അത്ത്വാരിഖ്‌ – സൂക്തങ്ങള്‍: 11-17

وَالسَّمَاءِ ذَاتِ الرَّجْعِ ﴿١١﴾ وَالْأَرْضِ ذَاتِ الصَّدْعِ ﴿١٢﴾ إِنَّهُ لَقَوْلٌ فَصْلٌ ﴿١٣﴾ وَمَا هُوَ بِالْهَزْلِ ﴿١٤﴾ إِنَّهُمْ يَكِيدُونَ كَيْدًا ﴿١٥﴾ وَأَكِيدُ كَيْدًا ﴿١٦﴾ فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ﴿١٧﴾


(11-17) മഴ വര്‍ഷിക്കുന്ന ആകാശമാണ,6 (സസ്യങ്ങള്‍ മുളക്കുമ്പോള്‍) പിളരുന്ന ഭൂമിയാണ, ഇത് നിര്‍ണായക വചനമാകുന്നു. തമാശയല്ല.7 ഈ ജനം (മക്കയിലെ നിഷേധികള്‍) ചില തന്ത്രങ്ങള്‍ പയറ്റുന്നുണ്ട്.8 ഞാനും ഒരു തന്ത്രം പ്രയോഗിക്കുന്നു.9അതിനാല്‍ പ്രവാചകരേ, ഈ നിഷേധികള്‍ക്ക് ഒരല്‍പം കൂടി സാവകാശം കൊടുത്തേക്കുക10 .

6. ആകാശത്തെക്കുറിച്ച് ذَاتُ الرَّجْع എന്ന വാക്കാണ് മൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. رَجْع എന്ന പദത്തിന്റെ ഭാഷാര്‍ഥം മടക്കം എന്നാകുന്നു. ആലങ്കാരികമായി ഈ പദം അറബിഭാഷയില്‍ മഴയെക്കുറിക്കാനും ഉപയോഗിക്കാറുണ്ട്. കാരണം, അത് ഒറ്റത്തവണ മാത്രമല്ലല്ലോ വര്‍ഷിക്കുന്നത്. മഴയുടെ സീസണില്‍ ആവര്‍ത്തിച്ചു മഴ പെയ്യുന്നു. ചിലപ്പോള്‍ സീസണല്ലാത്തപ്പോഴും മഴ മടങ്ങിയെത്തി ഇടക്കിടെ വര്‍ഷിക്കാറുണ്ട്. ഭൂമിയിലെ സമുദ്രങ്ങളില്‍നിന്ന് ആവിയായി ഉയര്‍ന്നുപോയ വെള്ളം പിന്നീട് തിരിച്ചുവന്ന് ഭൂമിയില്‍ത്തന്നെ വര്‍ഷിക്കുന്നു എന്നതാണ് മഴയെ رَجْع എന്നു വിളിക്കുന്നതിനുള്ള മറ്റൊരു ന്യായം.

7. അതായത്, ആകാശത്തുനിന്ന് മഴ വര്‍ഷിക്കുന്ന രീതിയും ഭൂമി പിളര്‍ന്ന് സസ്യങ്ങള്‍ മുളച്ചുപൊങ്ങുന്നതും തമാശയൊന്നുമല്ല; പ്രത്യുത, ഗുരുതരമായ യാഥാര്‍ഥ്യങ്ങളാകുന്നു. അതേപ്രകാരം, മനുഷ്യന്‍ വീണ്ടും അവന്റെ ദൈവത്തിങ്കലേക്ക് മടങ്ങേണ്ടതുണ്ട് എന്ന് ഈ ഖുര്‍ആന്‍ നല്‍കുന്ന മുന്നറിയിപ്പും ഒരു ഫലിത വര്‍ത്തമാനമൊന്നുമല്ല, ഉറപ്പായ കാര്യമാണ്. ഗൗരവമുള്ള യാഥാര്‍ഥ്യമാണ്. അനിവാര്യമായും സാക്ഷാല്‍ക്കരിക്കപ്പെടുന്ന സുസ്ഥിരമായ വചനമാണ്.

8. അതായത്, ഈ ഖുര്‍ആനിക സന്ദേശം പരാജയപ്പെടുത്തുന്നതിന് അവിശ്വാസികള്‍ പലവിധ സൂത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഊത്തുകൊണ്ട് ഈ വിളക്ക് കെടുത്തിക്കളയാമെന്ന് അവര്‍ മോഹിക്കുന്നു. ജനങ്ങളില്‍ പലവക സംശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഓരോ വ്യാജാരോപണങ്ങള്‍ കെട്ടിച്ചമച്ച് ഈ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രവാചകനില്‍ ആരോപിക്കുന്നു. അതുവഴി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുടങ്ങിപ്പോകുമെന്നും അദ്ദേഹം വലിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ജാഹിലിയ്യത്താകുന്ന ഇരുട്ടിന്റെ മൂടുപടം അങ്ങനെ നിലനിര്‍ത്താന്‍ കഴിയുമെന്നുമാണവരുടെ വിചാരം.

9. അതായത്, അവരുടെ സൂത്രങ്ങള്‍ വിജയിക്കാതിരിക്കാനുള്ള സൂത്രങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ഒടുവില്‍ അവര്‍ കൊമ്പുകുത്തുകയും തങ്ങള്‍ ഊതിക്കെടുത്താന്‍ പാടുപെടുന്ന ഈ വെളിച്ചം പരക്കുകയുംതന്നെ ചെയ്യും.

10. അവര്‍ക്കു കുറച്ചവസരം നല്‍കുക. അവര്‍ ചെയ്യാന്‍ വിചാരിക്കുന്നതെന്തെന്നുവെച്ചാല്‍ ചെയ്യട്ടെ എന്നര്‍ഥം. അധികം വൈകാതെ ഫലം അവര്‍ക്കു മുന്നില്‍ പ്രത്യക്ഷമാകും. നമ്മുടെ ആസൂത്രണത്തിനെതിരെ അവരുടെ കുതന്ത്രങ്ങള്‍ എത്രകണ്ടു ഫലിച്ചു എന്ന് അപ്പോഴവര്‍ക്ക് മനസ്സിലാകും.

ആകാശമാണ് സത്യം/സാക്ഷി = وَالسَّمَاءِ
ഉള്ള = ذَاتِ
മഴ = الرَّجْعِ
ഭൂമിയുമാണ് = وَالْأَرْضِ
ഉള്ള = ذَاتِ
പിളരല്‍ = الصَّدْعِ
നിശ്ചയമായും ഇത് = إِنَّهُ
ഒരു വചനമാണ് = لَقَوْلٌ
നിര്‍ണായകമായ = فَصْلٌ
ഇതല്ല = وَمَا هُوَ
തമാശ = بِالْهَزْلِ
നിശ്ചയം, അവര്‍ = إِنَّهُمْ
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു = يَكِيدُونَ
ഒരു തന്ത്രം പ്രയോഗിക്കല്‍ = كَيْدًا
നാമും തന്ത്രം പ്രയോഗിക്കും = وَأَكِيدُ
ഒരു തന്ത്രം പ്രയോഗിക്കല്‍ = كَيْدًا
അതിനാല്‍ നീ അവധി നല്‍കുക = فَمَهِّلِ
സത്യനിഷേധികള്‍ക്ക് = الْكَافِرِينَ
അവര്‍ക്ക് നീ സമയമനുവദിക്കുക = أَمْهِلْهُمْ
അല്‍പം = رُوَيْدًا

Add comment

Your email address will not be published. Required fields are marked *