നാമം
ഈ അധ്യായത്തിന്റെ പേര് ആദ്യ ഖണ്ഡികയിലെ إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ എന്ന പത്താം സൂക്തത്തില്‍നിന്ന് എടുത്തതാണ്. ‘കഹ്ഫ്’ എന്ന പദം ഉപയോഗിച്ച അധ്യായം എന്നത്രെ ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്.
അവതരണകാലം
ഇവിടം മുതല്‍ നബിതിരുമേനിയുടെ മക്കാജീവിതത്തിന്റെ മൂന്നാം ഘട്ടത്തില്‍ അവതരിച്ച അധ്യായങ്ങള്‍ ആരംഭിക്കുന്നു. തിരുമേനിയുടെ മക്കാജീവിതത്തെ നാം വലിയ നാലുഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. അതിന്റെ വിശദീകരണം ‘അല്‍അന്‍ആമി’ന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ വിഭജനമനുസരിച്ച് മൂന്നാംഘട്ടം ഏറക്കുറെ, പ്രവാചകത്വലബ്ധിയുടെ അഞ്ചാം വര്‍ഷാരംഭം മുതല്‍ പത്താം വര്‍ഷം വരെയാണ്. ഈ ഘട്ടത്തെ രണ്ടാംഘട്ടത്തില്‍നിന്ന് വേര്‍തിരിക്കുന്ന പ്രത്യേകതകള്‍ ഇങ്ങനെ സമാഹരിക്കാം: ദ്വിതീയഘട്ടത്തില്‍ ഖുറൈശികള്‍ നബിതിരുമേനിയെയും അവിടത്തെ പ്രസ്ഥാനത്തെയും സംഘടനയെയും നശിപ്പിക്കുന്നതിനുവേണ്ടി പ്രധാനമായും അവലംബമാക്കിയത് അവഹേളനം, വിമര്‍ശനങ്ങള്‍, പരിഹാസം, ആരോപണങ്ങള്‍, ഭീഷണി, പ്രലോഭനം, എതിര് പ്രചാരവേലകള്‍ തുടങ്ങിയ മാര്‍ഗങ്ങളായിരുന്നു. എന്നാല്‍, ഈ മൂന്നാംഘട്ടത്തില്‍ അവര്‍ മര്‍ദനങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളുമായിരുന്നു കൂടുതല്‍ ശക്തിയായി ഉപയോഗിച്ചുകൊണ്ടിരുന്ന ആയുധങ്ങള്‍. എത്രത്തോളമെന്നാല്‍ മുസ്ലിംകളില് വലിയൊരു വിഭാഗത്തിന് സ്വന്തം നാടുപേക്ഷിച്ച് ഹബ്ശ(എത്യോപ്യ)N1335യിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ശേഷിച്ച മുസ്ലിംകളെ, നബി(സ)യെയും കുടുംബത്തെയുംപോലും ‘ശിഅ്ബു അബീത്വാലിബി’N945ല്‍ ഉപരോധിച്ചു. അവരുമായുള്ള സാമ്പത്തികവും സാമൂഹികവുമായ മുഴുവന്‍ ബന്ധങ്ങളും വിച്ഛേദിക്കുകയുണ്ടായി. എന്നാലും ഈ ഘട്ടത്തില്‍ രണ്ട് വ്യക്തിത്വങ്ങളുടെ –അബൂത്വാലിബിന്റെയുംN6 ഉമ്മുല്‍ മുഅ്മിനീന്‍ ഹദ്റത്ത് ഖദീജ(റ)N325യുടെയും–സ്വാധീനഫലമായി ഖുറൈശികളില്‍പ്പെട്ട രണ്ട് വലിയ കുടുംബങ്ങള്‍ നബി(സ)യെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നു. നുബുവ്വത്തിന്റെ പത്താം വര്‍ഷത്തില്‍ ഇരുവരുടേയും കണ്ണടഞ്ഞതോടുകൂടി ഈ ഘട്ടം അവസാനിക്കുകയും നാലാംഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. അതില്‍ നബി(സ)ക്കും മുഴുവന്‍ മുസ്ലിംകള്ക്കും അവസാനം മക്കയില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അത്രമാത്രം ക്ലേശകരമാക്കിത്തീര്ത്തു, സത്യനിഷേധികള്‍ മക്കയില്‍ മുസ്ലിംകളുടെ ജീവിതം. ‘അല്‍കഹ്ഫ്’ അധ്യായത്തിലെ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് മൂന്നാംഘട്ടത്തിന്റെ ആദ്യത്തില്‍ അവതരിച്ചതാണെന്ന് അനുമാനിക്കാവുന്നതാണ്. അപ്പോഴേക്കും അക്രമമര്ദനങ്ങള്ക്ക് കാഠിന്യം വര്ധിച്ചുവന്നിരുന്നുവെങ്കിലും ‘ഹബ്ശാ പലായനം’ സംഭവിച്ചുകഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍, മര്ദനങ്ങളനുഭവിച്ചുകൊണ്ടിരുന്ന മുസ്ലിംകളെ ഗുഹാവാസികളുടെ കഥ കേള്‍പ്പിക്കുകയാണ്–അവരെ നിശ്ചയദാര്ഢ്യമുള്ളവരാക്കുന്നതിനുവേണ്ടി; മുമ്പ് വിശ്വാസികള്‍ക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ എന്തെല്ലാം പ്രവര്ത്തിക്കേണ്ടിവന്നുവെന്ന് അവര്‍ മനസ്സിലാക്കുന്നതിനു വേണ്ടിയും.
