അത്തീന്‍ – സൂക്തങ്ങള്‍: 1-8

നാമം
പ്രഥമ പദമായ التِّين തന്നെ ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

അവതരണകാലം

ഈ സൂറ മദീനയില്‍ അവതരിച്ചതാണെന്ന് ഖതാദ പ്രസ്താവിച്ചിരിക്കുന്നു. ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെട്ട രണ്ടു നിവേദനങ്ങളിലൊന്നില്‍ ഇത് മക്കയില്‍ അവതരിച്ചതാണെന്നും മറ്റേതില്‍, മദീനയില്‍ അവതരിച്ചതാണെന്നുമത്രേ പറയുന്നത്. എന്നാല്‍, ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ ഈ സൂറ മക്കിയാണെന്ന വീക്ഷണക്കാരാണ്. ഇതില്‍ മക്കാപട്ടണത്തെ هَـذا البَلَدِ الأَمِين (ഈ നിര്‍ഭയ നഗരം) എന്നു വിളിച്ചത് ഇത് മക്കീസൂറയാണെന്നതിന്റെ സ്പഷ്ടമായ അടയാളമാകുന്നു. മദീനയിലാണ് ഇതവതരിച്ചതെങ്കില്‍ ‘ഈ പട്ടണം’ എന്ന വാക്ക് അസ്ഥാനത്താകുമല്ലോ. കൂടാതെ, സൂറയുടെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇത് മക്കയില്‍ത്തന്നെ പ്രവാചകന്റെ ആദ്യനാളുകളിലവതരിച്ച സൂറകളില്‍ പെട്ടതാണെന്നും മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഈ സൂറ അവതരിക്കുമ്പോള്‍ ഇസ്‌ലാമും കുഫ്‌റും തമ്മില്‍ സംഘട്ടനം തുടങ്ങിക്കഴിഞ്ഞതിന്റെ ഒരു ലക്ഷണവും ഇതില്‍ കാണപ്പെടുന്നില്ല. ആദ്യകാല മക്കീ സൂറകളുടെ ശൈലിയും സ്വഭാവവുമാണിതില്‍ കാണപ്പെടുന്നത്. അതായത്, പാരത്രിക രക്ഷാശിക്ഷകള്‍ അനിവാര്യവും തികച്ചും ബുദ്ധിപരവുമാണെന്ന് സംക്ഷിപ്തവും ഉള്ളില്‍തട്ടുന്നതുമായ ശൈലിയില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക.

