അത്തകാസുര്‍ – സൂക്തങ്ങള്‍: 1-8

പ്രഥമസൂക്തത്തിലുള്ള التَّكَاثُر എന്ന പദമാണ് ഈ സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

മുഫസ്സിറുകളുടെ ദൃഷ്ടിയില്‍ ഈ സൂറ മക്കിയാണെന്ന് അബൂഹയ്യാനും ശൗക്കാനിയും പ്രസ്താവിച്ചിരിക്കുന്നു. ഇത് മക്കീ സൂറയാണെന്ന അഭിപ്രായംതന്നെയാണ് പ്രചുരമായതെന്ന് ഇമാം സുയൂത്വി യും പ്രസ്താവിക്കുന്നു. എന്നാല്‍, ഇതു മദനിയാണെന്ന് വാദിക്കാനാസ്പദമായ ചില നിവേദനങ്ങളുണ്ട്. അവ ചുവടെ: ഇബ്‌നു അബീഹാതിം അബൂബുറൈദയില്‍നിന്ന് ഉദ്ധരിക്കുന്നു: ‘ബനൂഹാരിഥ, ബനുല്‍ഹര്‍ഥ് എന്നീ രണ്ട് അന്‍സ്വാരീ ഗോത്രങ്ങളെക്കുറിച്ചാണ് ഈ സൂറ അവതരിച്ചത്. ഈ രണ്ടു ഗോത്രങ്ങളും അവരില്‍ ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പണ്ടുമുതലേ പരസ്പരം ഊറ്റം പറയാറുണ്ട്. കൂടാതെ ശ്മശാനത്തില്‍ പോയി തങ്ങളുടെ മണ്‍മറഞ്ഞ പൂര്‍വികരുടെ പ്രതാപം പാടാറുമുണ്ട്. ഇതേക്കുറിച്ചാണ് أَلْهَاكُمُ التَّكَاثُرُ എന്ന ദൈവികവചനമവതരിച്ചത്.’ പക്ഷേ, അവതരണ പശ്ചാത്തലം സംബന്ധിച്ച് സ്വഹാബത്തും താബിഇകളും സ്വീകരിച്ചിരുന്ന സമ്പ്രദായം മുന്നില്‍വെച്ചു പരിശോധിച്ചാല്‍ ഈ സൂറ ഇപ്പറഞ്ഞ സംഭവത്തെക്കുറിച്ചുതന്നെയാണ് അവതരിച്ചതെന്നതിന് ഈ നിവേദനം തെളിവാകുന്നില്ല. പ്രസ്തുത രണ്ടു ഗോത്രങ്ങളുടെ നടപടികള്‍ക്ക് ഈ സൂറ ബാധകമാകുന്നു എന്നേ അതിനര്‍ഥമുള്ളൂ. ഇമാം ബുഖാരിയുംN1514 ഇബ്‌നുജരീറുംN1477 ഹ. ഉബയ്യുബ്‌നു കഅ്ബിN1511ല്‍നിന്ന് ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: لَو أنَّ لاِبْنِ آدَمَ وَادِيَيْنِ مِنْ مَالٍ لَتَمَنَّى وَادِيًا ثَالِثًا وَلاَ يَمْلأُ جَوْفُ ابْنِ آدمَ إلاَّ التُّرَابَ (മനുഷ്യപുത്രന് സമ്പത്തിന്റെ രണ്ടു താഴ്‌വരകളുണ്ടായാല്‍ അവന്‍ മൂന്നാമതൊന്നിനു വേണ്ടി കൊതിക്കുന്നു. മണ്ണിനല്ലാതെ മറ്റൊന്നിനും മനുഷ്യപുത്രന്റെ വയര്‍ നിറക്കാനാവില്ല) എന്ന തിരുവചനം ഞങ്ങള്‍ ഖുര്‍ആനില്‍ പെട്ടതായി മനസ്സിലാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് أَلْهَاكُمُ التَّكَاثُرُ എന്ന വചനമവതരിച്ചത്.’ ഹ. ഉബയ്യ് മദീനയില്‍ വെച്ചാണ് മുസ്‌ലിമായത് എന്ന അടിസ്ഥാനത്തിലാണ് ഈ നിവേദനം സൂറ അത്താകാസുര്‍ മദീനയിലവതരിച്ചതാണെന്നതിന് തെളിവാകുന്നത്. പക്ഷേ, സ്വഹാബാകിറാം ഏതര്‍ഥത്തിലാണ് പ്രസ്തുത നബിവചനത്തെ ഖുര്‍ആനില്‍പെട്ടതായി മനസ്സിലാക്കിയിരുന്നതെന്ന് ഉബയ്യിന്റെ ഈ പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നില്ല. അതിന്റെ താല്‍പര്യം ആ നബിവചനത്തെ ഖുര്‍ആനിലെ ഒരു സൂക്തമായി കരുതിയിരുന്നുവെന്നാണെങ്കില്‍ അത് സ്വീകാരയോഗ്യമല്ല. കാരണം, സ്വഹാബത്തിലെ ഭൂരിപക്ഷവും ഖുര്‍ആന്‍ അക്ഷരംപ്രതി അറിയുന്നവരായിരുന്നു. അവരെങ്ങനെയാണ് ഈ നബിവചനം ഖുര്‍ആനിലെ ഒരു സൂക്തമാണെന്ന് തെറ്റിദ്ധരിക്കാനിടയാവുക? ഖുര്‍ആനില്‍പ്പെട്ടതാണ് എന്നതുകൊണ്ടുദ്ദേശ്യം, ഖുര്‍ആനായി സ്വീകരിക്കപ്പെട്ടതാണ് എന്നാണെങ്കില്‍ അതിന്റെ താല്‍പര്യം ഇങ്ങനെയാകാം: മദീനയില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ച പ്രവാചകശിഷ്യന്മാര്‍ പ്രവാചക ജിഹ്വയില്‍നിന്ന് ഈ സൂറ ആദ്യമായി കേട്ടപ്പോള്‍ അത് അപ്പോള്‍ അവതരിച്ചതാണെന്ന് കരുതിയിരുന്നു. തുടര്‍ന്ന് ഉപരിസൂചിത നബിവചനത്തെക്കുറിച്ച്, അത് പ്രസ്തുത സൂറയില്‍നിന്ന് എടുക്കപ്പെട്ടതാണെന്നും കരുതി. ഇബ്‌നു ജരീര്‍, തിര്‍മിദി, ഇബ്‌നു മുന്‍ദിര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ ഹ. അലിയില്‍നിന്ന് ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: ‘أَلْهَاكُمُ التَّكَاثُرُ അവതരിക്കുന്നത് വരെ ഞങ്ങള്‍ ഖബ്ര്‍ശിക്ഷയെക്കുറിച്ച് വലിയ സന്ദേഹത്തിലായിരുന്നു.’ ഖബ്ര്‍ശിക്ഷ സംബന്ധിച്ച ചര്‍ച്ച മദീനയില്‍ വെച്ചാണുണ്ടായതെന്നും മക്കയില്‍ അതു സംബന്ധിച്ച സംസാരമൊന്നും ഉണ്ടായിട്ടില്ലെന്നും ഉള്ള അടിസ്ഥാനത്തിലാണ് ഈ നിവേദനം ഈ സൂറ മദനിയാണെന്നതിനു തെളിവാകുന്നത്. എന്നാല്‍, അതബദ്ധമാണ്. മക്കീ സൂറകളിലും നിരവധി സ്ഥലങ്ങളില്‍ ഖബ്ര്‍ശിക്ഷയെ സംശയത്തിനിടമില്ലാത്ത വിധം ഖണ്ഡിതമായ പദങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഈ സൂറ ഭൗതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഭൗതികഭ്രമത്താല്‍ അവര്‍ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരില്‍ അവര്‍ അഭിമാനപുളകിതരാകുന്നു. അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുള്ള പ്രജ്ഞയേ ഇല്ലാത്തവണ്ണം അവര്‍ അതിനെക്കുറിച്ചുള്ള വിചാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണതിയെക്കുറിച്ചുണര്‍ത്തിയ ശേഷം ആളുകളോടു പറയുന്നു: നിങ്ങള്‍ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ അനുഗ്രഹങ്ങളുണ്ടല്ലോ, അവ അനുഗ്രഹങ്ങള്‍ മാത്രമല്ല; നിങ്ങളെ പരീക്ഷിക്കാനുള്ള ഉപാധികള്‍കൂടിയാണ്. ഈ അനുഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും.

