അന്നാസിആത്ത്‌ – സൂക്തങ്ങള്‍: 15-33

هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ﴿١٥﴾إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى﴿١٦﴾ ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿١٧﴾ فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ﴿١٨﴾ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ﴿١٩﴾ فَأَرَىٰهُ ٱلْءَايَةَ ٱلْكُبْرَىٰ﴿٢٠﴾ فَكَذَّبَ وَعَصَىٰ﴿٢١﴾ ثُمَّ أَدْبَرَ يَسْعَىٰ﴿٢٢﴾ فَحَشَرَ فَنَادَىٰ﴿٢٣﴾ فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ﴿٢٤﴾ فَأَخَذَهُ ٱللَّهُ نَكَالَ ٱلْءَاخِرَةِ وَٱلْأُولَىٰٓ﴿٢٥﴾ إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّمَن يَخْشَىٰٓ﴿٢٦﴾ ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا﴿٢٧﴾ رَفَعَ سَمْكَهَا فَسَوَّىٰهَا﴿٢٨﴾ وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا﴿٢٩﴾ وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ﴿٣٠﴾ أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا﴿٣١﴾ وَٱلْجِبَالَ أَرْسَىٰهَا﴿٣٢﴾ مَتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ﴿٣٣﴾


15 – മൂസായുടെ വര്‍ത്തമാനം നിനക്ക് ലഭിച്ചുവോ?
16 – വിശുദ്ധമായ ത്വുവാ താഴ്‌വരയില്‍ നാഥന്‍ അദ്ദേഹത്തെ വിളിച്ച സന്ദര്‍ഭം
17 – ഫിര്‍ഔന്റെ അടുക്കലേക്കുപോവുക, അവന്‍ ധിക്കാരിയായിരിക്കുന്നു
18 – അവനോട് പറയുക: ‘വിശുദ്ധി കൈക്കൊള്ളാന്‍ നീ സന്നദ്ധനാണോ?
19 – ഞാന്‍ നിന്റെ റബ്ബിങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്യാം; അങ്ങനെ നീ അവനെ ഭയപ്പെടാനും.’
20 – പിന്നെ മൂസാ വലിയ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
21 – പക്ഷേ, അവന്‍ തള്ളിപ്പറയുകയും ധിക്കരിക്കുകയും ചെയ്തു.
22 – എന്നിട്ടവന്‍ തന്ത്രങ്ങളാസൂത്രണം ചെയ്യാന്‍ തിരിഞ്ഞുപോയി.
23 – അവന്‍ ജനത്തെ വിളിച്ചുകൂട്ടിയിട്ട് പ്രഖ്യാപിച്ചു:
24 – ‘നിങ്ങളുടെ പരമോന്നതനായ നാഥന്‍ ഞാന്‍തന്നെയാകുന്നു.’
25 – ഒടുവില്‍ അല്ലാഹു അവനെ ഇഹ-പരശിക്ഷകളാല്‍ പിടികൂടി.
26 – ദൈവഭയമുള്ളവര്‍ക്കൊക്കെയും ഇതില്‍ മഹത്തായ പാഠമുണ്ട്.
27 – നിങ്ങളുടെ സൃഷ്ടിയാണോ കൂടുതല്‍ പ്രയാസകരം, അതല്ല ആകാശത്തിന്റെയോ? അല്ലാഹു അതിനെ നിര്‍മ്മിച്ചു.
28 – അതിന്റെ മേല്‍പ്പുര നന്നായി ഉയര്‍ത്തി, എന്നിട്ട് സന്തുലിതമായി സ്ഥാപിച്ചു.
29 – അതിന്റെ രാവിനെ അവന്‍ മൂടി. പകലിനെ വെളിപ്പെടുത്തുകയും ചെയ്തു.
30 – ഭൂമിയോ, അനന്തരം അവന്‍ അതിനെ വിസ്തൃതമാക്കി.
31 – അതിനകത്തുനിന്നുതന്നെ അതിലെ ജലവും സസ്യങ്ങളും ഉല്‍പാദിപ്പിച്ചു.
32 – അതില്‍ പര്‍വതങ്ങളുറപ്പിച്ചു.
33 – ഇതൊക്കെയും നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവിത വിഭവമായിട്ടത്രെ.

(15) ഉയിര്‍ത്തെഴുന്നേല്‍പിനോടും പരലോകത്തോടും മക്കയിലെ അവിശ്വാസികള്‍ കൈക്കൊണ്ട നിഷേധവും പരിഹാസവും വാസ്തവത്തില്‍ ഏതെങ്കിലും തത്ത്വശാസ്ത്രത്തോടുള്ള നിഷേധമായിരുന്നില്ല. മറിച്ച്, അല്ലാഹുവിന്റെ ദൂതനെ തള്ളിക്കളയലായിരുന്നു. റസൂലിനെതിരെ അവര്‍ പ്രയോഗിച്ചുകൊണ്ടിരുന്ന സൂത്രങ്ങളാവട്ടെ, ഏതെങ്കിലും സാധാരണക്കാരനെതിരിലുള്ള സൂത്രപ്രയോഗങ്ങളുമായിരുന്നില്ല; ദൈവദൂതന്റെ പ്രബോധനത്തെ പരാജയപ്പെടുത്താനുള്ള സൂത്രങ്ങളായിരുന്നു. അതുകൊണ്ടാണ് പരലോകം യാഥാര്‍ഥ്യമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നതിനു മുമ്പായി അവരെ മൂസാ(അ)യുടെയും ഫിര്‍ഔന്റെയും ചരിത്രം അനുസ്മരിപ്പിക്കുന്നത്. അതിലൂടെ, ദൈവികദൗത്യത്തെ എതിര്‍ക്കുന്നതിന്റെയും ദൂതനെ നിയോഗിച്ച ദൈവത്തിനെതിരെ തലപൊക്കുന്നതിന്റെയും അനന്തരഫലമെന്തായിരിക്കുമെന്നതിനെക്കുറിച്ച് അവര്‍ ബോധവാന്മാരാവാന്‍ വേണ്ടിയാണത്.

