അള്ളുഹാ – സൂക്തങ്ങള്‍: 1-11

പ്രഥമ പദമായ الضُّحَى ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഈ സൂറ പ്രവാചകന്റെ മക്കാ ജീവിതത്തിലെ ആദ്യകാലത്ത് അവതരിച്ചതാണെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. നിവേദനങ്ങളില്‍നിന്ന് മനസ്സിലാകുന്നതിതാണ്: ആദ്യഘട്ടത്തില്‍ ഇടക്കു കുറച്ചുനാള്‍ ദിവ്യബോധന ധാര നിലച്ചുപോവുകയുണ്ടായി. അതില്‍ തിരുമേനി വളരെ അസ്വസ്ഥനായിരുന്നു. തന്നില്‍നിന്ന് വല്ല തെറ്റും സംഭവിച്ചതിന്റെ പേരില്‍ അല്ലാഹു അപ്രീതനായി തന്നെ കൈവെടിഞ്ഞിരിക്കുകയാണോ എന്ന് അവിടുന്ന് സദാ ആശങ്കിച്ചു. ഇതെക്കുറിച്ച് അദ്ദേഹത്തെ സമാധാനിപ്പിക്കുകയാണ്: ദിവ്യബോധന പരമ്പര നിര്‍ത്തിവെച്ചത് ഏതെങ്കിലും നീരസത്തിന്റെ പേരിലല്ല. മറിച്ച്, പകല്‍വെളിച്ചത്തിനുശേഷം നിശയുടെ ശാന്തിയുണ്ടാകുന്നതില്‍ പ്രവര്‍ത്തിക്കുന്ന താല്‍പര്യങ്ങള്‍തന്നെയാണതിലുള്ളത്. അതായത്, വെളിപാടിന്റെ തീക്ഷ്ണരശ്മികള്‍ നിരന്തരം പതിച്ചുകൊണ്ടിരുന്നാല്‍ അതു താങ്ങാനാവാതെ താങ്കളുടെ പേശികള്‍ തളര്‍ന്നുപോകും. അതുകൊണ്ട് താങ്കള്‍ക്ക് വിശ്രമം ലഭിക്കുന്നതിനു വേണ്ടി ഇടയ്ക്കു വിരാമം നല്‍കിയിരിക്കുകയാണ്. പ്രവാചകത്വ ലബ്ധിയുടെ ആദ്യനാളുകളിലായിരുന്നു ഈ അവസ്ഥയുണ്ടായിരുന്നത്. അന്ന് തിരുമേനി(സ) ദിവ്യബോധന സ്വീകരണത്തിന്റെ കടുത്ത ഭാരം സഹിച്ചു ശീലിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഇടവേളകള്‍ നല്‍കേണ്ടത് ആവശ്യമായിരുന്നു. സൂറ അല്‍മുദ്ദസ്സിറിന്റെ മുഖവുരയില്‍ നാം അതു വിശദീകരിച്ചിട്ടുണ്ട്. വഹ്‌യിന്റെ അവതരണം തിരുമേനി(സ)യുടെ നാഡി ഞരമ്പുകളില്‍ എന്തുമാത്രം കടുത്ത ആഘാതമാണേല്‍പിച്ചിരുന്നതെന്ന് സൂറ അല്‍മുസ്സമ്മിലിന്റെ 5-ആം നമ്പര്‍ വ്യാഖ്യാനക്കുറിപ്പിലും വിശദീകരിച്ചിരിക്കുന്നു. പില്‍ക്കാലത്ത് വഹ്‌യ് അവതരണത്തിന്റെ ഭാരം തിരുമേനിക്ക് സഹ്യമായിത്തീര്‍ന്നപ്പോള്‍ നീണ്ട ഇടവേളകള്‍ നല്‍കേണ്ട ആവശ്യമില്ലാതാവുകയായിരുന്നു.

