അത്തക് വീര്‍ – സൂക്തങ്ങള്‍: 1-14

പ്രഥമ സൂക്തത്തിലെ كُوِّرَت എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ് ഈ നാമം. ഈ പദം تَكْوِير ന്റെ ഭൂതകാല കര്‍മണിപ്രയോഗമാകുന്നു. ചുരുട്ടപ്പെട്ടു എന്നര്‍ഥം. ചുരുട്ടുക എന്ന പദം പരാമര്‍ശിച്ചിട്ടുള്ള സൂറ എന്നാണ് ഈ നാമകരണം കൊണ്ടുദ്ദേശിച്ചിട്ടുള്ളത്.

അവതരണ കാലം
പ്രവാചകന്റെ മക്കാജീവിതത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്നും ശൈലിയില്‍നിന്നും വ്യക്തമാകുന്നു.

ഉള്ളടക്കം
ഇതില്‍ ആഖിറത്ത്, രിസാലത്ത് (പരലോകം, പ്രവാചകത്വം) എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആദ്യത്തെ ആറു സൂക്തങ്ങളില്‍ അന്ത്യനാളിന്റെ ആദ്യഘട്ടത്തെ വര്‍ണിക്കുകയാണ്: അപ്പോള്‍ സൂര്യന്‍ അണഞ്ഞുപോകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. പര്‍വതങ്ങള്‍ ഭൂമിയില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും. ആളുകള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളെ വിസ്മരിക്കും. സ്വബോധം നഷ്ടപ്പെട്ട വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂടും. സമുദ്രങ്ങള്‍ പ്രക്ഷുബ്ധമായി തീപ്പിടിക്കും. തുടര്‍ന്നുള്ള ഏഴു സൂക്തങ്ങളില്‍ രണ്ടാം ഘട്ടത്തെ വര്‍ണിക്കുന്നു. അപ്പോള്‍ ആത്മാക്കളെല്ലാം അവയുടെ ശരീരങ്ങളുമായി വീണ്ടും കൂട്ടിയിണക്കപ്പെടുന്നു. കര്‍മപുസ്തകങ്ങള്‍ തുറക്കപ്പെടുന്നു. കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. വാനലോകത്തിന്റെ തിരശ്ശീലകള്‍ വലിച്ചുമാറ്റപ്പെടുന്നു. സ്വര്‍ഗനരകങ്ങളെല്ലാം നഗ്നദൃഷ്ടികള്‍ക്ക് ഗോചരമായിത്തീരുന്നു. പരലോകത്തിന്റെ ഈ ചിത്രം വരച്ചുകാണിച്ച ശേഷം, അന്ന് ഓരോ മനുഷ്യന്നും താന്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് അവിടെ എത്തിയിട്ടുള്ളതെന്ന് സ്വയം ബോധ്യമാകും എന്നു പറഞ്ഞുകൊണ്ട് മനുഷ്യനെ ചിന്തിക്കാന്‍ വിട്ടിരിക്കുകയാണ്. അനന്തരം പ്രവാചകത്വം എന്ന വിഷയം കൈകാര്യം ചെയ്യുകയാണ്. അതേപ്പറ്റി മക്കാവാസികളോടു പറയുന്നു: മുഹമ്മദ് (സ) നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്ന സന്ദേശം ഏതെങ്കിലും കിറുക്കന്റെ വിടുവായത്തമല്ല, പിശാചിന്റെ ദുര്‍ബോധനവുമല്ല. അത് മഹാനും ഉന്നതസ്ഥാനീയനും വിശ്വസ്തനും ദൈവത്താല്‍ നിയുക്തനും സന്ദേശവാഹകനുമായ ഒരു മലക്കിന്റെ ഭാഷണമാകുന്നു. മുഹമ്മദ് (സ) തുറന്ന അന്തരീക്ഷത്തിന്റെ ചക്രവാളത്തില്‍ ആ മലക്കിനെ നഗ്നദൃഷ്ടികൊണ്ട് കണ്ടിട്ടുണ്ട്. ഈ ദൈവികാധ്യാപനങ്ങളെ അവഗണിച്ചു തള്ളിയിട്ട് നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?

