അല്‍ ഇന്‍ശിഖാഖ് – സൂക്തങ്ങള്‍: 1-9

നാമം

പ്രഥമ സൂക്തത്തിലെ إنشَقَّتْ എന്ന പദത്തില്‍ നിന്നുള്ളതാണീ നാമം. إنشِقَاق പദമൂലമാകുന്നു. ‘പിളരല്‍’ എന്നര്‍ഥം. ആകാശം പിളരുന്നതിനെ പരാമര്‍ശിക്കുന്ന സൂറ എന്നാണ് നാമകരണത്തിന്റെ താല്‍പര്യം.

അവതരണകാലം

ഇതും പ്രവാചകന്റെ മക്കാകാലഘട്ടത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാകുന്നു. ഈ സൂറ അവതരിക്കുമ്പോഴും അവിശ്വാസികള്‍ പ്രവാചകനെതിരെ മര്‍ദനപീഡനങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ഖുര്‍ആനികാശയങ്ങളെ മക്കാവാസികള്‍ അടച്ചുനിഷേധിക്കുന്നുവെന്നു മാത്രം. ഒരിക്കല്‍ ഈ ലോകം അവസാനിച്ചുപോകുമെന്നും തങ്ങള്‍ ദൈവത്തിനു മുമ്പില്‍ വിചാരണക്ക് ഹാജരാകേണ്ടിവരുമെന്നും അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

ഉളളടക്കം

അന്ത്യനാളും പരലോകവുമാണിതിലെ പ്രമേയങ്ങള്‍. ആദ്യത്തെ അഞ്ചു സൂക്തങ്ങളില്‍ അന്ത്യനാളില്‍ സംജാതമാകുന്ന അവസ്ഥാവിശേഷങ്ങള്‍ വിവരിച്ചതോടൊപ്പം അത് യാഥാര്‍ഥ്യമാണെന്നതിനുള്ള തെളിവുനല്‍കുകയും ചെയ്തിരിക്കുന്നു. അന്ത്യനാളില്‍ ആകാശം പൊട്ടിപ്പിളരും. ഭൂമി നിമ്‌നോന്നതങ്ങളില്ലാത്ത നിരന്ന മൈതാനമായി പരന്നുകിടക്കും. ഭൂമിക്കകത്തുള്ളതെല്ലാം (മണ്‍മറഞ്ഞ മനുഷ്യരുടെ ശരീരഘടകങ്ങളും അവരുടെ കര്‍മങ്ങളുടെ സാക്ഷ്യങ്ങളും) അതു പുറത്തേക്കെറിയും. അതിനകത്ത് യാതൊന്നും അവശേഷിക്കുകയില്ല. അതുതന്നെയായിരിക്കും ആകാശത്തോടും ഭൂമിയോടും അവയുടെ നാഥന്‍ കല്‍പിക്കുക എന്നാണതിനു തെളിവായി പറയുന്നത്. രണ്ടും അവന്റെ സൃഷ്ടികളാകയാല്‍ അവയ്ക്കവന്റെ ആജ്ഞയെ ധിക്കരിക്കാനാവില്ല. തങ്ങളുടെ സ്രഷ്ടാവിന്റെ ആജ്ഞകളനുസരിക്കുക അവയുടെ കടമതന്നെയാണ്. അനന്തരം 6 മുതല്‍ 19 വരെ സൂക്തങ്ങളില്‍ പറയുന്നു: മനുഷ്യന്ന് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും തന്റെ റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ട സ്ഥലത്തേക്ക് ഇച്ഛാപൂര്‍വമോ അനിച്ഛാപൂര്‍വമോ ചെല്ലേണ്ടി വരുകതന്നെ ചെയ്യും. പിന്നെ മര്‍ത്ത്യര്‍ രണ്ടു വിഭാഗമായി വേര്‍തിരിക്കപ്പെടുന്നു. കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കുന്നവരാണൊരു വിഭാഗം. അവര്‍ രൂക്ഷമായ വിചാരണക്ക് വിധേയരാകാതെ മാപ്പു നല്‍കപ്പെടുന്നു. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. തങ്ങള്‍ എങ്ങനെയെങ്കിലുമൊന്ന് മരിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നവര്‍ക്കു തോന്നും. പക്ഷേ, അവര്‍ മരിക്കുകയില്ല; നരകത്തില്‍ എറിയപ്പെടുകയായിരിക്കും ചെയ്യുക. അല്ലാഹുവിന്റെ മുന്നില്‍ ഒരിക്കലും ഹാജരാകേണ്ടിവരില്ല എന്ന തെറ്റുധാരണയില്‍ ആണ്ടുപോയതാണ് അവരുടെ ദുരന്തത്തിന് കാരണം. അവരുടെ റബ്ബ് അവരുടെ എല്ലാ കര്‍മങ്ങളും കാണുന്നുണ്ടായിരുന്നു. സ്വകര്‍മങ്ങള്‍ വിചാരണാവിധേയമാകുന്നതില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടാന്‍ ഒരു ന്യായവുമുണ്ടായിരുന്നില്ല. അവര്‍ ഭൗതികജീവിതത്തില്‍നിന്ന് പടിപടിയായി പാരത്രിക രക്ഷാശിക്ഷകളിലേക്കെത്തുക എന്നത് അസ്തമയാനന്തരം അന്തിച്ചെമപ്പ് പ്രത്യക്ഷപ്പെടുന്നതുപോലെ, പകലിനുശേഷം രാവെത്തുകയും അതില്‍ മനുഷ്യനും ജന്തുക്കളും അവയുടെ പാര്‍പ്പിടങ്ങളിലേക്കണയുകയും ചെയ്യുന്നതുപോലെ, ബാലചന്ദ്രന്‍ വളര്‍ന്നു പൗര്‍ണമിയായിത്തീരുന്നതുപോലെ ഉറപ്പുള്ള കാര്യമാകുന്നു. അവസാനമായി, ഖുര്‍ആന്‍ കേട്ടിട്ട് അതിനു മുമ്പില്‍ തലകുനിക്കുന്നതിനു പകരം അതിനെ തള്ളിപ്പറയാന്‍ ധൃഷ്ടരാകുന്ന അവിശ്വാസികള്‍ക്ക് വേദനാജനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പും വിശ്വാസം കൈക്കൊണ്ട് സച്ചരിതരാകുന്നവര്‍ക്ക് അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന ശുഭവാര്‍ത്തയും നല്‍കിയിരിക്കുന്നു.

