അല്‍ അഅ്‌ലാ – സൂക്തങ്ങള്‍: 1-7

നാമം

പ്രഥമ സൂക്തമായ سَبِّحِ اسْمَ رَبِّكَ الأَعْلَى എന്ന വാക്യത്തിലെ الأَعْلَى എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

പ്രവാചകത്വത്തിന്റെ ആദ്യനാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കത്തില്‍നിന്ന് മനസ്സിലാകുന്നുണ്ട്. പ്രവാചകന്‍ ദിവ്യബോധനം സ്വീകരിക്കുന്നതില്‍ തഴക്കം നേടിയിട്ടില്ലാത്ത കാലത്താണവതരിച്ചതെന്ന് ആറാം സൂക്തത്തിലെ ‘നാം നിനക്കു വായിച്ചുതരാം; പിന്നെ നീ അത് മറക്കുകയില്ല’ എന്ന വാക്യവും സൂചിപ്പിക്കുന്നുണ്ട്. ദിവ്യബോധനമവതരിക്കുന്ന സന്ദര്‍ഭങ്ങളില്‍, താന്‍ അതിന്റെ വാക്കുകള്‍ മറന്നുപോയേക്കുമോ എന്ന് തിരുമേനി ആശങ്കിച്ചിരുന്നു. ഈ ആശങ്കയെ ദൂരീകരിക്കുകയാണിവിടെ. ഈ സൂക്തവും സൂറ ത്വാഹായിലെ 114-ആം 20:114 സൂക്തവും സൂറ അല്‍ഖിയാമയിലെ 16-19 75:16 സൂക്തങ്ങളും ചേര്‍ത്തു വായിക്കുകയും അവ മൂന്നിന്റെയും ശൈലിയും സന്ദര്‍ഭപശ്ചാത്തലങ്ങളും പരിശോധിക്കുകയും ചെയ്താല്‍ സംഭവങ്ങളുടെ ക്രമം ഇപ്രകാരമാണെന്നു മനസ്സിലാകും: ആദ്യമായി ഈ സൂറയില്‍ പ്രവാചകനെ സമാശ്വസിപ്പിക്കുകയാണ്: താങ്കള്‍ വിഷമിക്കേണ്ട, നാം ഈ വചനം താങ്കള്‍ക്ക് വായിച്ചുതരും. താങ്കളതു മറന്നുപോവുകയില്ല. പിന്നീട് കുറെക്കാലത്തിനു ശേഷം രണ്ടാമത്തെ സന്ദര്‍ഭത്തില്‍ സൂറ അല്‍ഖിയാമ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ തിരുമേനി അനിച്ഛാപൂര്‍വം ദിവ്യസന്ദേശം ആവര്‍ത്തിച്ചുരുവിടാന്‍ തുടങ്ങി. അപ്പോള്‍ അല്ലാഹു അരുള്‍ ചെയ്തു: പ്രവാചകരേ, ഈ സന്ദേശം പെട്ടെന്ന് ഹൃദിസ്ഥമാക്കുന്നതിനു വേണ്ടി നാക്കു പിടപ്പിക്കേണ്ടതില്ല. അത് ഓര്‍മിപ്പിച്ചുതരുകയും വായിച്ചുതരുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാകുന്നു. അതുകൊണ്ട് നാം വായിച്ചുതരുമ്പോള്‍ താങ്കള്‍ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരിക്കുക. പിന്നെ അതിന്റെ താല്‍പര്യം ഗ്രഹിപ്പിച്ചുതരേണ്ടതും നമ്മുടെ ചുമതലയാകുന്നു. മൂന്നാം തവണ, സൂറ ത്വാഹാ അവതരിച്ചപ്പോഴും തിരുമേനിക്ക് മനുഷ്യസഹജമായ ആശങ്കയുണ്ടായി, ഒറ്റയടിക്ക് അവതരിച്ച ഈ 113 സൂക്തങ്ങളില്‍നിന്ന് വല്ലതും താന്‍ വിസ്മരിച്ചുപോയാലോ എന്ന്. അതുകൊണ്ട് അദ്ദേഹം അത് ഉടനെ മനഃപാഠമാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ നിര്‍ദേശിച്ചു: ”ഖുര്‍ആന്റെ ബോധനം താങ്കളിലേക്ക് പൂര്‍ണമായി എത്തിച്ചേരുന്നതുവരെ അത് വായിക്കുന്നതില്‍ ധൃതികൂട്ടരുത്.” അതിനുശേഷം തിരുമേനി ഇങ്ങനെ ഉല്‍ക്കണ്ഠപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഈ മൂന്ന് സ്ഥലങ്ങളല്ലാതെ, ഈ വിഷയം സൂചിപ്പിക്കുന്ന നാലാമതൊരു സ്ഥലം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല.

