അല്‍ ഖദ്ര്‍ – സൂക്തങ്ങള്‍: 1-5

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള القَدْر എന്ന പദം ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറ മക്കിയാണോ മദനിയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. നിരവധി പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ ഈ സൂറ മദനിയാണെന്ന് അബൂഹയ്യാന്‍ ‘അല്‍ബഹ്‌റുല്‍മുഹീത്വി’ല്‍ വാദിച്ചിരിക്കുന്നു. മദീനയില്‍ അവതരിച്ച പ്രഥമ സൂറയാണിതെന്നത്രേ അലിയ്യുബ്‌നു അഹ്മദല്‍ വാഹിദ തന്റെ തഫ്‌സീറില്‍ പറഞ്ഞത്. നേരെ വിപരീതമായി മാവര്‍ദി വാദിക്കുന്നത്, അധിക പണ്ഡിതന്‍മാരുടെയും ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്നത്രേ. അതുതന്നെയാണ് ഇമാം സുയൂത്വി തന്റെ ‘അല്‍ഇത്ഖാനി’ ല്‍ രേഖപ്പെടുത്തിയത്. ഇബ്‌നു മര്‍ദവൈഹി ഈ സൂറ മക്കിയാണെന്ന പ്രസ്താവന ഹ. ഇബ്‌നു അബ്ബാസില്‍നിന്നും ഇബ്‌നുസ്സുബൈറില്‍നിന്നും ആഇശ(റ)യില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. നാം തുടര്‍ന്നു വിശദീകരിക്കുന്നതു പോലെ, ഈ സൂറ മക്കിയായിരിക്കണമെന്നാണ് ഉള്ളടക്കം പരിശോധിക്കുമ്പോഴും മനസ്സിലാകുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ മൂല്യവും മഹത്ത്വവും ഗാംഭീര്യവും ജനങ്ങളെ ഉണര്‍ത്തുകയാണീ സൂറയുടെ ഉള്ളടക്കം. സൂറ അല്‍അലഖിനുശേഷം ഈ സൂറ ചേര്‍ത്തുകൊണ്ടുള്ള ഖുര്‍ആനിക ക്രോഡീകരണത്തില്‍നിന്ന് സ്വയം വെളിവാകുന്നതിതാണ്: സൂറ അല്‍അലഖിലെ പ്രഥമ പഞ്ചസൂക്തങ്ങളിലൂടെ അവതരണത്തിന് ആരംഭം കുറിച്ച ഈ വേദഗ്രന്ഥം എന്തുമാത്രം വിധിനിര്‍ണായകമായ രാവിലാണവതരിച്ചതെന്നും അതെന്തുമാത്രം ഗാംഭീര്യമാര്‍ന്നതാണെന്നും അതിന്റെ അവതരണത്തിനര്‍ഥമെന്താണെന്നും ജനങ്ങളെ ഉണര്‍ത്തുകയാണ് ഈ സൂറയിലൂടെ. ഇതില്‍ ആദ്യമായി അല്ലാഹു പറയുന്നത്, അത് അവതരിപ്പിച്ചത് നാമാണെന്നാകുന്നു. അതായത്, ഈ വേദം മുഹമ്മദ്(സ) കെട്ടിച്ചമയ്ക്കുന്നതല്ല; മറിച്ച്, നാംതന്നെ അവതരിപ്പിക്കുന്നതാണ്. അനന്തരം അരുള്‍ ചെയ്യുന്നു: നമ്മില്‍നിന്ന് വിധിനിര്‍ണയ രാവിലാണ് അതിന്റെ അവതരണം സംഭവിച്ചത്. വിധിനിര്‍ണയരാവിന് രണ്ടര്‍ഥമുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യമാകുന്നു: ഭാഗധേയങ്ങള്‍ തീരുമാനിക്കുന്ന രാത്രി. മറ്റു വാക്കുകളില്‍, അത് സാധാരണ രാത്രിയല്ല; മറിച്ച്, സൃഷ്ടികളുടെ സൗഭാഗ്യ ദൗര്‍ഭാഗ്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന രാത്രിയാണ്. ആ രാവില്‍ ഈ വേദത്തിന്റെ അവതരണം വെറുമൊരു വേദാവതരണമല്ല; പ്രത്യുത, ഖുറൈശികളുടെയും അറബികളുടെയും മാത്രമല്ല, ഭൗതികലോകത്തിന്റെ മുഴുവന്‍ ഭാഗധേയം മാറ്റിമറിക്കപ്പെടുകയാണ്. ഇക്കാര്യം സൂറ അദ്ദുഖാനിലും പ്രസ്താവിച്ചിട്ടുണ്ട്. രണ്ടാമത്തെ അര്‍ഥമിതാണ്: വളരെ മൂല്യവും മഹത്ത്വവും വിശുദ്ധിയുമുള്ള രാത്രി. ആയിരം മാസങ്ങളെക്കാള്‍ വിശിഷ്ടമായത് എന്ന് തുടര്‍ന്നതു വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതുവഴി മക്കയിലെ അവിശ്വാസികളെ ഉണര്‍ത്തുകയാണ്: മുഹമ്മദി(സ)ലൂടെ അവതീര്‍ണമായ ഈ വേദം നിങ്ങള്‍ ഒരു വിപത്തായി കരുതുകയും നിങ്ങള്‍ക്കേല്‍ക്കേണ്ടിവന്ന ഒരു ശല്യമെന്നോണം അതിനെ ശപിക്കുകയും ചെയ്യുന്നു. എന്നാലോ, അത് അവതരിപ്പിക്കാന്‍ തീരുമാനിക്കപ്പെട്ട രാവ് അത്യധികം വിശിഷ്ടവും അനുഗൃഹീതവുമാകുന്നു. മാനവചരിത്രത്തിലൊരിക്കലും ആയിരം മാസങ്ങള്‍കൊണ്ടുപോലും മനുഷ്യനന്‍മയ്ക്കുവേണ്ടി ആ രാത്രി നിര്‍വഹിക്കപ്പെട്ട മഹത്തായ കാര്യം ഉണ്ടായിട്ടില്ല. ഇക്കാര്യവും സൂറ അദ്ദുഖാന്‍ 3-ആം സൂക്തത്തില്‍ മറ്റൊരു രീതിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ആ സൂറയുടെ ആമുഖത്തില്‍ നാമതു വിശദീകരിച്ചിട്ടുണ്ട്. ഒടുവില്‍ പറയുന്നു: ആ രാവില്‍ മലക്കുകളും ജിബ്‌രീലും അവരുടെ നാഥന്റെ അനുമതിയോടെ എല്ലാ വിധികളുമായി ഇറങ്ങിവരുന്നു. അത് പ്രദോഷം മുതല്‍ പ്രഭാതം വരെ തികച്ചും പ്രശാന്തമായ രാവാകുന്നു. അതായത്, അതില്‍ തിന്‍മകളൊന്നും കടന്നുകൂടുകയില്ല. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെ തീരുമാനങ്ങളെല്ലാം നന്‍മയ്ക്കുവേണ്ടിയുള്ളതാകുന്നു; അവയില്‍ ഒന്നുംതന്നെ തിന്‍മയുദ്ദേശിച്ചുള്ളതായിരിക്കുകയില്ല. എത്രത്തോളമെന്നാല്‍, ഒരു ജനതയെ നശിപ്പിക്കാനാണ് തീരുമാനമുണ്ടാകുന്നതെങ്കില്‍ അതുപോലും നന്‍മയുദ്ദേശിച്ചായിരിക്കും; തിന്‍മക്കു വേണ്ടിയാവില്ല.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾


(1-5) ഇതി(ഖുര്‍ആനി)നെ നാം വിധിനിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു.1 വിധിനിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധിനിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു.2 അതില്‍ മലക്കുകളും റൂഹും3 അവരുടെ നാഥന്റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു.4 ആ രാവ് തികഞ്ഞ സമാധാനമാകുന്നു; പ്രഭാതം വരെ5 .

1. أنْزَلْنَاهُ എന്നാണ് മൂലവാക്യം. ‘നാം അതിനെ ഇറക്കി’ എന്നാണ് വാക്കര്‍ഥം. നേരത്തേ ഖുര്‍ആനിനെക്കുറിച്ച് പരാമര്‍ശമൊന്നുമുണ്ടായിട്ടില്ലെങ്കിലും സൂചിപ്പിക്കുന്നത് ഖുര്‍ആനിനെത്തന്നെയാണ്. കാരണം, ഇറക്കുക എന്ന പ്രയോഗംതന്നെ ഉദ്ദേശ്യം ഖുര്‍ആനാണെന്നു കുറിക്കുന്നുണ്ട്. സര്‍വനാമത്തിന്റെ സൂചിതം സന്ദര്‍ഭത്തില്‍നിന്നോ ശൈലിയില്‍നിന്നോ സ്വയം വ്യക്തമാകുന്നേടത്ത്, മുമ്പോ പിമ്പോ സൂചിതം പരാമര്‍ശിക്കാതെയും സര്‍വനാമം ഉപയോഗിക്കുന്നതിന് വിശുദ്ധ ഖുര്‍ആനില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം.

2. ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ പൊതുവില്‍ ഇതിനര്‍ഥം നല്‍കിയതിങ്ങനെയാണ്: ഈ രാവിലെ സല്‍ക്കര്‍മം ലൈലതുല്‍ഖദ്ര്‍ ഇല്ലാത്ത ആയിരം മാസങ്ങളിലെ സല്‍ക്കര്‍മത്തെക്കാള്‍ ശ്രേഷ്ഠമാകുന്നു. ഇക്കാര്യം സ്വന്തംനിലക്ക് ശരിയാണെന്ന കാര്യത്തില്‍ സംശയമില്ല. ലൈലതുല്‍ ഖദ്‌റിലെ സല്‍ക്കര്‍മത്തിന് നബി(സ) വലിയ ശ്രേഷ്ഠത വര്‍ണിച്ചിട്ടുണ്ട്.

3. رُوح (ആത്മാവ്) കൊണ്ട് വിവക്ഷ ജിബ്‌രീല്‍(അ) ആകുന്നു. ഈ മലക്കിന്റെ സവിശേഷ വിശുദ്ധിയും ശ്രേഷ്ഠതയും പരിഗണിച്ചാണ് മറ്റു മലക്കുകളില്‍നിന്ന് അതിനെ പ്രത്യേകം എടുത്തു പറഞ്ഞത്.

4. അവരുടെ വരവ് സ്വന്തം നിലക്കല്ല; അവരുടെ നാഥന്റെ ആജ്ഞാനുസാരമാണെന്നര്‍ഥം. എല്ലാ കല്‍പനയും എന്നതുകൊണ്ടുദ്ദേശ്യം സൂറ അദ്ദുഖാന്‍ 4-ആം സൂക്തത്തില്‍ സൂചിപ്പിച്ച أمْرٌ حَكِيم (അഭിജ്ഞമായ കാര്യം) തന്നെയാണ്.

5. അതായത്, പ്രദോഷം മുതല്‍ പ്രഭാതം വരെ അന്ന് അനുഗ്രഹത്തോടനുഗ്രഹംതന്നെ; തിന്‍മയില്‍നിന്നും നാശത്തില്‍നിന്നും മുക്തവും.

നിശ്ചയമായും നാം = إِنَّا
നാം ഇതിനെ അവതരിപ്പിച്ചു = أَنزَلْنَاهُ
രാവില്‍ = فِي لَيْلَةِ
വിധി നിര്‍ണായക = الْقَدْرِ
എന്ത് = وَمَا
നിന്നെ അറിയിച്ചു = أَدْرَاكَ
എന്തെന്ന്? = مَا
വിധി നിര്‍ണായക രാവ് = لَيْلَةُ الْقَدْرِ
വിധി നിര്‍ണായക രാവ് = لَيْلَةُ الْقَدْرِ
മഹത്തരമാണ് = خَيْرٌ
ആയിരം മാസത്തെക്കാള്‍ = مِّنْ أَلْفِ شَهْرٍ
ഇറങ്ങിവരുന്നു = تَنَزَّلُ
മലക്കുകള്‍ = الْمَلَائِكَةُ
ജിബ്‌രീലും = وَالرُّوحُ
അതില്‍(ആ രാവില്‍) = فِيهَا
ഉത്തരവുമായി = بِإِذْنِ
അവരുടെ നാഥന്റെ = رَبِّهِم
എല്ലാ കാര്യങ്ങളെയും സംബന്ധിച്ച = مِّن كُلِّ أَمْرٍ
പ്രശാന്തമാണ് = سَلَامٌ
അത് = هِيَ
ഉദയം വരെ = حَتَّىٰ مَطْلَعِ
പ്രഭാതത്തിന്റെ = الْفَجْرِ

Add comment

Your email address will not be published. Required fields are marked *