അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 22

هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ﴿٢٢﴾

(22)അവനാകുന്നു അല്ലാഹു. അവനല്ലാതെ ദൈവമേതുമില്ല. ദൃശ്യവും അദൃശ്യവുമായ സകല കാര്യങ്ങളും അറിയുന്നവന്‍. ദയാപരനും കരുണാവാരിധിയുമാണവന്‍.

22- ഈ ഖുര്‍ആന്‍ നിങ്ങള്‍ക്കവതരിപ്പിച്ചുതരികയും നിങ്ങളുടെമേല്‍ ഈ ഉത്തരവാദിത്വങ്ങള്‍ ചുമത്തുകയും ഒടുവില്‍ നിങ്ങളെ വിചാരണ നടത്തുകയും ചെയ്യുന്ന ദൈവം എങ്ങനെയുള്ളവനാണെന്നും അവന്റെ ഗുണങ്ങളെന്തൊക്കെയാണെന്നും വിവരിക്കുകയാണ് ഈ സൂക്തങ്ങളില്‍. ഇവിടെ ഒരു സംഗതി കൂടി ഗ്രഹിച്ചിരിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവിടവിടെയായി ദൈവസത്തയുടെ വ്യക്തമായ സങ്കല്‍പം പ്രദാനംചെയ്യുന്ന നിസ്തുലമായ രീതിയില്‍ ദൈവികഗുണങ്ങള്‍ വര്‍ണിച്ചിട്ടുണ്ട്. എങ്കിലും ദൈവികഗുണങ്ങളുടെ ഏറ്റവും സമഗ്രമായ വര്‍ണന കാണപ്പെടുന്നത് രണ്ടിടങ്ങളിലാണ്. ഒന്ന്, സൂറ അല്‍ബഖറയിലെ ആയതുല്‍ കുര്‍സിയ്യ്. രണ്ടാമത്തേത് അല്‍ഹശ്‌റിലെ ഈ സൂക്തവും. ഇവിടെ അല്ലാഹുവല്ലാതെ ദൈവമേതുമില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. അടിമപ്പെടാനും പൂജിക്കപ്പെടാനുമുള്ള സ്ഥാനവും പദവിയും അവസ്ഥയുമുള്ളവന്‍ ആരാധനക്കര്‍ഹമാകുംവണ്ണമുള്ള ദൈവികഗുണങ്ങളും അധികാരങ്ങളുമുള്ളവനും അവന്‍ മാത്രമാണ്. ദൃശ്യവും അദൃശ്യവുമായ സകല കാര്യങ്ങളും അറിയുന്നവന്‍ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. സൃഷ്ടികളില്‍ ദൃശ്യമായതിനെയും അദൃശ്യമായതിനെയും അവന്‍ അറിയുന്നു. പ്രപഞ്ചത്തിലൊരു വസ്തുവും അവന്റെ ജ്ഞാനത്തിനതീതമല്ല. ഭൂതകാലത്ത് കഴിഞ്ഞുപോയതും വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതുമായ എല്ലാ സംഗതികളെക്കുറിച്ചും അവന് നേരിട്ടുള്ള ജ്ഞാനമുണ്ട്. ഒരു ജ്ഞാനമാധ്യമവും അവനാവശ്യമില്ല. ദയാപരനും കരുണാവാരിധിയുമാണവന്‍ എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്. അവന്റെ കാരുണ്യം അപാരമാണ്. അത് പ്രപഞ്ചത്തെ മുഴുവന്‍ വലയം ചെയ്യുന്നു. അതിന്റെ പ്രവാഹം പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും പ്രാപിക്കുന്നു. സര്‍വവ്യാപിയും അതിരറ്റതുമായ കരുണയുടെ വാഹകനായി പ്രപഞ്ചത്തില്‍ അവനല്ലാതെ മറ്റാരുമില്ല. അവനല്ലാത്ത മറ്റേത് അസ്തിത്വത്തിലും കാണപ്പെടുന്ന കാരുണ്യഗുണം അവന്റെ കാരുണ്യത്തിന്റെ അംശവും പരിമിതവുമാകുന്നു. അതുതന്നെയും സ്രഷ്ടാവ് അരുളിയിട്ടുള്ളതാണ്. ഏതൊരു സൃഷ്ടിയിലും അവന്‍ മറ്റൊരു സൃഷ്ടിയോടുള്ള ദയാവായ്പ് നിക്ഷേപിച്ചിട്ടുള്ളത്, ഒരു സൃഷ്ടി മറ്റുസൃഷ്ടികളുടെ പാലനത്തിനും സുസ്ഥിതിക്കും ഉപാധിയായിത്തീരേണ്ടതിനത്രേ. അതുതന്നെ അവന്റെ അപാരമായ കാരുണ്യത്തിന്റെ തെളിവാകുന്നു.

അവന്‍ = هُوَ
അല്ലാഹുവാകുന്നു = اللَّهُ
യാതൊരുവന്‍ = الَّذِي
ഒരു ദൈവവും ഇല്ല = لَا إِلَٰهَ
അവനല്ലാതെ = إِلَّا هُوَۖ
അറിയുന്നവന്‍ = عَالِمُ
അദൃശ്യമായതിനെ = الْغَيْبِ
ദൃശ്യമായതിനെയും = وَالشَّهَادَةِۖ
അവന്‍ = هُوَ
പരമകാരുണികനാണ് = الرَّحْمَٰنُ
ദയാപരനും = الرَّحِيمُ

Add comment

Your email address will not be published. Required fields are marked *