അല്‍ ഇന്‍ഫിത്വാര്‍ – സൂക്തങ്ങള്‍: 1-19

നാമം

പ്രഥമ സൂക്തത്തിലെ إنْفَطَرَتْ എന്ന പദത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ പേര്. പിളരുക എന്ന അര്‍ഥത്തിലുള്ള പദമൂലമാണ് إنْفِطَار. ആകാശം പൊട്ടിപ്പിളരുന്നതിനെക്കുറിച്ചു പറയുന്ന സൂറ എന്നാണ് ഈ നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

ഈ സൂറയുടെയും സൂറ അത്തക്‌വീറിന്റെയും ഉള്ളടക്കങ്ങള്‍ തമ്മില്‍ വളരെ സാദൃശ്യമുണ്ട്. ഇവ രണ്ടും ഏതാണ്ട് ഒരേ കാലത്തുതന്നെ അവതരിച്ചതാണെന്ന് അതില്‍നിന്നു മനസ്സിലാക്കാം.

ഉള്ളടക്കം

പരലോകമാണിതിലെ പ്രമേയം. റസൂല്‍ (സ) പ്രസ്താവിച്ചതായി അഹ്മദ്, തിര്‍മിദി ,ഇബ്‌നുല്‍ മുന്‍ദിര്‍, ത്വബ്‌റാനി, ഹാകിം, ഇബ്‌നു മര്‍ദവൈഹി എന്നിവര്‍ അബ്ദുല്ലാഹിബ്‌നു ഉമറിN1344ല്‍നിന്ന് ഉദ്ധരിക്കുന്നു: مَنْ سَرَّهُ أنْ يَنْظُرَ إلَى يَوْم الْقِيَامَةِ كَأنَّهُ رَأْيُ الْعَيْن فَلْيَقْرَأْ إذَا الشَّمْسُ كُوِّرتْ، وَإذَا السَّمَاءُ انفَطَرَتْ، وإذَا السَّمَاء انشَقَّتْ (അന്ത്യനാളിനെ നേരില്‍ കാണുംവണ്ണം കാണാന്‍ സന്തോഷമുള്ളവര്‍ സൂറ അത്തക്‌വീറും സൂറ അല്‍ഇന്‍ഫിത്വാറും സൂറ അല്‍ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ). ഇതില്‍ അന്ത്യനാളിനെ വര്‍ണിച്ചുകൊണ്ട് ആദ്യമായി തെര്യപ്പെടുത്തുന്നു: ആ ദിവസം സമാഗതമാകുമ്പോള്‍ ഓരോ മനുഷ്യന്റെയും മുന്നില്‍ അയാള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം പ്രത്യക്ഷമാകും. അനന്തരം മനുഷ്യന്റെ ചിന്തയെ ഉണര്‍ത്തുകയാണ്: നിങ്ങള്‍ക്ക് അസ്തിത്വമേകിയതാരാണോ, ആരുടെ ഔദാര്യത്തിലാണോ നിങ്ങള്‍ സൃഷ്ടികളില്‍വെച്ചേറ്റവും വിശിഷ്ടമായ ശരീരവും അവയവങ്ങളുമുള്ളവരായി വിലസുന്നത്, അവന്‍ അനുഗ്രഹദാതാവ് മാത്രമാണ്, നീതിപാലകനല്ല എന്ന വ്യാമോഹം എങ്ങനെയാണ് നിങ്ങളില്‍ കടന്നുകൂടിയത്? അവന്റെ ഉദാരതക്കര്‍ഥം, അവന്റെ നീതിപാലനത്തെക്കുറിച്ച് നിനക്ക് നിര്‍ഭയനാവാം എന്നല്ലതന്നെ. അനന്തരം മുന്നറിയിപ്പു നല്‍കുന്നു: ഒരു തെറ്റുധാരണയും വേണ്ട. നിന്റെ കര്‍മരേഖ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്. അതിസമര്‍ഥനായ ഒരു ഉടമസ്ഥന്‍ സദാ നിന്റെ എല്ലാ അനക്കങ്ങളും അടക്കങ്ങളും രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ ശക്തിയായി ഊന്നിപ്പറയുന്നു: വിചാരണനാള്‍ നിലവില്‍വരുകതന്നെ ചെയ്യും. അന്ന് സജ്ജനം സ്വര്‍ഗീയ ജീവിതത്തിനും ദുര്‍ജനം നരകശിക്ഷക്കും വിധിക്കപ്പെടുകയും ചെയ്യും. അന്ന് ആരും ആര്‍ക്കും അല്‍പവും ഉപകാരപ്പെടുകയില്ല. തീരുമാനാധികാരം സമ്പൂര്‍ണമായും അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലായിരിക്കും.

