അല്‍ ബയ്യിന – സൂക്തങ്ങള്‍: 1-8

പ്രഥമ സൂക്തത്തിലെ البَيِّنَة എന്ന പദം അധ്യായ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറ മക്കിയാണെന്നും മദനിയാണെന്നും ഭിന്നാഭിപ്രായമുണ്ട്. ഇതു മക്കിയാണെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് ഒരു കൂട്ടരും, അല്ല, മദനിയാണെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. ഇബ്‌നു സുബൈറും അത്വാഉബ്‌നു യസാറും ഇതു മക്കിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഇബ്‌നു അബ്ബാസില്‍നിന്നും ഖതാദയില്‍നിന്നും ഇത് മക്കിയാണെന്നും മദനിയാണെന്നുമുള്ള രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഹ. ആഇശ(റ)നിശ്ചയിച്ചിട്ടുള്ളത് ഇത് മക്കിയാണെന്നാണ്. ബഹ്‌റുല്‍ മുഹീത്വിന്റെ കര്‍ത്താവ് അബൂഹയ്യാനും അഹ്കാമുല്‍ ഖുര്‍ആനിന്റെ കര്‍ത്താവ് അബ്ദുല്‍ മുന്‍ഇമിബ്‌നു ഫറസും ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയത്. ഉള്ളടക്കത്തെസ്സംബന്ധിച്ചിടത്തോളം അതില്‍, മക്കിയോ മദനിയോ എന്നു സൂചിപ്പിക്കുന്ന യാതൊന്നും കാണുന്നില്ല.