ഉള്ളടക്കം

രക്ഷാശിക്ഷകളുടെ സ്ഥിരീകരണമാണിതിന്റെ പ്രമേയം. അതിനുവേണ്ടി അഭിവന്ദ്യരായ പൂര്‍വ പ്രവാചകന്‍മാരുടെ ആഗമനസ്ഥാനങ്ങള്‍ പിടിച്ചാണയിട്ടു പറയുന്നു: അല്ലാഹു മനുഷ്യനെ വിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചത്. ഈ യാഥാര്‍ഥ്യം ഖുര്‍ആന്‍ മറ്റിടങ്ങളില്‍ വെറെരീതിയിലും പറഞ്ഞിട്ടുള്ളതാണ്. ഉദാഹരണമായി, അല്‍ബഖറ 30-34 , അല്‍അന്‍ആം 125 6:125 , അല്‍അഅ്‌റാഫ് 11 , അല്‍ഹിജ്ര്‍ 27 , 29 , അന്നംല് 62 , സ്വാദ് 71-73 സൂക്തങ്ങളില്‍ പറയുന്നു: ദൈവം മനുഷ്യനെ ഭൂമിയില്‍ അവന്റെ പ്രതിനിധിയായി സൃഷ്ടിച്ചു. മലക്കുകളോട് അവനെ പ്രണമിക്കാന്‍ കല്‍പിച്ചു. അല്‍അഹ്‌സാബ് 72-ആം സൂക്തത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ്: ‘മനുഷ്യന്‍ ദൈവിക ബാധ്യതയുടെ വാഹകനാകുന്നു. ആ ബാധ്യത വഹിക്കാന്‍ ആകാശഭൂമികള്‍ക്കോ പര്‍വതങ്ങള്‍ക്കോ ത്രാണിയുണ്ടായില്ല. ബനീഇസ്‌റാഈല്‍ 70-ആം സൂക്തത്തില്‍ പറഞ്ഞു: ‘നാം മനുഷ്യനെ ആദരിച്ചിരിക്കുന്നു. നമ്മുടെ നിരവധി സൃഷ്ടികളെക്കാള്‍ അവനെ ശ്രേഷ്ഠനാക്കുകയും ചെയ്തു.’ എന്നാല്‍, മനുഷ്യനെ വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചുവെന്നാണ് ഇവിടെ പ്രവാചകന്മാരുടെ ആഗമനസ്ഥാനങ്ങള്‍ പിടിച്ചാണയിട്ടുകൊണ്ടരുളുന്നത്. മറ്റു സൃഷ്ടികള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്തത്ര ഉന്നതമായ പ്രവാചകത്വ പദവിപോലുള്ള മഹാ ദൗത്യങ്ങളുടെ വാഹകരായ ആളുകള്‍ക്ക് ജന്‍മംനല്‍കാന്‍ പര്യാപ്തമായ വിശിഷ്ടമായ ഘടനയിലാണ് മനുഷ്യവര്‍ഗത്തെ നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന അര്‍ഥമാണ് അതുള്‍ക്കൊള്ളുന്നത്. മനുഷ്യരില്‍ രണ്ടു തരക്കാരുണ്ടെന്നാണ് തുടര്‍ന്നു പറയുന്നത്. ഒന്ന്: ഈ വിശിഷ്ട ഘടനയില്‍ ജന്മംകൊണ്ടശേഷം തിന്‍മയിലാകൃഷ്ടരാകുന്നവര്‍. അങ്ങനെ അവര്‍ അധര്‍മഗര്‍ത്തത്തിന്റെ ആഴത്തില്‍ ചെന്നു പതിക്കുന്നു. അതിനെക്കാളാഴത്തില്‍ മറ്റൊരു സൃഷ്ടിക്കും ചെന്നെത്താനാവില്ല. രണ്ട്: സത്യവിശ്വാസത്തിന്റെയും സല്‍ക്കര്‍മത്തിന്റെയും സരണിയവലംബിച്ച് ആ പതനത്തില്‍നിന്ന് മുക്തരാകുന്നവര്‍. വിശിഷ്ടഘടനയില്‍ ജന്‍മംകൊണ്ടതിന്റെ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുന്ന ഉന്നതസ്ഥാനത്ത് നിലകൊള്ളുന്നവരാണവര്‍. മര്‍ത്ത്യവര്‍ഗത്തില്‍ ഈ രണ്ടു തരക്കാരും കാണപ്പെടുന്നുവെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. മനുഷ്യസമൂഹത്തില്‍ ഏതു സ്ഥലത്തും സമയത്തും അത്തരക്കാരെ കണ്ടുവരുന്നു. ഒടുവില്‍, ഈ സംഭവയാഥാര്‍ഥ്യത്തെ ന്യായമായി ഉന്നയിച്ചുകൊണ്ട് ചോദിക്കുകയാണ്: മനുഷ്യരില്‍ തികച്ചും പരസ്പരവിരുദ്ധ സ്വഭാവത്തിലുള്ള ഈ രണ്ടു തരക്കാര്‍ കാണപ്പെടുന്നുണ്ടെങ്കില്‍ പിന്നെ കര്‍മഫലത്തെ നിഷേധിക്കാന്‍ കഴിയുന്നതെങ്ങനെ? പാപഗര്‍ത്തത്തില്‍ പതിച്ചുപോകുന്നവര്‍ക്ക് ശിക്ഷയും പുണ്യത്തിന്റെ ഉന്നതിയിലേക്കുല്‍ക്രമിക്കുന്നവര്‍ക്ക് രക്ഷയുമില്ലെങ്കില്‍, രണ്ടു കൂട്ടരുടെയും പരിണതി ഒരുപോലെയാണെങ്കില്‍ ദൈവിക നടപടികളില്‍ ഒരു നീതിയുമില്ല എന്നല്ലേ അതിനര്‍ഥം? എന്നാലോ, വിധികര്‍ത്താവാകുന്നവന്‍ നീതിമാനാകണമെന്ന് മാനുഷിക പ്രകൃതിയും മനുഷ്യന്റെ സാമാന്യബുദ്ധിയും താല്‍പര്യപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ വിധികര്‍ത്താക്കളില്‍ ഏറ്റവും വലിയ വിധികര്‍ത്താവായ അല്ലാഹു നീതി ചെയ്യുകയില്ല എന്നു സങ്കല്‍പിക്കാന്‍ കഴിയുന്നതെങ്ങനെയാണ്?

وَالتِّينِ وَالزَّيْتُونِ ﴿١﴾ وَطُورِ سِينِينَ ﴿٢﴾ وَهَٰذَا الْبَلَدِ الْأَمِينِ ﴿٣﴾ لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾ ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ﴿٥﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٦﴾ فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ﴿٧﴾ أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ ﴿٨﴾


(1-8) അത്തിയാണ, ഒലിവാണ1 , സീനായിലെ ത്വൂര്‍ മലയാണ2 , നിര്‍ഭയമായ ഈ നഗരം (മക്ക) ആണ, മര്‍ത്ത്യനെ നാം വിശിഷ്ടമായ ഘടനയില്‍ സൃഷ്ടിച്ചിരിക്കുന്നു.3 പിന്നെ നാമവനെ നേരെ തിരിച്ച്, നീചരില്‍ നീചനാക്കി–4 വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരെയൊഴിച്ച്. അവര്‍ക്ക് അക്ഷയമായ പ്രതിഫലമുണ്ട്.5 അതിനാല്‍ (പ്രവാചകാ) രക്ഷാ-ശിക്ഷകളുടെ കാര്യത്തില്‍ ഇനിയും നിന്നെ തള്ളിപ്പറയാന്‍ ആര്‍ക്കു കഴിയും?6 വിധികര്‍ത്താക്കളില്‍ ഏറ്റം മികച്ച വിധികര്‍ത്താവ് അല്ലാഹുവല്ലയോ?7 .

1. ഇതിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ക്കിടയില്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഹസന്‍ ബസ്വരി, ഇക്‌രിമ, അത്വാഉബ്‌നു അബീറബാഹ്, ജാബിറുബ്‌നു സൈദ്,മുജാഹിദ്, ഇബ്‌റാഹീമുന്നഖഇ(റ) തുടങ്ങിയവര്‍ പറയുന്നു: അത്തികൊണ്ട് വിവക്ഷ, ജനങ്ങള്‍ തിന്നുന്ന അത്തിതന്നെയാണ്. ഒലിവ് കൊണ്ടുദ്ദേശ്യം എണ്ണയെടുക്കുന്ന ഒലിവും. അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് ഈ അഭിപ്രായത്തെ പിന്താങ്ങുന്നതായി ഇബ്‌നു അബീഹാതിമും ഹാകിമുംഒരു വാചകം ഉദ്ധരിച്ചിട്ടുണ്ട്. ഈ വ്യാഖ്യാനം അംഗീകരിച്ചവര്‍ അത്തിയുടെയും ഒലിവിന്റെയും ഗുണവിശേഷണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈവക പ്രയോജനങ്ങള്‍ പരിഗണിച്ചാണ് അല്ലാഹു ഈ രണ്ടു ഫലവൃക്ഷങ്ങളെ പിടിച്ചാണയിടുന്നത്. ഒരു സാധാരണക്കാരനായ അറബി തീന്‍, സൈതൂന്‍ എന്നീ പദങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ അതിന് അറബിഭാഷയില്‍ സുപരിചിതമായ അര്‍ഥങ്ങള്‍തന്നെയാണ് മനസ്സിലാക്കുക എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഈ അര്‍ഥകല്‍പനയെ വിലക്കുന്ന രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: തുടര്‍ന്ന് ആണയിടുന്നത് ത്വൂര്‍സീനയെയും മക്കയെയും സാക്ഷിയാക്കിയാണ്. രണ്ടു ഫലവൃക്ഷങ്ങളോടൊപ്പം രണ്ടു സ്ഥലങ്ങളെപ്പിടിച്ചാണയിടുന്നതില്‍ ഔചിത്യമൊന്നും കാണുന്നില്ല. രണ്ട്: ഈ നാല് സംഗതികളെ പിടിച്ചാണയിട്ടു പ്രസ്താവിക്കുന്ന ആശയത്തെ ത്വൂര്‍സീനായും മക്കാപട്ടണവും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ രണ്ടു ഫലവൃക്ഷങ്ങള്‍ അതിനെ സൂചിപ്പിക്കുന്നില്ല. അല്ലാഹു ഖുര്‍ആനില്‍ എവിടെയും ഏതെങ്കിലും വസ്തുവിനെ പിടിച്ചാണയിട്ടിട്ടുള്ളത് അതിന്റെ ഗാംഭീര്യത്തെയും പ്രയോജനത്തെയും ആസ്പദമാക്കിയല്ല; പ്രത്യുത, ഓരോ സത്യവും ആ സത്യത്തിനുശേഷം പറയുന്ന വിഷയത്തെ സാധൂകരിക്കുന്നതാണ്. അതുകൊണ്ട് ഈ രണ്ടു വൃക്ഷങ്ങളുടെ സവിശേഷ ഗുണങ്ങളാണ് അവയെപ്പിടിച്ചാണയിട്ടതിന്റെ ന്യായം എന്നു കരുതാന്‍ നിവൃത്തിയില്ല. ചില ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ التِّين നും الزَّيْتُون നും വിവക്ഷ കല്‍പിച്ചിരിക്കുന്നത് ചില സ്ഥലങ്ങളെയാണ്. കഅ്ബുല്‍ അഹ്ബാറും ഖതാദയും ഇബ്‌നു സൈദും പറയുന്നു: ‘തീന്‍’ കൊണ്ടുദ്ദേശ്യം ദമസ്‌കസാകുന്നു; ‘സൈത്തൂന്‍’ കൊണ്ടുദ്ദേശ്യം ബൈതുല്‍ മഖ്ദിസും. ഇബ്‌നുജരീറും ഇബ്‌നു അബീഹാതിമും ഇബ്‌നു മര്‍ദവൈഹിയും ഇബ്‌നു അബ്ബാസില്‍നിന്ന് ഇങ്ങനെ ഒരഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്: തീന്‍കൊണ്ട് വിവക്ഷ, ഹ. നൂഹ് (അ) ജൂദി പര്‍വതത്തില്‍ നിര്‍മിച്ച പള്ളിയാകുന്നു; ‘സൈതൂന്‍’ കൊണ്ടുദ്ദേശ്യം ബൈതുല്‍ മഖ്ദിസും. എന്നാല്‍, والتِّينِ والزَّيْتون എന്നു കേള്‍ക്കുന്ന ഒരു സാധാരണ അറബിയുടെ മനസ്സില്‍ ഈ അര്‍ഥം ഉണരുകയില്ല. ഖുര്‍ആനിന്റെ അഭിസംബോധിതര്‍ക്ക് തീനും സൈതൂനും രണ്ട് സ്ഥലനാമങ്ങളാണെന്ന കാര്യം സുപരിചിതവുമായിരുന്നില്ല. എന്നാല്‍, ഒരു പ്രദേശത്ത് ഏറെ വിളയുന്ന വിളവിന്റെ പേര്‍ ആ പ്രദേശത്തിന് നല്‍കുന്ന ഒരു സമ്പ്രദായം അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ ശൈലിയനുസരിച്ച് തീന്‍, സൈതൂന്‍ എന്നീ പദങ്ങളുടെ താല്‍പര്യം അത്തിയും ഒലിവും വളരുന്ന പ്രദേശം എന്നാകാവുന്നതാണ്. സിറിയ-ഫലസ്ത്വീന്‍ മേഖലയാണത്. എന്തുകൊണ്ടെന്നാല്‍, അക്കാലത്ത് അറബികളില്‍ അത്തി, ഒലിവ് എന്നീ വിളകള്‍ക്ക് പ്രസിദ്ധമായ പ്രദേശം അവ രണ്ടുമായിരുന്നു. ഇതാണ് ഇബ്‌നു തൈമിയ്യ, ഇബ്‌നുല്‍ഖയ്യിം, സമഖ്ശരി, ആലൂസി(റ) തുടങ്ങിയ മഹാന്‍മാര്‍ സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനം. ആദ്യത്തെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളതെങ്കിലും ഇബ്‌നു ജരീറും ഇവിടെ തീന്‍, സൈത്തൂന്‍ എന്നീ പദങ്ങള്‍ കൊണ്ടുദ്ദേശ്യം ഈ രണ്ടു വിളകള്‍ കൂടുതലായി വളരുന്ന പ്രദേശവുമാകാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കഥീറും ഈ വ്യാഖ്യാനത്തെ പരിഗണനീയമായി കണ്ടിരിക്കുന്നു.

