അസ്സല്‍സല – സൂക്തങ്ങള്‍: 1-8

പ്രഥമ സൂക്തത്തിലെ زِلْزَالَهَا എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം.

ഈ സൂറ മക്കിയോ മദനിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മക്കിയാണെന്നാണ് ഇബ്‌നുമസ്ഊദും ജാബിറും അത്വാഉം മുജാഹിദും പ്രസ്താവിച്ചത്. ഇബ്‌നു അബ്ബാസും ഒരു പ്രസ്താവനയില്‍ ഇതിനെ പിന്തുണച്ചിട്ടുണ്ട്. ഖതാദയും മുഖാതിലും പ്രസ്താവിച്ചത് ഇതു മദനിയാണെന്നത്രേ. ഇതിനെ പിന്തുണക്കുന്ന ഒരഭിപ്രായവും ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതു മദനിയാണെന്നതിനു തെളിവായി ഉന്നയിക്കപ്പെടുന്നത് അബൂസഈദില്‍ ഖുദ്‌രിN38യില്‍നിന്ന് അബൂഹാതിം ഉദ്ധരിച്ച ഈ നിവേദനമാണ്: ” فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَه എന്ന സൂക്തം അവതരിച്ചപ്പോള്‍ ഞാന്‍ റസൂല്‍(സ)തിരുമേനിയോട് ചോദിച്ചു: ‘ഞാന്‍ എന്റെ കര്‍മങ്ങള്‍ കാണുമെന്നോ?’ തിരുമേനി: ‘അതെ.’ ഞാന്‍: ‘ഈ മഹാപാപങ്ങള്‍?’ തിരുമേനി: ‘അതെ.’ ഞാന്‍: ‘ഈ ചെറിയ ചെറിയ കുറ്റങ്ങളും?’ തിരുമേനി: ‘അതെ.’ ഞാന്‍: ‘എങ്കില്‍ ഞാന്‍ നശിച്ചതുതന്നെ.’ തിരുമേനി: ‘സന്തോഷിച്ചുകൊള്ളുക അബൂസഈദ്, എന്തുകൊണ്ടെന്നാല്‍ ഓരോ നന്മയും അതുപോലുള്ള പത്തു നന്മകള്‍ക്കു തുല്യമായിരിക്കും.” ഈ സൂറ മദനിയായിരിക്കുന്നതിന് ഈ ഹദീസ് തെളിവാകുന്നത്, അബൂസഈദ് മദീനാവാസിയായിരുന്നു എന്നതുകൊണ്ടും ഉഹുദ്‌യുദ്ധത്തിനുശേഷമാണ് അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായത് എന്നതുകൊണ്ടുമാകുന്നു. അതുകൊണ്ട് അബൂസഈദി(റ)ന്റെ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നതുപോലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഈ സൂറ അവതരിച്ചതെങ്കില്‍ അത് മദനിതന്നെയായിരിക്കണം. പക്ഷേ, സൂറകളുടെയും സൂക്തങ്ങളുടെയും അവതരണപശ്ചാത്തലത്തെസ്സംബന്ധിച്ചിടത്തോളം സ്വഹാബത്തും താബിഇകളും അവലംബിച്ചിരുന്ന രീതിയെസ്സംബന്ധിച്ച് ഇതിനുമുമ്പ് സൂറ അദ്ദഹ്‌റിന്റെ ആമുഖത്തില്‍ നാം വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, ഒരു സ്വഹാബി ഇന്ന സൂക്തം ഇന്ന സംഭവത്തില്‍ അവതരിച്ചതാണെന്ന് പറയുന്നത്, ആ സൂക്തം ആ സമയത്തുതന്നെ അവതരിച്ചതാണെന്നതിനുള്ള ഖണ്ഡിതമായ തെളിവാകുന്നില്ല. ഒരുപക്ഷേ, അബൂസഈദിന് തന്റേടമുറച്ച ശേഷം ആദ്യമായി തിരുവായില്‍നിന്ന് ഈ സൂറ കേട്ടപ്പോള്‍ അതിന്റെ അവസാന സൂക്തത്തില്‍ സംഭീതനായി അദ്ദേഹം തിരുമേനിയോട് മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുകയും ആ സംഭവത്തെ, ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍, ഞാന്‍ നബി(സ)യോട് ഇപ്രകാരം ചോദിച്ചു എന്നു പരാമര്‍ശിക്കുകയും ചെയ്തതുമാവാം. ഈ നിവേദനം കാണുന്നില്ലെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിവായിക്കുന്ന ഏതൊരാള്‍ക്കും ഇത് മക്കിയാണെന്നേ തോന്നൂ; മക്കയില്‍ത്തന്നെ, വളരെ സംക്ഷിപ്തവും മനസ്സില്‍ തറഞ്ഞുകയറുന്നതുമായ ശൈലിയില്‍ ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങള്‍ ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ടിരുന്ന ആദ്യകാലത്തും.

