അല്‍ ആദിയാത്‌ – സൂക്തങ്ങള്‍: 1-11

പ്രഥമ പദമായ العَادِيَات ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഇത് മക്കിയാണെന്നും മദനിയാണെന്നും തര്‍ക്കമുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്, ജാബിര്‍, ഇക്‌രിമ, ഹസന്‍ ബസ്വരി, അത്വാഅ് തുടങ്ങിയവര്‍ ഇത് മക്കീ സൂറയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. അനസുബ്‌നു മാലികും ഖതാദയും പറയുന്നത് മദനിയാണെന്നത്രേ. ഇബ്‌നു അബ്ബാസില്‍നിന്നാവട്ടെ രണ്ടഭിപ്രായവും ഉദ്ധരിക്കപ്പെടുന്നുണ്ട്; മക്കിയാണെന്നും മദനിയാണെന്നും. എന്നാല്‍, സൂറയുടെ പ്രതിപാദന ശൈലിയില്‍നിന്നും വ്യക്തമാകുന്നത് ഇത് മക്കിയാണെന്ന് മാത്രമല്ല, മക്കയില്‍ത്തന്നെ പ്രവാചകന്റെ ആദ്യനാളുകളില വതരിച്ചതാണെന്നാകുന്നു.

പരലോകത്തെ നിഷേധിക്കുകയോ അശ്രദ്ധമായി അവഗണിക്കുകയോ ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ ധാര്‍മികമായി എന്തുമാത്രം അധഃപതിച്ചുപോകുന്നു എന്ന് മനസ്സിലാക്കിത്തരുകയാണ് ഈ സൂറയുടെ ലക്ഷ്യം. അതോടൊപ്പം, പരലോകത്ത് അവരുടെ കര്‍മങ്ങള്‍ മാത്രമല്ല, മനസ്സിലൊളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍പോലും കണിശമായി വിചാരണ ചെയ്യപ്പെടുമെന്ന് ജനങ്ങളെ ഉണര്‍ത്തുകയും ചെയ്യുന്നു. അറേബ്യയില്‍ വ്യാപകമായിവരുന്ന അരക്ഷിതാവസ്ഥയെ ഇവ്വിഷയത്തില്‍ ഒരു തെളിവായി ഉന്നയിച്ചിരിക്കുകയാണ്. നാനാഭാഗത്തും നടമാടിയിരുന്ന സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രയുദ്ധങ്ങളും മൂലം ആ പ്രദേശമാകെ എരിപൊരികൊള്ളുകയായിരുന്നുവല്ലോ. പ്രഭാതത്തില്‍ ഏതെങ്കിലും ശത്രുക്കള്‍ തങ്ങളുടെ ദേശത്തിന്‍മേല്‍ ചാടിവീണേക്കുമോ എന്ന ഉല്‍ക്കണ്ഠ കൂടാതെ ഒരാള്‍ക്കും സമാധാനത്തോടെ രാപാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അറബികള്‍ക്കെല്ലാം അറിയാമായിരുന്നതാണ് ഈ അവസ്ഥ. അതിന്റെ നികൃഷ്ടത അവര്‍ക്കനുഭവപ്പെടുകയും ചെയ്തിരുന്നു. കൊള്ളയടിക്കപ്പെടുന്നവര്‍ അതില്‍ വിലപിക്കുകയും കൊള്ളയടിക്കുന്നവര്‍ ആഹ്ലാദിക്കുകയും ചെയ്തു. എന്നാല്‍, വല്ലപ്പോഴും ദൗര്‍ഭാഗ്യം കൊള്ളയടിക്കുന്നവരെ പിടികൂടിയാല്‍, തങ്ങളകപ്പെട്ടിട്ടുള്ള പരിതോവസ്ഥ എന്തുമാത്രം നികൃഷ്ടമാണെന്ന് അവര്‍ക്കും മനസ്സിലായിരുന്നു. ഈ സ്ഥിതിവിശേഷം സൂചിപ്പിച്ചുകൊണ്ട് പറയുന്നു: മരണാനന്തര ജീവിതത്തെയും അതില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ സമാധാനം ബോധിപ്പിക്കേണ്ടതിനെയും സംബന്ധിച്ച അജ്ഞതയാല്‍ മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ദൈവദത്തമായ കഴിവുകളെ അക്രമമര്‍ദനങ്ങളിലും കൊള്ളകളിലുമാണുപയോഗിക്കുന്നത്. സമ്പത്തിലും സ്ഥാനങ്ങളിലുമുള്ള ആര്‍ത്തിയാല്‍ അന്ധനായി സകല മാര്‍ഗങ്ങളിലൂടെയും അത് വാരിക്കൂട്ടാന്‍ പാടുപെടുകയാണവന്‍. വൃത്തികെട്ടതും പാപപങ്കിലവുമായ ഏതു മാര്‍ഗവും അവലംബിക്കുന്നതില്‍ അവന്ന് ഒരു സങ്കോചവുമില്ല. അവന്റെ ഈ നിലപാടുതന്നെ അവന്‍ തന്റെ രക്ഷിതാവിനാല്‍ നല്‍കപ്പെട്ട കഴിവുകളെ തെറ്റായി ഉപയോഗിച്ച് അവനോട് കൃതഘ്‌നത കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരിക്കല്‍ താന്‍ ശ്മശാനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും, തന്നെ ഈ ലോകത്ത് സകലവിധ ധര്‍മകൃത്യങ്ങള്‍ക്കും പ്രേരിപ്പിച്ചിരുന്ന ആഗ്രഹാഭിലാഷങ്ങള്‍ പോലും അന്നു മനസ്സുകളില്‍നിന്ന് പുറത്തെടുത്ത് മുന്നില്‍ വെക്കപ്പെടുമെന്നും അറിയുകയാണെങ്കില്‍ അവനൊരിക്കലും ഈ നിലപാട് അനുവര്‍ത്തിക്കുകയില്ല. അന്ന് ആര്‍ എന്തു പ്രവര്‍ത്തിച്ചിട്ടാണ് വന്നുചേര്‍ന്നിട്ടുള്ളതെന്നും, ആരോട് എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്നും മനുഷ്യരുടെ നാഥന്ന് നന്നായറിയാം.

