പ്രഥമപദമായ القَارِعَة ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത് വെറും പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാണ്. ഈ സൂറയില്‍ പറയുന്നതത്രയും അന്ത്യനാളിനെക്കുറിച്ചുതന്നെയാണ്.
ഈ സൂറ മക്കയിലവതരിച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മക്കയില്‍ പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിലവതരിച്ച സൂറകളിലൊന്നാണിതെന്ന് ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്.
ഉയിര്ത്തെഴുന്നേല്പും പരലോകവുമാണീ സൂറയുടെ പ്രമേയം. ആദ്യമായി ‘ഭീകരസംഭവം’, ‘എന്താണ് ഭീകരസംഭവം’, ‘ആ ഭീകരസംഭവം എന്തെന്നു നിനക്കെന്തറിയാം’ എന്നു പറഞ്ഞ് അനുവാചകരില്‍ ജിജ്ഞാസയുണര്‍ത്തുന്നു. ഇങ്ങനെ അനുവാചകരെ ഏതോ ഭീകരസംഭവം നടക്കാന്‍ പോകുന്നതിന്റെ വാര്‍ത്ത കേള്‍ക്കാന്‍ ഉത്സുകരാക്കിയശേഷം രണ്ടു വചനങ്ങളിലായി അവരുടെ മുന്നില്‍ അന്ത്യനാളിന്റെ ചിത്രം വരച്ചുകാട്ടുകയാണ്. അന്ന് ആളുകള്‍ വെപ്രാളപ്പെട്ട് വെളിച്ചത്തിനു ചുറ്റും പാറിനടക്കുന്ന പാറ്റകളെന്നോണം ചിതറിപ്പായുന്നതാണ്. പര്‍വതങ്ങള്‍ അവയുടെ സ്ഥാനങ്ങളില്‍നിന്ന് ഇളകിയുയര്‍ന്നു പോകും. അവയുടെ ബന്ധനങ്ങള്‍ അഴിഞ്ഞുപോകും. അവ കടഞ്ഞെടുത്ത കമ്പിളി പോലെയായിത്തീരുന്നതാണ്. തുടര്‍ന്ന് പറയുന്നു: പരലോകത്ത് മനുഷ്യരെ വിചാരണ ചെയ്യാന്‍ സ്ഥാപിതമാകുന്ന ദൈവിക കോടതിയില്‍ വിധിത്തീര്പ്പുണ്ടാവുക, ഒരുവന്റെ സല്‍ക്കര്‍മങ്ങള്‍ അവന്റെ ദുഷ്കര്മങ്ങളെക്കാള് കൂടുതലാണോ അതല്ല, അവന്റെ ദുഷ്കര്മമാണോ സല്‍ക്കര്‍മത്തെക്കാള്‍ കൂടുതല്‍ എന്നതിനെ മാത്രം ആധാരമാക്കിയിട്ടായിരിക്കും. ഒന്നാമത്തെ വിഭാഗത്തില്‍പെട്ട മനുഷ്യര്‍ക്ക് ആനന്ദകരമായ ജീവിതത്തിന് സൗഭാഗ്യം സിദ്ധിക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍പെട്ടവര്‍ ആളിക്കത്തുന്ന നരകത്തിന്റെ അഗാധതയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു.
الْقَارِعَةُ ﴿١﴾ مَا الْقَارِعَةُ ﴿٢﴾ وَمَا أَدْرَاكَ مَا الْقَارِعَةُ ﴿٣﴾ يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ ﴿٤﴾ وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ﴿٥﴾ فَأَمَّا مَن ثَقُلَتْ مَوَازِينُهُ ﴿٦﴾ فَهُوَ فِي عِيشَةٍ رَّاضِيَةٍ ﴿٧﴾ وَأَمَّا مَنْ خَفَّتْ مَوَازِينُهُ ﴿٨﴾ فَأُمُّهُ هَاوِيَةٌ ﴿٩﴾ وَمَا أَدْرَاكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةٌ ﴿١١﴾
(1-11) ഭീകര സംഭവം!1 എന്താണാ ഭീകര സംഭവം? ആ ഭീകര സംഭവമെന്തെന്ന് നിനക്കെന്തറിയാം? ജനം ചിതറിയ പാറ്റകള്‍പോലെയും പര്‍വതങ്ങള്‍ ബഹുവര്‍ണത്തിലുള്ള കടഞ്ഞിട്ട കമ്പിളിപോലെയും ആയിത്തീരുന്ന ദിവസമത്രെ അത്.2പിന്നെ3 ആരുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന് സന്തുഷ്ടമായ ജീവിതത്തിലേക്കു കടക്കുന്നു. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ,4 അവന്റെ താവളം അഗാധഗര്ത്തമാകുന്നു.5 അതെന്താണെന്ന് നിനക്കെന്തറിയാം? ആളിക്കത്തുന്ന നരകമാണത്!!6 .