മനുഷ്യന്റെ മരണാനന്തര ജീവിതവും, അതില്‍ അവന്‍ ഭൗതികജീവിതത്തില്‍ അനുഷ്ഠിച്ച കര്‍മങ്ങളാസകലം ഹാജരാക്കപ്പെടുന്നതുമാണ് സൂറയുടെ ഉള്ളടക്കം. ആദ്യമായി മൂന്നു കൊച്ചു വാക്യങ്ങളിലായി, മരണാനന്തര ജീവിതം എവ്വിധമാണ് നിലവില്‍വരുകയെന്നും മനുഷ്യനെ സംബന്ധിച്ചിടത്തോളം അതെന്തുമാത്രം സംഭ്രമകരമായിരിക്കുമെന്നും വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്ന് രണ്ടു വാക്യങ്ങളിലായി പറയുന്നു: മനുഷ്യന്‍ നിശ്ചിന്തനായി തോന്നുന്നതൊക്കെ പ്രവര്‍ത്തിച്ച ഈ ഭൂമി, എന്നെങ്കിലുമൊരു നാള്‍ തന്റെ കര്‍മങ്ങള്‍ക്കെല്ലാം സാക്ഷിപറയുമെന്ന് അവന്‍ സ്വപ്‌നേപി വിചാരിച്ചിട്ടില്ലാത്ത ഈ നിര്‍ജീവ വസ്തു അന്നേ ദിവസം അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് സംസാരിച്ചു തുടങ്ങും. ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്‍ എപ്പോള്‍ എന്തെല്ലാം ചെയ്തുവെന്നും അത് പറയും. അന്ന് ഭൂമിയുടെ മുക്കുമൂലകളില്‍നിന്ന് മനുഷ്യന്‍ സ്വകര്‍മങ്ങള്‍ കാണുന്നതിനുവേണ്ടി കൂട്ടംകൂട്ടമായി തങ്ങളുടെ നിദ്രാസ്ഥാനങ്ങളില്‍നിന്ന് ഉണര്‍ന്നെണീറ്റ് വരുമെന്നാണ് പിന്നെ പറയുന്നത്. കര്‍മങ്ങളുടെ ഈ പ്രദര്‍ശനം സമ്പൂര്‍ണവും വിശദവുമായിരിക്കും. അണുഅളവ് നന്മയോ തിന്മയോ കണ്ണില്‍പ്പെടാതെ പോവില്ല.

إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا﴿١﴾ وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا﴿٢﴾ وَقَالَ ٱلْإِنسَٰنُ مَا لَهَا﴿٣﴾ يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا﴿٤﴾ بِأَنَّ رَبَّكَ أَوْحَىٰ لَهَا﴿٥﴾ يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَٰلَهُمْ﴿٦﴾ فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ﴿٨﴾


(1-8) ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍,1 ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറം തള്ളുമ്പോള്‍,2 അതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍,3 അന്നാളില്‍ അത്, അതിന്റെ (പൂര്‍വ)കഥകള്‍ വിവരിക്കുന്നതാകുന്നു.4 എന്തുകൊണ്ടെന്നാല്‍, നിന്റെ നാഥന്‍ അതിനോട് (അങ്ങനെ ചെയ്യണമെന്ന്) കല്‍പിച്ചിരിക്കും. അന്നാളില്‍ ജനം വിവിധ അവസ്ഥകളിലായി പുറപ്പെട്ടുവരുന്നതാകുന്നു5 –അവരുടെ കര്‍മങ്ങള്‍ കാണുന്നതിനു വേണ്ടി.6 അണുഅളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും7

1. زُلْزِلَتِ الأرْضُ زِلْزَالهَا എന്നാണ് മൂലവാക്യം. അതിശക്തിയോടെ തുടര്‍ച്ചയായുള്ള ഇളക്കം എന്നാണ് زِلزَال എന്നതിനര്‍ഥം. അതുകൊണ്ട് زُلْزِلَتِ الأرْضُ എന്നതിന്റെ ആശയം ഭൂമി അതിശക്തമായി കിടുകിടെ വിറപ്പിക്കപ്പെടുക എന്നാകുന്നു. ഭൂമി വിറപ്പിക്കപ്പെടുക എന്ന പ്രയോഗത്തില്‍നിന്ന്, പ്രകമ്പനമുണ്ടാവുക ഭൂമിയുടെ ഏതെങ്കിലും പ്രദേശത്തല്ല, ഭൂമിയാസകലമായിരിക്കുമെന്ന ആശയം സ്വയം വ്യക്തമാകുന്നു. ആ ഭൂകമ്പത്തിന്റെ വര്‍ധിച്ച രൗദ്രത വ്യക്തമാകുന്നതിനുവേണ്ടി زِلْزَالهَا (അതിന്റെ പ്രകമ്പനം) എന്ന് അതിനോട് ചേര്‍ത്തുപറഞ്ഞിരിക്കുന്നു. അതുപോലൊരു ഗോളം പ്രകമ്പനം കൊള്ളേണ്ട വിധത്തിലുള്ള പ്രകമ്പനം, അല്ലെങ്കില്‍ അതിന്റെ പരമാവധി ശക്തിയോടെയുള്ള പ്രകമ്പനം എന്നാണതിന്റെ താല്‍പര്യം. ചില വ്യാഖ്യാതാക്കള്‍ ഈ പ്രകമ്പനം അന്ത്യനാളിന് നാന്ദികുറിക്കുന്ന പ്രഥമ പ്രകമ്പനമാണെന്നഭിപ്രായപ്പെട്ടിരിക്കുന്നു. അതോടെ സകല സൃഷ്ടികളും നശിച്ചുപോകും. ഭൗതികലോകത്തിന്റെ നിലവിലുള്ള ഘടനയാകെ താറുമാറാവുകയും ചെയ്യും. എന്നാല്‍, അന്ത്യനാളിന്റെ രണ്ടാം ദശയുടെ ആരംഭമായ പ്രകമ്പനമാണിതെന്നാണ് വലിയൊരു സംഘം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വീക്ഷണം. ഈ പ്രകമ്പനത്തോടെ ആദിമരും അന്തിമരുമായ സകല മനുഷ്യരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഈ ദ്വിതീയ വ്യാഖ്യാനമാണ് കൂടുതല്‍ പ്രബലമായത്. എന്തുകൊണ്ടെന്നാല്‍, തുടര്‍ന്നുള്ള പ്രസ്താവനകളെല്ലാം അതിനെയാണ് സൂചിപ്പിക്കുന്നത്.