ഉള്ളടക്കം

അല്ലാഹു നബി(സ)യെ സമാശ്വസിപ്പിക്കുകയാണീ സൂറയില്‍. ദിവ്യബോധനം നിന്നുപോയതില്‍ തിരുമേനിക്കുണ്ടായ ഉല്‍ക്കണ്ഠ ദൂരീകരിക്കുകയാണതിന്റെ ലക്ഷ്യം. ആദ്യമായി പകല്‍വെളിച്ചത്തെയും രാത്രിയുടെ പ്രശാന്തിയെയും സാക്ഷിയായി സത്യം ചെയ്തുകൊണ്ട് അദ്ദേഹത്തെ സമാധാനിപ്പിക്കുന്നു: താങ്കളുടെ നാഥന്‍ താങ്കളെ ഒരിക്കലും കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. അനന്തരം ഇപ്രകാരം ശുഭവാര്‍ത്ത നല്‍കുന്നു: ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യദശയില്‍ താങ്കള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രയാസങ്ങളൊക്കെ കുറച്ചുനാളത്തെ കാര്യമാണ്. നാള്‍ക്കുനാള്‍ താങ്കളുടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുകൊണ്ടേയിരിക്കും. അധികകാലം കഴിയേണ്ടിവരില്ല, താങ്കള്‍ സന്തുഷ്ടനാകുംവണ്ണം അല്ലാഹു താങ്കളില്‍ അവന്റെ അനുഗ്രഹവും ഔദാര്യവും വര്‍ഷിക്കാന്‍. പില്‍ക്കാലത്ത് അക്ഷരംപ്രതി പുലര്‍ന്നിട്ടുള്ള, സുവ്യക്തമായ ഖുര്‍ആനിക പ്രവചനങ്ങളിലൊന്നാണിത്. എന്നാല്‍, ഈ പ്രവചനം നടത്തുന്ന കാലത്ത് ജാഹിലിയ്യാ സമൂഹത്തോട് മുഴുവന്‍ മല്ലടിക്കുന്ന, മക്കയിലെ നിസ്സഹായനും നിരാലംബനുമായ ആ മനുഷ്യന്ന് ഇത്രമാത്രം അദ്ഭുതകരമായ വിജയങ്ങളുണ്ടാകുമെന്നതിന്റെ വിദൂര ലക്ഷണങ്ങള്‍ പോലും ദൃശ്യമായിരുന്നില്ല. അനന്തരം അല്ലാഹു തന്റെ വത്‌സലദാസനായ തിരുമേനിയോടരുളുന്നു: നാം നിന്നില്‍ അപ്രീതനായെന്നും നിന്നെ കൈവെടിഞ്ഞുവെന്നും നീ ഉല്‍ക്കണ്ഠാകുലനാകാനിടയായതെങ്ങനെ? നിന്റെ ജനനം മുതല്‍ നിന്നില്‍ കരുണ ചൊരിഞ്ഞുകൊണ്ടേയിരിക്കുകയാണല്ലോ നാം. നീ അനാഥനായി പിറന്നു. വളര്‍ത്താനും സംരക്ഷിക്കാനും മെച്ചപ്പെട്ട ഏര്‍പ്പാടുകള്‍ നാം ചെയ്തു. നീ വഴിയറിയാത്തവനായിരുന്നു. നാം നിനക്കു വഴികാണിച്ചുതന്നു. നീ നിരാലംബനായിരുന്നു. നാം നിന്നെ ധന്യനാക്കി. നീ ജനനം മുതലേ നമ്മുടെ ദാക്ഷിണ്യ ദൃഷ്ടിയിലുണ്ടെന്നും നമ്മുടെ അനുഗ്രഹവും പരിഗണനയും നിന്റെ അവസ്ഥകളെയെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഈ വസ്തുതകള്‍ സ്പഷ്ടമായി തെളിയിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ സൂറ ത്വാഹായിലെ 37 മുതല്‍ 42 വരെ സൂക്തങ്ങള്‍കൂടി അനുസ്മരണീയമാകുന്നു. അതില്‍ അല്ലാഹു മൂസാ(അ)യെ അതിനിഷ്ഠുരനായ ഫറവോന്റെ അടുത്തേക്ക് നിയോഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആശങ്കയകറ്റുന്നതിനുവേണ്ടി പറയുന്നു: നിന്റെ ജനനം മുതല്‍ നമ്മുടെ ദാക്ഷിണ്യം നിന്റെ എല്ലാ അവസ്ഥകളെയും ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ. അതുകൊണ്ട് നീ സമാധാനിക്കുക. ഈ ഭയങ്കരമായ ദൗത്യത്തില്‍ നീ തനിച്ചായിരിക്കുകയില്ല. നമ്മുടെ അനുഗ്രഹം നിന്നോടൊപ്പമുണ്ടായിരിക്കും. അവസാനം, അല്ലാഹു ചൊരിഞ്ഞ നന്‍മകള്‍ക്ക് മറുപടിയായി പ്രവാചകന്‍ ദൈവദാസന്‍മാരോട് വര്‍ത്തിക്കേണ്ടതെങ്ങനെയാണെന്നും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കേണ്ടതെങ്ങനെയാണെന്നും നബി(സ)യെ പഠിപ്പിച്ചിരിക്കുന്നു.

وَالضُّحَىٰ ﴿١﴾ وَاللَّيْلِ إِذَا سَجَىٰ ﴿٢﴾ مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿٣﴾ وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴿٤﴾ وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ﴿٥﴾ أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ ﴿٩﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ ﴿١٠﴾ وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴿١١﴾


(1-5) പകല്‍വെളിച്ചമാണ,1 മന്ദം മന്ദം ഇരുണ്ടുവരുന്ന രാവാണ,2 (പ്രവാചകാ) നിന്റെ നാഥന്‍ ഒരിക്കലും നിന്നെ വെടിഞ്ഞിട്ടില്ല; നിന്നോട് അതൃപ്തനായിട്ടുമില്ല.3 പോയകാലത്തേക്കാള്‍ നിനക്ക് ഗുണകരം വരുംകാലംതന്നെയാകുന്നു.4 നിനക്ക് തൃപ്തിയാകുംവണ്ണം നാഥന്‍ അടുത്തുതന്നെ നിനക്ക് തരുന്നുണ്ട്.5
(6-11) ഒരനാഥനായി അവന്‍ നിന്നെ കണ്ടിട്ടില്ലയോ; അപ്പോള്‍ നിനക്കഭയമേകിയില്ലയോ?6 വഴിയറിയാത്തവനായും അവന്‍ നിന്നെ കണ്ടു; അപ്പോള്‍ നേര്‍വഴി കാണിച്ചുതന്നു.7 പ്രാരബ്ധക്കാരനായും കണ്ടു; അപ്പോള്‍ നിനക്ക് സമ്പത്തരുളി.8 ആകയാല്‍, നീ അനാഥരെ ഞെരുക്കരുത്.9 ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കയുമരുത്.10 നിന്റെ നാഥന്റെ അനുഗ്രഹം പ്രഘോഷണം ചെയ്തുകൊണ്ടിരിക്കേണം11 .

1. ഇവിടെ ضُحَى എന്ന പദം രാത്രിയുടെ വിപരീതമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് അതിന്റെ അര്‍ഥം പകല്‍വെളിച്ചം എന്നാകുന്നു. സൂറ അല്‍അഅ്‌റാഫിലെ 97-98 സൂക്തങ്ങളിതിന് ഉദാഹരണമാണ്: أَفَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ ﴿٩٧﴾ أَوَأَمِنَ أَهْلُ الْقُرَىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴿٩٨﴾ (രാത്രിയില്‍ അവര്‍ ഉറങ്ങുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതില്‍ നാട്ടുകാര്‍ നിര്‍ഭയരാണോ? അതോ പകല്‍ അവര്‍ വിനോദിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതില്‍ നാട്ടുകാര്‍ നിര്‍ഭയരാണോ?) ഈ സൂക്തങ്ങളിലും ضُحَى എന്നുപയോഗിച്ചത് രാത്രിയുടെ വിപരീതമായാണ്. അതുകൊണ്ട് അതിന്റെ വിവക്ഷ മധ്യാഹ്‌നത്തിനു മുമ്പുള്ള സമയം എന്നല്ല; പകല്‍ എന്നാണ്.

2. മൂലത്തില്‍ രാത്രിയോട് ചേര്‍ത്ത് سَجَى എന്നു പറഞ്ഞിരിക്കുന്നു. ഇരുട്ടു പരക്കുക എന്നതോടൊപ്പം അടക്കവും ശാന്തിയുമുണ്ടാവുക എന്ന ആശയവും കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. രാത്രിയുടെ ഈ വിശേഷണത്തിന് തുടര്‍ന്നു പറയുന്ന വിഷയവുമായി ആഴത്തിലുള്ള ബന്ധമുണ്ട്.

