അല്‍ ഇന്‍ശിഖാഖ് – സൂക്തങ്ങള്‍: 10-25

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ﴿١٠﴾ فَسَوْفَ يَدْعُوا۟ ثُبُورًۭا﴿١١﴾ وَيَصْلَىٰ سَعِيرًا﴿١٢﴾ إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا﴿١٣﴾ إِنَّهُۥ ظَنَّ أَن لَّن يَحُورَ﴿١٤﴾ بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا﴿١٥﴾ فَلَآ أُقْسِمُ بِٱلشَّفَقِ﴿١٦﴾ وَٱلَّيْلِ وَمَا وَسَقَ﴿١٧﴾ وَٱلْقَمَرِ إِذَا ٱتَّسَقَ﴿١٨﴾ لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ﴿١٩﴾ فَمَا لَهُمْ لَا يُؤْمِنُونَ﴿٢٠﴾ وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩﴿٢١﴾ بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ﴿٢٢﴾ وَٱللَّهُ أَعْلَمُ بِمَا يُوعُونَ﴿٢٣﴾ فَبَشِّرْهُم بِعَذَابٍ أَلِيمٍ﴿٢٤﴾ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ﴿٢٥﴾﴾


(10-15) എന്നാല്‍, കര്‍മപുസ്തകം മുതുകിന്റെ പിന്നിലൂടെ ലഭിക്കുന്നവനോ,8 അവന്‍ മരണത്തെ വിളിച്ചുകൊണ്ടിരിക്കും. കത്തിക്കാളുന്ന അഗ്നിയില്‍ ചെന്നു പതിക്കുകയും ചെയ്യും. അവന്‍ സ്വജനങ്ങളില്‍ നിഗളിച്ചു നടന്നവനായിരുന്നു.9 ഒരിക്കലും തിരിച്ചുപോകേണ്ടതില്ല എന്നായിരുന്നു അവന്‍ ധരിച്ചിരുന്നത്. എങ്ങനെ തിരിച്ചുപോകേണ്ടതില്ലാതിരിക്കും! അവന്റെ നാഥന്‍ അവന്റെ ചെയ്തികള്‍ നന്നായി വീക്ഷിക്കുന്നുണ്ടായിരുന്നുവല്ലോ10 .

(16-25) ആകയാല്‍ അല്ല, അസ്തമയശോഭയെയും രാവിനെയും അത് ഉള്‍ക്കൊണ്ടിട്ടുള്ളതിനെയും പൗര്‍ണമിച്ചന്ദ്രനെയും സാക്ഷിയാക്കി ഞാന്‍ സത്യംചെയ്യുന്നു. നിങ്ങള്‍ ക്രമാനുഗതമായി ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പ്രയാണം ചെയ്യേണ്ടതനിവാര്യമാകുന്നു.11എന്നാല്‍ ഈ ജനത്തിനെന്തുപറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ. അവരുടെ മുമ്പില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ പ്രണാമം ചെയ്യുന്നുമില്ലല്ലോ.12 പ്രത്യുത ഈ നിഷേധികള്‍ തള്ളിപ്പറയുകയാണ്. എന്നാലോ, ഇവര്‍ (സ്വന്തം കര്‍മപുസ്തകത്തില്‍) ഉള്‍ക്കൊള്ളിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്.13 അതുകൊണ്ടവര്‍ക്ക് നൊമ്പരമേറിയ ശിക്ഷയുടെ സുവാര്‍ത്ത നല്‍കിക്കൊള്ളുക–സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്. അവര്‍ക്കുള്ളതാകുന്നു, അവസാനിക്കാത്ത കര്‍മഫലം.