إِذَا ٱلسَّمَآءُ ٱنفَطَرَتْ﴿١﴾ وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ﴿٢﴾ وَإِذَا ٱلْبِحَارُ فُجِّرَتْ﴿٣﴾ وَإِذَا ٱلْقُبُورُ بُعْثِرَتْ﴿٤﴾ عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ﴿٥﴾ يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ﴿٦﴾ ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ﴿٧﴾ فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ﴿٨﴾ كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ﴿٩﴾ وَإِنَّ عَلَيْكُمْ لَحَٰفِظِينَ﴿١٠﴾ كِرَامًۭا كَٰتِبِينَ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ﴿١٢﴾ إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ﴿١٣﴾ وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ﴿١٤﴾ يَصْلَوْنَهَا يَوْمَ ٱلدِّينِ﴿١٥﴾ وَمَا هُمْ عَنْهَا بِغَآئِبِينَ﴿١٦﴾ وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٧﴾ ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٨﴾ يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ﴿١٩﴾


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
(1-5) ആകാശം പൊട്ടിപ്പിളരുമ്പോള്‍, താരകങ്ങള്‍ ചിതറിവീഴുമ്പോള്‍, സമുദ്രങ്ങള്‍ പിളര്‍ക്കപ്പെടുമ്പോള്‍,1 ഖബറുകള്‍ തുറക്കപ്പെടുമ്പോള്‍,2 അന്നേരം ഓരോ വ്യക്തിയും താന്‍ ആദ്യന്തം പ്രവര്‍ത്തിച്ചിട്ടുള്ളതൊക്കെയും അറിയുന്നതാകുന്നു.3
(6-12) അല്ലയോ മനുഷ്യാ, ഉദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയതെന്ത്? അവനോ, നിന്നെ സൃഷ്ടിച്ചു, ഏറ്റപ്പറ്റുകള്‍ തീര്‍ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി. അവനുദ്ദേശിച്ച അതേ രൂപത്തില്‍ത്തന്നെ ഘടിപ്പിച്ചു.4 ഒരിക്കലുമില്ല.5 പക്ഷേ, നിങ്ങള്‍ രക്ഷാശിക്ഷകളെ തള്ളിപ്പറയുന്നു (എന്നതത്രെ സംഗതി).6 വാസ്തവമാകട്ടെ, നിങ്ങള്‍ക്കു മേല്‍നോട്ടക്കാരെ നിശ്ചയിച്ചിട്ടുണ്ട്; നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്ന ആദരണീയരായ എഴുത്തുകാരെ 7 .
(13-19) നിശ്ചയം, സജ്ജനം നിത്യാനന്ദത്തിലാകുന്നു. ദുര്‍ജനമോ, നിസ്സംശയം നരകത്തിലും. വിധിദിനത്തില്‍ അവര്‍ അതില്‍ പ്രവേശിക്കുന്നതാകുന്നു. ഒരിക്കലും അവരതില്‍നിന്ന് അപ്രത്യക്ഷരാവുകയില്ല. വിധിദിനമെന്തെന്ന് നിനക്കെന്തറിയാം? അതെ, വിധിദിനമെന്തെന്ന് നിനക്ക് വല്ലതുമറിയുമോ? ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത നാളത്രെ അത്.8 അന്ന് തീരുമാനാധികാരം സമ്പൂര്‍ണമായും അല്ലാഹുവിങ്കലാകുന്നു.

