അല്‍ അസ്വര്‍ – സൂക്തങ്ങള്‍: 1-3

പ്രഥമ സൂക്തത്തിലെ العَصْر എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

മുജാഹിദും ഖതാദയും മുഖാതിലും ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മുഫസ്സിറുകളില്‍ ബഹുഭൂരിപക്ഷവും ഇത് മക്കിയാണെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നതും മക്കിയാണെന്നുതന്നെയാണ്. മക്കയില്‍ത്തന്നെ, ഇസ്‌ലാമികാധ്യാപനങ്ങള്‍, ശ്രോതാക്കള്‍ മറക്കണമെന്ന് വിചാരിച്ചാലും മറക്കാനാവാത്തതും സ്വയമേവ അവരുടെ നാവുകളില്‍ തത്തിക്കളിക്കുന്നതും മനസ്സില്‍ ആഞ്ഞുതറയ്ക്കുന്നതുമായ കൊച്ചുവാക്യങ്ങളിലൂടെ അവതരിപ്പിച്ചിരുന്ന ആദ്യനാളുകളില്‍.

സമഗ്രവും സംക്ഷിപ്തവുമായ ഡയലോഗിന്റെ നിസ്തുല മാതൃകയാണീ സൂറ. അളന്നു മുറിച്ച പദങ്ങളില്‍ ആശയങ്ങളുടെ ഒരു ലോകംതന്നെ അവതരിപ്പിച്ചിരിക്കുകയാണിതില്‍. അതിന്റെ വിശദീകരണം ഒരു ഗ്രന്ഥത്തില്‍ പോലും ഒതുക്കുക പ്രയാസകരമാകുന്നു. മനുഷ്യന്റെ വിജയമാര്‍ഗമേതെന്നും നാശമാര്‍ഗമേതെന്നും ഇതില്‍ കുറിക്കുകൊള്ളുന്ന ശൈലിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. മനുഷ്യര്‍ ഈ സൂറ ആഴത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍ ഇതുതന്നെ മതി അവരുടെ സന്മാര്‍ഗപ്രാപ്തിക്ക് എന്ന് ഇമാം ശാഫിഈ ഈ പറഞ്ഞത് വളരെ ശരിയാണ്. സ്വഹാബത്തിന്റെ ദൃഷ്ടിയില്‍ ഈ സൂറ എന്തുമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന് ത്വബ്‌റാനി ഉദ്ധരിച്ച ഒരു നിവേദനത്തില്‍നിന്ന് വ്യക്തമാകുന്നു. അബ്ദുല്ലാഹിബ്‌നു ഹിസ്വ്‌നിദ്ദാരിമി അബൂമദീനയുടെ പ്രസ്തുത നിവേദനപ്രകാരം, രണ്ടു പ്രവാചകശിഷ്യന്മാര്‍ കണ്ടുമുട്ടിയാല്‍ ഒരാള്‍ മറ്റേയാളെ സൂറ അല്‍അസ്വ്‌ര്‍ കേള്‍പ്പിക്കാതെ പിരിഞ്ഞുപോകാറില്ലായിരുന്നു.

وَٱلْعَصْرِ﴿١﴾ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ﴿٢﴾ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ﴿٣﴾


(1-3) കാലമാണ, മനുഷ്യന്‍ മഹാ നഷ്ടത്തിലാകുന്നു– സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും പരസ്പരം സത്യമുദ്‌ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച്1 .

