അല്‍ ഫജ്ര്‍ – സൂക്തങ്ങള്‍: 11-20

ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ﴿١١﴾ فَأَكْثَرُوا۟ فِيهَا ٱلْفَسَادَ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ﴿١٣﴾ إِنَّ رَبَّكَ لَبِٱلْمِرْصَادِ﴿١٤﴾ فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ﴿١٥﴾ وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ﴿١٦﴾ كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ﴿١٧﴾ وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ﴿١٨﴾ وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا﴿١٩﴾ وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا﴿٢٠﴾


(11-14) ദേശങ്ങളില്‍ കടുത്ത ധിക്കാരമനുവര്‍ത്തിക്കുകയും നാശം പെരുപ്പിക്കുകയും ചെയ്ത ജനമത്രെ അവര്‍. ഒടുവില്‍ നിന്റെ നാഥന്‍ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു. നിന്റെ റബ്ബ് തീര്‍ച്ചയായും പതിസ്ഥലത്ത് കാത്തിരിക്കുന്നുണ്ട്7 .

(15-20) 8 പക്ഷേ, മനുഷ്യന്റെ അവസ്ഥയെന്തെന്നാല്‍, നാഥന്‍ പരീക്ഷിക്കുമ്പോള്‍ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ ഘോഷിക്കും: ‘എന്റെ നാഥന്‍ എന്നെ പ്രതാപിയാക്കിയല്ലോ.’ എന്നാല്‍, പരീക്ഷിക്കുമ്പോള്‍ വിഭവം ചുരുക്കിയാലോ അവന്‍ വിലപിക്കും: ‘എന്റെ നാഥന്‍ എന്നെ നിന്ദിച്ചുകളഞ്ഞു.’9 ഒരിക്കലുമില്ല.10 പ്രത്യുത, നിങ്ങള്‍ അനാഥനെ ആദരിക്കുന്നില്ല.11 അഗതിയുടെ അന്നം കൊടുക്കാന്‍ പരസ്പരം പ്രേരിപ്പിക്കുന്നുമില്ല.12 പൈതൃകസ്വത്തൊക്കെയും കൂട്ടിവെച്ച് തിന്നുന്നു.13 ധനത്തെ അന്ധമായി പ്രേമിക്കുകയാണ് നിങ്ങള്‍.14

7. അക്രമികളുടെയും അധര്‍മികളുടെയും ചെയ്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന അര്‍ഥത്തിലുള്ള ആലങ്കാരിക പ്രയോഗമാണ് പതിസ്ഥലം. പ്രതിയോഗി മുന്നില്‍ വന്നുപെട്ടാല്‍ ഉടനെ അവന്റെ മേല്‍ ചാടിവീഴാന്‍ തക്കം പാര്‍ത്ത് ഒളിഞ്ഞിരിക്കുന്ന സ്ഥലത്തിനാണല്ലോ പതിസ്ഥലം എന്നുപറയുന്നത്. അയാള്‍ പ്രതീക്ഷിക്കുന്ന ഇരയ്ക്കാകട്ടെ, അങ്ങനെ ആരോ ഒരാള്‍ എവിടെയോ ഒരിടത്ത് തന്റെ കഥകഴിക്കാന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഒരു ബോധവും ഉണ്ടായിരിക്കുകയില്ല. അപകടം ശ്രദ്ധിക്കാതെ നിശ്ചിന്തനായി അവന്‍ ആ സ്ഥലത്തെത്തിപ്പെടുകയും ആകസ്മികമായി അക്രമത്തിനിരയായിത്തീരുകയും ചെയ്യുന്നു. ഇതുതന്നെയാണ് ഈ ലോകത്ത് നാശം വിതറി വിഹരിക്കുന്ന അക്രമികളോടുള്ള അല്ലാഹുവിന്റെ സമീപനവും. തങ്ങളുടെ ചെയ്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന വിചാരം പോലും അവര്‍ക്കില്ല. അവര്‍ തികച്ചും നിര്‍ഭയരായി ദിനേന കൂടുതല്‍ കൂടുതല്‍ തിന്മകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ അവരെ ഇനിയും മുന്നോട്ടു പോകാനനുവദിച്ചുകൂടാ എന്ന് അല്ലാഹു നിശ്ചയിച്ച അതിര്‍ത്തിയിലെത്തുന്നു. അപ്പോള്‍ പെട്ടെന്നതാ അവന്റെ ശിക്ഷയുടെ ചാട്ടവാര്‍ അവരുടെ മേല്‍ പതിക്കുകയായി.

