അശ്ശംസ്‌ – സൂക്തങ്ങള്‍: 1-11

തുടക്കവാക്കായ وَاللَّيْل തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയുടെ ഉള്ളടക്കത്തിന് സൂറ അശ്ശംസുമായി, രണ്ടു സൂറകളും പരസ്പരം വ്യാഖ്യാനിക്കുകയാണെന്നു തോന്നുമാറുള്ള സാമ്യമുണ്ട്. സൂറ അശ്ശംസില്‍ ഒരു രീതിയില്‍ ഉണര്‍ത്തിയ കാര്യങ്ങള്‍തന്നെയാണ് ഈ സൂറയില്‍ മറ്റൊരു രീതിയില്‍ മനസ്സിലാക്കിത്തരുന്നത്. ഈ രണ്ടു സൂറകളും ഒരേ കാലത്ത് അടുത്തടുത്തായി അവതരിച്ചതാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

ഉള്ളടക്കം

ജീവിതത്തിന്റെ രണ്ടു സരണികള്‍ തമ്മിലുള്ള വ്യത്യാസവും രണ്ടിന്റെയും അനന്തരഫലങ്ങളിലും പരിണതികളിലുമുള്ള അന്തരവുമാണ് ഈ സൂറയുടെ പ്രമേയം. ഉള്ളടക്കം പരിഗണിക്കുമ്പോള്‍ സൂറക്ക് രണ്ടു ഖണ്ഡങ്ങളുണ്ട്: തുടക്കം മുതല്‍ 11-ആം സൂക്തംവരെ ഒന്നാം ഖണ്ഡം; 12 മുതല്‍ ഒടുക്കം വരെ രണ്ടാം ഖണ്ഡവും. ഒന്നാം ഖണ്ഡത്തില്‍ പറയുന്നതിതാണ്: മനുഷ്യരാശിയിലെ വ്യക്തികളും സമുദായങ്ങളും ഗ്രൂപ്പുകളും ഈ ലോകത്തു നടത്തുന്ന ഏതു പ്രയത്‌നവും കര്‍മവും അവയുടെ ധാര്‍മിക സ്വഭാവം പരിഗണിക്കുമ്പോള്‍ രാപ്പകലുകള്‍ പോലെ, ആണും പെണ്ണും പോലെ വ്യത്യസ്തങ്ങളാകുന്നു. അനന്തരം ഖുര്‍ആനിലെ ചെറിയ സൂറകളുടെ പ്രതിപാദനശൈലിയനുസരിച്ച് മൂന്നു ധാര്‍മിക സവിശേഷതകളെ ഒരു സ്വഭാവത്തിന്റെയും, മൂന്നു ധാര്‍മിക സവിശേഷതകളെ മറ്റൊരു സ്വഭാവത്തിന്റെയും പ്രയത്‌നപ്രവര്‍ത്തനങ്ങളുടെ വിശാലമായ ഒരു സമുച്ചയത്തില്‍നിന്നുള്ള മാതൃകകളായി അവതരിപ്പിച്ചിരിക്കുകയാണ്. അതു വായിക്കുന്ന ആര്‍ക്കും ഒരിനം സവിശേഷതകള്‍ ഏതുതരം ജീവിതരീതിയെ പ്രതിനിധാനംചെയ്യുന്നുവെന്നും മറ്റേയിനം സവിശേഷതകള്‍ അതിനു വിപരീതമായ ഏതു ജീവിതരീതിയുടെ ലക്ഷണങ്ങളാണെന്നും അനായാസം മനസ്സിലാകും. ഈ രണ്ടു മാതൃകകളും അളന്നുമുറിച്ച സുന്ദരമായ കൊച്ചുവാക്യങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ അവ മനസ്സിലേക്കിറങ്ങുകയും നാവില്‍ തത്തിക്കളിക്കുകയും ചെയ്യും. പ്രഥമഗണത്തില്‍പ്പെട്ട സവിശേഷതകളിവയാണ്: മനുഷ്യന്‍ ദാനശീലനാവുക, ദൈവഭയവും സൂക്ഷ്മതയും കൈക്കൊള്ളുക, നല്ലതിനെ നല്ലതെന്നംഗീകരിക്കുക. രണ്ടാമത്തെയിനം സവിശേഷതകള്‍ ഇവയാണ്: അവന്‍ ലുബ്ധനാവുക, ദൈവത്തിന്റെ പ്രീതിയെയും അപ്രീതിയെയും സംബന്ധിച്ച് ചിന്തയില്ലാത്തവനാവുക, സദുപദേശങ്ങളെ തള്ളിക്കളയുക– ഈ രണ്ടു തരം കര്‍മരീതികള്‍ സ്പഷ്ടമായും പരസ്പരവിരുദ്ധവും ഫലഭാഗംകൊണ്ട് ഒരിക്കലും തുല്യമാകാത്തതും ആണെന്നാണ് തുടര്‍ന്നു പറയുന്നത്. അവയുടെ സ്വഭാവം തമ്മില്‍ എത്രത്തോളം വൈരുധ്യമുണ്ടോ അത്രത്തോളംതന്നെ വൈരുധ്യമുണ്ട് അനന്തരഫലങ്ങള്‍ക്കും. ഒന്നാമത്തെ കര്‍മരീതി സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹു ശുദ്ധവും ഋജുവുമായ ജീവിതസരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് സല്‍ക്കര്‍മം എളുപ്പവും ദുഷ്‌കര്‍മം പ്രയാസകരവുമായിത്തീരുന്നു. രണ്ടാമത്തെ കര്‍മരീതി കൈക്കൊള്ളുന്ന ആര്‍ക്കും അല്ലാഹു ജീവിതത്തിന്റെ വികടവും ദുഷ്ടവുമായ സരണി അനായാസകരമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ക്ക് തിന്‍മ എളുപ്പവും നന്‍മ ക്ലേശകരവുമായിത്തീരുന്നു. അസ്ത്രംപോലെ മനസ്സില്‍ തറച്ചുകയറുന്ന സ്വാധീനശക്തിയുള്ള ഒരു വാക്യത്തോടെയാണ് ഈ വിവരണം അവസാനിക്കുന്നത്. ഏതൊരു ധനത്തിന്റെ പിന്നാലെയാണോ മനുഷ്യന്‍ ജീവന്‍ കളഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്നത്, ആ ധനം അവനോടൊപ്പം ഖബ്‌റിലേക്ക് പോകുന്നില്ല. മരിച്ചുകഴിഞ്ഞാല്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമാണവനുള്ളത്? രണ്ടാം ഖണ്ഡത്തിലും ഇതേപ്രകാരം മൂന്നു യാഥാര്‍ഥ്യങ്ങള്‍ സംഗ്രഹിച്ചിരിക്കുകയാണ്. ഒന്ന്: അല്ലാഹു മനുഷ്യനെ പ്രജ്ഞാശൂന്യനായി ഈ പരീക്ഷാലയത്തിലേക്ക് തള്ളിവിട്ടിരിക്കുകയല്ല; വിവിധ ജീവിതസരണികളില്‍ ഏതാണ് ശരിയായ സരണിയെന്ന് അവന്ന് പറഞ്ഞുകൊടുക്കുക അല്ലാഹു സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തിട്ടുണ്ട്. ദൈവദൂതനെ നിയോഗിച്ചും വേദമവതരിപ്പിച്ചും അവന്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്ന് മനുഷ്യനോട് പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ദൈവദൂതനും ഖുര്‍ആനും സന്‍മാര്‍ഗദര്‍ശകമായി അവന്റെ മുമ്പില്‍ത്തന്നെയുണ്ട്. രണ്ടാമത്തെ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്: ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹുതന്നെയാകുന്നു. ഇഹലോകമാണാവശ്യമെങ്കില്‍ അതും അവനില്‍നിന്നേ കിട്ടൂ. പരലോകമാണ് തേടുന്നതെങ്കില്‍ അത് നല്‍കുന്നതും അല്ലാഹുതന്നെയാണ്. അവനോട് എന്താണാവശ്യപ്പെടേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. മൂന്നാമത്തെ യാഥാര്‍ഥ്യം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ദൈവദൂതനും വേദവും മുഖേന അല്ലാഹു അവതരിപ്പിച്ച നന്‍മകളെ തള്ളിപ്പറയുകയും അതില്‍നിന്നു പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്കായി ആളിക്കത്തുന്ന നരകം തയ്യാറായിരിക്കുന്നു. തന്റെ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിസ്വാര്‍ഥമായി സത്കാര്യങ്ങളില്‍ ധനം ചെലവഴിക്കുന്ന ദൈവഭക്തരില്‍ റബ്ബ് സംപ്രീതനാകുന്നതാണ്. അവര്‍ക്ക് അവര്‍ സന്തുഷ്ടരാകുംവണ്ണമുള്ള കര്‍മഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.

وَاللَّيْلِ إِذَا يَغْشَىٰ ﴿١﴾ وَالنَّهَارِ إِذَا تَجَلَّىٰ ﴿٢﴾ وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ ﴿٣﴾ إِنَّ سَعْيَكُمْ لَشَتَّىٰ ﴿٤﴾ فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ ﴿٥﴾ وَصَدَّقَ بِالْحُسْنَىٰ ﴿٦﴾ فَسَنُيَسِّرُهُ لِلْيُسْرَىٰ ﴿٧﴾ وَأَمَّا مَن بَخِلَ وَاسْتَغْنَىٰ ﴿٨﴾ وَكَذَّبَ بِالْحُسْنَىٰ ﴿٩﴾ فَسَنُيَسِّرُهُ لِلْعُسْرَىٰ ﴿١٠﴾ وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ ﴿١١﴾

(1-11) ഇരുള്‍മൂടുന്ന ഇരവാണ, തെളിഞ്ഞുവരുന്ന പകലാണ, ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചവനാണ, തീര്‍ച്ചയായും നിങ്ങളുടെ പ്രയത്‌നങ്ങള്‍ ബഹുവിധമാകുന്നു.1 എന്നാല്‍, ആര്‍ (ദൈവമാര്‍ഗത്തില്‍) ധനം നല്‍കുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ2 , അവന്ന് നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു.3 എന്നാല്‍, ആര്‍ ലുബ്ധനാവുകയും (ദൈവത്തിന്റെ) ആശ്രയംവേണ്ടെന്നു നടിക്കുകയും നന്മയെ തള്ളിപ്പറയുകയും4 ചെയ്യുന്നുവോ അവന്ന് നാം ദുര്‍ഘടമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു.5 അവന്‍ നശിച്ചുപോകുമ്പോള്‍ തന്റെ ധനം എന്തു പ്രയോജനമാണവന്നു നല്‍കുക?6 .