2. സൂറ അല്‍ഇന്‍ശിഖാഖില്‍ وَألْقَتْ مَافِيهَا وَتَخَلَّتْ (അതിനകത്തുള്ളതു പുറംതള്ളുകയും അത് കാലിയായിത്തീരുകയും ചെയ്യും) എന്ന വാക്യത്തില്‍ പറഞ്ഞ കാര്യംതന്നെയാണിത്. അതിന് പല ആശയങ്ങളുണ്ട്. ഒന്ന്: ഭൂമിയിലെവിടെയും ഏതുരൂപത്തിലും അവസ്ഥയിലും കിടക്കുന്ന മരിച്ചുപോയ മനുഷ്യരെയെല്ലാം അതു പുറത്തേക്കെറിയും. ശേഷമുള്ള വാക്യം കുറിക്കുന്നത് ഈ ആശയത്തെയാകുന്നു: അന്ന് അവരുടെ ജഡത്തിന്റെ ചിന്നിച്ചിതറിപ്പോയ എല്ലാ അംഗങ്ങളും ഒരുമിച്ചുകൂട്ടി, നേരത്തേ ഭൗതികജീവിതത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലും രൂപത്തിലുംതന്നെ ആമൂലാഗ്രം സൃഷ്ടിച്ചു ജീവിപ്പിക്കും. അപ്രകാരം സംഭവിക്കുന്നില്ലെങ്കില്‍, ഭൂമിക്ക് എന്തുപറ്റിപ്പോയി എന്നു പറയാന്‍ അവര്‍ക്കു കഴിയുകയില്ലല്ലോ. രണ്ട്: മരിച്ചുപോയ മനുഷ്യരെ മാത്രമല്ല അത് പുറത്തേക്കു തള്ളുക. അതിന്റെ അടുക്കുകളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന അവരുടെ കര്‍മങ്ങളുടെയും വാക്കുകളുടെയും അടക്കങ്ങളുടെയും അനക്കങ്ങളുടെയും സാക്ഷ്യങ്ങളെയും അത് വെളിയിലേക്കു തള്ളും; ‘അന്ന് ഭൂമി അതിന്റെ കഴിഞ്ഞുപോയ സ്ഥിതിഗതികള്‍ സംസാരിക്കും’ എന്ന അനന്തരവാക്യം അതാണ് സൂചിപ്പിക്കുന്നത്. ചില വ്യാഖ്യാതാക്കള്‍ മൂന്നാമതൊരു ആശയം ഇങ്ങനെയും കല്‍പിച്ചിരിക്കുന്നു: സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ തുടങ്ങി ഭൂഗര്‍ഭത്തിലുള്ള സകലവിധ സമ്പത്തും അത് കുന്നുകുന്നായി പുറത്തേക്കു തള്ളും. മനുഷ്യന്‍ അത് കാണുമ്പോള്‍ ഓര്‍ത്തുപോകും: ഈ വസ്തുക്കള്‍ക്കു വേണ്ടിയാണല്ലോ ഭൗതിക ലോകത്ത് താന്‍ ജീവന്‍കളഞ്ഞിരുന്നത്! അതിനുവേണ്ടി താന്‍ സഹോദരനെ കൊന്നു. അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നു. കളവും കവര്‍ച്ചയും നടത്തി. ക്ഷാമത്തിലും ക്ഷേമത്തിലും കൊള്ളയടിച്ചു. രണാങ്കണങ്ങള്‍ സൃഷ്ടിച്ചു. സമുദായങ്ങളെ നശിപ്പിച്ചു. ഇന്നിതാ അതൊക്കെ കണ്‍മുമ്പില്‍ കുന്നുകൂടിക്കിടക്കുന്നു. അതുകൊണ്ട് തനിക്കൊരു പ്രയോജനവുമില്ല. പ്രത്യുത, താന്‍ ആര്‍ജിച്ച ആ വിഭവങ്ങളെല്ലാം തനിക്കിപ്പോള്‍ ദണ്ഡനോപാധികളായിത്തീര്‍ന്നിരിക്കുകയാണ്.