(16) ‘വാദില്‍ മുഖദ്ദസി ത്വുവാ’ എന്നതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ നല്‍കിയിട്ടുള്ള അര്‍ഥം ‘ത്വുവാ എന്ന് പേരുണ്ടായിരുന്ന വിശുദ്ധ താഴ്‌വര’ എന്നാണ്. എങ്കിലും വേറെ രണ്ടര്‍ഥങ്ങള്‍കൂടി ഇതിന് നല്‍കപ്പെട്ടിട്ടുണ്ട്. ഒന്ന്: രണ്ടുതവണ വിശുദ്ധമാക്കപ്പെട്ട താഴ്‌വര. അല്ലാഹു മൂസാ നബി(അ)യോട് അവിടെ വെച്ച് സംസാരിച്ചപ്പോള്‍ അത് ആദ്യതവണ വിശുദ്ധമാക്കപ്പെട്ടു. മൂസാ നബി(അ) ഇസ്‌റാഈല്യരെ ഈജിപ്തില്‍നിന്ന് മോചിപ്പിച്ച് ഈ താഴ്‌വരയില്‍ കൊണ്ടുവന്നപ്പോള്‍ രണ്ടാം തവണയും അതിന് വിശുദ്ധിയുടെ പദവി ലഭിച്ചു. രണ്ടാമത്തെ അര്‍ഥം, ‘രാത്രികാലത്ത് വിശുദ്ധ താഴ്‌വരയിലേക്ക് വിളിച്ചു’ എന്നാണ്. രാത്രി കുറെ വൈകിയശേഷം വന്നു എന്ന അര്‍ഥത്തില്‍ ‘ജാഅ ബഅ്ദ ത്വുവാ’ എന്ന് അറബിഭാഷയില്‍ ഒരു പ്രയോഗമുണ്ട്.

