അബസ – സൂക്തങ്ങള്‍: 1-16

പ്രാരംഭപദമായ عَبَسَ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണ കാലം
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഏകകണ്ഠമായി ഈ സൂറയുടെ അവതരണനിമിത്തം ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: ഒരിക്കല്‍ നബി(സ)യുടെ സന്നിധിയില്‍ മക്കയിലെ ചില പ്രമാണിമാര്‍ സന്നിഹിതരായിരുന്നു. അവര്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കിക്കൊടുക്കാനും അവരെക്കൊണ്ട് അത് സ്വീകരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു തിരുമേനി. ഈ സന്ദര്‍ഭത്തില്‍ ഇബ്‌നു ഉമ്മിമക്തൂം* എന്നുപേരായ ഒരു അന്ധന്‍ തിരുമേനിയെ സമീപിച്ചു. അദ്ദേഹത്തിന് ഇസ്‌ലാമിനെക്കുറിച്ച് ചില കാര്യങ്ങള്‍ തിരുമേനിയോട് ചോദിച്ചറിയണമെന്നുണ്ടായിരുന്നു. ഈ ഇടപെടല്‍ അരോചകമായിത്തോന്നിയ തിരുമേനി ആഗതനെ അവഗണിച്ചു. ഈ സംഭവത്തെ സ്പര്‍ശിച്ചാണ് ഈ സൂറ അവതരിച്ചത്. ഉപര്യുക്ത ചരിത്രസംഭവത്തിലൂടെ ഈ സൂറയുടെ അവതരണകാലം അനായാസം നിര്‍ണിതമാകുന്നു.

ഒന്നാമതായി, ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചവരിലൊരാളാണ് ഇബ്‌നു ഉമ്മിമക്തൂം എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. ‘അദ്ദേഹം മക്കയില്‍ പണ്ടേ ഇസ്‌ലാം സ്വീകരിച്ചിരുന്നു,’ ‘പണ്ടേ ഇസ്‌ലാം സ്വീകരിച്ചവരിലൊരാളാണ് അദ്ദേഹം’ എന്നിങ്ങനെ ഹാഫിള് ഇബ്‌നു ഹജറും* ഹാഫിള് ഇബ്‌നു കസീറും* അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്.