3. മനുഷ്യന്‍ എന്നതുകൊണ്ടു വിവക്ഷ, എല്ലാ മനുഷ്യരും ആകാം. കാരണം, പുനര്‍ജീവിച്ച് ബോധമുണരുമ്പോള്‍ ഓരോ വ്യക്തിയിലും ആദ്യമുണ്ടാകുന്ന പ്രതികരണം എന്താണീ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന അമ്പരപ്പായിരിക്കും. പിന്നീട്, ഇത് വിചാരണാദിനമാണെന്ന് അവന്ന് ബോധ്യമാകുന്നു. മനുഷ്യന്‍ എന്നതുകൊണ്ടുദ്ദേശിച്ചത് പരലോകനിഷേധിയായ മനുഷ്യന്‍ എന്നും ആകാവുന്നതാണ്. കാരണം, താന്‍ അസംഭവ്യമെന്നു കരുതിയിരുന്ന കാര്യങ്ങളാണ് അവന്റെ മുമ്പില്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. അതിലവന്‍ പരിഭ്രാന്തനാകും. എന്നാല്‍, വിശ്വാസികള്‍ക്ക് ഈ ഭയവും വിഭ്രാന്തിയും ഉണ്ടാകുന്നതല്ല. കാരണം, ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം അവന്റെ വിശ്വാസത്തിനും അറിവിനും അനുസൃതമായതുതന്നെയാണല്ലോ. ഈ രണ്ടാമത്തെ അര്‍ഥത്തെ സൂറ യാസീനിലെ 52-ആം സൂക്തം ഒരളവോളം ബലപ്പെടുത്തുന്നുണ്ട്. مَنْ بَعَثَنَا مِنْ مَرْقَدِنَا (ആരാണ് ഞങ്ങളുടെ നിദ്രാസ്ഥാനങ്ങളില്‍നിന്ന് ഞങ്ങളെ എഴുന്നേല്‍പിച്ചത്) എന്ന് പരലോകനിഷേധികള്‍ സംഭ്രമം കൂറുമെന്ന് അതില്‍ പറയുന്നുണ്ടല്ലോ. قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ (ഇതുതന്നെയാണ് കരുണാമയനായ ദൈവം വാഗ്ദാനം ചെയ്തത്, ദൈവദൂതന്മാര്‍ പറഞ്ഞത് സത്യംതന്നെയായിരുന്നു) എന്ന് അതിന് മറുപടി ലഭിക്കുകയും ചെയ്യും. കാഫിറുകള്‍ക്ക് ഈ മറുപടി നല്‍കുന്നത് സത്യവിശ്വാസികള്‍തന്നെയായിരിക്കുമെന്ന കാര്യം ഈ സൂക്തത്തില്‍നിന്ന് അസന്ദിഗ്ധമായി തെളിയുന്നില്ല. സൂക്തത്തില്‍ അങ്ങനെ ഖണ്ഡിതമായി പ്രസ്താവിക്കുന്നില്ലല്ലോ. എങ്കിലും, വിശ്വാസികളുടെ ഭാഗത്തുനിന്ന് അവര്‍ക്ക് ഇപ്രകാരം മറുപടി ലഭിക്കാനുള്ള സാധ്യത തീര്‍ച്ചയായും ഉണ്ട്.

