അല്‍ ഫീല്‍ – സൂക്തങ്ങള്‍: 1-5

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള أصْحَابُ الْفِيل എന്ന വാക്കില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണീ സൂറയുടെ നാമം.

ഈ സൂറ മക്കയില്‍ അവതരിച്ചതാണെന്ന കാര്യം ഏകകണ്ഠമാകുന്നു. ചരിത്രപശ്ചാത്തലം മുന്നില്‍വെച്ച് പരിശോധിച്ചുനോക്കിയാല്‍ മക്കയിലെ ആദ്യനാളുകളിലായിരിക്കണം ഇതിന്റെയും അവതരണമെന്ന് മനസ്സിലാകുന്നതാണ്.

അല്ലാഹു ഈ സൂറയില്‍ ഇത്ര സംക്ഷിപ്തമായി, ആനപ്പടക്കു ഭവിച്ച ദൈവശിക്ഷയെ മാത്രം പരാമര്‍ശിച്ചു മതിയാക്കിയതെന്തുകൊണ്ടാണെന്ന് നന്നായി മനസ്സിലാക്കാം. സംഭവം ഏറെ പുരാതനമായിരുന്നില്ല. മക്കയിലെ കുട്ടികള്‍ക്കു പോലും അതറിയാമായിരുന്നു. അറബികള്‍ക്ക് പൊതുവില്‍ അതു സുപരിചിതവുമായിരുന്നു. അബ്‌റഹത്തിന്റെ ആക്രമണത്തില്‍നിന്ന് കഅ്ബയെ രക്ഷിച്ചത് ഏതെങ്കിലും ദേവനോ ദേവിയോ അല്ലെന്നും പ്രത്യുത, അല്ലാഹു മാത്രമാണെന്നും അറബികളെല്ലാം സമ്മതിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിനോടുതന്നെയായിരുന്നു ഖുറൈശി പ്രമാണിമാര്‍ സഹായം തേടി പ്രാര്‍ഥിച്ചത്. കുറച്ചു കൊല്ലങ്ങളോളം ഈ സംഭവത്താല്‍ ഖുറൈശി പ്രമാണിമാര്‍ വല്ലാതെ സ്വാധീനിക്കപ്പെട്ടു. അവര്‍ അല്ലാഹുവല്ലാത്ത മറ്റാരെയും ആരാധിച്ചില്ല. അതുകൊണ്ട് സൂറ അല്‍ഫീലില്‍ അതിന്റെ വിശദാംശങ്ങളൊന്നും പരാമര്‍ശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആ സംഭവം ഓര്‍മിപ്പിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ; മുഹമ്മദ്(സ) നല്‍കുന്ന സന്ദേശം, പങ്കുകാരില്ലാത്ത ഏകനായ അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യണമെന്നും മറ്റെല്ലാ ആരാധ്യരെയും തള്ളിക്കളയണമെന്നുമല്ലാതെ മറ്റൊന്നുമല്ലെന്ന് അറബികള്‍ക്ക് പൊതുവിലും ഖുറൈശികള്‍ക്ക് പ്രത്യേകിച്ചും ബോധ്യമാകാന്‍. അതുപോലെ തങ്ങള്‍ സര്‍വശക്തിയുമുപയോഗിച്ച് ഈ സത്യസന്ദേശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആനപ്പടയെ തകര്‍ത്തു തരിപ്പണമാക്കിയ ആ ദൈവത്തിന്റെ കോപത്തിന് സ്വയം പാത്രമായിത്തീരുമെന്ന് ചിന്തിക്കാനും.

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ ﴿١﴾ أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ ﴿٢﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴿٣﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴿٤﴾ فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ ﴿٥﴾


(1-5) നീ കണ്ടിട്ടില്ലയോ,1 നിന്റെ നാഥന്‍ ആനപ്പടയെ എന്തു ചെയ്തുവെന്ന്?2 അവരുടെ ഗൂഢതന്ത്രം3 അവന്‍ പാഴാക്കിയില്ലയോ?4 അവര്‍ക്കു നേരെ പറവപ്പറ്റങ്ങളെ അയച്ചു.5അവ ചുട്ട മണ്‍കട്ടകള്‍ അവരുടെ മേല്‍ എറിഞ്ഞുകൊണ്ടിരുന്നു.6 അങ്ങനെ അവരെ കാലികള്‍ ചവച്ച വൈക്കോല്‍പോലെയാക്കി7 .