وَالْعَادِيَاتِ ضَبْحًا ﴿١﴾ فَالْمُورِيَاتِ قَدْحًا ﴿٢﴾ فَالْمُغِيرَاتِ صُبْحًا ﴿٣﴾ فَأَثَرْنَ بِهِ نَقْعًا ﴿٤﴾ فَوَسَطْنَ بِهِ جَمْعًا ﴿٥﴾ إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ﴿٦﴾ وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ﴿٧﴾ وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴿٨﴾ أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ﴿٩﴾ وَحُصِّلَ مَا فِي الصُّدُورِ ﴿١٠﴾ إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴿١١﴾


(1-11) കിതച്ചുപായുകയും1 അങ്ങനെ(കുളമ്പടികളില്‍നിന്ന്) തീ പറത്തുകയും2 പിന്നെ പുലര്‍വേളയില്‍ കടന്നാക്രമിക്കുകയും3 എന്നിട്ടവിടെ പൊടിപറത്തുകയും അങ്ങനെ ജനക്കൂട്ടത്തിലേക്ക് തള്ളിക്കയറുകയും ചെയ്യുന്ന (കുതിരകള്‍) ആണ, മനുഷ്യന്‍ തന്റെ നാഥനോട് തീരെ നന്ദികെട്ടവന്‍ തന്നെ.4 അവന്‍ സ്വയം അതിന് സാക്ഷിയാകുന്നു.5 പണത്തോടും പ്രതാപത്തോടുമുള്ള അവന്റെ കൊതി അതികഠിനംതന്നെ.6കല്ലറകളില്‍ അടക്കംചെയ്യപ്പെട്ടതൊക്കെയും പുറത്തെറിയപ്പെടുകയും7 മാറുകളില്‍ മറഞ്ഞുകിടക്കുന്നതൊക്കെയും വെളിപ്പെടുത്തി പരിശോധിക്കപ്പെടുകയും ചെയ്യുന്ന8 സന്ദര്‍ഭത്തെക്കുറിച്ച് അവര്‍ അറിയുന്നില്ലെന്നോ. എന്നാല്‍, അന്നാളില്‍ അവരുടെ നാഥന്‍ തീര്‍ച്ചയായും അവരെക്കുറിച്ച് സൂക്ഷ്മമായറിവുള്ളവനാകുന്നു9 .

