈ നോട്ടീസ് നല്‍കിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യും മദീനയിലെ ഇതര മുനാഫിഖ് നേതാക്കളും ജൂതന്മാര്‍ക്ക് ഇപ്രകാരം സന്ദേശമയച്ചു: ‘ഞങ്ങള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ സഹായിക്കുന്നതാണ്. കൂടാതെ ഖുറൈള വംശവും ഗത്ഫാന്‍ വംശവും നിങ്ങളെ സഹായിക്കാന്‍ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ ഉറച്ചുനില്‍ക്കുക. ഒരിക്കലും അവരുടെ മുമ്പില്‍ ആയുധം വെക്കരുത്. അവര്‍ നിങ്ങളോട് പൊരുതുന്നുവെങ്കില്‍ ഞങ്ങളോടും പൊരുതേണ്ടിവരും. നിങ്ങള്‍ ഇവിടെനിന്ന് നാടുകടത്തപ്പെടുകയാണെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം വരും.’ അതേക്കുറിച്ചാണ് അല്ലാഹു ഈ സൂക്തമവതരിപ്പിച്ചത്.
13- ഇവരുടെ മനസ്സില്‍ അല്ലാഹുവിനോടുള്ളതിലേറെ ഭയം നിങ്ങളോടത്രെ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, അവര്‍ മുസ്‌ലിംകളായതുകൊണ്ടോ അവരുടെ ഹൃദയത്തില്‍ ദൈവഭയമുണ്ടായതുകൊണ്ടോ അല്ല അവര്‍ പരസ്യമായി രംഗത്തിറങ്ങാത്തത്. വിശ്വാസം വാദിച്ചുകൊണ്ട് സത്യവിശ്വാസികള്‍ക്കെതിരെ സത്യനിഷേധികളെ സംരക്ഷിച്ചാല്‍ അതിന് അല്ലാഹുവിങ്കല്‍ സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്ന ആശങ്കയുള്ളതുകൊണ്ടുമല്ല. മറിച്ച്, ഇസ്‌ലാമിനോടും മുഹമ്മദ് നബി(സ)യോടുമുള്ള നിങ്ങളുടെ സ്‌നേഹവും ആത്മാര്‍പ്പണ സന്നദ്ധതയും നിങ്ങളുടെ അണികളുടെ സുഭദ്രമായ ഐക്യവും കാണുമ്പോള്‍ അവരുടെ മനസ്സില്‍ ഭീരുത്വം നിറയുന്നുവെന്നതാണ് അവരെ നിങ്ങളുടെ മുന്നില്‍ വരുന്നതില്‍നിന്ന് തടയുന്ന യഥാര്‍ഥ സംഗതി. നിങ്ങള്‍ ഒരുപിടി ആളുകളേയുള്ളൂവെങ്കിലും രക്തസാക്ഷിയാവാനുള്ള ആഗ്രഹം നിങ്ങളിലോരോരുത്തരെയും ധീരമുജാഹിദുകളാക്കിയിട്ടുണ്ടെന്നും, നിങ്ങളെ ഉരുക്കുവ്യൂഹമാക്കി വാര്‍ത്തെടുത്ത ആ വ്യവസ്ഥയുമായി ഏറ്റുമുട്ടിയാല്‍ ജൂതന്‍മാരോടൊപ്പം തങ്ങളും ഛിന്നഭിന്നമാക്കപ്പെടുമെന്നും അവര്‍ക്ക് നല്ലവണ്ണം അറിയാം. ഒരുവന്റെ മനസ്സില്‍ ദൈവത്തോടുള്ളതിലേറെ ഭയം മറ്റാരോടെങ്കിലുമുണ്ടാവുക എന്നത് ദൈവഭയത്തിന് വിരുദ്ധമാണ് എന്ന കാര്യം ഇവിടെ ശ്രദ്ധേയമാകുന്നു. ഒരുവന്‍ രണ്ട് അപകടങ്ങളിലൊന്നിനെ മറ്റൊന്നിനേക്കാള്‍ വളരെ ഗുരുതരമെന്ന് മനസ്സിലാക്കിയാല്‍ അയാള്‍ ഗുരുതരമല്ലാത്തതിനെ സാരമാക്കാതെ തന്റെ ശ്രദ്ധ മുഴുവന്‍ ഗുരുതരമായതില്‍നിന്ന് രക്ഷനേടാന്‍ വിനിയോഗിക്കുക സ്വാഭാവികമാണല്ലോ. അവര്‍ ഒന്നും ഗ്രഹിക്കാത്ത സമൂഹമാകുന്നു എന്ന ഈ കൊച്ചുവാക്യത്തില്‍ വലിയൊരു യാഥാര്‍ഥ്യം വ്യക്തമാക്കിയിരിക്കുന്നു: യഥാര്‍ഥത്തില്‍ ഭയപ്പെടാന്‍ യോഗ്യമായത് ദൈവത്തിന്റെ ശക്തിയാണ്, മനുഷ്യശക്തിയല്ല എന്ന കാര്യം ബുദ്ധിയും ബോധവുമുള്ള എല്ലാ മനുഷ്യര്‍ക്കുമറിയാം. അതുകൊണ്ട് ദൈവശിക്ഷ ആശങ്കിക്കാവുന്ന എല്ലാ ചെയ്തികളില്‍നിന്നും അവന്‍ വിട്ടുനില്‍ക്കുന്നു. അതിന്റെ പേരില്‍ വല്ല മനുഷ്യശക്തിയും തന്നെ ശിക്ഷിക്കുമോ ഇല്ലേ എന്നത് അവന്‍ കാര്യമാക്കുകയില്ല. എന്നാല്‍ ബുദ്ധിശൂന്യരായ ആളുകള്‍ അവരുടെ സകല കാര്യങ്ങളിലും സമീപനം നിര്‍ണയിക്കുന്നത് ദൈവത്തിനു പകരം മനുഷ്യരുടെ ശക്തികളെ ആശ്രയിച്ചായിരിക്കും. അവന്‍ ഒരു കാര്യത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്, അത് ദൈവശിക്ഷയര്‍ഹിക്കുന്നതാണ് എന്നതുകൊണ്ടായിരിക്കുകയില്ല. മറിച്ച്, അവനെ വിചാരണ ചെയ്യാന്‍ മുന്നില്‍ ഏതെങ്കിലും മനുഷ്യശക്തിയുള്ളതുകൊണ്ടായിരിക്കും. ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അതും അല്ലാഹു ആ കാര്യം കല്‍പിച്ചതുകൊണ്ടോ അതിന്റെ പേരില്‍ ദൈവത്തിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടോ ആയിരിക്കുകയില്ല. ഏതെങ്കിലും മനുഷ്യശക്തി അത് കല്‍പിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്നതുകൊണ്ടായിരിക്കും. ശ്രദ്ധയും അശ്രദ്ധയും തമ്മിലുള്ള ഈ അന്തരമാണ് വാസ്തവത്തില്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും പ്രവര്‍ത്തനചര്യകളെ പരസ്പരം വേര്‍തിരിക്കുന്നത്.

