അല്‍ ബുറൂജ്‌ – സൂക്തങ്ങള്‍: 1-9

നാമം

പ്രഥമ സൂക്തത്തിലെ البُرُوج എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഇതിന്റെ അവതരണകാലം ഉള്ളടക്കത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. വിശുദ്ധ മക്കയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമമര്‍ദനങ്ങള്‍ രൂക്ഷമാവുകയും അവിശ്വാസികള്‍ വിശ്വാസികളെ കഠിനമായി പീഡിപ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണീ സൂറ അവതരിച്ചത്.

ഉള്ളടക്കം

വിശ്വാസികളുടെ നേരെ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അക്രമമര്‍ദനങ്ങളുടെ അനന്തരഫലത്തെക്കുറിച്ച് അവിശ്വാസികളെ താക്കീതു ചെയ്യുകയും, ഈ അക്രമങ്ങളെയും മര്‍ദനങ്ങളെയും അചഞ്ചലമായി നേരിട്ട് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മഹത്തായ പ്രതിഫലം ലഭിക്കുമെന്നും അക്രമികളോട് അല്ലാഹു പ്രതികാരം ചെയ്യുമെന്നും വിശ്വാസികളെ ആശ്വസിപ്പിക്കുകയുമാണ് ഈ സൂറയുടെ ഉള്ളടക്കം. ഈ വിഷയകമായി, ആദ്യം അസ്ഹാബുല്‍ ഉഖ്ദൂദിന്റെ കഥ കേള്‍പ്പിക്കുന്നു. വിശ്വാസികളെ കിടങ്ങുകളിലെറിഞ്ഞ് ചുട്ടുകരിച്ചവരാണ് അസ്ഹാബുല്‍ ഉഖ്ദൂദ്. ഈ കഥാകഥനരൂപത്തില്‍ വിശ്വാസികളെയും അവിശ്വാസികളെയും ചില സംഗതികള്‍ തെര്യപ്പെടുത്തിയിരിക്കുന്നു. ഒന്ന്: അസ്ഹാബുല്‍ ഉഖ്ദൂദ് ദൈവശാപത്തിനും ശിക്ഷക്കും അര്‍ഹരായിത്തീര്‍ന്നതെപ്രകാരമാണോ അപ്രകാരം മക്കയിലെ പ്രമാണിമാരും അതിനര്‍ഹരായിത്തീരുന്നതാണ്. രണ്ട്: അന്ന് വിശ്വാസികള്‍ തങ്ങള്‍ തീക്കുണ്ഡങ്ങളിലെറിയപ്പെടുന്നത് തെരഞ്ഞെടുക്കുകയും വിശ്വാസത്തില്‍നിന്ന് പിന്മാറുന്നതിനെ നിരാകരിക്കുകയും ചെയ്തു. ഇന്നും വിശ്വാസികള്‍ ചെയ്യേണ്ടത് അതുതന്നെയാണ്. എത്ര ക്രൂരവും കഠോരവുമായ മര്‍ദനം സഹിക്കേണ്ടിവന്നാലും സത്യവിശ്വാസത്തിന്റെ മാര്‍ഗം കൈവെടിയാതിരിക്കുക. മൂന്ന്: അവിശ്വാസികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും സത്യവിശ്വാസികള്‍ അടിയുറച്ച് അംഗീകരിക്കുകയും ചെയ്യുന്ന ദൈവമുണ്ടല്ലോ, അവന്‍ അജയ്യനാകുന്നു. ആകാശഭൂമികളുടെ ആധിപത്യത്തിനുടമ. സ്വയം സ്തുതീയന്‍, അവന്‍ രണ്ടു കൂട്ടരുടെയും സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സത്യനിഷേധികള്‍ക്ക് അവരുടെ നിഷേധത്തിനു മാത്രമല്ല; ഈ അക്രമമര്‍ദനങ്ങള്‍ക്കുള്ള ശിക്ഷയും അഗ്നിയില്‍ കത്തിക്കരിയുന്ന രൂപത്തില്‍ അനുഭവിക്കേണ്ടിവരുമെന്നുള്ളത് ഉറപ്പാകുന്നു. സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളാചരിച്ചവര്‍ സ്വര്‍ഗസ്ഥരാകുമെന്ന കാര്യവും ഉറപ്പാകുന്നു. അതുതന്നെയാണ് മഹത്തായ വിജയം. അനന്തരം അവിശ്വാസികളെ താക്കീതുചെയ്യുന്നു: ദൈവത്തിന്റെ പിടിത്തം അതിരൂക്ഷമായിരിക്കും. നിങ്ങള്‍ സ്വന്തം സംഘബലത്തില്‍ ഊറ്റംകൊള്ളുന്നുണ്ടല്ലോ. എന്നാല്‍, നിങ്ങളെക്കാള്‍ സംഘബലമുള്ളവരായിരുന്നു ഫറവോനും സമൂദ് വര്‍ഗവും. അവരുടെ പടകള്‍ക്കുണ്ടായ ദുരന്തങ്ങളില്‍നിന്ന് നിങ്ങള്‍ പാഠം പഠിച്ചുകൊള്ളുക. അല്ലാഹുവിന്റെ ശക്തി നിങ്ങളെ സുഭദ്രമായി വലയംചെയ്തു നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്കൊരിക്കലും അത് ഭേദിച്ചു പുറത്തുകടക്കാനാവില്ല. നിങ്ങള്‍ കൊണ്ടുപിടിച്ച് തള്ളിപ്പറയുന്ന ഖുര്‍ആനുണ്ടല്ലോ, അതിലെ ഓരോ വചനവും സ്ഥായിയാകുന്നു. അത് സുരക്ഷിതഫലകത്തില്‍ സുസ്ഥിരമാക്കപ്പെട്ടതാകുന്നു. സുരക്ഷിതഫലകത്തിലെ രേഖകളില്‍ ആര്‍ക്കും ഒരുവിധ മാറ്റവും വരുത്താനാവില്ല.