1. സൂറ അത്തക്‌വീറില്‍ സമുദ്രങ്ങള്‍ക്ക് തീപ്പിടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സമുദ്രങ്ങള്‍ പിളര്‍ക്കപ്പെടുമെന്നാണിവിടെ പറയുന്നത്. ഖുര്‍ആന്റെ വിവരണമനുസരിച്ച് അന്ത്യനാളില്‍ അതിഭീകരമായ ഒരു പ്രകമ്പനമുണ്ടാകും. അത് ഏതെങ്കിലും പ്രദേശത്തെ മാത്രം ബാധിക്കുന്നതായിരിക്കുകയില്ല; ഒരേസമയം ഭൂഗോളത്തെ മുഴുവന്‍ തകിടം മറിക്കുന്നതായിരിക്കും. ഈ വസ്തുത മുന്നില്‍ വെച്ച് ഈ സൂക്തങ്ങളെ സമുച്ചയിച്ചാല്‍, സമുദ്രം പിളരുകയും അതില്‍ അഗ്നിയാളുകയും ചെയ്യുന്ന അവസ്ഥയെ ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്. അതിഗംഭീരമായ ആ പ്രകമ്പനം മൂലം സമുദ്രങ്ങള്‍ കീഴ്‌മേല്‍ മറിയുകയും അവയിലെ ജലം, കൊടുംതാപത്താല്‍ തിളച്ചുമറിയുന്ന ലാവകളുള്ള ഭൂഗര്‍ഭഭാഗങ്ങളിലേക്കൊഴുകിയിറങ്ങുകയും ചെയ്യുന്നു. അങ്ങനെ സമുദ്രജലം ഈ ലാവകളിലെത്തി ജലത്തിന്റെ പ്രാഥമിക ഘടകങ്ങള്‍ വേര്‍തിരിയുന്നു. ജ്വാലാഗുണമുള്ള ഹൈഡ്രജനും ജ്വലനഗുണമുള്ള ഓക്‌സിജനുമാണല്ലോ അവ. ഈ വികര്‍ഷണവും ആഗ്നേയതയും എല്ലാ സമുദ്രങ്ങളെയും തീപ്പിടിപ്പിക്കുന്ന ഒരു പ്രതികരണ ശൃംഖല (Chain reaction) സൃഷ്ടിക്കുന്നു. ഇതു നമ്മുടെ ഒരു നിഗമനം മാത്രമാണ്. ശരിയായ ജ്ഞാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല.

2. ആദ്യത്തെ മൂന്നു സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത് അന്ത്യനാളിന്റെ പ്രഥമ ദശയാണ്. ഈ സൂക്തത്തില്‍ രണ്ടാമത്തെ ദശയെ പരാമര്‍ശിച്ചിരിക്കുന്നു. ഖബറുകള്‍ തുറക്കുക എന്നതുകൊണ്ട് വിവക്ഷ മനുഷ്യരെ സമൂലം പുനരുജ്ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയാണ്.

3. مَا قَدَّمَتْ و أخَّرَتْ എന്നാണ് മൂലവാക്യം, ഇതിനു പല അര്‍ഥങ്ങളാകാവുന്നതാണ്. ഇവിടെ എല്ലാം ഉദ്ദേശ്യമാകുന്നു. (i) മനുഷ്യന്‍ നേരത്തേ ചെയ്തുകൊണ്ടു വന്നിട്ടുള്ള നല്ലതോ ചീത്തയോ ആയ കര്‍മങ്ങളാണ് مَاقَدَّمَتْ. ഏതു കര്‍മങ്ങളില്‍നിന്ന് അവന്‍ അകന്നുനിന്നുവോ അത് ماَأخَّرَتْ. ഈ അര്‍ഥകല്‍പനയില്‍ ഈ വാക്യം ഏതാണ്ട് ഇംഗ്ലീഷ് ഭാഷയിലെ Omission and Commission എന്ന പ്രയോഗത്തിനു സമാനമാകുന്നു. (ii) ആദ്യം ചെയ്തിട്ടുള്ളത് مَا قَدَّمَتْ. പിന്നീട് ചെയ്തിട്ടുള്ളത് ماَأخَّرَتْ ഉം. അതായത്, മനുഷ്യന്‍ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും വഴിക്കുവഴിയായും തീയതിക്രമമനുസരിച്ചും അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. (iii) ഒരുവന്‍ തന്റെ ജീവിതകാലത്തു ചെയ്ത നല്ലതും ചീത്തയുമായ എല്ലാ കര്‍മങ്ങളും مَا قَدَّمَتْ ആകുന്നു. അയാള്‍ തന്റെ പിറകില്‍, ആ കര്‍മങ്ങളുടെ അനന്തരഫലങ്ങളായി മനുഷ്യസമൂഹത്തില്‍ അവശേഷിപ്പിച്ച പ്രതികരണങ്ങളും സ്വാധീനങ്ങളുമാണ് ماَأخَّرَتْ.

4. അതായത്, ആ ഉദാരനായ രക്ഷിതാവിന്റെ ഔദാര്യവും അനുഗ്രഹങ്ങളും താല്‍പര്യപ്പെട്ടത് നീ നന്ദിയുള്ളവനും നന്മകളെ വിലമതിക്കുന്നവനുമായി അവന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളണമെന്നും അവനെ ധിക്കരിക്കുന്നതില്‍ ലജ്ജിക്കണമെന്നുമാണ്. പക്ഷേ, നീ വഞ്ചിതനായിപ്പോയി. നീ എന്തായിരിക്കുന്നുവോ അത് സ്വയം ആയിത്തീര്‍ന്നതാണെന്നു തെറ്റിദ്ധരിച്ചു. നിനക്ക് അസ്തിത്വമേകിയതാരാണോ അവന്റെ ഔദാര്യത്തെയും അനുഗ്രഹത്തെയും അംഗീകരിക്കേണ്ടതുണ്ടെന്ന് നീ ഒരിക്കലും ഓര്‍ത്തില്ല. രണ്ടാമതായി, ഈ ലോകത്ത് നീ വിചാരിക്കുന്നതൊക്കെ ചെയ്തുകളയുന്നതും നിനക്ക് ആപത്തുകളേല്‍ക്കാതിരിക്കുന്നതും നീ കുഴഞ്ഞുവീഴാതിരിക്കുന്നതും നിന്റെ കണ്ണുകള്‍ പൊട്ടിപ്പോകാതിരിക്കുന്നതും നിന്റെ തലയില്‍ ഇടിത്തീ വീഴാതിരിക്കുന്നതും എല്ലാം നിന്റെ റബ്ബിന്റെ ഔദാര്യം ഒന്നുകൊണ്ടുമാത്രമാണ്. പക്ഷേ, നീ ആ ഔദാര്യത്തെ ദൗര്‍ബല്യമായി ഗണിച്ചുകളഞ്ഞു. നിന്റെ ദൈവത്തിന്റെ സാമ്രാജ്യത്തില്‍ ‘നീതി’ എന്നൊരു സംഗതിയേ ഇല്ലെന്ന് നീ വ്യാമോഹിച്ചുപോയി.