ഉള്ളടക്കം

മൂന്ന് പ്രമേയങ്ങളാണ് ഈ സൂറ ഉള്‍ക്കൊള്ളുന്നത്: ഏകദൈവത്വം, നബി(സ)യുടെ മാര്‍ഗദര്‍ശനം, പരലോകം. ആദ്യമായി ഒറ്റവാക്യത്തില്‍ തൗഹീദ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തെ വിശുദ്ധമാക്കി വാഴ്ത്തുക. അതായത്, വല്ല വിധത്തിലുമുള്ള കുറ്റമോ കുറവോ ദൗര്‍ബല്യമോ സൃഷ്ടികളോടുള്ള സാദൃശ്യമോ സൂചിപ്പിക്കുന്ന നാമംകൊണ്ട് ദൈവത്തെ സ്മരിക്കരുത്. കാരണം, ഈ ലോകത്തുണ്ടായിട്ടുള്ള എല്ലാ അന്ധവിശ്വാസങ്ങളുടെയും അബദ്ധസിദ്ധാന്തങ്ങളുടെയും അടിവേര് ദൈവത്തെ സംബന്ധിച്ച തെറ്റായ വിഭാവനയാകുന്നു. അത് ആ വിശുദ്ധ അസ്തിത്വത്തിനുള്ള ഏതെങ്കിലും അബദ്ധനാമമായിട്ടാണ് രൂപംകൊള്ളുന്നത്. അതിനാല്‍, മഹോന്നതനായ അല്ലാഹുവിനെ അവന്ന് ഉചിതവും ഭൂഷണവുമായ വിശിഷ്ടനാമങ്ങളില്‍ മാത്രം സ്മരിക്കുക എന്നത് വിശ്വാസസംസ്‌കരണത്തിന്റെ പ്രഥമപടിയാകുന്നു. അനന്തരം മൂന്നു സൂക്തങ്ങളിലായി പറയുന്നു: തന്റെ നാമം വിശുദ്ധമാക്കി വാഴ്ത്തണമെന്ന് കല്‍പിച്ചിട്ടുള്ള നിങ്ങളുടെ റബ്ബ് പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവയെ സന്തുലിതമാക്കിയതും അവയുടെ കണക്കുകള്‍ നിര്‍ണയിച്ചതും അവയുടെ സൃഷ്ടിലക്ഷ്യം നിറവേറ്റുന്നതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുകൊടുത്തതും അവന്‍തന്നെ. നിങ്ങള്‍ അവന്റെ ശക്തിയുടെ പ്രതിഭാസം ഇപ്രകാരം നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു: അവന്‍ ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിച്ചു വളര്‍ത്തുന്നു. പിന്നെ അവയെ വൈക്കോല്‍ച്ചണ്ടിയാക്കി മാറ്റുകയും ചെയ്യുന്നു. വസന്തം കൊണ്ടുവരാനോ ശിശിരത്തിന്റെ വരവ് തടയാനോ കഴിയുന്ന ഒരു ശക്തിയുമില്ല. തുടര്‍ന്ന് രണ്ടു സൂക്തങ്ങളില്‍ നബി(സ)യോട് ഉപദേശിക്കുന്നു: താങ്കള്‍ക്കവതരിച്ചുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍ പദാനുപദം ഹൃദിസ്ഥമാക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ചിന്തിച്ച് ബേജാറാകേണ്ടതില്ല. അവയെ താങ്കളുടെ മനസ്സില്‍ രൂഢമാക്കുക നമ്മുടെ ചുമതലയാണ്. അത് മനസ്സില്‍ സുരക്ഷിതമാവുക താങ്കളുടെ വൈയക്തിക സാമര്‍ഥ്യത്തിന്റെ ഫലമായിട്ടല്ല, പ്രത്യുത, നമ്മുടെ അനുഗ്രഹഫലമായിട്ടാകുന്നു. നാം ഉദ്ദേശിച്ചാലേ താങ്കളതു മറന്നുപോകൂ. അനന്തരം റസൂലി(സ)നോട് പറയുന്നു: ഓരോ മനുഷ്യനെയും സന്‍മാര്‍ഗത്തിലേക്ക് പിടിച്ചുകൊണ്ടുവരാനൊന്നും താങ്കളെ ചുമതലപ്പെടുത്തിയിട്ടില്ല. സത്യപ്രബോധനം മാത്രമാണ് താങ്കളുടെ ചുമതല. സത്യപ്രബോധനത്തിന്റെ ശരിയായ രീതി ഇതാണ്: ഉപദേശം കേള്‍ക്കാനും സ്വീകരിക്കാനും സന്നദ്ധതയുള്ളവരെ ഉപദേശിക്കുക. അതിനു സന്നദ്ധതയില്ലാത്തവരുടെ പിന്നാലെ നടക്കാതിരിക്കുക. ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലങ്ങളെ ഭയപ്പെടുന്നവന്‍ സത്യവചനം കേട്ട് കൈക്കൊള്ളും. അതു കേള്‍ക്കുന്നതില്‍നിന്നും കൈക്കൊള്ളുന്നതില്‍നിന്നും അകന്നുമാറുന്ന ഭാഗ്യഹീനന്‍ അതിന്റെ ദുഷ്ഫലം സ്വയം അനുഭവിക്കുകയും ചെയ്യും. ഒടുവില്‍ പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്: വിശ്വാസങ്ങളും സ്വഭാവങ്ങളും കര്‍മങ്ങളും സംസ്‌കരിച്ചവര്‍ക്കും താങ്കളുടെ നാഥന്റെ നാമം സ്മരിച്ചുകൊണ്ട് നമസ്‌കാരം നിര്‍വഹിച്ചവര്‍ക്കും മാത്രമുള്ളതാകുന്നു ജീവിതവിജയം. പക്ഷേ, ഈ ഭൗതികജീവിതത്തിലെ സുഖസൗകര്യങ്ങളെയും ആനന്ദങ്ങളെയും നേട്ടങ്ങളെയും കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നതത്രേ ആളുകളുടെ അവസ്ഥ. എന്നാല്‍, മൗലികമായി ചിന്തിക്കേണ്ടത് പരലോകത്തെക്കുറിച്ചാണ്. എന്തുകൊണ്ടെന്നാല്‍, ഭൗതികലോകം നശ്വരമാകുന്നു; പരലോകം ശാശ്വതവും. ഭൗതികാനുഗ്രഹങ്ങളെ അപേക്ഷിച്ച് എത്രയോ ഉന്നതവും വിശിഷ്ടവുമാണ് പാരത്രികാനുഗ്രഹങ്ങള്‍. ഇത് ഖുര്‍ആനില്‍ മാത്രം പ്രസ്താവിക്കപ്പെട്ട യാഥാര്‍ഥ്യമല്ല. ആദരണീയരായ ഇബ്‌റാഹീം(അ), മൂസാ(അ) തുടങ്ങിയ പ്രവാചകവര്യന്മാര്‍ക്കവതീര്‍ണമായ ഏടുകളും മനുഷ്യനെ ഉണര്‍ത്തിയിട്ടുള്ളത് ഈ യാഥാര്‍ഥ്യങ്ങള്‍തന്നെയാകുന്നു.