وَالسَّمَاءِ ذَاتِ الْبُرُوجِ ﴿١﴾ وَالْيَوْمِ الْمَوْعُودِ ﴿٢﴾ وَشَاهِدٍ وَمَشْهُودٍ ﴿٣﴾ قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾ النَّارِ ذَاتِ الْوَقُودِ ﴿٥﴾ إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ﴿٧﴾ وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ﴿٨﴾ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٩﴾


(1-9) സുഭദ്രമായ കോട്ടകളുള്ള വാനലോകമാണ,1 വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള ദിനമാണ,2 കാണുന്നതും കാണപ്പെടുന്നതുമാണ,3 കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ആ കിടങ്ങ്) തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു. അവര്‍ അതിന്റെ വക്കില്‍ ഇരിക്കുകയും സത്യവിശ്വാസികളോട് ചെയ്യുന്നതൊക്കെ നോക്കിക്കാണുകയും ചെയ്തതോര്‍ക്കുക.4 ആ സത്യവിശ്വാസികളോട് അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം, അവര്‍ അജയ്യനും സ്തുത്യനുമായ, ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു. അല്ലാഹുവോ, ഒക്കെയും നോക്കിക്കൊണ്ടിരിക്കുകയാകുന്നു5 .

1. ذَاتِ الْبُرُوج (കോട്ടകളുള്ള) എന്നാണ് മൂലത്തിലുള്ള വാക്ക്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ ഇതിന് പൗരാണിക വാനശാസ്ത്രപ്രകാരമുള്ള 12 മണ്ഡലങ്ങള്‍ എന്നാണ് വിവക്ഷ കല്‍പിച്ചിട്ടുള്ളത്. ഇബ്‌നു അബ്ബാസ്, മുജാഹിദ്, ഖതാദ, ഹസന്‍ ബസ്വരി, ദഹ്ഹാക്ക്, സുദ്ദി എന്നിവരുടെ വീക്ഷണത്തില്‍ ആകാശത്തിലെ വന്‍ താരങ്ങളും ഗ്രഹങ്ങളുമാണിതുകൊണ്ടുദ്ദേശ്യം.

2. അന്ത്യനാളാണ് വിവക്ഷ.

3. ‘കാണുകയും കാണപ്പെടുകയും ചെയ്യുന്നത്’ എന്നു പറഞ്ഞതിനെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലവിധ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നമ്മുടെ വീക്ഷണത്തില്‍ പ്രഭാഷണസന്ദര്‍ഭവുമായി യോജിപ്പുള്ള വീക്ഷണം ഇതാണ്: കാണുന്നത് എന്നതുകൊണ്ടുദ്ദേശ്യം അന്ത്യനാളില്‍ ഹാജരാക്കുന്ന എല്ലാ മനുഷ്യരുമാകുന്നു. കാണപ്പെടുന്നതുകൊണ്ടുദ്ദേശ്യം കാഴ്ചയുള്ളവരൊക്കെ നേരില്‍ കാണുന്ന, അന്ത്യനാളിന്റെ ഭീകരതകളും. മുജാഹിദും ഇക്‌രിമയും ദഹ്ഹാക്കും ഇബ്‌നു നുജൈഹും മറ്റു ചില മുഫസ്സിറുകളും അംഗീകരിച്ചിട്ടുള്ള വ്യാഖ്യാനമിതാണ്.