5. അതായത്, ഇത്തരം വ്യാമോഹങ്ങളിലകപ്പെടുന്നതിന് യുക്തിസഹമായ കാരണമൊന്നുമില്ല. നിന്റെ അസ്തിത്വംതന്നെ നീ സ്വയം ഉണ്ടായതല്ല എന്നു വിളിച്ചോതുന്നുണ്ട്. നിന്റെ മാതാപിതാക്കളുമല്ല നിന്നെ സൃഷ്ടിച്ചത്. മൂലകങ്ങള്‍ പരസ്പരം ചേര്‍ന്നു യാദൃച്ഛികമായി മനുഷ്യനായിത്തീര്‍ന്നതുമല്ല നീ. തികഞ്ഞ മനുഷ്യരൂപത്തില്‍ നിന്നെ പടച്ചുവിട്ടത് യുക്തിമാനും ശക്തിമാനുമായ ഒരു ദൈവമാകുന്നു. നിന്റെ മുമ്പില്‍ പലതരം ജന്തുക്കളുമുണ്ടല്ലോ. അവയെ അപേക്ഷിച്ച് നിന്റെ ആകാരത്തിന്റെ സൗന്ദര്യവും വൈശിഷ്ട്യവും മഹത്ത്വവും യോഗ്യതകളുമെല്ലാം എന്തുമാത്രം പ്രകടമാണ്! ഈ ദൃഷ്ടാന്തങ്ങള്‍ നിരീക്ഷിച്ച്, നിന്നോട് ഔദാര്യം കാട്ടിയ നാഥന്റെ മുമ്പില്‍ വിനയപൂര്‍വം തലകുനിക്കുകയും അവനെ ധിക്കരിക്കാന്‍ ഒരിക്കലും ധൃഷ്ടനാകാതിരിക്കുകയുമായിരുന്നു ബുദ്ധിയുടെ തേട്ടം. നിന്റെ നാഥന്‍ ദയാമയനും ഉദാരനും മാത്രമല്ല. എല്ലാം അടക്കിവാഴുന്നവനും രൂക്ഷമായ നടപടികളെടുക്കുന്നവനുമാണെന്നുകൂടി നിനക്കറിയാമല്ലോ. അവന്റെ ഭാഗത്തുനിന്ന് ഒരു പ്രകമ്പനമോ പ്രളയമോ കൊടുങ്കാറ്റോ ഉണ്ടായാല്‍ അതിനു മുമ്പില്‍ നിന്റെ ആസൂത്രണങ്ങളത്രയും നിഷ്ഫലമാകുന്നു. നിന്റെ നാഥന്‍ അജ്ഞനോ മൂഢനോ അല്ലെന്നും പ്രത്യുത, സര്‍വജ്ഞനും യുക്തിയുടെ അധിപനുമാണെന്നും നീ അറിയാതെയല്ല. താന്‍ ബുദ്ധി നല്‍കിയിട്ടുളളവനെ അവന്റെ കര്‍മങ്ങളുടെ ഉത്തരവാദിയാക്കുക എന്നത് അല്ലാഹുവിന്റെ യുക്തിയുടെയും ജ്ഞാനത്തിന്റെയും സ്വാഭാവിക താല്‍പര്യമാണ്. അധികാരസ്വാതന്ത്ര്യങ്ങള്‍ ലഭിച്ചവര്‍ ആ അധികാരസ്വാതന്ത്ര്യങ്ങള്‍ എങ്ങനെ വിനിയോഗിച്ചുവെന്നും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. സ്വന്തം ഉത്തരവാദിത്വത്തില്‍ നന്മ-തിന്മകള്‍ ചെയ്യാന്‍ കഴിവു നല്‍കപ്പെട്ടവര്‍ ചെയ്ത നന്മകള്‍ക്ക് പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും നല്‍കപ്പെടേണ്ടതുണ്ട്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിന്റെ മുന്നില്‍ പകല്‍വെളിച്ചം പോലെ തെളിഞ്ഞതാണല്ലോ. അതിനാല്‍, നിന്റെ നാഥന്റെ കാര്യത്തില്‍ വ്യാമോഹത്തിലകപ്പെട്ടതിന് എന്തെങ്കിലും ന്യായമുണ്ടെന്ന് നിനക്കവകാശപ്പെടാനാവില്ല. നീ ആരുടെയെങ്കിലും മേലുദ്യോഗസ്ഥനായിരിക്കുമ്പോള്‍ കീഴുദ്യോഗസ്ഥന്‍ നിന്റെ മാന്യതയെയും ഉദാരതയെയും ദൗര്‍ബല്യമായി ഗണിച്ച് നിന്റെ തലയില്‍ കയറാന്‍ വന്നാല്‍ നീ അവനൊരു നീചനാണെന്നു മനസ്സിലാക്കുന്നു. അതുകൊണ്ട് ഉടമയുടെ ഉദാരതയും ദയാശീലവും അടിമ ഉടമക്കെതിരില്‍ ധൃഷ്ടനാവാനും, അവന്ന് ബോധിച്ചതെന്തും ചെയ്തുകളയാമെന്നും അതുകൊണ്ടൊന്നും ഒരു ചുക്കും വരാനില്ലെന്നും തെറ്റിദ്ധരിക്കാനുള്ള ന്യായമാകുന്നില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ നിന്റെ പ്രകൃതിതന്നെ ധാരാളമാകുന്നു.

6. അതായത്, വാസ്തവത്തില്‍ നിങ്ങളെ വ്യാമോഹത്തിലകപ്പെടുത്തിയത് ബുദ്ധിപരമായ ഒരു തെളിവുമല്ല. കര്‍മഗേഹമാകുന്ന ഈ ലോകത്തിനു പിറകില്‍ ഒരു കര്‍മഫലഗേഹമില്ലെന്ന മൂഢവിചാരമത്രേ നിങ്ങളെ വഴിതെറ്റിച്ചത്. അബദ്ധജടിലവും അടിസ്ഥാനരഹിതവുമായ ഈ നിഗമനം നിങ്ങളെ ദൈവബോധമില്ലാത്തവരാക്കി, അവന്റെ നീതിപാലനത്തെക്കുറിച്ച് നിര്‍ഭയരാക്കി, സ്വന്തം അധര്‍മനടപടികളില്‍ ഉത്തരവാദിത്വമില്ലാത്തവരാക്കി.