രണ്ടാമതായി, സംഭവം നിവേദനം ചെയ്യുന്ന ഹദീസുകളില്‍ ചിലതില്‍നിന്നു മനസ്സിലാകുന്നത് അതു നടക്കുന്ന കാലത്തുതന്നെ അദ്ദേഹം മുസ്‌ലിമായിക്കഴിഞ്ഞിരുന്നുവെന്നാണ്. ചിലതില്‍നിന്ന് മനസ്സിലാകുന്നത് അന്നദ്ദേഹത്തിന് ഇസ്‌ലാമിനോട് അനുഭാവം ഉണ്ടായിരുന്നുവെന്നും സത്യാന്വേഷണാര്‍ഥം തിരുമേനിയെ സമീപിച്ചതാണെന്നുമാണ്. അദ്ദേഹം തിരുമേനിയെ സമീപിച്ച് ”അല്ലാഹുവിന്റെ ദൂതരേ, എനിക്ക് മാര്‍ഗദര്‍ശനം നല്‍കണം” എന്നപേക്ഷിച്ചതായി ആഇശ(റ)*യില്‍നിന്ന് തിര്‍മിദി*യും ഹാകിമും* ഇബ്‌നു ഹിബ്ബാനും* ഇബ്‌നു ജരീറും* അബൂയഅ്‌ലായും* നിവേദനം ചെയ്തിരിക്കുന്നു. അദ്ദേഹം വന്ന് ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യമാരാഞ്ഞുകൊണ്ട്, ”അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു അങ്ങയെ പഠിപ്പിച്ചത് എനിക്ക് പഠിപ്പിച്ചു തരുക” എന്നഭ്യര്‍ഥിച്ചതായാണ് ഇബ്‌നു അബ്ബാസില്‍നിന്ന് ഇബ്‌നു ജരീറും ഇബ്‌നു അബീഹാതിമും ഉദ്ധരിച്ച നിവേദനത്തിലുള്ളത്. സംഭവം നടക്കുന്ന കാലത്ത് അദ്ദേഹം മുഹമ്മദി(സ)നെ അല്ലാഹുവിന്റെ ദൂതനായും ഖുര്‍ആനെ വേദമായും അംഗീകരിച്ചു കഴിഞ്ഞിരുന്നുവെന്നാണല്ലോ ഇതില്‍നിന്നു വ്യക്തമാകുന്നത്. മറുവശത്ത്, സൂറയിലെ മൂന്നാം സൂക്തമായ لَعَلَّهُ يَزَّكَّى എന്നതിന് ഇബ്‌നു സൈദ് لَعَلَّهُ يُسْلِمُ (അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചേക്കാം) എന്ന് അര്‍ഥം നല്‍കിയതായി ഇബ്‌നു ജരീര്‍ ഉദ്ധരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള വാക്യങ്ങള്‍ ഈ അര്‍ഥകല്‍പനയെ സാധൂകരിക്കുന്നുമുണ്ട്: ”നിനക്കെന്തറിയാം, അയാള്‍ വിശുദ്ധി കൈക്കൊണ്ടേക്കാം. അല്ലെങ്കില്‍ ഉപദേശം ശ്രദ്ധിക്കുകയും അതയാള്‍ക്കു പ്രയോജനപ്പെടുകയും ചെയ്‌തേക്കാം.” അന്ന് ഇബ്‌നു ഉമ്മിമക്തൂമിന് ഉദാത്തമായ സത്യാന്വേഷണവാഞ്ഛയുണ്ടായിരുന്നുവെന്നാണ് ഈ വാക്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. പ്രവാചകനെത്തന്നെ മാര്‍ഗദര്‍ശന സ്രോതസ്സായി മനസ്സിലാക്കി അദ്ദേഹം തിരുസന്നിധിയിലെത്തിയിരിക്കുകയാണ്. തിരുമേനിയില്‍നിന്നു മാത്രമേ തനിക്ക് ശരിയായ മാര്‍ഗദര്‍ശനം ലഭിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇത്, മാര്‍ഗദര്‍ശനം ലഭിക്കുകയാണെങ്കില്‍ പ്രയോജനപ്പെടുന്ന അവസ്ഥയിലായിരുന്നു അന്ന് ഇബ്‌നു ഉമ്മിമക്തൂം എന്നാണ് സൂചിപ്പിക്കുന്നത്.