നീ കണ്ടില്ലേ? = أَلَمْ تَرَ
കാപട്യം കാണിച്ചവരെ = إِلَى الَّذِينَ نَافَقُوا
അവര്‍ പറയുന്നു = يَقُولُونَ
അവരുടെ സഹോദരന്മാരോട് = لِإِخْوَانِهِمُ
നിഷേധിച്ചവരായ = الَّذِينَ كَفَرُوا
വേദക്കാരില്‍നിന്ന് = مِنْ أَهْلِ الْكِتَابِ
നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ = لَئِنْ أُخْرِجْتُمْ
നിശ്ചയമായും ഞങ്ങളും പുറത്തുപോരും = لَنَخْرُجَنَّ
നിങ്ങളോടൊപ്പം = مَعَكُمْ
ഞങ്ങള്‍ അനുസരിക്കുകയില്ല = وَلَا نُطِيعُ
നിങ്ങളുടെ കാര്യത്തില്‍ = فِيكُمْ
ആരെയും = أَحَدًا
ഒരിക്കലും = أَبَدًا
നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍ = وَإِن قُوتِلْتُمْ
ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും = لَنَنصُرَنَّكُمْ
അല്ലാഹു = وَاللَّهُ
അവന്‍ സാക്ഷ്യം വഹിക്കുന്നു = يَشْهَدُ
നിശ്ചയം, അവര്‍ = إِنَّهُمْ
കളവ് പറയുന്നവരാണെന്ന് = لَكَاذِبُونَ
*************************************
അവര്‍ പുറത്താക്കപ്പെട്ടാല്‍ = لَئِنْ أُخْرِجُوا
ഇവര്‍ പുറത്തുപോവുകയില്ല = لَا يَخْرُجُونَ
അവരുടെ കൂടെ = مَعَهُمْ
അവരോട് യുദ്ധം ചെയ്യപ്പെട്ടാല്‍ = وَلَئِن قُوتِلُوا
ഇവര്‍ അവരെ സഹായിക്കുകയുമില്ല = لَا يَنصُرُونَهُمْ
ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ = وَلَئِن نَّصَرُوهُمْ
തീര്‍ച്ചയായും അവര്‍ തിരിഞ്ഞോടും = لَيُوَلُّنَّ
പിന്നിലേക്ക് = الْأَدْبَارَ
പിന്നെ = ثُمَّ
അവര്‍ സഹായിക്കപ്പെടുന്നതുമല്ല = لَا يُنصَرُونَ
*************************************
നിങ്ങളോടാണ് = لَأَنتُمْ
കൂടുതല്‍ കഠിനം = أَشَدُّ
ഭയത്തില്‍ = رَهْبَةً
അവരുടെ മനസ്സുകളില്‍ = فِي صُدُورِهِم
അല്ലാഹുവിനേക്കാള്‍ = مِّنَ اللَّهِۚ
അത് = ذَٰلِكَ
നിശ്ചയമായും അവരാണെന്നതു കൊണ്ടാണ് = بِأَنَّهُمْ
ഒരു ജനത = قَوْمٌ
കാര്യം ഗ്രഹിക്കാത്ത = لَّا يَفْقَهُونَ

Add comment

Your email address will not be published. Required fields are marked *