ഖുര്‍ആനിന്റെ ക്രോഡീകരണത്തില്‍ ഈ സൂറയെ സൂറ അല്‍അലഖിനും അല്‍ഖദ്‌റിനും ശേഷമായി ചേര്‍ത്തത് വളരെ അര്‍ഥവത്താണ്. സൂറ അല്‍അലഖില്‍ പ്രഥമ ദിവ്യസന്ദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സൂറ അല്‍ഖദ്‌റില്‍ അതെപ്പോഴാണ് അവതരിച്ചതെന്ന് പ്രസ്താവിക്കുന്നു. ഈ സൂറയില്‍ ഈ വേദത്തോടൊപ്പം ഒരു ദൈവദൂതന്റെ നിയോഗം ആവശ്യമായിത്തീര്‍ന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ്. ആദ്യമായി ദൈവദൂതന്റെ നിയോഗാവശ്യം വിവരിക്കുന്നു. അതിതാണ്: ലോകജനതയെ– അവര്‍ വേദവിശ്വാസികളാകട്ടെ, ബഹുദൈവവിശ്വാസികളാകട്ടെ–അവരകപ്പെട്ട സത്യനിഷേധത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവദൂതന്റെ ആഗമനം അനിവാര്യമാകുന്നു. ആ ദൈവദൂതന്റെ സാന്നിധ്യംതന്നെ അദ്ദേഹത്തിന്റെ ദൗത്യത്തെ വ്യക്തമായി തെളിയിക്കുന്ന ദൃഷ്ടാന്തമായിരിക്കണം. അദ്ദേഹം ദൈവികവേദത്തെ പൂര്‍വവേദങ്ങളില്‍ പുരണ്ട എല്ലാ മായങ്ങളില്‍നിന്നും ശുദ്ധീകരിച്ച് തികച്ചും സത്യവും സാധുവുമായ തത്ത്വങ്ങളുള്‍ക്കൊണ്ട അതിന്റെ സാക്ഷാല്‍ രൂപത്തില്‍ ജനസമക്ഷം സമര്‍പ്പിക്കുന്നവനുമായിരിക്കണം. അനന്തരം, വേദവിശ്വാസികളുടെ മാര്‍ഗഭ്രംശം തുറന്നുകാണിക്കുകയാണ്. അവരിങ്ങനെ വിവിധ മാര്‍ഗങ്ങളിലേക്ക് വഴിതെറ്റിപ്പോയത് അല്ലാഹു അവര്‍ക്ക് സന്‍മാര്‍ഗദര്‍ശനം നല്‍കാതിരുന്നതുകൊണ്ടല്ല. സുവ്യക്തമായ സന്‍മാര്‍ഗ പ്രമാണങ്ങള്‍ അവരുടെയടുക്കല്‍ എത്തിക്കഴിഞ്ഞതിനുശേഷമാണ് അവര്‍ മാര്‍ഗഭ്രഷ്ടരായത്. അവരുടെ മാര്‍ഗഭ്രംശത്തിനുത്തരവാദികള്‍ അവര്‍തന്നെയാണന്നത്രേ ഇതിനര്‍ഥം. ഇപ്പോഴിതാ ഈ പ്രവാചകന്‍ മുഖേന വീണ്ടും അവര്‍ക്ക് സത്യപ്രമാണങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നു. ഇതിനു ശേഷവും അവര്‍ വഴിപിഴച്ചവരായിത്തന്നെ കഴിയുകയാണെങ്കില്‍ അവരുടെ ഉത്തരവാദിത്വം കൂടുതല്‍ കനത്തതായിത്തീരും. ഇവ്വിഷയകമായി പറയുന്നു: അല്ലാഹുവിങ്കല്‍നിന്നു നിയുക്തനായ ഏതു പ്രവാചകനും, അവതരിച്ച ഏതു വേദവും അവരോട് കല്‍പിച്ചിരുന്നത് ഇതുമാത്രമാകുന്നു: മറ്റെല്ലാ മാര്‍ഗങ്ങളും വെടിഞ്ഞ് നിഷ്‌കളങ്കമായി അല്ലാഹുവിനോടു ദാസ്യഭാവം കൈക്കൊള്ളുക. മറ്റാരോടെങ്കിലുമുള്ള ആരാധനയും വിധേയത്വവും അടിമത്തവും ദാസ്യവും അതില്‍ കലര്‍ത്താതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക– ഇതാണ് എക്കാലത്തും സാധുവായ ദീന്‍ ആയിരിക്കുക. ഇതില്‍നിന്ന് സ്വയം വെളിപ്പെടുന്ന ആശയമിതാണ്: വേദവിശ്വാസികള്‍ അവരുടെ യഥാര്‍ഥ ദീന്‍ ഉപേക്ഷിച്ച് സ്വന്തം മതങ്ങളില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതെല്ലാം മിഥ്യയാകുന്നു. ഇപ്പോള്‍ ആഗതനായിട്ടുള്ള ഈ ദൈവദൂതന്‍ അവരുടെ സാക്ഷാല്‍ ദീനിലേക്ക് മടങ്ങാനാണ് അവരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ഒടുവില്‍ സുസ്പഷ്ടമായി ഉപദേശിക്കുകയാണ്: ഈ ദൈവദൂതനെ നിഷേധിക്കുന്ന വേദവിശ്വാസികളും ബഹുദൈവാരാധകരും പരമനികൃഷ്ട സൃഷ്ടികളായിത്തീരും. ശാശ്വത നരകമാണവര്‍ക്കുള്ള ശിക്ഷ. സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മപാത സ്വീകരിക്കുകയും ഭൗതികലോകത്ത് ദൈവഭക്തരായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ അത്യുല്‍കൃഷ്ട സൃഷ്ടികളും ആയിത്തീരും. എന്നെന്നും സ്വര്‍ഗത്തില്‍ വസിപ്പിക്കപ്പെടുക എന്നതാണവര്‍ക്കുള്ള സമ്മാനം. അല്ലാഹു അവരില്‍ സംപ്രീതനാകുന്നു. അവര്‍ അല്ലാഹുവിലും സംതൃപ്തരാകുന്നു.

لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ﴿١﴾ رَسُولٌۭ مِّنَ ٱللَّهِ يَتْلُوا۟ صُحُفًۭا مُّطَهَّرَةًۭ﴿٢﴾ فِيهَا كُتُبٌۭ قَيِّمَةٌۭ﴿٣﴾ وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ﴿٤﴾ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ﴿٥﴾ إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَٰلِدِينَ فِيهَآ ۚ أُو۟لَٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ﴿٦﴾ إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ﴿٧﴾


(1-3) വേദക്കാരിലും ബഹുദൈവാരാധകരിലുമുള്ള1 സത്യനിഷേധികള്‍,2 തെളിഞ്ഞ ദൃഷ്ടാന്തം വന്നെത്തുന്നതുവരെ (അവരുടെ നിഷേധത്തില്‍നിന്ന്) വിരമിക്കുന്നവരായിരുന്നില്ല.3 (അതായത്) അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ദൂതന്‍–4 അദ്ദേഹം പവിത്രമായ ഏടുകള്‍ വായിച്ചു കേള്‍പ്പിക്കുന്നു.5 ആ ഏടുകളില്‍ വിലപ്പെട്ടതും പ്രബലവുമായ പ്രമാണങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു.