1. ‘പായുന്നവ’ കൊണ്ടു വിവക്ഷിതം കുതിരകളാണെന്ന് സൂക്തത്തില്‍ തെളിച്ചുപറയുന്നില്ല. وَالْعَادِيَات (കിതച്ചു പായുന്നവയാണ) എന്നേ പറഞ്ഞിട്ടുള്ളൂ. അതിനാല്‍, പായുന്നവ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്താണെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. സ്വഹാബത്തിലും താബിഇകളിലും ഒരു വിഭാഗം അവ കുതിരകള്‍തന്നെയാണെന്ന പക്ഷക്കാരാണ്. ഓടുന്നവകൊണ്ട് വിവക്ഷ, ഒട്ടകങ്ങളാണെന്നത്രേ മറ്റൊരു കൂട്ടരുടെ വാദം. പക്ഷേ, പായുമ്പോള്‍ ضَبْح എന്നു വിളിക്കപ്പെടുന്ന പ്രത്യേക ശബ്ദമുണ്ടാവുക കുതിരയുടെ കിതപ്പില്‍ നിന്നുതന്നെയാണ്. തുടര്‍ന്നുള്ള സൂക്തങ്ങളില്‍, കുളമ്പുകള്‍ തീ ചിതറുന്നതിനെയും പുലര്‍കാലത്ത് കടന്നാക്രമിക്കുന്നതിനെയും പൊടി പറത്തുന്നതിനെയും പരാമര്‍ശിക്കുന്നുണ്ട്. കുതിരകളെത്തന്നെയാണ് അവ സൂചിപ്പിക്കുന്നത്. അതുകൊണ്ട് അധിക പണ്ഡിതന്മാരും ‘കിതച്ചു പായുന്നവ’ എന്നതിന് വിവക്ഷ കല്‍പിച്ചിരിക്കുന്നത് കുതിരകള്‍ എന്നുതന്നെയാണ്. ഇബ്‌നു ജരീര്‍ പറയുന്നു: ‘രണ്ടഭിപ്രായമുണ്ട്. മുന്‍ഗണനയര്‍ഹിക്കുന്നത്, കിതച്ചുപായുന്നവയുടെ വിവക്ഷ കുതിരകളാണെന്നതുതന്നെയാണ്. എന്തുകൊണ്ടെന്നാല്‍, ഒട്ടകം കിതയ്ക്കാറില്ല. കുതിരതന്നെയാണ് കിതയ്ക്കുക. ഓടുമ്പോള്‍ കിതച്ചുകൊണ്ട് ഓടുന്നവയാണ് സത്യം എന്നാണ് അല്ലാഹു പറയുന്നത്.’ ഇമാം റാസി പറയുന്നു: ‘ഉദ്ദേശ്യം കുതിരയാണെന്ന് ഈ സൂക്തങ്ങളിലെ പദങ്ങള്‍ വിളിച്ചോതുന്നുണ്ട്. കാരണം, കുതിരയല്ലാത്തവ കിതയ്ക്കുമ്പോള്‍ ശബ്ദമുണ്ടാവാറില്ല. തീ ചിതറലും ശിലകളില്‍ കുളമ്പുരസുമ്പോഴല്ലാതെ മറ്റു രീതിയില്‍ ഓടുമ്പോള്‍ ഉണ്ടാവില്ല. അതുപോലെ പുലര്‍കാലത്ത് കടന്നാക്രമിക്കലും മറ്റു മൃഗങ്ങളെ അപേക്ഷിച്ച് കുതിരകള്‍ മുഖേനയാണ് എളുപ്പമാവുക.’

2. തീ പറത്തുക എന്ന വാക്ക് നിശാവേളയിലുള്ള കുതിരയോട്ടത്തെ സൂചിപ്പിക്കുന്നു. കാരണം, രാത്രിയിലെ കുളമ്പടിയില്‍നിന്നേ തീപ്പൊരി പാറുന്നത് ഗോചരമാകൂ.

3. ഒരു ഗോത്രത്തെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ രാത്രിയുടെ ഇരുട്ടില്‍ അവര്‍ക്കു നേരെ പടനീക്കുകയും അതികാലത്ത് കടന്നാക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു അറബികളുടെ സമ്പ്രദായം. ശത്രുക്കള്‍ അറിയാതിരിക്കാനാണ് പടനീക്കം രാത്രിയിലാക്കുന്നത്. ലക്ഷ്യം ശരിക്ക് ദൃശ്യമാകാനാണ് ആക്രമണം മങ്ങിയ വെട്ടമുള്ള പുലര്‍കാലത്താക്കുന്നത്. നന്നായി വെളിച്ചം പരന്നാല്‍ ദൂരെവെച്ചുതന്നെ ശത്രുക്കളുടെ ദൃഷ്ടിയില്‍ പെടുകയും അവര്‍ പ്രത്യാക്രമണസജ്ജരാവുകയും ചെയ്യുമല്ലോ.