3. കുറച്ച് നാള്‍ നബി(സ)ക്ക് ദിവ്യബോധനം നിലച്ചിരുന്നതായി നിവേദനങ്ങളില്‍നിന്ന് അറിവാകുന്നു. പല നിവേദനങ്ങളിലും ഈ കാലം പലതായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഇബ്‌നുജുറൈജ് 12 ദിവസമെന്നും കല്‍ബി 15 ദിവസമെന്നും ഇബ്‌നു അബ്ബാസ് 25 ദിവസമെന്നും സുദ്ദിയും മുഖാതിലും 40 ദിവസമെന്നും പറയുന്നു. ഏതായാലും, പ്രവാചകന്‍ വളരെ അസ്വസ്ഥനാകാനും വിരോധികള്‍ അദ്ദേഹത്തെ ആക്ഷേപിച്ചുതുടങ്ങാനും മാത്രം ദീര്‍ഘിച്ചതായിരുന്നു ആ കാലമെന്നനുമാനിക്കാവുന്നതാണ്. പുതുതായി അവതരിക്കുന്ന സൂറ ജനങ്ങളെ കേള്‍പ്പിച്ചുവരുകയായിരുന്നുവല്ലോ പ്രവാചകന്റെ സമ്പ്രദായം. അതുകൊണ്ട് അത്ര ചെറുതല്ലാത്ത ഒരു കാലയളവില്‍ തിരുമേനി പുതിയ സൂറയൊന്നും കേള്‍പ്പിക്കാതിരുന്നപ്പോള്‍, അദ്ദേഹത്തിന് ഈ വചനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന ഉറവിടം അടഞ്ഞുപോയതായി പ്രതിയോഗികള്‍ ധരിച്ചുവശായി. ജുന്‍ദബുബ്‌നു അബ്ദില്ലാഹില്‍ ബജലി നിവേദനം ചെയ്യുന്നു: ”ജിബ്‌രീലി(അ)ന്റെ ആഗമനം നിലച്ചപ്പോള്‍ ബഹുദൈവവിശ്വാസികള്‍ പറയാന്‍ തുടങ്ങി: ‘മുഹമ്മദി(സ)നെ അയാളുടെ റബ്ബ് കൈവിട്ടുപോയി” (ഇബ്‌നുജരീര്‍, ത്വബ്‌റാനി, അബ്ദുബ്‌നു ഹുമൈദ്, സഈദുബ്‌നു മന്‍സൂര്‍, ഇബ്‌നു മര്‍ദവൈഹി). അബൂലഹബിന്റെഭാര്യയും തിരുമേനിയുടെ ചെറിയുമ്മയും അയല്‍വാസിനിയുമായിരുന്ന ഉമ്മു ജമീല്‍ അദ്ദേഹത്തോട് പറഞ്ഞതായി മറ്റു നിവേദനങ്ങളില്‍ ഇപ്രകാരം കാണാം: ”നിന്റെ ചെകുത്താന്‍ നിന്നെ കൈവിട്ടുകളഞ്ഞെന്നു തോന്നുന്നല്ലോ!” ജൗഫിയും ഇബ്‌നുജരീറും ഇബ്‌നു അബ്ബാസില്‍നിന്നുദ്ധരിക്കുന്നു: ”കുറെദിവസത്തേക്ക് ജിബ്‌രീലിന്റെ ആഗമനം നിലച്ചപ്പോള്‍ തിരുമേനി വല്ലാതെ അസ്വസ്ഥനായി. മുശ്‌രിക്കുകള്‍ പറഞ്ഞുനടന്നു: ‘അയാളുടെ റബ്ബ് അയാളില്‍ അപ്രീതനായിരിക്കുന്നു. അയാളെ കൈവിട്ടിരിക്കുന്നു.” ഖതാദയുടെയും ദഹ്ഹാക്കിന്റെയും മുര്‍സലായ നിവേദനങ്ങളിലും ഏതാണ്ടിതേ ആശയമുണ്ട്. ഈ പരിതഃസ്ഥിതിയില്‍ തിരുമേനിക്കുണ്ടായ വ്യഥയും വ്യസനവും പല നിവേദനങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെ വ്യഥിതനാവാതിരിക്കും? സ്‌നേഹിക്കപ്പെടുന്നവനില്‍നിന്ന് പ്രത്യക്ഷത്തില്‍ അവഗണനയനുഭവപ്പെടുക! ഈമാനും കുഫ്‌റും തമ്മിലുള്ള സംഘര്‍ഷം മുറുകിയശേഷം ആ ജീവന്‍മരണപോരാട്ടത്തിലെ ഏകാവലംബമായ ശക്തിസ്രോതസ്സ് പ്രത്യക്ഷത്തില്‍ നിലയ്ക്കുക! അതിനുപുറമെ ശത്രുക്കളുടെ പരിഹാസവും! ഇതെല്ലാം ചേര്‍ന്ന് തിരുമേനി അത്യന്തം വ്യഥിതനാകാന്‍ കാരണമായിത്തീര്‍ന്നിരിക്കാം. തിരുമേനി ഇങ്ങനെ സന്ദേഹിക്കുകയും ചെയ്തിരിക്കാം: എന്നില്‍ വല്ല കുറ്റവും വന്നുപോയോ, അതുമൂലം റബ്ബ് എന്നില്‍ അതൃപ്തനായതാണോ, സത്യവും അസത്യവും തമ്മിലുള്ള ഈ സംഘട്ടനത്തില്‍ അവന്‍ എന്നെ കൈവിട്ട് തനിച്ചാക്കിക്കളഞ്ഞുവോ?! ഈ സാഹചര്യത്തില്‍ തിരുമേനിയെ സമാശ്വസിപ്പിക്കാനവതരിച്ചതാണീ സൂറ. ഇതില്‍ പകല്‍ വെളിച്ചത്തെയും രാവിന്റെ ശാന്തതയെയും പിടിച്ചാണയിട്ടുകൊണ്ട് തിരുമേനിയോടരുളുന്നു: താങ്കളുടെ നാഥന്‍ താങ്കളെ കൈവിട്ടിട്ടില്ല, താങ്കളില്‍ അതൃപ്തനായിട്ടുമില്ല. ഇതുപറയാന്‍ പ്രസ്തുത രണ്ടു പ്രതിഭാസങ്ങളെപ്പിടിച്ചാണയിട്ടതിന്റെ ഔചിത്യമിതാണ്: പകല്‍ വെളിച്ചമുണ്ടാകുന്നതും രാത്രി ഇരുട്ടും അടക്കവും പരക്കുന്നതും പകല്‍സമയത്ത് അല്ലാഹു മനുഷ്യരോട് സന്തുഷ്ടനാകുന്നതു കൊണ്ടും രാത്രി അവന്നവരോട് നീരസമുണ്ടാകുന്നതുകൊണ്ടുമല്ല. പ്രത്യുത, മഹത്തായ ജ്ഞാനത്തിനും താല്‍പര്യത്തിനും വിധേയമായിട്ടാണീ രണ്ടു പ്രതിഭാസങ്ങളുമുണ്ടാകുന്നത്. അതേപ്രകാരം, ദിവ്യബോധനം ചിലപ്പോള്‍ അവതരിപ്പിക്കുന്നതും ചിലപ്പോള്‍ അവതരിപ്പിക്കാതിരിക്കുന്നതും ജ്ഞാനത്തെയും ഉത്തമതാല്‍പര്യത്തെയും ആസ്പദിച്ചാകുന്നു. അല്ലാതെ അല്ലാഹു താങ്കളോട് സംപ്രീതനാകുമ്പോള്‍ ദിവ്യബോധനമയയ്ക്കുകയാണ് എന്നു കരുതുന്നത് ശരിയല്ല. ദിവ്യബോധനമയയ്ക്കാത്തപ്പോള്‍ അവന്‍ താങ്കളോട് അപ്രീതനായെന്നോ താങ്കളെ കൈവിട്ടുവെന്നോ ബേജാറാവുകയും വേണ്ട. ഈ സത്യവും പ്രകൃതവിഷയവുമായുള്ള മറ്റൊരു ബന്ധം ഇതാണ്: വെയില്‍ നിരന്തരം ഏറ്റുകൊണ്ടിരുന്നാല്‍ മനുഷ്യന്‍ തളര്‍ന്നുപോകും. ഒരു നിശ്ചിത സമയം പകലുണ്ടായാല്‍ പിന്നെ രാത്രിയുണ്ടാകേണ്ടത് അനിവാര്യമാകുന്നു. എങ്കിലേ മനുഷ്യന്ന് ആശ്വാസം കിട്ടൂ. അതേപ്രകാരം, തുടര്‍ച്ചയായി ദിവ്യബോധനം അവതരിച്ചുകൊണ്ടിരുന്നാല്‍ താങ്കള്‍ക്കതു ദുര്‍വഹമായിത്തീരും. വഹ്‌യില്‍ അല്ലാഹു ഇടയ്ക്കിടെ ഇടവേളകളേര്‍പ്പെടുത്തിയിട്ടുള്ളതും പരിഗണനീയമായ നന്മയെ ആധാരമാക്കിയാകുന്നു. ദിവ്യബോധനത്തിന്റെ അവതരണം താങ്കളിലുണ്ടാക്കിയ ആഘാതങ്ങള്‍ മാഞ്ഞുപോകുന്നതിനും താങ്കള്‍ക്ക് വിശ്രമം ലഭിക്കുന്നതിനും വേണ്ടിയാണത്. ദിവ്യബോധന സൂര്യന്റെ ഉദയം പകല്‍വെളിച്ചത്തിന്റെ സ്ഥാനത്താണ്. ഇടവേളകള്‍ പ്രശാന്തമായ രാവിന്റെ സ്ഥാനത്തും.