(4-5) നേരത്തേ വേദം ലഭിച്ചവരില്‍ ഭിന്നിപ്പുണ്ടായിട്ടുള്ളത്, അവര്‍ക്ക് (സന്മാര്‍ഗം സംബന്ധിച്ച) സ്പഷ്ടമായ വിവരം ലഭിച്ച ശേഷം മാത്രമാകുന്നു.6 അവരാവട്ടെ, വിധേയത്വം അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ട് അവന്ന് ഇബാദത്ത് ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍.7
(6-8) വേദക്കാരിലും ബഹുദൈവാരാധകരിലും സത്യനിഷേധികളായവരുണ്ടല്ലോ,8 നിശ്ചയമായും അവര്‍ നരകാഗ്നിയില്‍ ചെന്നെത്തുന്നതും അതില്‍ ശാശ്വതമായി വസിക്കുന്നതുമാകുന്നു. ഇക്കൂട്ടരത്രെ, സൃഷ്ടികളിലേറ്റം നികൃഷ്ടരായവര്‍.9 സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, നിശ്ചയം അവരത്രെ സൃഷ്ടികളിലേറ്റം ശ്രേഷ്ഠരായവര്‍.10 അവരുടെ നാഥങ്കല്‍ അവര്‍ക്കുള്ള കര്‍മഫലം സ്ഥിരവാസത്തിനുള്ള സ്വര്‍ഗമാകുന്നു. ആ സ്വര്‍ഗത്തിനു കീഴെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അതിലവര്‍ എന്നെന്നും വസിക്കും. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു. അവര്‍ അല്ലാഹുവിലും സംപ്രീതരായിരിക്കുന്നു. തന്റെ നാഥനെ ഭയപ്പെട്ടവന്നുള്ളതത്രെ ഇതൊക്കെയും11 .

1. കുഫ്‌റില്‍ പങ്കാളികളാണെന്നതോടൊപ്പംതന്നെ ഈ രണ്ടു ഗ്രൂപ്പുകളെയും വെവ്വേറെ പേരുകളില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. أهْلُ الكِتَاب (വേദവിശ്വാസികള്‍) എന്നതുകൊണ്ട് വിവക്ഷ, പൂര്‍വ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളിലേതെങ്കിലുമൊന്ന്–ഭേദഗതികള്‍ നടത്തപ്പെട്ട രൂപത്തിലാണെങ്കിലും–കൈവശം വെക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രവാചകനെ പിന്തുടരുകയോ വേദം അംഗീകരിക്കുകയോ ചെയ്യാത്തവരാണ് المُشْرِكِين എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദവിശ്വാസികളുടെ ബഹുദൈവത്വപരമായ ആശയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്.

2. ഇവിടെ കുഫ്ര്‍ എന്നുപയോഗിച്ചത് അതിന്റെ വിശാലമായ അര്‍ഥങ്ങളിലാകുന്നു. സത്യനിഷേധനിലപാടിന്റെ വ്യത്യസ്ത രൂപങ്ങളെ അതുള്‍ക്കൊള്ളുന്നു. ഉദാഹരണമായി, ചിലര്‍ അല്ലാഹുവില്‍ത്തന്നെ വിശ്വസിക്കുന്നില്ല എന്ന അര്‍ഥത്തില്‍ കാഫിറുകളായിരുന്നു. ചിലര്‍ അല്ലാഹുവില്‍ വിശ്വസിച്ചുവെങ്കിലും അവനെ ഏക ആരാധ്യനായി അംഗീകരിച്ചിരുന്നില്ല. പ്രത്യുത, അവന്റെ സത്തയിലോ ഗുണങ്ങളിലോ കഴിവുകളിലോ ഏതോ വിധത്തില്‍ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്ന് കരുതി അവയെയും ആരാധിച്ചുകൊണ്ടിരുന്നു. ചിലര്‍ അല്ലാഹുവിന്റെ ഏകത്വത്തിലും വിശ്വസിച്ചു. പക്ഷേ, അതോടൊപ്പംതന്നെ ഏതെങ്കിലും സ്വഭാവത്തിലുള്ള ശിര്‍ക്കും പുലര്‍ത്തിപ്പോന്നു. ചിലര്‍ ദൈവത്തെ അംഗീകരിച്ചു; അവന്റെ പ്രവാചകന്മാരെ അംഗീകരിച്ചില്ല. പ്രവാചകന്മാര്‍ മുഖേന ആഗതമായ സന്മാര്‍ഗം സ്വീകരിക്കാന്‍ കൂട്ടാക്കിയതുമില്ല. ചിലര്‍ ഏതെങ്കിലും ചില പ്രവാചകന്മാരെ അംഗീകരിക്കുകയും മറ്റുള്ളവരെയെല്ലാം നിഷേധിക്കുകയും ചെയ്തു. ചിലര്‍ പരലോകം നിഷേധിച്ചവരായിരുന്നു. ആളുകളകപ്പെട്ടിട്ടുണ്ടായിരുന്ന കുഫ്ര്‍ ഇങ്ങനെ ബഹുവിധമായിരുന്നു. എന്നാല്‍, അഹ്‌ലുല്‍കിതാബില്‍നിന്നും മുശ്‌രിക്കുകളില്‍നിന്നുമുള്ള കാഫിറുകള്‍ എന്നു പറഞ്ഞതിന് ഈ രണ്ടു കൂട്ടരിലും കുറെയാളുകള്‍ കുഫ്‌റില്‍ അകപ്പെടാത്തവരുണ്ടായിരുന്നു എന്നര്‍ഥമില്ല; മറിച്ച്, കുഫ്‌റില്‍ പെട്ടുപോയ രണ്ടു വിഭാഗം എന്നാണര്‍ഥം. ഒന്ന്: വേദവിശ്വാസികള്‍, രണ്ട്: മുശ്‌രിക്കുകള്‍. ഇവിടെ مِنْ ഉപയോഗിച്ചത് ഭാഗികത സൂചിപ്പിക്കാനല്ല; വിശദീകരണം സൂചിപ്പിക്കാനാണ്. സൂറ അല്‍ഹജ്ജ് 30-ആം സൂക്തത്തില്‍ فَاجْتَنِبُوا الرِّجْزَ مِنَ الأَوْثَان (വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ വര്‍ജിക്കുക) എന്നു പറഞ്ഞതുപോലെത്തന്നെയാണ് ഇവിടെ الذِينَ كَفَرُوا مِنْ أهْلِ الكِتَابِ وَالْمُشْرِكِينَ എന്നു പറഞ്ഞത്. ബഹുദൈവാരാധകരും വേദവാഹകരുമായ സത്യനിഷേധികള്‍ എന്നാണതിന്റെ താല്‍പര്യം; ഈ രണ്ടു വിഭാഗങ്ങളിലുംപെട്ട സത്യനിഷേധികള്‍ എന്നല്ല.