4. കിതച്ചുപായുകയും കുളമ്പുകള്‍ തീപ്പൊരി പറത്തുകയും അങ്ങനെ പുലര്‍വേളയില്‍ നാട്ടില്‍ കടന്നാക്രമണം നടത്തി പൊടിപറത്തുകയും പ്രതിരോധസംഘങ്ങളിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യുന്ന കുതിരകളെ പിടിച്ചാണയിട്ടുപറയുന്ന സംഗതി ഇതാണ്. അധിക വ്യാഖ്യാതാക്കളും ഈ കുതിരകള്‍ക്ക് പടക്കുതിരകളെന്നും അവ നുഴഞ്ഞുകയറുന്ന സംഘങ്ങള്‍ക്ക് സത്യനിഷേധികളുടെ കൂട്ടങ്ങളെന്നും വിവക്ഷ കല്‍പിച്ചിരിക്കുന്നുവെന്നത് വിചിത്രമാകുന്നു. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ അവന്റെ നാഥനോട് നന്ദികെട്ടവനാണെന്നാണ് ഇവിടെ ആണയിട്ടു പറയുന്ന സംഗതി. ദൈവിക മാര്‍ഗത്തിലേക്കുള്ള പടക്കുതിരകളുടെ കുതിച്ചോട്ടവും ധിക്കാരിക്കൂട്ടങ്ങളില്‍ അവ നുഴഞ്ഞുകയറുന്നതും മനുഷ്യന്‍ അവന്റെ നാഥനോട് നന്ദികെട്ടവനാണെന്നതിന്റെ തെളിവാകുന്നില്ല എന്നു വ്യക്തമാണല്ലോ. അടുത്ത സൂക്തങ്ങളില്‍ പറയുന്ന ‘നന്ദികേടിന് മനുഷ്യന്‍ സ്വയം സാക്ഷ്യംവഹിക്കുന്നു’ എന്നതിനും അതു തെളിവാകുന്നില്ല. ‘അവന്‍ സമ്പത്തിലും സ്ഥാനത്തിലുമുള്ള പ്രേമത്തില്‍ ആണ്ടുപോയിരിക്കുന്നു’ എന്ന പ്രസ്താവനയും ദൈവികമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരോട് തീരെ യോജിക്കുന്നതല്ല. ഇക്കാരണങ്ങളാല്‍ ഈ സൂറയിലെ പ്രഥമ പഞ്ചസൂക്തങ്ങളില്‍ ആണയിട്ടു പറയുന്നത് അറേബ്യയില്‍ ആ കാലത്ത് സാര്‍വത്രികമായി നടമാടിയിരുന്ന കൊള്ളകളെയും കവര്‍ച്ചകളെയും രക്തരൂഷിതമായ സംഘട്ടനങ്ങളെയും കുറിച്ചാണെന്ന് സമ്മതിക്കാതെ വയ്യ. ജാഹിലിയ്യാ കാലത്ത് അറേബ്യന്‍ രാത്രികള്‍ ഭയാനകമായിരുന്നു. ഏതെങ്കിലും ശത്രുക്കള്‍ തങ്ങളെ ആക്രമിക്കാന്‍ പുറപ്പെട്ടിട്ടുണ്ടാകുമോ എന്ന ഉല്‍ക്കണ്ഠയോടുകൂടിയാണ് ഓരോ ഗോത്രവും ഗ്രാമവും അവരുടെ രാത്രികള്‍ തള്ളിനീക്കിയിരുന്നത്. ഓരോ പ്രഭാതവും പൊട്ടിവിടര്‍ന്നാല്‍ രാത്രികാലം ശാന്തമായി കടന്നുപോയല്ലോ എന്ന് അവര്‍ ആശ്വാസനിശ്വാസമയക്കുമായിരുന്നു. ഗോത്രങ്ങള്‍ തമ്മില്‍ പ്രതികാര സംഘട്ടനങ്ങള്‍ മാത്രമല്ല അവിടെ നടന്നിരുന്നത്. പല ഗോത്രങ്ങളും മറ്റു ഗോത്രങ്ങളുടെ സ്വത്തും പണവും കാലികളും കവര്‍ച്ചചെയ്യാനും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കാനും ഉദ്ദേശിച്ചും പരസ്പരം ആക്രമണം നടത്താറുണ്ടായിരുന്നു. അശ്വാരൂഢരായിട്ടായിരുന്നു അവരധികവും ഇത്തരം കൊള്ളകള്‍ക്കും കവര്‍ച്ചകള്‍ക്കും എത്തിയിരുന്നത്. ഈ നടപടിയെയാണ് മനുഷ്യന്‍ അവന്റെ നാഥനോട് നന്ദികെട്ടവനാകുന്നു എന്നതിന് തെളിവായി അല്ലാഹു ഉന്നയിക്കുന്നത്. അതായത്, അവര്‍ സംഘട്ടനത്തിലും ഹിംസയിലും കൊള്ളയിലും വിനിയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കഴിവുകളും ശക്തികളും അല്ലാഹു അവര്‍ക്ക് നല്‍കിയത് അതിനുവേണ്ടിയല്ല. അതുകൊണ്ട്, അല്ലാഹു നല്‍കിയ ഉപാധികളും അവന്റെ ഔദാര്യമായ ശക്തികളും, നാട്ടില്‍ നാശം പരത്തുക എന്ന, അല്ലാഹുവിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യത്തിന് ഉപയോഗിക്കുക എന്നത് യഥാര്‍ഥത്തില്‍ വളരെ നികൃഷ്ടമായ കൃതഘ്‌നതയാകുന്നു.

