അത്ത്വാരിഖ്‌ – സൂക്തങ്ങള്‍: 1-10

നാമം

പ്രഥമ സൂക്തത്തിലെ الطَّارِق എന്ന പദം ഈ സൂറയുടെ പേരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഇതിലെ ഉള്ളടക്കത്തിന്റെ വിവരണശൈലി പ്രവാചകന്റെ മക്കാജീവിതത്തിലവതരിച്ച ആദ്യ സൂറകളുടേതിനു സദൃശമാണ്. എന്നാല്‍, മക്കയിലെ അവിശ്വാസികള്‍ ഖുര്‍ആനെയും മുഹമ്മദീയദൗത്യത്തെയും പരാജയപ്പെടുത്താന്‍ സകലവിധ കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്താണ് ഇതവതരിച്ചത്.

ഉള്ളടക്കം

ഇതില്‍ രണ്ടു പ്രമേയങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന്: മനുഷ്യന്‍ മരണാനന്തരം ദൈവസന്നിധിയില്‍ ഹാജരാകേണ്ടതുണ്ട്. രണ്ട്: അവിശ്വാസികളുടെ തന്ത്രങ്ങള്‍കൊണ്ടൊന്നും തോല്‍പിക്കാനാവാത്ത നിര്‍ണായകമായ വചനമാണീ ഖുര്‍ആന്‍. ആദ്യമായി, വിധാതാവായ അസ്തിത്വത്തിന്റെ അഭാവത്തില്‍, സ്വന്തം നിലക്ക് സ്ഥാപിതമാകാനും നിലനില്‍ക്കാനും കഴിയുന്ന ഒരു വസ്തുവും പ്രപഞ്ചത്തില്‍ ഇല്ല എന്നതിനു സാക്ഷ്യമായി ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പിന്നെ, മനുഷ്യചിന്തയെ സ്വന്തം അസ്തിത്വത്തിനു നേരെ തിരിച്ചുവിടുകയാണ്. ഒരു ശുക്ലബീജത്തില്‍നിന്ന് അവനെ എപ്രകാരമാണ് ഉണ്‍മയിലേക്ക് കൊണ്ടുവന്ന് സജീവവും സചേതനവുമായ മനുഷ്യനാക്കിത്തീര്‍ത്തത്? തുടര്‍ന്നു പറയുന്നു: ദൈവം മനുഷ്യനെ എപ്രകാരം ഉണ്‍മയിലേക്ക് കൊണ്ടുവന്നുവോ അതേപ്രകാരംതന്നെ അവനെ രണ്ടാമത് സൃഷ്ടിക്കാനും കഴിവുള്ളവനാകുന്നു. മനുഷ്യന്റെ ഭൗതികലോകത്ത് മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളെല്ലാം പരിശോധിക്കപ്പെടുന്നതിനു വേണ്ടിയത്രേ ആ രണ്ടാം ജന്‍മം. ആ ജീവിതത്തില്‍ ഭൗതികലോകത്ത് അവനനുഷ്ഠിച്ച കര്‍മങ്ങളുടെ ഫലമനുഭവിക്കുന്നതില്‍നിന്ന് സ്വന്തം കഴിവുകൊണ്ട് രക്ഷപ്പെടാന്‍ അവന്നു കഴിയില്ല. ആര്‍ക്കും അവനെ സഹായിക്കാനുമാവില്ല. വചനസമാപനമായി അരുള്‍ ചെയ്യുന്നു: ആകാശത്തുനിന്ന് മഴ വര്‍ഷിക്കുക, ഭൂമിയില്‍ വൃക്ഷലതാദികള്‍ മുളച്ചുവളരുക–ഇതൊന്നും തമാശയല്ല; ഗൗരവമാര്‍ന്ന സംഗതികളാണ്. അതേപ്രകാരം, ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും ചിരിച്ചുതള്ളാനുള്ളതല്ല. സനാതനവും സ്ഥായിയുമായ പൊരുളുകളാണവ. തങ്ങളുടെ സൂത്രങ്ങള്‍കൊണ്ട് ഈ ഖുര്‍ആനെ തോല്‍പിച്ചുകളയാമെന്ന വ്യാമോഹത്തിലാണ് അവിശ്വാസികള്‍. എന്നാല്‍, അല്ലാഹുവിനും ഒരു സൂത്രമുണ്ടെന്ന് അവരറിയുന്നില്ല. അവന്റെ സൂത്രത്തിനു മുമ്പില്‍ അവരുടെ സൂത്രങ്ങളൊക്കെയും പൊളിഞ്ഞു പാളീസായിപ്പോകും. അനന്തരം ഒറ്റവാക്യത്തില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയും സത്യനിഷേധികള്‍ക്കു താക്കീതു നല്‍കുകയും ചെയ്തുകൊണ്ട് പ്രഭാഷണം അവസാനിപ്പിച്ചിരിക്കുകയാണ്. പ്രവാചകനെ സമാധാനിപ്പിക്കുന്നതിങ്ങനെയാണ്: താങ്കള്‍ ക്ഷമിക്കുക. അവിശ്വാസികള്‍ക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യാന്‍ കുറച്ച് അവസരം കൊടുക്കാം. അധികം വൈകാതെ അവര്‍ക്ക് സ്വയം ബോധ്യമാകും; ഖുര്‍ആനെ തോല്‍പിക്കാനുള്ള അവരുടെ തന്ത്രങ്ങളൊന്നും തെല്ലും ഫലിച്ചിട്ടില്ലെന്ന്. എവിടെനിന്നു ഖുര്‍ആനെ തോല്‍പിച്ചോടിക്കാന്‍ തങ്ങള്‍ പാടുപെട്ടുകൊണ്ടിരുന്നുവോ, അവിടെത്തന്നെ അത് ജയിച്ചു വാഴുന്നുവെന്നും.