(19) ഇവിടെ ചില കാര്യങ്ങള്‍ സവിശേഷം ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
1. മൂസാ നബി(അ)യെ പ്രവാചകനായി നിയോഗിച്ച സമയത്ത് അല്ലാഹുവും അദ്ദേഹവും തമ്മില്‍ നടന്ന സംഭാഷണം വിശുദ്ധ ഖുര്‍ആന്‍ സന്ദര്‍ഭോചിതം ചിലേടത്ത് സംഗ്രഹിച്ചും ചിലേടത്ത് വിസ്തരിച്ചും ഉദ്ധരിച്ചിട്ടുണ്ട്. ഇവിടെ സംക്ഷിപ്ത പരാമര്‍ശമാണാവശ്യപ്പെടുന്നത്. അതുകൊണ്ട് അതിന്റെ ചുരുക്കം മാത്രമേ പറയുന്നുള്ളൂ. സൂറ ത്വാഹാ 9-48, സൂറ അശ്ശുഅറാഅ് 10-17, സൂറ അന്നംല് 7-12, സൂറ അല്‍ഖസ്വസ്വ് 29-35 സൂക്തങ്ങളില്‍ അത് വിസ്തരിച്ചുവന്നിട്ടുണ്ട്.
2. ഫിര്‍ഔന്റെ ധിക്കാരംകൊണ്ട് ഉദ്ദേശിക്കുന്നത് അടിമത്തത്തിന്റെ പരിധി ലംഘിച്ച് സ്രഷ്ടാവിനെതിരിലും സൃഷ്ടികള്‍ക്കെതിരിലും കാണിച്ച ധിക്കാരമാകുന്നു. പ്രജകളെ വിളിച്ചുകൂട്ടി ‘ഞാനാണ് നിങ്ങളുടെ പരമോന്നതനായ നാഥന്‍’ എന്നു ഘോഷിച്ചതാണ് അയാള്‍ സ്രഷ്ടാവിനെതിരെ കാണിച്ച ധിക്കാരമെന്ന് തുടര്‍ന്നു പറയുന്നുണ്ട്. സൃഷ്ടികള്‍ക്കെതിരെ കൈക്കൊണ്ട ധിക്കാരം തന്റെ രാജ്യവാസികളെ വിവിധ വിഭാഗങ്ങളും തട്ടുകളുമാക്കി വേര്‍തിരിച്ചു എന്നതാണ്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് നേരെ കടുത്ത അക്രമമര്‍ദനങ്ങളഴിച്ചുവിട്ടു; സമൂഹത്തെ മുഴുക്കെ വിഡ്ഢികളാക്കി തന്റെ അടിമകളാക്കിത്തീര്‍ത്തു. സൂറ അല്‍ഖസ്വസ്വ് 4, സൂറ അസ്സുഖ്‌റുഫ് 54 തുടങ്ങിയ സൂക്തങ്ങളില്‍ അക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്.
3. മൂസാ നബി(അ)യോട് അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു: ”നീയും ഹാറൂനും അവനോട് മയത്തില്‍ സംസാരിക്കണം — അവന്‍ ഉദ്‌ബോധനം സ്വീകരിക്കുകയോ ദൈവത്തെ ഭയപ്പെടുകയോ ചെയ്‌തേക്കാം” (ത്വാഹാ 44). ഈ മൃദുലഭാഷണത്തിന്റെ ഒരു മാതൃകയാണ് ഈ സൂക്തങ്ങളില്‍ നല്‍കിയിട്ടുള്ളത്. സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവനെ മാര്‍ഗദര്‍ശനം ചെയ്യാന്‍ ഒരു പ്രബോധകന്‍ അവലംബിക്കേണ്ട യുക്തിപൂര്‍വമായ മാര്‍ഗം എന്താണെന്ന് അതില്‍നിന്ന് മനസ്സിലാക്കാം. മറ്റു മാതൃകകള്‍ സൂറ ത്വാഹാ 49 മുതല്‍ 52 വരെ സൂക്തങ്ങളിലും അശ്ശുഅറാഅ് 23 മുതല്‍ 28 വരെ സൂക്തങ്ങളിലും അല്‍ഖസ്വസ്വ് 37-ആം സൂക്തത്തിലും കാണാം. ഈ സൂക്തങ്ങള്‍ മൊത്തത്തില്‍ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു യുക്തിപരമായ പ്രബോധനരീതി പഠിപ്പിച്ചുതരുന്ന സൂക്തങ്ങളില്‍പ്പെട്ടതാകുന്നു.
4. മൂസാ നബി(അ) ഇസ്‌റാഈല്യരെ ഫിര്‍ഔനില്‍നിന്ന് മോചിപ്പിക്കാന്‍ വേണ്ടി മാത്രം നിയുക്തനായ പ്രവാചകനല്ല. അദ്ദേഹത്തിന്റെ പ്രഥമ നിയോഗലക്ഷ്യം ഫിര്‍ഔനും അയാളുടെ സമൂഹത്തിനും സന്മാര്‍ഗം കാണിച്ചുകൊടുക്കുകയായിരുന്നു. ഫിര്‍ഔന്‍ സന്മാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ഇസ്‌റാഈല്യരെ അയാളുടെ അടിമത്തത്തില്‍നിന്നും രക്ഷപ്പെടുത്തി ഈജിപ്തില്‍നിന്ന് പുറത്തുകൊണ്ടുവരുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഈ സൂക്തങ്ങളില്‍ ഇസ്‌റാഈല്യരുടെ മോചനം പരാമര്‍ശിക്കുന്നേയില്ല; ഫിര്‍ഔന്റ മുന്നില്‍ സത്യപ്രബോധനം അവതരിപ്പിക്കാന്‍ മാത്രമാണ് മൂസാ നബി(അ)യോടുള്ള ആജ്ഞ. (കൂടുതല്‍ വിശദീകരണത്തിന് സൂറ യൂനുസ് 76-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക).
5. ഇവിടെ വിശുദ്ധി കൈക്കൊള്ളുക എന്നതുകൊണ്ടുദ്ദേശ്യം വിശ്വാസത്തിന്റെയും ധര്‍മത്തിന്റെയും കര്‍മത്തിന്റെയും സംസ്‌കരണമാകുന്നു. മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാം സ്വീകരിക്കുക എന്നുതന്നെ.
6. ”ഞാന്‍ നിന്നെ നിന്റെ നാഥങ്കലേക്ക് മാര്‍ഗദര്‍ശനം ചെയ്യാം. അങ്ങനെ നീയവനെ ഭയപ്പെടാന്‍” എന്ന വാക്യത്തിന്റെ താല്‍പര്യമിതാണ്: നീ നിന്റെ നാഥനെ തിരിച്ചറിയുകയും നീ അവന്റെ അടിമയാണെന്നും സ്വതന്ത്രനല്ലെന്നും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അനിവാര്യമായും നിന്റെ മനസ്സില്‍ ദൈവഭയമുണ്ടാവും. ദൈവഭയത്തെ മാത്രം ആശ്രയിച്ചാകുന്നു ഈ ലോകത്ത് മനുഷ്യന്‍ സ്വീകരിക്കുന്ന നിലപാടിന്റെ ശരിയും സാധുതയും നിലകൊള്ളുന്നത്. ദൈവത്തെ തിരിച്ചറിയലും അവനെ ഭയപ്പെടലും കൂടാതെ വിശുദ്ധി എന്ന സംഗതി സങ്കല്‍പിക്കാന്‍ സാധ്യമല്ല.