سَبِّحِ اسْمَ رَبِّكَ الْأَعْلَى ﴿١﴾ الَّذِي خَلَقَ فَسَوَّىٰ ﴿٢﴾ وَالَّذِي قَدَّرَ فَهَدَىٰ ﴿٣﴾ وَالَّذِي أَخْرَجَ الْمَرْعَىٰ ﴿٤﴾ فَجَعَلَهُ غُثَاءً أَحْوَىٰ ﴿٥﴾ سَنُقْرِئُكَ فَلَا تَنسَىٰ ﴿٦﴾ إِلَّا مَا شَاءَ اللَّهُۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ ﴿٧﴾


(1-5) (പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക1 – സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ;2 വിധി നിര്‍ണയിക്കുകയും3 വഴികാട്ടുകയും4 ചെയ്തവന്റെ; സസ്യങ്ങള്‍ മുളപ്പിക്കുകയും5പിന്നീടതിനെ ശുഷ്‌കിച്ച ചപ്പുചവറാക്കിമാറ്റുകയും6 ചെയ്തവന്റെ.
(6-7) നാം നിന്നെ വായിപ്പിക്കാം.7 പിന്നെ നീ മറക്കുകയില്ല –അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്.8 അവന്‍ പരസ്യമായതും രഹസ്യമായതും അറിയുന്നവനല്ലോ 9 .