4. അല്ലാഹു പ്രവാചകന്ന് ഈ സുവാര്‍ത്ത നല്‍കുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമിതാണ്: തിരുമേനിയോടൊപ്പം ഒരുപിടി ആളുകള്‍. സമൂഹം മുഴുവന്‍ അവര്‍ക്കെതിര്. പ്രത്യക്ഷത്തില്‍, വിജയത്തിന്റെ വിദൂരലക്ഷണങ്ങള്‍ പോലും ദൃശ്യമായിരുന്നില്ല. മക്കയില്‍ത്തന്നെ ഇസ്‌ലാമിന്റെ നാളം ഉലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അത് കെടുത്താന്‍ നാലുപാടുനിന്നും കൊടുങ്കാറ്റുകളുയര്‍ന്നുകൊണ്ടുമിരുന്നു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു അവന്റെ ദൂതനോടരുളുന്നത്: പ്രഥമഘട്ടത്തിലെ ക്ലേശങ്ങളില്‍ താങ്കള്‍ ഒട്ടും പരിഭ്രമിക്കരുത്. ഓരോ പിന്‍ദശയും മുന്‍ദശയെ അപേക്ഷിച്ച് താങ്കള്‍ക്ക് ഗുണകരമാണെന്ന് തെളിയും. താങ്കളുടെ ശക്തിയും ഗാംഭീര്യവും യശസ്സും സ്ഥാനവുമെല്ലാം അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കും. താങ്കളുടെ സ്വാധീനം വര്‍ധിച്ചുവരും. ഈ വാഗ്ദാനം ഭൗതികലോകത്തേക്കുമാത്രമുള്ളതല്ല. ഭൗതികലോകത്ത് താങ്കള്‍ക്കു ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളേക്കാള്‍ എത്രയോ ഉയര്‍ന്ന സ്ഥാനമാനങ്ങളാണ് പരലോകത്ത് ലഭിക്കുക എന്ന വാഗ്ദാനവും ഇതുള്‍ക്കൊള്ളുന്നുണ്ട്. ത്വബ്‌റാനി ‘ഔസ്വതി’ലും ബൈഹഖി ‘ദലാഇലി’ലും നബി(സ) പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്നു: ”എനിക്കു ശേഷം എന്റെ സമുദായത്തിനു ലഭിക്കാനിരിക്കുന്ന എല്ലാ വിജയങ്ങളും എനിക്കു കാണിക്കപ്പെട്ടു. ഞാനതില്‍ വളരെ ആഹ്ലാദിച്ചു. അപ്പോള്‍ അല്ലാഹു ഈ വചനമവതരിപ്പിച്ചു: ‘പരലോകം നിനക്ക് ഇഹലോകത്തെക്കാള്‍ വിശിഷ്ടമാകുന്നു.”