(20) മഹാദൃഷ്ടാന്തം എന്നതുകൊണ്ടുദ്ദേശ്യം വിശുദ്ധ ഖുര്‍ആനില്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ള വടി സര്‍പ്പമായിത്തീരലാണ്. ഒരു നിര്‍ജീവമായ വടി കാഴ്ചക്കാരുടെ കണ്‍മുമ്പില്‍ വച്ച് സര്‍പ്പമായി പരിണമിക്കുക എന്നതില്‍ കവിഞ്ഞ മഹാദൃഷ്ടാന്തമെന്താണ്? അതിന് പകരം ആഭിചാരകന്മാര്‍ വടികളും കയറുകളും കൃത്രിമ സര്‍പ്പങ്ങളാക്കി കാണിച്ചെങ്കിലും അവയെയെല്ലാം മൂസാ(അ)യുടെ സര്‍പ്പം വിഴുങ്ങിക്കളഞ്ഞു. പിന്നീട് മൂസാ (അ) തന്റെ സര്‍പ്പത്തെ കൈയിലെടുത്തപ്പോള്‍ വീണ്ടും അത് വടിയായിത്തീരുകയും ചെയ്തു. മൂസാ (അ) നിയുക്തനായത് സര്‍വലോകനാഥനായ അല്ലാഹുവിങ്കല്‍നിന്നുതന്നെയായിരുന്നു എന്നതിന്റെ സ്പഷ്ടമായ ദൃഷ്ടാന്തമായിരുന്നു അത്.

(22) വിശുദ്ധ ഖുര്‍ആന്‍ മറ്റു സ്ഥലങ്ങളില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. ഫിര്‍ഔന്‍ ഈജിപ്തിലുണ്ടായിരുന്ന മന്ത്രവാദികളെയെല്ലാം വിളിച്ചുവരുത്തി ഒരു മഹാ സഭയില്‍വെച്ച് അവരെക്കൊണ്ട് വടികളും കയറുകളും പാമ്പുകളാക്കിക്കാണിച്ചു. അങ്ങനെ മൂസാ(അ) പ്രവാചകനൊന്നുമല്ല, ഒരു മന്ത്രവാദി മാത്രമാണെന്നും വടി പാമ്പാക്കിക്കാണിക്കുന്ന വിദ്യ മൂസാ(അ)ക്ക് മാത്രമല്ല, മറ്റു മന്ത്രവാദികള്‍ക്കും സാധിക്കുന്നതാണെന്നും ജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, ആ തന്ത്രം തിരിച്ചടിക്കുകയാണുണ്ടായത്. മന്ത്രവാദികള്‍ തോല്‍വി സമ്മതിച്ചു. മൂസാ(അ) പ്രദര്‍ശിപ്പിച്ചത് മന്ത്രവാദവിദ്യയല്ലെന്നും ദിവ്യാദ്ഭുതമാണെന്നും അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

(24) ഫിര്‍ഔന്റെ ഈ വാദം ഖുര്‍ആന്‍ പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. അശ്ശുഅറാഅ് 29-ആം സൂക്തത്തില്‍, അയാള്‍ മൂസാ(അ)യോട് പറയുന്നു: ”നീ എന്നെക്കൂടാതെ മറ്റാരെയെങ്കിലും ദൈവമായംഗീകരിച്ചാല്‍ ഞാന്‍ നിന്നെ തടവിലിടും.” അല്‍ഖസ്വസ്വ് 38-ആം സൂക്തത്തില്‍, മറ്റൊരു സന്ദര്‍ഭത്തില്‍ ഫിര്‍ഔന്‍ തന്റെ രാജസഭയോടു പ്രഖ്യാപിക്കുന്നു: ”അല്ലയോ നാട്ടുമുഖ്യന്മാരേ, എന്നെക്കൂടാതെ നിങ്ങള്‍ക്ക് മറ്റേതെങ്കിലും ദൈവവും കൂടിയുള്ളതായി ഞാന്‍ അറിയുന്നില്ല.” പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് താന്‍തന്നെയാണെന്നും താനാണതുണ്ടാക്കിയത് എന്നുമല്ല ഫിര്‍ഔന്‍ അര്‍ഥമാക്കിയിരുന്നത്. അയാള്‍ ദൈവാസ്തിത്വത്തെ നിഷേധിക്കുന്നുവെന്നും സ്വയം പരമേശ്വരനാണെന്ന് അവകാശപ്പെടുന്നുവെന്നും അതിനര്‍ഥമുണ്ടായിരുന്നില്ല. മതപരമായ അര്‍ഥങ്ങളില്‍ താന്‍ ജനങ്ങളുടെ ആരാധ്യനാണെന്ന് അയാള്‍ ഉദ്ദേശിച്ചിട്ടില്ല. മതപരമായി അയാള്‍ സ്വയം മറ്റ് ആരാധ്യന്മാരെ പൂജിച്ചുവന്നിരുന്നതിന് വിശുദ്ധ ഖുര്‍ആനില്‍ത്തന്നെ തെളിവുണ്ട്. മതപരമായ അര്‍ഥത്തിലല്ല, രാഷ്ട്രീയമായ അര്‍ഥത്തിലാണ് ഫിര്‍ഔന്‍, താന്‍ ദൈവവും അത്യുന്നതനായ നാഥനും ആണെന്നുദ്‌ഘോഷിച്ചത് എന്നത്രേ ഇത് ചൂണ്ടിക്കാണിക്കുന്നത്. പരമാധികാരത്തിനുടമ ഞാനാണ് എന്നാണ് ഫിര്‍ഔന്‍ ഉദ്ദേശിച്ചത്. എന്റെ രാജ്യത്ത് ശാസന നടത്താനുള്ള അവകാശം എനിക്കു മാത്രമാകുന്നു; മറ്റാര്‍ക്കുമില്ല. എനിക്കു മുകളില്‍, ഇവിടെ ശാസന നടത്തുന്ന മറ്റൊരു ശക്തിയുമുണ്ടാകാവതല്ല. (സൂറ അല്‍അഅ്‌റാഫ് 104, ത്വാഹാ 50, അശ്ശുഅറാഅ് 29, 31, അല്‍ഖസ്വസ്വ് 28, അസ്സുഖ്‌റുഫ് 33 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക).

