അല്‍ ഹുമസ – സൂക്തങ്ങള്‍: 1-9

പ്രഥമ സൂക്തത്തിലുള്ള هُمَزَة എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

ജാഹിലിയ്യാ സമൂഹത്തിലെ ധനപൂജകരായ സമ്പന്നരില്‍ കണ്ടുവന്നിരുന്ന ചില ധാര്‍മിക ദൂഷ്യങ്ങളെ ആക്ഷേപിച്ചിരിക്കുകയാണിതില്‍. ആ തിന്മകള്‍ തങ്ങളുടെ സമൂഹത്തില്‍ നടമാടുന്നതായി ഓരോ അറബിക്കും അറിയാമായിരുന്നതാണ്. അവ തിന്മകള്‍തന്നെയാണെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അതൊക്കെ നല്ലതാണെന്ന വിചാരം ആര്‍ക്കുമുണ്ടായിരുന്നില്ല. ആ ജുഗുപ്‌സാവഹമായ ചെയ്തികള്‍ എടുത്തുകാണിച്ചശേഷം അവ അനുവര്‍ത്തിക്കുന്നവരുടെ പാരത്രിക പര്യവസാനം എന്തായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുകയാണ്. അത്തരം നടപടികളുടെ അനന്തരഫലം അതുതന്നെയാണ് ആയിരിക്കേണ്ടത് എന്ന ബോധത്തില്‍ അനുവാചക മനസ്സ് സ്വയം എത്തിച്ചേരുന്ന രീതിയിലാണ് ഈ രണ്ടു കാര്യങ്ങളും (ആ ചെയ്തികളും അവയുടെ പാരത്രിക പര്യവസാനവും) വിവരിച്ചിട്ടുള്ളത്. ഈ വക തിന്മകളനുവര്‍ത്തിക്കുന്നവര്‍ ഭൗതികലോകത്ത് ഒരു ശിക്ഷയുമനുഭവിക്കാതെ സുഖിച്ചു മദിക്കുന്നതായി കാണപ്പെടുന്നതിനാല്‍ പരലോകത്തെങ്കിലും തീര്‍ച്ചയായും അതനുഭവിക്കേണ്ടത് അനിവാര്യമാണെന്ന് ചിന്താശക്തിയുള്ളവര്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. ഈ സൂറയെ, സൂറ അസ്സില്‍സാല്‍ മുതല്‍ ഇതുവരെയുള്ള സൂറകളുടെ നിരയില്‍വെച്ചു പരിശോധിച്ചാല്‍ മക്കയിലെ ആദ്യനാളുകളില്‍ ഇസ്‌ലാമികാദര്‍ശങ്ങളും അതിന്റെ ധാര്‍മികാധ്യാപനങ്ങളും ഏതു രീതിയിലാണ് ജനങ്ങളെ ഗ്രഹിപ്പിച്ചിരുന്നതെന്ന് നമുക്കു വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. സൂറ അസ്സില്‍സാലില്‍ പറഞ്ഞു: പരലോകത്ത് മനുഷ്യന്റെ കര്‍മരേഖകളത്രയും അവന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. ഇഹലോകത്ത് അവനില്‍നിന്നുണ്ടായ അണുഅളവ് നന്മയോ തിന്മയോ അതില്‍നിന്നു വിട്ടുപോയിട്ടുണ്ടാവില്ല. സൂറ അല്‍ആദിയാത്തില്‍, അറബികള്‍ക്കിടയില്‍ സര്‍വത്ര നടമാടിയിരുന്ന കൊള്ളയും കവര്‍ച്ചയും കൊലയും സംഘട്ടനങ്ങളും സൂചിപ്പിച്ചിരിക്കുന്നു. പിന്നെ ദൈവത്തിങ്കല്‍നിന്നു ലഭിച്ച കഴിവുകളെ ഈവിധം വിനിയോഗിക്കുന്നത് ഗുരുതരമായ നന്ദികേടാണെന്ന ബോധമുണര്‍ത്തിയ ശേഷം ജനങ്ങളോടു പറയുന്നു: ഈ നടപടികളൊന്നും ഈ ലോകംകൊണ്ട് അവസാനിച്ചുപോകുന്നില്ല. മരണാനന്തര ജീവിതത്തില്‍ നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമല്ല, അവക്കു പിന്നിലുള്ള ഉദ്ദേശ്യങ്ങള്‍ പോലും കണിശമായി പരിശോധിക്കപ്പെടുന്നതാണ്. ആര്, എന്തു സമീപനമര്‍ഹിക്കുന്നുവെന്ന് നിങ്ങളുടെ റബ്ബിന് നന്നായറിയാം. സൂറ അല്‍ഖാരിഅയില്‍ അന്ത്യനാളിനെ വര്‍ണിച്ചശേഷം മനുഷ്യരോടുണര്‍ത്തുന്നു: പരലോകത്ത് മനുഷ്യന്റെ പരിണതി നല്ലതോ ചീത്തയോ ആകുന്നത് അവന്റെ നന്മകളുടെ തട്ട് ഭാരിച്ചതോ ഭാരശൂന്യമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സൂറ അത്തകാസുറില്‍, ആളുകളെ അന്ത്യശ്വാസംവരെ പരസ്പരം മത്സരിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ ഐഹികലാഭങ്ങളും സുഖാഡംബരങ്ങളും സ്ഥാനമാനങ്ങളും വാരിക്കൂട്ടാന്‍ ത്വരിപ്പിക്കുന്ന ഭൗതികപൂജാപരമായ മാനസികാവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നു. തുടര്‍ന്ന് ഈ പ്രജ്ഞാശൂന്യതയുടെ അനന്തരഫലം ഇപ്രകാരമായിരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു: ഈ ലോകം, ആര്‍ക്കും എങ്ങനെ വേണമെങ്കിലും എത്ര വേണമെങ്കിലും കൈയിട്ടുവാരാവുന്ന ഒരനാഥക്കുടമൊന്നുമല്ല. ഇവിടെ ലഭിക്കുന്ന ഓരോ അനുഗ്രഹത്തിനും നിങ്ങളതെങ്ങനെ ആര്‍ജിച്ചുവെന്നും, ആര്‍ജിച്ചത് എങ്ങനെയൊക്കെയാണ് വിനിയോഗിച്ചതെന്നും നിങ്ങള്‍ റബ്ബിനോട് ഉത്തരം പറയേണ്ടതുണ്ട്. സൂറ അല്‍അസ്വ്‌റില്‍ തികച്ചും അസന്ദിഗ്ധമായ ശൈലിയില്‍ പ്രസ്താവിക്കുന്നു: മനുഷ്യവംശത്തിലെ ഓരോ വ്യക്തിയും ഓരോ സമുദായവും, അങ്ങനെ മുഴുവന്‍ മാനുഷ്യകവും മഹാനഷ്ടത്തിലകപ്പെടുന്നു–അതിലെ അംഗങ്ങള്‍ സത്യം വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ചെയ്യുകയും അവരുടെ സമൂഹത്തില്‍ പരസ്പരം സത്യമുപദേശിക്കുകയും ക്ഷമയും സഹനവും പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍. അനന്തരം സൂറ അല്‍ഹുമസയില്‍ ജാഹിലിയ്യാ നേതൃത്വത്തിന്റെ പ്രകടമായ ചില ദുശ്ശീലങ്ങള്‍–അത്തരം ദുശ്ശീലങ്ങളനുവര്‍ത്തിക്കുന്നവര്‍ നഷ്ടത്തിലകപ്പെടാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കുന്നതുപോലെ–ജനങ്ങളുടെ മുന്നില്‍ എടുത്തുകാട്ടിയിരിക്കുകയാണ്.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ﴿١﴾ الَّذِي جَمَعَ مَالًا وَعَدَّدَهُ ﴿٢﴾ يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ﴿٣﴾ كَلَّاۖ لَيُنبَذَنَّ فِي الْحُطَمَةِ ﴿٤﴾ وَمَا أَدْرَاكَ مَا الْحُطَمَةُ ﴿٥﴾ نَارُ اللَّهِ الْمُوقَدَةُ ﴿٦﴾ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ﴿٧﴾ إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾ فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾


(1-9) ആളുകളെ മുഖത്തുനോക്കി അധിക്ഷേപിക്കുന്നതും (മറഞ്ഞുനിന്ന്) കുറ്റം പറയുന്നതും ശീലമാക്കിയവര്‍1 ക്കൊക്കെയും മഹാനാശം. അവര്‍ ധനം കുന്നുകൂട്ടുകയും എണ്ണിയെണ്ണി സൂക്ഷിക്കുകയും2 ചെയ്യുന്നു. ആ ധനം എന്നെന്നും തന്റെ കൈയിലിരിക്കുമെന്നാണവന്റെ വിചാരം.3 ഒരിക്കലുമില്ല. അവന്‍ തീര്‍ച്ചയായും ഇടിച്ചുടക്കുന്നിടത്തേക്ക്4 വലിച്ചെറിയപ്പെടുന്നതാകുന്നു.5 ഇടിച്ചുടക്കുന്നിടം എന്തെന്നു നിനക്കെന്തറിയാം? അല്ലാഹുവിന്റെ അഗ്നി;6 അത്യുഗ്രമായി കത്തിക്കപ്പെട്ടത്. ഹൃദയങ്ങളിലോളം ആളിപ്പടരുന്നത്.7 അത് അവരുടെ മേല്‍ അടച്ചുപൂട്ടപ്പെടുന്നു.8(അവരോ) ഉയര്‍ന്ന സ്തംഭങ്ങളില്‍ (കെട്ടിയിടപ്പെട്ടിരിക്കും)9 .