أَلْهَاكُمُ التَّكَاثُرُ ﴿١﴾ حَتَّىٰ زُرْتُمُ الْمَقَابِرَ ﴿٢﴾ كَلَّا سَوْفَ تَعْلَمُونَ ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ ﴿٥﴾ لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾ ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ﴿٨﴾


(1-8) മറ്റുള്ളവരെ കവച്ചുവെച്ച് അധികമധികം ഭൗതിക നേട്ടങ്ങളാര്‍ജിക്കാനുള്ള ആര്‍ത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു1 –(അതേ വിചാരത്തോടെ) നിങ്ങള്‍ കല്ലറകളിലെത്തിച്ചേരുവോളം.2 ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്.3ഇനിയും(കേട്ടുകൊള്ളുക) ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല. (ഈ നിലപാടിന്റെ അനന്തരഫലത്തെക്കുറിച്ച്) നിങ്ങള്‍ക്ക് സുദൃഢമായ ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ (ഈ നടപടി അനുവര്‍ത്തിക്കുമായിരുന്നില്ല). നിങ്ങള്‍ നരകത്തെ കാണുകതന്നെ ചെയ്യും. ഇനിയും (കേട്ടുകൊള്ളുക:) നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും. പിന്നെ ഇന്നത്തെ സൗഭാഗ്യത്തെക്കുറിച്ച് അന്നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു4 .