5. അതായത്, അവന്റെ മനഃസാക്ഷി അതിന് സാക്ഷ്യം വഹിക്കുന്നു, അവന്റെ കര്‍മങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുന്നു. പല അവിശ്വാസികളും അവരുടെ നാവുകൊണ്ട് പരസ്യമായി നന്ദികേട് പ്രകടിപ്പിക്കുന്നു. കാരണം, അവരുടെ വീക്ഷണത്തില്‍ ദൈവം എന്നൊന്നില്ലതന്നെ. അപ്പോള്‍ പിന്നെ അവന്‍ അവര്‍ക്കു വല്ല അനുഗ്രഹവും ചെയ്തിട്ടുള്ളതായി സമ്മതിക്കുകയും അതിന് നന്ദിപ്രകടിപ്പിക്കേണ്ടത് അവരുടെ കടമയായി കരുതുകയും ചെയ്യുന്ന പ്രശ്‌നമേയില്ലല്ലോ.

6. وَإنَّهُ لِحُبِّ الخَيْرِ لَشَدِيد എന്നാണ് മൂലവാക്യം. അവന്‍ നന്‍മയിലുള്ള പ്രേമത്തില്‍ കടുത്തവനാണ് എന്നാണതിന്റെ പദാനുപദ തര്‍ജമ. പക്ഷേ, അറബിഭാഷയില്‍ خَيْر എന്ന പദം നന്മ, ഗുണം എന്നീ അര്‍ഥങ്ങളില്‍ മാത്രമല്ല ഉപയോഗിക്കുക. സമ്പത്തും സ്ഥാനവും എന്ന അര്‍ഥത്തിലും അതുപയോഗിക്കാറുണ്ട്. സൂറ അല്‍ബഖറ 180-ആം സൂക്തത്തില്‍ സമ്പത്ത് എന്ന അര്‍ഥത്തില്‍ خَيْر ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഓരോ സ്ഥലത്തും ഉപയോഗിച്ചിട്ടുള്ളത് ഏതര്‍ഥത്തിലാണെന്ന് മനസ്സിലാവുക അതിന്റെ പശ്ചാത്തലത്തില്‍നിന്നാണ്. ഇവിടെ خَيْر ഉപയോഗിച്ചിട്ടുള്ളത് പണവും പ്രതാപവും എന്ന അര്‍ഥത്തിലാണെന്നും നന്മ, ഗുണം എന്നീ അര്‍ഥങ്ങളിലല്ലെന്നും ഈ പശ്ചാത്തലം വ്യക്തമാക്കിത്തരുന്നു. കാരണം, മനുഷ്യന്‍ നാഥനോട് നന്ദികെട്ടവനാണെന്നും ആ നന്ദികേടിന് അവന്‍തന്നെ സാക്ഷിയാണെന്നുമാണല്ലോ മുകളില്‍ പറഞ്ഞത്. അതേക്കുറിച്ച്, അവന്‍ നന്മയെയും ഗുണത്തെയും വളരെ കഠിനമായി സ്‌നേഹിക്കുന്നു എന്നു പറയാവതല്ലല്ലോ.