1. ഈ സംഗതിയാണ് രാപ്പകലിനെയും സ്ത്രീ-പുരുഷ ജന്‍മത്തെയും പിടിച്ചാണയിട്ടു പറയുന്നത്. താല്‍പര്യമിതാണ്: രാവും പകലും ആണും പെണ്ണും എവ്വിധം പരസ്പരഭിന്നവും അവയുടെ സ്വാധീനത്തിലും അനന്തരഫലത്തിലും പരസ്പര വിരുദ്ധവുമാണോ, അതേവിധം നിങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗങ്ങളും ലക്ഷ്യങ്ങളും അവയുടെ സ്വഭാവത്തില്‍ വ്യത്യസ്തവും അനന്തരഫലങ്ങളില്‍ പരസ്പര വിരുദ്ധവും ആകുന്നു. അതിനുശേഷം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വിഭിന്നമായ ഈ പരിശ്രമങ്ങളെയെല്ലാം രണ്ടു മുഖ്യ വകുപ്പുകളായി തിരിക്കാമെന്നും വ്യക്തമാക്കിയിരിക്കുന്നു.

2. ഇത് മനുഷ്യപ്രയത്‌നത്തിന്റെ ഒരിനമാണ്. ഇത് മൂന്നു കാര്യമുള്‍ക്കൊള്ളുന്നു. ആഴത്തില്‍ ആലോചിച്ചുനോക്കിയാല്‍ അവ എല്ലാ നന്‍മകളുടെയും ആകത്തുകയാണെന്നു കാണാം. ഒന്ന്: മനുഷ്യന്‍ ധനപൂജയില്‍ അകപ്പെടാതെ അല്ലാഹു തനിക്കേകിയിട്ടുള്ള ഏതു സമ്പത്തും അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സല്‍ക്കാര്യങ്ങളിലും സമസൃഷ്ടികളെ സഹായിക്കുന്നതിലും വിനിയോഗിക്കുക. രണ്ട്: ദൈവത്തെ ഭയപ്പെടുകയും സ്വഭാവത്തിലും കര്‍മത്തിലും പെരുമാറ്റത്തിലും ഉപജീവനത്തിലും എന്നുവേണ്ട, ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിന് അതൃപ്തികരമായ എല്ലാ കാര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്യുക. മൂന്ന്: നന്മയെ സത്യപ്പെടുത്തുക. ‘നന്‍മ’യെന്നത് വിശാലമായ അര്‍ഥമുള്ള പദമാണ്. വിശ്വാസത്തിലും കര്‍മത്തിലും സ്വഭാവത്തിലുമുള്ള നന്‍മകള്‍ അതില്‍ ഉള്‍പ്പെടുന്നു. ബഹുദൈവത്വവും നാസ്തികത്വവും സത്യനിഷേധവും വര്‍ജിച്ച് ഏകദൈവത്വവും പരലോകവും പ്രവാചകത്വവും സത്യമാണെന്നംഗീകരിക്കുകയാണ് വിശ്വാസത്തില്‍ നന്‍മയെ സത്യപ്പെടുത്തല്‍. കര്‍മങ്ങളില്‍ നന്‍മയെ സത്യപ്പെടുത്തുകയെന്നാല്‍ ഇതാണ്: ഒരു നിര്‍ണിത വ്യവസ്ഥയുടെ അഭാവത്തില്‍ കേവലം അബോധപൂര്‍വമായി നന്‍മ ചെയ്തുപോകുന്നതല്ലാതെ, ദൈവത്തിങ്കല്‍നിന്ന് അരുളപ്പെട്ട ധര്‍മത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യവസ്ഥക്കു വിധേയനായിരിക്കുക. നന്‍മകളെ, അതിന്റെ എല്ലാ രൂപങ്ങളോടും ഭാവങ്ങളോടും കൂടി ഉള്‍ക്കൊള്ളുന്ന ഒരു സംഹിതയാണത്. അതിനെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പേരാണ് ദൈവിക ശരീഅത്ത്.