5. സംഭവിക്കാന്‍ അല്‍പം സമയംപിടിക്കുമെങ്കിലും താങ്കളുടെ മേല്‍ അനുഗ്രഹങ്ങളുടെയും ഔദാര്യങ്ങളുടെയും പേമാരിവര്‍ഷിക്കുന്ന കാലം വിദൂരമല്ല. ഈ വരം തിരുമേനിയുടെ ജീവിതകാലത്തുതന്നെ ഇപ്രകാരം സാക്ഷാത്കരിക്കപ്പെടുകയുണ്ടായി: തെക്ക് യമന്‍തീരങ്ങള്‍ മുതല്‍ വടക്ക് റോമാസാമ്രാജ്യത്തിന്റെ സിറിയന്‍ അതിര്‍ത്തിയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഇറാഖീ അതിര്‍ത്തിപ്രദേശങ്ങളുംവരെ, കിഴക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍മുതല്‍ പടിഞ്ഞാറ് ചെങ്കടല്‍ വരെ അറബ്‌നാട് മുഴുക്കെ തിരുമേനിക്കു വിധേയമായിത്തീര്‍ന്നു. അറേബ്യന്‍ ചരിത്രത്തില്‍, ആ മണ്ണ് ഒരു നിയമത്തിനും വ്യവസ്ഥക്കും വിധേയമായിത്തീരുന്നത് അതാദ്യമായിട്ടായിരുന്നു. അദ്ദേഹത്തോടേറ്റുമുട്ടിയ ശക്തികളെല്ലാം തകര്‍ന്നു തരിപ്പണമായി. ബഹുദൈവാരാധകരും വേദവിശ്വാസികളും തങ്ങളുടെ വ്യാജ മുദ്രാവാക്യം ഉയര്‍ത്താന്‍ അവസാന ശ്വാസംവരെ പൊരുതിക്കഴിഞ്ഞ ആ നാട്ടിലെവിടെയും لاَ إلـهَ إلاَّ اللهُ مُحَمَّدٌ رسُولُ الله യുടെ പ്രതിധ്വനി മുഴങ്ങി. ആളുകളുടെ ശിരസ്സ് മാത്രമല്ല അനുസരണത്താല്‍ കുനിഞ്ഞത്; അവരുടെ മനസ്സുകളും കീഴടങ്ങിയിരുന്നു. വിശ്വാസങ്ങളിലും ധര്‍മങ്ങളിലും കര്‍മങ്ങളിലും വമ്പിച്ച വിപ്ലവം സംജാതമായി. ജാഹിലിയ്യത്തില്‍ ആണ്ടുപൂണ്ടുപോയ ഒരു സമൂഹത്തില്‍ കേവലം 23 കൊല്ലത്തിനകം ഇത്രയും വിപുലമായ മാറ്റങ്ങളുണ്ടായതിന് മനുഷ്യചരിത്രത്തില്‍ മറ്റൊരുദാഹരണം കണ്ടെത്തുകയില്ല. അതിനുശേഷം തിരുമേനി കെട്ടിപ്പടുത്ത പ്രസ്ഥാനം ഏഷ്യയുടെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും വലിയൊരു ഭാഗത്തു വ്യാപിച്ചു ശക്തിയായി വളര്‍ന്നു. ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും അതിന്റെ പ്രതികരണങ്ങള്‍ ചെന്നെത്തി. ഇതൊക്കെ അല്ലാഹു അവന്റെ ദൂതന്ന് ഭൗതികലോകത്തുതന്നെ നല്‍കിയതാണ്. പരലോകത്ത് അവന്‍ അദ്ദേഹത്തിനു നല്‍കുന്ന സ്ഥാനമാനങ്ങളുടെ മഹത്ത്വം ആര്‍ക്കും സങ്കല്‍പിക്കാനേ കഴിയില്ല.

6. അതായത്, നിന്നെ കൈവെടിയാനും വെറുക്കാനും കാര്യമെന്ത്? നീ അനാഥനായി പിറന്നപ്പോള്‍ മുതലേ നാം നിന്നില്‍ ദയാലുവാണല്ലോ. തിരുമേനിയെ മാതാവ് ഗര്‍ഭം ധരിച്ച് ആറുമാസമായപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് നിര്യാതനായി. അങ്ങനെ ഒരനാഥനായിട്ടാണ് അവിടുന്ന് ഭൂജാതനായത്. എങ്കിലും അല്ലാഹു ഒരു ദിവസം പോലും അദ്ദേഹത്തെ നിരാലംബനായി വിട്ടിട്ടില്ല. ആറുവയസ്സുവരെ മാതാവ് അദ്ദേഹത്തെ പോറ്റി, മാതാവിന്റെ ലാളന നഷ്ടപ്പെട്ടപ്പോള്‍ എട്ടാം വയസ്സ് വരെ അഭിവന്ദ്യനായ പിതാമഹന്‍ അതീവശ്രദ്ധയോടെ അദ്ദേഹത്തിന്റെ പരിചരണമേറ്റെടുത്തു. അബ്ദുല്‍മുത്ത്വലിബ് തിരുമേനിയെ അത്യധികം സ്‌നേഹിക്കുക മാത്രമല്ല, തിരുമേനിയെച്ചൊല്ലി അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. അദ്ദേഹം ആളുകളോട് പറയാറുണ്ടായിരുന്നു: ‘എന്റെ ഈ പൗത്രന്‍ ഒരുനാള്‍ ലോകത്ത് വളരെ കീര്‍ത്തിമാനാകും.’ അബ്ദുല്‍മുത്ത്വലിബും മരണപ്പെട്ടപ്പോള്‍ തിരുമേനിയുടെ പിതൃവ്യനായ അബൂത്വാലിബ്അദ്ദേഹത്തിന്റെ സംരക്ഷണമേറ്റെടുത്തു. അതീവ പുത്രവത്‌സലനായ ഒരു പിതാവിനെപ്പോലെയാണ് അബൂത്വാലിബ് അദ്ദേഹത്തോടു വര്‍ത്തിച്ചത്. എത്രത്തോളമെന്നാല്‍, പ്രവാചകത്വ ലബ്ധിക്കുശേഷം സമുദായം മുഴുവന്‍ അദ്ദേഹത്തിന്റെ ശത്രുക്കളായപ്പോള്‍ പത്തു വര്‍ഷത്തോളം അബൂത്വാലിബ് അദ്ദേഹത്തെ മാറോടണച്ചു സംരക്ഷിച്ചു.