(26) ദൈവദൂതനെ നിഷേധിച്ചതിന്റെ പേരില്‍ ഫിര്‍ഔന്‍ അനുഭവിക്കേണ്ടിവന്ന ദുരന്തത്തില്‍ എന്നര്‍ഥം.

(27) ഇനി ഉയിര്‍ത്തെഴുന്നേല്‍പും മരണാനന്തരജീവിതവും സംഭവ്യമാണെന്നും യുക്തിയുടെ താല്‍പര്യമാണെന്നും ചൂണ്ടിക്കാണിക്കുന്ന തെളിവുകള്‍ പറയുകയാണ്.
സൃഷ്ടികൊണ്ടുദ്ദേശിക്കുന്നത് മനുഷ്യരുടെ പുനഃസൃഷ്ടിയാകുന്നു. ആകാശംകൊണ്ട് വിവക്ഷിക്കുന്നത് എണ്ണമറ്റ നക്ഷത്രങ്ങളും ഗ്രഹങ്ങളും സൗരയൂഥങ്ങളും അനന്തമായ ക്ഷീരപഥങ്ങളും ഉള്‍ക്കൊള്ളുന്ന ഉപരിലോകമഖിലമാണ്. വചനതാല്‍പര്യമിതാണ്: നിങ്ങള്‍ മരണാനന്തര ജീവിതത്തെ അസംഭവ്യമായ ഒരു മഹാകാര്യമായി കരുതുന്നു. ഞങ്ങളുടെ അസ്ഥികള്‍ വരെ നുരുമ്പിച്ച് പൊടിഞ്ഞുപോയ അവസ്ഥയില്‍ ആ ചിന്നിച്ചിതറിയ അംശങ്ങളെ ശേഖരിച്ച് സംഘടിപ്പിച്ച് ഞങ്ങളെ വീണ്ടും ജീവന്‍ വെപ്പിക്കുക എന്നത് എങ്ങനെ സംഭവിക്കാനാണ് എന്ന് നിങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുകയും ചെയ്യുന്നു.
എന്നാല്‍, നിങ്ങള്‍ ഒരിക്കലും ചിന്തിച്ചുനോക്കുന്നില്ലേ, ഈ മഹാപ്രപഞ്ചം സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതല്ല, നിങ്ങളെ ഒരിക്കല്‍ സൃഷ്ടിച്ചു കഴിഞ്ഞശേഷം അതേരൂപത്തില്‍ വീണ്ടും സൃഷ്ടിക്കുന്നതോ? ഈ പ്രപഞ്ചസൃഷ്ടി സാധ്യമായ ദൈവത്തിന് എങ്ങനെയാണ് നിങ്ങളുടെ പുനഃസൃഷ്ടി അസാധ്യമായ ഒരു കാര്യമാവുക?

(29) ദിനരാത്രങ്ങളെ ആകാശവുമായി ബന്ധിച്ചതിന് കാരണം, ആകാശത്ത് സൂര്യന്‍ അസ്തമിക്കുന്നതോടെ രാവും, ഉദിക്കുന്നതോടെ പകലും ഉണ്ടാകുന്നു എന്നതാണ്. അസ്തമയാനന്തരം രാത്രിയുടെ ഇരുട്ട് ഭൂമിയില്‍, അതിനെ മൂടുപടമിട്ട് മൂടിയ പോലെ പരക്കുന്നു എന്ന അര്‍ഥത്തിലാണ് രാവിന് ‘മൂടുക’ എന്ന പദം പ്രയോഗിച്ചത്.