إِذَا ٱلشَّمْسُ كُوِّرَتْ﴿١﴾ وَإِذَا ٱلنُّجُومُ ٱنكَدَرَتْ﴿٢﴾ وَإِذَا ٱلْجِبَالُ سُيِّرَتْ﴿٣﴾ وَإِذَا ٱلْعِشَارُ عُطِّلَتْ﴿٤﴾ وَإِذَا ٱلْوُحُوشُ حُشِرَتْ﴿٥﴾ وَإِذَا ٱلْبِحَارُ سُجِّرَتْ﴿٦﴾ وَإِذَا ٱلنُّفُوسُ زُوِّجَتْ﴿٧﴾ وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ﴿٨﴾ بِأَىِّ ذَنۢبٍۢ قُتِلَتْ﴿٩﴾ وَإِذَا ٱلصُّحُفُ نُشِرَتْ﴿١٠﴾ وَإِذَا ٱلسَّمَآءُ كُشِطَتْ﴿١١﴾ وَإِذَا ٱلْجَحِيمُ سُعِّرَتْ﴿١٢﴾ وَإِذَا ٱلْجَنَّةُ أُزْلِفَتْ﴿١٣﴾ عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ﴿١٤﴾


(1-7) സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍,1 താരങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,2 മലകള്‍ ചലിപ്പിക്കപ്പെടുമ്പോള്‍,3 ഗര്‍ഭംതികഞ്ഞ ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍,4 വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,5 സമുദ്രങ്ങള്‍ കത്തിക്കപ്പെടുമ്പോള്‍,6 ആത്മാക്കള്‍7 (ജഡങ്ങളുമായി) ഇണക്കപ്പെടുമ്പോള്‍,8 .

(8-14) ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍,9കര്‍മപുസ്തകങ്ങള്‍ നിവര്‍ത്തപ്പെടുമ്പോള്‍, ആകാശത്തിന്റെ മറ മാറ്റപ്പെടുമ്പോള്‍,10 നരകം ആളിക്കത്തിക്കപ്പെടുമ്പോള്‍, സ്വര്‍ഗം അടുപ്പിക്കപ്പെടുമ്പോള്‍11 –അന്ന് ഓരോ മനുഷ്യനും താന്‍ എന്തുമായിട്ടാണ് വന്നതെന്നറിയുന്നു.

1. സൂര്യന്‍ അണഞ്ഞുപോകുന്നതിന്റെ മനോഹരമായ ഒരു ഉല്‍പ്രേക്ഷയാണിത്. അറബിയില്‍ تَكْوِير എന്ന പദത്തിനര്‍ഥം ചുറ്റുക എന്നാണ്. ശിരസ്സില്‍ തലപ്പാവ് ചുറ്റിക്കെട്ടുന്നതിന് تَكْوِيرُ الْعَمَامَة എന്നു പറയുന്നു. വിശാലമായ ശിരോവസ്ത്രം തലയില്‍ ചുരുട്ടിക്കെട്ടുന്നതാണല്ലോ തലപ്പാവ്. ഇവിടെ, സൂര്യനില്‍നിന്നു പുറപ്പെട്ട് സൗരയൂഥം മുഴുക്കെ വ്യാപിക്കുന്ന പ്രകാശത്തെ ശിരോവസ്ത്രത്തോടുപമിച്ചുകൊണ്ട് പറയുകയാണ്: അന്ത്യനാളില്‍ സൂര്യനാകുന്ന ഈ നിവര്‍ന്നുകിടക്കുന്ന ശിരോവസ്ത്രം ചുരുട്ടിവയ്ക്കപ്പെടുന്നതാണ്. അതായത്, അതിന്റെ പ്രകാശവ്യാപനം നിര്‍ത്തലാക്കപ്പെടും.

2. അതായത്, അവയെ അവയുടെ അച്ചുതണ്ടിലും മണ്ഡലത്തിലും ഉറപ്പിച്ചുനിര്‍ത്തുന്ന കെട്ടുകള്‍ അഴിച്ചുവിടപ്പെടും. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും പ്രപഞ്ചത്തിലെങ്ങും ചിന്നിച്ചിതറും. കൂടാതെ إنْكَدَرَ എന്ന പദം മങ്ങുക എന്ന ആശയവും കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അവ ഉതിര്‍ന്നു ചിതറുക മാത്രമല്ല, ഇരുണ്ടുപോവുകയും ചെയ്യുമെന്ന് അതില്‍നിന്ന് വ്യക്തമാകുന്നു.

3. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അന്ന് ഭൂമിയുടെ ആകര്‍ഷണശക്തിയും നഷ്ടപ്പെടും. ആകര്‍ഷണശക്തി മൂലമാണല്ലോ പര്‍വതങ്ങള്‍ക്ക് ഭാരമുണ്ടാകുന്നതും അവ ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്നതും. ആകര്‍ഷണശക്തി ഇല്ലാതാകുന്നതോടെ പര്‍വതങ്ങളെല്ലാം അവയുടെ സ്ഥാനങ്ങളില്‍നിന്ന് ഇളകി ഉയര്‍ന്നുപോകും. ഭാരശൂന്യമായിത്തീര്‍ന്ന അവ മേഘങ്ങള്‍പോലെ അന്തരീക്ഷത്തില്‍ പാറിനടക്കും.

4. അറബികളുടെ മനസ്സില്‍ അന്ത്യനാളിന്റെ രൗദ്രതയുടെ ചിത്രം പതിയുന്നതിനുള്ള സമര്‍ഥമായ ഒരു ശൈലിയായിരുന്നു ഇത്. ഇന്നത്തെ കാറും ബസ്സുമൊക്കെ ഉണ്ടാകുന്നതിനു മുമ്പ്, അറബികളെ സംബന്ധിച്ചിടത്തോളം ചെന തികഞ്ഞ ഒട്ടകത്തോളം മൂല്യമുള്ള മറ്റൊരു സ്വത്തുമുണ്ടായിരുന്നില്ല. അവ മോഷ്ടിക്കപ്പെടുകയോ മറ്റെന്തെങ്കിലും ആപത്തിനു വിധേയമാവുകയോ ചെയ്യാതിരിക്കാന്‍ അതീവ ജാഗ്രതയോടെ പരിപാലിക്കപ്പെട്ടിരുന്നു. ഇത്തരം ഒട്ടകങ്ങളെക്കുറിച്ച് ആളുകള്‍ അശ്രദ്ധരായിപ്പോവുക എന്നാലര്‍ഥം, ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്വത്തിനെപ്പോലും മറന്നുപോകത്തക്കവണ്ണമുള്ള ആപത്തു വന്നുഭവിക്കുക എന്നാകുന്നു.

5. ലോകത്ത് വ്യാപകമായ ഒരാപത്തുണ്ടാകുമ്പോള്‍ സകല ജന്തുക്കളും ഒരിടത്ത് ഓടിക്കൂടുന്നു. അന്നേരം പാമ്പുകള്‍ കടിക്കുകയില്ല. സിംഹങ്ങള്‍ ആക്രമിക്കുകയുമില്ല.

6. മൂലത്തില്‍ ഉപയോഗിച്ച سُجِّرَتْ എന്ന പദം تَسْجِير എന്ന പദത്തിന്റെ ഭൂതകാല കര്‍മണിപ്രയോഗ ശബ്ദമാകുന്നു. ‘അടുപ്പില്‍ തീ കത്തിക്കുക’ എന്ന അര്‍ഥത്തിലാണ് അറബിഭാഷയില്‍ ഈ പദം ഉപയോഗിക്കാറുള്ളത്. അന്ത്യനാളില്‍ സമുദ്രങ്ങളില്‍ തീയാളിപ്പടരുമെന്നത് പ്രത്യക്ഷത്തില്‍ വിചിത്രമായിത്തോന്നാം. പക്ഷേ, ജലത്തിന്റെ യാഥാര്‍ഥ്യം വീക്ഷിച്ചാല്‍ ഇതു വിചിത്രമായിത്തോന്നേണ്ട കാര്യമൊന്നുമില്ല. ഓക്‌സിജന്‍, ഹൈഡ്രജന്‍ എന്നീ രണ്ടു വാതകങ്ങള്‍ ചേര്‍ത്തു ജലം സൃഷ്ടിച്ചത് അല്ലാഹുവിന്റെ അദ്ഭുതശക്തിയത്രേ. അതിലൊന്ന് അഗ്നി ജ്വലിപ്പിക്കുന്നതും രണ്ടാമത്തേത് ജ്വലിച്ചുയരുന്നതുമാണല്ലോ. ഇവ രണ്ടിനെയും കൂട്ടിയിണക്കിയിട്ടാണവന്‍ തീ കെടുത്തുന്ന വെള്ളം സൃഷ്ടിച്ചത്. ദൈവിക ശക്തിയുടെ ഒരു സൂചന മതി, പ്രസ്തുത ഘടന മാറ്റപ്പെടാനും ഈ രണ്ടു വാതകങ്ങളും പരസ്പരം വേര്‍പെട്ട് അവയുടെ മൗലികഗുണങ്ങളായ ജ്വലനത്തിലും ജ്വലിപ്പിക്കലിലും ഏര്‍പ്പെടാനും.