തിരുമേനിയുടെ സദസ്സില്‍ അന്ന് ഉപവിഷ്ടരായിരുന്ന ആളുകളുടെ പേരുകള്‍ വിവിധ നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ ബദ്ധവൈരികളായിരുന്ന ഉത്ബ, ശൈബ, അബൂജഹ്ല്‍ ‌, ഉമയ്യതുബ്‌നു ഖലഫ്, ഉബയ്യുബ്‌നു ഖലഫ് തുടങ്ങിയവരെ ആ പട്ടികയില്‍ കാണാം. അതില്‍നിന്നു മനസ്സിലാകുന്നതിങ്ങനെയാണ്: സംഭവം നടക്കുമ്പോള്‍ ഇപ്പറഞ്ഞവരും നബി(സ)യും തമ്മിലുള്ള പരസ്പരബന്ധവും പെരുമാറ്റവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ തമ്മിലുള്ള സംഘര്‍ഷം, അവര്‍ നബിയെ സന്ദര്‍ശിക്കുന്നതോ കൂടിക്കാഴ്ചകള്‍ നടത്തുന്നതോ അവസാനിക്കാന്‍ മാത്രം വളര്‍ന്നിരുന്നില്ല. ഈ സൂറ വളരെ ആദ്യകാലത്ത് അവതരിച്ച സൂറകളില്‍ പെട്ടതാണെന്നാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഉള്ളടക്കം
പ്രഭാഷണാരംഭത്തിന്റെ ശൈലി കാണുമ്പോള്‍ അനുവാചകന് ഇങ്ങനെയാണു തോന്നുക: അന്ധനെ അവഗണിച്ച് ഖുറൈശി പ്രമാണിമാരെ പരിഗണിച്ചതിന്റെ പേരില്‍ അല്ലാഹു പ്രവാചകനെ ആക്ഷേപിച്ചിരിക്കുകയാണീ സൂറയിലൂടെ. പക്ഷേ, സൂറ മൊത്തത്തില്‍ എടുത്തു പഠിച്ചുനോക്കിയാല്‍ ആക്ഷേപം യഥാര്‍ഥത്തില്‍ ഖുറൈശി പ്രമാണിമാരുടെ നേരെയാണെന്ന് മനസ്സിലാകും. അവര്‍ അഹന്തയും ധിക്കാരവും സത്യനിഷേധവും മൂലം പ്രവാചകന്റെ സത്യപ്രബോധനത്തെ നിസ്സാരമാക്കി തള്ളിക്കളയുന്നതിന്റെ പേരില്‍ തിരുമേനിക്ക് സത്യപ്രബോധനത്തിന്റെ ശരിയായ രീതി പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം ദൗത്യനിര്‍വഹണത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹം അവലംബിച്ചിരുന്ന രീതി തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നുമുണ്ട്. പ്രമാണിമാരെ വിശിഷ്ടരും അന്ധനെ അധമനും ആയി കരുതിയതുകൊണ്ടല്ല തിരുമേനി ഖുറൈശിനേതാക്കളെ പരിഗണിച്ചിരുന്നത്. മആദല്ലാഹ്– അല്ലാഹു ആക്ഷേപിച്ച ഈ നിലപാട് ഒരു വികലമനസ്‌കനില്‍ മാത്രമേ കാണൂ. കാര്യത്തിന്റെ കാതല്‍ ഇതാണ്: ‘ഒരു പ്രബോധകന്‍ തന്റെ പ്രബോധന പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സ്വാഭാവികമായും സമൂഹത്തില്‍ സ്വാധീനശക്തിയുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നു. മേലേക്കിടയിലുള്ളവര്‍ തന്റെ ആശയം സ്വീകരിക്കുകയാണെങ്കില്‍ പിന്നെ ബാക്കി കാര്യം എളുപ്പമാകുമല്ലോ. സ്വാധീനശക്തിയില്ലാത്ത ദുര്‍ബലരും നിരാലംബരുമായ സാധാരണക്കാരില്‍ സന്ദേശം പ്രചരിച്ചതുകൊണ്ട് സമൂഹത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാവില്ല’–ഏതാണ്ട് ഈയൊരു നിലപാടാണ് ആദ്യകാലത്ത് പ്രബോധന പ്രവര്‍ത്തനത്തില്‍ നബി(സ)യും അവലംബിച്ചിരുന്നത്. ഇതിന്റെ പ്രചോദനം തികഞ്ഞ ആത്മാര്‍ഥതയും സത്യപ്രബോധന വികാരവുമായിരുന്നു; അല്ലാതെ നേതൃപ്രമാണിമാരൊക്കെ വിശിഷ്ടരും പാവപ്പെട്ടവരൊക്കെ അധമരും ആണെന്ന സങ്കല്‍പം പുലര്‍ത്തിയിരുന്നതുകൊണ്ടല്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു: ഇതല്ല ശരിയായ പ്രബോധനരീതി. ഈ പ്രബോധനത്തിന്റെ വീക്ഷണത്തില്‍ സത്യാന്വേഷകനായ ഏതു മനുഷ്യനും പ്രാധാന്യമുള്ളവനാകുന്നു. അവന്‍ അവശനാണോ സ്വാധീനമില്ലാത്തവനാണോ ആര്‍ത്തനാണോ എന്നതൊന്നും പ്രസക്തമല്ല. സത്യത്തെ വിലമതിക്കാത്തവരാകട്ടെ, അവര്‍ ആരായാലും അപ്രധാനരാണ്–സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ എത്ര വലുതായാലും ശരി. അതുകൊണ്ട് താങ്കള്‍ ഇസ്‌ലാമികാദര്‍ശങ്ങള്‍ എല്ലാവരെയും ഉറക്കെ കേള്‍പ്പിക്കുക. എങ്കിലും സത്യം സ്വീകരിക്കാനുള്ള സന്നദ്ധത ആരില്‍ കാണപ്പെടുന്നുവോ, അവരാണ് യഥാര്‍ഥത്തില്‍ താങ്കളുടെ ശ്രദ്ധയര്‍ഹിക്കുന്നവര്‍. സ്വന്തം വമ്പില്‍ നിഗളിച്ചുകൊണ്ട് അവര്‍ക്ക് താങ്കളെയല്ല, പ്രത്യുത, താങ്കള്‍ക്ക് അവരെയാണ് ആവശ്യം എന്നു കരുതുന്ന ആത്മവഞ്ചിതരുടെ മുമ്പില്‍ സന്ദേശം സമര്‍പ്പിക്കരുത്. അത് താങ്കളുടെ പ്രബോധനത്തിന്റെ ഉന്നതമായ നിലവാരത്തിന് ചേര്‍ന്നതല്ല. ഇതാണ് സൂറയുടെ തുടക്കം മുതല്‍ 16-ആം സൂക്തം വരെയുള്ള വചനങ്ങളുടെ പ്രമേയം.