إِذَا السَّمَاءُ انشَقَّتْ ﴿١﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٢﴾ وَإِذَا الْأَرْضُ مُدَّتْ ﴿٣﴾ وَأَلْقَتْ مَا فِيهَا وَتَخَلَّتْ ﴿٤﴾ وَأَذِنَتْ لِرَبِّهَا وَحُقَّتْ ﴿٥﴾ يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ﴿٦﴾ فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ﴿٩﴾


(1-9) മാനം പൊട്ടിപ്പിളരുകയും അത് വിധാതാവിന്റെ വിധി പാലിക്കുകയും ചെയ്യുമ്പോള്‍1 — (വിധാതാവിന്റെ വിധി നടപ്പാക്കുക) അതിന്റെ ബാധ്യതതന്നെയാകുന്നു– ഭൂമി നിരപ്പാക്കപ്പെടുകയും2 അതിനകത്തുള്ളത് പുറത്തെറിഞ്ഞ് ശൂന്യമായിത്തീരുകയും3 അതു തന്റെ വിധാതാവിന്റെ കല്‍പനയനുസരിക്കുകയും ചെയ്യുമ്പോള്‍–(വിധാതാവിന്റെ കല്‍പനയനുസരിക്കുക) അതിന്റെ ബാധ്യതതന്നെയാകുന്നു4 –അല്ലയോ മനുഷ്യാ, നീ ക്ലേശിച്ച് ക്ലേശിച്ച് നിന്റെ വിധാതാവിങ്കലേക്ക് ചെന്നെത്തിക്കൊണ്ടിരിക്കുന്നവനും5 അവനെ കണ്ടുമുട്ടുന്നവനുമാകുന്നു. പിന്നെ ആര്‍ക്ക് സ്വന്തം കര്‍മപുസ്തകം വലതുകൈയില്‍ ലഭിക്കുന്നുവോ, അവന്‍ ലഘുവായി വിചാരണ ചെയ്യപ്പെടുന്നു.6 പിന്നെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായി മടങ്ങുകയും ചെയ്യുന്നു.7