1. أَلْهَاكُمُ التَّكَاثُرُ എന്നാണ് മൂലത്തിലുള്ളത്. ഒരു വാചകത്തില്‍ ഒതുക്കാനാവാത്തത്ര വിപുലമാണ് ഇതിന്റെ അര്‍ഥം: أَلْهَاكُمُ എന്ന വാക്ക് لَهْو-ല്‍നിന്നുദ്ഭവിച്ചതാണ്. അശ്രദ്ധ എന്നാണിതിന്റെ മൗലികമായ അര്‍ഥം. ഒരാള്‍ സുപ്രധാനമായ മറ്റു കാര്യങ്ങളിലെല്ലാം അശ്രദ്ധനായി ഒരു വിഷയത്തില്‍ത്തന്നെ മുഴുകിപ്പോകാന്‍ മാത്രം അതില്‍ ആകൃഷ്ടനാവുക എന്ന അര്‍ഥത്തിലാണ് അറബിഭാഷയില്‍ ഈ പദം ഉപയോഗിക്കാറുള്ളത്. ഈ ധാതുവില്‍നിന്നുള്ള أَلْهَاكُمُ എന്നു പറയുമ്പോള്‍ അതിനര്‍ഥം ഇതായിരിക്കും: നിങ്ങളുടെ അന്തരാളം എന്തോ ഒന്നിലാണ്ടുപോയിരിക്കുന്നു; അതിനെക്കാള്‍ സുപ്രധാനമായ മറ്റു കാര്യങ്ങളിലൊന്നുംതന്നെ നിങ്ങള്‍ക്ക് ബോധമില്ലാതായിരിക്കുന്നു. അതിനോടുള്ള ഭ്രമമാണ് നിങ്ങളെ ഭരിക്കുന്നത്. അതെക്കുറിച്ചുള്ള ചിന്ത മാത്രമേ നിങ്ങള്‍ക്കുള്ളൂ. അതിലുള്ള ആര്‍ത്തി നിങ്ങളെ പ്രജ്ഞാശൂന്യരാക്കിയിരിക്കുന്നു. تَكَاثُر എന്ന പദം كَثْرَة എന്ന ധാതുവില്‍നിന്നുള്ളതാകുന്നു. അതിന് മൂന്നര്‍ഥങ്ങളുണ്ട്. ഒന്ന്: ഏറെയേറെ സമൃദ്ധിയാര്‍ജിക്കാന്‍ ശ്രമിക്കുക. രണ്ട്: സമൃദ്ധി കൈവരുത്തുന്നതില്‍ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിക്കുക. മൂന്ന്: താന്‍ മറ്റുള്ളവരെക്കാള്‍ സമൃദ്ധി നേടിയിട്ടുണ്ടെന്ന് സാഭിമാനം ഘോഷിക്കുക. അതിനാല്‍, ‘അല്‍ഹാകുമുത്തകാസുറി’ന്റെ അര്‍ഥമിതാണ്: അധികമധികം വളര്‍ത്താനുള്ള ശ്രമം നിങ്ങളുടെ അന്തരാളത്തെ മൂടിക്കളഞ്ഞിരിക്കുന്നു. ആ ഭ്രമത്തില്‍ അതിനെക്കാള്‍ പ്രധാനമായ സംഗതികളെ നിങ്ങള്‍ അവഗണിച്ചുതള്ളിയിരിക്കുകയാണ്. എന്താണ് വളര്‍ത്തുന്നതെന്നും എന്താണ് അവഗണിച്ചു തള്ളുന്നതെന്നും ഈ വാക്യത്തില്‍ സ്പഷ്ടമായി പറയുന്നില്ല. أَلْهَاكُمُ (നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു) എന്ന് പറയുന്നതാരോടാണെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സ്പഷ്ടീകരണത്തിന്റെ അഭാവം മൂലം ഈ വാക്കിന്റെ പ്രയോഗം അതിന്റെ ഏറ്റവും വിശാലമായ അര്‍ഥത്തിലായിത്തീരുന്നു. تَكَاثُر -ന്റെ അര്‍ഥത്തിന് പരിധിയില്ല. ഭൗതികലോകത്തെ എല്ലാ നേട്ടങ്ങളും പ്രയോജനങ്ങളും ജീവിതവിഭവങ്ങളും സുഖസൗകര്യങ്ങളും ശക്തിസാമഗ്രികളും അധികാരങ്ങളും കൂടുതല്‍ കൂടുതല്‍ ആര്‍ജിക്കാന്‍ പ്രയത്‌നിക്കുക, അവ ആര്‍ജിക്കുന്നതില്‍ പരസ്പരം മുന്നേറാന്‍ മത്സരിക്കുക, അവയുടെ സമൃദ്ധിയില്‍ മറ്റുള്ളവരുടെ മുന്നില്‍ ഊറ്റംകൊള്ളുക– ഈ ആശയങ്ങളെല്ലാം