അല്‍ഫാതിഹ – സൂക്തങ്ങള്‍: 1-4

നാമം
ഈ അധ്യായത്തിന് ‘അല്‍ഫാതിഹ’ എന്നു നാമം ലഭിച്ചത് ഇതിലെ വിഷയം പരിഗണിച്ചാണ്. ഒരു ലേഖനമോ ഗ്രന്ഥമോ മറ്റേതെങ്കിലും കാര്യമോ ആരംഭിക്കുന്നതെന്തുകൊണ്ടാണോ അതിനു ‘ഫാതിഹ’ എന്നു പറയുന്നു. മറ്റൊരുവിധം പറഞ്ഞാല്‍ ആമുഖം, മുഖവുര എന്നിവയുടെ പര്യായമാണ് ഫാതിഹ.

അവതരണ കാലം
മുഹമ്മദ് നബി(സ)യുടെ ദൗത്യത്തിന്റെ ഏറ്റവും ആദ്യകാലത്ത് അവതരിച്ചതാണ് ഈ അധ്യായം. എന്നല്ല, ഒരു പൂര്‍ണ അധ്യായമെന്ന നിലയില്‍ നബി (സ) തിരുമേനിക്ക് ആദ്യമായി അവതരിച്ചത് ഈ അധ്യായമാണെന്നു വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുണ്ട്. ‘അല്‍അലഖ്’, ‘അല്‍മുസ്സമ്മില്‍’, ‘അല്‍മുദ്ദസ്സിര്‍’ മുതലായ അധ്യായങ്ങളില്‍പെട്ട ഏതാനും സൂക്തങ്ങളേ ഇതിനു മുമ്പ് അവതരിച്ചിരുന്നുള്ളൂ. *

ഉള്ളടക്കം
തന്റെ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാനാരംഭിക്കുന്ന ഓരോ മനുഷ്യന്നും അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥനയാണ് ഈ അധ്യായം. ഇത് ഗ്രന്ഥത്തിന്റെ പ്രാരംഭമായി വെച്ചതിന്റെ ഉദ്ദേശ്യം, യഥാര്‍ഥത്തില്‍ ഈ വിശുദ്ധഗ്രന്ഥം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ലോകനിയന്താവോട് ഈ പ്രാര്‍ഥന ചെയ്യണമെന്നാണ്.
മനുഷ്യന്‍ ഒരു വസ്തുവിനുവേണ്ടി പ്രാര്‍ഥിക്കണമെങ്കില്‍ സ്വാഭാവികമായും അതിനെക്കുറിച്ചുള്ള ആശയും ആവേശവും അവന്റെ ഹൃദയത്തില്‍ അടിയുറച്ചിരിക്കണം. പ്രാര്‍ഥിക്കുന്നത് ആരോടാണോ അവന്റെ അധികാരവലയത്തിലാണ് ഉദ്ദിഷ്ട വസ്തു ഉള്ളതെന്ന ബോധം അവന്നുണ്ടായിരിക്കുകയും വേണം. അതിനാല്‍, വിശുദ്ധ ഖുര്‍ആന്റെ പ്രാരംഭത്തില്‍ തന്നെ ഈ പ്രാര്‍ഥന പഠിപ്പിച്ചുകൊണ്ട് അല്ലാഹു മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയാണ്, ഈ ഗ്രന്ഥം സന്മാര്‍ഗം കണ്ടെത്താനായി സത്യാന്വേഷണ മനഃസ്ഥിതിയോടെ പാരായണം ചെയ്യണമെന്ന്; ജ്ഞാനത്തിന്റെ ഉറവിടം ലോകനിയന്താവാണെന്ന് ഗ്രഹിച്ചും അതിനാല്‍, അവനോട് മാര്‍ഗദര്‍ശനത്തിന്നപേക്ഷിച്ചും പാരായണം ആരംഭിക്കണമെന്ന്.
ഇത്രയും ഗ്രഹിക്കുന്നതുകൊണ്ട് ഒരു കാര്യം വ്യക്തമായി: ഖുര്‍ആനും ‘സൂറതുല്‍ ഫാതിഹ’യുമായുള്ള യഥാര്‍ഥ ബന്ധം ഒരു ഗ്രന്ഥവും അതിന്റെ മുഖവുരയുമായുള്ള ബന്ധമല്ല; പ്രത്യുത, പ്രാര്‍ഥനയും പ്രത്യുത്തരവും തമ്മിലുള്ള ബന്ധമാണ്. ‘സൂറതുല്‍ ഫാതിഹ’ അടിമയുടെ ഭാഗത്തുനിന്ന് അല്ലാഹുവോടുള്ള പ്രാര്‍ഥന; ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യുത്തരവും. ‘നാഥാ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും’ എന്ന് അടിമ പ്രാര്‍ഥിക്കുന്നു. അതിനുത്തരമായി ‘നീ എന്നില്‍നിന്ന് അര്‍ഥിക്കുന്ന സന്മാര്‍ഗമിതാ’ എന്ന നിലക്ക് അവന്റെ മുമ്പില്‍ മുഴുവന്‍ ഖുര്‍ആനും അല്ലാഹു അവതരിപ്പിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ﴿١﴾ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾ ٱلرَّحْمَٰنِ ٱلرَّحِيمِ﴿٣﴾ مَٰلِكِ يَوْمِ ٱلدِّينِ﴿٤﴾