7. അതായത്, നിങ്ങള്‍ക്ക് വേണമെങ്കില്‍ കര്‍മഫലഗേഹത്തെ നിഷേധിക്കാം, തളളിപ്പറയാം, പരിഹസിക്കാം. അതൊന്നും പക്ഷേ, ആ യാഥാര്‍ഥ്യത്തെ അല്‍പവും മാറ്റുന്നില്ല. നിങ്ങളുടെ നാഥന്‍ നിങ്ങളെ ഈ ലോകത്ത് കടിഞ്ഞാണില്ലാത്ത കുതിരകളായി വിട്ടയച്ചിട്ടില്ല എന്നതാണ് സത്യം. അവന്‍ ഓരോ മനുഷ്യന്റെയും കൂടെ വളരെ സത്യസന്ധനായ മേല്‍നോട്ടക്കാരനെ നിശ്ചയിച്ചിരിക്കുന്നു. നിരീക്ഷകന്‍ നിങ്ങളുടെ നല്ലതും ചീത്തയുമായ എല്ലാ ചെയ്തികളും യഥാവിധം നിഷ്പക്ഷമായി രേഖപ്പെടുത്തുന്നുണ്ട്. അവനില്‍നിന്ന് നിങ്ങളുടെ ഒരു ചലനവും ഗുപ്തമാകുന്നില്ല. നിങ്ങള്‍ കൂരിരുളിന്റെ കരിമ്പടത്തിനകത്തുവെച്ചു ചെയ്യുന്നതും ഒഴിഞ്ഞ സ്ഥലത്തുവെച്ചു ഏകാന്തനായി ചെയ്യുന്നതും നിര്‍ജനമായ ഘോരവനത്തിനുളളില്‍ വെച്ചു ചെയ്യുന്നതും, സകല സൃഷ്ടികളുടെ ദൃഷ്ടികളില്‍നിന്ന് മറഞ്ഞിരിക്കുന്നു എന്ന് പൂര്‍ണവിശ്വാസമുള്ള സ്ഥലങ്ങളില്‍വെച്ച് ചെയ്യുന്നതും എല്ലാം നിങ്ങളുടെ നിരീക്ഷകന്‍ നിഷ്പ്രയാസം കാണുന്നുണ്ട്. ഈ നിരീക്ഷകമലക്കിനെ അല്ലാഹു كِرَاما كَاتِبِين എന്നാണ് വിളിച്ചിരിക്കുന്നത്. മാന്യനും ആദരണീയനുമായ എഴുത്തുകാരന്‍ എന്നര്‍ഥം. അതിന് ആരോടും വ്യക്തിപരമായ മമതയില്ല, ശത്രുതയുമില്ല. ഒരുവനോട് ദാക്ഷിണ്യവും മറ്റവനോട് നീരസവും വിചാരിച്ച് സത്യവിരുദ്ധമായ റിക്കാര്‍ഡു ചമയ്ക്കുന്ന പ്രശ്‌നമില്ല. ഡ്യൂട്ടിക്ക് ഹാജരാവാതെ തനിക്ക് തോന്നിയത് കുത്തിക്കുറിച്ചിട്ട് ഫയല്‍ നിറയ്ക്കുന്ന വഞ്ചകനുമല്ല അല്ലാഹു നിയോഗിച്ച നിരീക്ഷകന്‍. നക്കാപിച്ച വാങ്ങി ആര്‍ക്കെങ്കിലും അനുകൂലമായ റിപ്പോര്‍ട്ട് ചമച്ചുകൊടുക്കുന്ന കൈക്കൂലിക്കാരനുമല്ല. ഇത്തരം ധാര്‍മിക ദൗര്‍ബല്യങ്ങള്‍ക്കെല്ലാം