3. ഇതാണ് ഈയിനം പ്രയത്‌നത്തിന്റെ ഫലം. സുഗമമായതിലേക്കുള്ള വഴി കൊണ്ടുദ്ദേശ്യം മനുഷ്യപ്രകൃതിയുടെ താല്‍പര്യമായ സരണിയാണ്. മനുഷ്യനെയും അഖില പ്രപഞ്ചത്തെയും നിര്‍മിച്ച സ്രഷ്ടാവിന്റെ പ്രീതിക്കിണങ്ങിയ വഴി. അതില്‍ മനുഷ്യന്‍ സ്വന്തം മനഃസാക്ഷിയോട് യുദ്ധംചെയ്തു ചരിക്കേണ്ടിവരില്ല. ആ സരണിയില്‍ മനുഷ്യന്‍ അവന്റെ ശരീരം, ജീവന്‍, ബുദ്ധി, ചിന്ത തുടങ്ങിയ ശക്തികളെ, ആ ശക്തികള്‍ എന്തിനുവേണ്ടി നല്‍കപ്പെട്ടിട്ടില്ലയോ അതില്‍ ബലാല്‍ക്കാരം ഉപയോഗപ്പെടുത്തുകയില്ല; മറിച്ച്, ആ കഴിവുകള്‍ യഥാര്‍ഥത്തില്‍ നല്‍കപ്പെട്ടിരിക്കുന്നതെന്തിനുവേണ്ടിയാണോ അതിനുവേണ്ടി മാത്രമേ ഉപയോഗിക്കൂ. പാപപങ്കിലമായ ജീവിതത്തിന് നാനാഭാഗത്തുനിന്നും നേരിടേണ്ടിവരുന്ന സംഘര്‍ഷങ്ങളും മത്‌സരങ്ങളും സമരങ്ങളും അതില്‍ നേരിടേണ്ടിവരുകയുമില്ല. പ്രത്യുത, മനുഷ്യസമൂഹത്തില്‍ ഓരോ ചുവടുവെയ്പിലും സന്ധിയിലും സമാധാനവും അന്തസ്സും ലഭിച്ചുകൊണ്ടിരിക്കും. സ്വന്തം ധനം സമസൃഷ്ടികളുടെ നന്‍മയ്ക്കുവേണ്ടി ഉപയോഗിക്കുന്നവന്‍, എല്ലാവരോടും നല്ല നിലയില്‍ പെരുമാറുന്നവന്‍, ജീവിതം പാപങ്ങളില്‍നിന്നും കുറ്റകൃത്യങ്ങളില്‍നിന്നും ആഭാസങ്ങളില്‍നിന്നും മുക്തമായവന്‍, ഇടപാടുകളില്‍ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവന്‍, ആരോടും വഞ്ചനയും കാപട്യവും കരാര്‍ലംഘനവും കാണിക്കാത്തവന്‍, അവന്‍ വഞ്ചിക്കുമെന്നോ ആക്രമിക്കുമെന്നോ ദ്രോഹിക്കുമെന്നോ ആരും ഭയപ്പെടാത്തവന്‍, എല്ലാവരെയും നല്ല സ്വഭാവത്തോടെ അഭിമുഖീകരിക്കുകയും ആര്‍ക്കും തന്റെ സ്വഭാവചര്യകളില്‍ വിരല്‍വെയ്ക്കാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എത്ര ജീര്‍ണിച്ച സമൂഹത്തില്‍ വസിച്ചാലും അയാള്‍ക്ക് സവിശേഷമായ ഒരു മൂല്യവും മഹത്ത്വവും ഉണ്ടാവുകതന്നെ ചെയ്യും. ജനമനസ്സുകള്‍ അയാളിലേക്കാകൃഷ്ടമാകും. ജനദൃഷ്ടിയില്‍ അയാളുടെ അന്തസ്സ് നിലനില്‍ക്കും. അവന്റെ മനസ്സും മനഃസാക്ഷിയും ശാന്തമായിരിക്കും. സമൂഹത്തില്‍ ഒരു ദുര്‍വൃത്തന്ന് ഒരിക്കലും ലഭിക്കാത്ത ആദരവ് അയാള്‍ക്കു ലഭിക്കു കയും ചെയ്യും. ഇതേ ആശയമാണ് സൂറ അന്നഹ്ല്‍ 97-ആം സൂക്തത്തില്‍ ഇപ്രകാരമരുളിയത്: مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أوْ أنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً (വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നത് പുരുഷനാകട്ടെ സ്ത്രീയാവട്ടെ, നാമവന്ന് ഒരു പരിശുദ്ധ ജീവിതമരുളുന്നതാണ്). സൂറ മര്‍യം 96-ആം സൂക്തത്തില്‍ ഈ ആശയം അവതരിപ്പിക്കുന്നതിങ്ങനെയാണ്: إنَّ الذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمْ الرَّحْمَانُ وُدًّا (സത്യവിശ്വാസികളാകുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരാരോ, കരുണാമയന്‍ അവരോട് ഹൃദയങ്ങളില്‍ മൈത്രിയുളവാക്കുന്നതാണ്). കൂടാതെ, ഈ സരണിതന്നെയാണ് ഈ ലോകംമുതല്‍ പരലോകം വരെ മനുഷ്യന്ന് സമ്പൂര്‍ണ സന്തോഷവും സമ്പൂര്‍ണ വിശ്രാന്തിയും അരുളുന്നത്. അതിന്റെ അനന്തരഫലം താല്‍ക്കാലികമോ നശ്വരമോ അല്ല; അനശ്വരവും ശാശ്വതവുമാകുന്നു. ഇതിനെക്കുറിച്ചാണ് അല്ലാഹു ‘നാമവന്ന് ഈ വഴിയില്‍ ചരിക്കുന്നത് എളുപ്പമാക്കിക്കൊടുക്കും’ എന്നു പറയുന്നത്. അതിനര്‍ഥമിതാണ്: അവന്‍ നന്‍മയെ സത്യപ്പെടുത്തിക്കൊണ്ട് തനിക്ക് ഭൂഷണമായ പണി ഇതുതന്നെയാണെന്നും തിന്‍മയുടെ മാര്‍ഗം തനിക്ക് ദോഷകരമാണെന്നും തീരുമാനിച്ചുകൊണ്ട് പ്രായോഗികമായി സാമ്പത്തിക പരാര്‍ഥതയുടെയും ദൈവഭക്തിയുടെയും ജീവിതം തിരഞ്ഞെടുക്കുകയും താന്‍ അവയെ സത്യപ്പെടുത്തുന്നത് സത്യസന്ധമായിത്തന്നെയാണെന്ന് സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആ മാര്‍ഗത്തിലൂടെയുള്ള പ്രയാണം അല്ലാഹു അവന്ന് അനായാസകരമാക്കിക്കൊടുക്കും. പിന്നെ അവന്ന് പാപകര്‍മം പ്രയാസകരവും സല്‍ക്കര്‍മം എളുപ്പവുമായിത്തീരുന്നു. നിഷിദ്ധധനം മുന്നിലെത്തിയാല്‍ അത് ലാഭകരമായ കച്ചവടമാണെന്ന് അവന്‍ കരുതുകയില്ല. പ്രത്യുത, കൈകൊണ്ട് തൊട്ടുകൂടാത്ത തീക്കട്ടയാണതെന്നായിരിക്കും അവന് തോന്നുക. ദുര്‍വൃത്തികള്‍ക്കുള്ള അവസരം കിട്ടിയാല്‍ അതിനെ സുഖിക്കാനും രസിക്കാനുമുള്ള അവസരമായിക്കണ്ട് അതിലേക്ക് കുതിക്കുകയില്ല. നരകകവാടമായിക്കരുതി അതില്‍നിന്ന് ഓടിയകലുകയായിരിക്കും ചെയ്യുക. നമസ്‌കാരം അവന്ന് ഭാരമാകുന്നില്ല; മറിച്ച്, സമയമായാല്‍ പിന്നെ അത് നിര്‍വഹിക്കുന്നതുവരെ അവന്‍ അസ്വസ്ഥനായിരിക്കും. സകാത്തു കൊടുക്കുമ്പോള്‍ അവന്ന് ഒരു ദുഃഖവുമുണ്ടാകുന്നില്ല. സകാത്ത് കൊടുത്തു വീട്ടുന്നതുവരെ സ്വന്തം ധനം അശുദ്ധമാണെന്നായിരിക്കും അവന്ന് തോന്നുക. അങ്ങനെ ഓരോ ചുവടുവെയ്പിലും ആ മാര്‍ഗത്തില്‍ ചരിക്കാന്‍ അവന്ന് അല്ലാഹുവിങ്കല്‍നിന്നുള്ള ഉതവിയും സഹായവും ലഭിക്കുന്നു. ചുറ്റുപാടുകള്‍ അവന്ന് അനുയോജ്യവും സഹായകവുമായിത്തീരുന്നു. ഇവിടെ ഒരു ചോദ്യമുയര്‍ന്നു വരുന്നു: നേരത്തേ സൂറ അല്‍ബലദില്‍ ഇതേ സരണിയെ ദുര്‍ഘടമായ മലമ്പാതയെന്നാണല്ലോ വിശേഷിപ്പിച്ചത്. ഇവിടെ അതിനെ സുഗമമായ മാര്‍ഗമായും പ്രസ്താവിക്കുന്നു. ഈ രണ്ടു പ്രസ്താവനകളും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെടുക? മറുപടിയിതാണ്: ഈ സരണി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യം തോന്നുക അതൊരു ദുര്‍ഘടമായ മലമ്പാതയാണെന്നുതന്നെയാണ്. അതിലൂടെ പ്രയാണംചെയ്യാന്‍ അയാള്‍ക്ക് തന്റെ ദേഹേച്ഛകളോടും ഭൗതിക ഭ്രമത്തോടും കുടുംബത്തോടും ബന്ധുജനങ്ങളോടും കൂട്ടുകാരോടും ഇടപാടുകാരോടും സര്‍വോപരി, ചെകുത്താനോടും സമരം ചെയ്യേണ്ടിവരും. കാരണം, അവയോരോന്നും അവന്നു മുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ആ മാര്‍ഗത്തെ ഭയാനകമാക്കിക്കാണിക്കുകയും ചെയ്തുകൊണ്ടിരിക്കും. പക്ഷേ, അവന്‍ നന്‍മയെ സത്യപ്പെടുത്തിക്കൊണ്ട് ആ മാര്‍ഗത്തില്‍ ചരിക്കാന്‍ ദൃഢനിശ്ചയമെടുക്കുകയും ദൈവം തനിക്കേകിയ ധനം ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കുകയും തഖ്‌വ കൈക്കൊള്ളുകയും ചെയ്തുകൊണ്ട് ആ ദൃഢനിശ്ചയത്തെ പ്രായോഗികമായി ബലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഈ ദുര്‍ഘട പാതയിലൂടെയുള്ള പ്രയാണം എളുപ്പവും ധാര്‍മികാധഃപതനത്തിന്റെ ഗര്‍ത്തത്തില്‍ ഉരുണ്ടുവീഴുന്നത് ക്ലേശകരവുമായിത്തീരുന്നു.