8. കര്‍മപുസ്തകം ഇടതുകൈയില്‍ ലഭിക്കുന്നവര്‍ എന്നാണ് സൂറ അല്‍ഹാഖയില്‍ പറഞ്ഞത്. ‘മുതുകിനു പിന്നിലൂടെ കര്‍മപുസ്തകം ലഭിക്കുന്നവര്‍’ എന്നാണിവിടെ പറയുന്നത്. അതിന്റെ സ്വഭാവം മിക്കവാറും ഇങ്ങനെയായിരിക്കണം: തനിക്ക് വലതുകൈയില്‍ കര്‍മപുസ്തകം ലഭിക്കുന്നതില്‍ അയാള്‍ നേരത്തേതന്നെ നിരാശനായിരിക്കും. സ്വകര്‍മങ്ങളെക്കുറിച്ച് അയാള്‍ക്ക് നന്നായറിയാമല്ലോ. അതുകൊണ്ട് തന്റെ കര്‍മപുസ്തകം ഇടതുകൈയിലാണ് ലഭിക്കാന്‍ പോകുന്നതെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. പക്ഷേ, സകല ജനത്തിന്റെയും മുന്നില്‍ വെച്ച് ഇടതുകൈയില്‍ കര്‍മപുസ്തകം സ്വീകരിക്കുന്നതില്‍ അയാള്‍ക്ക് അപമാനം തോന്നുന്നു. അതുകൊണ്ടയാള്‍ കൈ പിന്നോട്ടാക്കിയാണത് വാങ്ങുക. എന്നാല്‍, ഈ ഉപായംകൊണ്ട് സ്വന്തം ദുഷ്‌കര്‍മ ഭാണ്ഡം കൈപ്പറ്റുന്നതില്‍നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാവില്ല. കൈ മുന്നോട്ടുനീട്ടിയിട്ടായാലും പിന്നിലൊളിപ്പിച്ചിട്ടായാലും ശരി, അയാളത് കൈയിലെടുക്കുകതന്നെ വേണ്ടിവരും.

9. അതായത്, അയാളുടെ അവസ്ഥ സച്ചരിതനായ ദൈവദാസന്റേതില്‍നിന്ന് ഭിന്നമായിരുന്നു. അതേപ്പറ്റി സൂറ അത്ത്വൂര്‍ 26-ആം സൂക്തത്തില്‍ പറയുന്നു: സച്ചരിതര്‍ തങ്ങളുടെ കുടുംബത്തില്‍ ഭയഭക്തിയോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. അതായത്, കുടുംബത്തോടും കുട്ടികളോടുമുള്ള സ്‌നേഹാധിക്യത്താല്‍, അവര്‍ക്ക് ഭൗതികസുഖം നേടിക്കൊടുക്കാനുള്ള തിരക്കില്‍പ്പെട്ട് സ്വന്തം പരലോകം നഷ്ടപ്പെടാനിടയായേക്കുമോ എന്ന് അവര്‍ സദാ ഭയന്നിരുന്നു. ഇടതുകൈയില്‍ കര്‍മപുസ്തകം വാങ്ങുന്നവരുടെ അവസ്ഥ ഇതിനു നേരെ വിപരീതമായിരുന്നു. അവന്‍ കുടുംബത്തില്‍ ആഹ്ലാദഭരിതനും ആഡംബരപ്രമത്തനുമായിരുന്നു. ഭാര്യാസന്തതികളെ ആര്‍ഭാടത്തിലാറാടിച്ചിരുന്നു. അവര്‍ക്ക് ആഡംബരസാമഗ്രികളൊരുക്കിക്കൊടുക്കുന്നതിന് എത്രതന്നെ നിഷിദ്ധവും നികൃഷ്ടവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും അവന്‍ മടിച്ചിരുന്നില്ല. അവരുടെ രസത്തിനും ഉല്ലാസത്തിനും വേണ്ടി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എന്തുമാത്രം ചവിട്ടിമെതിക്കപ്പെടുന്നുവെന്നു ചിന്തിച്ചതുമില്ല.

10. അതായത്, അവന്‍ അനുവര്‍ത്തിച്ചുകൊണ്ടിരുന്ന ചെയ്തികളെല്ലാം അവഗണിച്ച്, അവനെ വിളിച്ച് വിചാരണയൊന്നും നടത്താതെ വിട്ടയക്കുകയെന്നത് അല്ലാഹുവിന്റെ നീതിക്കും ജ്ഞാനത്തിനും വിരുദ്ധമാകുന്നു.