1. ‘നിന്റെ അത്യുന്നതനായ റബ്ബിന്റെ നാമം പരിശുദ്ധമാക്കുക’ എന്നാണീ വാക്യത്തിന്റെ പദാനുപദ തര്‍ജമ. ഇതിനു പല ആശയങ്ങളുണ്ട്. എല്ലാം ഇവിടെ ഉദ്ദേശ്യമാകുന്നു. i) അല്ലാഹുവിനെ അവന്നു ഭൂഷണമായ നാമത്തില്‍ സ്മരിക്കുക. അവന്റെ അത്യുന്നത സത്തക്ക് യോജിക്കാത്തതും അനുചിതവുമായ ആശയങ്ങളും അര്‍ഥങ്ങളുമുള്ള നാമങ്ങള്‍ ഉപയോഗിക്കരുത്. ന്യൂനതയോ അധമത്വമോ പങ്കാളിത്തമോ സൂചിപ്പിക്കുന്ന നാമങ്ങളും ഉപയോഗിച്ചുകൂടാ. അവന്റെ സത്തയെയോ ഗുണങ്ങളെയോ കര്‍മങ്ങളെയോ സംബന്ധിച്ച തെറ്റായ വിശ്വാസമുള്‍ക്കൊള്ളുന്ന നാമങ്ങളും അപ്രകാരംതന്നെ. ഈ വിഷയത്തില്‍ ഏറ്റവും സൂക്ഷ്മമായ രൂപമിതാണ്: അല്ലാഹുവിനെക്കുറിക്കാന്‍ അവന്‍ ഖുര്‍ആനില്‍ പ്രസ്താവിച്ച പേരുകള്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മറ്റുഭാഷകളിലുള്ള അതിന്റെ സാധുവായ തര്‍ജമ ഉപയോഗിക്കുക. (ii) അല്ലാഹുവിനെക്കുറിക്കാന്‍ സൃഷ്ടികളുടെ നാമമോ സൃഷ്ടികളെക്കുറിക്കാന്‍ അല്ലാഹുവിന്റേതുപോലുള്ള നാമങ്ങളോ ഉപയോഗിക്കാതിരിക്കുക. അല്ലാഹുവിനു മാത്രമല്ലാതെ സൃഷ്ടികള്‍ക്കുകൂടി ബാധകമാകുന്ന ചില ഗുണനാമങ്ങളുണ്ടെങ്കില്‍ അവ ഉപയോഗിക്കുന്നതനുവദനീയമാകുന്നു. റഊഫ്, റഹീം, കരീം, സമീഅ്, ബസ്വീര്‍ എന്നിവ ഉദാഹരണം. എങ്കിലും അത് ഉപയോഗിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹുവിനെ സംബന്ധിച്ച് ഉപയോഗിക്കുന്ന അതേ രീതിയില്‍ത്തന്നെയായിരിക്കരുത് സൃഷ്ടികളെക്കുറിച്ച് അവ ഉപയോഗിക്കുന്നത്. (iii) അല്ലാഹുവിന്റെ നാമം ആദരവോടെയും മര്യാദയോടെയും ഉച്ചരിക്കണം. അല്ലാഹുവിന്റെ വിശുദ്ധിക്ക് ചേരാത്ത അവസ്ഥയിലോ വിധത്തിലോ ദൈവനാമം ഉച്ചരിക്കരുത്. ഉദാഹരണം, ചിരിച്ചു രസിച്ചുകൊണ്ടോ പാപം ചെയ്തുകൊണ്ടോ അല്ലെങ്കില്‍ മറപ്പുരയില്‍ വെച്ചോ ദൈവനാമം ഉച്ചരിക്കുക, അവന്റെ നാമം കേട്ടാല്‍ ഗര്‍വിഷ്ഠരാകുന്ന ആളുകളുടെ മുന്നില്‍ വച്ചോ, അവന്റെ നാമം ശ്രോതാക്കള്‍ നീരസത്തോടെയായിരിക്കും കേള്‍ക്കുക എന്നു തോന്നുന്നിടത്തോ, അവന്റെ നാമം കേട്ടാല്‍ പരിഹസിച്ചുതള്ളുന്ന അവിവേകത്തിലാണ്ടവരുടെ സദസ്സിലോ ദൈവനാമമുച്ചരിക്കുന്നതും ഇപ്രകാരംതന്നെ. ഇമാം മാലികിനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തോട് ആരെങ്കിലും വല്ലതും ചോദിച്ചാല്‍ അദ്ദേഹത്തിന് അപ്പോള്‍ അതുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ സാധാരണക്കാര്‍ പറയുന്നതുപോലെ അദ്ദേഹം ‘അല്ലാഹു തരും’ എന്നു പറയാറില്ല. മറ്റെന്തെങ്കിലും ഒഴികഴിവായിരുന്നു പറഞ്ഞിരുന്നത്. ആളുകള്‍ അതിന്റെ കാരണമാരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വല്ലതും ചോദിച്ചവന്ന് അതു നല്‍കാതെ ഒഴികഴിവു പറയുമ്പോള്‍ തീര്‍ച്ചയായും അയാള്‍ക്ക് നീരസമുണ്ടാകും. ഒരുവന്‍ നീരസത്തോടെ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ ദൈവനാമമുച്ചരിക്കുന്നത് ഉചിതമായി തോന്നുന്നില്ല.’ ഉഖ്ബതുബ്‌നു ആമിര്‍ നിവേദനം ചെയ്തതായി ഹദീസുകളില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ഈ സൂക്തത്തെ ആസ്പദമാക്കിയാണ് സുജൂദില്‍ سُبْحَانَ رَبِّيَ الأَعْلَى എന്നു ചൊല്ലാന്‍ റസൂല്‍ (സ) കല്‍പിച്ചത്. സൂറ അല്‍വാഖിഅയിലെ فَسَبِّحْ بِاسْمِ رَبِّكَ الْعَظِيم എന്ന വാക്യത്തെ ആസ്പദമാക്കിയാണ് റുകൂഇല്‍ سُبْحَانَ رَبِّيَ الْعَظِيم എന്നു ചൊല്ലുന്ന സമ്പ്രദായം നിശ്ചയിച്ചത് (മുസ്‌നദ് അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍‍, ഹാകിം, ഇബ്‌നുല്‍ മുന്‍ദിര്‍).

2. അതായത്, ഭൂമി മുതല്‍ വാനലോകം വരെ സകല വസ്തുക്കളെയും സൃഷ്ടിച്ചു. സൃഷ്ടിച്ചതെന്തിനെയും നേരായും ശരിയായും നിര്‍മിച്ചു. അവയില്‍ സന്തുലനവും പരസ്പരയോജിപ്പും കൃത്യമായി സ്ഥാപിച്ചു. ഓരോ വസ്തുവിനെയും ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു. ഒരു വസ്തുവിനും ദൈവദത്തമായ അതിന്റെ രൂപത്തേക്കാള്‍ മികച്ച രൂപം സങ്കല്‍പിക്കാനേ കഴിയില്ല. ഇക്കാര്യമാണ് സൂറ അസ്സജദ 7-ആം സൂക്തത്തില്‍ ഇപ്രകാരം വ്യക്തമാക്കിയിട്ടുള്ളത്: الَّذى أحْسَنَ كُلَّ شَيْئٍ خَلَقَهُ (സൃഷ്ടി വസ്തുക്കളെയെല്ലാം ഭംഗിയായി സൃഷ്ടിച്ചവന്‍). ഈവിധം ലോകത്തിലെ സകല വസ്തുക്കളും സന്തുലിതമായും പരസ്പരം അനുയോജ്യമായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ അവയുടെയെല്ലാം സ്രഷ്ടാവ് അഭിജ്ഞനായ ഒരു നിര്‍മാതാവാണ് എന്നതിന്റെ സ്പഷ്ടമായ ലക്ഷണമത്രേ. ഒരു യാദൃച്ഛിക സംഭവത്തിനോ നിരവധി സ്രഷ്ടാക്കളുടെ പ്രവര്‍ത്തനത്തിനോ പ്രപഞ്ചത്തിലെ എണ്ണമറ്റ ഘടകങ്ങളുടെ സൃഷ്ടിയിലുള്ള ഈ തമ്മിലിണക്കം, മൊത്തം ഘടകങ്ങളുടെ സാകല്യത്തില്‍ ദൃശ്യമാകുന്ന ഈ ഭംഗിയും സൗന്ദര്യവും ഉളവാക്കാന്‍ കഴിയുകയില്ല.