2. وَطُورِ سِينِين എന്നാണ് മൂലത്തിലുള്ളത്. സീനാ ഉപദ്വീപിന്റെ മറ്റൊരു പേരാണ് സീനീന്‍. സൈനാ എന്നും സീനാ എന്നും സീനീന്‍ എന്നും അതിനെ വിളിക്കാറുണ്ട്. ഖുര്‍ആന്‍തന്നെ ഒരിടത്ത് ത്വൂരിസൈനാഅ് എന്നാണുപയോഗിച്ചിട്ടുള്ളത്. ത്വൂര്‍മല സ്ഥിതിചെയ്യുന്ന പ്രദേശം ഇപ്പോള്‍ സീനാ എന്ന പേരില്‍ത്തന്നെ പ്രസിദ്ധമായിട്ടുള്ളതുകൊണ്ട് നാം തര്‍ജമയില്‍ ആ നാമംതന്നെ സ്വീകരിച്ചിരിക്കുകയാണ്.

3. അത്തിയും ഒലിവും വളരുന്ന സിറിയ-ഫലസ്ത്വീന്‍ പ്രദേശങ്ങളെയും സുരക്ഷിതമായ മക്കാപട്ടണത്തെയും പിടിച്ചാണയിട്ടു പറയുന്ന സംഗതിയാണിത്. മനുഷ്യനെ വിശിഷ്ടഘടനയില്‍ സൃഷ്ടിച്ചു എന്നതിന്റെ താല്‍പര്യം, അവന്ന് മറ്റൊരു സചേതന സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ഉയര്‍ന്ന നിലവാരത്തിലുള്ള ശരീരവും മറ്റൊരു സൃഷ്ടിക്കും നല്‍കിയിട്ടില്ലാത്ത ചിന്താശക്തി, ഗ്രാഹ്യത, വിജ്ഞാനം, ബുദ്ധി തുടങ്ങിയ യോഗ്യതകളും നല്‍കിയിരിക്കുന്നു എന്നാകുന്നു. മനുഷ്യവര്‍ഗത്തില്‍ ഈ മികവിന്റെയും തികവിന്റെയും ഏറ്റവും ഉയര്‍ന്ന മാതൃക പ്രവാചകവര്യന്‍മാരാണല്ലോ. അല്ലാഹുവിന്റെ പ്രവാചകത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുക എന്നതില്‍ കവിഞ്ഞ ഒരു പദവി ഒരു സൃഷ്ടിക്കും ലഭിക്കാനില്ല. അതുകൊണ്ടാണ് മനുഷ്യഘടനയുടെ വിശിഷ്ടതക്ക് സാക്ഷ്യമായി ദൈവതൂതന്‍മാരുമായി ബന്ധപ്പെട്ട സിറിയ-ഫലസ്ത്വീന്‍ പ്രദേശങ്ങളെ പിടിച്ചാണയിട്ടത്. ഹ. ഇബ്‌റാഹീം(അ) മുതല്‍ ഹ. ഈസാ(അ)വരെയുള്ള നിരവധി പ്രവാചകന്‍മാര്‍ നിയുക്തരായ പ്രദേശമാണിത്. ഹ. മൂസാ(അ)ക്ക് പ്രവാചകത്വമരുളപ്പെട്ട സ്ഥലമാണ് ത്വൂര്‍മല. വിശുദ്ധ മക്കയാവട്ടെ, അതു നിര്‍മിച്ചതുതന്നെ ഹ. ഇബ്‌റാഹീമി(അ)ന്റെയും ഇസ്മാഈലി(അ)ന്റെയും കരങ്ങളാലാകുന്നു. അതുകൊണ്ടുതന്നെയാണ് അത് അറബികളുടെ അതിവിശുദ്ധമായ കേന്ദ്രനഗരമായിത്തീര്‍ന്നതും. ഇബ്‌റാഹീം(അ)തന്നെ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നുവല്ലോ: رَبِّ اجْعَلْ هَـذا بَلَدًا آمِنًا (നാഥാ, നീ ഇതിനെ ഒരു നിര്‍ഭയത്വമുള്ള നാടാക്കേണമേ-അല്‍ബഖറ 126). ഈ പ്രാര്‍ഥനയുടെ അനുഗ്രഹത്താലാണ് അറേബ്യയില്‍ സര്‍വത്ര നടമാടിയ അരക്ഷിതാവസ്ഥക്കിടയില്‍ രണ്ടര സഹസ്രാബ്ദങ്ങളായി ഈയൊരു പട്ടണം മാത്രം സമാധാനത്തിന്റെ കളിത്തൊട്ടിലായി നിലനില്‍ക്കുന്നത്. അപ്പോള്‍ വചനത്തിന്റെ സാരമിതാണ്: നാം മനുഷ്യനെ അതിവിശിഷ്ടമായ ഘടനയിലാണ് സൃഷ്ടിച്ചിട്ടുള്ളത്. അവരില്‍ പ്രവാചകത്വം പോലുള്ള മഹത്തായ പദവികള്‍ അലങ്കരിക്കുന്ന മനുഷ്യര്‍ ജന്‍മംകൊള്ളുന്നു.

4. ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ പൊതുവില്‍ ഇതിന് രണ്ടര്‍ഥങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്ന്: നാം അവനെ പടുവാര്‍ധക്യത്തിലേക്ക്, അതായത്, അവന്ന് ചിന്തിക്കാനോ ഗ്രഹിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്ത വയോധികാവസ്ഥയിലേക്ക് തള്ളിവിട്ടു. രണ്ട്: നാം അവനെ നരകത്തിന്റെ ഏറ്റവും താഴ്ന്ന തട്ടിലേക്ക് തള്ളി. പക്ഷേ, ഈ സൂറ അവതരിച്ചത് ഏതു സംഗതി സ്ഥാപിക്കാനാണോ, ആ സംഗതിക്ക് ഈ രണ്ടര്‍ഥങ്ങളും ന്യായമാകുന്നില്ല. രക്ഷാശിക്ഷകള്‍ യാഥാര്‍ഥ്യമാണെന്ന് സമര്‍ഥിക്കുകയാണ് സൂറയുടെ ലക്ഷ്യം. മനുഷ്യരില്‍ ചിലര്‍ പ്രായാധിക്യത്താല്‍ തീരെ ദുര്‍ബലമായ അവസ്ഥയിലെത്തുന്നു എന്നത് അതിന് ന്യായമാകുന്നില്ല. മനുഷ്യരില്‍ ഒരു വിഭാഗം നരകത്തില്‍ തള്ളപ്പെടുമെന്നതും അതിനു തെളിവാകുന്നില്ല. വാര്‍ധക്യം ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഭവിക്കുന്നതുകൊണ്ടാണ് അത് രക്ഷാശിക്ഷകള്‍ക്ക് ന്യായമാകാത്തത്. ഒരാള്‍ വാര്‍ധക്യം പ്രാപിക്കുക എന്നത് അയാളുടെ കര്‍മഫലമായി ലഭിക്കുന്ന ശിക്ഷയൊന്നുമല്ല. രണ്ടാമത്തെതാകട്ടെ, പരലോകത്ത് നടക്കുന്ന കാര്യമാണ്. ഇതേ പാരത്രിക രക്ഷാശിക്ഷകള്‍ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ഈ തെളിവുകളെല്ലാം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നിരിക്കെ, അവരോട് ഇതുതന്നെ ഒരു തെളിവായി ഉന്നയിക്കാന്‍ കഴിയുന്നതെങ്ങനെ? അതുകൊണ്ട് നമ്മുടെ ദൃഷ്ടിയില്‍ സൂക്തത്തിന്റെ ശരിയായ ആശയം ഇപ്രകാരമാകുന്നു: വിശിഷ്ടഘടനയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തന്റെ ശാരീരിക-മാനസിക യോഗ്യതകളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ അല്ലാഹു അവന്ന് തിന്‍മയിലേക്ക് ഉതവിയേകുകയും അവനെ നികൃഷ്ടനാക്കി മറ്റൊരു സൃഷ്ടിക്കും അധഃപതിക്കാന്‍ കഴിയുന്നതിലപ്പുറം അധഃപതിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യസമുദായത്തില്‍ ധാരാളമായി കണ്ടുവരുന്ന ഒരു യാഥാര്‍ഥ്യമാണിത്. അത്യാര്‍ത്തി, സ്വാര്‍ഥത, വിഷയാസക്തി, മദ്യാസക്തി, അധമത്വം, വിദ്വേഷം, കോപം തുടങ്ങിയ തിന്‍മകളിലാണ്ടുപോയവര്‍ വാസ്തവത്തില്‍ ധാര്‍മികമായി നീചാല്‍ നീചരായിത്തീരുകതന്നെ ചെയ്യും. ഉദാഹരണമായി ഈ ഒറ്റക്കാര്യമെടുക്കുക: ഒരു സമുദായം മറ്റൊരു സമുദായത്തോടുള്ള ശത്രുതയില്‍ അന്ധരാകുമ്പോള്‍, സകല മൃഗങ്ങളെയും തോല്‍പിക്കുന്ന തരത്തിലുള്ള മൃഗീയതയാണ് അവരനുവര്‍ത്തിക്കുന്നത്. ഒരു മൃഗം തന്റെ പശിയടക്കാനാണ് മറ്റൊരു മൃഗത്തെ വേട്ടയാടുന്നത്. അവ മൃഗങ്ങളെ കൂട്ടക്കൊല ചെയ്യുകയില്ല. പക്ഷേ, മനുഷ്യന്‍ സ്വജാതിയായ മനുഷ്യനെ കൂട്ടക്കൊല ചെയ്യുന്നു. മൃഗങ്ങള്‍ അവയുടെ നഖങ്ങളും പല്ലുകളും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍, വിശിഷ്ട ഘടനയില്‍ ജനിക്കുന്ന മനുഷ്യനോ, അവന്റെ ബുദ്ധിയുപയോഗിച്ച് തോക്കും പീരങ്കിയും ടാങ്കും വിമാനവും ആറ്റം-ഹൈഡ്രജന്‍ ബോംബുകളും, നിമിഷനേരംകൊണ്ട് നാടും നഗരങ്ങളും തകര്‍ത്തുതരിപ്പണമാക്കുന്ന മറ്റനേകം ആയുധങ്ങളും കണ്ടുപിടിക്കുന്നു. മൃഗങ്ങള്‍ പരിക്കേല്‍പിക്കുകയോ കൊല്ലുകയോ മാത്രമേ ചെയ്യൂ. മനുഷ്യനാകട്ടെ, തന്റെ സമസൃഷ്ടികളായ മനുഷ്യരെ ദ്രോഹിക്കാനും പീഡിപ്പിക്കാനും, ഒരു മൃഗത്തിനും ഒരിക്കലും സങ്കല്‍പിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള മര്‍ദനോപാധികളും പീഡനമുറകളും കണ്ടുപിടിക്കുന്നു. പിന്നെ അവന്‍ തന്റെ വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും അഗ്‌നി തണുപ്പിക്കുന്നതിനു വേണ്ടി സ്ത്രീജനങ്ങളെ നഗ്‌നരാക്കി നടത്തുകയും ഓരോ സ്ത്രീയെയും പത്തും ഇരുപതും പേരുടെ ആസക്തിക്കിരയാക്കുകയും ചെയ്യുന്നു. പിതാക്കളുടെയും സഹോദരന്‍മാരുടെയും ഭര്‍ത്താക്കളുടെയും മുമ്പിലിട്ട് അവരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. മാതാപിതാക്കളുടെ കണ്‍മുമ്പിലിട്ട് മക്കളെ അറുകൊല ചെയ്യുന്നു. പെറ്റ തള്ളമാരെക്കൊണ്ട് അവരുടെ മക്കളുടെ ചുടുചോര കുടിപ്പിക്കുന്നു. മനുഷ്യരെ ജീവനോടെ ചുട്ടെരിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നു. ലോകത്തെ ക്രൂരരില്‍ ക്രൂരരായ ഹിംസ്രജന്തുക്കളില്‍പോലും മനുഷ്യന്റെ ഈ ക്രൂരതയുടെ നാലയലത്തെത്തുന്ന ക്രൗര്യമുള്ള ഒരു വര്‍ഗവുമില്ല. മറ്റു ദുര്‍ഗുണങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. മനുഷ്യന്‍ അതിലേതിലേക്ക് തിരിഞ്ഞാലും താന്‍ ഏറ്റവും നികൃഷ്ടമായ സൃഷ്ടിയാണെന്ന് സ്വയം തെളിയിക്കുന്നു. മനുഷ്യന്റെ വിശുദ്ധഗുണമായ മതത്തിന്റെ കാര്യംപോലും നോക്കുക. അതിന്റെ പേരില്‍ അവന്‍ സസ്യങ്ങളെയും ജന്തുക്കളെയും ശിലകളെയും ആരാധിക്കുന്നു. അതില്‍ സ്ത്രീപുരുഷലൈംഗികാവയവങ്ങളെപ്പോലും ആരാധിക്കുന്നേടത്തോളം മനുഷ്യന്‍ അധഃപതിക്കുന്നു. ദേവപ്രീതിക്കുവേണ്ടി ആരാധനാലയങ്ങളില്‍ ദേവദാസികളെ നിശ്ചയിച്ച് വ്യഭിചാരവൃത്തി പുണ്യകര്‍മമായി കരുതുന്നു. ദേവതകളുടെയും ആരാധനാമൂര്‍ത്തികളുടെയും പദവി നല്‍കിയിട്ടുള്ള അസ്തിത്വങ്ങളെക്കുറിച്ചുള്ള അപദാനങ്ങളില്‍, ഏറ്റവും നിന്ദ്യരായ ആളുകളെപ്പോലും നാണിപ്പിക്കുന്ന ആഭാസകഥകള്‍ വര്‍ണിക്കുന്നു.