7. ഇവിടം മുതല്‍ അന്ത്യനാളിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചു പറഞ്ഞുതുടങ്ങുകയാണ്.

8. മനുഷ്യന്‍ മരിക്കുന്നതിനു മുമ്പുണ്ടായിരുന്ന അതേ ശരീരത്തോടും ആത്മാവോടും കൂടി പുതുതായി ജീവിപ്പിക്കപ്പെടുമെന്നര്‍ഥം.

9. പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചുമൂടിയ മാതാപിതാക്കള്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ അത്യധികം വെറുക്കപ്പെട്ടവരാണ്. എന്തിനവരെ കൊന്നുകളഞ്ഞുവെന്ന് അവന്‍ ആ മാതാപിതാക്കളോട് ചോദിക്കുകയില്ല. മറിച്ച്, അവരുടെ മുന്നില്‍ വെച്ച് നിര്‍മലയായ ആ ശിശുവിനോടാണവന്‍ ചോദിക്കുക. അത് തന്റെ കഥ പറയും. മാതാപിതാക്കള്‍ തന്നോട് എന്തക്രമമാണ് പ്രവര്‍ത്തിച്ചതെന്നും എങ്ങനെയാണവര്‍ തന്നെ കുഴിച്ചുമൂടിയതെന്നും പരിതപിക്കും. ഇതുകൂടാതെ ഈ കൊച്ചു സൂക്തം വാക്കുകളില്‍ പറയാത്ത, സന്ദര്‍ഭത്തില്‍നിന്ന് വ്യക്തമാകുന്ന രണ്ട് സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഒന്ന്: അറബികളെ ജാഹിലിയ്യാ കാലത്ത് അവരുടെ ധര്‍മച്യുതി എത്രത്തോളം വളര്‍ന്നിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. അവര്‍ സ്വന്തം മക്കളെ ജീവനോടെ കുഴിച്ചുമൂടുന്നു. എന്നിട്ടും അവര്‍ അതേ ജാഹിലിയ്യത്തില്‍ ശഠിച്ചുനില്‍ക്കുകയും അവരുടെ വഴിതെറ്റിയ സമൂഹത്തില്‍ മുഹമ്മദ് നബി (സ) വരുത്താന്‍ ശ്രമിക്കുന്ന സംസ്‌കരണങ്ങളെ തിരസ്‌കരിക്കുകയും ചെയ്യുന്നു. രണ്ട്. ഈ സൂക്തം പരലോകത്തിന്റെ അനിവാര്യത സ്ഥാപിക്കുന്ന സ്പഷ്ടമായ ഒരു തെളിവ് ഉള്‍ക്കൊള്ളുന്നു. ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിക്ക് എപ്പോഴെങ്കിലും നീതി കിട്ടേണ്ടതുണ്ട്. ഈ അക്രമം ചെയ്തവര്‍ ഈ കൊടും പാതകത്തിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു സന്ദര്‍ഭം എപ്പോഴെങ്കിലും ഉണ്ടാവണം. കുഴിച്ചുമൂടപ്പെടുന്ന പെണ്‍കുട്ടിയുടെ ആവലാതികള്‍ കേള്‍ക്കുന്നവരാരും ഈ ലോകത്തുണ്ടായിരുന്നില്ല. ജാഹിലിയ്യാ കാലത്ത് ഈ ചെയ്തി തികച്ചും അനുവദനീയമായിരുന്നുവല്ലോ. മാതാപിതാക്കള്‍ക്ക് അതില്‍ ലജ്ജയുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളില്‍ ആരും അതിനെ ആക്ഷേപിച്ചിരുന്നുമില്ല. സമൂഹത്തില്‍ അത് വിമര്‍ശനാര്‍ഹമല്ലായിരുന്നു.