11. അതായത്, നിങ്ങള്‍ ഒരേ നിലയില്‍ത്തന്നെ കഴിയുന്നവരല്ല. ശൈശവത്തില്‍നിന്ന് യൗവനം, യൗവനത്തില്‍നിന്ന് വാര്‍ധക്യം, വാര്‍ധക്യത്തില്‍നിന്ന് മരണം, മരണത്തില്‍നിന്ന് ബര്‍സഖ്, ബര്‍സഖില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്, ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന് വിചാരണാസഭ, കര്‍മരേഖ, പിന്നെ രക്ഷാശിക്ഷകള്‍ –അങ്ങനെ ഒട്ടേറെ ദശകളിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടതുണ്ട്. ഈ സംഗതിക്ക് മൂന്ന് കാര്യങ്ങളെപ്പിടിച്ച് സത്യം ചെയ്തിരിക്കുന്നു. സൂര്യാസ്തമയാനന്തരമുണ്ടാകുന്ന ശോഭ, പകലിനു ശേഷമുണ്ടാകുന്ന ഇരുട്ടും അതില്‍ പകല്‍സമയം ഭൂമിയില്‍ വ്യാപിച്ചിരുന്ന മനുഷ്യരും ജന്തുക്കളും കൂടണയുന്നതും, പടിപടിയായി പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രക്കലയും. മനുഷ്യന്‍ വസിക്കുന്ന ഈ പ്രപഞ്ചത്തിലെവിടെയും സ്ഥിരമായ അവസ്ഥയില്ലെന്ന് പ്രത്യക്ഷമായി സാക്ഷ്യപ്പെടുത്തുന്ന ചില പ്രതിഭാസങ്ങളാണിവ. എങ്ങും നിരന്തരമായ മാറ്റവും ക്രമാനുഗതമായ പരിവര്‍ത്തനവും ദൃശ്യമാകുന്നു. അതുകൊണ്ട് മരണമാകുന്ന അന്തിമ ഏമ്പക്കത്തോടെ കഥ തീര്‍ന്നുപോകും എന്ന അവിശ്വാസികളുടെ വിചാരം ശരിയല്ല.

12. അതായത്, അവരുടെ മനസ്സില്‍ ദൈവഭയമുണ്ടായിരുന്നില്ല. അവര്‍ അവന്റെ മുന്നില്‍ തലകുനിക്കുന്നുമില്ല. ഇവിടെ സുജൂദ് ചെയ്യുക എന്നത് നബി(സ)യുടെ പ്രവൃത്തിയിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതാകുന്നു. ഇമാം മാലിക്കും മുസ്‌ലിമും നസാഇയുംഅബൂഹുറയ്‌റയെക്കുറിച്ച് ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: അദ്ദേഹം നമസ്‌കാരത്തില്‍ ഈ സൂറ പാരായണം ചെയ്ത് ഈ സ്ഥലത്തെത്തിയപ്പോള്‍ സുജൂദ് ചെയ്യുകയും നബി(സ) ഈ സ്ഥലത്ത് സുജൂദ് ചെയ്തിട്ടുള്ളതായി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അബൂറാഫിഅ് പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും അബൂദാവൂദും നസാഇയും ഉദ്ധരിക്കുന്നു: അബൂഹുറയ്‌റ ഇശാ നമസ്‌കാരത്തില്‍ ഈ സൂറ ഓതുകയും സുജൂദ് ചെയ്യുകയുമുണ്ടായി. ഞാന്‍ അതിന്റെ കാരണമാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അബുല്‍ഖാസിമിന്റെ പിന്നില്‍ നമസ്‌കരിച്ചപ്പോള്‍ അദ്ദേഹം ഈ സ്ഥലത്ത് സുജൂദ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മരണംവരെ ഞാന്‍ ഈ സുജൂദ് ചെയ്തുകൊണ്ടേയിരിക്കും.’ മുസ്‌ലിമും അബൂദാവൂദും തിര്‍മിദിയും നസാഇയും ഇബ്‌നുമാജയും മറ്റും ഉദ്ധരിച്ച ഒരു നിവേദനത്തില്‍ അബൂഹുറയ്‌റ പറയുന്നു:’ഞങ്ങള്‍ നബി(സ)യുടെ പിന്നില്‍ ഈ സൂറയിലും إقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ എന്ന സൂറയിലും സുജൂദ് ചെയ്തിട്ടുണ്ട്.’