1. أذِنَتْ لِرَبِّهَا എന്നാണ് മൂലത്തില്‍ ഉപയോഗിച്ച വാക്ക്. അത് തന്റെ നാഥന്റെ കല്‍പനകേട്ടു എന്നാണ് അതിന്റെ വാക്കര്‍ഥം. അറബിഭാഷാപ്രയോഗമനുസരിച്ച് أذِنَ لَهُ എന്നതിന് കല്‍പന കേട്ടു എന്നു മാത്രമല്ല അര്‍ഥമുള്ളത്. കല്‍പന കേട്ട് ഒരാജ്ഞാനുവര്‍ത്തിയെപ്പോലെ അതു പ്രാവര്‍ത്തികമാക്കി; ഒട്ടും ധിക്കരിച്ചില്ല എന്നാണ് പൂര്‍ണമായ ആശയം.

2. ഭൂമി നിരത്തപ്പെടുക എന്നതിന്റെ താല്‍പര്യമിതാണ്: നദികളും സമുദ്രങ്ങളും നിരത്തപ്പെടുകയും പര്‍വതങ്ങള്‍ ഇടിച്ചുപൊടിച്ചു ചിതറപ്പെടുകയും ഭൂമിയിലെ എല്ലാ നിമ്‌നോന്നതങ്ങളും തട്ടിനിരത്തി ഒരു നിരന്ന മൈതാനമാക്കപ്പെടുകയും ചെയ്യും. സൂറ ത്വാഹാ 106, 107 20:106 സൂക്തങ്ങളില്‍ ഈ അവസ്ഥയെ അവതരിപ്പിച്ചതിങ്ങനെയാണ്: ”ഭൂമിയെ ഒരു നിമ്‌നോന്നതിയും വക്രതയും കാണാത്തവണ്ണം നിരന്ന മൈതാനമാക്കുന്നതാകുന്നു.” റസൂല്‍ തിരുമേനി പ്രസ്താവിച്ചതായി ഹാകിം തന്റെ മുസ്തദ്‌റകില്‍ ജാബിറുബ്‌നു അബ്ദില്ല മുഖേന ഉദ്ധരിക്കുന്നു: ”അന്ത്യനാളില്‍ ഭൂമി ഒരു മേശവിരിപ്പെന്നോണം നിവര്‍ത്തപ്പെടും. അപ്പോള്‍ മനുഷ്യര്‍ക്കതില്‍ പാദമൂന്നാനുള്ള സ്ഥലമുണ്ടാകും.” ഇതു മനസ്സിലാക്കാന്‍, അന്ന് ആദിപിതാവ് മുതല്‍ അന്തിമ മനുഷ്യന്‍ വരെയുള്ള എല്ലാവരും ഒരേസമയം പുനരുജ്ജീവിച്ചെഴുന്നേറ്റു ദൈവികകോടതിയില്‍ ഹാജരാകുമെന്ന വസ്തുത ഓര്‍ത്തിരിക്കേണ്ടതാണ്. ഇത്ര വലിയ ജനസംഖ്യ ഒത്തുകൂടാന്‍ സമുദ്രങ്ങളും നദികളും വനങ്ങളും മലകളും പീഠഭൂമികളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം തട്ടിനിരത്തി ഭൂഗോളത്തെ മുഴുവന്‍ ഒരു നിരന്ന മൈതാനമാക്കേണ്ടതാവശ്യമാണ്. എങ്കിലേ മനുഷ്യവംശത്തിലെ എല്ലാ അംഗങ്ങള്‍ക്കും അതില്‍ നില്‍ക്കാനിടംകിട്ടൂ.

3. എത്ര മര്‍ത്ത്യര്‍ അതില്‍ മരിച്ചുകിടക്കുന്നുണ്ടോ അവരെയൊക്കെയും അതു പുറംതള്ളും എന്നര്‍ഥം. അതേപോലെ അതിനകത്തുള്ള അവരുടെ കര്‍മസാക്ഷ്യങ്ങളും ഒന്നൊഴിയാതെ വെളിക്കുവരും. യാതൊന്നും അതില്‍ അമര്‍ത്തപ്പെട്ടോ ഒളിഞ്ഞോ കിടക്കുകയില്ല.