5. أسْفَلَ سَافِلِين എന്ന വാക്യത്തിന്, ഇന്ദ്രിയങ്ങളും ബോധവും ക്ഷയിച്ച വാര്‍ധക്യാവസ്ഥ എന്ന് അര്‍ഥം കല്‍പിച്ചവര്‍ ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: എന്നാല്‍, യൗവനത്തിന്റെയും ആരോഗ്യത്തിന്റെയും അവസരത്തില്‍ വിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചവര്‍ക്ക് അവരുടെ ഈ വയോവൃദ്ധാവസ്ഥയിലും അതേ നന്‍മകള്‍തന്നെ രേഖപ്പെടുത്തുകയും തദനുസാരം പ്രതിഫലം ലഭിക്കുകയും ചെയ്യും. വാര്‍ധക്യവേളയില്‍ അവരില്‍നിന്ന് അത്തരം നന്‍മകളുണ്ടായില്ല എന്നതുകൊണ്ട് അവരില്‍ ഒരു കുറവും വരുത്തുന്നതല്ല. ‘അസ്ഫല സാഫിലീന്‍’ ആയി തള്ളും എന്നതിന് നരകത്തിന്റെ അടിത്തട്ടിലേക്ക് തള്ളും എന്നര്‍ഥം നല്‍കിയവരുടെ ദൃഷ്ടിയില്‍ ഈ സൂക്തത്തിനര്‍ഥം ഇപ്രകാരമാണ്: സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച ആളുകള്‍ ഇതില്‍നിന്നൊഴിവാകുന്നു. അവര്‍ നരകത്തിന്റെ അടിത്തട്ടിലേക്ക് തള്ളപ്പെടുന്നതല്ല. അവര്‍ക്ക് എന്നെന്നും ധാരമുറിയാതെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പക്ഷേ, ഈ രണ്ടര്‍ഥങ്ങളും രക്ഷാശിക്ഷകള്‍ യാഥാര്‍ഥ്യമാണെന്നതിന് ഈ സൂറയില്‍ ഉന്നയിച്ച ന്യായങ്ങളോട് ഇണങ്ങുന്നതല്ല. നമ്മുടെ വീക്ഷണത്തില്‍ സൂക്തത്തിന്റെ ശരിയായ അര്‍ഥം ഇതാണ്: ധാര്‍മികമായി അധമരാകുന്നവര്‍ താണുതാണ് നികൃഷ്ടതയുടെ അടിത്തട്ടിലെത്തിച്ചേരുന്നത് എപ്രകാരം പരക്കെ കാണപ്പെടുന്ന സംഗതിയാണോ, അതേപ്രകാരം എക്കാലത്തും പൊതുവില്‍ പ്രകടമായ സംഗതിയാകുന്നു, ദൈവത്തിലും പരലോകത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കുകയും സ്വജീവിതത്തെ സല്‍ക്കര്‍മങ്ങളുടെ മൂശയില്‍ വാര്‍ത്തെടുക്കുകയും ചെയ്യുന്നവര്‍ ഈ അധഃപതനത്തില്‍നിന്ന് മുക്തരാവുകയും അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച വിശിഷ്ട ഘടനയില്‍ത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു എന്നതും. അതുകൊണ്ട് അവര്‍ നിലയ്ക്കാത്ത പ്രതിഫലത്തിന് അര്‍ഹരായിത്തീരുന്നു; അതായത്, അവരര്‍ഹിക്കുന്നതില്‍നിന്ന് ഒട്ടും കുറയാത്തതും ഒരിക്കലും മുറിഞ്ഞുപോവാതെ എന്നും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നതുമായ പ്രതിഫലത്തിന്.