4. അന്ത്യനാളില്‍ ഭൂമി, അതിന്റെമീതെ കഴിഞ്ഞുപോയ സകല സംഭവങ്ങളും സംസാരിക്കുക എന്ന ആശയം പൂര്‍വികമനുഷ്യന്ന് വലിയ അദ്ഭുതമായിത്തോന്നിയിരിക്കാം, ഭൂമിയെങ്ങനെയാണ് സംസാരിക്കുക, എന്ന്. പക്ഷേ, ഭൗതികശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളായ സിനിമ, ലൗഡ്‌സ്പീക്കര്‍, ടി.വി, ടേപ്‌റെക്കോഡര്‍ തുടങ്ങിയ അതിനൂതന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സര്‍വസാധാരണമായ ഈ ആധുനികയുഗത്തില്‍ ഭൂമി എങ്ങനെയാണതിന്റെ കഥകള്‍ പറയുക എന്ന് മനസ്സിലാക്കാന്‍ അല്‍പംപോലും പ്രയാസമില്ലാതായിരിക്കുന്നു. മനുഷ്യന്‍ തന്റെ നാവുകൊണ്ട് ഉച്ചരിക്കുന്നതെല്ലാം ചിത്രീകൃതമാകുന്നുണ്ട്; റേഡിയോ വേവുകളില്‍, വീട്ടുചുമരുകളില്‍, അതിലെ വിരുപ്പുകളില്‍, മേല്‍ക്കൂരയുടെ കണികകളില്‍ എല്ലാം. പെരുവഴികളില്‍, വയലേലകളില്‍, മൈതാനങ്ങളില്‍ എവിടെവെച്ച് സംസാരിച്ചാലും അതെല്ലാം അണുക്കളില്‍ സ്ഥാപിതമാകുന്നു. അല്ലാഹു നിശ്ചയിക്കുന്ന ഏതു സമയത്തും ആ ശബ്ദങ്ങളെയെല്ലാം, മനുഷ്യന്‍ ഒരിക്കല്‍ തന്റെ നാവുകൊണ്ടുച്ചരിച്ച അതേ രൂപത്തില്‍ ആവര്‍ത്തിപ്പിക്കാന്‍ കഴിയും. അപ്പോള്‍ മനുഷ്യന്ന് അവന്റെ സ്വന്തം ശബ്ദം കേള്‍ക്കാറാകുന്നു. ആ മനുഷ്യന്‍ കേട്ടുകൊണ്ടിരിക്കുന്നത് അയാളുടെത്തന്നെ ശബ്ദവും സ്വരഭേദവുമാണെന്ന് എല്ലാവരും തിരിച്ചറിയുകയും ചെയ്യുന്നു. കൂടാതെ, മനുഷ്യന്‍ ഈ ഭൂമിയില്‍ എവിടെ, ഏതവസ്ഥയില്‍, എന്തു പ്രവര്‍ത്തിച്ചിട്ടുണ്ടോ അവയോരോന്നും അവന്നു ചുറ്റുമുള്ള സകല വസ്തുക്കളിലും പ്രതിബിംബിക്കുകയും ചിത്രീകൃതമാവുകയും ചെയ്തിട്ടുണ്ട്. അവന്‍ തികഞ്ഞ ഘനാന്ധകാരത്തിലാണ്ട് വല്ലതും ചെയ്‌തെങ്കില്‍ പോലും, ദൈവിക പ്രപഞ്ചത്തില്‍ ഇരുട്ടിനെയും വെളിച്ചത്തെയും നിരര്‍ഥകമാക്കുന്ന ചില സവിശേഷ കിരണങ്ങളിരിക്കുന്നു. അവക്ക് ഏതവസ്ഥയിലും അവന്റെ ചിത്രമെടുക്കാന്‍ കഴിയും. ഈ ചിത്രങ്ങളെല്ലാം ഒരു സിനിമപോലെ അവന്റെ മുന്നില്‍ തെളിയും. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവന്‍ എവിടെ എന്തുചെയ്യുകയായിരുന്നുവെന്ന് സ്വയം കാണുകയും ചെയ്യും. ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ അല്ലാഹുവിന് നേരിട്ടറിയാം എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും, പരലോകത്ത് അവന്റെ കോടതി സ്ഥാപിതമാകുമ്പോള്‍ ആരെയും ശിക്ഷിക്കുന്നത് നീതിയുടെ എല്ലാ താല്‍പര്യങ്ങളും പൂര്‍ത്തീകരിച്ചുകൊണ്ടായിരിക്കും. അവന്റെ കോടതിയില്‍ ഓരോ കുറ്റവാളിക്കെതിരിലും കേസെടുക്കുമ്പോള്‍ അവന്‍ കുറ്റവാളിയാണെന്നതിനു ഒരു തര്‍ക്കത്തിനും പഴുതില്ലാത്ത വിധം തികഞ്ഞ സാക്ഷ്യങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നു.

5. ഇതിനു രണ്ടര്‍ഥങ്ങളുണ്ടാവാം. ഒന്ന്: ഓരോ വ്യക്തിയും ഒറ്റപ്പെട്ട നിലയിലായിരിക്കും. കുടുംബവും കൂട്ടവും പാര്‍ട്ടിയും സമുദായവുമൊക്കെ ചിതറിപ്പോയിരിക്കും. ഇത് ഖുര്‍ആനില്‍ മറ്റിടങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, അല്‍അന്‍ആം 94-ആം സൂക്തത്തില്‍ അരുളുന്നു: ”നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപ്പോഴെന്നവണ്ണം ഒറ്റപ്പെട്ടവരായി നിങ്ങള്‍ നമ്മുടെ സന്നിധിയില്‍ ഹാജരാകും.” സൂറ മര്‍യം 80-ആം സൂക്തത്തില്‍ അരുള്‍ ചെയ്തു: ”തനിച്ച് നമ്മുടെ സന്നിധിയില്‍ വന്നുചേരും.” അതേ സൂറ 95-ആം സൂക്തത്തില്‍ പറയുന്നു: ”അവരിലോരോരുത്തനും അന്ത്യനാളില്‍ ഒറ്റക്കൊറ്റക്ക് അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകും.” മറ്റൊരര്‍ഥം ഇങ്ങനെയുമാകാം: സഹസ്രാബ്ദങ്ങളായി അവിടവിടെയായി മരിച്ചുപോയിട്ടുള്ള സകല മനുഷ്യരും ഭൂമിയുടെ മുക്കുമൂലകളില്‍നിന്ന് പറ്റംപറ്റമായി നടന്നുവരും. ഇതേ ആശയത്തില്‍ സൂറ അന്നബഅ് 18-ആം സൂക്തത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: ”കാഹളം ഊതപ്പെടുംനാളില്‍ നിങ്ങള്‍ പറ്റംപറ്റമായി വന്നുചേരും.” ഇവ കൂടാതെ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ള മറ്റര്‍ഥങ്ങള്‍ക്കൊന്നും أَشْتَاتًا എന്ന പദത്തില്‍ പഴുതില്ല. അതുകൊണ്ട് അത്തരം അര്‍ഥങ്ങള്‍ നമ്മുടെ ദൃഷ്ടിയില്‍ ഈ പദത്തിന്റെ അര്‍ഥപരിധിക്കപ്പുറമുള്ളതാണ്; അവ സ്വന്തം നിലക്ക് സാധുവും, ഖുര്‍ആനും ഹദീസും വിവരിച്ചിട്ടുള്ള അന്ത്യനാളിന്റെ അവസ്ഥകളോട് യോജിക്കുന്നതുമാണെങ്കിലും.