അനന്തരം, 17-ആം സൂക്തം മുതല്‍ ആക്ഷേപത്തിന്റെ മുഖം പ്രവാചക സന്ദേശത്തെ തള്ളിക്കളഞ്ഞ സത്യനിഷേധികളിലേക്ക് നേരിട്ട് തിരിയുന്നു. അതില്‍ ആദ്യമായി, സ്രഷ്ടാവും പരിപാലകനും അന്നദാതാവുമായ റബ്ബിനോട് അവര്‍ അനുവര്‍ത്തിക്കുന്ന സമീപനത്തെ കുറ്റപ്പെടുത്തിയിരിക്കുന്നു. ഒടുവില്‍ അവര്‍ താക്കീതു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അന്ത്യനാളില്‍ എന്തുമാത്രം ഭയാനകമായ പരിണതിയാണവര്‍ക്കു നേരിടേണ്ടിവരുക എന്നു താക്കീതു ചെയ്തിരിക്കുകയാണ്.

عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ﴿٣﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ﴿٤﴾ أَمَّا مَنِ اسْتَغْنَىٰ ﴿٥﴾ فَأَنتَ لَهُ تَصَدَّىٰ ﴿٦﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾ وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨﴾ وَهُوَ يَخْشَىٰ ﴿٩﴾ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾ كَلَّا إِنَّهَا تَذْكِرَةٌ ﴿١١﴾ فَمَن شَاءَ ذَكَرَهُ ﴿١٢﴾ فِي صُحُفٍ مُّكَرَّمَةٍ ﴿١٣﴾ مَّرْفُوعَةٍ مُّطَهَّرَةٍ ﴿١٤﴾ بِأَيْدِي سَفَرَةٍ ﴿١٥﴾ كِرَامٍ بَرَرَةٍ ﴿١٦﴾


1 – അവന്‍ മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തുവല്ലോ.

2 – ആ അന്ധന്‍ തന്നെ സമീപിച്ചതിന്റെ പേരില്‍.

3 – നിനക്കെന്തറിയാം, ഒരുവേള അയാള്‍ നന്നായിത്തീര്‍ന്നേക്കാം.

4 – അഥവാ ഉപദേശം ശ്രദ്ധിക്കുകയും അത് അയാള്‍ക്ക് ഫലപ്പെടുകയും ചെയ്‌തേക്കാം.

5 – സ്വയം പ്രമാണിയായി ചമയുന്നവനാരോ

6 – അവനെയാണ് നീ ശ്രദ്ധിക്കുന്നത്.

7 – എന്നാല്‍, അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?

8 – അല്ലാഹുവിനെ ഭയപ്പെട്ട് നിന്റെയടുക്കല്‍ ഓടിയെത്തുന്നവനോ,

9 – അല്ലാഹുവിനെ ഭയപ്പെട്ട് നിന്റെയടുക്കല്‍ ഓടിയെത്തുന്നവനോ,

10 – അവനോട് നീ വൈമുഖ്യം കാട്ടുന്നു.