പെണ്‍കുട്ടികളെ കുഴിച്ചുമൂടുക എന്ന നിര്‍ദയമായ അനാചാരം പുരാതന അറബികളില്‍ പല കാരണങ്ങളാലാണ് പ്രചരിച്ചത്. ഒന്ന്: സാമൂഹികമായ സ്ഥിതി. അത് ആഹാരം ആവശ്യമുള്ളവരുടെ എണ്ണം കുറയ്ക്കാനും കുട്ടികളെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാനും അവരെ പ്രേരിപ്പിച്ചു. ഭാവിയില്‍ വിഭവസമ്പാദനത്തില്‍ ഏര്‍പ്പെട്ടുകൊള്ളുമെന്ന പ്രതീക്ഷയുള്ളതുകൊണ്ട് ആണ്‍കുട്ടികളെ അവര്‍ വളര്‍ത്തിയിരുന്നു. യൗവനം വരെ പോറ്റിവളര്‍ത്തി പിന്നെ കെട്ടിച്ചുവിടേണ്ടവര്‍ എന്ന നിലക്ക് പെണ്‍കുട്ടികളെ നശിപ്പിച്ചുകളഞ്ഞു. രണ്ട്: പൊതുവായ അരക്ഷിതത്വം. ഇതുകാരണം അവര്‍ ആണ്‍കുട്ടികളെ സംരക്ഷിച്ചുപോന്നു. ആണ്‍കുട്ടികള്‍ എത്ര കൂടുതലുണ്ടോ കുടുംബത്തിന് അത്രത്തോളം സഹായവും സുരക്ഷിതത്വവും വര്‍ധിക്കുന്നു. പക്ഷേ, പെണ്‍കുട്ടികളുടെ അവസ്ഥ ഇതായിരുന്നില്ല. ഗോത്രസംഘട്ടനങ്ങളിലും മറ്റും അവരുടെ സംരക്ഷണം വലിയ ഭാരമായിരുന്നു. അവരെക്കൊണ്ടാണെങ്കില്‍ യുദ്ധത്തിലോ വിഭവസമാഹരണത്തിലോ ഒരു പ്രയോജനവുമില്ലതാനും. അതുകൊണ്ടവര്‍ പെണ്‍കുട്ടികളെ നശിപ്പിച്ചുപോന്നു. മൂന്ന്: ശത്രുഗോത്രങ്ങള്‍ ആകസ്മികമായി പരസ്പരം കടന്നാക്രമിക്കുമ്പോള്‍ കൈയില്‍ കിട്ടുന്ന സ്ത്രീകളെ അവര്‍ അടിമകളാക്കി വയ്ക്കുകയോ വിറ്റുകളയുകയോ ചെയ്തിരുന്നു. ഈ അപമാന സാധ്യതയില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ കണ്ടെത്തിയ ഒരു മാര്‍ഗം പെണ്‍കുട്ടികളെ നേരത്തേ കൊന്നുകളയുകയായിരുന്നു. ഇക്കാരണങ്ങളാല്‍ അറബികളില്‍ ഇങ്ങനെയൊരു സമ്പ്രദായം നിലവില്‍വന്നു: ചിലപ്പോള്‍ സ്ത്രീക്ക് പേറ്റുനോവു തുടങ്ങിയാല്‍ അവളുടെ മുമ്പില്‍ ഒരു കുഴി തോണ്ടി വയ്ക്കുക. പ്രസവിച്ചത് പെണ്ണാണെങ്കില്‍ ഉടനെ ആ കുഴിയിലെറിഞ്ഞ് മണ്ണിട്ടു മൂടുക. ചിലപ്പോള്‍ മാതാവോ കുടുംബാംഗങ്ങളില്‍ മറ്റാരെങ്കിലുമോ അതിനു സമ്മതിച്ചില്ലെങ്കില്‍ പിതാവ് മനസില്ലാമനസ്സോടെ കുറച്ചുനാള്‍ അതിനെ പോറ്റുകയും പിന്നീട് മരുഭൂമിയില്‍ കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ അവര്‍ കാണിച്ചിരുന്ന ക്രൗര്യത്തിന്റെ കഥ ഒരാള്‍ ഒരിക്കല്‍ നബി(സ)ക്ക് നേരിട്ട് വിവരിച്ചുകൊടുക്കുകയുണ്ടായി. സുനനു ദാരിമിയുടെ പ്രഥമ അധ്യായത്തില്‍ത്തന്നെ ആ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ‘എനിക്ക് എന്നോട് വളരെ ഇണക്കമുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഞാന്‍ വിളിച്ചാല്‍ അവള്‍ എന്റെ അടുത്തേക്ക് തുള്ളിച്ചാടി വരുമായിരുന്നു. ഒരിക്കല്‍ ഞാനവളെ വിളിച്ചു കൂടെ കൂട്ടി നടന്നു. വഴിക്ക് ഒരു കിണറുകണ്ടു. ഞാനവളുടെ കൈപിടിച്ച് ആ കിണറ്റിലേക്ക് തള്ളിയിട്ടു. അവളില്‍നിന്നു ഞാന്‍ കേട്ട അവസാനത്തെ ശബ്ദം ഉപ്പാ, ഉപ്പാ… എന്നായിരുന്നു.’ ഇതു കേട്ട് തിരുമേനി കരഞ്ഞുപോയി. അദ്ദേഹത്തിന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകി. സദസ്സിലൊരാള്‍ പറഞ്ഞു: ‘ഹേ മനുഷ്യാ, നിങ്ങള്‍ തിരുമേനിയെ വേദനിപ്പിച്ചു കളഞ്ഞല്ലോ.’ തിരുമേനി പറഞ്ഞു: ‘അയാളെ തടയേണ്ട. ഈ സംഗതിയെക്കുറിച്ച് അയാളോട് ചോദിക്കട്ടെ.’ തുടര്‍ന്ന് സംഭവം വീണ്ടും പറയാന്‍ തിരുമേനി അയാളോടാവശ്യപ്പെട്ടു. അയാള്‍ വീണ്ടും പറഞ്ഞു. അതു കേട്ട് തിരുമേനി ഏറെ കരഞ്ഞു. കണ്ണുനീരുകൊണ്ട് അദ്ദേഹത്തിന്റെ താടി നനഞ്ഞു. അനന്തരം തിരുമേനി അരുള്‍ ചെയ്തു: ‘ജാഹിലിയ്യാ കാലത്ത് ചെയ്തുപോയതെല്ലാം അല്ലാഹു പൊറുത്തുതന്നിരിക്കുന്നു. ഇനി ജീവിതം പുതുതായി തുടങ്ങിക്കൊള്ളുക.”