അതീതമാണീ നിരീക്ഷകന്റെ നിലവാരം. അതുകൊണ്ട്, ഓരോ ദുഷ്ടന്നും ശിഷ്ടന്നും തന്റെ നന്മ ഒരു കുറവും വരാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് സമാധാനിക്കാം. ചെയ്യാത്ത ഒരു തിന്മയും ആരുടെ പേരിലും രേഖപ്പെടുത്തുകയില്ല. ‘നിങ്ങള്‍ ചെയ്യുന്നതെന്തും അവര്‍ അറിയുന്നു’വെന്നാണ് ഈ മലക്കുകളുടെ മറ്റൊരു ഗുണമായി പറഞ്ഞിരിക്കുന്നത്. അവരുടെ അവസ്ഥ ഈ ലോകത്തെ സി.ഐ.ഡികളുടേതോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടേതോ അല്ല എന്നാണിതിനര്‍ഥം. എത്രയൊക്കെ ക്ലേശിച്ചന്വേഷിച്ചാലും കുറെ കാര്യങ്ങള്‍ അവരില്‍നിന്നു മറഞ്ഞുതന്നെ കിടക്കുമല്ലോ. എന്നാല്‍, അല്ലാഹുവിന്റെ നിരീക്ഷകര്‍ സകല സംഗതികളും നന്നായി അറിയുന്നു. എവിടെയും ഏതവസരത്തിലും ആരുടെയും കൂടെ അവരുണ്ട്. എന്നാലോ, തങ്ങളെ ആരെങ്കിലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ആരും ഒട്ടറിയുന്നുമില്ല. ഒരാള്‍ ഒരു കര്‍മം ചെയ്തത് എന്ത് ഉദ്ദേശ്യത്തോടെയാണെന്നു പോലും അവര്‍ മനസ്സിലാക്കുന്നു. അങ്ങനെ മനുഷ്യന്റെ ഒരു കാര്യവും രേഖപ്പെടുത്താതെ ഒഴിഞ്ഞുപോകാത്ത വിധം സമ്പൂര്‍ണമായിത്തീരുന്നു അവര്‍ ക്രോഡീകരിക്കുന്ന റിക്കാര്‍ഡ്. അതേപറ്റി സൂറ അല്‍കഹ്ഫ് 49-ആം സൂക്തത്തില്‍ ഏതാണ്ടിങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: അന്ത്യനാളില്‍ കര്‍മപുസ്തകം ഹാജരാക്കുമ്പോള്‍, അതില്‍ തങ്ങളുടെ വലുതോ ചെറുതോ ആയ ഒന്നും രേഖപ്പെടുത്താതെ വിട്ടിട്ടില്ലെന്നു കണ്ട പാപികള്‍ സംഭ്രാന്തരായിത്തീരുന്നതു കാണാം. തങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം മുന്നില്‍ പ്രത്യക്ഷപ്പെടുന്നതായി അവര്‍ കാണുന്നു.