3. അതായത്, ഓരോ വസ്തുവിനെയും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ തീരുമാനിക്കപ്പെട്ടിരിക്കുന്നു: അതിന് ഈ ലോകത്ത് ചെയ്യാനുള്ളതെന്താണ്, അതു ചെയ്യാന്‍ അതിന്റെ പരിമാണമെന്തായിരിക്കണം, രൂപമെന്തായിരിക്കണം, ഗുണവിശേഷങ്ങളെന്തായിരിക്കണം, അതിന്റെ സ്ഥാനമെവിടെയായിരിക്കണം, അതിന്റെ നിലനില്‍പിനും പ്രവര്‍ത്തനത്തിനും എന്തെല്ലാം അവസരങ്ങളും ഉപാധികളും സജ്ജീകരിക്കേണ്ടതുണ്ട്, എപ്പോഴാണതു നിലവില്‍ വരേണ്ടത്, ഏതുവരെ അതിന്റെ കര്‍മവിഹിതം നിര്‍വഹിക്കണം, എപ്പോള്‍, എങ്ങനെ അവസാനിക്കണം. ഈ സമഗ്രമായ പദ്ധതിയുടെ പേര്‍ അവന്റെ ‘തഖ്ദീര്‍’ എന്നാകുന്നു. ഈ തഖ്ദീര്‍ അല്ലാഹു പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും പ്രപഞ്ചസാകല്യത്തിനു മൊത്തത്തിലും നിര്‍മിച്ചുവച്ചിട്ടുണ്ട്. സൃഷ്ടികര്‍മം ആസൂത്രിതപദ്ധതിയൊന്നുമില്ലാതെ കണ്ടമാനമുണ്ടായതല്ല എന്നത്രേ ഇതിനര്‍ഥം. സ്രഷ്ടാവിന്റെ മുമ്പില്‍ അതിനൊരു സമഗ്രമായ പദ്ധതിയുണ്ടായിരുന്നു. എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ആ പദ്ധതിയനുസരിച്ചാണ്.