13. മറ്റൊരാശയം ഇങ്ങനെയുമാകാം: അവര്‍ മനസ്സുകളില്‍ നിറച്ചുവെച്ചിട്ടുള്ള അവിശ്വാസത്തിന്റെയും ധിക്കാരത്തിന്റെയും സത്യവിരോധത്തിന്റെയും ദുര്‍വിചാരങ്ങളുടെയും ദുഷ്ടലാക്കുകളുടെയും മാലിന്യങ്ങള്‍ അല്ലാഹുവിന് നന്നായറിയാം.

എന്നാല്‍ = وَأَمَّا
ആര്‍ = مَنْ
അവന് നല്‍കപ്പെട്ടു = أُوتِيَ
അവന്റെ കര്‍മപുസ്തകം = كِتَابَهُ
പിന്നിലൂടെ = وَرَاءَ
അവന്റെ മുതുകിന്റെ = ظَهْرِهِ
അവന്‍ വിളിക്കും = فَسَوْفَ يَدْعُو
നാശത്തെ = ثُبُورًا
അവന്‍ കടന്നെരിയും = وَيَصْلَىٰ
നരകത്തില്‍ = سَعِيرًا
തീര്‍ച്ചയായും അവന്‍ = إِنَّهُ
അവനായിരുന്നു = كَانَ
തന്റെ കുടുംബത്തില്‍ = فِي أَهْلِهِ
സന്തുഷ്ടന്‍ = مَسْرُورًا
തീര്‍ച്ചയായും അവന്‍ = إِنَّهُ
അവന്‍ കരുതി = ظَنَّ
താന്‍ മടങ്ങിവരികയേ ഇല്ലെന്ന് = أَن لَّن يَحُورَ
എന്നാല്‍ = بَلَىٰ
ഉറപ്പായും അവന്റെ നാഥന്‍ = إِنَّ رَبَّهُ
ആയിരുന്നു = كَانَ
അവനെ = بِهِ
സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍ = بَصِيرًا

ഞാന്‍ സത്യം ചെയ്യുന്നു = فَلَا أُقْسِمُ
അസ്തമയശോഭ കൊണ്ട് = بِالشَّفَقِ
രാത്രിയെക്കൊണ്ടും = وَاللَّيْلِ
അത് ഉള്‍ക്കൊള്ളുന്നതിനെക്കൊണ്ടും = وَمَا وَسَقَ
ചന്ദ്രനെക്കൊണ്ടും = وَالْقَمَرِ
അത് പൂര്‍ണത പ്രാപിക്കുമ്പോള്‍ = إِذَا اتَّسَقَ
നിങ്ങള്‍ കയറിക്കൊണ്ടിരിക്കും = لَتَرْكَبُنَّ
ഒരു പടിയിലേക്ക് = طَبَقًا
ഒരു പടിയില്‍നിന്ന് = عَن طَبَقٍ
എന്നിട്ടും എന്താണ്? = فَمَا
അവര്‍ക്ക് = لَهُمْ
അവര്‍ വിശ്വസിക്കുന്നില്ല = لَا يُؤْمِنُونَ
ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ = وَإِذَا قُرِئَ
അവര്‍ക്ക് = عَلَيْهِمُ
ഖുര്‍ആന്‍ = الْقُرْآنُ
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല = ۩ لَا يَسْجُدُونَ
എന്നല്ല = بَلِ
നിഷേധിച്ചവര്‍ = الَّذِينَ كَفَرُوا
അവര്‍ കളവാക്കുകയാണ് = يُكَذِّبُونَ
അല്ലാഹു = وَاللَّهُ
ഏറ്റവും നന്നായറിയുന്നവനാണ് = أَعْلَمُ
അവര്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റി = بِمَا يُوعُونَ
അതിനാല്‍ നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക = فَبَشِّرْهُم
ശിക്ഷയെ സംബന്ധിച്ച് = بِعَذَابٍ
നോവേറിയ = أَلِيمٍ
ഒഴികെ = إِلَّا
വിശ്വസിച്ചവര്‍ = الَّذِينَ آمَنُوا
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ = وَعَمِلُوا
സല്‍ക്കര്‍മങ്ങള്‍ = الصَّالِحَاتِ
അവര്‍ക്കുണ്ട് = لَهُمْ
പ്രതിഫലം = أَجْرٌ
അറുതിയില്ലാത്ത = غَيْرُ مَمْنُونٍ

Add comment

Your email address will not be published. Required fields are marked *