3. അതായത്, ഈ സത്യനിഷേധ നിലപാടില്‍നിന്ന് മുക്തരാവാന്‍ അവര്‍ക്കുണ്ടായിരുന്ന മാര്‍ഗം ഇതുമാത്രമാണ്: ഒരു സന്മാര്‍ഗ ദൃഷ്ടാന്തം ആഗതമായി കുഫ്‌റിന്റെ സത്യവിരുദ്ധതയുടെയും അബദ്ധത്തിന്റെയും എല്ലാ രൂപങ്ങളും അവരെ ബോധ്യപ്പെടുത്തുകയും സന്മാര്‍ഗം സുസ്പഷ്ടവും പ്രാമാണികവുമായ രീതിയില്‍ അവരുടെ മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുക. ആ ദൃഷ്ടാന്തം വന്നെത്തിയാല്‍ പിന്നെ അവരെല്ലാം കുഫ്ര്‍ വര്‍ജിച്ചുകൊള്ളും എന്ന് ഇതിനര്‍ഥമില്ല; മറിച്ച്, ഈ മാര്‍ഗദര്‍ശനത്തിന്റെ അഭാവത്തില്‍ അവര്‍ക്ക് കുഫ്‌റിന്റെ അവസ്ഥയില്‍നിന്ന് മോചിതരാവുക അസാധ്യമാണെന്നാണര്‍ഥം. അതിന്റെ ആഗമനത്തിനു ശേഷവും ആ വിഭാഗത്തില്‍ കുഫ്‌റില്‍തന്നെ നിലകൊള്ളുന്നവരുടെ ഉത്തരവാദിത്വം പിന്നെ അവര്‍ക്കുതന്നെയാണെന്നുമാത്രം. ‘ദൈവമേ, ഞങ്ങള്‍ക്ക് സന്മാര്‍ഗം ലഭിക്കാന്‍ നീ ഒരു ഏര്‍പ്പാടും ചെയ്തുതന്നില്ലല്ലോ’ എന്ന് അല്ലാഹുവിനോട് പരാതിപ്പെടാന്‍ ഇനിയവര്‍ക്ക് കഴിയില്ല. വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പല മട്ടില്‍ പറഞ്ഞ കാര്യമാണിത്. ഉദാഹരണമായി, സൂറ അന്നഹ്ല്‍ 9-ആം സൂക്തത്തില്‍ പറഞ്ഞു: وَعَلَى اللهِ قَصْدُ السَّبِيل (സന്മാര്‍ഗം വ്യക്തമാക്കുക അല്ലാഹുവിന്റെ ഉത്തരവാദിത്വമാകുന്നു). സൂറ അല്ലൈല്‍ 12-ആം സൂക്തത്തില്‍ പ്രസ്താവിച്ചു: إنَّ عَلَيْنَا لَلْهُدَى (മാര്‍ഗദര്‍ശനം നല്‍കുക നമ്മുടെ ചുമതലയാകുന്നു), അന്നിസാഅ് 163-165 ല്‍ പ്രസ്താവിച്ചു: إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ …. رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ (ഓ പ്രവാചകരേ, നാം നൂഹിനും അദ്ദേഹത്തിനു ശേഷമുള്ള പ്രവാചകന്മാര്‍ക്കും ബോധനം നല്‍കിയപോലെ താങ്കള്‍ക്കും ബോധനം നല്‍കിയിരിക്കുന്നു….. സുവാര്‍ത്താദായകരും മുന്നറിയിപ്പുകാരുമായ ദൈവദൂതന്മാരായിരുന്നു അവര്‍. ദൈവദൂതന്മാരുടെ ആഗമനത്തിനുശേഷം അല്ലാഹുവിനെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കുന്നതിനു വേണ്ടിയാണിത്…). അല്‍മാഇദ 19-ആം സൂക്തത്തില്‍ അല്ലാഹു പറഞ്ഞു: يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ عَلَىٰ فَتْرَةٍ مِّنَ الرُّسُلِ أَن تَقُولُوا مَا جَاءَنَا مِن بَشِيرٍ وَلَا نَذِيرٍ ۖ فَقَدْ جَاءَكُم بَشِيرٌ وَنَذِيرٌ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (വേദവാഹകരേ, ദൈവദൂതന്‍മാരുടെ ശൃംഖല നിലച്ച ഒരു ഇടവേളക്കുശേഷം ഇതാ നമ്മുടെ ദൂതന്‍ നിങ്ങളില്‍ വന്നിരിക്കുന്നു. ഞങ്ങള്‍ക്കൊരു സുവിശേഷകനോ മുന്നറിയിപ്പുകാരനോ വന്നില്ലല്ലോ എന്ന് നിങ്ങള്‍ പറയാനിടയാകാതിരിക്കാനാണിത്. കേട്ടുകൊള്ളുക; ഇപ്പോഴിതാ, നിങ്ങള്‍ക്ക് സുവിശേഷകനും മുന്നറിയിപ്പുകാരനും വന്നുകഴിഞ്ഞിരിക്കുന്നു…).