4. അതായത്, ഒരു വസ്തുവിനെയും സൃഷ്ടിച്ചു വെറുതെയങ്ങ് വിട്ടുകളഞ്ഞിരിക്കുകയല്ല. ഏതു വസ്തുവിനെയും എന്തു ധര്‍മം നിര്‍വഹിക്കാനാണോ സൃഷ്ടിച്ചിട്ടുള്ളത്, ആ ധര്‍മനിര്‍വഹണത്തിനുള്ള മാര്‍ഗം പഠിപ്പിച്ചിട്ടുണ്ട്. മറ്റു വാക്കുകളില്‍, അവന്‍ സ്രഷ്ടാവു മാത്രമല്ല, മാര്‍ഗദര്‍ശകനുമാകുന്നു. ഒരു വസ്തുവിനെ അവന്‍ ഏതൊരു നിലപാടിലാണോ സൃഷ്ടിച്ചിട്ടുള്ളത് ആ നിലപാടിനനുയോജ്യമായ മാര്‍ഗദര്‍ശനം, ആ വസ്തുവിന്റെ അവസ്ഥക്കനുഗുണമായ രീതിയില്‍ നല്‍കാനുള്ള ഉത്തരവാദിത്വം അവന്‍ ഏറ്റെടുത്തിരിക്കുന്നു. ഒരിനം മാര്‍ഗദര്‍ശനം ഭൂമിക്കും സൂര്യചന്ദ്രനക്ഷത്രാദികള്‍ക്കുമുള്ളതാണ്. അവ അതനുസരിച്ച് ചരിച്ചുകൊണ്ട് സ്വധര്‍മം നിര്‍വഹിച്ചുവരുന്നു. ജലം, വായു, പ്രകാശം, ഖരവസ്തുക്കള്‍, ഖനിജങ്ങള്‍ തുടങ്ങിയവക്കുള്ളവയാണ് മറ്റൊരിനം മാര്‍ഗദര്‍ശനം. അതനുസരിച്ച് അവ അവയുടെ സൃഷ്ടിലക്ഷ്യമായ ധര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. സസ്യലതാദികള്‍ക്കും അവക്കനുയോജ്യമായ മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്. ആ നിര്‍ദേശങ്ങളെ പിന്തുടര്‍ന്നുകൊണ്ട് അവ മണ്ണിനുള്ളിലേക്ക് വേരുകളാഴ്ത്തുകയും അന്തരീക്ഷത്തില്‍ ശാഖകള്‍ പരത്തുകയും ചെയ്യുന്നു. മണ്ണടരുകള്‍ പിളര്‍ന്ന് എവിടെയൊക്കെ അല്ലാഹു അവക്കായി പോഷകങ്ങള്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ടോ വേരുകള്‍ അത് കരസ്ഥമാക്കുന്നു. തടിയും ചില്ലകളും ഇലകളും പൂക്കളും കായ്കളും ഉല്‍പാദിപ്പിച്ചുകൊണ്ട് അവയിലോരോന്നിനും നിശ്ചയിച്ച ധര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. കടലിലും കരയിലും വായുവിലുമുള്ള എണ്ണമറ്റ ജീവിവര്‍ഗങ്ങളിലെ ഓരോ അംഗത്തിനും ഒരുതരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ അദ്ഭുതകരമായ പ്രകടനങ്ങള്‍ ജന്തുക്കളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമായി കാണാം. എത്രത്തോളമെന്നാല്‍ വിവിധ ജന്തുവര്‍ഗങ്ങള്‍ക്ക് ഏതോ തരത്തിലുള്ള നൈസര്‍ഗികജ്ഞാനമുണ്ടെന്ന് സമ്മതിക്കാന്‍ നാസ്തികര്‍ പോലും നിര്‍ബന്ധിതരായിരിക്കുന്നു. ആ ജ്ഞാനമാകട്ടെ, മനുഷ്യന്ന് ഇന്ദ്രിയങ്ങളിലൂടെയെന്നല്ല, തന്റെ ഉപകരണങ്ങളിലൂടെ പോലും ലഭ്യമല്ല. പിന്നെ മനുഷ്യന്ന് അവന്റെ വ്യതിരിക്തമായ രണ്ടവസ്ഥകള്‍ക്ക് അനുയോജ്യമായ വ്യതിരിക്തമായ രണ്ടു സ്വഭാവത്തിലുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നു. ഒന്ന് ജന്തു എന്ന നിലക്കുള്ള അവന്റെ ജീവിതത്തിനു വേണ്ടിയുള്ളതാകുന്നു. അതുവഴി ഓരോ ശിശുവിനെയും പിറന്ന ഉടനെ മുലപ്പാലുണ്ണാന്‍ പഠിപ്പിക്കുന്നു. മനുഷ്യന്റെ കണ്ണും കാതും നാക്കും മൂക്കും മനസ്സും മസ്തിഷ്‌കവും കഴുത്തും ശ്വാസകോശവും കരളും കുടലും നാഡിഞരമ്പുകളും എല്ലാം അവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഈ മാര്‍ഗനിര്‍ദേശമനുസരിച്ചാണ്. മനുഷ്യന്‍ അത് അറിയുക പോലും ചെയ്യുന്നില്ല. അവന്റെ ഉദ്ദേശ്യത്തിനോ ഇച്ഛക്കോ ഈ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലൊന്നും ഒട്ടും സ്വാധീനവുമില്ല. മനുഷ്യനില്‍ ബാല്യം, കൗമാരം, യൗവനം, മധ്യവയസ്‌കത, വാര്‍ധക്യം മുതലായ ശാരീരിക-മാനസിക പരിവര്‍ത്തനങ്ങളുളവായിക്കൊണ്ടിരിക്കുന്നതും ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാകുന്നു. ഇത്തരം മാറ്റങ്ങള്‍ക്കൊന്നും അവന്റെ ഇച്ഛയും സമ്മതവും എന്നല്ല അവന്റെ അറിവു പോലും ആവശ്യമില്ല. മനുഷ്യന്റെ ബുദ്ധിപരവും ബോധപൂര്‍വവുമായ ജീവിതത്തിനു വേണ്ടിയുള്ളതാണ് മറ്റേയിനം മാര്‍ഗദര്‍ശനം. ബോധഹീനമായ ജീവിതത്തിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണിവ. കാരണം, ജീവിതത്തിന്റെ ഈ മേഖലയില്‍ മനുഷ്യന്ന് ഒരുവക അധികാര സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. ഇച്ഛാസ്വാതന്ത്ര്യവും അധികാരവുമില്ലാത്ത ജീവിതമേഖലക്ക് ഉചിതമാകുന്ന മാര്‍ഗനിര്‍ദേശരീതി ഈ മേഖലക്ക് ഇണങ്ങുകയില്ല. ഈ രണ്ടാമത്തെ ഇനം ദൈവിക മാര്‍ഗനിര്‍ദേശത്തില്‍നിന്ന് പുറംതിരിയാന്‍ മനുഷ്യന്ന് ബഹുവിധ ന്യായങ്ങളുന്നയിക്കാം. പക്ഷേ, എന്തൊക്കെ ന്യായങ്ങളുന്നയിച്ചാലും ഒരു കാര്യം അംഗീകരിക്കുന്നത് അവന്നു ഭൂഷണമായിരിക്കുകയില്ല. അതായത്, സ്രഷ്ടാവ് ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികള്‍ക്കും അതിന്റെ സ്വഭാവത്തിനും അവസ്ഥക്കും അനുയോജ്യമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അവന്ന് മനുഷ്യനെ സംബന്ധിച്ചിടത്തോളം വിധിച്ചുവച്ചിട്ടുള്ളതിങ്ങനെയായിരിക്കും: അവന്‍ ഈ ലോകത്ത് തന്റെ സ്വാതന്ത്ര്യം കൈകാര്യം ചെയ്തുകൊളളണം. പക്ഷേ, ഈ സ്വാതന്ത്ര്യത്തിന്റെ ശരിയായ ഉപയോഗരീതിയേത്, തെറ്റായ ഉപയോഗരീതിയേത് എന്നു പഠിപ്പിക്കാന്‍ ഒരേര്‍പ്പാടും ദൈവം ചെയ്യുകയില്ല.