4. മര്‍ത്ത്യ പ്രയത്‌നത്തിന്റെ രണ്ടാമത്തെ വകുപ്പാണിത്. ഈ വകുപ്പിന്റെ ഓരോ അംശവും പ്രഥമ വകുപ്പിന്റെ ഓരോ അംശത്തില്‍നിന്നും വ്യത്യസ്തമാകുന്നു. ലുബ്ധുകൊണ്ട് വിവക്ഷിക്കുന്നത് സാധാരണഗതിയില്‍ ജനം ഒരുവനെ ലുബ്ധന്‍ എന്നു വിശേഷിപ്പിക്കുന്നതിനാസ്പദമായ ഗുണം മാത്രമല്ല പണം കുന്നുകൂട്ടി വെക്കുകയും അത് തനിക്കോ തന്റെ കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവനാണ് സാധാരണ ലുബ്ധന്‍. എന്നാല്‍, ഇവിടെ ലുബ്ധുകൊണ്ടുദ്ദേശിച്ചത് ദൈവികമാര്‍ഗത്തിലും സല്‍കാര്യങ്ങളിലും പുണ്യകര്‍മങ്ങളിലും ധനം വ്യയംചെയ്യാതിരിക്കലാകുന്നു. ഈ വീക്ഷണത്തില്‍ തനിക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍ക്കുവേണ്ടി, ഉല്ലാസവിനോദങ്ങള്‍ക്കുവേണ്ടി അകമഴിഞ്ഞു വാരിക്കോരി പണം ചെലവഴിക്കുകയും എന്നാല്‍, സല്‍ക്കര്‍മങ്ങള്‍ക്കുവേണ്ടി ഒന്നും ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവനും ലുബ്ധനാകുന്നു. പകരമായി ലഭിക്കാവുന്ന പേരോ പ്രശസ്തിയോ അധികാര സ്വാധീനമോ മറ്റു നേട്ടങ്ങളോ കണ്ട് ദാനം ചെയ്യുന്നവനും അപ്രകാരംതന്നെ. ആശ്രയം വേണ്ടാത്തവനായി നടിക്കുക എന്നതിന്റെ താല്‍പര്യമിതാണ്: തന്റെ സകല പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും ലക്ഷ്യം ഭൗതികമാത്രമായിരിക്കുക, ദൈവത്തോട് ഒട്ടും ആശ്രിതത്വം പുലര്‍ത്താതിരിക്കുകയും അവന്റെ പ്രീതിയുള്ള കാര്യമേത്, അവന്റെ അപ്രീതിക്കിരയാകുന്ന കാര്യമേത് എന്നതൊന്നും തീരെ സാരമാക്കാതെ വര്‍ത്തിക്കുകയും ചെയ്യുക. നന്‍മയെ തള്ളിപ്പറയുകയെന്നാല്‍ നന്‍മയെ അതിന്റെ മുഴുവന്‍ വിശദാംശങ്ങളോടും കൂടി അംഗീകരിക്കുന്നതിന്റെ വിപരീതമാകുന്നു. നന്‍മയെ സത്യപ്പെടുത്തുകയെന്നതിന്റെ താല്‍പര്യം നാം വിശദീകരിച്ചുകഴിഞ്ഞുവല്ലോ. അതുകൊണ്ട് ഇവിടെ അത് ആവര്‍ത്തിക്കേണ്ടതില്ല.