11 – ഒരിക്കലുമല്ല. ഇത് ഒരു ഉദ്‌ബോധനമാകുന്നു.

12 – ഇഷ്ടമുള്ളവര്‍ സ്വീകരിക്കട്ടെ.

13 – ആദരീണയമായ ഏടുകളിലാണതുള്ളത്.

14 – ഉന്നതവും പവിത്രവുമായ ഏടുകളില്‍

15 – ചില എഴുത്തുകാരുടെ കരങ്ങളിലാണവ.

16 – അവര്‍ മാന്യരും വിശുദ്ധരുമാണ്.

(2) ഈ പ്രഥമ വാക്യത്തിന്റെ ശൈലിയില്‍ കൗതുകകരമായ ഒരു ധ്വനി അടങ്ങിയിട്ടുണ്ട്. ശേഷമുള്ള വാക്യങ്ങളില്‍, നെറ്റിചുളിച്ച് തിരിഞ്ഞുകളഞ്ഞത് തിരുമേനി(സ) തന്നെയാണെന്ന് വ്യക്തമാക്കുന്ന വിധം അദ്ദേഹത്തെത്തന്നെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും ആ നടപടിയുണ്ടായത് തിരുമേനിയില്‍നിന്നല്ല, മറ്റാരില്‍നിന്നോ ആണ് എന്ന മട്ടിലാണ് പ്രഭാഷണം ആരംഭിച്ചിരിക്കുന്നത്. ഇത്തരം നടപടി താങ്കളില്‍നിന്നുണ്ടാവേണ്ടതല്ലായിരുന്നു; താങ്കളുടെ ഉന്നത സ്വഭാവഗുണങ്ങളറിയുന്നവര്‍ കണ്ടാല്‍ ഇത് താങ്കളല്ല; മറിച്ച്, ഇത്തരം നിലപാടുകള്‍ അനുവര്‍ത്തിച്ചുവരുന്ന മറ്റാരോ ആണെന്ന് വിചാരിച്ചുപോകും എന്ന് അതിസൂക്ഷ്മമായ ഒരു രീതിയില്‍ ഈ അവതരണ ശൈലി നബി(സ)ക്ക് മനസ്സിലാക്കിക്കൊടുത്തിരിക്കുന്നു