5. المَرْعَى എന്നാണ് മൂലപദം. കാലിത്തീറ്റയെ ഉദ്ദേശിച്ചാണ് ഈ വാക്കുപയോഗിക്കാറുള്ളത്. എങ്കിലും ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് കാലികള്‍ തിന്നുന്ന പുല്‍ച്ചെടികള്‍ മാത്രമല്ല; പ്രത്യുത, ഭൂമിയില്‍ മുളച്ചുവളരുന്ന എല്ലാ സസ്യങ്ങളുമാണെന്നത്രേ വചനപശ്ചാത്തലത്തില്‍നിന്നു വ്യക്തമാകുന്നത്.

6. അവന്‍ വസന്തം മാത്രം ഉണ്ടാക്കുന്നവനല്ല, ശിശിരവും ഉണ്ടാക്കുന്നവനാണ് എന്നര്‍ഥം. ഈ രണ്ടു കഴിവിന്റെയും പ്രതിഭാസങ്ങള്‍ നിങ്ങളുടെ കണ്‍മുമ്പില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുവശത്ത്, അവന്‍ ഹരിതാഭമായ സസ്യങ്ങള്‍ വളര്‍ത്തുന്നു. അതിന്റെ തഴപ്പും പ്രസരിപ്പും കണ്ട് നിങ്ങളുടെ മനം കുളിര്‍ക്കുന്നു. മറുവശത്ത്, അതേ സസ്യങ്ങളെ നിറംകെട്ട് വരണ്ടുണങ്ങി കാറ്റില്‍ പാറിപ്പറക്കുകയും നീരൊഴുക്കില്‍ ചപ്പുചവറുകളായി ഒഴുകിനടക്കുകയും ചെയ്യുന്ന ചണ്ടികളാക്കി മാറ്റുകയും ചെയ്യുന്നു. അതുകൊണ്ട് താന്‍ ഈ ലോകത്ത് വസന്തം മാത്രമേ കാണുകയുള്ളൂ എന്നും ശിശിരം ഒരിക്കലും നേരിടേണ്ടിവരില്ലെന്നും ആരും വ്യാമോഹിക്കേണ്ട. ഇതേ ആശയം വിശുദ്ധ ഖുര്‍ആന്‍ മറ്റു സ്ഥലങ്ങളില്‍ വേറെ ശൈലിയിലും പ്രസ്താവിച്ചിട്ടുണ്ട്. സൂറ യൂനുസ് 24, അല്‍കഹ്ഫ് 45 , അല്‍ഹദീദ് 20 സൂക്തങ്ങള്‍ ഉദാഹരണം.

7. ഹാകിം, ഹ. സഈദുബ്‌നു അബീവഖാസില്‍നിന്നും‍ ഇബ്‌നു മര്‍ദവൈഹി, ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്നും നിവേദനം ചെയ്തിരിക്കുന്നു: ഖുര്‍ആന്‍ വാക്യങ്ങള്‍ മറന്നുപോകുമെന്നു പേടിച്ച് നബി(സ) അത് ആവര്‍ത്തിച്ചുരുവിട്ടുകൊണ്ടിരിക്കാറുണ്ടായിരുന്നു. മുജാഹിദും കല്‍ബിയും പറയുന്നു: ജിബ്‌രീല്‍ ദിവ്യസന്ദേശം കേള്‍പ്പിച്ചു തീരുന്നതും നബി(സ) മറന്നുപോകുമെന്നു പേടിച്ച് അതിന്റെ ആദ്യഭാഗം ആവര്‍ത്തിച്ചോതുമായിരുന്നു. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു: ദിവ്യബോധനം അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ നിശ്ശബ്ദനായി അത് കേട്ടുകൊണ്ടിരിക്കണം. നാമതു താങ്കള്‍ക്ക് ഓതിത്തരും. എപ്പോഴും താങ്കളെ അത് ഓര്‍മിപ്പിക്കുകയും ചെയ്യും. അതില്‍ ഒരു പദം പോലും മറന്നുപോകുമെന്ന് പേടിക്കേണ്ടതില്ല. നബി(സ)യെ ദിവ്യബോധനം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന മൂന്നാമത്തെ സന്ദര്‍ഭമാണിത്. ഇതിനു മുമ്പ് സൂറ ത്വാഹാ 114-ആം 20:114 സൂക്തത്തിലും സൂറ അല്‍ഖിയാമ 16 മുതല്‍ 19 75:16 വരെ സൂക്തങ്ങളിലുമായി രണ്ടു സന്ദര്‍ഭങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഇതില്‍നിന്ന് സ്ഥാപിതമാകുന്ന സംഗതിയിതാണ്: ഖുര്‍ആന്‍ എപ്രകാരം അമാനുഷദൃഷ്ടാന്തമായി തിരുമേനിക്ക് അവതരിപ്പിച്ചുവോ അപ്രകാരമുള്ള അമാനുഷ ദൃഷ്ടാന്തമായിത്തന്നെ അത് പദാനുപദം തിരുഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. തിരുമേനി അതില്‍നിന്നെന്തെങ്കിലും മറന്നുപോകാനോ ഏതെങ്കിലും പദത്തിന്റെ സ്ഥാനത്ത് സമാനാര്‍ഥമുള്ള മറ്റൊരു പദം ഉച്ചരിക്കാനോ ഒരു സാധ്യതയും അവശേഷിപ്പിച്ചിരുന്നില്ല.

