അല്‍ഹശ്ര്‍ – സൂക്തങ്ങള്‍: 24

هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٤﴾

(24) അവനാണ് അല്ലാഹു. സൃഷ്ടിപദ്ധതി ആവിഷ്‌കരിക്കുന്നവന്‍. അത് നടപ്പിലാക്കുന്നവന്‍. അനുയോജ്യമായ ആകൃതിയേകുന്നവന്‍. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല വസ്തുക്കളും അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ.

24- മുഴുലോകവും ലോകത്തെ ഓരോ വസ്തുവും സൃഷ്ടിയുടെ പ്രാരംഭപദ്ധതി മുതല്‍ അതിന്റെ സവിശേഷ രൂപത്തിലുള്ള ഉണ്‍മയായിത്തീരുന്നതുവരെ അവന്‍ മാത്രം നിശ്ചയിച്ച ഘടനയിലും പ്രക്രിയയിലുമാണുള്ളത്. ഒന്നിന്റെയും സൃഷ്ടിപ്രക്രിയയില്‍ അണുഅളവ് മറ്റാരും കൈകടത്തിയിട്ടില്ല. ഇവിടെ അല്ലാഹുവിന്റെ സൃഷ്ടികര്‍മത്തെ ക്രമാനുഗതമായി സംഭവിക്കുന്ന മൂന്ന് വ്യത്യസ്ത പടികളായി പറഞ്ഞിരിക്കുന്നു. ആസൂത്രണം അല്ലെങ്കില്‍ വിധി എന്ന അര്‍ഥത്തിലുള്ളതാണ് പ്രഥമ സൃഷ്ടിഘട്ടം. രണ്ടാമത്തെ ഘട്ടം ബുറൂഅ് ആണ്. വേര്‍പെടുത്തുക, കീറിയെടുക്കുക, പിളര്‍ന്ന് വേര്‍പെടുത്തുക എന്നൊക്കെയാണിതിന്റെ അര്‍ഥം. മൂന്നാമത്തെ ഘട്ടം ‘തസ്‌വീര്‍’ ആണ്. രൂപം നല്‍കുക എന്നര്‍ഥം. വസ്തുവിന് അതിന്റെ അന്തിമവും സമ്പൂര്‍ണവുമായ രൂപം നല്‍കുക എന്നാണ് ഇവിടെ ഉദ്ദേശ്യം. ഈ മൂന്ന് ഘട്ടങ്ങളിലായുള്ള ദൈവിക പ്രവര്‍ത്തനവും മനുഷ്യപ്രവര്‍ത്തനങ്ങളും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല. നേരത്തേയുള്ള മാതൃകകളില്‍നിന്ന് എടുക്കുന്നതല്ലാത്ത യാതൊരു പദ്ധതിയും മനുഷ്യന് ഇല്ല. എന്നാല്‍, അല്ലാഹുവിന്റെ ഓരോ പദ്ധതിയും ഉദാഹരണമില്ലാത്തതും അവന്‍ സ്വയം ആവിഷ്‌കരിച്ചതുമാകുന്നു. മനുഷ്യനുണ്ടാക്കുന്ന എന്തും അല്ലാഹു ഉളവാക്കിയ വസ്തുക്കളെ കൂട്ടിയിണക്കി ഉണ്ടാക്കുന്നതാണ്. അവന്‍ യാതൊന്നും ശൂന്യതയില്‍നിന്ന് സൃഷ്ടിക്കുന്നില്ല; മറിച്ച്, ഉള്ള വസ്തുക്കളെ വിവിധ രീതികളില്‍ ഘടിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. എന്നാല്‍, അല്ലാഹു സകല വസ്തുക്കളെയും ശൂന്യതയില്‍നിന്ന് ഉളവാക്കുകയായിരുന്നു. അവന്‍ ഈ ലോകത്തെ സൃഷ്ടിച്ചത് ഏതൊരു ധാതുവില്‍നിന്നാണോ ആ ധാതുവും അവന്റെത്തന്നെ സൃഷ്ടിയാകുന്നു. നാമങ്ങള്‍കൊണ്ടുദ്ദേശ്യം ഗുണനാമങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള ന്യൂനത പ്രകടമാകുന്ന ഗുണനാമങ്ങള്‍ അവനു ചേരില്ല എന്നാണ്, ‘ഉത്കൃഷ്ട നാമങ്ങള്‍ അവന്നുള്ളതാകുന്നു’ എന്നതിന്റെ താല്‍പര്യം. അവന്റെ സമ്പൂര്‍ണതയെ പ്രകടിപ്പിക്കുന്ന നാമങ്ങള്‍കൊണ്ടാണ് അവനെ സ്മരിക്കേണ്ടത്. ഖുര്‍ആനില്‍ പലയിടത്തായി ദൈവികനാമങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹദീസില്‍ ദൈവിക സത്തയുടെ 99 നാമങ്ങള്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു. തിര്‍മിദിയും ഇബ്‌നുമാജയും അബൂഹുറയ്‌റ(റ)യില്‍നിന്നുള്ള ഒരു നിവേദനത്തിലൂടെ അത് വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല വസ്തുക്കളും അവനെ പ്രകീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞതിന്റെ താല്‍പര്യമിതാണ്, തന്റെ സ്രഷ്ടാവ് എല്ലാവിധ ന്യൂനതകളില്‍നിന്നും ദൗര്‍ബല്യങ്ങളില്‍നിന്നും മുക്തനും പരിശുദ്ധനുമാണെന്ന് അവയുടെ അവസ്ഥകള്‍ വിളിച്ചോതുന്നുണ്ട്. അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ എന്ന് പറഞ്ഞതിന്റെ വിശദീകരണത്തിന് സൂറ അല്‍ഹദീദ് 1-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക.

അവനാണ് = هُوَ
അല്ലാഹു = اللَّهُ
സ്രഷ്ടാവ് = الْخَالِقُ
നിര്‍മാതാവ് = الْبَارِئُ
രൂപരചയിതാവ് = الْمُصَوِّرُۖ
അവന്നുണ്ട് = لَهُ
നാമങ്ങള്‍ = الْأَسْمَاءُ
ഏറ്റവും ഉല്‍കൃഷ്ടമായ = الْحُسْنَىٰۚ
വാഴ്ത്തുന്നു = يُسَبِّحُ
അവന്ന് = لَهُ
ആകാശങ്ങളിലുള്ളത് = مَا فِي السَّمَاوَاتِ
ഭൂമിയിലുള്ളതും = وَالْأَرْضِۖ
അവന്‍ = وَهُوَ
അജയ്യനാണ് = الْعَزِيزُ
യുക്തിജ്ഞനും = الْحَكِيمُ

Add comment

Your email address will not be published. Required fields are marked *