ഉള്ളടക്കവും പ്രതിപാദ്യവും
ഈ അധ്യായം മക്കയിലെ ബഹുദൈവവിശ്വാസികള്‍ നബിതിരുമേനിയെ പരീക്ഷിക്കുന്നതിനു വേണ്ടി വേദക്കാരായ ജൂത-ക്രിസ്ത്യാനികളുടെ ഉപദേശമനുസരിച്ച് ഉന്നയിച്ച മൂന്നു ചോദ്യങ്ങളുടെ മറുപടിയായാണ് അവതരിച്ചിട്ടുള്ളത്. ഗുഹാവാസികള്‍ ആരായിരുന്നു? ഖദിര്‍ കഥയുടെ യാഥാര്‍ഥ്യമെന്ത്? ദുല്ഖര്നൈനി(ബനീഇസ്റാഈല്‍ അധ്യായത്തിലെ പത്താം ഖണ്ഡികയില്‍ മറുപടി നല്കപ്പെട്ട റൂഹിനെ സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചോദ്യമെന്നു ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. പക്ഷേ, അല്‍കഹ്ഫ് – ബനീഇസ്റാഈല്‍ അധ്യായങ്ങളുടെ അവതരണമധ്യേ വര്‍ഷങ്ങളുടെ വിടവുണ്ടെന്നതാണ് വാസ്തവം. മാത്രമല്ല, അല്‍കഹ്ഫ് അധ്യായത്തില്‍ രണ്ടല്ല, മൂന്നു സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാല്‍, രണ്ടാമത്തെ ചോദ്യം റൂഹിനെക്കുറിച്ചായിരുന്നില്ല, ഖദിറിനെക്കുറിച്ചായിരുന്നുവെന്നാണ് നാം മനസ്സിലാക്കുന്നത്. നമ്മുടെ ഈ അഭിപ്രായത്തിന് ഉപോദ്ബലകമായ ഒരു സൂചന ഖുര്‍ആനില്‍നിന്നുതന്നെ ലഭിക്കുന്നുമുണ്ട്. (അടിക്കുറിപ്പ് 61(18:61) കാണുക))യുടെ സംഭവങ്ങള്‍ എന്താണ്? എന്നിവയായിരുന്നു ചോദ്യങ്ങള്‍. ഈ മൂന്നു സംഭവങ്ങളും ക്രൈസ്തവ-ജൂത ചരിത്രവുമയി ബന്ധപ്പെട്ടവയായിരുന്നു. ഹിജാസില്‍N1144 അവയെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുഹമ്മദി(സ)ന്റെ കൈവശം അദൃശ്യമായ വല്ല ജ്ഞാനമാര്‍ഗവും യഥാര്‍ഥത്തില്‍ ഉണ്ടോ എന്ന് തെളിയിക്കാനുള്ള പരീക്ഷണത്തിന് അവര്‍ ഈ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത്. എന്നാല്‍, അല്ലാഹു തന്റെ ദൂതന്റെ ജിഹ്വയിലൂടെ അവക്ക് പൂര്‍ണമായി മറുപടി നല്കി. എന്നുമാത്രമല്ല, അന്ന് മക്കയില്‍ മുസ്ലിംകള്ക്കും സത്യനിഷേധികള്ക്കുമിടയിലുണ്ടായിരുന്ന അവസ്ഥയോട് പ്രകൃതസംഭവങ്ങളെ അപ്പടി സമീകരിക്കുകകൂടി ചെയ്തിരിക്കയാണ്: 1. ഗുഹാവാസികളെക്കുറിച്ചു പറഞ്ഞു: അവര്‍ ഉയര്‍ത്തിപ്പിടിച്ച തൗഹീദ് ഈ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന അതേ ഏകദൈവവിശ്വാസമായിരുന്നു. അവരുടെ അവസ്ഥ മക്കയിലെ ഒരുപിടി മര്‍ദിത മുസ്ലിംകളുടെ അവസ്ഥയില്‍നിന്നും, അവരുടെ ജനതയുടെ സമീപനം സത്യനിഷേധികളായ ഖുറൈശികളുടെ സമീപനത്തില്‍നിന്നും ഒട്ടും ഭിന്നമായിരുന്നില്ല. പിന്നീട് ഇതേ കഥയിലൂടെ സത്യവിശ്വാസികളെ പഠിപ്പിച്ചിരിക്കുകയാണ്, സത്യനിഷേധികളുടെ വിജയം ഒരുവേള അപ്രതിരോധ്യമായിരുന്നാലും, സത്യവിശ്വാസികള്‍ക്ക് മര്‍ദക സമൂഹത്തില്‍ ശ്വാസം കഴിക്കാന്‍കൂടി അവസരം നിഷേധിക്കപ്പെട്ടാലും അവര്‍ അസത്യത്തിന്റെ മുമ്പില്‍ തലകുനിക്കാവതല്ല. മറിച്ച്, അല്ലാഹുവില്‍ ഭരമേല്പിച്ചുകൊണ്ട് സ്വരക്ഷ നോക്കുകയാണ് കരണീയമായിട്ടുള്ളത്. ഇവിടെ ഭംഗ്യന്തരേണ മക്കയിലെ സത്യനിഷേധികളെ മറ്റൊരു കാര്യംകൂടി അറിയിക്കുന്നുണ്ട്. അതായത്, ഗുഹാവാസികളുടെ കഥ പരലോക വിശ്വാസത്തിന്റെ സാധുതക്ക് ഒരു തെളിവു കൂടിയാണ്. അല്ലാഹു ഗുഹാവാസികളെ നീണ്ട കാലം നിദ്രാമരണത്തിനു വിധേയമാക്കിയ ശേഷം ഉയിര്ത്തെഴുന്നേല്പിച്ചത് എങ്ങനെയോ അതേപോലെ നിങ്ങളിന്നു നിഷേധിച്ചുകൊണ്ടിരിക്കുന്ന മരണാനന്തരജീവിതവും അവന്റെ ശക്തിവൈഭവത്തെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമല്ല. 2. ഗുഹാവാസികളുടെ കഥ മാധ്യമമാക്കി, മക്കയിലെ നേതാക്കളും സമ്പന്നരും തങ്ങളുടെ നാട്ടിലെ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തോട് അനുവര്‍ത്തിച്ച അക്രമമര്ദനങ്ങളെയും അവഹേളന നിന്ദകളെയും കുറിച്ചു പരാമര്‍ശിക്കുന്നു. ഇതിലൊരു ഭാഗത്ത്, ഈ അക്രമികളുമായി ഒരു സന്ധിയിലും ഏര്‍പ്പെടരുതെന്നും പാവങ്ങളായ തന്റെ കൂട്ടുകാര്ക്കെതിരില് ഈ വലിയവന്മാരെ ഒട്ടും വകവെക്കരുതെന്നും നബി തിരുമേനിക്ക് മാര്‍ഗനിര്‍ദേശം നല്കുമ്പോള് മറുഭാഗത്ത്, ഏതാനും ദിവസത്തെ സുഖജീവിതത്തില്‍ മതിമറക്കരുതെന്നും ശാശ്വതമായ സൗഖ്യമാണ് കാംക്ഷിക്കേണ്ടതെന്നും ആ നേതാക്കളെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. 3. ഈ വിവരണശൃംഖലയിലെ മൂസാ-ഖദിര്‍ സംഭവങ്ങളില്‍ അവരുടെ ചോദ്യത്തിനുള്ള മറുപടിയോടൊപ്പം സത്യവിശ്വാസികള്‍ക്കുള്ള സാന്ത്വനവും ഉണ്ട്. ഈ കഥയിലൂടെ അടിസ്ഥാനപരമായി പഠിപ്പിക്കുന്ന പാഠമിതാണ്: ദൈവവിധിയാകുന്ന പണിപ്പുര എന്തെന്തു താല്പര്യങ്ങളെ മുന്‍നിര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു എന്നത് നിങ്ങള്‍ക്ക് അഗോചരമായിരിക്കയാല് ഓരോ കാര്യത്തിലും നിങ്ങള്‍ പരിഭ്രാന്തരാകുന്നു; ഇത് എന്തുകൊണ്ട് സംഭവിച്ചു? ഇതിനെന്തു പറ്റി? ഇത് വലിയ അക്രമമായിപ്പോയി എന്നൊക്കെ. വാസ്തവമാകട്ടെ, അദൃശ്യത്തിന്റെ യവനിക ഉയര്ത്തപ്പെടുന്നപക്ഷം, ഇവിടെ സംഭവിക്കുന്നതത്രയും ശരിയായ വിധത്തിലാണെന്നും, പ്രത്യക്ഷത്തില്‍ ചീത്തയായി തോന്നുന്നതു പോലും അവസാനം ഒരു നല്ല ഫലത്തിനുവേണ്ടി സംഭവിക്കുന്നതാണെന്നും നിങ്ങള്‍ക്ക് സ്വയം ബോധ്യമാകുന്നതാണ്. 4. അതിനുശേഷം വിവരിക്കുന്ന ദുല്ഖര്നൈനിയുടെ കഥയിലൂടെ അവര്‍ക്ക് ഇങ്ങനെ ഒരു പാഠം നല്‍കിയിരിക്കുകയാണ്: നിങ്ങള്‍ അതിമാത്രം നിസ്സാരമായ സ്വന്തം സ്ഥാനമാനങ്ങളില്‍ അഹങ്കരിക്കുന്നു. എന്നാല്‍, ദുല്‍ഖര്‍നൈന്‍ അതിഗംഭീരനായ നേതാവും മഹാനായ ലോകജേതാവും കണക്കറ്റ വിഭവങ്ങളുടെ അധിപനുമായിരുന്നിട്ടും തന്റെ യഥാര്‍ഥ നില വിസ്മരിച്ചില്ല. സദാ തന്റെ സ്രഷ്ടാവിന്റെ സവിധത്തില്‍ തലകുനിച്ചു. നിങ്ങളോ അതിമാത്രം നിസ്സാരമായ ഈ ഭവനങ്ങളുടേയും തോട്ടങ്ങളുടെയും വസന്തം അനശ്വരമാണെന്ന് ധരിച്ചിരിക്കുകയാണ്. എന്നാല്‍, അദ്ദേഹം ലോകത്തിലെ ഏറ്റവും ഉറപ്പുകൂടിയ സുരക്ഷിത മതില് നിര്മിച്ചിട്ടുപോലും യഥാര്‍ഥത്തില്‍ അവലംബമാക്കേണ്ടത് ഈ മതിലിനെയല്ല, മറിച്ച്, അല്ലാഹുവിനെയാണെന്ന് മനസ്സിലാക്കി. അല്ലാഹുവിന്റെ അഭീഷ്ടം നിലനില്ക്കുവോളം ആ മതില് ശത്രുക്കളെ തടഞ്ഞുകൊണ്ടിരിക്കുമെന്നും അവന്റെ ഹിതം മറ്റൊന്നാകുമ്പോള്‍ അത് പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമാകുമെന്നും അദ്ദേഹം ഗ്രഹിച്ചിരുന്നു. ഇങ്ങനെ സത്യനിഷേധികളുടെ പരീക്ഷണചോദ്യങ്ങള്‍ പൂര്‍ണമായും അവര്ക്കെതിരില്ത്തന്നെ തിരിച്ചുവിട്ടശേഷം, അവസാനമായി, ഈ വിവരണത്തിന്റെ ആദ്യത്തില്‍ നല്കിയ അതേ നിര്‍ദേശം ആവര്‍ത്തിച്ചിരിക്കുന്നു. അതായത്, ഏകദൈവവിശ്വാസവും പരലോകവിശ്വാസവും ആദ്യന്തം സത്യമാണ്. അവ അംഗീകരിക്കുന്നതിലും അവയ്ക്കനുസൃതമായി സ്വയം സംസ്കരിക്കുന്നതിലും, ദൈവസന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് മനസ്സിലാക്കി ഇഹലോകത്ത് ജീവിക്കുന്നതിലുമാണ് നിങ്ങളുടെ നന്മ. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട ജീവിതം പാഴായിപ്പോകും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും നിഷ്ഫലമാവുകയും ചെയ്യും.
Add comment