4. വലിയ വലിയ കിടങ്ങുകള്‍ കുഴിച്ച് അതില്‍ തീയിട്ട്, സത്യവിശ്വാസം കൈക്കൊണ്ടവരെ അതിലേക്കു വലിച്ചെറിഞ്ഞ് അവര്‍ കത്തിയെരിയുന്നത് കണ്ടുരസിച്ച ആളുകളാണ് ‘കിടങ്ങുകാര്‍’ എന്നതുകൊണ്ട് വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. നശിച്ചു എന്നതുകൊണ്ടുദ്ദേശ്യം അവരുടെ മേല്‍ ദൈവശാപം പതിച്ചുവെന്നും അവര്‍ ദൈവിക ശിക്ഷക്കര്‍ഹരായിത്തീര്‍ന്നുവെന്നുമാകുന്നു. ഇക്കാര്യത്തിന് മൂന്നു സംഗതികളെ സാക്ഷിയാക്കി സത്യംചെയ്തിരിക്കുന്നു: ഒന്ന്, കോട്ടകളുള്ള ആകാശം. രണ്ട്, വാഗ്ദാനം ചെയ്യപ്പെട്ട അന്ത്യനാള്‍. മൂന്ന്, അന്ത്യനാളിലെ ഭീകരതകളും അതു കാണുന്ന മനുഷ്യരഖിലവും. ഒന്നാമത്തെ സംഗതി സാക്ഷ്യപ്പെടുത്തുന്നതിതാണ്: പ്രപഞ്ചത്തിലെ മഹാനക്ഷത്രങ്ങളെയും വന്‍ ഗ്രഹങ്ങളെയും ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തമായ അസ്തിത്വത്തിന്റെ പിടിയില്‍നിന്ന് ഈ നിസ്സാരനും ക്ഷുദ്രനുമായ മനുഷ്യന്ന് എങ്ങനെയാണ് രക്ഷപ്പെടാനാവുക? രണ്ടാമത്തെ സംഗതി സാക്ഷ്യപ്പെടുത്തുന്നതിതാണ്: അക്കൂട്ടര്‍ ഭൂമിയില്‍ അക്രമം ചെയ്യാനാഗ്രഹിച്ചു, ചെയ്തുവിട്ടു. പക്ഷേ, മനുഷ്യന്‍ വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള ആ നാള്‍ ഏതായാലുംവരുന്നുണ്ട്. അന്ന് ഏതു മര്‍ദിതന്റെയും ആവലാതിക്ക് പരിഹാരമുണ്ടാകും. എല്ലാ അക്രമികളെയും പിടികൂടുകയും ചെയ്യും. മൂന്നാമത്തെ സംഗതി സാക്ഷ്യപ്പെടുത്തുന്നതിതാണ്: ആ നിസ്സഹായരായ വിശ്വാസികള്‍ അഗ്നിയില്‍ കിടന്ന് വെന്തെരിയുന്നത് മര്‍ദകര്‍ കണ്ടു രസിച്ചതെങ്ങനെയാണോ അതേപ്രകാരം അന്ത്യനാളില്‍ അവര്‍ കൈകാര്യം ചെയ്യപ്പെടുന്നത് സകല സൃഷ്ടികളും കണ്ടുനില്‍ക്കും. കിടങ്ങുകളില്‍ തീകൂട്ടി സത്യവിശ്വാസികളെ അതിലിട്ട് ചുട്ടുകരിച്ച പല സംഭവങ്ങളും നിവേദനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇത്തരം അക്രമങ്ങള്‍ പലവട്ടം അരങ്ങേറിയിട്ടുണ്ടെന്നാണതില്‍നിന്ന് മനസ്സിലാകുന്നത്. അതില്‍ ഒരു സംഭവം റോമക്കാരനായ സുഹൈബ്(റ) നബി(സ)യോട് പറഞ്ഞതാണ്: ഒരു രാജാവിന്റെ അടുക്കല്‍ ഒരാഭിചാരകനുണ്ടായിരുന്നു. അയാള്‍ വൃദ്ധനായപ്പോള്‍ രാജാവിനോട് പറഞ്ഞു: എന്നില്‍നിന്ന് ഈ ആഭിചാരവിദ്യ അഭ്യസിക്കാന്‍ തിരുമനസ്സ് ഒരു ബാലനെ നിയോഗിക്കണം. രാജാവ് ഒരു ബാലനെ നിയോഗിച്ചു. ഈ ബാലന്‍ ആഭിചാരകന്റെ അടുത്തു വന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഒരു പുരോഹിതനെ (മിക്കവാറും ക്രൈസ്തവനായിരിക്കണം) കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അവനെ ആകര്‍ഷിച്ചു. അവന്‍ വിശ്വാസിയായി. അങ്ങനെ ആ പുരോഹിതന്റെ ശിക്ഷണത്തിലൂടെ അവനൊരു സിദ്ധനായിത്തീര്‍ന്നു. അവന്‍ അന്ധന്‍മാര്‍ക്ക് കാഴ്ച കൊടുക്കാനും കുഷ്ഠരോഗികളെ സുഖപ്പെടുത്താനും തുടങ്ങി. ഈ ബാലന്‍ സത്യവിശ്വാസിയായതറിഞ്ഞ രാജാവ് ആദ്യം പുരോഹിതനെ വധിച്ചു. അനന്തരം ബാലനെ കൊല്ലാന്‍ തുനിഞ്ഞു. പക്ഷേ, വാളുകളോ കുന്തങ്ങളോ ഒന്നും അവന്ന് ഏശിയില്ല. ഒടുവില്‍ കുട്ടി പറഞ്ഞു: ”അങ്ങേക്ക് എന്നെ കൊല്ലുകതന്നെ വേണമെങ്കില്‍ അതിന് ഒരു വഴിയേ ഉള്ളൂ. ജനക്കൂട്ടത്തിനു മുന്നില്‍ വച്ച് بِسْمِ رَبِّ الْغُلاَم (ഈ ബാലന്റെ നാഥന്റെ നാമത്തില്‍) എന്ന് ഉരുവിട്ടുകൊണ്ട് എന്റെ നേരെ അമ്പെയ്യുക. ഞാന്‍ മരിച്ചുകൊള്ളും.” രാജാവ് അങ്ങനെത്തന്നെ പ്രവര്‍ത്തിച്ചു. ബാലന്‍ മരിക്കുകയും ചെയ്തു. ഇതു കണ്ട പുരുഷാരം വിളിച്ചു പറഞ്ഞു: ”ഞങ്ങള്‍ ഈ ബാലന്റെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു.” അപ്പോള്‍ രാജാവിന്റെ സഹചാരികള്‍ ഉണര്‍ത്തി: ”അങ്ങ് രക്ഷപ്പെടാന്‍ ആഗ്രഹിച്ചത് എന്തില്‍നിന്നാണോ അതുതന്നെയാണല്ലോ ഇപ്പോള്‍ സംഭവിച്ചത്. ജനം തിരുമനസ്സിന്റെ മതം വെടിഞ്ഞ് ആ ബാലന്റെ മതം സ്വീകരിച്ചിരിക്കുന്നു.” ഇതു കണ്ട രാജാവ് കോപാന്ധനായിത്തീര്‍ന്നു. അയാള്‍ നിരത്തോരങ്ങളില്‍ കിടങ്ങുകള്‍ കുഴിപ്പിച്ചു. അതില്‍ വിറകു നിറച്ചു തീയാളിച്ചു. സത്യവിശ്വാസം കൈയൊഴിക്കാന്‍ വിസമ്മതിച്ചവരെയെല്ലാം അയാള്‍ അതിലേക്ക് തള്ളിച്ചു. (അഹ്മദ്, നസാഇ, മുസ്‌ലിം, തിര്‍മിദി, ഇബ്‌നുജരീര്‍, അബ്ദുര്‍റസാഖ്, ഇബ്‌നു അബീശൈബ, ത്വബ്‌റാനി, അബ്ദുബിന്‍ ഹുമൈദ്.) മറ്റൊരു സംഭവം അലി(റ)യില്‍നിന്ന് ഇബ്‌നുജരീര്‍ ഉദ്ധരിച്ചിട്ടുള്ളതാണ്. അദ്ദേഹം പറയുന്നു: പേര്‍ഷ്യയിലെ ഒരു രാജാവ് മദ്യലഹരിയിലായിരുന്നപ്പോള്‍ സ്വന്തം സഹോദരിയെ സംഗംചെയ്തു. അവരുടെ അവിഹിതബന്ധം തുടര്‍ന്നും നിലനിന്നു. സംഗതി പുറത്തായപ്പോള്‍ രാജാവ് പ്രഖ്യാപിച്ചു: ”സഹോദരിയെ വിവാഹം ചെയ്യുന്നത് ദൈവം അനുവദനീയമാക്കിയിരിക്കുന്നു.” ആളുകള്‍ അതംഗീകരിച്ചില്ല. രാജാവ് പലതരം മര്‍ദന നടപടികളിലൂടെ ജനങ്ങളെ അതംഗീകരിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രാജാവ് ഒരു തീക്കിടങ്ങ് നിര്‍മിച്ച്, തന്റെ പുതിയ നിയമം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരെയെല്ലാം അതിലിട്ട് ചുട്ടുകളഞ്ഞു. അന്നുമുതലാണ്, രക്തബന്ധുക്കളെ വിവാഹം ചെയ്യുന്ന സമ്പ്രദായം മജൂസികളില്‍ നടപ്പായതെന്നും അലി(റ) പ്രസ്താവിക്കുകയുണ്ടായി (ഇബ്‌നുജരീര്‍). മൂന്നാമത്തെ സംഭവം ഇബ്‌നുജരീറും അബ്ദുബിന്‍ ഹുമൈദും ഇബ്‌നുഅബ്ബാസില്‍നിന്ന് നിവേദനം ചെയ്തതാണ്. അദ്ദേഹമത് മിക്കവാറും ഇസ്‌റാഈലീകഥകളില്‍നിന്ന് സ്വീകരിച്ചതായിരിക്കണം. ബാബിലോണിയN654ക്കാര്‍ ഇസ്‌റാഈല്യരെ മൂസാ(അ)യുടെ മതം കൈയൊഴിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ മൂസാ(അ)യെ നിഷേധിക്കാന്‍ വിസമ്മതിച്ചവരെയെല്ലാം തീ നിറച്ച കിടങ്ങുകളിലേക്കെറിഞ്ഞുകളഞ്ഞു. ഏറ്റവും പ്രസിദ്ധമായ സംഭവം നജ്‌റാനില്‍ നടന്നതാണ്. ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു ഖല്‍ദൂന്‍, മുഅ്ജമുല്‍ ബുല്‍ദാനിന്റെ കര്‍ത്താവ് തുടങ്ങിയ ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കമിതാണ്: യമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ അസ്അമ് അബൂകരിബ് ഒരിക്കല്‍ യസ്‌രിബ് സന്ദര്‍ശിച്ചു. അവിടത്തെ ജൂതന്‍മാരില്‍ ആകൃഷ്ടനായ അയാള്‍ ജൂതമതം സ്വീകരിക്കുകയും ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്‍മാരെ തന്നോടൊപ്പം യമനിലേക്ക്കൊണ്ടുപോവുകയും ചെയ്തു. അയാള്‍ യമനില്‍ വന്‍തോതില്‍ ജൂതമതം പ്രചരിപ്പിച്ചു. അയാളുടെ പിന്‍ഗാമിയായി വന്ന പുത്രന്‍ ദൂനവാസ് ദക്ഷിണ അറേബ്യയിലെ ക്രൈസ്തവ മേഖലയായിരുന്ന നജ്‌റാന്‍ ആക്രമിച്ചു. അവിടെനിന്ന് ക്രിസ്തുമതത്തെ നിഷ്‌കാസനം ചെയ്യണമെന്നും ജനങ്ങളെല്ലാം ജൂതമതം സ്വീകരിക്കണമെന്നും അയാള്‍ നിര്‍ബന്ധിച്ചു. (ഈ ക്രിസ്ത്യാനികള്‍ ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്‌നുഹിശാം പ്രസ്താവിച്ചിട്ടുണ്ട്). ദൂനവാസ് നജ്‌റാനിലെത്തി, ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചു. ജനം കൂട്ടാക്കിയില്ല. അതിനെത്തുടര്‍ന്ന് നിരവധിയാളുകളെ തീക്കിടങ്ങുകളിലെറിഞ്ഞു ചുട്ടുകളഞ്ഞു. നിരവധിയാളുകളെ വധിക്കുകയും ചെയ്തു. മൊത്തം ഇരുപതിനായിരം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. ദൗസ്ദൂസഅ്‌ലബാന്‍ എന്ന ഒരു നജ്‌റാന്‍കാരന്‍ അവിടെനിന്ന് ഒളിച്ചോടി. ഒരു നിവേദനപ്രകാരം അയാള്‍ റോമിലെ സീസറുടെ അടുത്തെത്തി. മറ്റൊരു നിവേദനപ്രകാരം അബിസീനിയന്‍ രാജാവ് നജ്ജാശിയുടെ അടുത്താണെത്തിയത്. അയാള്‍ ഈ ആക്രമണത്തെക്കുറിച്ച് രാജാവിനോട് ആവലാതിപ്പെട്ടു. ആദ്യനിവേദനപ്രകാരം സീസര്‍ അബിസീനിയയിലെ നജ്ജാശിക്ക് എഴുത്തയച്ചു. രണ്ടാമത്തെ നിവേദനപ്രകാരം നജ്ജാശി സീസറോട് നാവികപ്പട സജ്ജീകരിച്ചുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. ഏതായാലും അര്‍യാത്വ് എന്നു പേരുള്ള ഒരു ജനറലിന്റെ നേതൃത്വത്തില്‍ എഴുപതിനായിരം ഭടന്‍മാരുള്ള ഒരു അബിസീനിയന്‍ സൈന്യം യമനിനെ ആക്രമിച്ചു. ദൂനവാസ് നശിപ്പിക്കപ്പെട്ടു. ജൂതഭരണം അവസാനിച്ചു. യമന്‍ ക്രൈസ്തവ അബിസീനിയയുടെ ഭാഗമായിത്തീരുകയും ചെയ്തു. മറ്റു ചരിത്രകാരന്‍മാര്‍ ഇസ്‌ലാമിക ചരിത്രകാരന്‍മാരുടെ വിവരണത്തെ സത്യപ്പെടുത്തുന്നതോടൊപ്പം വളരെയേറെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. യമന്‍ ആദ്യമായി ക്രൈസ്തവ അബിസീനിയയുടെ പിടിയിലായത് എ.