മനുഷ്യത്വരഹിതമായ ഈ ചെയ്തിയുടെ നികൃഷ്ടതയെക്കുറിച്ച് അറബികളിലാര്‍ക്കും ഒരു ബോധ്യവുമുണ്ടായിരുന്നില്ല എന്ന് കരുതുന്നത് ശരിയല്ല. എത്രതന്നെ ദുഷിച്ചുകഴിഞ്ഞ സമൂഹമായാലും ഇത്തരം ക്രൂരകൃത്യങ്ങളെക്കുറിച്ച് അത് തികച്ചും ബോധശൂന്യമാവുകയില്ല. അതുകൊണ്ടുതന്നെയാണ് ഈ ചെയ്തിയുടെ ഹീനത വിശുദ്ധ ഖുര്‍ആന്‍ ഏറെ വിസ്തരിക്കാതിരുന്നത്. ‘ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി എന്ത് കുറ്റത്തിനാണവള്‍ വധിക്കപ്പെട്ടതെന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭം വരുന്നുണ്ട്’ എന്നുമാത്രം പറഞ്ഞു മതിയാക്കിയിരിക്കുന്നു. ജാഹിലിയ്യാകാലത്തും ഈ കൃത്യത്തിന്റെ നികൃഷ്ടതയെക്കുറിച്ച് ബോധമുള്ള ധാരാളമാളുകളുണ്ടായിരുന്നുവെന്ന് അറേബ്യന്‍ ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. ത്വബ്‌റാനി ഉദ്ധരിക്കുന്നു: പ്രസിദ്ധ കവി ഫറസ്ദഖിന്റെ പിതാമഹന്‍ സ്വഅ്‌സ്വഅതുബ്‌നു നാജിയതല്‍ മുജാശിഅ് നബി(സ)യോടു ബോധിപ്പിച്ചു: ”ഞാന്‍ ജാഹിലിയ്യാ കാലത്ത് കുറെ സല്‍ക്കര്‍മങ്ങളും ചെയ്തിട്ടുണ്ട്. മുന്നൂറ്ററുപത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതില്‍നിന്ന് രക്ഷിച്ചു എന്നതാണതിലൊന്ന്. ഓരോ കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ രണ്ട് ഒട്ടകങ്ങളെ വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എനിക്കതിന് പ്രതിഫലം ലഭിക്കുമോ?” തിരുമേനി പറഞ്ഞു: ”നിങ്ങള്‍ക്കതിന് പ്രതിഫലമുണ്ട്. നിങ്ങള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ സൗഭാഗ്യമരുളി എന്നതാണത്.”