7. മരിച്ചുപോയ മനുഷ്യര്‍ എവിടെ ഏതവസ്ഥയില്‍ കിടന്നാലും അവിടെനിന്ന് ജീവനുള്ള മനുഷ്യരുടെ രൂപത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണ് എന്നര്‍ഥം.

8. അതായത്, മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, വിചാരങ്ങള്‍, വികാരങ്ങള്‍, ബാഹ്യചലനങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞുകിടന്ന പ്രേരകങ്ങള്‍ (Motives) ഇവയെല്ലാം തുറന്നുകാണിക്കുകയും കൃത്യമായി പരിശോധിച്ച് നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പാരത്രിക വിധി, ഒരുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ബാഹ്യവശം മാത്രം നോക്കിയിട്ടായിരിക്കുകയില്ല. മനുഷ്യന്‍ ചെയ്ത ഓരോ കര്‍മവും എന്തുദ്ദേശ്യത്തോടെ, എന്താവശ്യത്തിനുവേണ്ടി ചെയ്തുവെന്ന്, മനസ്സില്‍ ഒളിഞ്ഞുകിടന്ന രഹസ്യങ്ങള്‍പോലും പുറത്തെടുത്ത് പരിശോധിക്കപ്പെടുന്നതാണ്. ഈ നടപടിയെക്കുറിച്ച് ചിന്തിച്ചുനോക്കുന്നപക്ഷം യഥാര്‍ഥവും സത്യവുമായ നീതി ദൈവിക കോടതിയിലല്ലാതെ മറ്റെവിടെയും സാക്ഷാത്കൃതമാവുക സാധ്യമല്ലെന്ന് സമ്മതിക്കാതെ നിര്‍വാഹമുണ്ടാവില്ല. ഒരാള്‍ അയാളുടെ ബാഹ്യപ്രവര്‍ത്തനം മാത്രം കണക്കിലെടുത്തുകൊണ്ട് ശിക്ഷിക്കപ്പെട്ടുകൂടെന്ന് ഭൗതിക ലോകത്തെ നിര്‍മതനിയമങ്ങളും താത്ത്വികമായി സമ്മതിക്കുന്നതാണ്. അയാള്‍ എന്തുദ്ദേശ്യത്തോടെയാണാ കര്‍മം ചെയ്തതെന്നു കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഏതു നീതിശാസ്ത്രവും അംഗീകരിക്കുന്നു. പക്ഷേ, ഈ ഉദ്ദേശ്യം സൂക്ഷ്മമായി ഗ്രഹിക്കാനുതകുന്ന ഒരു ഉപാധിയും ഭൗതികലോകത്ത് ഒരു കോടതിയുടെയും കൈവശമില്ല. മനുഷ്യന്റെ ബാഹ്യപ്രവര്‍ത്തനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആന്തരിക പ്രചോദനങ്ങളെന്തെല്ലാമാണെന്നു പരിശോധിക്കാനും അനന്തരം അവന്‍ ഏതു കര്‍മത്തിന്, എന്തു രക്ഷക്ക്, അല്ലെങ്കില്‍ ശിക്ഷക്ക് അര്‍ഹനാണെന്ന് വിധിക്കാനും അല്ലാഹുവിനു മാത്രമേ കഴിയൂ. കൂടാതെ, അല്ലാഹുവിന് നേരത്തേതന്നെ ഹൃദയങ്ങളിലുള്ള ഉദ്ദേശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് അറിവുണ്ട് എന്ന അടിസ്ഥാനത്തിലായിരിക്കുകയില്ല ഈ വിധിയെന്നും സൂക്തത്തിലെ വാക്കുകള്‍ വ്യക്തമാക്കുന്നു. വിചാരണനാളില്‍ ആ രഹസ്യങ്ങളെല്ലാം പരസ്യമായി പ്രദര്‍ശിപ്പിക്കപ്പെടുകയും തുറന്ന കോടതിയില്‍ വെച്ച് അവയില്‍ നന്മയേത്, തിന്മയേത് എന്ന് പരിശോധിച്ചു വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് حُصِّلَ مَا فِى الصُّدُور എന്ന വാക്കുകള്‍ ഉപയോഗിച്ചത്. تَحْصِيل ന് ഒരു വസ്തുവിനെ പുറത്തുകൊണ്ടുവരുക എന്ന് അര്‍ഥമുണ്ട്. ഉദാഹരണമായി, തോടുകളഞ്ഞ് കാമ്പെടുക്കുക. പല വസ്തുക്കളെ തിരഞ്ഞ് പരസ്പരം വേര്‍തിരിച്ചെടുക്കുന്നതിനും ഈ വാക്കുപയോഗിക്കാറുണ്ട്. അതിനാല്‍, മാറുകളിലൊളിഞ്ഞ രഹസ്യങ്ങളെ تَحْصِيل ചെയ്യുക എന്നത് ഈ രണ്ടര്‍ഥങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അതായത്, അവ തുറന്നു വെളിപ്പെടുത്തുക എന്നും അവ തിരഞ്ഞ് നല്ലതും ചീത്തയും വേര്‍തിരിക്കുക എന്നും. ഈ ആശയം സൂറ അത്ത്വാരിഖില്‍ അവതരിപ്പിച്ചത് يَوْمَ تُبْلَى السَّرَائِر (രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന നാള്‍) എന്നാണ്.