ഡി. 340 മുതല്‍ 378 വരെയാണ്. ഇക്കാലത്താണ് ക്രൈസ്തവമിഷനറിമാര്‍ യമനില്‍ എത്തിത്തുടങ്ങിയത്. ഇതിനോടടുത്ത കാലത്ത് സന്യാസിയും മുജാഹിദും അതീന്ദ്രിയജ്ഞാനിയും സിദ്ധനുമായ ഒരു ക്രൈസ്തവ സഞ്ചാരി നജ്‌റാനിലെത്തി. ഫെയ്മിയോന്‍ (Faymiyun) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം വിഗ്രഹാരാധന അധര്‍മമാണെന്ന് തദ്ദേശീയരെ ബോധ്യപ്പെടുത്തി. ഫെയ്മിയോന്റെ പ്രബോധനഫലമായി നജ്‌റാന്‍വാസികള്‍ ക്രിസ്തുമതം സ്വീകരിച്ചു. മൂന്നു നേതാക്കളാണ് അവരുടെ സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഒന്ന്: സയ്യിദ്. ഗോത്രത്തലവന്‍മാരെപ്പോലെ വലിയ നേതാവാണിദ്ദേഹം. ബാഹ്യ ഇടപാടുകള്‍, സന്ധികള്‍, സൈനിക നായകത്വം എന്നിവ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ്. രണ്ട്: ആഖിബ്. ഇദ്ദേഹമാണ് ആഭ്യന്തരകാര്യങ്ങളുടെ മേല്‍നോട്ടക്കാരന്‍. മൂന്ന്: ഉസ്ഖുഫ് (ബിഷപ്പ്). ഇദ്ദേഹം മതാധ്യക്ഷനാണ്. ദക്ഷിണ അറേബ്യയില്‍ നജ്‌റാന്‍ വലിയ പ്രാധാന്യം നേടിയിട്ടുണ്ടായിരുന്നു. പ്രമുഖ വ്യാപാരവ്യവസായ കേന്ദ്രമായിരുന്നു അത്. അവിടെ തുകല്‍വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. പ്രസിദ്ധമായ യമനീ വസ്ത്രങ്ങളും അവിടെ നിര്‍മിക്കപ്പെട്ടിരുന്നു. ഈ നിലക്ക് മതപരമായ കാരണത്താല്‍ മാത്രമല്ല, രാഷ്ട്രീയസാമ്പത്തിക കാരണങ്ങള്‍കൊണ്ടു കൂടിയാണ് ദൂനവാസ് നജ്‌റാനെ ആക്രമിച്ചത്. നജ്‌റാനിലെ സയ്യിദായിരുന്ന ഹാരിസിനെ ദൂനവാസ് വധിച്ചു. സുറിയാനി ചരിത്രകാരന്‍മാര്‍ ഇദ്ദേഹത്തെ ‘Arethas’ എന്നാണെഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ വേമയുടെ മുമ്പില്‍ അവരുടെ രണ്ടു പെണ്‍മക്കളെ കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചു. അനന്തരം അവരെയും വധിച്ചു. ബിഷപ്പ് പോളിന്റെ അസ്ഥികൂടം കല്ലറയില്‍നിന്ന് മാന്തിയെടുത്ത് കത്തിച്ചുകളഞ്ഞു. സ്ത്രീകളെയും കുട്ടികളെയും പുരുഷന്‍മാരെയും വൃദ്ധജനങ്ങളെയും സന്യാസിമാരെയും പുരോഹിതന്‍മാരെയുമെല്ലാം തീ നിറച്ച കിടങ്ങുകളില്‍ തള്ളി. ആകെ കൊല്ലപ്പെട്ടവരുടെ സംഖ്യ ഇരുപതിനായിരം മുതല്‍ നാല്‍പതിനായിരം വരെയാണെന്നു പ്രസ്താവിക്കപ്പെടുന്നു. എ.ഡി. 523 ഒക്‌ടോബറിലാണ് ഈ സംഭവം നടന്നത്. എ.ഡി. 