(1) പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
(2) സര്‍വലോകത്തിന്റെയും റബ്ബായ അല്ലാഹുവിനു മാത്രമാകുന്നു സ്തുതി.
(3) അളവറ്റ ദയാപരനും കരുണാവാരിധിയുമാണവന്‍.
(4) പ്രതിഫലദിവസത്തിന്നധിപനായവന്‍.

 

1- ഈ സൂക്തം പ്രകാശിപ്പിക്കുന്നത് ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്ന സംസ്‌കാരമര്യാദകളിലൊന്നാണ്. എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുക എന്നതാണത്. ഈ മര്യാദ ബോധപൂര്‍വം നിഷ്‌കളങ്കമായി പാലിക്കുന്ന പക്ഷം, മൂന്ന് സദ്ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഒന്ന്, ഒട്ടേറെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് മനുഷ്യര്‍ രക്ഷപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ഓരോ പ്രവൃത്തി ചെയ്യാന്‍ പോകുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കാന്‍ കൊള്ളുന്നതാണോ എന്നു ചിന്തിക്കാന്‍ അവനെ അത് പ്രേരിപ്പിക്കും. രണ്ട്, ശരിയും അനുവദനീയവും നല്ലതുമായ കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതുമൂലം മനുഷ്യന്റെ മനഃസ്ഥിതി ശരിയായ ഭാഗത്തേക്ക് തിരിയും. അവന്റെ ചലനം എപ്പോഴും ശരിയായ ബിന്ദുവില്‍നിന്ന് ആരംഭിക്കും. മൂന്ന്, അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന കര്‍മങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായവും പിന്തുണയും ലഭിക്കുന്നതാണ്. അവന്റെ പരിശ്രമങ്ങളില്‍ അല്ലാഹു ‘ബര്‍ക്കത്തും’ അനുഗ്രഹവും നല്‍കും. പിശാചിന്റെ ദുഷ്‌പ്രേരണകളില്‍നിന്ന് അവനെ രക്ഷപ്പെടുത്തുകയും ചെയ്യും. അല്ലാഹുവിലേക്ക് ശ്രദ്ധ തിരിക്കുന്ന അടിമയെ അല്ലാഹുവും ശ്രദ്ധിക്കും. അതാണ് അല്ലാഹുവിന്റെ സമ്പ്രദായം.

2- സൂറതുല്‍ ഫാതിഹ ഒരു പ്രാര്‍ഥനയാണെന്ന് പറഞ്ഞല്ലോ ആ പ്രാര്‍ഥനയുടെ തുടക്കമാണിത്. ആരോടാണോ പ്രാര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നത് ആ അസ്തിത്വത്തെ വാഴ്ത്തിക്കൊണ്ടാണ് പ്രാര്‍ഥന ആരംഭിക്കുന്നത്. പ്രാര്‍ഥന മാന്യമായ രീതിയില്‍ ആയിരിക്കണം. വാ തുറന്നപാടേ ആവശ്യമുന്നയിക്കുക എന്നത് പ്രാര്‍ഥനയുടെ മര്യാദക്ക് യോജിച്ചതല്ല. ആദ്യമായി, പ്രാര്‍ഥിക്കപ്പെടുന്നവന്റെ നന്‍മകളും മേന്‍മകളും സ്ഥാനപദവികളും സമ്മതിച്ചു പറയുക; എന്നിട്ട് ആവശ്യങ്ങള്‍ സമര്‍പ്പിക്കുക- ഈ മര്യാദയെ സൂചിപ്പിക്കുന്ന വചനമാണിത്.