8. അവിടെ ഏതെങ്കിലും മനുഷ്യനെ അയാളുടെ കര്‍മഫലമനുഭവിക്കുന്നതില്‍നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരു ശക്തിയുമുണ്ടാവില്ല എന്നര്‍ഥം. അല്ലാഹുവിന്റെ കോടതിയില്‍ ഇടപെട്ട് ‘ഇന്നയാള്‍ എനിക്ക് പ്രിയപ്പെട്ടവനാണ്, വേണ്ടപ്പെട്ടവനാണ്, അയാള്‍ ഇഹലോകത്ത് എന്തൊക്കെ ദുഷ്‌കര്‍മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ശരി, അയാളോട് ദാക്ഷിണ്യം കാട്ടിയേ ഒക്കൂ’ എന്നു പറയാന്‍ തക്ക സ്വാധീനശക്തിയുള്ളവരോ പ്രമാണിത്തമുള്ളവരോ അല്ലാഹുവിനെ വശീകരിക്കാന്‍ കഴിയുന്നവരോ ആയി ആരും അവിടെയുണ്ടാവില്ല.

…മ്പോള്‍ = إِذَا
ആകാശം = السَّمَاءُ
അത് പൊട്ടിപ്പിളര്‍ന്നു = انفَطَرَتْ
*********************************
….മ്പോള്‍ = وَإِذَا
നക്ഷത്രങ്ങള്‍ = الْكَوَاكِبُ
അവ ഉതിര്‍ന്നുവീണു = انتَثَرَتْ
*********************************
….മ്പോള്‍ = وَإِذَا
കടലുകള്‍ = الْبِحَارُ
പൊട്ടി ഒഴുക്കപ്പെട്ടു = فُجِّرَتْ
*********************************
….മ്പോള്‍ = وَإِذَا
കുഴിമാടങ്ങള്‍ = الْقُبُورُ
കീഴ്മേല്‍ മറിക്കപ്പെട്ടു = بُعْثِرَتْ
*********************************
അറിയും = عَلِمَتْ
ഓരോ ആത്മാവും = نَفْسٌ
താന്‍ നേരത്തെ പ്രവര്‍ത്തിച്ചത് = مَّا قَدَّمَتْ
താന്‍ പിന്തിച്ചതും = وَأَخَّرَتْ
*********************************
അല്ലയോ മനുഷ്യാ = يَا أَيُّهَا الْإِنسَانُ
നിന്നെ ചതിയില്‍പെടുത്തിയതെന്താണ്? = مَا غَرَّكَ
നിന്റെ നാഥന്റെ കാര്യത്തില്‍ = بِرَبِّكَ
ഉദാരനായ = الْكَرِيمِ
*********************************
നിന്നെ സൃഷ്ടിച്ചവന്‍ = الَّذِي خَلَقَكَ
എന്നിട്ട് അവന്‍ നിന്നെ ശരിപ്പെടുത്തി = فَسَوَّاكَ
എന്നിട്ട് അവന്‍ നിന്നെ സന്തുലിതമാക്കി = فَعَدَلَكَ
*********************************
ഏതോ ഒരു രൂപത്തില്‍ = فِي أَيِّ صُورَةٍ
അവന്‍ ഉദ്ദേശിച്ച = مَّا شَاءَ
അവന്‍ നിന്നെ സംഘടിപ്പിച്ചു = رَكَّبَكَ
*********************************
അല്ല = كَلَّا
എന്നാല്‍ = بَلْ
നിങ്ങള്‍ തള്ളിപ്പറയുന്നു = تُكَذِّبُونَ
പ്രതിഫലത്തെ = بِالدِّينِ
*********************************
നിശ്ചയം നിങ്ങളുടെ മേലുണ്ട് = وَإِنَّ عَلَيْكُمْ
നിരീക്ഷകര്‍ = لَحَافِظِينَ
*********************************
ആദരണീയരായ = كِرَامًا
രേഖപ്പെടുത്തുന്നവരുമായ = كَاتِبِينَ
*********************************
അവര്‍ അറിയുന്നു = يَعْلَمُونَ
നിങ്ങള്‍ ചെയ്യുന്നത് = مَا تَفْعَلُونَ
*********************************
നിശ്ചയം സുകര്‍മികള്‍ = إِنَّ الْأَبْرَارَ
സുഖാനുഗ്രഹത്തിലാകുന്നു = لَفِي نَعِيمٍ
*********************************
നിശ്ചയം കുറ്റവാളികള്‍ = وَإِنَّ الْفُجَّارَ
നരകത്തിലുമാകുന്നു = لَفِي جَحِيمٍ
*********************************
അവരതില്‍ കടന്നെരിയും = يَصْلَوْنَهَا
പ്രതിഫലനാളില്‍ = يَوْمَ الدِّينِ
*********************************
അവരല്ല = وَمَا هُمْ
അതില്‍നിന്ന് = عَنْهَا
അപ്രത്യക്ഷരാകുന്നവര്‍ = بِغَائِبِينَ
*********************************
എന്താണ്? = وَمَا
നിന്നെ അറിയിച്ചത് = أَدْرَاكَ
എന്താണെന്ന് = مَا
പ്രതിഫലനാള്‍ = يَوْمُ الدِّينِ
*********************************
പിന്നെ = ثُمَّ
എന്താണ് = مَا
നിന്നെ അറിയിച്ചത് = أَدْرَاكَ
എന്താണെന്ന് = مَا
പ്രതിഫലനാള്‍ = يَوْمُ الدِّينِ
*********************************
ദിവസം = يَوْمَ
അധീനപ്പെടുത്തിക്കൊടുക്കാത്ത = لَا تَمْلِكُ
ഒരാളും = نَفْسٌ
ഒരാള്‍ക്കും = لِّنَفْسٍ
ഒന്നിനെയും = شَيْئًاۖ
തീരുമാനാധികാരം = وَالْأَمْرُ
അന്ന് = يَوْمَئِذٍ
അല്ലാഹുവിനാകുന്നു = لِّلَّهِ

Add comment

Your email address will not be published. Required fields are marked *