4. ഇവിടെ റസൂലി(സ)ന്റെ വ്യക്തിത്വത്തെത്തന്നെ ഒരു തെളിഞ്ഞ ദൃഷ്ടാന്തമായി വിശേഷിപ്പിച്ചിരിക്കുകയാണ്. കാരണം, അവിടുന്ന് പ്രവാചകത്വലബ്ധിക്കു മുമ്പും അതിനുശേഷവും ഒരു നിരക്ഷരനായിരുന്നതോടു കൂടിത്തന്നെ ഖുര്‍ആന്‍ പോലുള്ള ഒരു വേദം അവതരിപ്പിച്ചു. അദ്ദേഹവുമായുള്ള സഹവാസത്തിന്റെയും അദ്ദേഹത്തിന്റെ അധ്യാപനങ്ങളുടെയും സ്വാധീനഫലമായി വിശ്വാസികളുടെ ജീവിതത്തില്‍ അസാമാന്യമായ മാറ്റങ്ങളുളവായിരിക്കുന്നു. അദ്ദേഹം തികച്ചും ബുദ്ധിപരമായ ആദര്‍ശ വിശ്വാസങ്ങളും വിശുദ്ധമായ ആരാധനകളും ഉന്നത നിലവാരമുള്ള സ്വഭാവചര്യകളും മനുഷ്യജീവിതത്തിന് വിശിഷ്ടമായ തത്ത്വങ്ങളും നിയമങ്ങളും ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സകലവിധ എതിര്‍പ്പുകളെയും ശത്രുതകളെയും പരമമായ മനോദാര്‍ഢ്യത്തോടെ ഉറച്ചുനിന്ന് നേരിട്ടുകൊണ്ട് സ്വന്തം ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ഈ സംഗതികളെല്ലാംതന്നെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ് എന്നതിന്റെ തെളിഞ്ഞ ലക്ഷണങ്ങളാകുന്നു.