525-ല്‍ അബിസീനിയയുടെ ആക്രമണം ദൂനവാസിനെയും അയാളുടെ ഹിംയറി ഭരണകൂടത്തെയും നിഷ്‌കാസനം ചെയ്തു. അടുത്ത കാലത്ത് യമനിലെ പുരാവസ്തുഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങളെ ശരിവയ്ക്കുന്നുണ്ട്. ആറാം നൂറ്റാണ്ടിലെ നിരവധി ക്രൈസ്തവരേഖകളില്‍ ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ വര്‍ണിച്ചിട്ടുണ്ട്. അവയില്‍ ചിലത് സംഭവം നടന്ന കാലം രേഖപ്പെടുത്തിയതും ദൃക്‌സാക്ഷികളില്‍നിന്ന് കേട്ടെഴുതിയതുമാണ്. അവയില്‍ മൂന്നു ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ ഈ സംഭവത്തിന്റെ സമകാലികരാണ്. ഒരാള്‍ പ്രസ്‌കോപ്പിയാസ്. രണ്ടാമന്‍ കോസ്‌മോസ് ഇന്‍ഡികോപ്പിയസ്റ്റിസ് (Cosmos Indicpeustis). നജ്ജാശി രാജാവായ എലിസ്‌ബോവന്റെ (Elisboan) കല്‍പനപ്രകാരം ബത്‌ലിമോസിന്റെ യവനഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്തിട്ടുള്ള ഇദ്ദേഹം അബിസീനിയയിലെ തീരദേശപട്ടണമായ അഡോലിസി(Adolis)ലാണ് വസിച്ചിരുന്നത്. മൂന്നാമന്‍ യോഹന്നസ് മലാല (Johannes Malala). പില്‍ക്കാലത്ത് നിരവധി ചരിത്രകാരന്‍മാര്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത് ഇദ്ദേഹത്തില്‍നിന്നാണ്. അതിനുശേഷം യോഹന്നസ് എപ്പിസോസ് അദ്ദേഹത്തിന്റെ സഭാചരിത്രത്തില്‍ നജ്‌റാനിലെ ക്രൈസ്തവ പീഡനകഥ ആ സംഭവത്തിന്റെ സമകാലികനായ ബിഷപ്പ് ശീമോന്റെ ഒരു കത്തില്‍നിന്ന് ഉദ്ധരിച്ചിട്ടുണ്ട്. എപ്പിസോസ് മരിച്ചത് എ.ഡി. 585-ലാണ്. ഗബല (Abbot Van Gabula) മഠത്തിന്റെ അധിപന്റെ പേരില്‍ മാര്‍ശീമോന്‍ എഴുതിയ ഈ കത്തില്‍, സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്ന യമന്‍കാരുടെ ദൃക്‌സാക്ഷികളുടെ വിവരണമാണദ്ദേഹം ഉദ്ധരിക്കുന്നത്. ഈ കത്ത് 1881-ല്‍ റോമിലും 1890-ല്‍ ക്രൈസ്തവ രക്തസാക്ഷികളുടെ ചരിത്രപരമ്പരയിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. യാക്കോബായ പാത്രിയാര്‍ക്കിസ് ഡയോനിസിയൂസും (Dionysius) മിതിലൈനിലെ സക്കറിയായും (Zacharia of Mitylane) അവരുടെ സുറിയാനീ ചരിത്രങ്ങളിലും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. യാക്കോബ് സറൂജിയുടെ ഗ്രന്ഥത്തിലെ ‘നജ്‌റാനിലെ നസ്രായര്‍’ എന്ന അധ്യായത്തിലും ഇതുണ്ട്. അര്‍റഹാ(Edessa)യിലെ ബിഷപ്പ് പോള്‍സ് നജ്‌റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ എഴുതിയ വിലാപഗീതം ഇന്നും ലഭ്യമാണ്. സുറിയാനീ ഭാഷയില്‍ വിരചിതമായ ‘കിതാബുല്‍ ഹിംയരിയ്യീന്‍’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തര്‍ജമ (Book of Himyarities) ലണ്ടനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മുസ്‌ലിം ചരിത്രകാരന്‍മാരുടെ വിവരണങ്ങളെ സത്യപ്പെടുത്തുന്നതാണ്. അക്കാലത്തെയും അതിനടുത്ത കാലത്തെയും ചില അബിസീനിയന്‍ ലിഖിതങ്ങളും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. അവയും ഈ കഥയെ ബലപ്പെടുത്തുന്നു. ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ (Arabian Highlands) എഴുതുന്നു: കിടങ്ങു സംഭവം നടന്ന സ്ഥലം നജ്‌റാനിലെ ജനങ്ങള്‍ക്കിടയില്‍ ഇന്നും സുപരിചിതമാകുന്നു. ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാം. നജ്‌റാന്‍ കഅ്ബ എവിടെയാണ് സ്ഥിതിചെയ്തിരുന്നതെന്നും ഇന്നത്തെ നജ്‌റാന്‍കാര്‍ക്കറിയാം. അബിസീനിയക്കാര്‍ നജ്‌റാന്‍ കൈയടക്കിയശേഷം അവിടെ കഅ്ബയുടെ ആകൃതിയില്‍ ഒരു എടുപ്പുണ്ടാക്കിയിരുന്നു. മക്കയിലെ കഅ്ബയുടെ കേന്ദ്രസ്ഥാനം അതിനു നല്‍കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. അതിലെ ബിഷപ്പുമാര്‍ തലപ്പാവ് ധരിച്ചിരുന്നു. അത് ഹറം (പുണ്യസ്ഥലം) ആയി പ്രഖ്യാപിക്കപ്പെട്ടു. റോമാ സാമ്രാജ്യവും ഈ കഅ്ബക്ക് ധനസഹായങ്ങളെത്തിച്ചിരുന്നു. ഇതേ കഅ്ബയിലെ പാതിരിയാണ് നജ്‌റാനിലെ സയ്യിദിന്റെയും ആഖിബിന്റെയും ബിഷപ്പുമാരുടെയും നേതാവായി നബി(സ)യോട് വാദപ്രതിവാദം നടത്താന്‍ മദീനയില്‍ വന്നത്. അങ്ങനെയാണ് സൂറ ആലുഇംറാനില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രസിദ്ധമായ മുബാഹല സംഭവമുണ്ടായത്.

5. ഈ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ ചില ഗുണങ്ങള്‍ പ്രസ്താവിച്ചിരിക്കുകയാണ്. അവയുടെ അടിസ്ഥാനത്തില്‍ അവര്‍തന്നെ അവനില്‍ വിശ്വസിക്കാന്‍ കടപ്പെട്ടവരാകുന്നു. വല്ലവരും വിശ്വസിക്കുന്നതിനെ തടയുന്നവര്‍ അക്രമികളുമാകുന്നു.

ആകാശമാണ് സത്യം/സാക്ഷി = وَالسَّمَاءِ
ഉള്ള = ذَاتِ
നക്ഷത്രങ്ങള്‍ = الْبُرُوجِ
ആ ദിവസവുമാണ് = وَالْيَوْمِ
വാഗ്ദാനം ചെയ്യപ്പെട്ട = الْمَوْعُودِ
സാക്ഷിയുമാണ് = وَشَاهِدٍ
സാക്ഷി നില്‍ക്കപ്പെടുന്നതുമാണ് = وَمَشْهُودٍ
നശിപ്പിക്കപ്പെട്ടിരിക്കുന്നു = قُتِلَ
ആള്‍ക്കാര്‍ = أَصْحَابُ
കിടങ്ങിന്റെ = الْأُخْدُودِ
അതായത് അഗ്നിയുടെ = النَّارِ
ഉള്ള = ذَاتِ
വിറക് = الْوَقُودِ
അവരായിരുന്ന സന്ദര്‍ഭം = إِذْ هُمْ
അതിനരികില്‍ = عَلَيْهَا
ഇരിക്കുന്നവര്‍ = قُعُودٌ
അവരായിരിക്കെ = وَهُمْ
അവര്‍ ചെയ്യുന്നതിന് = عَلَىٰ مَا يَفْعَلُونَ
സത്യവിശ്വാസികളെക്കൊണ്ട് = بِالْمُؤْمِنِينَ
സാക്ഷികളാണ് = شُهُودٌ
അവര്‍ കുറ്റം ആരോപിച്ചിട്ടില്ല = وَمَا نَقَمُوا
അവരുടെ മേല്‍ = مِنْهُمْ
അവര്‍ വിശ്വസിച്ചതല്ലാതെ = إِلَّا أَن يُؤْمِنُوا
അല്ലാഹുവില്‍ = بِاللَّهِ
അജയ്യനായ = الْعَزِيزِ
സ്തുത്യര്‍ഹനുമായ = الْحَمِيدِ
യാതൊരുവന്‍ = الَّذِي
അവന്നാണ് = لَهُ
ആധിപത്യം = مُلْكُ
ആകാശങ്ങളുടെ = السَّمَاوَاتِ
ഭൂമിയുടെയും = وَالْأَرْضِۚ
അല്ലാഹു = وَاللَّهُ
എല്ലാ കാര്യത്തിനും = عَلَىٰ كُلِّ شَيْءٍ
ദൃക്സാക്ഷിയാണ് = شَهِيدٌ

Add comment

Your email address will not be published. Required fields are marked *