(10) സത്യപ്രബോധകനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഗതി എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും ഈ സൂക്തങ്ങളില്‍ അല്ലാഹു വിശദീകരിക്കുന്നു. ഒന്ന്, ഈ മനുഷ്യന്‍; അയാളുടെ ബാഹ്യമായ അവസ്ഥ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. സത്യാന്വേഷിയാണയാള്‍. അസത്യത്തെ പിന്തുടര്‍ന്ന് ദൈവകോപത്തിനിരയായിത്തീരുന്നത് ഭയപ്പെടുന്നവന്‍. അതുകൊണ്ട് അയാള്‍ സന്മാര്‍ഗജ്ഞാനം നേടാന്‍ സ്വയം മുന്നോട്ടുവരുന്നു. മറ്റയാളില്‍ സത്യാന്വേഷണ താല്‍പര്യം അല്‍പവുമില്ല എന്നല്ല, തന്നോട് സന്മാര്‍ഗോപദേശം നടത്തുന്ന മനുഷ്യന്‍ തനിക്കാവശ്യമില്ലാത്തവനാണെന്ന് കരുതുകയും ചെയ്യുന്നു. ഇവിടെ നോക്കേണ്ടത് ഇവരിലാര് വിശ്വാസം കൈക്കൊണ്ടാലാണ് ദീനിന് വളരെ നേട്ടങ്ങളുണ്ടാവുക എന്നാണ്. ആരുടെ വിശ്വാസസ്വീകാര്യമാണ് ദീനിന്റെ പ്രചാരണത്തില്‍ കാര്യമായ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുക എന്നതല്ല; മറിച്ച്, സന്മാര്‍ഗം സ്വീകരിച്ച് സംസ്‌കരിക്കപ്പെടാന്‍ സന്നദ്ധനായിട്ടുള്ളതാര്, മഹത്തായ ഈ സന്ദേശത്തെ ഒട്ടും വിലമതിക്കാത്തവനാര് എന്നതാണ്. ഒന്നാമത്തെ ഇനത്തില്‍പ്പെട്ടവന്‍ അന്ധനാവട്ടെ, മുടന്തനാവട്ടെ, മുറിക്കൈയനാവട്ടെ, പ്രത്യക്ഷത്തില്‍ ദീനീപ്രബോധനത്തില്‍ വലിയ സേവനമൊന്നും ചെയ്യാന്‍ യോഗ്യനെന്ന് തോന്നാത്തവനാകട്ടെ, ആരായാലും ശരി, അയാളാണ് സത്യപ്രബോധകന് വിലപ്പെട്ടവന്‍. അയാളെയാണ് പ്രബോധകന്‍ പരിഗണിക്കേണ്ടത്. എന്തുകൊണ്ടെന്നാല്‍, ഈ പ്രബോധനത്തിന്റെ അടിസ്ഥാന ലക്ഷ്യം ദൈവദാസന്‍മാരുടെ സംസ്‌കരണമാകുന്നു. അയാള്‍ സദുപദേശം ചെയ്യപ്പെട്ടാല്‍ സംസ്‌കാരമാര്‍ജിക്കുമെന്നാണ് അയാളുടെ അവസ്ഥയെക്കുറിച്ചു പറയുന്നത്. രണ്ടാമത്തെ ഇനത്തില്‍പ്പെട്ടവന്‍, അയാള്‍ സമൂഹത്തില്‍ എത്ര ശക്തമായ സ്വാധീനമുള്ളവനായാലും സത്യപ്രബോധകന്‍ അയാളുടെ പിന്നാലെ നടക്കേണ്ട കാര്യമില്ല. കാരണം, അയാള്‍ സംസ്‌കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അയാളുടെ പ്രത്യക്ഷ നിലപാട് വിളിച്ചുപറയുന്നുണ്ട്. അതുകൊണ്ട് അയാളെ സംസ്‌കരിക്കാനുള്ള ശ്രമത്തില്‍ സമയം വിനിയോഗിക്കുന്നത് വെറുതെ സമയംകളയലാണ്. അയാള്‍ നന്നാവാന്‍ വിചാരിക്കുന്നില്ലെങ്കില്‍ നന്നാവേണ്ട. അയാള്‍ക്കുതന്നെയാണതിന്റെ നഷ്ടം. സത്യപ്രബോധകന് അതില്‍ ഒരുത്തരവാദിത്വവുമില്ല.

(11) ദൈവത്തെ വിസ്മരിക്കുകയും ഭൗതികമായ സ്വന്തം സ്ഥാനമാനങ്ങളില്‍ അഹങ്കരിക്കുകയും ചെയ്യുന്നവര്‍ക്ക് അനര്‍ഹമായ പ്രാധാന്യം കല്‍പിക്കരുതെന്നാ
ണ് ഇവിടെ ഒരിക്കലുമില്ല എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമികസന്ദേശം, അതിനെ അവഗണിച്ചു പിന്തിരിയുന്നവരുടെ മേല്‍ അടിച്ചേല്‍പിക്കേണ്ട ഒന്നല്ല. താങ്കള്‍ ഈ ആത്മവഞ്ചകരെ ഇസ്‌ലാമിലേക്കാകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, താങ്കളുടെ താല്‍പര്യസംരക്ഷണം അവരെ ആശ്രയിച്ചിരിക്കുന്നു എന്ന് അവരില്‍ തെറ്റിദ്ധാരണയുളവാക്കുന്ന രീതിയിലാകുന്നത് താങ്കളുടെ നിലവാരത്തിന് ചേര്‍ന്നതല്ല. ഇവര്‍ വിശ്വസിച്ചാലേ പ്രബോധനം വിജയിക്കൂ എന്നും ഇല്ലെങ്കില്‍ പരാജയപ്പെടുമെന്നും വിചാരിക്കരുത്. സത്യത്തെ അവര്‍ എത്രത്തോളം വിലവെക്കുന്നില്ലയോ അത്രത്തോളം സത്യം അവരെയും വിലവെക്കുന്നില്ല.
ഇത് ഒരു ഉദ്‌ബോധനമാകുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആനാണ്.