5. صُحُف എന്നതിന്റെ ഭാഷാര്‍ഥം, എഴുതപ്പെട്ട ഏടുകള്‍ എന്നാണ്. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ ഈ പദം സാങ്കേതികമായി ഉപയോഗിച്ചിട്ടുള്ളത് പ്രവാചകന്മാര്‍ക്കവതരിക്കുന്ന വേദങ്ങളെ കുറിക്കാനാണ്. ഒരുവിധ അസത്യവും അബദ്ധവും അപഭ്രംശവും ധാര്‍മികദൂഷ്യവും കലരാത്ത ഏടുകള്‍ എന്ന അര്‍ഥത്തിലാണ് വിശുദ്ധമായ ഏടുകള്‍ എന്നു പറഞ്ഞിട്ടുളളത്. വിശുദ്ധ ഖുര്‍ആനിനെ ബൈബിളുമായി (മറ്റു മതങ്ങളുടെ വേദങ്ങളുമായി) താരതമ്യംചെയ്ത് വായിച്ചുനോക്കിയാലാണ് ഈ വാക്കിന്റെ പ്രസക്തി മുഴുവനായി മനസ്സിലാവുക. അതില്‍ സദ്‌വചനങ്ങളോടൊപ്പം സത്യത്തിനും നീതിക്കും സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതും ധാര്‍മിക വീക്ഷണത്തില്‍ തീരെ ഹീനവുമായ പലതും രേഖപ്പെടുത്തിയതായി കാണാം. അവ വായിച്ചശേഷം ഖുര്‍ആന്‍ വായിച്ചുനോക്കിയാലറിയാം, അത് എത്ര പവിത്രവും വിശുദ്ധവുമായ വേദമാണെന്ന്.

6. അതായത്, പൂര്‍വികരായ വേദവിശ്വാസികള്‍ പലവിധ ദുര്‍മാര്‍ഗങ്ങളിലേക്ക് വ്യതിചലിക്കാനും എണ്ണമറ്റ വിഭാഗങ്ങളായി ശിഥിലമാകാനും കാരണം, അല്ലാഹു അവങ്കല്‍നിന്ന് അവരെ മാര്‍ഗദര്‍ശനം ചെയ്യാന്‍ തെളിഞ്ഞ പ്രമാണങ്ങള്‍ അയച്ചുകൊടുക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയതല്ല. എന്നല്ല, അല്ലാഹുവിങ്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം വന്നുകിട്ടിയ ശേഷമാണ് അവരീ നിലപാടുകളിലേക്ക് വ്യതിചലിച്ചത്. അതുകൊണ്ട് അവരുടെ മാര്‍ഗഭ്രംശത്തിനുത്തരവാദികള്‍ അവര്‍തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍, സന്മാര്‍ഗസ്ഥരായിരിക്കാനുള്ള ന്യായങ്ങളെല്ലാം അവരുടെ മേല്‍ പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. അങ്ങനെ അവരുടെ ഏടുകള്‍ വിശുദ്ധങ്ങളല്ലാതായി. അവരുടെ വേദങ്ങള്‍ സന്മാര്‍ഗത്തിന്റെയും സത്യത്തിന്റെയും തത്ത്വങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. അതുകൊണ്ട് അല്ലാഹു ഒരു തെളിഞ്ഞ പ്രമാണമെന്ന നിലയില്‍ തന്റെ ഒരു ദൂതനെ നിയോഗിച്ച്, അദ്ദേഹം മുഖേന സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും തത്ത്വങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന വേദമവതരിപ്പിച്ചുകൊണ്ട് അവരുടെ മേല്‍ വീണ്ടും ന്യായം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അതിനുശേഷം ഇനിയും അവര്‍ പല കൂറ്റുകാരായി ഭിന്നിച്ചു കഴിയുകയാണെങ്കില്‍ അവര്‍തന്നെയാണതിനുത്തരവാദികള്‍. അല്ലാഹുവിനെതിരെ അവര്‍ക്ക് ഒരു ന്യായവും ഉന്നയിക്കാനാവില്ല.

7. അതായത്, വേദവിശ്വാസികള്‍ക്ക് അവരില്‍ ആഗതരായ പ്രവാചകന്മാര്‍ നല്‍കിയ മതാധ്യാപനങ്ങള്‍തന്നെയാണ് ഇപ്പോള്‍ മുഹമ്മദ് നബി(സ) അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പില്‍ക്കാലത്ത് ഭിന്ന മതവിഭാഗങ്ങളായി പിരിഞ്ഞ് കൈക്കൊണ്ട മിഥ്യാവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും പെട്ട യാതൊന്നും അദ്ദേഹം അവരോട് കല്‍പിക്കുന്നില്ല. ശരിയും സാധുവുമായ മതം എക്കാലത്തും ഇതു മാത്രമാണ്: മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയായിരിക്കുക, അവനോടുള്ള അടിമത്തത്തില്‍ മറ്റു യാതൊന്നിനോടുമുള്ള അടിമത്തം കലര്‍ത്താതിരിക്കുക. മറ്റെല്ലാറ്റിനെയും തളളിക്കളഞ്ഞ് ഏകനായ അല്ലാഹുവിന്റെ മാത്രം ആരാധകനും ആജ്ഞാനുവര്‍ത്തിയുമായിരിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക.