അറബികളില്‍ ഈ കിരാതചെയ്തി അവസാനിപ്പിക്കുക മാത്രമല്ല, പെണ്‍കുട്ടികള്‍ ജനിക്കുക എന്നത് മനമില്ലാമനസ്സോടെ സഹിക്കേണ്ട ഒരത്യാഹിതവും ആപത്തുമാണെന്ന സങ്കല്‍പംതന്നെ തുടച്ചുമാറ്റുകയും ചെയ്തത് ഇസ്‌ലാമിന്റെ മഹത്തായ അനുഗ്രഹങ്ങളിലൊന്നാകുന്നു. ഈ സങ്കല്‍പത്തിനെതിരെ ഇസ്‌ലാം പഠിപ്പിച്ചതിങ്ങനെയാണ്: പെണ്‍കുട്ടികളെ വളര്‍ത്തുകയും അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയും നല്ല കുടുംബിനിയാകാന്‍ യോഗ്യയാക്കുകയും ചെയ്യുന്നത് വളരെ ശ്രേഷ്ഠമായ പുണ്യകര്‍മമാകുന്നു. ഇവ്വിഷയകമായി, പെണ്‍കുട്ടികളെ സംബന്ധിച്ചുണ്ടായിരുന്ന പൊതുസങ്കല്‍പത്തെ നബി(സ) മാറ്റിയെടുത്തതെങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനുതകുന്ന നിരവധി തിരുവചനങ്ങള്‍ ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക:

”ഒരുവന്‍ ഈ പെണ്‍മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തീയില്‍നിന്നുള്ള മറയായിത്തീരുന്നു” (ബുഖാരി, മുസ്‌ലിം).

”ഒരുവന്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ രണ്ടു പെണ്‍കുട്ടികളെ പോറ്റിയാല്‍ അന്ത്യനാളില്‍ അവനും ഞാനും ഇങ്ങനെയാണ് വരിക” എന്നു പറഞ്ഞ് നബി (സ) തന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ചു (മുസ്‌ലിം).

”ഒരുവന്‍ മൂന്നു പെണ്‍കുട്ടികളെ അല്ലെങ്കില്‍ അവരെപ്പോലുള്ള സഹോദരികളെ പോറ്റിവളര്‍ത്തുകയും അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുകയും അവര്‍ പ്രാപ്തരാകുന്നതുവരെ കാരുണ്യം പകര്‍ന്നുകൊടുക്കുകയും ചെയ്താല്‍ അല്ലാഹു അവന് സ്വര്‍ഗം നിര്‍ബന്ധമാക്കുന്നു.” ഒരാള്‍ ചോദിച്ചു: ”രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയാലോ തിരുദൂതരേ?” തിരുമേനി പറഞ്ഞു: ”രണ്ടു പെണ്‍കുട്ടിളെ വളര്‍ത്തിയാലും.” ഹദീസിന്റെ നിവേദകന്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ”അവര്‍ ഒരു പെണ്‍കുട്ടിയെയോ എന്നു ചോദിച്ചിരുന്നുവെങ്കില്‍ നബി(സ) ഒരു പെണ്‍കുട്ടിയെ എന്നും പറയുമായിരുന്നു”(ശര്‍ഹുസ്സുന്ന).

ഈ അധ്യാപനങ്ങള്‍ പെണ്‍മക്കളെക്കുറിച്ചുള്ള അറബികളുടെ വീക്ഷണത്തെ മാത്രമല്ല മാറ്റിമറിച്ചത്; ലോകത്തെങ്ങും ഇസ്‌ലാമിന്റെ അനുഗ്രഹം ഒഴുകിയെത്തിയ എല്ലാ സമൂഹങ്ങളുടെയും വീക്ഷണത്തെ അത് പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്.