(14) എല്ലാ കലര്‍പ്പുകളില്‍നിന്നും ശുദ്ധമായതാണെന്നര്‍ഥം. നിഷ്‌കളങ്ക സത്യത്തിന്റെ അധ്യാപനങ്ങളാണ് അതവതരിപ്പിക്കുന്നത്. മിഥ്യയുടെയും നാശത്തിന്റെയും ഒരുതരത്തിലുള്ള ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അതിലേക്ക് വഴികണ്ടെത്താന്‍ കഴിയില്ല. ഈ ലോകത്തിലെ ഇതര മതഗ്രന്ഥങ്ങളില്‍ പുരണ്ടിട്ടുള്ള മായങ്ങളുടെയൊന്നും ലഘുവായ ഛായ പോലും അതില്‍ കടക്കുക സാധ്യമല്ല. മനുഷ്യഭാവനകളില്‍നിന്നും പൈശാചിക ദുര്‍ബോധനങ്ങളില്‍നിന്നുമെല്ലാം സുരക്ഷിതമായിട്ടാണത് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.

(16) അല്ലാഹുവിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം ഖുര്‍ആന്റെ ആ ഏടുകള്‍ എഴുതിയിരുന്നവരും അതിനെ സൂക്ഷിച്ചു സംരക്ഷിച്ചിരുന്നവരും അതേപടി അത് നബി(സ)ക്ക് എത്തിച്ചുകൊടുത്തിരുന്നവരുമായ മലക്കുകളെയാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. രണ്ടു പദങ്ങള്‍കൊണ്ട് അവരെ പ്രശംസിച്ചിരിക്കുന്നു: ‘കിറാം'(ആദരണീയര്‍), ‘ബററ’ (വിശുദ്ധര്‍). തങ്ങളെ ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ അണുഅളവുപോലും വഞ്ചനയുണ്ടാവാതിരിക്കുമാറ് ഉന്നതമായ അസ്തിത്വങ്ങളാണവരെന്ന് വ്യക്തമാക്കുകയാണ് പ്രഥമ വിശേഷണത്തിന്റെ ലക്ഷ്യം. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ആ ഏടുകള്‍ ഉല്ലേഖനം ചെയ്യുന്നതിനും അത് സൂക്ഷിക്കുന്നതിനും ദൈവദൂതന്ന് എത്തിച്ചുകൊടുക്കുന്നതിനും തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം ഒരു വീഴ്ചയുമില്ലാതെ നിര്‍വഹിക്കുന്നവരാണവര്‍ എന്നാണ് രണ്ടാമത്തെ വിശേഷണം.

ഈ വചനങ്ങള്‍ അരുളപ്പെട്ട പശ്ചാത്തലം പരിശോധിച്ചുനോക്കിയാല്‍, ഇവിടെ ഖുര്‍ആനെ പരിചയപ്പെടുത്തിയത് അതിന്റെ മഹത്ത്വം വിശദീകരിക്കാന്‍ മാത്രമല്ലെന്ന് മനസ്സിലാകും. ഇസ്‌ലാമികപ്രബോധനത്തെ അവജ്ഞയോടെ വീക്ഷിച്ച് പിന്തിരിഞ്ഞുകൊണ്ടിരുന്നവരോട് പറയുകയാണ്. ഈ ഖുര്‍ആന് നിങ്ങളെ ആവശ്യമില്ല; നിങ്ങള്‍ക്ക് അതിനെയാണാവശ്യം. സ്വന്തം നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തില്‍ നിറഞ്ഞ ദുര്‍ഭാവനകള്‍ തൂത്തുമാറ്റി നേരേ ചൊവ്വേ ഈ സന്ദേശം സ്വീകരിക്കാന്‍ മുന്നോട്ടുവരിക. ഇല്ലെങ്കില്‍, നിങ്ങളതിനെ എന്തുമാത്രം അവഗണിക്കുന്നുവോ, അതിനെക്കാള്‍ വളരെ കൂടുതലായി അത് നിങ്ങളെ അവഗണിക്കുന്നു. നിങ്ങളുടെ അവജ്ഞകൊണ്ട് അതിന്റെ മഹത്ത്വത്തിന് അണുഅളവ് മാറ്റം വരുന്നില്ല. എന്നാല്‍, നിങ്ങളുടെ വമ്പത്തരങ്ങളൊക്കെയും മണ്ണടിഞ്ഞ് പോവുക തന്നെ ചെയ്യും.