4. ഈ വക സംഭവങ്ങളുണ്ടാകുമ്പോള്‍ എന്താണ് നടക്കുക എന്ന് വ്യക്തമായി പറയുന്നില്ല. എങ്കിലും തുടര്‍ന്നു വരുന്ന വിഷയത്തില്‍നിന്ന് അതിപ്രകാരം സ്വയം വ്യക്തമാകുന്നു: മനുഷ്യന്‍ അവന്റെ നാഥങ്കലേക്ക് നടകൊള്ളുന്നു. അവന്റെ സന്നിധിയില്‍ ഹാജരാകുന്നു. നിന്റെ കര്‍മപുസ്തകം നിനക്കു നല്‍കുന്നു. ആ കര്‍മപുസ്തകത്തിലെ കണക്കുപ്രകാരം നിനക്ക് രക്ഷാശിക്ഷകള്‍ ലഭിക്കുന്നു.

5. അതായത്, ഈ ലോകത്തു നടത്തിക്കൊണ്ടിരിക്കുന്ന അധ്വാനപരിശ്രമങ്ങളും ക്ലേശയത്‌നങ്ങളുമെല്ലാം ഭൗതികജീവിതത്തിനും ഭൗതികതാല്‍പര്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണെന്നാണ് നിന്റെ വിചാരം. എന്നാല്‍, ബോധപൂര്‍വമായാലും അല്ലാതെയായാലും നീ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത് നിന്റെ നാഥങ്കലേക്കാകുന്നു. ഒടുവില്‍ നീ അവങ്കല്‍ എത്തിച്ചേരുകതന്നെ ചെയ്യും.

6. അവന്‍ കര്‍ക്കശമായി വിചാരണ ചെയ്യപ്പെടുകയില്ല എന്നര്‍ഥം. ഓരോരോ കര്‍മങ്ങളും എന്തിനാണ് ചെയ്തതെന്നും അതിന് എന്തു ന്യായമാണ് സമര്‍പ്പിക്കാനുള്ളതെന്നും അവനോട് എണ്ണിയെണ്ണി ചോദിക്കുകയില്ല. അവന്റെ നന്മകളോടൊപ്പം തിന്മകളും തീര്‍ച്ചയായും ഹാജരാക്കപ്പെടും. എങ്കിലും തിന്മയെ അപേക്ഷിച്ച് നന്മയുടെ തട്ട് ഭാരം തൂങ്ങുന്നതു കണ്ട് അവന്റെ കുറ്റങ്ങളോട് വിട്ടുവീഴ്ചയനുവര്‍ത്തിക്കുകയും അവന്ന് മാപ്പുകൊടുക്കുകയും ചെയ്യുന്നു. ദുഷ്ടജനങ്ങളുടെ വിചാരണയെ വിശുദ്ധ ഖുര്‍ആന്‍ സൂറ അര്‍റഅ്ദ് 18-ആം 13:18സൂക്തത്തില്‍ سُوءُ الحِسَاب (മോശപ്പെട്ട വിചാരണ) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സജ്ജനങ്ങളെക്കുറിച്ച് സൂറ അല്‍അഹ്ഖാഫ് 16-ആം 46:16 സൂക്തത്തില്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: ”ഇക്കൂട്ടരില്‍നിന്ന് നാം അവരുടെ ശ്രേഷ്ഠകര്‍മങ്ങള്‍ കൈക്കൊള്ളുന്നു. അവരുടെ തിന്മകളില്‍ വിട്ടുവീഴ്ചയരുളുകയും ചെയ്യുന്നു.” നബി(സ) ഇതിനു നല്‍കിയ വ്യാഖ്യാനം വ്യത്യസ്ത പദങ്ങളിലായി ഇമാം അഹ്മദ്, ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഇ, അബൂദാവൂദ്, ഹാകിം, ഇബ്‌നു ജരീര്‍, അബ്ദുബ്‌നു ഹുമൈദ്, ഇബ്‌നു മര്‍ദവൈഹി തുടങ്ങിയവര്‍ ആഇശ(റ)യില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. അതിലൊരു നിവേദനത്തില്‍ നബി(സ) പറയുന്നു: ”വിചാരണ ചെയ്യപ്പെടുന്ന ആരും നശിച്ചതുതന്നെ.” ഇതു കേട്ട് ആയിശ(റ) ചോദിച്ചു: ‘കര്‍മപുസ്തകം വലതുകൈയില്‍ നല്‍കപ്പെടുന്നവര്‍ ലഘുവായി വിചാരണ ചെയ്യപ്പെടുമെന്ന് അല്ലാഹു പറഞ്ഞിട്ടില്ലയോ, ദൈവദൂതരേ?” തിരുമേനി പ്രതിവചിച്ചു: ”അത് കര്‍മങ്ങള്‍ പ്രത്യക്ഷപ്പെടുത്തുക മാത്രമാകുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് വിധേയനാകുന്നവന്‍ നശിച്ചു.” ഒരു നിവേദനത്തില്‍, തിരുമേനി നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കുന്നത് കേട്ടതായി ആഇശ(റ) ഉദ്ധരിക്കുന്നു: ”അല്ലാഹുവേ, മുഹമ്മദിനെ ലഘുവായി വിചാരണ ചെയ്യേണമേ!” തിരുമേനി സലാം വീട്ടിയ ശേഷം ഞാന്‍ അതിന്റെ താല്‍പര്യമാരാഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: ‘ലഘുവായ വിചാരണയെന്നാല്‍ അടിമക്ക് അവന്റെ കര്‍മങ്ങള്‍ കാണിച്ചുകൊടുത്ത് വിട്ടുവീഴ്ച ചെയ്യുകയാകുന്നു. ആഇശാ, അന്ന് ചോദ്യം ചെയ്യലിന് വിധേയനാകുന്നവന്‍ നശിച്ചുപോയി.”