7. ضَالّ എന്നാണ് മൂലത്തില്‍ ഉപയോഗിച്ച പദം. ضَلاَلَة എന്നാണതിന്റെ മൂലശബ്ദം. അറബി ഭാഷയില്‍ ഈ പദത്തിന് പല ആശയങ്ങളാണുളളത്. വഴികേട് എന്നാണ് ഒരര്‍ഥം. പല വഴികള്‍ക്കു മുമ്പില്‍, ഏതു വഴിക്കാണു പോകേണ്ടതെന്നറിയാതെ വിഷമിച്ചുനില്‍ക്കുക എന്നാണ് മറ്റൊരര്‍ഥം. നഷ്ടപ്പെടുക എന്നും അര്‍ഥമുണ്ട്. ഈ അര്‍ഥത്തിലാണ് ضَلَّ المَاءُ فِى اللَّبَنِ (വെള്ളം പാലില്‍ അപ്രത്യക്ഷമായി) എന്ന അറബി പ്രയോഗം. അടുത്തെങ്ങും മറ്റു വൃക്ഷങ്ങളില്ലാതെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മരത്തിനും അറബിയില്‍ ضَالَّة എന്നു പറയാറുണ്ട്. പാഴായിപ്പോകുന്നതിനും ضَالَّة എന്നു പറയുന്നു. ഒരു വസ്തു അനുചിതമായും അനവസരത്തിലും പാഴായിപ്പോയാല്‍ അത് ضَالَّة ആകുന്നു. അശ്രദ്ധ എന്ന അര്‍ഥത്തിലും ضَلاَلَة എന്നുപയോഗിക്കാറുണ്ട്. സൂറ ത്വാഹാ 52-ആം സൂക്തത്തിലെ لاَ يَضِلُّ رَبِّى وَلاَ يَنْسَى (എന്റെ നാഥന്‍ അശ്രദ്ധനാവില്ല, വിസ്മരിക്കുകയുമില്ല) എന്ന വാക്യം അതിനുദാഹരണമാകുന്നു. ഈ നാനാര്‍ഥങ്ങളില്‍ ആദ്യത്തേത് ഇവിടെ യോജിക്കുന്നതല്ല. കാരണം, ശൈശവം മുതല്‍ പ്രവാചകത്വ ലബ്ധി വരെയുള്ള പ്രവാചകജീവിതത്തിന്റെ ചരിത്രത്തിലെവിടെയും അദ്ദേഹം എപ്പോഴെങ്കിലും വിഗ്രഹാരാധനയിലോ ബഹുദൈവവിശ്വാസത്തിലോ നാസ്തികത്വത്തിലോ അകപ്പെട്ടതിന്റെ ലാഞ്ഛനപോലും കാണാനാവില്ല. സ്വജനത്തില്‍ നടമാടിയിരുന്ന ജാഹിലീകര്‍മങ്ങളുടെയും ആചാര സമ്പ്രദായങ്ങളുടെയും മാലിന്യങ്ങള്‍ അദ്ദേഹത്തെ തീണ്ടിയിരുന്നുമില്ല. അതിനാല്‍, وَوَجَدَكَ ضَالاًّ എന്ന വാക്യത്തിന്റെ അര്‍ഥം, തിരുമേനി കര്‍മപരമായോ വിശ്വാസപരമായോ ദുര്‍മാര്‍ഗത്തിലകപ്പെട്ടതായി കാണപ്പെട്ടിരുന്നു എന്നാകാവതല്ല. മറ്റര്‍ഥങ്ങളിലേതെങ്കിലുമൊന്നേ ഈ സന്ദര്‍ഭത്തിനിണങ്ങുകയുള്ളൂ. ഓരോ പരികല്‍പന പ്രകാരം ഓരോന്നും ഉദ്ദേശ്യമായിക്കൂടെന്നുമില്ല. പ്രവാചകത്വ ലബ്ധിക്കു മുമ്പ് തിരുമേനി വിശിഷ്ട വ്യക്തിത്വവും ഏകത്വ വീക്ഷണക്കാരനുമായിരുന്നുവെന്നത് തീര്‍ച്ചയായും ശരിയാണ്. അവിടത്തെ ജീവിതം പാപമുക്തവും ഉല്‍കൃഷ്ട സ്വഭാവചര്യകളാല്‍ അലംകൃതവുമായിരുന്നു. എങ്കിലും തിരുമേനിക്ക് സത്യദീനിന്റെ തത്ത്വങ്ങളും വിധികളും അറിഞ്ഞുകൂടായിരുന്നു. അതെപ്പറ്റിയാണ് അല്ലാഹു അശ്ശൂറാ 52-ആം സൂക്തത്തില്‍ مَاكُنْتَ تَدْرِى مَاالْكِتَاب وَلاَ الإيمَان (വേദമെന്ത്, വിശ്വാസമെന്ത് എന്നൊന്നും നിനക്കറിഞ്ഞുകൂടായിരുന്നു) എന്ന് പ്രസ്താവിച്ചത്. തിരുമേനി ജാഹിലീ സമൂഹത്തില്‍ നിസ്‌തേജനായിരുന്നുവെന്നും പ്രവാചകത്വ ലബ്ധിക്കുമുമ്പ് തിരുമേനിയുടെ വ്യക്തിത്വം ഒരു മാര്‍ഗദര്‍ശിയും ജ്ഞാനിയും എന്ന നിലയില്‍ തെളിഞ്ഞുവന്നിരുന്നുമില്ല എന്ന ഈ അര്‍ഥംതന്നെയാവാം പ്രകൃതവാക്യത്തിനുമുള്ളത്. മറ്റൊരുവിധത്തില്‍, ആശയം ഇങ്ങനെയുമാവാം: തിരുമേനി ജാഹിലിയ്യത്തിന്റെ മരുഭൂമിയില്‍ ഒരൊറ്റപ്പെട്ട വൃക്ഷം പോലെയായിരുന്നു. ഫലം കായ്ക്കാനും ഒരു സമ്പൂര്‍ണ തോട്ടമായി വികസിക്കാനും യോഗ്യമായിരുന്നു അതെങ്കിലും പ്രവാചകത്വലബ്ധിക്കുമുമ്പ് ആ യോഗ്യതകളൊന്നും സക്രിയമായില്ല. അല്ലാഹു അദ്ദേഹത്തിനരുളിയ അസാധാരണമായ കഴിവുകള്‍ ജാഹിലിയ്യത്തിന്റെ അനാശാസ്യമായ ചുറ്റുപാടുകളില്‍ പാഴായിപ്പോവുകയായിരുന്നു എന്നും താല്‍പര്യമാകാവുന്നതാണ്. അശ്രദ്ധ, പ്രജ്ഞയില്ലായ്മ എന്ന അര്‍ഥവും ضَلاَلَة ന് കല്‍പിക്കാവുന്നതാണ്. അതുപ്രകാരം വാക്യത്തിന്റെ ആശയം, പ്രവാചകത്വ ലബ്ധി കാരണം അല്ലാഹു അദ്ദേഹത്തെ ബോധവത്കരിച്ച അറിവുകളെയും പൊരുളുകളെയും കുറിച്ച് നേരത്തേ അദ്ദേഹം ബോധവാനായിരുന്നില്ല എന്നാകുന്നു. വിശുദ്ധ ഖുര്‍ആന്‍ അതെപ്പറ്റി സൂറ യൂസുഫ് 3-ആം സൂക്തത്തില്‍ പറയുന്നു: وَإنْ كُنْتَ مِنْ قَبْلِهِ لَمِنَ الْغَافِلِينْ (നീ അതിനുമുമ്പ് ഈ കാര്യങ്ങളെക്കുറിച്ച് അശ്രദ്ധനായിരുന്നു). അല്‍ബഖറ 283 , അശ്ശുഅറാഅ് 20 26:20 സൂക്തങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