അദ്ദേഹം മുഖം ചുളിച്ചു = عَبَسَ
അദ്ദേഹം തിരിഞ്ഞുകളയുകയും ചെയ്തു = وَتَوَلَّىٰ
*****************************
അദ്ദേഹത്തിന്റെ അടുക്കല്‍ വന്നതിനാല്‍ = أَن جَاءَهُ
ആ കുരുടന്‍ = الْأَعْمَىٰ
*****************************
എന്ത്? = وَمَا
നിന്നെ അറിയിക്കും = يُدْرِيكَ
അയാള്‍ ഒരുവേള = لَعَلَّهُ
വിശുദ്ധി വരിച്ചേക്കാം = يَزَّكَّىٰ
*****************************
അല്ലെങ്കില്‍ = أَوْ
ഉപദേശം ഉള്‍കൊണ്ടേക്കാം = يَذَّكَّرُ
എന്നിട്ട് അയാള്‍ക്ക് ഉപകരിച്ചേക്കാം = فَتَنفَعَهُ
ആ ഉപദേശം = الذِّكْرَىٰ
*****************************
എന്നാല്‍ = أَمَّا
താന്‍പോരിമ നടിച്ചവന്‍ = مَنِ اسْتَغْنَىٰ
*****************************
നീ = فَأَنتَ
അവനിലേക്ക് = لَهُ
ശ്രദ്ധ തിരിക്കുന്നു = تَصَدَّىٰ
*****************************
എന്താണ്? = وَمَا
നിനക്ക് = عَلَيْكَ
അവന്‍ വിശുദ്ധി വരിക്കാതിരുന്നാല്‍ = أَلَّا يَزَّكَّىٰ
*****************************
എന്നാല്‍ = وَأَمَّا
നിന്റെ അടുത്ത് വന്നവന്‍ = مَن جَاءَكَ
ഓടിക്കൊണ്ട് = يَسْعَىٰ
*****************************
അയാളാകട്ടെ = وَهُوَ
അയാള്‍ ഭയപ്പെടുന്നു = يَخْشَىٰ
*****************************
അപ്പോള്‍ നീ = فَأَنتَ
അയാളുടെ കാര്യത്തില്‍ = عَنْهُ
നീ അശ്രദ്ധ കാണിക്കുന്നു = تَلَهَّىٰ
*****************************
ഒരിക്കലുമല്ല = كَلَّا
നിശ്ചയമായും ഇത് = إِنَّهَا
ഒരു ഉദ്ബോധനമാണ് = تَذْكِرَةٌ
*****************************
അതിനാല്‍ ആര്‍ = فَمَن
ഉദ്ദേശിക്കുന്നുവോ = شَاءَ
അവന്‍ ഇതിനെ ഓര്‍ക്കട്ടെ = ذَكَرَهُ
*****************************
ഏടുകളില്‍ = فِي صُحُفٍ
ആദരണീയമായ = مُّكَرَّمَةٍ
*****************************
ഉന്നതമായ = مَّرْفُوعَةٍ
പരിശുദ്ധമായ = مُّطَهَّرَةٍ
*****************************
കൈകളില്‍ = بِأَيْدِي
സന്ദേശവാഹകരുടെ = سَفَرَةٍ
*****************************
മാന്യന്മാരായ = كِرَامٍ
സുകൃതവാന്മാരും = بَرَرَةٍ

Add comment

Your email address will not be published. Required fields are marked *