8. ഈ വാക്യത്തിന് രണ്ടര്‍ഥങ്ങളാവാം. ഒന്ന്, ഖുര്‍ആന്‍ പദാനുപദം തിരുഹൃദയത്തില്‍ സൂക്ഷിക്കപ്പെടുക എന്നത് അദ്ദേഹത്തിന്റെ കഴിവിന്റെ പ്രകടനമല്ല. മറിച്ച്, അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ ഉതവിയുടെ ഫലവുമാകുന്നു. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അദ്ദേഹത്തെ അത് വിസ്മരിപ്പിക്കാന്‍ കഴിയും. സൂറ ബനീ ഇസ്‌റാഈല്‍ 86-ആം സൂക്തത്തില്‍ وَلَئِنْ شِئْنَا لَنَذْهَبَنَّ بِالَّذى أَوْحَيْنَا إِلَيْكَ എന്ന വാക്കുകളില്‍ പ്രസ്താവിച്ചിട്ടുള്ള സംഗതിതന്നെയാണിത്. ”നാം ഉദ്ദേശിക്കുകയാണെങ്കില്‍ ദിവ്യബോധനത്തിലൂടെ നിനക്ക് നല്‍കിയതെല്ലാം നാം പോക്കിക്കളയുകതന്നെ ചെയ്യും” എന്നാണവിടെ പറയുന്നത്. മറ്റൊരാശയം ഇങ്ങനെയുമാകാം: വല്ലപ്പോഴും താല്‍ക്കാലികമായി താങ്കളെ മറവി ബാധിക്കുകയും ഏതെങ്കിലും സൂക്തമോ വാക്കോ താല്‍ക്കാലികമായി മറന്നുപോവുകയും ചെയ്യുന്നത് ഈ വാഗ്ദാനത്തില്‍നിന്നൊഴിവാകുന്നു. ഖുര്‍ആനിലെ ഏതെങ്കിലും പദം താങ്കള്‍ സ്ഥിരമായി മറന്നുപോവുകയില്ല എന്നു മാത്രമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ബുഖാരിയുടെ ഈ നിവേദനം ഈ ആശയത്തെ ബലപ്പെടുത്തുന്നു:”ഒരിക്കല്‍ സ്വുബ്ഹ് നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുമ്പോള്‍ നബി(സ) ഒരു സൂക്തം ഒഴിവാക്കി. നമസ്‌കാരാനന്തരം ഉബയ്യുബ്‌നു കഅ്ബ്തിരുമേനിയോട് ചോദിച്ചു: ആ സൂക്തം ദുര്‍ബലപ്പെട്ട(മന്‍സൂഖ്)താണോ? തിരുമേനി പറഞ്ഞു: അല്ല ഞാന്‍ മറന്നുപോയതാണ്.”

9. പ്രത്യക്ഷമായതും പരോക്ഷമായതുമായ എല്ലാ കാര്യങ്ങളും അവന്‍ അറിയുന്നു എന്ന അര്‍ഥത്തിലുള്ള പൊതുവായ വാക്കാണിത്. ഈ വാക്യം അരുളിയ സന്ദര്‍ഭം മുന്നില്‍വെച്ച് ചിന്തിച്ചാല്‍ ഇതിന്റെ ആശയം ഇപ്രകാരമാണെന്നു മനസ്സിലാക്കാം: താങ്കള്‍ ജിബ്‌രീലി(അ)നോടൊപ്പം വായിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആനും അല്ലാഹുവിനറിയാം. താങ്കളെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് അതു മറന്നുപോയാലോ എന്ന ഭയമാണെന്നും അവന്നറിയാം. അതുകൊണ്ട് താങ്കള്‍ അത് മറന്നുപോവില്ലെന്ന് നാം ഉറപ്പുതരുന്നു.

നീ പരിശുദ്ധമാക്കി വാഴ്ത്തുക = سَبِّحِ
നാമത്തെ = اسْمَ
നിന്റെ നാഥന്റെ = رَبِّكَ
അത്യുന്നതനായ = الْأَعْلَى
സൃഷ്ടിച്ചവനായ = الَّذِي خَلَقَ
എന്നിട്ട് ശരിയായി ചിട്ടപ്പെടുത്തി = فَسَوَّىٰ
ക്രമീകരിച്ചവനുമായ = وَالَّذِي قَدَّرَ
എന്നിട്ട് നേര്‍വഴി കാണിച്ചു = فَهَدَىٰ
ഉല്‍പാദിപ്പിച്ചവനുമായ = وَالَّذِي أَخْرَجَ
മേച്ചില്‍പ്പുറം = الْمَرْعَىٰ
എന്നിട്ടവന്‍ അതിനെ ആക്കി = فَجَعَلَهُ
ചവറ് = غُثَاءً
ഉണങ്ങിക്കരിഞ്ഞ = أَحْوَىٰ
നാം നിനക്ക് ഓതിത്തരും = سَنُقْرِئُكَ
അതിനാല്‍ നീയത് മറക്കുകയില്ല = فَلَا تَنسَىٰ
അല്ലാഹു ഇഛിച്ചതൊഴികെ = إِلَّا مَا شَاءَ اللَّهُۚ
നിശ്ചയം അവന്‍ = إِنَّهُ
അവന്‍ അറിയുന്നു = يَعْلَمُ
പരസ്യമായത് = الْجَهْرَ
മറഞ്ഞിരിക്കുന്നതും = وَمَا يَخْفَىٰ

Add comment

Your email address will not be published. Required fields are marked *