وَالسَّمَاءِ وَالطَّارِقِ ﴿١﴾ وَمَا أَدْرَاكَ مَا الطَّارِقُ ﴿٢﴾ النَّجْمُ الثَّاقِبُ ﴿٣﴾ إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ﴿٤﴾ فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ﴿٥﴾ خُلِقَ مِن مَّاءٍ دَافِقٍ ﴿٦﴾ يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ﴿٧﴾ إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ﴿٨﴾ يَوْمَ تُبْلَى السَّرَائِرُ ﴿٩﴾ فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ﴿١٠﴾


(1-10) ആകാശമാണ, രാവില്‍ വെളിപ്പെടുന്നതാണ! രാവില്‍ വെളിപ്പെടുന്നതെന്തെന്ന് നിനക്കറിയാമോ? തുളഞ്ഞുകയറുന്ന പ്രകാശമുള്ള താരകം. ഒരാത്മാവും, അതിന്മേല്‍ ഒരു മേല്‍ നോട്ടക്കാരനില്ലാതെയില്ല.1 മനുഷ്യന്‍ ചിന്തിക്കട്ടെ, താന്‍ എന്തില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്.2 തെറിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്ന് ഉദ്ഭവിക്കുന്നു.3 നിശ്ചയം, അവന്‍ (സ്രഷ്ടാവ് മനുഷ്യനെ) വീണ്ടും സൃഷ്ടിക്കാന്‍ കഴിവുള്ളവനാകുന്നു.4 നിഗൂഢരഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം,5 അന്ന് മനുഷ്യന്റെ പക്കല്‍ ഒരു ശക്തിയുമുണ്ടായിരിക്കുകയില്ല; അവന്ന് തുണയേകാനും ആരുമുണ്ടായിരിക്കുകയില്ല.

1. ഇവിടെ മേല്‍നോട്ടക്കാരന്‍ എന്നതുകൊണ്ടുദ്ദേശ്യം, ആകാശഭൂമികളിലുള്ള ചെറുതും വലുതുമായ സകല സൃഷ്ടികളെയും നോക്കി രക്ഷിച്ചുപോരുന്ന അല്ലാഹുതന്നെയാകുന്നു. അവന്‍ അസ്തിത്വമേകിയതുകൊണ്ടാണ് സകല വസ്തുക്കളും ഉണ്ടായിവന്നത്. അവന്‍ നിലനിര്‍ത്തുന്നതുകൊണ്ടാണ് എല്ലാം നിലനില്‍ക്കുന്നത്. അവന്റെ പരിപാലനത്താലാണ് എല്ലാ വസ്തുക്കളും സുരക്ഷിതമാകുന്നത്. എല്ലാ വസ്തുക്കള്‍ക്കും അവയുടെ അവശ്യോപാധികളെത്തിച്ചുകൊടുക്കാനും ഒരു നിശ്ചിത അവധിവരെ അവയെ ആപത്തുകളില്‍നിന്നു രക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളതവനാണ്. ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതിനാണ് ആകാശത്തെയും രാത്രിയില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങളെയും ഗോളങ്ങളെയും സാക്ഷിയാക്കി സത്യം ചെയ്തിരിക്കുന്നത്. النَّجْمُ الثَّاقِب എന്നത് ഭാഷാപരമായി ഏകവചനമാണെങ്കിലും ഒറ്റ നക്ഷത്രമല്ല അതുകൊണ്ടുദ്ദേശ്യം, പ്രത്യുത, നക്ഷത്രവര്‍ഗമാണ്. ഈ സത്യംചെയ്യലിന്റെ സാരമിതാണ്: നിശാകാലത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളോരോന്നും അതിനെ നിര്‍മിക്കുകയും പ്രകാശിപ്പിക്കുകയും അന്തരീക്ഷത്തില്‍ ബന്ധിച്ചുനിര്‍ത്തുകയും സ്വസ്ഥാനങ്ങളില്‍നിന്ന് വീണുപോവുകയോ എണ്ണമറ്റ നക്ഷത്രങ്ങളുടെ ഭ്രമണത്തിനിടയില്‍ പരസ്പരം കൂട്ടിമുട്ടുകയോ ചെയ്യാത്തവണ്ണം അവയെ നിയന്ത്രിച്ചു സംരക്ഷിക്കുകയും ചെയ്യുന്ന ഒരുവനുണ്ടെന്ന് സാക്ഷ്യംവഹിക്കുന്നു.