8. ഇനി മനുഷ്യന്റെ പൊതുസ്വഭാവത്തെ വിമര്‍ശിച്ചുകൊണ്ട് പറയുകയാണ്: ജീവിതത്തില്‍ ഈ നിലപാട് കൈക്കൊണ്ട മനുഷ്യന്‍ എന്നെങ്കിലുമൊരിക്കല്‍ വിചാരണ ചെയ്യപ്പെടാതിരിക്കാന്‍ എന്തു ന്യായമാണുളളത്? ഇങ്ങനെയൊക്കെ ചെയ്തുകൂട്ടി ഈ ലോകത്തോടു വിടപറഞ്ഞ മനുഷ്യന്ന് ഒരു രക്ഷാശിക്ഷയും നേരിടേണ്ടി വരാതിരിക്കുക എന്നത് ബുദ്ധിയുടെയും ധാര്‍മികതയുടെയും താല്‍പര്യമാകുന്നതെങ്ങനെയാണ്?

9. ഭൗതിക പൂജാപരമായ ജീവിത വീക്ഷണമാണുദ്ദേശ്യം. മനുഷ്യന്‍ ഭൗതിക ജീവിതത്തില്‍ സമ്പത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും സര്‍വസ്വമായി കരുതുന്നു. അതു ലഭിക്കുമ്പോള്‍ അവന്‍ ആഹ്ലാദത്തോടാഘോഷിക്കുകയായി: ‘ദൈവം എന്നെ പ്രതാപിയാക്കിയല്ലോ.’ അതു ലഭിച്ചില്ലെങ്കിലോ വിലപിക്കുകയായി: ‘ദൈവം എന്നെ പതിതനാക്കിക്കളഞ്ഞല്ലോ!’ അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡം സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും ലഭ്യതയോ അലഭ്യതയോ ആണെന്നാണവന്റെ മട്ട്. അല്ലാഹു ഈ ലോകത്ത് ആര്‍ക്ക് എന്തു നല്‍കുകയാണെങ്കിലും അതു നല്‍കുക പരീക്ഷണമായിട്ടാണെന്ന യാഥാര്‍ഥ്യം അവന്‍ ഗ്രഹിക്കുന്നേയില്ല. ഒരുവന്ന് സമ്പത്തും ശക്തിയും നല്‍കുന്നുവെങ്കില്‍, ആ ശക്തിയും സമ്പത്തും നേടിയിട്ട് അവന്‍ നന്ദിയുളളവനാകുന്നുവോ അല്ല നന്ദികെട്ടവനാകുന്നുവോ എന്ന് പരീക്ഷിക്കുകയാണത്. ഒരുവനെ അവശനാക്കിത്തീര്‍ക്കുന്നുവെങ്കില്‍ അതും പരീക്ഷണംതന്നെ. ആ അവസ്ഥയില്‍ അവന്‍ ഉളളതനുഭവിച്ച് സഹനത്തോടെ സംതൃപ്തനായി ജീവിക്കുകയും അനുവദനീയതയുടെ അതിരുകള്‍ ഭേദിക്കാതെ തന്റെ പ്രശ്‌നങ്ങളെ നേരിടുകയും ചെയ്യുന്നുവോ അതല്ല, ധാര്‍മികതയുടെയും ഭക്തിയുടെയും അതിരുകളെല്ലാം ഭേദിക്കാന്‍ തയ്യാറാവുകയും തന്റെ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുവോ എന്ന് പരിശോധിക്കുകയാണല്ലാഹു.