1. القَارِعَة എന്നാണ് മൂലത്തില്‍ ഉപയോഗിച്ചത്. ആഘാതകരം എന്നാണതിന്റെ വാക്കര്‍ഥം. ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല് ഭയങ്കരമായ ശബ്ദത്തോടെ ഇടിക്കുക എന്നാണ് قَرْع എന്ന മൂലപദത്തിന്റെ അര്‍ഥം. ഈ ഭാഷാര്‍ഥം പരിഗണിച്ച് قَارِعَة എന്ന വാക്ക് ഭീകരസംഭവം, അത്യാഹിതം എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഒരു ഗോത്രത്തിന്, അല്ലെങ്കില്‍ സമൂഹത്തിന് ആപത്തണഞ്ഞു എന്ന അര്‍ഥത്തിലുള്ള قَرَعَتْهُمُ الْقَارِعَة എന്ന അറബിപ്രയോഗം ഇതിനുദാഹരണമാകുന്നു. വിപത്തു ഭവിക്കുക എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനിലും ഒരിടത്ത് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. സൂറ അര്‍റഅ്ദ് 31-ആം സൂക്തത്തില്‍ ഇങ്ങനെ കാണാം: وَلاَ يَزَالُ الَّذِينَ كَفَرُوا تُصِيبُهُمْ بِمَا صَنَعُوا قَارِعَة (സത്യനിഷേധികള്‍ക്ക് അവരുടെ ചെയ്തികളുടെ ഫലമായി ആപത്തണഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്). എന്നാല്‍, ഇവിടെ قَارِعَة എന്നുപയോഗിച്ചത് അന്ത്യനാള്‍ എന്ന അര്‍ഥത്തിലാണ്. സൂറ അല്‍ഹാഖ നാലാം സൂക്തത്തിലും അന്ത്യനാളിനെ ഈ പദംകൊണ്ട് വിശേഷിപ്പിച്ചതായി കാണാം. എന്നാല്‍, ഈ സന്ദര്‍ഭത്തില്‍, ഉയിര്ത്തെഴുന്നേല്പിന്റെ പ്രഥമഘട്ടം മുതല്‍ രക്ഷാശിക്ഷകളുടെ അന്ത്യഘട്ടം വരെയുള്ള മുഴുവന്‍ പരലോകത്തെയും ഒന്നിച്ചാണ് പരാമര്‍ശിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാകുന്നു.
2. ഇവിടംവരെ അന്ത്യനാളിന്റെ പ്രഥമഘട്ടത്തെയാണ് പരാമര്‍ശിക്കുന്നത്. അതായത്, ആ ഘോരസംഭവം ഉണ്ടാവുകതന്നെ ചെയ്യും. അതിന്റെ ഫലമായി പ്രാപഞ്ചിക വ്യവസ്ഥകളാകെ താറുമാറാകും. അന്ന് മനുഷ്യര്‍ സംഭ്രമ സംഭീതരായി, വിളക്കിനു ചുറ്റും ചിതറിപ്പറക്കുന്ന പാറ്റകളെപ്പോലെ ഉഴറിച്ചിതറി പാഞ്ഞുകൊണ്ടിരിക്കും. കടഞ്ഞെടുത്ത ബഹുവര്ണമായ കമ്പിളിപോലെ പര്‍വതങ്ങള്‍ പാറിനടക്കും. മലകളുടെ നിറം മാറുന്നതുകൊണ്ടാണ് അവയെ ബഹുവര്ണമായ കമ്പിളിയോടുപമിച്ചിരിക്കുന്നത്.