1. هُمزَةٍ لُّمَزَة എന്നാണ് മൂലപദങ്ങള്‍. അറബിഭാഷയില്‍ هَمُز -ഉം لَمُز -ഉം ആശയപരമായി വളരെ അടുപ്പമുള്ള പദങ്ങളാകുന്നു. ചിലപ്പോള്‍ രണ്ടും പര്യായപദങ്ങളായി ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ രണ്ടിനുമിടയില്‍ വ്യത്യാസമുണ്ടായിരിക്കും. പക്ഷേ, വ്യത്യാസം ഏതാണ്ടിങ്ങനെയാണ്: ഭാഷാ പണ്ഡിതന്മാരില്‍ ചിലര്‍ هَمُز ന് കല്‍പിക്കുന്ന അതേ അര്‍ഥമാണ് മറ്റുചിലര്‍ لَمُز ന് കല്‍പിക്കുന്നത്. നേരെമറിച്ച്, ചിലര്‍ لَمُز ന് കല്‍പിക്കുന്ന അതേ അര്‍ഥം മറ്റുചിലര്‍ هَمُز-നും കല്‍പിക്കുന്നു. ഇവിടെ هُمزَةٍ لُّمَزَة എന്ന രണ്ടു പദങ്ങളും ഒന്നിച്ചു വന്നതിനാല്‍ രണ്ടും ചേര്‍ന്നു നല്‍കുന്ന അര്‍ഥം ഇതാണ്: അയാളുടെ സ്വഭാവംതന്നെ മറ്റുള്ളവരെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതായിത്തീര്‍ന്നിരിക്കുന്നു. ചിലരെ നോക്കി വിരല്‍ചൂണ്ടുകയും കണ്ണിട്ടുകാണിക്കുകയും ചെയ്യുക. ചിലരുടെ കുലീനതയെ അവഹേളിക്കുക. ചിലരെ തേജോവധം ചെയ്യുക, ചിലരെ മുഖത്തുനോക്കി ഭര്‍ത്സിക്കുക, ചിലരെ പിന്നില്‍നിന്ന് ദ്രോഹിക്കുക, ഏഷണി പരത്തിയും ഭിന്നിപ്പിന്റെ വിത്തുകള്‍ പാകിയും സുഹൃദ് ജനത്തെ തമ്മില്‍ തല്ലിക്കുക, സഹോദരന്മാരെ പരസ്പരം പിണക്കുക, ആളുകള്‍ക്ക് മോശപ്പെട്ട കുറ്റപ്പേരുകളിടുക, അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുക എന്നിവയെല്ലാം ഈ പദങ്ങളുടെ അര്‍ഥപരിധിയില്‍ പെടുന്നു.

2. പ്രഥമ വാക്യത്തിനുശേഷമുള്ള ഈ ദ്വിതീയ വാക്യത്തില്‍നിന്ന് ഈ നിന്ദയും പുച്ഛവും അവര്‍ സ്വന്തം സമ്പന്നതയില്‍ വഞ്ചിതരായതിന്റെ ഫലമാണെന്ന അര്‍ഥം സ്വയം പ്രകാശിതമാകുന്നു. ധനം ശേഖരിക്കുന്നതിനെ കുറിക്കുന്ന جَمَعَ مَالاً എന്ന വാക്ക് സമ്പല്‍സമൃദ്ധി എന്ന ആശയത്തെ ധ്വനിപ്പിക്കുന്നതാണ്. പിന്നെ എണ്ണിയെണ്ണിവെക്കുക എന്ന വാക്ക് അയാളുടെ ലുബ്ധിനെയും ധനപൂജയെയും ചിത്രീകരിക്കുന്നു.