6. ഈ സൂക്തത്തിന് മറ്റൊരു തര്‍ജമ ഇങ്ങനെയുമാകാം: ”(മനുഷ്യാ,) അതിനുശേഷം രക്ഷാശിക്ഷകളെ തള്ളിപ്പറയാന്‍ നിന്നെ ധൃഷ്ടനാക്കുന്ന സംഗതിയെന്താണ്?” രണ്ടു രൂപത്തിലും ആശയം ഒന്നുതന്നെയാണ്. അതായത്, മനുഷ്യസമൂഹത്തില്‍ പരസ്യമായി കാണപ്പെടുന്ന സംഗതിയാണ്, വിശിഷ്ടഘടനയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ ഒരു വിഭാഗം ധാര്‍മികാധഃപതനത്തിന്റെ അടിത്തട്ടിലെത്തിച്ചേരുകയും മറ്റൊരു വിഭാഗം സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും കൈക്കൊണ്ട് ഈ പതനത്തില്‍നിന്ന് രക്ഷപ്പെടുകയും മനുഷ്യന്റെ വിശിഷ്ടമായ സൃഷ്ടി ആവശ്യപ്പെടുന്ന അവസ്ഥയില്‍ത്തന്നെ നിലകൊള്ളുകയും ചെയ്യുന്നുവെന്നത്. ഇതു കണ്ടശേഷം മനുഷ്യന്ന് രക്ഷാശിക്ഷകളെ തള്ളിപ്പറയാന്‍ കഴിയുന്നതെങ്ങനെയാണ്? ഈ രണ്ടു വിഭാഗം മനുഷ്യരുടെയും പര്യവസാനം ഒരുപോലെയായിരിക്കുമെന്നാണോ അവന്റെ ബുദ്ധിപറയുന്നത്? അസ്ഫലുസ്സാഫിലീന്‍ ആയിത്തീരുന്നവര്‍ക്ക് ശിക്ഷയോ, അതില്‍നിന്ന് മുക്തരായി സംശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് രക്ഷയോ ലഭിക്കേണ്ടതില്ലെന്നുതന്നെയാണോ നീതിയുടെ താല്‍പര്യം? ഈ ആശയം സൂറ അല്‍ഖലം 35, 36 സൂക്തങ്ങളില്‍ പറയുന്നതിങ്ങനെയാണ്: أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ ﴿٣٥﴾مَا لَكُمْ كَيْفَ تَحْكُمُونَ ﴿٣٦﴾ (നാം അനുസരണശാലികളെ പാപികളെപ്പോലെയാക്കുകയോ? നിങ്ങളെങ്ങനെയാണ് വിധിക്കുന്നത്?) സൂറ അല്‍ജാഥിയ 21-ല്‍ അതിപ്രകാരം വിശദീകരിച്ചിരിക്കുന്നു: أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَن نَّجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ (ദുഷ്ടതകള്‍ അനുവര്‍ത്തിക്കുന്ന ജനം വിചാരിക്കുന്നുവോ നാമവരെ, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെപ്പോലെയാക്കുമെന്ന്? രണ്ടു കൂട്ടരുടെയും ജീവിതവും മരണവും ഒരുപോലെയാണെന്ന്? ഇക്കൂട്ടര്‍ വിധിക്കുന്നതെത്ര മോശം!)