3. ഇവിടം മുതല്‍, മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേറ്റ് ദൈവിക കോടതിയില്‍ ഹാജരാകുന്ന, അന്ത്യനാളിന്റെ രണ്ടാംഘട്ടം വര്‍ണിച്ചുതുടങ്ങുന്നു.
4. مَوَازِين എന്നാണ് മൂലത്തില്‍ ഉപയോഗിച്ചത്. ഇത് مِيزَان എന്ന പദത്തിന്റെ ബഹുവചനമാകാം. مَوْزُون എന്ന പദത്തിന്റെ ബഹുവചനവുമാകാം. مَوْزُون എന്നതിന്റെ ബഹുവചനമാണെന്ന് നിശ്ചയിച്ചാല്‍ مَوَازِين ന്റെ താല്പര്യം, അല്ലാഹുവിങ്കല്‍ തൂക്കമുള്ള കര്‍മങ്ങള്‍ എന്നാകുന്നു. അതായത്, അവന്റെ ദൃഷ്ടിയില് വല്ല മൂല്യവുമര്ഹിക്കുന്നത്. مِيزَان എന്നതിന്റെ ബഹുവചനമാണ് مَوَازِين എന്നു നിശ്ചയിച്ചാല്‍ അതിന്റെ ഉദ്ദേശ്യം, ത്രാസിന്റെ രണ്ടു തട്ടുകളാകുന്നു. ഒന്നാമത്തെ അര്ഥകല്പനപ്രകാരം مَوَازِين ഭാരമുള്ളതാകുന്നതിന്റെയും ഭാരശൂന്യമാകുന്നതിന്റെയും താല്പര്യം, ദുഷ്കര്മങ്ങളെയപേക്ഷിച്ച് സല്‍ക്കര്‍മങ്ങള്‍ ഭാരമുള്ളതാവുകയോ ഭാരശൂന്യമാവുകയോ ചെയ്യുകയാണ്. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിങ്കല്‍ സല്‍ക്കര്‍മങ്ങള്‍ മാത്രമേ തൂക്കമുള്ളതും മൂല്യവത്തും ആയിരിക്കൂ. രണ്ടാമത്തെ അര്ഥകല്പനപ്രകാരം مَوَازِين ഭാരമുളളതാവുക എന്നതിന്റെ താല്പര്യം, അല്ലാഹുവിന്റെ ത്രാസില്‍ നന്മകളുടെ തട്ട് തിന്മകളുടെ തട്ടിനെക്കാള്‍ ഭാരമുള്ളതാവുകയാകുന്നു. അവ ഭാരശൂന്യമാവുക എന്നതിന്റെ താല്പര്യം, നന്മകളുടെ തട്ട് തിന്മകളുടെ തട്ടിനേക്കാള്‍ തൂക്കം കുറഞ്ഞതാവുക എന്നും. ഇതുകൂടാതെ അറബിഭാഷയില്‍ مِيزَان എന്ന പദം وَزْن എന്ന അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. ഈ അര്‍ഥമനുസരിച്ച് وَزْن ഭാരിച്ചതോ ഭാരശൂന്യമോ ആവുക എന്നതിന്റെ താല്പര്യം നന്മകളുടെ തൂക്കം അധികമാവുകയോ കുറയുകയോ ചെയ്യുകയാകുന്നു. مَوَازِين നെ مَوْزُون എന്ന അര്‍ഥത്തിലെടുത്താലും مِيزَان എന്ന അര്‍ഥത്തിലെടുത്താലും وَزْن എന്ന അര്ഥത്തിലെടുത്താലുമെല്ലാം ആശയം ഒന്നുതന്നെയാണ്. അതിതത്രെ: അല്ലാഹുവിങ്കല്‍ വിധിത്തീര്പ്പിനാധാരമായിരിക്കുക, മനുഷ്യന് പരലോകത്തേക്കു കൊണ്ടുവന്ന കര്‍മങ്ങളാകുന്ന മൂലധനം തൂക്കമുള്ളതോ അല്ലാത്തതോ, അല്ലെങ്കില്‍ അവന്റെ നന്മകള്‍ക്ക് തിന്മകളെക്കാള് തൂക്കമുണ്ടോ ഇല്ലേ എന്നതായിരിക്കും. ഈ വിഷയം വിശുദ്ധ ഖുര്‍ആന്‍ പല സ്ഥലങ്ങളിലും പ്രസ്താവിച്ചതാണ്.