3. ‘തന്റെ ധനം തന്നെ ചിരഞ്ജീവിയാക്കുമെന്ന് അവന്‍ കരുതുന്നു’ എന്ന് മറ്റൊരര്‍ഥവുമാകാം. അതായത്, സമ്പത്ത് വാരിക്കൂട്ടുന്നതിലും അത് എണ്ണിത്തിട്ടപ്പെടുത്തിവെക്കുന്നതിലും നിമഗ്നനായി അവന്‍ മരണവിചാരമില്ലാത്തവനായിരിക്കുന്നു. ഒരുനാള്‍ ഇതെല്ലാം ഉപേക്ഷിച്ച് വെറുംകൈയോടെ ഈ ലോകത്തോട് വിടപറയേണ്ടിവരുമെന്ന് അവന്‍ ഒരിക്കലും ഓര്‍ക്കുന്നില്ല.

4. الحُطَمَة എന്നാണ് മൂലപദം. حُطُم എന്ന പദത്തില്‍നിന്നുദ്ഭവിച്ചതാണിത്. മുറിയുക, തകരുക, ഛിന്നഭിന്നമാവുക എന്നൊക്കെയാണ് حُطُم ന്റെ അര്‍ഥം. നരകത്തിലെറിയപ്പെടുന്നതെന്തും അതിന്റെ അഗാധതയും അഗ്നിയും മൂലം പൊട്ടിപ്പൊളിഞ്ഞുപോകുന്നതുകൊണ്ടാണ് നരകത്തെ الحُطَمَة എന്നു വിശേഷിപ്പിച്ചത്.

5. لَيُنْبَذَنَّ എന്നാണ് മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. ഒരു വസ്തു നിഷ്ഫലവും നിസ്സാരവുമായി കരുതി എറിഞ്ഞുകളയുന്നതിന് അറബിഭാഷയില്‍ نَبذ എന്നു പറയുന്നു. സമ്പല്‍സമൃദ്ധിയുടെ പേരില്‍ ഈ ലോകത്തിലെ വന്‍തോക്കുകളായി സ്വയം കരുതുന്നവര്‍ അന്ത്യനാളില്‍ നിസ്സാരരായി നരകത്തിലെറിഞ്ഞുകളയപ്പെടുമെന്ന ആശയമാണിത് പ്രകാശിപ്പിക്കുന്നത്.

6. ഖുര്‍ആന്‍ ഈ സന്ദര്‍ഭത്തിലല്ലാതെ മറ്റൊരിടത്തും നരകാഗ്നിയെ അല്ലാഹുവിന്റെ അഗ്നി എന്നു പറഞ്ഞിട്ടില്ല. ഇവിടെ അതിനെ അല്ലാഹുവിലേക്ക് ചേര്‍ത്തുപറഞ്ഞതില്‍നിന്ന് അതിന്റെ ഭയാനകത മാത്രമല്ല പ്രകടമാകുന്നത്, അതോടൊപ്പം ഭൗതികനേട്ടങ്ങളാര്‍ജിച്ചതിന്റെ പേരില്‍ അഹന്തരും വഞ്ചിതരുമായിപ്പോകുന്നവരെ അല്ലാഹു എത്ര കടുത്ത വെറുപ്പോടെയും കോപത്തോടെയുമാണ് കാണുന്നതെന്നുകൂടി പ്രകടമാകുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ എറിയപ്പെടുന്ന അഗ്നിയെ തന്റെ അഗ്നിയെന്ന് അവന്‍ പ്രത്യേകം എടുത്തുപറഞ്ഞത്.

7. تَطَّلِعُ عَلَى الأَفْئِدَة എന്നാണ് മൂലവാക്യം. إِطْلاَع എന്ന വാക്കില്‍നിന്നുള്ളതാണ് تَطَّلِعُ എന്ന പദം. കയറുക, മുകളിലെത്തുക എന്നാണ് അതിന്റെ ഒരര്‍ഥം. ബോധോദയമുണ്ടാവുക, വിവരം കിട്ടുക എന്നാണ് മറ്റൊരര്‍ഥം. فُؤَاد ന്റെ ബഹുവചനമാണ് أَفْئِدَة. ഹൃദയം എന്നാണതിനര്‍ഥം. എന്നാല്‍, മാറിനകത്ത് സ്പന്ദിച്ചുകൊണ്ടിരിക്കുന്ന അവയവത്തെ കുറിക്കാന്‍ ഈ പദം ഉപയോഗിക്കാറില്ല. മനുഷ്യന്റെ വിചാര-വികാരങ്ങളുടെയും വിജ്ഞാന-വിശ്വാസങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും കേന്ദ്രമായ സ്ഥാനത്തെ കുറിക്കുന്ന പദമാണിത്. മനസ്സുകളിലോളം അഗ്നിയെത്തുക എന്നതിന്റെ ഒരു താല്‍പര്യമിതാണ്: മനുഷ്യന്റെ ദുഷിച്ച വിചാര-വികാരങ്ങളുടെയും ദുഷ്ടവിശ്വാസങ്ങളുടെയും മ്ലേച്ഛമോഹങ്ങളുടെയും അധമലക്ഷ്യങ്ങളുടെയും ദുരുദ്ദേശ്യങ്ങളുടെയും കേന്ദ്രസ്ഥാനം വരെ ആ അഗ്നി എത്തുന്നതാണ്. മറ്റൊരു താല്‍പര്യം ഇങ്ങനെയാണ്: ആ ദൈവികാഗ്നി ഭൗതികാഗ്നിപോലെ അന്ധമായതായിരിക്കുകയില്ല. അര്‍ഹരെയും അനര്‍ഹരെയും ഒരുപോലെ ചാമ്പലാക്കുന്നതല്ല അത്. പാപിയുടെ അന്തരാളത്തില്‍ കടന്നുചെന്ന് അവന്റെ പാപത്തിന്റെ സ്വഭാവം മനസ്സിലാക്കുകയും ഓരോരുത്തരെയും അര്‍ഹതയനുസരിച്ച് ശിക്ഷിക്കുകയും ചെയ്യുന്ന അഗ്നിയാണത്.