2. ഉപരിലോകത്തേക്ക് ശ്രദ്ധ ക്ഷണിച്ച ശേഷം മനുഷ്യനെ സ്വന്തം അസ്തിത്വത്തെക്കുറിച്ചു ചിന്തിക്കാന്‍ ഉദ്‌ബോധിപ്പിക്കുകയാണ്: എങ്ങനെയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്? കോടിക്കണക്കില്‍ പിതൃബീജങ്ങളിലൊന്നിനെയും മാതാവിന്റെ അനേകം അണ്ഡങ്ങളിലൊന്നിനെയും തെരഞ്ഞെടുത്ത് എപ്പോഴോ കൂട്ടിയിണക്കുകയും അങ്ങനെ ഒരു പ്രത്യേക മനുഷ്യന്റെ ഗര്‍ഭധാരണം സംഭവിപ്പിക്കുകയും ചെയ്തതാരാണ്? ഗര്‍ഭധാരണാനന്തരം ജീവനുള്ള ഒരു ശിശുവായി പ്രസവിക്കപ്പെടുന്നതുവരെ അവനെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്നതാരാണ്? പിന്നെ ഗര്‍ഭാശയത്തില്‍ വെച്ചുതന്നെ അവന്റെ ആകാരവും ശാരീരിക-മാനസിക യോഗ്യതകളും സന്തുലിതമാക്കുന്നതാരാണ്? ജനനം മുതല്‍ മരണം വരെ അവനെ നിരന്തരം നോക്കി രക്ഷിച്ചുപോരുന്നതാരാണ്? അവനെ രോഗങ്ങളില്‍നിന്ന് മുക്തനാക്കുന്നു. അത്യാഹിതങ്ങളില്‍നിന്നകറ്റുന്നു, ആപത്തുകളില്‍നിന്ന് രക്ഷിക്കുന്നു, എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര ജീവിതോപാധികള്‍ സജ്ജീകരിച്ചുകൊടുക്കുന്നു, ഓരോ ചുവടുവയ്പിലും ഈ ലോകത്ത് നിലനില്‍ക്കാനുള്ള അവസരങ്ങളൊരുക്കിക്കൊടുക്കുന്നു. അവയൊക്കെ അവന്ന് സ്വയം ഒരുക്കാന്‍ കഴിയുന്നതു പോകട്ടെ, അവയിലധിക സംഗതികളെക്കുറിച്ചും അവന്നു ധാരണയേയില്ല. ഇതൊക്കെയും ഒരു ദൈവത്തിന്റെ ആസൂത്രണവും മേല്‍നോട്ടവുമില്ലാതെയാണോ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

3. صُلْب، تَرَائِب എന്നീ പദങ്ങളാണ് മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. നട്ടെല്ലിനാണ് സ്വുല്‍ബ് എന്നു പറയുന്നത്. തറാഇബിന്റെ അര്‍ഥം വാരിയെല്ലുകള്‍ എന്നാണ്. സ്ത്രീപുരുഷന്‍മാരുടെ പ്രജനനധാതു മനുഷ്യന്റെ നട്ടെല്ലിനും വാരിയെല്ലിനുമിടക്കുള്ള ശരീരഭാഗത്തുനിന്ന് ഉദ്ഭവിക്കുന്നതാകയാല്‍ പറയുകയാണ്: മാറിടത്തിനും ഉദരത്തിനുമിടയില്‍നിന്നുദ്ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണശരീരത്തില്‍ നിന്നാണുദ്ഭവിക്കുന്നതെന്ന് പറയുന്നത് സാധുവല്ല. ശരീരത്തിന്റെ മുഖ്യാവയവങ്ങള്‍ അവന്റെ ഉദ്ഭവകേന്ദ്രമാണ്. അതാവട്ടെ, എല്ലാ മനുഷ്യശരീരത്തിലുമുണ്ട്. നട്ടെല്ല് മസ്തിഷ്‌കവുമായി ശരീരത്തെ ബന്ധപ്പെടുത്തുന്നു. മസ്തിഷ്‌ക ഭാഗംതന്നെയായതുകൊണ്ടാണ് മസ്തിഷ്‌കത്തെ വേറെ എടുത്തുപറയാതിരുന്നത്