1. മനുഷ്യന്‍ മഹാ നഷ്ടത്തിലാണെന്നും ഈ നഷ്ടത്തില്‍നിന്നു മുക്തരാകുന്നവര്‍ നാലു ഗുണങ്ങളാര്‍ജിച്ചവര്‍ മാത്രമാണെന്നുമാണ് ഈ സൂറയില്‍ കാലത്തെപ്പിടിച്ചാണയിട്ടു പ്രസ്താവിക്കുന്നത്. 1) സത്യവിശ്വാസം, 2) സല്‍ക്കര്‍മം, 3) തമ്മില്‍തമ്മില്‍ സത്യം ഉപദേശിക്കുക, 4) തമ്മില്‍തമ്മില്‍ ക്ഷമയുപദേശിക്കുക എന്നിവയാണാ ചതുര്‍ഗുണങ്ങള്‍. ഈ വചനത്തിന്റെ പൂര്‍ണമായ ആശയം ഗ്രഹിക്കാന്‍ ഇവയിലോരോന്നിനെയും വെവ്വേറെയെടുത്തു വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. സത്യമൊഴിയെ സംബന്ധിച്ചേടത്തോളം നാം ഇതിനുമുമ്പേ ഒരു കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. അല്ലാഹു ഏതെങ്കിലും ഒരു സൃഷ്ടിയെ പിടിച്ചാണയിടുക, അതിന്റെ മഹത്ത്വവും മികവും അതിശയങ്ങളും ആസ്പദമാക്കിയല്ലെന്നും മറിച്ച്, അത് അല്ലാഹു സ്ഥാപിക്കാനുദ്ദേശിക്കുന്ന കാര്യത്തിനു തെളിവാകുന്നതുകൊണ്ടാണെന്നും ഉള്ള സംഗതിയാണത്. അതിനാല്‍, ഉപരിസൂചിതമായ ചതുര്‍ഗുണങ്ങള്‍ കാണപ്പെടുന്നവരല്ലാത്ത ആ മനുഷ്യരെല്ലാം മഹാനഷ്ടത്തിലാണെന്ന വസ്തുതയെ കാലം സാക്ഷ്യപ്പെടുത്തുന്നു എന്നാണ് കാലത്തെ പിടിച്ചാണയിട്ടതിന്റെ താല്‍പര്യം. കാലം എന്ന വാക്ക് കഴിഞ്ഞുപോയ കാലത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നു. കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിക്കാനും ഉപയോഗിക്കുന്നു. അതില്‍ വര്‍ത്തമാനകാലം ഒരു ദീര്‍ഘവേളയുടെ പേരായിരിക്കുകയില്ല. ഓരോ നിമിഷവും പിന്നിട്ട് ഭൂതകാലമായി മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷവും വന്ന് ഭാവിയെ വര്‍ത്തമാനവും വര്‍ത്തമാനത്തെ ഭൂതവുമാക്കിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കേവലകാലത്തെ സാക്ഷിയാക്കിയാണ് സത്യം ചെയ്തിരിക്കുന്നത്. അതുകൊണ്ട് അതിന്റെ ആശയത്തില്‍ രണ്ടുതരം കാലവും ഉള്‍പ്പെടുന്നു. മുന്‍പറഞ്ഞ ഗുണങ്ങളില്‍നിന്ന് മുക്തരായ ഏതു ജനവും ഒടുവില്‍ നഷ്ടത്തില്‍ പതിച്ചുപോയിട്ടുണ്ടെന്ന് മനുഷ്യചരിത്രം സാക്ഷ്യപ്പെടുത്തുന്നുവെന്നാണ് കഴിഞ്ഞുപോയ കാലത്തെ പിടിച്ചാണയിടുന്നതിന്റെ താല്‍പര്യം. കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന കാലത്തെപ്പിടിച്ചാണയിടുന്നതിന്റെ താല്‍പര്യം ഗ്രഹിക്കുന്നതിന് ഇക്കാര്യം നന്നായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്: ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമയം യഥാര്‍ഥത്തില്‍ ഓരോരോ വ്യക്തിക്കും ഓരോരോ സമുദായത്തിനും ഈ ലോകത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട സമയമാകുന്നു. വിദ്യാര്‍ഥിക്ക് പരീക്ഷാഹാളില്‍ ഉത്തരമെഴുതാന്‍ അനുവദിക്കപ്പെടുന്ന അവസരത്തോട് അതിനെ ഉപമിക്കാം. കുറച്ചുനേരം സ്വന്തം വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ശ്രദ്ധിച്ചാല്‍ എത്ര വേഗത്തിലാണ് ഈ സമയം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് സ്വയം മനസ്സിലാകുന്നതാണ്. എന്നാലോ, ഒരു സെക്കന്റുപോലും സമയത്തിന്റെ വളരെ വലിയൊരു പരിമാണമാണ്. ഈയൊരു സെക്കന്റുകൊണ്ടാണ് പ്രകാശം ഒരു ലക്ഷത്തി എണ്‍പതിനായിരം മൈല്‍ ദൂരം സഞ്ചരിക്കുന്നത്. അല്ലാഹുവിന്റെ ദൈവിക സാമ്രാജ്യത്തില്‍ ഇതിനെക്കാള്‍ വേഗമുള്ള, ഇനിയും നമ്മുടെ അറിവില്‍ പെട്ടിട്ടില്ലാത്ത വസ്തുക്കളുമുണ്ടാവാം. സമയസഞ്ചാരത്തിന്റെ വേഗം, ഘടികാരത്തിലെ സെക്കന്റ് സൂചിയുടെ ചലനത്തിലൂടെ നമുക്ക് ദൃശ്യമാകുന്നതെന്താണോ അതുതന്നെയാണെന്നു മനസ്സിലാക്കിയെന്നിരിക്കട്ടെ, നാം ചെയ്യുന്ന നന്മയും തിന്മയും നാം ഏര്‍പ്പെടുന്ന ഏതു കാര്യവും എല്ലാംതന്നെ നമുക്ക് ഈ ലോകത്ത് പ്രവര്‍ത്തിക്കാന്‍ നല്‍കപ്പെട്ടിട്ടുള്ള പരിമിതമായ ആയുഷ്‌കാലത്തില്‍ത്തന്നെ സംഭവിക്കുന്നതാണെന്ന് അറിയുന്നുവെന്നുമിരിക്കട്ടെ, എങ്കില്‍ നമ്മുടെ അടിസ്ഥാന മൂലധനം, അതിവേഗം കൈവിട്ടു പോയ്‌ക്കൊണ്ടിരിക്കുന്ന ഈ സമയംതന്നെയാണെന്ന് നമുക്ക് സ്വയം ബോധ്യപ്പെടുന്നതാണ്.

കാലമാണ് സത്യം/സാക്ഷി = وَالْعَصْرِ
തീര്‍ച്ചയായും മനുഷ്യന്‍ = إِنَّ الْإِنسَانَ
നഷ്ടത്തില്‍ തന്നെയാണ് = لَفِي خُسْرٍ
വിശ്വസിച്ചവരൊഴികെ = إِلَّا الَّذِينَ آمَنُوا
പ്രവര്‍ത്തിച്ചവരും = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
പരസ്പരം ഉപദേശിച്ചവരും = وَتَوَاصَوْا
സത്യം = بِالْحَقِّ
പരസ്പരം ഉപദേശിച്ചവരും = وَتَوَاصَوْا
ക്ഷമപാലിക്കാന്‍ = بِالصَّبْرِ

Add comment

Your email address will not be published. Required fields are marked *