8. അതായത്, നരകത്തില്‍ പാപികളെ എറിഞ്ഞിട്ട് മീതെനിന്ന് അടച്ചിടുന്നതാണ്. വാതിലുകളിരിക്കട്ടെ, ഒരു ദ്വാരം പോലും എവിടെയും തുറന്നുകിടക്കുകയില്ല.

9. فِى عَمَدٍ مُّمَدَّدَة എന്ന വാക്കിന് പല അര്‍ഥങ്ങളാകാവുന്നതാണ്. ഒന്ന്: നരകത്തിന്റെ വാതിലുകള്‍ അടച്ചശേഷം അതിന്മേല്‍ ഉയര്‍ന്ന തൂണുകളുറപ്പിക്കും. രണ്ട്: ഈ പാപികള്‍ ഉയരമുള്ള തൂണുകളില്‍ കെട്ടിയിടപ്പെടുന്നതാണ്. മൂന്നാമത്തെ അര്‍ഥമായി ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചു: ആ അഗ്നിയുടെ ജ്വാലകള്‍ ഉയര്‍ന്ന സ്തംഭങ്ങള്‍പോലെ പൊങ്ങിക്കൊണ്ടിരിക്കും.

കാലമാണ് സത്യം/സാക്ഷി = وَالْعَصْرِ
നാശം = وَيْلٌ
എല്ലാവര്‍ക്കും = لِّكُلِّ
കുത്തുവാക്ക് പറയുന്ന = هُمَزَةٍ
അവഹേളിക്കുന്നവനുമായ = لُّمَزَةٍ
ശേഖരിച്ചുവെച്ച = الَّذِي جَمَعَ
ധനം = مَالًا
അവന്‍ അതിനെ എണ്ണിക്കണക്കാക്കുകയും ചെയ്തു = وَعَدَّدَهُ
അവന്‍ കരുതുന്നു = يَحْسَبُ
നിശ്ചയം, തന്റെ ധനം = أَنَّ مَالَهُ
തന്നെ അനശ്വരനാക്കിയെന്ന് = أَخْلَدَهُ
വേണ്ട = كَلَّاۖ
അവന്‍ എറിയപ്പെടുകതന്നെ ചെയ്യും = لَيُنبَذَنَّ
ഹുത്വമയില്‍ = فِي الْحُطَمَةِ
എന്ത്? = وَمَا
നിനക്ക് അറിവുനല്‍കി = أَدْرَاكَ
ഹുത്വമഃ എന്താണെന്ന് = مَا الْحُطَمَةُ
അല്ലാഹുവിന്റെ അഗ്നി = نَارُ اللَّهِ
കത്തിക്കപ്പെട്ട = الْمُوقَدَةُ
കയറിച്ചെല്ലുന്ന = الَّتِي تَطَّلِعُ
ഹൃദയങ്ങളിലേക്ക് = عَلَى الْأَفْئِدَةِ
നിശ്ചയം, അത് = إِنَّهَا
അവരുടെ മേല്‍ = عَلَيْهِم
അടച്ചുമൂടപ്പെടുന്നതാകുന്നു = مُّؤْصَدَةٌ
സ്തംഭങ്ങളില്‍ = فِي عَمَدٍ
നീട്ടിയുണ്ടാക്കപ്പെട്ട = مُّمَدَّدَةٍ

Add comment

Your email address will not be published. Required fields are marked *