അതിന്റെ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അതുപോലെ أَلْهَاكُمُ എന്നതിന്റെ അഭിസംബോധിതരും പരിമിതമല്ല. എല്ലാ കാലത്തെയും എല്ലാ ജനങ്ങളും വ്യഷ്ടിഗതമായും സമഷ്ടിഗതമായും അതിന്റെ സംബോധിതരാകുന്നു. അതിന്റെ താല്‍പര്യം ഇപ്രകാരമാകുന്നു: കൂടുതല്‍ കൂടുതല്‍ ഭൗതികവിഭവങ്ങള്‍ ആര്‍ജിക്കാനും അതില്‍ പരസ്പരം മത്സരിക്കാനും മറ്റുള്ളവരോട് ഊറ്റംപറയാനുമുള്ള ഭ്രമമാണ് വ്യക്തികളെയും സമൂഹങ്ങളെയും ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതേപോലെ ഭൗതികവിഭവങ്ങള്‍ പെരുപ്പിക്കാനുള്ള ഭ്രമത്തിലാണ്ട ജനം അശ്രദ്ധമായി തള്ളിക്കളഞ്ഞിരിക്കുന്നത് എന്തു സംഗതിയാണെന്നും സ്പഷ്ടമാക്കിയിട്ടില്ല. അതുകൊണ്ട് അതിന്റെയും ആശയം അതിവിശാലമാണ്. അതിന്റെ താല്‍പര്യമിതാണ്: ആളുകള്‍ ഭൗതികവിഭവങ്ങളാര്‍ജിക്കുന്ന തിരക്കില്‍ ആപേക്ഷികമായി അതിനെക്കാള്‍ പ്രധാനമായ എല്ലാ സംഗതികളെയും അവഗണിച്ചിരിക്കുന്നു. അവര്‍ ദൈവബോധമില്ലാത്തവരായി. പരലോകവിചാരമില്ലാത്തവരായി. ധാര്‍മിക പരിധികളും ധാര്‍മിക ബാധ്യതകളും മറന്നുപോയി. അവകാശികളുടെ അവകാശങ്ങളെ സംബന്ധിച്ചും അവ വകവെച്ചുകൊടുക്കുന്നതിലുള്ള സ്വന്തം കര്‍ത്തവ്യങ്ങളെക്കുറിച്ചും അശ്രദ്ധരായി. ജീവിതനിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചാണവരുടെ ചിന്ത മുഴുവന്‍. മാനുഷിക നിലവാരം എന്തുമാത്രം താണുപോകുന്നുവെന്നതിനെക്കുറിച്ച് അവര്‍ക്കൊരു വിചാരവുമില്ല. അവര്‍ക്ക് കൂടുതല്‍ സമ്പത്തു വേണം. അത് ഏതു മാര്‍ഗത്തിലൂടെ നേടണമെന്നത് പ്രശ്‌നമേയല്ല. ജീവിതോല്ലാസത്തിന്റെയും ജഡികസുഖങ്ങളുടെയും സാമഗ്രികള്‍ അവര്‍ ഏറെയേറെ തേടിക്കൊണ്ടിരിക്കുന്നു. ഈ ആര്‍ത്തിയില്‍ മുങ്ങിപ്പോയവര്‍ ആ നിലപാടിന്റെ അനന്തരഫലത്തെക്കുറിച്ച് തികച്ചും അശ്രദ്ധരാണ്. ഏറ്റവുമധികം ശക്തിയും ഏറ്റവും വലിയ സൈന്യവും ഏറ്റവും വിപുലമായ ആയുധപ്പുരയും സജ്ജീകരിക്കുന്നതിനെക്കുറിച്ച് അവര്‍ നിരന്തരം ചിന്തിക്കുന്നു. ഇക്കാര്യത്തില്‍ ഓരോരുത്തരും മറ്റുള്ളവരെ മറികടക്കാന്‍ പാടുപെടുകയാണ്. ഇതൊക്കെയും ദൈവത്തിന്റെ ഭൂമിയെ അക്രമഭരിതമാക്കാനും മാനവികതയെ നശിപ്പിക്കാനുമുള്ള സജ്ജീകരണങ്ങളാണെന്ന വസ്തുത അവര്‍ ആലോചിക്കുന്നില്ല. ഇങ്ങനെ വ്യക്തികളെയും സമുദായങ്ങളെയും ഭൗതികനേട്ടങ്ങള്‍ക്കും സുഖങ്ങള്‍ക്കുമുപരി യാതൊന്നും ചിന്തിക്കാനാവാത്ത വിധം അവയില്‍ത്തന്നെ തളച്ചിടുന്ന تَكَاثُر (വികസനത്തി)ന് എണ്ണമറ്റ രൂപങ്ങളുണ്ട്.