6. ഇതിനു രണ്ടര്‍ഥമാവാം. ഒന്ന്: അവരുടെ കര്‍മങ്ങള്‍ അവര്‍ക്കു കാട്ടിക്കൊടുക്കും. അതായത്, ഓരോരുത്തരേയും ഭൗതിക ജീവിതത്തില്‍ ഏതെല്ലാം പ്രവര്‍ത്തിച്ചിട്ടാണവര്‍ വന്നിട്ടുള്ളതെന്ന് ബോധ്യപ്പെടുത്തും. രണ്ട്: അവര്‍ക്ക് അവരുടെ കര്‍മഫലങ്ങള്‍ കാട്ടിക്കൊടുക്കും. ഈ രണ്ടാമത്തെ അര്‍ഥകല്‍പനയും لِيُرَوا أعْمَالَهُمْ എന്ന വാക്യത്തിന് ശരിയാകുമെങ്കിലും അല്ലാഹു പറഞ്ഞത് لِيُرَوْ أجْزَاءَ أعْمَالِهِمْ (അവരുടെ കര്‍മങ്ങളുടെ പ്രതിഫലം കാണിക്കപ്പെടാന്‍) എന്നല്ല; അവരുടെ കര്‍മങ്ങള്‍ കാണിക്കപ്പെടാന്‍ എന്നാണ്. അതിന് ഒന്നാമത്തെ അര്‍ഥംതന്നെയാണ് മുന്‍ഗണനയര്‍ഹിക്കുന്നത്– വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും, കാഫിറുകള്‍ക്കും മുഅ്മിനുകള്‍ക്കും സദ്‌വൃത്തന്നും ദുര്‍വൃത്തന്നും ആജ്ഞാനുവര്‍ത്തിക്കും ധിക്കാരിക്കുമെല്ലാം അവരുടെ കര്‍മപുസ്തകങ്ങള്‍ കൊടുക്കും എന്നു പ്രസ്താവിച്ചിട്ടുള്ളതിനാല്‍ വിശേഷിച്ചും. (ഉദാഹരണമായി, സൂറ അല്‍ഹാഖ , അല്‍ഇന്‍ശിഖാഖ് എന്നീ സൂക്തങ്ങള്‍ നോക്കുക). ഒരുവന്ന് അവന്റെ കര്‍മങ്ങള്‍ കാണിച്ചുകൊടുക്കുന്നതും അവന്റെ കര്‍മപുസ്തകം ഏല്‍പിച്ചുകൊടുക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ലല്ലോ. അതിനുപുറമേ, ഭൂമി അതിനു മീതെ നടന്ന സംഭവങ്ങളെല്ലാം സമര്‍പ്പിക്കുമ്പോള്‍ ആദിമുതല്‍ അന്ത്യനാള്‍ വരെ നടന്നുവരുന്ന സത്യാസത്യ സംഘട്ടനത്തിന്റെ സമ്പൂര്‍ണ ചിത്രവും എല്ലാവരുടെയും മുന്നില്‍ തെളിഞ്ഞുവരും. സത്യത്തിനുവേണ്ടി നിലകൊണ്ടവര്‍ ചെയ്തിരുന്നതെന്താണെന്നും അതിനെതിരില്‍ മിഥ്യയെ പിന്തുണച്ചിരുന്നവരുടെ ചെയ്തികളെന്തൊക്കെയായിരുന്നുവെന്നും സകലര്‍ക്കും കാണാന്‍ കഴിയും. സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുന്നവരുടെയും ദുര്‍മാര്‍ഗം പ്രചരിപ്പിക്കുന്നവരുടെയും പ്രസംഗങ്ങളും സംവാദങ്ങളുമെല്ലാം ആളുകള്‍ സ്വന്തം ചെവികള്‍കൊണ്ട് കേട്ടുകൂടായ്കയില്ല. രണ്ടു പക്ഷത്തിന്റെയും പ്രഭാഷണങ്ങളുടെയും സാഹിത്യങ്ങളുടെയും രേഖകള്‍ മുഴുക്കെ അതേപടി സര്‍വരുടെയും സമക്ഷം നിരത്തിവെയ്ക്കപ്പെടും–സത്യവാദികളുടെ നേരെ അസത്യവാദികള്‍ നടത്തുന്ന അതിക്രമങ്ങളുടെയും ഇരുകൂട്ടര്‍ക്കുമിടയില്‍ നടക്കുന്ന സംഘട്ടനങ്ങളുടെയും സകലമാന ദൃശ്യങ്ങളും വിചാരണാ മൈതാന വാസികളാകമാനം നേരില്‍ കാണാന്‍.