9. ആരാണ് രക്ഷയര്‍ഹിക്കുന്നതെന്നും ആര്‍ ശിക്ഷയര്‍ഹിക്കുന്നുവെന്നും അവന്ന് നന്നായറിയാം എന്നര്‍ഥം.

ഓടുന്നവയാണ് സത്യം/സാക്ഷി = وَالْعَادِيَاتِ
കിതച്ചുകൊണ്ട് = ضَبْحًا
അങ്ങനെ തീപ്പൊരിപറപ്പിക്കുന്നവയുമാണ = فَالْمُورِيَاتِ
ഉരസിക്കൊണ്ട് = قَدْحًا
അങ്ങനെ ആക്രമണം നടത്തുന്നവയുമാണ = فَالْمُغِيرَاتِ
പ്രഭാതത്തില്‍ = صُبْحًا
അങ്ങനെ അവ ഇളക്കിവിടുന്നു = فَأَثَرْنَ
അവിടെ = بِهِ
പൊടിപടലം = نَقْعًا
എന്നിട്ട് അവ നടുവില്‍ കടന്നുചെല്ലുന്നു = فَوَسَطْنَ
അവിടെ = بِهِ
ശത്രുസംഘത്തിന് = جَمْعًا
തീര്‍ച്ചയായും മനുഷ്യന്‍ = إِنَّ الْإِنسَانَ
തന്റെ നാഥനോട് = لِرَبِّهِ
നന്ദിയില്ലാത്തവനാണ് = لَكَنُودٌ
ഉറപ്പായും അവന്‍ = وَإِنَّهُ
അതിന് = عَلَىٰ ذَٰلِكَ
സാക്ഷിയാണ് = لَشَهِيدٌ
നിശ്ചയമായും അവന്‍ = وَإِنَّهُ
സ്നേഹത്തില്‍ = لِحُبِّ
ധനത്തോടുള്ള = الْخَيْرِ
കാഠിന്യമുള്ളവനാണ് = لَشَدِيدٌ
അവന്‍ അറിയുന്നില്ലേ? = أَفَلَا يَعْلَمُ
ഇളക്കി മറിക്കപ്പെട്ടാല്‍ = إِذَا بُعْثِرَ
ഖബ്റുകളിലുള്ളവ = مَا فِي الْقُبُورِ
പുറത്തെടുക്കപ്പെടുകയും ചെയ്താല്‍ = وَحُصِّلَ
ഹൃദയങ്ങളിലുള്ളത് = مَا فِي الصُّدُورِ
നിശ്ചയം, അവരുടെ നാഥന്‍ = إِنَّ رَبَّهُم
അവരെപ്പറ്റി = بِهِمْ
അന്നാളില്‍ = يَوْمَئِذٍ
സൂക്ഷ്മമായി അറിയുന്നവനാണ് = لَّخَبِيرٌ

Add comment

Your email address will not be published. Required fields are marked *