(30) ‘അനന്തരം ഭൂമിയെ പരത്തി’ എന്നു പറഞ്ഞതിനര്‍ഥം, ആകാശം സൃഷ്ടിച്ച ശേഷമാണ് ഭൂമിയെ സൃഷ്ടിച്ചത് എന്നല്ല. ഇത് നാം ഒരു കാര്യം പറഞ്ഞുകഴിഞ്ഞശേഷം ‘പിന്നെ ഈ കാര്യം ചിന്തിക്കുക’ എന്നു പറയുന്നതുപോലുള്ള ഒരു ശൈലിയാണ്. അതിനര്‍ഥം ഈ രണ്ടു കാര്യങ്ങള്‍ തമ്മില്‍ ഇന്നത് ആദ്യമുണ്ടായി, അനന്തരം മറ്റേതുണ്ടായി എന്ന മട്ടിലുള്ള സംഭവപരമായ തുടര്‍ച്ച ഉണ്ട് എന്നല്ലല്ലോ. രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും ഒരു കാര്യത്തിനുശേഷം മറ്റേ കാര്യം പരിഗണിക്കുക എന്നേ അതിനര്‍ഥമുള്ളൂ. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ചിലേടത്ത് ആദ്യം ഭൂമിയുടെ സൃഷ്ടിയും ആകാശസൃഷ്ടി അതിനുശേഷവും പറഞ്ഞിട്ടുണ്ട്. ചിലേടത്ത് ആദ്യം ആകാശത്തിന്റെ സൃഷ്ടിയും അതിനുശേഷം ഭൂമിയുടെ സൃഷ്ടിയും പരാമര്‍ശിച്ചിരിക്കുന്നു. ഇത് വൈരുധ്യമല്ല. ഇത്തരം സ്ഥലങ്ങളിലൊന്നുംതന്നെ ആകാശമാണോ അതല്ല ഭൂമിയാണോ ആദ്യം സൃഷ്ടിച്ചത് എന്ന് പഠിപ്പിക്കുകയല്ല ഉദ്ദേശ്യം. അല്ലാഹുവിന്റെ കഴിവിന്റെ അപാരത ചൂണ്ടിക്കാണിക്കാന്‍ താല്‍പര്യപ്പെടുന്ന സ്ഥലങ്ങളില്‍ ആകാശങ്ങളെ ആദ്യവും ഭൂമിയെ അതിനുശേഷവും പരാമര്‍ശിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് ഭൂമിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ താല്‍പര്യപ്പെടുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ സൃഷ്ടിയെ ആകാശസൃഷ്ടിയുടെ മുമ്പായും പ്രസ്താവിച്ചിരിക്കുന്നു. (കൂടുതല്‍ വിശദീകരണത്തിന് സൂറ ഹാമീം അസ്സജദ 78-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക).

(31) സസ്യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് കാലികള്‍ക്കുള്ള തീറ്റ മാത്രമല്ല മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ആഹാരമായിത്തീരുന്ന എല്ലാ ചെടികളുമാകുന്നു. ‘റഅ്‌യ്’ ഉം ‘റത്അ്’ ഉം അറബിഭാഷയില്‍ സാധാരണ ഉപയോഗിച്ചുവരുന്നത് കാലികള്‍ മേഞ്ഞുതിന്നുന്നതിനാണ്. എങ്കിലും ചിലപ്പോള്‍ മനുഷ്യരെക്കുറിച്ചും അതുപയോഗിക്കാറുണ്ട്. ഉദാഹരണമായി സൂറ യൂസുഫ് 12-ആം സൂക്തത്തില്‍, യൂസുഫിന്റെ സഹോദരന്മാര്‍ അവരുടെ പിതാവിനോടു പറയുന്നു: ”അങ്ങ് നാളെ യൂസുഫിനെ ഞങ്ങളോടൊപ്പം അയക്കണം. അവന്‍ തുള്ളിനടന്ന് കളിക്കട്ടെ.” ഇവിടെ ‘റത്അ്’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്, കുട്ടി കാട്ടില്‍ ഓടിച്ചാടി നടന്ന് പഴങ്ങള്‍ പറിച്ചുതിന്നുക എന്ന അര്‍ഥത്തിലാണ്.