7. ഈ വാക്യത്തിന്റെ ഒരു സാധാരണ അര്‍ഥമിതാണ്– ഇത് തികച്ചും സാധുവുമാണ്: മനുഷ്യന്റെ നന്മയില്‍നിന്നോ തിന്മയില്‍നിന്നോ ഒരണുമണിത്തൂക്കം പോലും അവന്റെ കര്‍മപുസ്തകത്തില്‍ ചേര്‍ക്കപ്പെടാതെ ഒഴിഞ്ഞുപോവുകയില്ല. അവന്റെ കര്‍മങ്ങളെല്ലാം ഏതു നിലക്കും അവന്‍ കണ്ടെത്തുന്നതാണ്. പക്ഷേ, കാണുക എന്നതുകൊണ്ടുദ്ദേശ്യം അതിന്റെ രക്ഷാശിക്ഷകള്‍ കാണുക എന്നാണെന്നു വെയ്ക്കുകയാണെങ്കില്‍ അതിനെ ഇപ്രകാരം വ്യാഖ്യാനിക്കുന്നത് അബദ്ധമാകുന്നു. പരലോകത്ത് ഓരോരോ നിസ്സാര നന്‍മക്കും പ്രതിഫലവും അതിനിസ്സാരമായ ഓരോ തിന്‍മക്കും ശിക്ഷയും ഓരോരുത്തരും കണ്ടെത്തും; അവരവരുടെ ഏതു നന്മയുടെയും രക്ഷയും ഏതു തിന്‍മയുടെയും ശിക്ഷയും അനുഭവിക്കാതെ അവിടെ ആരും രക്ഷപ്പെടില്ല. ഒന്നാമതായി, അതിനര്‍ഥമിതായിരിക്കും: ഓരോരോ ദുഷ്‌കര്‍മത്തിന്റെയും ശിക്ഷയും ഓരോരോ സല്‍ക്കര്‍മത്തിന്റെയും രക്ഷയും വേറെവേറെയായിട്ടാണ് നല്‍കപ്പെടുക. രണ്ടാമതായി അതിന് ഇങ്ങനെയും അര്‍ഥമുണ്ടാകുന്നു: ഒരു മഹാ സുകൃതിയായ സത്യവിശ്വാസിപോലും അദ്ദേഹത്തിന്റെ അതിനിസ്സാരമായ കുറ്റത്തിന്റെ ശിക്ഷയനുഭവിക്കാതെ രക്ഷപ്പെടുകയില്ല; അതിദുഷ്ടനും സത്യനിഷേധിയും അക്രമിയും ദുര്‍വൃത്തനുമായ ഒരാള്‍പോലും അയാളുടെ ഏതെങ്കിലും നിസ്സാരമായ നന്മയുടെ പ്രതിഫലം നേടാതെപോവുകയുമില്ല. ഈ രണ്ടാശയങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും പ്രമാണങ്ങള്‍ക്കു വിരുദ്ധമാകുന്നു. ഇത് നീതിയുടെ താല്‍പര്യമാണെന്ന് ബുദ്ധിയും അംഗീകരിക്കുന്നില്ല. ബുദ്ധിപരമായി ചിന്തിച്ചുനോക്കുക: നിങ്ങളുടെ ഒരു ദാസന്‍ തികഞ്ഞ കൂറും സേവന സന്നദ്ധതയുമുള്ളവനായാലും നിങ്ങള്‍ അയാളുടെ അതിനിസ്സാരമായ വീഴ്ചപോലും പൊറുത്തുകൊടുത്തുകൂടെന്നും അയാളുടെ ഓരോ സേവനത്തിനും പ്രതിഫലവും സമ്മാനവും നല്‍കുന്നതോടൊപ്പംതന്നെ വീഴ്ചകളോരോന്നും എണ്ണിത്തിട്ടപ്പെടുത്തി ഓരോന്നിനും ശിക്ഷകൂടി നല്‍കിയേ പറ്റൂ എന്നുമുള്ള ആശയം എങ്ങനെയാണ് ഉള്‍ക്കൊള്ളാനാവുക? അതേപ്രകാരം, നിങ്ങള്‍ എണ്ണമറ്റ ഔദാര്യങ്ങള്‍ ചെയ്ത് പോറ്റിവളര്‍ത്തിയ ഒരാള്‍, അയാള്‍ നിങ്ങളോട് വഞ്ചനയും കൂറില്ലായ്മയും കാണിക്കുന്നു. നിങ്ങളുടെ ഔദാര്യങ്ങളോട് എപ്പോഴും കൃതഘ്‌നതയോടെ മാത്രം പ്രതികരിക്കുന്നു. ഇങ്ങനെയുള്ള ഒരുവന്റെ മൊത്തം നിലപാട് അവഗണിച്ചുകൊണ്ട് അയാളുടെ ഓരോ കുറ്റത്തിനും വേറെവേറെ ശിക്ഷയും അയാളുടെ ഓരോ സേവനത്തിനും– അത് വല്ലപ്പോഴും നിങ്ങള്‍ക്ക് വെള്ളം കൊണ്ടുവന്നുതന്നതോ പങ്ക വീശിത്തന്നതോ മാത്രമായിരുന്നാല്‍പോലും–വേറെവേറെ പ്രതിഫലവും നല്‍കുക എന്നതും മനസ്സിലാക്കാനാവാത്ത കാര്യമാണ്. ഇവിടെയാകട്ടെ, ഖുര്‍ആനും ഹദീസും വിശ്വാസി, കപടന്‍, സത്യനിഷേധി, സച്ചരിതനായ വിശ്വാസി, കുറ്റവാളിയായ വിശ്വാസി, അക്രമിയായ വിശ്വാസി, തെമ്മാടി, വെറും അവിശ്വാസി, നാശകാരിയും ദുഷ്ടനുമായ അവിശ്വാസി എന്നിങ്ങനെ വിവിധതരം ആളുകള്‍ക്കുള്ള രക്ഷാശിക്ഷകളുടെ വിശദമായ നിയമം പറയുകയാണ്. ഈ രക്ഷാശിക്ഷകള്‍ ഇഹലോകം മുതല്‍ പരലോകം വരെ മനുഷ്യ ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാകുന്നു. ഇവ്വിഷയകമായി വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്. ഒന്ന്: സത്യനിഷേധിയുടെയും ബഹുദൈവാരാധകന്റെയും കപടവിശ്വാസിയുടെയും കര്‍മങ്ങള്‍ (നന്മയെന്ന് കരുതപ്പെടുന്ന കര്‍മങ്ങള്‍) പാഴായിപ്പോകുന്നതാണ്. പരലോകത്ത് അവര്‍ക്കതിനു പ്രതിഫലം ലഭിക്കുകയില്ല. അതിനു വല്ല പ്രതിഫലവുമുണ്ടെങ്കില്‍ അത് ഇഹലോകത്തു വെച്ചുതന്നെ അവര്‍ക്കു ലഭിക്കുന്നതാണ്.