7. ഈ ലോകത്തെ കൊച്ചുകൊച്ചു ന്യായാധിപന്‍മാരില്‍നിന്നുപോലും, അവര്‍ നീതി പാലിക്കണമെന്ന് നിങ്ങളാശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും ശ്രേഷ്ഠ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് സമ്മാനമേകണമെന്നും ആഗ്രഹിക്കുന്നു, എന്നിരിക്കെ ദൈവത്തെക്കുറിച്ച് നിങ്ങളെന്താണ് വിചാരിക്കുന്നത്? അവന്‍ ന്യായാധിപന്‍മാരിലേറ്റം ഉന്നതനായ ന്യായാധിപനല്ലേ? അവന്‍ അത്യുന്നതനായ വിധികര്‍ത്താവാണെന്ന് അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ അവന്‍ നീതി ചെയ്യില്ല എന്ന് നിങ്ങള്‍ കരുതുന്നതെന്തുകൊണ്ടാണ്? അവന്‍ നന്‍മയെയും തിന്‍മയെയും ഒരുപോലെയാക്കിക്കളയുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവന്റെ ലോകത്ത് അതിദുഷ്ടമായ കര്‍മങ്ങള്‍ ചെയ്തവരും അത്യുല്‍കൃഷ്ടമായ കര്‍മങ്ങളനുഷ്ഠിച്ചവരും ഒരുപോലെ മരിച്ചു മണ്ണായിപ്പോകുമെന്നും ആര്‍ക്കും ദുര്‍വൃത്തികള്‍ക്ക് ശിക്ഷയും സല്‍ക്കര്‍മങ്ങള്‍ക്ക് സദ്ഫലവും ലഭിക്കുകയില്ലെന്നോ? അഹ്മദ്, തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുല്‍ മുന്‍ദിര്‍, ബൈഹഖി, ഹാകിം, ഇബ്‌നു മര്‍ദവൈഹി എന്നിവര്‍ നബി(സ) പ്രസ്താവിച്ചതായി ഹ. അബൂഹുറയ്‌റയില്‍നിന്ന് ഉദ്ധരിക്കുന്നു: ‘നിങ്ങളിലാരെങ്കിലും സൂറ അത്തീന്‍ ഓതുമ്പോള്‍ ألَيْسَ اللهُ بِأحْكَمِ الحَاكِمِين എന്ന വാക്യത്തിലെത്തിയാല്‍ بَلَى وَأنَا عَلَى ذَلِكَ مِنَ الشَّاهِدِين (അതെ, ഞാനതിന് സാക്ഷിയാകുന്നു) എന്നു പറയണം.’ തിരുമേനി (സ) ഈ സൂക്തമോതിയാല്‍ سُبْحَانَكَ فَبَلَى (നിനക്ക് സ്തുതി, അതെ) എന്നു പറയാറുണ്ടായിരുന്നുവെന്നാണ് ചില നിവേദനങ്ങളില്‍ വന്നിട്ടുള്ളത്.

അത്തിയാണ് സത്യം/സാക്ഷി = وَالتِّينِ
ഒലീവുമാണ = وَالزَّيْتُونِ
സീനാ മലയുമാണ = وَطُورِ سِينِينَ
ഈ നാടുമാണ = وَهَٰذَا الْبَلَدِ
നിര്‍ഭീതമായ = الْأَمِينِ
തീര്‍ച്ചയായും നാം സൃഷ്ടിച്ചു = لَقَدْ خَلَقْنَا
മനുഷ്യനെ = الْإِنسَانَ
ഏറെ മികവുറ്റ ഘടനയില്‍ = فِي أَحْسَنِ تَقْوِيمٍ
പിന്നെ = ثُمَّ
നാം അവനെ ആക്കി (മടക്കി) = رَدَدْنَاهُ
ഏറ്റവും പതിതന്‍ = أَسْفَلَ
പതിതരില്‍ വെച്ച് = سَافِلِينَ
വിശ്വസിച്ചവരൊഴികെ = إِلَّا الَّذِينَ آمَنُوا
പ്രവര്‍ത്തിച്ചവരും = وَعَمِلُوا
സല്‍ക്കര്‍മങ്ങള്‍ = الصَّالِحَاتِ
അവര്‍ക്കുണ്ട് = فَلَهُمْ
പ്രതിഫലം = أَجْرٌ
അറുതിയില്ലാത്ത = غَيْرُ مَمْنُونٍ
എന്നിട്ടും എന്ത് = فَمَا
നിന്നെ കള്ളമാക്കുന്നു = يُكَذِّبُكَ
എന്നിട്ടും = بَعْدُ
പ്രതിഫലത്തിന്റെ കാര്യത്തില്‍ = بِالدِّينِ
അല്ലാഹുവല്ലയോ? = أَلَيْسَ اللَّهُ
ഏറ്റവും നല്ല വിധികര്‍ത്താവ് = بِأَحْكَمِ
വിധികര്‍ത്താക്കളില്‍ = الْحَاكِمِينَ

Add comment

Your email address will not be published. Required fields are marked *