2. അതായത്, നിങ്ങള്‍ ആയുസ്സ് മുഴുവന്‍ ഈ പ്രയത്‌നത്തില്‍ ഹോമിക്കുന്നു. അന്ത്യനിമിഷം വരെ നിങ്ങളീ വിചാരം വെടിയുകയില്ല.

3. അതായത്, ഭൗതിക വിഭവങ്ങളിലുള്ള സമൃദ്ധിയും അതില്‍ മറ്റുള്ളവരെക്കാള്‍ മുന്നേറുന്നതുംതന്നെയാണ് പുരോഗതിയും വിജയവുമെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍, പുരോഗതിയും വിജയവും ഒരിക്കലും അതല്ല. അടുത്ത് അതിന്റെ ദുഷ്ഫലം നിങ്ങള്‍ക്കു മനസ്സിലാകും. എത്ര വലിയ തെറ്റുകളിലാണ് നിങ്ങളുടെ ജീവിതം അര്‍പ്പിച്ചത് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയുകയും ചെയ്യും. അടുത്ത് എന്നതുകൊണ്ടുദ്ദേശ്യം പരലോകമാകാം. കാരണം, അനന്തവും അനാദിയുമായ കാലത്തെ ഉള്‍ക്കൊള്ളുന്ന ദൈവികദൃഷ്ടിയില്‍ കുറെ ആയിരമോ ലക്ഷമോ വര്‍ഷങ്ങള്‍ പോലും കാലത്തിന്റെ ചെറിയൊരു തുണ്ടേ ആകുന്നുള്ളൂ. എന്നാല്‍, ഇതിന്റെ ഉദ്ദേശ്യം മരണവുമാകാവുന്നതാണ്. അത് ഏതു മനുഷ്യനില്‍നിന്നും ഏറെ അകലെയല്ലല്ലോ. മരിച്ച ഉടനെത്തന്നെ, തന്റെ ജീവിതം എന്തില്‍ വിനിയോഗിച്ചിട്ടാണ് വന്നിരിക്കുന്നതെന്നും അത് തന്റെ വിജയത്തിനും സൗഭാഗ്യത്തിനുമുള്ള ഉപാധിയായിരുന്നുവോ അതല്ല, ദുഷ്പരിണതിക്കും പരാജയത്തിനുമുള്ള ഉപാധിയായിരുന്നുവോ എന്നും ഓരോ മനുഷ്യന്നും വ്യക്തമാകും.