വിറപ്പിക്കപ്പെട്ടാല്‍ = إِذَا زُلْزِلَتِ
ഭൂമി = الْأَرْضُ
അതിന്റെ വിറപ്പിക്കല്‍ = زِلْزَالَهَا
പുറംതള്ളുകയും ചെയ്താല്‍ = وَأَخْرَجَتِ
ഭൂമി = الْأَرْضُ
അതിന്റെ ഭാരങ്ങള്‍ = أَثْقَالَهَا
പറയുകയും ചെയ്താല്‍ = وَقَالَ
മനുഷ്യന്‍ = الْإِنسَانُ
എന്താണ് (എന്ന്) = مَا
അതിന് = لَهَا
അന്നാളില്‍ = يَوْمَئِذٍ
അത് പറഞ്ഞറിയിക്കും = تُحَدِّثُ
അതിന്റെ വിവരങ്ങള്‍ = أَخْبَارَهَا
നിന്റെ നാഥന്‍ ആയതിനാല്‍ = بِأَنَّ رَبَّكَ
അവന്‍ ബോധനം നല്‍കി = أَوْحَىٰ
അതിന് = لَهَا
അന്നാളില്‍ = يَوْمَئِذٍ
പുറപ്പെടും = يَصْدُرُ
ജനം = النَّاسُ
പല സംഘങ്ങളായി = أَشْتَاتًا
അവര്‍ക്ക് കാണിക്കപ്പെടാന്‍ = لِّيُرَوْا
അവരുടെ കര്‍മങ്ങള്‍ = أَعْمَالَهُمْ
അപ്പോള്‍ ആര്‍ = فَمَن
പ്രവര്‍ത്തിച്ചിട്ടുണ്ടോ? = يَعْمَلْ
തൂക്കം = مِثْقَالَ
അണുവിന്റെ = ذَرَّةٍ
നന്മ = خَيْرًا
അവന്‍ അത് കാണും = يَرَهُ
ആര്‍ = وَمَن
ചെയ്തിട്ടുണ്ടോ = يَعْمَلْ
തൂക്കം = مِثْقَالَ
അണുവിന്റെ = ذَرَّةٍ
തിന്മ = شَرًّا
അവന്‍ അതും കാണും = يَرَهُ

Add comment

Your email address will not be published. Required fields are marked *