5. ഈ സരണിയെ ദുര്‍ഘടമെന്നു പറയാന്‍ കാരണമിതാണ്: അതിലൂടെ പ്രയാണം ചെയ്യുന്നവര്‍ ഭൗതികനേട്ടങ്ങളിലും ഐഹികസുഖങ്ങളിലും ബാഹ്യവിജയങ്ങളിലുമുള്ള അത്യാഗ്രഹം കൊണ്ടാണ് ആ വഴിക്കു തിരിയുന്നതെങ്കിലും അതില്‍ സ്വന്തം പ്രകൃതിയോടും മനഃസാക്ഷിയോടും പ്രപഞ്ച സ്രഷ്ടാവ് നിര്‍മിച്ചിട്ടുള്ള നിയമങ്ങളോടും തന്റെ ചുറ്റുമുള്ള സമൂഹത്തോടും അവന്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യസന്ധതയുടെയും വിശ്വസ്തതയുടെയും ഉത്തരവാദിത്വത്തിന്റെയും മാന്യതയുടെയും വിശുദ്ധിയുടെയും ധാര്‍മിക പരിധികള്‍ തട്ടിത്തകര്‍ത്തുകൊണ്ട് സകല വഴിക്കും തന്റെ സ്വാര്‍ഥങ്ങള്‍ നേടാനും ജഡികേച്ഛകള്‍ പൂര്‍ത്തീകരിക്കാനും ശ്രമിക്കുന്നു. ദൈവദാസന്‍മാര്‍ക്ക് ഗുണം ചെയ്യുന്നതിനു പകരം ദോഷം ചെയ്യുമ്പോള്‍, അന്യരുടെ അവകാശങ്ങള്‍ കവരുകയും അഭിമാനം പിച്ചിച്ചീന്തുകയും ചെയ്യുമ്പോള്‍ സ്വന്തം ദൃഷ്ടിയില്‍ത്തന്നെ അവന്‍ നിന്ദ്യനും നികൃഷ്ടനുമാകുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തോടും അടിക്കടി പൊരുതിക്കൊണ്ടുവേണം അവന്ന് മുമ്പോട്ടു പോകാന്‍. തളര്‍ന്നുപോയാല്‍ ഈ നിലപാടിന്റെ ഫലമായി അവന്ന് പലവക ശിക്ഷകള്‍ അനുഭവിക്കേണ്ടിവരുന്നു. ധനാഢ്യനും ശക്തനും വലിയ സ്വാധീനമുള്ളവനുമാണെങ്കില്‍ ലോകം അവന്റെ ഊറ്റത്തിനു മുമ്പില്‍ അമര്‍ന്നു നില്‍ക്കുമെങ്കിലും ആരുടെ ഹൃദയത്തിലും അവനോട് ഗുണകാംക്ഷയുടെയോ ആദരവിന്റെയോ സ്‌നേഹത്തിന്റെയോ ഒരു വികാരവുമുണ്ടാകുന്നില്ല. അവന്റെ സഹപ്രവര്‍ത്തകര്‍പോലും അവനെ ഒരു മ്ലേച്ഛനായിട്ടായിരിക്കും ഗണിക്കുക. ഈയവസ്ഥ വ്യക്തികള്‍ക്കു മാത്രം ബാധകമായിട്ടുള്ളതല്ല. ഈ ലോകത്തെ ഏറ്റവും വലിയ ശക്തികളായ ജനതകളും ധാര്‍മിക പരിധികള്‍ മറികടന്നുകൊണ്ട് സ്വന്തം ശക്തിയുടെയും സമ്പന്നതയുടെയും ഊറ്റത്തില്‍, ദുര്‍വൃത്തികളുടെയും ധിക്കാരത്തിന്റെയും മാര്‍ഗമവലംബിക്കുകയാണെങ്കില്‍ ഒരുവശത്ത് ബാഹ്യലോകം അവരുടെ ശത്രുക്കളായിത്തീരുന്നു. മറുവശത്ത്, ആ സമൂഹത്തിനുള്ളില്‍ത്തന്നെ കുറ്റകൃത്യങ്ങളും ആത്മഹത്യകളും ലഹരിഭ്രമവും നികൃഷ്ട രോഗങ്ങളും കുടുംബശൈഥില്യവും യുവജനങ്ങളുടെ മാര്‍ഗച്യുതിയും വര്‍ഗസംഘട്ടനവും അക്രമ മര്‍ദനങ്ങളും ദിനേന പെരുകിക്കൊണ്ടിരിക്കും. അങ്ങനെ അവര്‍ സുവര്‍ണദശയുടെ ഉച്ചിയില്‍നിന്നു നിലംപതിച്ചാല്‍ പിന്നെ ലോകചരിത്രത്തില്‍ അവര്‍ ശാപത്തിന്റെയും ഭര്‍ത്സനങ്ങളുടെയും ഭാജനങ്ങള്‍ മാത്രമായി മാറുന്നു. ഇങ്ങനെയുള്ള മനുഷ്യന്ന് നാം ക്ലിഷ്ടതയുടെ സരണി എളുപ്പമാക്കിക്കൊടുക്കും എന്നു പറഞ്ഞതിനര്‍ഥമിതാണ്: അവന്ന് നന്‍മയുടെ സരണിയില്‍ സഞ്ചരിക്കാനുള്ള ഉതവി നിഷേധിക്കപ്പെടും. തിന്‍മയുടെ കവാടങ്ങള്‍ അവന്നുവേണ്ടി മലര്‍ക്കെ തുറന്നിടപ്പെടും. അവന്ന് അതിന്റെ മാധ്യമങ്ങളും ഉപാധികളും സജ്ജമാക്കപ്പെടും. തിന്‍മ ചെയ്യുക അവന്ന് അനായാസകരമാകും. നന്‍മ ചെയ്യാനുള്ള വിചാരം മരണതുല്യമായി തോന്നും. ഈ അവസ്ഥയെയാണ് സൂറ അല്‍അന്‍ആം 125-ആം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം വര്‍ണിച്ചത്: ”അല്ലാഹു സന്‍മാര്‍ഗം നല്‍കാനുദ്ദേശിക്കുന്നവനാരോ, അവന്റെ മാറിടത്തെ ഇസ്‌ലാമിനുവേണ്ടി തുറന്നുകൊടുക്കുന്നു. ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കണമെന്നിച്ഛിക്കുന്നുവോ, അവന്റെ മാറിടം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്‌ലാമിനെ ഓര്‍ക്കുന്നതുതന്നെ) അവന്ന് തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതുപോലെ അസഹ്യമായി അനുഭവപ്പെടുന്നു.” അല്‍ബഖറ 46-ആം സൂക്തത്തില്‍ പറയുന്നു: ”നിസ്സംശയം, നമസ്‌കാരം ഒരു ഭാരിച്ച പണിയാകുന്നു– അനുസരണമുള്ള ദാസന്‍മാര്‍ക്കൊഴിച്ച്.” അത്തൗബ 54-ആം സൂക്തത്തില്‍ കപടവിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു: ”അവര്‍ നമസ്‌കാരത്തിനു ഹാജരാവുമ്പോള്‍ മടിയന്‍മാരായി മാത്രം ഹാജരാവുകയും ദൈവിക മാര്‍ഗത്തില്‍ വ്യയംചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുകയും ചെയ്യുന്നു.” അത്തൗബ 98-ആം സൂക്തത്തില്‍ പറയുന്നു: ”ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കുന്നതെന്തും പിഴയും നഷ്ടവുമായി ഗണിക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്.”

6. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, എന്തായാലും ഒരുനാള്‍ അവര്‍ ഇവിടത്തെ ജീവിതത്തിനുവേണ്ടി ശേഖരിച്ചുവെച്ചതെല്ലാം ഈ ലോകത്തുതന്നെ ഉപേക്ഷിച്ചുകൊണ്ട് മരിച്ചുപോവുകതന്നെ ചെയ്യും. ഈ സമ്പാദ്യത്തില്‍നിന്ന് തന്റെ പരലോകത്തിനു വേണ്ടി ഒന്നും കൊണ്ടുപോകുന്നില്ലെങ്കില്‍ പിന്നെ ഈ ധനംകൊണ്ടെന്തു പ്രയോജനം? ഖബ്‌റിലേക്കവന്‍ ബംഗ്ലാവോ വാഹനമോ ഭൂസ്വത്തോ ഖജനാവോ ഒന്നും കൊണ്ടുപോവുകയില്ല.

രാത്രിയാണ് സത്യം/സാക്ഷി = وَاللَّيْلِ
അത് മൂടുമ്പോള്‍ = إِذَا يَغْشَىٰ
പകലുമാണ് = وَالنَّهَارِ
അത് പ്രത്യക്ഷപ്പെടുമ്പോള്‍ = إِذَا تَجَلَّىٰ
സൃഷ്ടിച്ചതുമാണ് = وَمَا خَلَقَ
പുരുഷനെ = الذَّكَرَ
സ്ത്രീയെയും = وَالْأُنثَىٰ
നിശ്ചയം നിങ്ങളുടെ പ്രവര്‍ത്തനം = إِنَّ سَعْيَكُمْ
പലവിധമാണ് = لَشَتَّىٰ
അതിനാല്‍ ആര്‍ = فَأَمَّا مَنْ
നല്‍കി = أَعْطَىٰ
ഭക്തി പുലര്‍ത്തുകയും ചെയ്തു = وَاتَّقَىٰ
സത്യപ്പെടുത്തുകയും ചെയ്തു = وَصَدَّقَ
അത്യുത്തമമായതിനെ = بِالْحُسْنَىٰ
അവന് നാം സൗകര്യമൊരുക്കിക്കൊടുക്കും = فَسَنُيَسِّرُهُ
ഏറ്റം എളുപ്പമായതിലേക്ക് = لِلْيُسْرَىٰ
എന്നാല്‍ ആര്‍ = وَأَمَّا مَن
പിശുക്ക് കാണിച്ചു = بَخِلَ
സ്വയം പര്യാപ്തത നടിക്കുകയും ചെയ്തു = وَاسْتَغْنَىٰ
കളവാക്കുകയും ചെയ്തു = وَكَذَّبَ
അത്യുത്തമമായതിനെ = بِالْحُسْنَىٰ
നാം അവന് സൗകര്യമൊരുക്കിക്കൊടുക്കും = فَسَنُيَسِّرُهُ
ഏറ്റം ക്ലേശകരമായതിലേക്ക് = لِلْعُسْرَىٰ
ഉപകരിക്കുകയില്ല = وَمَا يُغْنِي
അവന്ന് = عَنْهُ
അവന്റെ ധനം = مَالُهُ
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ = إِذَا تَرَدَّىٰ

Add comment

Your email address will not be published. Required fields are marked *