1. പ്രത്യക്ഷത്തില്‍ സംബോധന നബി(സ)യോടാണെങ്കിലും യഥാര്‍ഥ സംബോധിതര്‍ ഈ കഥകളത്രയും നന്നായറിയുന്ന ഖുറൈശികളുള്‍പ്പെടെയുള്ള അറേബ്യയിലെ ബഹുജനമാണ്. ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ أَلَمْ تَرَ (നീ കണ്ടില്ലേ?) എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. നബി(സ)യെ സംബോധന ചെയ്യുകയല്ല അതുകൊണ്ടുദ്ദേശ്യം; മറിച്ച്, സാധാരണജനങ്ങളെ സംബോധന ചെയ്യുകയാണ്.

അന്ന് മക്കയിലും പ്രാന്തപ്രദേശങ്ങളിലും മക്കമുതല്‍ യമന്‍വരെയുള്ള വിശാലമായ ദേശങ്ങളിലും അസ്ഹാബുല്‍ഫീലിന്റെ വിനാശസംഭവം നേരില്‍ കണ്ട ധാരാളമാളുകള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ‘കാണുക’ എന്ന പദം ഉപയോഗിച്ചതിന്റെ സാംഗത്യം. അസ്ഹാബുല്‍ഫീല്‍ സംഭവം നടന്നിട്ട് അപ്പോള്‍ 40-45 വര്‍ഷത്തിലേറെ പിന്നിട്ടിരുന്നില്ല. നേരിട്ടുകണ്ടതുപോലെ ആളുകള്‍ക്ക് ബോധ്യപ്പെടുംവണ്ണം, സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ അത് അറേബ്യയിലെങ്ങും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

2. ഈ ആനക്കാരാരായിരുന്നുവെന്നോ എവിടെനിന്നു വന്നുവെന്നോ എന്തിനു വന്നുവെന്നോ ഒന്നും അല്ലാഹു ഇവിടെ പറയുന്നില്ല. അതൊക്കെ എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു എന്നതാണ് കാരണം.

3. كَيْد എന്ന പദമാണ് മൂലത്തില്‍ ഉപയോഗിച്ചത്. ഒരുവന്ന് ദോഷമുണ്ടാക്കാന്‍ വേണ്ടിയുള്ള ഗൂഢപദ്ധതി എന്ന അര്‍ഥത്തിലാണതുപയോഗിക്കാറുള്ളത്. ഇവിടെ ‘ഗൂഢത’ എന്താണ് എന്ന് ചോദിച്ചേക്കാം. അറുപതിനായിരം ഭടന്മാര്‍ കുറെ ആനകളുമായി പരസ്യമായാണല്ലോ മക്കയിലേക്കു വന്നത്. അവര്‍ കഅ്ബ തകര്‍ക്കാനാണ് പുറപ്പെട്ടത് എന്ന കാര്യവും രഹസ്യമായിരുന്നില്ല. അപ്പോള്‍ ആ പദ്ധതി നിഗൂഢമായിരുന്നില്ലല്ലോ. രഹസ്യമായിരുന്നത് അബിസീനിയക്കാരുടെ ഈ ഉളളിലിരുപ്പുമാത്രമായിരുന്നു: കഅ്ബ നശിപ്പിച്ച്, ഖുറൈശികളെ കീഴടക്കി, അറബികളെയാകമാനം ഭീതിദരാക്കി, അവരില്‍നിന്ന് ദക്ഷിണ അറേബ്യയും ഈജിപ്ത്, സിറിയ ദേശങ്ങളും തമ്മിലുള്ള കച്ചവടമാര്‍ഗം കൈവശപ്പെടുത്താനാണ് അബിസീനിയക്കാര്‍ ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം അവര്‍ മറച്ചുവെച്ചു. തങ്ങളുടെ ചര്‍ച്ചിനെ അവഹേളിച്ച അറബികളോടുള്ള പ്രതികാരമായി അറബികളുടെ ആരാധനാമന്ദിരം തകര്‍ക്കാന്‍പോകുന്നു എന്നാണവര്‍ പുറമേ പറഞ്ഞത്.4. فِى تَضْلِيل എന്നാണ് മൂലത്തിലുള്ളത്. അവരുടെ പദ്ധതിയെ അവന്‍ ‘വഴിതെറ്റിച്ചു’ എന്നാണതിനര്‍ഥം. പക്ഷേ, ഒരു പദ്ധതിയെ വഴിതെറ്റിക്കുക എന്ന പ്രയോഗത്തിന്റെ താല്‍പര്യം അതിനെ പൊളിക്കുക, ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുത്തുക എന്നാണ്. നമ്മുടെ ഭാഷയില്‍, അവന്റെ അടവുകളൊന്നും ഫലിച്ചില്ലെന്നോ അമ്പുകളൊന്നും കുറിക്കുകൊണ്ടില്ലെന്നോ പറയുന്നതു പോലുള്ള ഒരു പ്രയോഗമാണിത്. ഖുര്‍ആന്‍ സൂറ അല്‍മുഅ്മിന്‍ 25-ആം സൂക്തത്തില്‍ പറഞ്ഞു: وَمَا كَيْدُ الْكَافِرِينَ اِلاَّ فِى ضَلاَل (പക്ഷേ, കാഫിറുകളുടെ തന്ത്രം തീര്‍ത്തും നിഷ്ഫലമായി). യൂസുഫ് 52-ആം സൂക്തത്തില്‍ പറഞ്ഞു: وَأنَّ اللهَ لاَ يَهْدِى كَيْدَ الْخَائِنِين (വഞ്ചകരുടെ തന്ത്രങ്ങളെ അല്ലാഹു വിജയത്തിലേക്കു നയിക്കുകയില്ല). അറബികള്‍ ഇംറുഉല്‍ഖൈസിനെ المَلِكُ الضَّلِيل (പാഴായ രാജാവ്) എന്ന് വിളിക്കാറുണ്ടായിരുന്നു. അദ്ദേഹം സ്വപിതാവില്‍നിന്ന് ലഭിച്ച രാജാധികാരം നഷ്ടപ്പെടുത്തിയതാണിതിനു കാരണം.