4. അവന്‍ മനുഷ്യന്ന് അസ്തിത്വമേകുകയും ഗര്‍ഭധാരണം മുതല്‍ അന്ത്യശ്വാസം വരെ പരിപാലിക്കുകയും ചെയ്യുന്നതെപ്രകാരമാണോ, അതുതന്നെ മരണാനന്തരം അവനെ വീണ്ടും അസ്തിത്വത്തില്‍ കൊണ്ടുവരാന്‍ അവന്ന് കഴിയുമെന്നതിനുള്ള വ്യക്തമായ തെളിവാകുന്നു. അവന്‍ ആദ്യത്തെ കാര്യത്തിന് കഴിവുറ്റവനായിരുന്നുവെങ്കില്‍, ആ കഴിവിലൂടെയാണ് മനുഷ്യന്‍ ഈ ലോകത്ത് ജീവിച്ചു നിലനിന്നതെങ്കില്‍, രണ്ടാമത്തെ കാര്യത്തിന് അവന്‍ ശക്തനല്ല എന്നനുമാനിക്കുന്നതിന് യുക്തിസഹമായ എന്തു ന്യായമാണുന്നയിക്കാന്‍ കഴിയുക? ഈ കഴിവിനെ നിഷേധിക്കാന്‍ മനുഷ്യന്ന് ദൈവമാണ് അസ്തിത്വമേകിയത് എന്ന വസ്തുതതന്നെ നിഷേധിക്കേണ്ടിവരും. അതു നിഷേധിക്കുകയാണെങ്കില്‍ തന്റെ മസ്തിഷ്‌ക വൈകൃതം ഒരുനാള്‍ ഇങ്ങനെ വാദിക്കാനും അവനെ ധൃഷ്ടനാക്കിക്കൂടായ്കയില്ല: ലോകത്തുള്ള പുസ്തകങ്ങളെല്ലാം ഒരു യാദൃച്ഛികസംഭവമായി മുദ്രിതമായതാണ്. ലോകത്തിലെ സകല നഗരങ്ങളും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതാണ്. വ്യവസായശാലകളെല്ലാം ഉണ്ടായി സ്വയം പ്രവര്‍ത്തനനിരതമാകുംവണ്ണമുള്ള ഒരു യാദൃച്ഛിക സ്‌ഫോടനം ഭൂമിയില്‍ നടന്നിട്ടുണ്ട്. യാഥാര്‍ഥ്യമിതാകുന്നു: മനുഷ്യന്റെ സൃഷ്ടിയും ശരീരഘടനയും അവരിലുള്ള പ്രവര്‍ത്തനയോഗ്യതകളുടെ ഉദ്ഭവവും, ഒരു സജീവ അസ്തിത്വമെന്ന നിലയിലുള്ള അവന്റെ നിലനില്‍പും മനുഷ്യഹസ്തങ്ങളാല്‍ ഈ ലോകത്ത് ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളുമെല്ലാം വളരെയേറെ സങ്കീര്‍ണമായ ജോലിയാകുന്നു. ഇത്രയേറെ സങ്കീര്‍ണമായ ജോലി, ഇത്രമാത്രം യുക്തിബദ്ധമായും സന്തുലിതമായും വ്യവസ്ഥാപിതമായും നടക്കുന്നത് യാദൃച്ഛിക സംഭവമാണെങ്കില്‍ പിന്നെ ഒരു മസ്തിഷ്‌ക രോഗിക്ക് യാദൃച്ഛിക സംഭവമെന്ന് വിളിച്ചുകൂടാത്ത കാര്യമേതുണ്ട്?!