8. ഇവിടെ കുഫ്ര്‍ എന്നതുകൊണ്ടുദ്ദേശ്യം മുഹമ്മദി(സ)ന്റെ പ്രവാചകത്വത്തെ നിഷേധിക്കലാകുന്നു. താല്‍പര്യമിതാണ്: ഏതൊരു പ്രവാചകന്റെ അസ്തിത്വംതന്നെ ഒരു വ്യക്തമായ തെളിവും, അദ്ദേഹം വായിച്ചുകേള്‍പ്പിക്കുന്ന ഏടുകള്‍ തികഞ്ഞ സത്യപ്രമാണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതും ആയിരിക്കുന്നുവോ, ഇങ്ങനെയുള്ള പ്രവാചകന്റെ ആഗമനാനന്തരം അദ്ദേഹത്തെ നിഷേധിക്കുന്ന വേദവാഹകരും ബഹുദൈവാരാധകരുമായ ആളുകളുടെ ദുര്‍ഗതി ഇനി പറയുന്നതാണ്.

9. ദൈവത്തിന്റെ സൃഷ്ടികളില്‍ അവരെക്കാള്‍ നികൃഷ്ടരായ സൃഷ്ടികളില്ല എന്നര്‍ഥം. മൃഗങ്ങള്‍ പോലും അവരെക്കാള്‍ മെച്ചമാണ്. എന്തുകൊണ്ടെന്നാല്‍, അവര്‍ക്ക് ബുദ്ധിയോ ഇച്ഛാശക്തിയോ ഇല്ല. മനുഷ്യനാവട്ടെ, ബുദ്ധിയുടെയും ഇച്ഛാശക്തിയുടെയും ഉടമയായിക്കൊണ്ടാണ് സത്യത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നത്.

10. ദൈവസൃഷ്ടികളില്‍ അത്യുല്‍കൃഷ്ടര്‍ അവരാണെന്നര്‍ഥം. മലക്കുകളെക്കാള്‍പോലും ശ്രേഷ്ഠരും മഹനീയരുമാണവര്‍. കാരണം, മലക്കുകള്‍ക്ക് ധിക്കാരമനുവര്‍ത്തിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും കഴിവുമില്ല. ഇവരാകട്ടെ ദൈവധിക്കാരത്തിനും പാപവൃത്തിക്കുമുള്ള ഇച്ഛാസ്വാതന്ത്ര്യവും കഴിവും ഉള്ളതോടുകൂടിത്തന്നെ ദൈവത്തോടുള്ള വിധേയത്വവും സദ്‌വൃത്തികളും തിരഞ്ഞെടുത്തവരാണ്.

11. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഈ ലോകത്ത് ദൈവത്തെക്കുറിച്ച് നിര്‍ഭയനാവാതെ, അവന്നെതിരില്‍ ധിക്കാരവും ധാര്‍ഷ്ട്യവും അനുവര്‍ത്തിക്കാതെ ദൈവത്തിങ്കല്‍ താന്‍ ശിക്ഷിക്കപ്പെടാനിടയാകുന്ന ഒരു ചലനവും തന്നില്‍നിന്നുണ്ടാകാതിരിക്കാന്‍ ഓരോ ചുവടുവെപ്പിലും ജാഗ്രത പുലര്‍ത്തിക്കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്കാണ് അല്ലാഹുവിങ്കല്‍ ഇപ്പറഞ്ഞ പ്രതിഫലമുള്ളത്.