10. ഇതൊരിക്കലും അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡമല്ല എന്നര്‍ഥം. ധാര്‍മികമായ നന്മതിന്മകള്‍ക്കു പകരം അന്തസ്സിന്റെയും പതിത്വത്തിന്റെയും മാനദണ്ഡമായി അതിനെ നിശ്ചയിച്ച നിങ്ങള്‍ കടുത്ത തെറ്റുധാരണയിലാണകപ്പെട്ടിരിക്കുന്നത്.

11. അതായത്, അവന്റെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവനോടുള്ള സമീപനം ഒരുതരത്തിലാകുന്നു. പിതാവ് മരിച്ചുപോയാലോ, അപ്പോള്‍ അയല്‍ക്കാരും അകന്ന ബന്ധുക്കളുമിരിക്കട്ടെ, പിതൃസഹോദരന്‍മാരും മാതൃസഹോദരന്‍മാരും മുതിര്‍ന്ന സഹോദരന്‍ പോലും അവന്നു നേരെ കണ്ണടയ്ക്കുന്നു.

12. നിങ്ങളുടെ സമൂഹത്തില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നത് ഒരു ചിന്താവിഷയമല്ലെന്നര്‍ഥം. ഏതെങ്കിലും പട്ടിണിക്കാരന്റെ വിശപ്പകറ്റാന്‍ ഒരു സമ്പന്നനും തയ്യാറാകുന്നില്ല. പാവങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുകയും അതിനുവേണ്ടി പരസ്പരം പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വികാരമേ നിങ്ങളില്‍ കാണുന്നില്ല.

13. അറബികള്‍ക്കിടയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദായധനം വിലക്കപ്പെട്ടിരുന്നു. അവരുടെ വീക്ഷണത്തില്‍, യുദ്ധം ചെയ്യാനും കുടുംബത്തെ സംരക്ഷിക്കാനും യോഗ്യരായ പുരുഷന്‍മാര്‍ക്കു മാത്രമേ അനന്തരസ്വത്തില്‍ അവകാശമുണ്ടായിരുന്നുള്ളൂ. അതിനുപുറമേ അനന്തരാവകാശികളില്‍ താരതമ്യേന കൂടുതല്‍ കൈക്കരുത്തും സ്വാധീനവുമുളളവര്‍ ദുര്‍ബലരായ മറ്റവകാശികള്‍ക്ക് ഒന്നും നല്‍കാതെ ദായധനം മുഴുവന്‍ കൈവശപ്പെടുത്തുന്ന സമ്പ്രദായവുമുണ്ടായിരുന്നു. അവകാശത്തിനും ബാധ്യതക്കും അവരുടെ ദൃഷ്ടിയില്‍ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവഭയത്തോടെ സ്വന്തം ഉത്തരവാദിത്വം മനസ്സിലാക്കി, മറ്റവകാശികള്‍ക്ക് അവരുടെ അവകാശം–അവര്‍ക്കതു പിടിച്ചുവാങ്ങാന്‍ ശക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും–വകവെച്ചുകൊടുക്കുന്ന സമ്പ്രദായം അവര്‍ക്കപരിചിതമായിരുന്നു.

14. അനുവദനീയതയെയും നിഷിദ്ധതയെയും കുറിച്ച് നിങ്ങള്‍ക്ക് ഒരു വിചാരവുമില്ല എന്നര്‍ഥം. ഏതു വഴിക്കൊക്കെ പണമുണ്ടാക്കാമോ, ആ വഴിക്കൊക്കെ പണമുണ്ടാക്കാന്‍ നിങ്ങള്‍ നിസ്സങ്കോചം ഉത്സുകരാകുന്നു. എത്ര സമ്പത്ത് നേടിക്കഴിഞ്ഞാലും നിങ്ങളുടെ അത്യാര്‍ത്തിയുടെ അടുപ്പ് ആളിക്കത്തിക്കൊണ്ടുതന്നെയിരിക്കും.