8. നബി(സ)ക്ക് പിതാവിന്റെ അനന്തരാവകാശമായി ശേഷിച്ചത് ഒരു ഒട്ടകവും ഒരു അടിമസ്ത്രീയുമായിരുന്നു. ഈ നിലയില്‍ അവിടത്തെ ആദ്യകാലജീവിതം നിസ്വാവസ്ഥയിലായിരുന്നു. പിന്നീട് ഒരവസരത്തില്‍ ഖുറൈശികളിലെ ഏറ്റവും ധനാഢ്യയായ വനിത ഹ. ഖദീജ (റ) ആദ്യം അദ്ദേഹത്തെ തന്റെ വ്യാപാരപങ്കാളിയാക്കുകയും പിന്നെ വിവാഹം ചെയ്യുകയും തന്റെ വ്യാപാരപ്രവര്‍ത്തനം മുഴുവന്‍ അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം സമ്പന്നനായിത്തീര്‍ന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സമ്പന്നത അദ്ദേഹത്തെ ഭാര്യയുടെ സമ്പത്തിന്റെ ആശ്രിതനാക്കുന്ന തരത്തിലുള്ളതായിരുന്നില്ല. അവരുടെ വ്യാപാരം വിജയിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ യോഗ്യതക്കും സ്‌നേഹത്തിനും വലിയ പങ്കുണ്ടായിരുന്നു.

9. അതായത്, താങ്കള്‍ അനാഥനായിരുന്നുവെങ്കിലും അനാഥാവസ്ഥയില്‍ ഏറ്റവും വിശിഷ്ടമായ നിലയില്‍ പരിപാലിക്കപ്പെടാന്‍ അല്ലാഹു താങ്കളെ അനുഗ്രഹിച്ചു. അതിനാല്‍, താങ്കളുടെ കൈയാല്‍ ഒരിക്കലും ഒരു അനാഥന്‍ ആക്രമിക്കപ്പെടാനോ പീഡിപ്പിക്കപ്പെടാനോ ഇടയാകാതെ സൂക്ഷിച്ചുകൊണ്ട് അതിന് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്.

10. ഇതിന് രണ്ടര്‍ഥങ്ങളുണ്ട്. سَائِل എന്ന പദം സഹായമര്‍ഥിക്കുന്ന അവശന്‍ എന്ന അര്‍ഥത്തിലെടുക്കുകയാണെങ്കില്‍ താല്‍പര്യമിതാണ്: അവനെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ സഹായിക്കുക. സാധിക്കുകയില്ലെങ്കില്‍ സൗമ്യമായ വാക്കുകളില്‍ ഒഴികഴിവു പറയുക. ഒരു കാരണവശാലും അവരെ ഭര്‍ത്‌സിക്കരുത്. ഈ അര്‍ഥമനുസരിച്ച് ഈ ദൈവിക നിര്‍ദേശം ”നീ നിര്‍ധനനായിരുന്നു, അപ്പോള്‍ അവന്‍ നിന്നെ സമ്പന്നനാക്കി” എന്നു വിവരിക്കുന്ന ഔദാര്യത്തിനുള്ള പ്രതികരണമാണ്. ‘സാഇല്‍’ എന്ന പദത്തെ ദീനീ പ്രശ്‌നങ്ങളോ വിധികളോ അന്വേഷിക്കുന്നവന്‍ എന്ന അര്‍ഥത്തിലെടുത്താല്‍ താല്‍പര്യം ഇപ്രകാരമാകുന്നു: ചോദ്യകര്‍ത്താവ് എത്ര അവിവേകിയും മൂഢനുമാകട്ടെ, എത്ര ബുദ്ധിശൂന്യമായ രീതിയില്‍ ചോദിക്കട്ടെ അല്ലെങ്കില്‍ മനക്ഷോഭം പ്രകടിപ്പിക്കട്ടെ, ഏതു സാഹചര്യത്തിലും അവന്ന് സൗമ്യമായി മറുപടി കൊടുക്കണം. സംസ്‌കാരശൂന്യരായ പണ്ഡിതന്‍മാരെപ്പോലെ അവരെ വിരട്ടിയോടിക്കരുത്. അതുപ്രകാരം ഇത് ‘നീ വഴിയറിയാത്തവനായിരുന്നു; പിന്നെ അവന്‍ നിനക്ക് സന്‍മാര്‍ഗമരുളി’ എന്നു വിവരിച്ച ഔദാര്യത്തിന്റെ പ്രതികരണമാണ്. ഹ. അബുദ്ദര്‍ദാഅ്, ഹസന്‍ ബസ്വരി, സുഫ്‌യാനുസ്സൗരി തുടങ്ങിയ മഹാന്‍മാര്‍ ഈ രണ്ടാമത്തെ അര്‍ഥത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. കാരണം, വചനക്രമമനുസരിച്ച് ഈ വാക്യം وَوَجَدَكَ ضَالاًّ فَهَدَى എന്നതിന്റെ അനുബന്ധമായിട്ടാണ് വരുന്നത്.