(33) ഈ സൂക്തങ്ങളില്‍ അന്ത്യനാളിനും മരണാനന്തര ജീവിതത്തിനും രണ്ടു സ്വഭാവത്തിലുള്ള തെളിവുകള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്: ഈ വിശാലമായ മഹാ പ്രപഞ്ചത്തെ ഇത്രയും അദ്ഭുതകരമായ സന്തുലിതത്വത്തോടെ, ഈ ഭൂമിയെ ഇക്കാണുന്ന സാധനസാമഗ്രികളോടെ നിര്‍മിച്ച ദൈവികശക്തിക്ക് അത് രണ്ടാമതും സംഭവ്യമാക്കുക ഒട്ടും പ്രയാസകരമല്ല. രണ്ട്: ഈ പ്രപഞ്ചത്തിലും ഭൂമിയിലും തെളിഞ്ഞുകാണുന്ന അല്ലാഹുവിന്റെ അപാരമായ യുക്തിജ്ഞാനത്തിന്റെ അടയാളങ്ങള്‍, ഇവിടെ ഒന്നും അലക്ഷ്യമായി ഉണ്ടായതല്ല എന്നു വിളിച്ചോതുന്നുണ്ട്. ഉപരിലോകത്തുള്ള എണ്ണമില്ലാത്ത നക്ഷത്രങ്ങളും ഗ്രഹങ്ങളും ക്ഷീരപഥങ്ങളും പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സന്തുലിതത്വം, അവയൊന്നുംതന്നെ അന്ധമായും ആകസ്മികമായും ഉണ്ടായതല്ലെന്നും വളരെ ആസൂത്രിതമായ ഒരു പദ്ധതി അവക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. ദിനരാത്ര ചക്രത്തിന്റെ ഈ കറക്കം, ഭൂമി ജന്തുജാലങ്ങള്‍ക്ക് വാസയോഗ്യമാകുന്നതിനുവേണ്ടി തികഞ്ഞ ജ്ഞാനത്തോടെ സ്ഥാപിച്ച വ്യവസ്ഥയാണതെന്നതിന് സാക്ഷ്യം വഹിക്കുന്നു. ഈ ഭൂമിയില്‍ത്തന്നെ 24 മണിക്കൂറുകൊണ്ട് രാപ്പകല്‍ മാറിവരുന്ന മേഖലകളുണ്ട്. വളരെ നീണ്ട രാവും വളരെ നീണ്ട പകലുകളുമുള്ള മേഖലകളുമുണ്ട്. ഭൂമിയിലെ മനുഷ്യവാസത്തിന്റെ ഏറിയ ഭാഗവും ആദ്യം പറഞ്ഞ മേഖലയിലാണ്. രാത്രിയും പകലും വളരെ ദീര്‍ഘിച്ച മേഖലകളില്‍ ജീവിതം ഏറെ ദുഷ്‌കരമാകുന്നു. അവിടെ മനുഷ്യവാസം വിരളമാണ്. എത്രത്തോളമെന്നാല്‍, പകല്‍ ആറു മാസവും രാവ് ആറു മാസവുമുള്ള ഭൂഭാഗങ്ങള്‍ തീരെ ജനവാസയോഗ്യമല്ല. ഈ ഭൂമിയില്‍ത്തന്നെ ഈ രണ്ടു മാതൃകകളും കാണിച്ചുതന്നിട്ട് അല്ലാഹു സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ഥ്യമിതാകുന്നു: രാപ്പകലുകളുടെ ക്രമപ്രകാരമുള്ള ഈ സംവിധാനം കേവലം യാദൃച്ഛികമൊന്നുമല്ല. ഇത് ഭൂമിയെ മനുഷ്യവാസയോഗ്യമാക്കുന്നതിന് വേണ്ടി കണിശമായി പ്ലാന്‍ ചെയ്തതാണ്. ഭൂമി സുഗമമായ പാര്‍പ്പിടയോഗ്യമാകുമാറ് പരന്ന പ്രതലമായത്, മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും കുടിക്കാനും സസ്യങ്ങള്‍ക്ക് വളരാനും പറ്റിയ ജലമുണ്ടാക്കിയത്, അതില്‍ പര്‍വതങ്ങളുണ്ടായത്, മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും ജീവിതം നയിക്കാനുള്ള ഉപാധികളായിത്തീരുന്ന എല്ലാ വസ്തുക്കളാലും ഭൂമി സുസജ്ജമായത്– ഇതൊക്കെയും ഈ സംവിധാനം യാദൃച്ഛികമായി ഉണ്ടായതോ ഏതെങ്കിലും വിനോദപ്രിയന്‍ അലക്ഷ്യമായി നിര്‍മിച്ചുവിട്ടതോ അല്ല എന്നതിന്റെ വ്യക്തമായ ലക്ഷണങ്ങളാകുന്നു. അവയിലോരോ കാര്യവും എല്ലാത്തിനും കഴിവുള്ള വ്യക്തിത്വം സോദ്ദേശ്യ പൂര്‍വം ചെയ്തിട്ടുള്ളതാണ്. ഇനി സാമാന്യബുദ്ധിയുള്ള ആരും സ്വയം ആലോചിച്ചു നോക്കട്ടെ, പരലോകമുണ്ടാവുക എന്നതാണോ ഇല്ലാതിരിക്കുക എന്നതാണോ യുക്തിസഹമായിട്ടുള്ളത്? ഇതൊക്കെ കണ്ടിട്ടും പരലോകം ഉണ്ടാവില്ല എന്നു വാദിക്കുന്നവന്‍ വാദിക്കുന്നത് ഏതാണ്ടിങ്ങനെയാണ്: ഇവിടെ എല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് യുക്ത്യധിഷ്ഠിതമായും സോദ്ദേശ്യമായുമാകുന്നു. എന്നാല്‍, ഭൂമിയില്‍ മനുഷ്യനെ ബോധവും സ്വാതന്ത്ര്യവുമുള്ളവനാക്കി സൃഷ്ടിച്ചത് അയുക്തികമായും അലക്ഷ്യമായുമത്രേ. കാരണം, ഈ ഭൂമിയില്‍ വിപുലമായ കൈകാര്യാധികാരം നല്‍കിക്കൊണ്ട് മനുഷ്യന് നല്ലതും ചീത്തയുമായ സകല കാര്യങ്ങളും ചെയ്യാന്‍ അവസരം കൊടുക്കുകയും എന്നിട്ട് അതേക്കുറിച്ച് ഒരിക്കലും അവന്‍ വിചാരണ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുക എന്നതിനെക്കാള്‍ യുക്തിശൂന്യവും ലക്ഷ്യരഹിതവുമായ കാര്യം വേറെയെന്താണുള്ളത്?