5. أُمُّهُ هَاوِيَة എന്നാണ് മൂലവാക്യം. നേര് തര്‍ജമ അവന്റെ മാതാവ് هَاوِيَة ആകുന്നു എന്നും. هَوَى എന്ന പദത്തില്നിന്നുരുത്തിരിഞ്ഞതാണ് هَاوِيَة. മീതെനിന്ന് താഴോട്ടു പതിക്കുക എന്നാണതിന്റെ മൂല അര്‍ഥം. ഒരു വസ്തു ചെന്നുവീഴുന്ന ഗര്‍ത്തത്തെ هَاوِيَة എന്നു പറയുന്നു. നരകം വളരെ അഗാധമായതുകൊണ്ടും നരകവാസികള്‍ മീതെനിന്ന് അതിലേക്ക് എറിയപ്പെടുന്നതുകൊണ്ടുമാണ് നരകത്തെ هَاوِيَة എന്നു വിശേഷിപ്പിക്കുന്നത്. അവന്റെ മാതാവ് ഹാവിയയാണ് എന്ന വാക്യത്തിന്റെ താല്പര്യമിതാണ്: ശിശുവിന് മാതൃമടിത്തട്ട് അഭയസ്ഥാനമാകുന്നതുപോലെ നരകാവകാശികള്‍ക്ക് നരകമല്ലാതെ വേറെ അഭയസ്ഥാനമുണ്ടാവില്ല.
6. അതൊരു ഗര്‍ത്തം മാത്രമായിരിക്കുകയില്ല; ആളിക്കത്തുന്ന തീ നിറഞ്ഞതുമായിരിക്കും എന്നര്‍ഥം.
ആ ഭയങ്കര സംഭവം = الْقَارِعَةُ
എന്താണ് ? = مَا
ആ ഭയങ്കര സംഭവം = الْقَارِعَةُ
എന്ത്? = وَمَا
നിന്നെ അറിയിച്ചു = أَدْرَاكَ
എന്താണെന്ന് ? = مَا
ആ ഭയങ്കര സംഭവം = الْقَارِعَةُ
ദിവസം = يَوْمَ
ആകുന്ന = يَكُونُ
മനുഷ്യന് = النَّاسُ
പാറ്റകളെപ്പോലെ = كَالْفَرَاشِ
ചിന്നിച്ചിതറിയ = الْمَبْثُوثِ
ആവുകയും ചെയ്യുന്ന = وَتَكُونُ
പര്‍വതങ്ങള്‍ = الْجِبَالُ
കമ്പിളിപോലെ = كَالْعِهْنِ
കടഞ്ഞ = الْمَنفُوشِ
അപ്പോള്‍ ആര് = فَأَمَّا مَن
കനം തൂങ്ങി = ثَقُلَتْ
അവന്റെ തുലാസുകള്‍ = مَوَازِينُهُ
അവന് = فَهُوَ
ജീവിതത്തിലാകുന്നു = فِي عِيشَةٍ
സംതൃപ്തമായ = رَّاضِيَةٍ
എന്നാല്‍ ആര് = وَأَمَّا مَنْ
കനം കുറഞ്ഞു = خَفَّتْ
അവന്റെ തുലാസുകള്‍ = مَوَازِينُهُ
അവന്റെ സങ്കേതം = فَأُمُّهُ
അഗാധഗര്‍ത്തം = هَاوِيَةٌ
എന്താണ്? = وَمَا
നിന്നെ അറിയിച്ചു = أَدْرَاكَ
എന്താണെന്ന് = مَا
അത് = هِيَهْ
നരകത്തീ = نَارٌ
കൊടും ചൂടുള്ള = حَامِيَةٌ
Add comment