നാം വല്ലവരെയും സ്തുതിക്കുന്നുവെങ്കില്‍ അതിന് രണ്ട് കാരണങ്ങളുണ്ടായിരിക്കും: ഒന്ന്, സ്തുതിക്കപ്പെടുന്നവന്‍ ഉത്തമ ഗുണങ്ങളും ഉല്‍കൃഷ്ട പദവികളും ഉള്ളവനായിരിക്കുക. രണ്ട്, അവന്‍ നമുക്ക് നന്‍മ ചെയ്തവനായിരിക്കുക. അല്ലാഹുവിനുള്ള സ്തുതികീര്‍ത്തനങ്ങള്‍ ഈ രണ്ടു നിലക്കും ഉള്ളതാണ്. അവന്റെ ഉല്‍കൃഷ്ട ഗുണങ്ങളെക്കുറിച്ച ബോധവും അവന്റെ അനുഗ്രഹങ്ങളെക്കുറിച്ച സ്മരണയും, അവനെ സ്തുതിച്ചു കൊണ്ടിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

‘സ്തുതി അല്ലാഹുവിനാണ്’ എന്നതല്ല, ‘സ്തുതി അല്ലാഹുവിന് മാത്രമാണ്’ എന്നതത്രെ ശരിയായ വസ്തുത. സൃഷ്ടിപൂജയുടെ അടിവേരറ്റുപോകുന്ന ഒരു വലിയ യാഥാര്‍ത്ഥ്യമാണ് ഈ വാക്യത്തിലൂടെ വെളിപ്പെടുന്നത്. ലോകത്ത് എവിടെയെങ്കിലും, ഏതെങ്കിലും വസ്തുവില്‍, ഏതെങ്കിലും വിധത്തിലുള്ള ഗുണമോ നന്മയോ യോഗ്യതയോ ഉണ്ടെങ്കില്‍ അതിന്റെയെല്ലാം ഉറവിടം അല്ലാഹു മാത്രമാണ്. മനുഷ്യന്‍, മലക്ക്, ഗ്രഹം, നക്ഷത്രം എന്നുവേണ്ട ഒരു സൃഷ്ടിയുടെയും കഴിവുകള്‍ അത് സ്വയം ഉണ്ടാക്കിയതല്ല, മറിച്ച് ദൈവം നല്‍കിയതാണ്. അതിനാല്‍, നമ്മുടെ ഭക്തിബഹുമാനങ്ങളും സ്തുതികീര്‍ത്തനങ്ങളും ആരാധനകളും അര്‍ഥനകളും അര്‍ഹിക്കുന്നത് ഈ സൃഷ്ടികളല്ല; അവയുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവാണ്.

റബ്ബുല്‍ ആലമീന്‍ എന്നതിലെ ‘റബ്ബ്’ എന്ന പദം അറബിഭാഷയില്‍ പല അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) ഉടമസ്ഥന്‍, യജമാനന്‍. (2) രക്ഷാകര്‍ത്താവ്, പരിപാലകന്‍, കാര്യങ്ങളന്വേഷിച്ച് മേല്‍നോട്ടം ചെയ്യുന്നവന്‍. (3) ഭരണാധിപന്‍, വിധികര്‍ത്താവ്, നിയന്താവ്. ഈ എല്ലാ അര്‍ഥങ്ങളിലും അല്ലാഹു പ്രപഞ്ചത്തിന്റെ റബ്ബാകുന്നു.