നിനക്ക് വന്നെത്തിയോ = هَلْ أَتَاكَ
വര്‍ത്തമാനം = حَدِيثُ
മൂസായുടെ = مُوسَىٰ
***********************************
അദ്ദേഹത്തെ വിളിച്ചു കല്‍പിച്ച സന്ദര്‍ഭം = إِذْ نَادَاهُ
അദ്ദേഹത്തിന്റെ നാഥന്‍ = رَبُّهُ
താഴ്വരയില്‍ വെച്ച് = بِالْوَادِ
പരിശുദ്ധമാക്കപ്പെട്ട = الْمُقَدَّسِ
‘ത്വുവാ’ എന്ന = طُوًى
***********************************
നീ പോവുക = اذْهَبْ
ഫറവോന്റെ അടുത്തേക്ക് = إِلَىٰ فِرْعَوْنَ
നിശ്ചയം, അവന്‍ = إِنَّهُ
അവന്‍ അതിക്രമിയായിരിക്കുന്നു = طَغَىٰ
***********************************
എന്നിട്ട് നീ പറയുക = فَقُلْ
നിനക്ക് ഒരുക്കമുണ്ടോ? = هَل لَّكَ
നീ വിശുദ്ധി വരിക്കാന്‍ = إِلَىٰ أَن تَزَكَّىٰ
***********************************
ഞാന്‍ നിന്നെ വഴികാണിക്കാനും = وَأَهْدِيَكَ
നിന്റെ നാഥനിലേക്ക് = إِلَىٰ رَبِّكَ
അങ്ങനെ നീ ഭയപ്പെടാനും = فَتَخْشَىٰ
***********************************
അങ്ങനെ അദ്ദേഹം അവന്ന് കാണിച്ചുകൊടുത്തു = فَأَرَاهُ
ആ അടയാളം = الْآيَةَ
അതിമഹത്തായ = الْكُبْرَىٰ
***********************************
അപ്പോള്‍ അവന്‍ കളവാക്കി = فَكَذَّبَ
അവന്‍ ധിക്കരിക്കുകയും ചെയ്തു = وَعَصَىٰ
***********************************
പിന്നെ = ثُمَّ
അവന്‍ പിന്നോട്ടു മാറി = أَدْبَرَ
പരിശ്രമം നടത്തിക്കൊണ്ട് = يَسْعَىٰ
***********************************
അങ്ങനെ അവന്‍ ഒരുമിച്ചുകൂട്ടി = فَحَشَرَ
എന്നിട്ടവന്‍ വിളിച്ചുപറഞ്ഞു = فَنَادَىٰ
***********************************
അവന്‍ പ്രഖ്യാപിച്ചു = فَقَالَ
ഞാനാണ് = أَنَا
നിങ്ങളുടെ നാഥന്‍ = رَبُّكُمُ
സര്‍വോന്നതനായ = الْأَعْلَىٰ
***********************************
അപ്പോള്‍ അവനെ പിടികൂടി = فَأَخَذَهُ
അല്ലാഹു = اللَّهُ
ശിക്ഷയുമായി = نَكَالَ
പരലോകത്തെ = الْآخِرَةِ
ഈ ലോകത്തെയും = وَالْأُولَىٰ
***********************************
നിശ്ചയം, അതിലുണ്ട് = إِنَّ فِي ذَٰلِكَ
ഒരു ഗുണപാഠം = لَعِبْرَةً
ദൈവഭയമുള്ളവര്‍ക്ക് = لِّمَن يَخْشَىٰ
***********************************
നിങ്ങളാണോ = أَأَنتُمْ
കൂടുതല്‍ പ്രയാസകരം = أَشَدُّ
സൃഷ്ടിക്കുന്നതില്‍ = خَلْقًا
അതോ = أَمِ
ആകാശമോ? = السَّمَاءُۚ
അതിനെ അവന്‍ നിര്‍മിച്ചു = بَنَاهَا
***********************************
അവന്‍ ഉയര്‍ത്തി = رَفَعَ
അതിന്റെ വിതാനം = سَمْكَهَا
എന്നിട്ട് അതിനെ ശരിപ്പെടുത്തുകയും ചെയ്തു = فَسَوَّاهَا
***********************************
അവന്‍ ഇരുളുള്ളതാക്കി = وَأَغْطَشَ
അതിലെ രാവിനെ = لَيْلَهَا
(ഇരുളില്‍നിന്ന്)അവന്‍ പുറത്തെടുക്കുകയും ചെയ്തു = وَأَخْرَجَ
അതിന്റെ പകലിനെ = ضُحَاهَا
***********************************
ഭൂമിയെ = وَالْأَرْضَ
അതിനുശേഷം = بَعْدَ ذَٰلِكَ
അതിനെ പരത്തി = دَحَاهَا
***********************************
അവന്‍ പുറത്തുകൊണ്ടുവന്നു = أَخْرَجَ
അതില്‍നിന്ന് = مِنْهَا
അതിന്റെ വെള്ളം = مَاءَهَا
സസ്യവും = وَمَرْعَاهَا
***********************************
മലകളെ = وَالْجِبَالَ
അവയെ അവന്‍ ഉറപ്പിച്ചു നിര്‍ത്തി = أَرْسَاهَا
***********************************
വിഭവമായിട്ട് = مَتَاعًا
നിങ്ങള്‍ക്ക് = لَّكُمْ
നിങ്ങളുടെ കന്നുകാലികള്‍ക്കും = وَلِأَنْعَامِكُمْ

Add comment

Your email address will not be published. Required fields are marked *