10. ഇപ്പോള്‍ ദൃഷ്ടികള്‍ക്കഗോചരമായിരിക്കുന്നതെല്ലാം അന്ന് ദൃശ്യമാകുമെന്നര്‍ഥം. ഇന്ന് ശൂന്യം അല്ലെങ്കില്‍ മേഘങ്ങളും പൊടിപടലങ്ങളും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും മാത്രമേ കാണുന്നുള്ളൂ. പക്ഷേ, അന്ന് ദൈവത്തിന്റെ ദൈവികത അതിന്റെ യാഥാര്‍ഥ്യത്തോടു കൂടി എല്ലാവര്‍ക്കും മുമ്പില്‍ അനാച്ഛാദനം ചെയ്യപ്പെടും.

11. വിചാരണാസഭയില്‍ മര്‍ത്ത്യരുടെ കേസുകള്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ നരകാഗ്നി ആളിക്കത്തുന്നതായി എല്ലാവര്‍ക്കും കാണാനാകും. സ്വര്‍ഗവും അതിന്റെ എല്ലാ അനുഗ്രഹങ്ങളോടുമൊപ്പം എല്ലാവര്‍ക്കും ദൃശ്യമാകുന്നു. തങ്ങള്‍ വിലക്കപ്പെട്ടത് എന്തില്‍നിന്നാണെന്ന് ദുഷ്ടജനവും, തങ്ങള്‍ ഏതു സംഗതിയില്‍നിന്ന് രക്ഷപ്പെട്ട് എവ്വിധം അനുഗൃഹീതരായിരിക്കുന്നുവെന്ന് സജ്ജനവും മനസ്സിലാക്കാന്‍ വേണ്ടിയാണിത്.

…മ്പോള്‍ = إِذَا
സൂര്യന്‍ = الشَّمْسُ
ചുറ്റിപ്പൊതിയപ്പെട്ടു = كُوِّرَتْ
****************************
….മ്പോള്‍ = وَإِذَا
നക്ഷത്രങ്ങള്‍ = النُّجُومُ
ഉതിര്‍ന്നുവീണു = انكَدَرَتْ
****************************
….മ്പോള്‍ = وَإِذَا
മലകള്‍ = الْجِبَالُ
ചലിപ്പിക്കപ്പെട്ടു = سُيِّرَتْ
****************************
….മ്പോള്‍ = وَإِذَا
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ = الْعِشَارُ
ഉപേക്ഷിക്കപ്പെട്ടു = عُطِّلَتْ
****************************
….മ്പോള്‍ = وَإِذَا
വന്യമൃഗങ്ങള്‍ = الْوُحُوشُ
ഒരുമിച്ചു കൂട്ടപ്പെട്ടു = حُشِرَتْ
****************************
….മ്പോള്‍ = وَإِذَا
കടലുകള്‍ = الْبِحَارُ
കത്തിക്കപ്പെട്ടു = سُجِّرَتْ
****************************
….മ്പോള്‍ = وَإِذَا
ആത്മാവുകള്‍ = النُّفُوسُ
കൂട്ടിയിണക്കപ്പെട്ടു = زُوِّجَتْ
****************************
….മ്പോള്‍ = وَإِذَا
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി = الْمَوْءُودَةُ
അവള്‍ ചോദിക്കപ്പെട്ടു = سُئِلَتْ
****************************
ഏതൊരു പാപത്തിന്റെ പേരിലാണ് = بِأَيِّ ذَنبٍ
അവള്‍ വധിക്കപ്പെട്ടത് = قُتِلَتْ
****************************
….മ്പോള്‍ = وَإِذَا
ഏടുകള്‍ = الصُّحُفُ
അവ നിവര്‍ത്തപ്പെട്ടു = نُشِرَتْ
****************************
….മ്പോള്‍ = وَإِذَا
ആകാശം = السَّمَاءُ
അത് മറനീക്കപ്പെട്ടു = كُشِطَتْ
****************************
….മ്പോള്‍ = وَإِذَا
നരകം = الْجَحِيمُ
അത് ആളിക്കത്തിക്കപ്പെട്ടു = سُعِّرَتْ
****************************
….മ്പോള്‍ = وَإِذَا
സ്വര്‍ഗം = الْجَنَّةُ
അത് അടുപ്പിക്കപ്പെട്ടു = أُزْلِفَتْ
****************************
അറിയും = عَلِمَتْ
ഓരോരുത്തനും = نَفْسٌ
അവന്‍ ഹാജറാക്കിയിട്ടുള്ളതിനെ = مَّا أَحْضَرَتْ

Add comment

Your email address will not be published. Required fields are marked *