4. ഈ വാക്യത്തില്‍ ‘പിന്നെ’ എന്ന പദത്തിനര്‍ഥം നരകത്തിലെറിയപ്പെട്ടശേഷം വിചാരണചെയ്യും എന്നല്ല. മറിച്ച്, ഈ അനുഗ്രഹങ്ങളെക്കുറിച്ച് ചോദിക്കപ്പെടുമെന്ന സംഗതി കൂടി പിന്നെ നാം നിങ്ങളെ അറിയിക്കുന്നു എന്നാണ്. ഈ ചോദ്യമുണ്ടാവുക ദൈവിക കോടതിയിലെ വിചാരണവേളയിലാണെന്നു വ്യക്തം. അല്ലാഹു അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് വിശ്വാസികളും അവിശ്വാസികളുമായ എല്ലാ മനുഷ്യരും വിചാരണചെയ്യപ്പെടുമെന്ന് നബി(സ)യില്‍നിന്ന് നിരവധി ഹദീസുകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അനുഗ്രഹങ്ങളോട് കൃതഘ്‌നരാവാതെ നന്ദിയുള്ളവരായി വര്‍ത്തിച്ചവര്‍ ഈ വിചാരണയില്‍ വിജയം നേടുമെന്നതും മറ്റൊരു കാര്യമാണ്. ദൈവാനുഗ്രഹങ്ങളോടുള്ള ബാധ്യത നിറവേറ്റാതെ, വാക്കുകൊണ്ടോ കര്‍മംകൊണ്ടോ അല്ലെങ്കില്‍ രണ്ടും കൊണ്ടോ കൃതഘ്‌നരായി വര്‍ത്തിച്ചവര്‍ ആ വിചാരണയില്‍ തോറ്റുപോവുകയും ചെയ്യും.

നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു = أَلْهَاكُمُ
പരസ്പരം പെരുമനടിക്കല്‍ = التَّكَاثُرُ
നിങ്ങള്‍ സന്ദര്‍ശിക്കും വരെ = حَتَّىٰ زُرْتُمُ
ശവക്കുഴികള്‍ = الْمَقَابِرَ
സംശയം വേണ്ടാ = كَلَّا
വഴിയെ നിങ്ങളറിയും = سَوْفَ تَعْلَمُونَ
വീണ്ടും സംശയം വേണ്ടാ = ثُمَّ كَلَّا
വഴിയെ നിങ്ങളറിയും = سَوْفَ تَعْلَمُونَ
വേണ്ടാ = كَلَّا
നിങ്ങള്‍ അറിയുകയാണെങ്കില്‍ = لَوْ تَعْلَمُونَ
അറിവ് = عِلْمَ
ദൃഢമായ = الْيَقِينِ
നിങ്ങള്‍ കാണുകതന്നെ ചെയ്യും = لَتَرَوُنَّ
നരകത്തെ = الْجَحِيمَ
പിന്നെ = ثُمَّ
നിങ്ങള്‍ ഉറപ്പായും അതിനെ (നരകത്തെ) കാണുകതന്നെ ചെയ്യും = لَتَرَوُنَّهَا
ഉറപ്പായ കണ്‍കാഴ്ച = عَيْنَ الْيَقِينِ
പിന്നെ = ثُمَّ
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും = لَتُسْأَلُنَّ
അന്ന് = يَوْمَئِذٍ
സുഖാനുഗ്രഹങ്ങളെപ്പറ്റി = عَنِ النَّعِيمِ

Add comment

Your email address will not be published. Required fields are marked *