ആയിട്ടില്ല = لَمْ يَكُنِ
നിഷേധിച്ചവര്‍ = الَّذِينَ كَفَرُوا
വേദക്കാരില്‍പെട്ട = مِنْ أَهْلِ الْكِتَابِ
ബഹുദൈവ വിശ്വാസികളിലും = وَالْمُشْرِكِينَ
വേര്‍പിരിയുന്നവര്‍ = مُنفَكِّينَ
അവര്‍ക്കു വന്നെത്തുന്നതു വരെ = حَتَّىٰ تَأْتِيَهُمُ
വ്യക്തമായ തെളിവ് = الْبَيِّنَةُ
ദൂതന്‍ = رَسُولٌ
അല്ലാഹുവില്‍നിന്നുള്ള = مِّنَ اللَّهِ
വായിച്ചുകേള്‍പ്പിക്കുന്നു = يَتْلُو
ഏടുകള്‍ = صُحُفًا
പവിത്രമായ = مُّطَهَّرَةً
അവയിലുണ്ട് = فِيهَا
പ്രമാണങ്ങള്‍ = كُتُبٌ
ശരിയായ = قَيِّمَةٌ
ഭിന്നിച്ചിട്ടില്ല = وَمَا تَفَرَّقَ
നല്‍കപ്പെട്ടവര്‍ = الَّذِينَ أُوتُوا
വേദം = الْكِتَابَ
ശേഷമല്ലാതെ = إِلَّا مِن بَعْدِ
അവര്‍ക്ക് വന്നെത്തിയതിന്റെ = مَا جَاءَتْهُمُ
വ്യക്തമായ തെളിവ് = الْبَيِّنَةُ
അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല = وَمَا أُمِرُوا
അല്ലാതെ = إِلَّا
അവര്‍ വഴിപ്പെടുന്നതിനു വേണ്ടി = لِيَعْبُدُوا
അല്ലാഹുവിനെ = اللَّهَ
നിഷ്കളങ്കരായി = مُخْلِصِينَ
അവന്ന് = لَهُ
കീഴ്വണക്കം = الدِّينَ
ഋജുമനസ്കരായി = حُنَفَاءَ
അവര്‍ നിലനിര്‍ത്താനും = وَيُقِيمُوا
നമസ്കാരം = الصَّلَاةَ
അവര്‍ നല്‍കുന്നതിനും = وَيُؤْتُوا
സകാത്ത് = الزَّكَاةَۚ
അതാണ് = وَذَٰلِكَ
മതം = دِينُ
ചൊവ്വായ = الْقَيِّمَةِ
നിശ്ചയം നിഷേധിച്ചവര്‍ = إِنَّ الَّذِينَ كَفَرُوا
വേദക്കാരില്‍നിന്നുള്ള = مِنْ أَهْلِ الْكِتَابِ
ബഹുദൈവവിശ്വാസികളില്‍നിന്നുമുള്ള = وَالْمُشْرِكِينَ
നരകത്തീയിലാണ് = فِي نَارِ جَهَنَّمَ
സ്ഥിരവാസികളായ നിലയില്‍ = خَالِدِينَ
അതില്‍ = فِيهَاۚ
അവര്‍ = أُولَٰئِكَ
അവര്‍ തന്നെയാണ് = هُمْ
ഏറ്റവും നികൃഷ്ടര്‍ = شَرُّ
സൃഷ്ടികളില്‍ = الْبَرِيَّةِ
നിശ്ചയം വിശ്വസിച്ചവര്‍ = إِنَّ الَّذِينَ آمَنُوا
പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ = وَعَمِلُوا
സല്‍ക്കര്‍മങ്ങള്‍ = الصَّالِحَاتِ
അവര്‍ = أُولَٰئِكَ
അവര്‍ തന്നെയാണ് = هُمْ
ഏറ്റം ശ്രേഷ്ഠര്‍ = خَيْرُ
സൃഷ്ടികളില്‍ = الْبَرِيَّةِ
അവരുടെ പ്രതിഫലം = جَزَاؤُهُمْ
അവരുടെ നാഥന്റെ അടുത്ത് = عِندَ رَبِّهِمْ
സ്വര്‍ഗീയാരാമങ്ങളാണ് = جَنَّاتُ
സ്ഥിരവാസത്തിന്റെ = عَدْنٍ
ഒഴുകുന്നു = تَجْرِي
അവയുടെ താഴ്ഭാഗത്തൂടെ = مِن تَحْتِهَا
ആറുകള്‍ = الْأَنْهَارُ
സ്ഥിരവാസികളായ നിലയില്‍ = خَالِدِينَ
അവയില്‍ = فِيهَا
എക്കാലവും = أَبَدًاۖ
തൃപ്തിപ്പെട്ടിരിക്കുന്നു = رَّضِيَ
അല്ലാഹു = اللَّهُ
അവരെക്കുറിച്ച് = عَنْهُمْ
അവരും തൃപ്തിപ്പെട്ടിരിക്കുന്നു = وَرَضُوا
അവനെക്കുറിച്ച് = عَنْهُۚ
അത് = ذَٰلِكَ
യാതൊരുവന്നുള്ളതാണ് = لِمَنْ
അവന്‍ ഭയപ്പെട്ടു = خَشِيَ
തന്റെ നാഥനെ = رَبَّهُ

Add comment

Your email address will not be published. Required fields are marked *