7. സ്വന്തക്കാര്‍ എന്നതുകൊണ്ട് ഉദ്ദേശ്യം അയാളുടെ ഭാര്യാസന്താനങ്ങളും ഇതര ബന്ധുജനങ്ങളും കൂട്ടുകാരും അയാളെപ്പോലെ വിട്ടുവീഴ്ചക്കു വിധേയരാകും എന്നാണ്.

…മ്പോള്‍ = إِذَا
ആകാശം = السَّمَاءُ
അത് പൊട്ടിപ്പിളര്‍ന്നു = انشَقَّتْ
അത് ചെവികൊടുക്കുകയുംചെയ്തു = وَأَذِنَتْ
അതിന്റെ നാഥന്ന് = لِرَبِّهَا
അത് (അങ്ങനെ ചെയ്യാന്‍) കടപ്പെട്ടിരിക്കുന്നു = وَحُقَّتْ
…മ്പോള്‍ = وَإِذَا
ഭൂമി = الْأَرْضُ
അത് പരത്തപ്പെട്ടു = مُدَّتْ
അത് പുറത്തിടുകയും ചെയ്തു = وَأَلْقَتْ
അതിനകത്തുള്ളതിനെ = مَا فِيهَا
അത് ശൂന്യമായിത്തീരുകയും ചെയ്തു = وَتَخَلَّتْ
അത് ചെവികൊടുക്കുകയും ചെയ്തു = وَأَذِنَتْ
അതിന്റെ നാഥന്ന് = لِرَبِّهَا
അത് കടപ്പെട്ടിരിക്കുന്നു = وَحُقَّتْ
അല്ലയോ മനുഷ്യാ = يَا أَيُّهَا الْإِنسَانُ
നിശ്ചയം നീ = إِنَّكَ
കഠിനാധ്വാനം ചെയ്ത് ചെന്നെത്തുന്നവനാണ് = كَادِحٌ
നിന്റെ നാഥനിലേക്ക് = إِلَىٰ رَبِّكَ
കഠിനാധ്വാനം ചെയ്യല്‍ = كَدْحًا
അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും = فَمُلَاقِيهِ
അപ്പോള്‍ ആര്‍ = فَأَمَّا مَنْ
അവന് നല്‍കപ്പെട്ടു = أُوتِيَ
തന്റെ കര്‍മപുസ്തകം = كِتَابَهُ
അവന്റെ വലതുകൈയില്‍ = بِيَمِينِهِ
അവന്‍ വിചാരണ ചെയ്യപ്പെടും = فَسَوْفَ يُحَاسَبُ
ഒരു വിചാരണ = حِسَابًا
ലളിതമായ = يَسِيرًا
അവന്‍ മടങ്ങിച്ചെല്ലും = وَيَنقَلِبُ
തന്റെ കുടുംബത്തിലേക്ക് = إِلَىٰ أَهْلِهِ
സന്തുഷ്ടനായി = مَسْرُورًا

Add comment

Your email address will not be published. Required fields are marked *