5. നിഗൂഢരഹസ്യങ്ങള്‍ എന്നതുകൊണ്ട്, ഈ ലോകത്ത് ഓരോരുത്തരുടെയും പരമരഹസ്യമായി ഒളിഞ്ഞുകിടന്നിരുന്ന കര്‍മങ്ങളും, ബാഹ്യരൂപത്തില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷമായ കര്‍മങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതും ജനങ്ങളില്‍നിന്ന് ഒളിച്ചുപിടിച്ചിരുന്നതുമായ ഉദ്ദേശ്യലക്ഷ്യങ്ങളും ആഗ്രഹാഭിലാഷങ്ങളും ആന്തരിക പ്രചോദനങ്ങളും ഉദ്ദേശ്യമാകുന്നു. അന്ത്യനാളില്‍ അതെല്ലാം വ്യക്തമായി മുന്നില്‍ വരും. ഒരാള്‍ എന്തു കര്‍മം ചെയ്തു എന്നു മാത്രമല്ല പരിശോധിക്കുക; എന്തു കാരണത്താല്‍, എന്തുദ്ദേശ്യത്താല്‍, എന്തു ലക്ഷ്യത്തിനുവേണ്ടി ചെയ്തു എന്നുകൂടി പരിശോധിക്കുന്നതാണ്. അതേപ്രകാരം ലോകര്‍ക്കെല്ലാം, സ്വകാര്യമായി ഒരു കര്‍മം ചെയ്തവന്നുപോലും അവന്‍ എന്തു കര്‍മം ചെയ്തുവെന്നും അത് ലോകത്ത് എന്തു സ്വാധീനമുണ്ടാക്കിയെന്നും അതെത്രത്തോളം എത്തിയെന്നും എത്ര കാലം നിലനിന്നുവെന്നും സ്പഷ്ടമായി വെളിപ്പെടുന്നു. ഒരുവന്‍ ഈ ലോകത്ത് വിതച്ച വിത്തിന്റെ ഫലം ഏതെല്ലാം രൂപത്തില്‍ ഏതു കാലം വരെ വിളഞ്ഞുകൊണ്ടിരുന്നുവെന്നും ആരെല്ലാം അതു കൊയ്തുകൊണ്ടിരുന്നുവെന്നുമുള്ള രഹസ്യവും അന്ത്യനാളില്‍ത്തന്നെയാണ് വെളിപ്പെടുക.

ആകാശമാണ് സത്യം/സാക്ഷി = وَالسَّمَاءِ
രാവില്‍ പ്രത്യക്ഷപ്പെടുന്നതുമാണ് = وَالطَّارِقِ
എന്താണ്? = وَمَا
നിന്നെ അറിയിച്ചത് = أَدْرَاكَ
എന്താണെന്ന് = مَا
രാവില്‍ പ്രത്യക്ഷപ്പെടുന്നത് = الطَّارِقُ
നക്ഷത്രമാണത് = النَّجْمُ
തുളച്ചുകയറുന്ന = الثَّاقِبُ
ഇല്ല = إِن
ഒരാളും = كُلُّ نَفْسٍ
ഇല്ലാതെ = لَّمَّا
അവന്റെ മേല്‍ = عَلَيْهَا
ഒരു മേല്‍നോട്ടക്കാരന്‍ = حَافِظٌ
ചിന്തിച്ചുനോക്കട്ടെ = فَلْيَنظُرِ
മനുഷ്യന്‍ = الْإِنسَانُ
ഏതില്‍നിന്ന് = مِمَّ
അവന്‍ സൃഷ്ടിക്കപ്പെട്ടു = خُلِقَ
അവന്‍ സൃഷ്ടിക്കപ്പെട്ടു = خُلِقَ
വെള്ളത്തില്‍ നിന്ന് = مِن مَّاءٍ
തെറിച്ചുവീഴുന്ന = دَافِقٍ
അത് പുറപ്പെടുന്നു = يَخْرُجُ
ഇടയില്‍നിന്ന് = مِن بَيْنِ
മുതുകെല്ലിന്റെ = الصُّلْبِ
മാറെല്ലുകളുടെയും = وَالتَّرَائِبِ
നിശ്ചയമായും അവന്‍ = إِنَّهُ
അവനെ തിരികെ കൊണ്ടുവരാന്‍ = عَلَىٰ رَجْعِهِ
കഴിവുറ്റവനാണ് = لَقَادِرٌ
നാളില്‍ = يَوْمَ
പരിശോധിക്കപ്പെടുന്ന = تُبْلَى
രഹസ്യങ്ങള്‍ = السَّرَائِرُ
അപ്പോള്‍ ഉണ്ടാവില്ല = فَمَا
അവന് = لَهُ
ഒരു കഴിവും = مِن قُوَّةٍ
ഒരു സഹായിയും = وَلَا نَاصِرٍ

Add comment

Your email address will not be published. Required fields are marked *