3- ഒരു വസ്തുവിന്റെ ഗുണവിശേഷം വളരെ കൂടുതലാകുമ്പോള്‍ അതിനെ അത്യുക്തിയുപയോഗിച്ച് വിവരിക്കുക സാധാരണമാണ്. ഒരു വിശേഷണ പദം പോരെന്ന് തോന്നുമ്പോള്‍ അതേ അര്‍ഥത്തിലുള്ള മറ്റൊരു പദം കൂടി ഉപയോഗിച്ച് കൂടുതല്‍ മുഴപ്പിക്കാനും ശ്രമിക്കുന്നു. അല്ലാഹുവിനെ സ്തുതിക്കുവാന്‍ ‘റഹ്മാന്‍’ എന്ന പദം ഉപയോഗിച്ച ശേഷം ‘റഹീം’ എന്ന പദം കൂട്ടിച്ചേര്‍ത്തതില്‍ ഇതേ തത്ത്വമാണ് അടങ്ങിയിരിക്കുന്നത്. അറബി ഭാഷയില്‍ ‘റഹ്മാന്‍’ ഒരു അത്യുക്തിയാണ്. അല്ലാഹു തന്റെ സൃഷ്ടികളുടെ മേല്‍ വര്‍ഷിക്കുന്ന കാരുണ്യാനുഗ്രഹങ്ങള്‍ അതിരറ്റതത്രെ. ഒരുവിധത്തിലും അളന്നു തിട്ടപ്പെടുത്താന്‍ സാധ്യമല്ലാത്തവിധം അഗാധവും വിശാലവുമാണത്. ഏറ്റവും വലിയ അത്യുക്തിയുപയോഗിച്ച് വിവരിച്ചാലും മതിവരുകയില്ല. അതുകൊണ്ടാണ് ദൈവകാരുണ്യത്തിന്റെ അപാരത പ്രകാശിപ്പിക്കാനായി ‘റഹീം’ എന്ന പദം കൂട്ടിച്ചേര്‍ത്തത്. ഒരു വ്യക്തിയുടെ ഔദാര്യം വിവരിക്കുമ്പോള്‍ ‘ധര്‍മിഷ്ഠന്‍’ എന്ന വാക്ക് മതിയായില്ലെന്നു തോന്നി ‘ഉദാരമതിയായ ധര്‍മിഷ്ഠന്‍’ എന്നു പറയുന്നതിനോട് ഏതാണ്ടിതിനെ ഉപമിക്കാവുന്നതാണ്.

4- മുഴുവന്‍ സൃഷ്ടികളെയും ഒരുമിച്ചുകൂട്ടി അവരുടെ ഐഹിക ലോകത്തെ കര്‍മജീവിതം വിചാരണ ചെയ്ത് ഓരോ വ്യക്തിക്കും കര്‍മത്തിനൊത്ത പ്രതിഫലം നല്‍കുന്ന ദിവസമുണ്ടല്ലോ, ആ ദിവസത്തിന്റെ നാഥന്‍ എന്നര്‍ത്ഥം. അല്ലാഹുവിനെ പരമദയാലുവെന്നും കരുണാവാരിധിയെന്നും വിശേഷിപ്പിച്ചശേഷം ‘പ്രതിഫല ദിവസത്തിന്റെ അധിപന്‍’ എന്നു പറഞ്ഞതില്‍നിന്ന് ഒരു വസ്തുത വ്യക്തമാകുന്നുണ്ട്: അല്ലാഹു കരുണ ചെയ്യുന്നവന്‍ മാത്രമല്ല ന്യായാധിപന്‍കൂടിയാണ്; സര്‍വാധികാരിയായ ന്യായാധിപന്‍! അവസാന വിധിയുടെ ദിവസം സകലവിധ അധികാരങ്ങളുടെയും അധിപന്‍ അവന്‍ മാത്രമായിരിക്കും. അവന്റെ പ്രതിഫലത്തെയോ ശിക്ഷയെയോ തടസ്സപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍, അവന്റെ പരിപാലനത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ അവനെ സ്‌നേഹിക്കുക മാത്രമല്ല നാം ചെയ്യുന്നത്, അവന്‍ ന്യായാധിപനും നീതിപാലകനും ആണെന്ന കാരണത്താല്‍ ഭയപ്പെടുകയും ചെയ്യുന്നു. നമ്മുടെ പര്യവസാനം അവന്റെ അധീനത്തിലാണെന്ന ബോധം നമുക്കുണ്ടാകുന്നു.

നാമത്തില്‍ = بِسْمِ
അല്ലാഹുവിന്റെ = اللَّهِ
പരമകാരുണികനായ = الرَّحْمَٰنِ
ദയാപരനുമായ = الرَّحِيمِ
സ്തുതിയൊക്കെയും = الْحَمْدُ
അല്ലാഹുവിനാണ് = لِلَّهِ
നാഥനായ, സംരക്ഷകനായ = رَبِّ
സര്‍വലോകങ്ങളുടെയും = الْعَالَمِينَ
പരമകാരുണികനും = الرَّحْمَٰنِ
ദയാപരനും = الرَّحِيمِ
അധിപന്‍ = مَالِكِ
ദിനത്തിന്റെ = يَوْمِ
വിചാരണ, പ്രതിഫലം = الدِّينِ

Add comment

Your email address will not be published. Required fields are marked *