അതിക്രമം പ്രവര്‍ത്തിച്ചവര്‍ = الَّذِينَ طَغَوْا
നാടുകളില്‍ = فِي الْبِلَادِ
അങ്ങനെ അവര്‍ പെരുപ്പിച്ചു = فَأَكْثَرُوا
അവയില്‍ = فِيهَا
കുഴപ്പം = الْفَسَادَ
അപ്പോള്‍ ചൊരിഞ്ഞു = فَصَبَّ
അവര്‍ക്കുമേല്‍ = عَلَيْهِمْ
നിന്റെ നാഥന്‍ = رَبُّكَ
ചാട്ടവാര്‍ = سَوْطَ
ശിക്ഷയുടെ = عَذَابٍ
നിശ്ചയം, നിന്റെ നാഥന്‍ = إِنَّ رَبَّكَ
പതിസ്ഥലത്തുതന്നെയുണ്ട് = لَبِالْمِرْصَادِ
എന്നാല്‍ മനുഷ്യന്‍ = فَأَمَّا الْإِنسَانُ
അവന്‍ അവനെ പരീക്ഷിച്ചാല്‍ = إِذَا مَا ابْتَلَاهُ
അവന്റെ നാഥന്‍ = رَبُّهُ
അങ്ങനെ അവനെ ആദരിച്ചു = فَأَكْرَمَهُ
അവനെ അനുഗ്രഹിക്കുകയും ചെയ്താല്‍ = وَنَعَّمَهُ
അപ്പോള്‍ അവന്‍ പറയും = فَيَقُولُ
എന്റെ നാഥന്‍ = رَبِّي
എന്നെ ആദരിച്ചിരിക്കുന്നു = أَكْرَمَنِ
എന്നാല്‍ = وَأَمَّا
അവന്‍ അവനെ പരീക്ഷിച്ചാല്‍ = إِذَا مَا ابْتَلَاهُ
അങ്ങനെ അവന്‍ പരിമിതപ്പെടുത്തി = فَقَدَرَ
അവന്ന് = عَلَيْهِ
അവന്റെ ജീവിതവിഭവം = رِزْقَهُ
അപ്പോള്‍ അവന്‍ പറയും = فَيَقُولُ
എന്റെ നാഥന്‍ = رَبِّي
എന്നെ നിന്ദിച്ചിരിക്കുന്നു = أَهَانَنِ
അല്ല = كَلَّاۖ
എന്നാല്‍ = بَل
നിങ്ങള്‍ ആദരിക്കുന്നില്ല = لَّا تُكْرِمُونَ
അനാഥയെ = الْيَتِيمَ
നിങ്ങള്‍ പ്രേരിപ്പിക്കുന്നുമില്ല = وَلَا تَحَاضُّونَ
അന്നത്തിന് = عَلَىٰ طَعَامِ
അഗതിയുടെ = الْمِسْكِينِ
നിങ്ങള്‍ തിന്നുകയും ചെയ്യുന്നു = وَتَأْكُلُونَ
പൈതൃക സ്വത്ത് = التُّرَاثَ
ഒരു തീറ്റ = أَكْلًا
വാരിക്കൂട്ടിക്കൊണ്ടുള്ള = لَّمًّا
നിങ്ങള്‍ സ്നേഹിക്കുന്നു = وَتُحِبُّونَ
ധനത്തെ = الْمَالَ
ഒരു സ്നേഹം = حُبًّا
അതിരറ്റ = جَمًّا

Add comment

Your email address will not be published. Required fields are marked *