11. نِعْمَة (അനുഗ്രഹം) എന്നത് സാമാന്യപദമാണ്. അല്ലാഹു, ഈ സൂറ അവതരിക്കുന്നതുവരെ അവന്റെ ദൂതന്നു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളും അനന്തരം ഈ സൂറയില്‍ വാഗ്ദത്തം ചെയ്തിട്ടുള്ളതും ഏറ്റവും പൂര്‍ണമായ രൂപത്തില്‍ സഫലമാക്കിയിട്ടുള്ളതുമായ അനുഗ്രഹങ്ങളും അതുകൊണ്ട് ഉദ്ദേശ്യമാകുന്നു. പ്രവാചകന്‍, അല്ലാഹു അദ്ദേഹത്തിനു നല്‍കിയ അനുഗ്രഹങ്ങള്‍ പ്രസ്താവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യണമെന്നാണ് തുടര്‍ന്ന് കല്‍പിക്കുന്നത്. അനുഗ്രഹങ്ങളുടെ പ്രസ്താവിക്കലിനും പ്രദര്‍ശനത്തിനും വിവിധ രൂപങ്ങളുണ്ടാവാം. ഓരോ അനുഗ്രഹവും അതിന്റെ സ്വഭാവമനുസരിച്ച് സവിശേഷ പ്രകടനരൂപമാണാവശ്യപ്പെടുന്നത്. മൊത്തത്തില്‍ എല്ലാ അനുഗ്രഹങ്ങളുടെയും പ്രകടനരൂപം, നാവുകൊണ്ട് ദൈവത്തിന് നന്ദി പറയുകയും തന്റെ എല്ലാ നേട്ടങ്ങളും അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണെന്ന് തുറന്നുസമ്മതിക്കുകയുമാകുന്നു. തന്റെ ഒരു നേട്ടവും സ്വന്തം കഴിവിന്റെ ഫലമല്ലെന്ന് മനസ്സിലാക്കുക. പ്രവാചകത്വം എന്ന അനുഗ്രഹലബ്ധിയുടെ പ്രകടനമാര്‍ഗം, പ്രബോധനം ചെയ്യുക, സന്ദേശം പ്രചരിപ്പിക്കുക എന്ന കര്‍ത്തവ്യം യഥാവിധി നിര്‍വഹിക്കലായിരിക്കും. ഖുര്‍ആന്‍ എന്ന അനുഗ്രഹലബ്ധിയുടെ പ്രകടനരൂപം, അത് ജനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പ്രചരിപ്പിക്കലും അതിലെ തത്ത്വങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കലുമായിരിക്കും. സന്‍മാര്‍ഗലബ്ധിയുടെ പ്രകടനരൂപം, വഴിപിഴച്ച ദൈവദാസന്‍മാരെ സന്‍മാര്‍ഗത്തിലേക്കു നയിക്കുകയും ആ പരിശ്രമത്തില്‍ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹനപൂര്‍വം തരണംചെയ്യലുമായിരിക്കും. അനാഥാവസ്ഥയില്‍ നന്നായി പരിപാലിക്കപ്പെടുക എന്ന ദൈവാനുഗ്രഹം താല്‍പര്യപ്പെടുന്നത്, അനാഥകളോട് അതേപ്രകാരം സുന്ദരമായും ഉദാരമായും വര്‍ത്തിക്കുക എന്നതുതന്നെയാണ്. നിരാലംബാവസ്ഥയില്‍നിന്ന് സമ്പന്നനാക്കുക എന്ന ഔദാര്യ ലബ്ധി ആവശ്യപ്പെടുന്ന പ്രകടനരൂപം അവശരായ ദൈവദാസന്‍മാരെ സഹായിക്കുക എന്നതുതന്നെ. ചുരുക്കത്തില്‍, അല്ലാഹു തന്റെ പ്രിയപ്പെട്ട ദൂതന്ന് ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ വിവരിച്ചശേഷം വളരെ സമഗ്രമായ ഒരു മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുകയാണ്.

പൂര്‍വാഹ്നമാണ് സത്യം/സാക്ഷി = وَالضُّحَىٰ
രാത്രിയുമാണ = وَاللَّيْلِ
അത് പ്രശാന്തമാകുമ്പോള്‍ = إِذَا سَجَىٰ
നിന്നെ വെടിഞ്ഞിട്ടില്ല = مَا وَدَّعَكَ
നിന്റെ നാഥന്‍ = رَبُّكَ
വെറുത്തിട്ടുമില്ല = وَمَا قَلَىٰ
തീര്‍ച്ചയായും അന്ത്യമാണ് = وَلَلْآخِرَةُ
ഉത്തമം = خَيْرٌ
നിനക്ക് = لَّكَ
ആദ്യത്തേക്കാള്‍ = مِنَ الْأُولَىٰ
നിശ്ചയം നിനക്ക് പിന്നീട് നല്‍കും = وَلَسَوْفَ يُعْطِيكَ
നിന്റെ നാഥന്‍ = رَبُّكَ
അപ്പോള്‍ നീ സംതൃപ്തനാകും = فَتَرْضَىٰ
അവന്‍ നിന്നെ കണ്ടില്ലേ? = أَلَمْ يَجِدْكَ
അനാഥനായിട്ട് = يَتِيمًا
എന്നിട്ടവന്‍ അഭയം നല്‍കി = فَآوَىٰ
അവന്‍ നിന്നെ കണ്ടു = وَوَجَدَكَ
വഴിയറിയാത്തവനായി = ضَالًّا
എന്നിട്ടവന്‍ നേര്‍വഴിയിലാക്കി = فَهَدَىٰ
അവന്‍ നിന്നെ കണ്ടു = وَوَجَدَكَ
ദരിദ്രനായി = عَائِلًا
എന്നിട്ടവന്‍ സമ്പന്നനാക്കി = فَأَغْنَىٰ
അതിനാല്‍ അനാഥയോട് = فَأَمَّا الْيَتِيمَ
നീ കാഠിന്യം കാട്ടരുത് = فَلَا تَقْهَرْ
എന്നാല്‍ ചോദിച്ചു വരുന്നവനെ = وَأَمَّا السَّائِلَ
നീ വിരട്ടിയോടിക്കരുത് = فَلَا تَنْهَرْ
എന്നാല്‍ നിന്റെ നാഥന്റെ അനുഗ്രഹത്തെപ്പറ്റി = وَأَمَّا بِنِعْمَةِ رَبِّكَ

Add comment

Your email address will not be published. Required fields are marked *