5. طَيْرًا أبَابِيل എന്നാണ് മൂലവാക്ക്. ഉര്‍ദുഭാഷയില്‍, ഒരു പ്രത്യേകതരം പക്ഷികളെ അബാബീല്‍ എന്നു വിളിക്കാറുണ്ട്. അതുകൊണ്ട് അബ്‌റഹത്തിന്റെ സൈന്യത്തിനെതിരെ നിയോഗിക്കപ്പെട്ടത് ആ പക്ഷികളാണെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍, അറബിഭാഷയില്‍ അബാബീലിന്റെ അര്‍ഥം പല ദിക്കുകളില്‍നിന്നായി നിരന്തരം എത്തുന്ന വിവിധ വ്യൂഹങ്ങള്‍ എന്നാണ്. അത് ജനക്കൂട്ടമാകാം; മറ്റു ജന്തുക്കളുമാകാം. ഇക്‌രിമയും ഖതാദയും പറയുന്നു: ചെങ്കടലിന്റെ ഭാഗത്തുനിന്നാണ് ഈ പക്ഷികള്‍ കൂട്ടംകൂട്ടമായി വന്നത്. സഈദുബ്‌നു ജുബൈറും ഇക്‌രിമയും പ്രസ്താവിച്ചു: ഇത്തരം പറവക്കൂട്ടങ്ങളെ മുമ്പെങ്ങും കണ്ടിട്ടില്ല. അതിനുശേഷവും കണ്ടിട്ടില്ല. അവ നജ്ദിലെ പക്ഷികളായിരുന്നില്ല. ഹിജാസിലേതുമല്ല. തിഹാമയിലേതുമല്ല. അതായത്, ഹിജാസിനും ചെങ്കടലിനും ഇടക്കുള്ള പ്രദേശത്തൊന്നുമുള്ളതല്ല.’ ഇബ്‌നുഅബ്ബാസ് പറഞ്ഞു: ‘അവയുടെ കൊക്ക് പക്ഷികളുടേതു പോലെയും വിരലുകള്‍ പട്ടിയുടേതുപോലെയുമായിരുന്നു.’ ഇക്‌രിമ പറയുന്നു: ‘അവയുടെ തല വേട്ടപ്പക്ഷികളുടേതുപോലെയുണ്ടായിരുന്നു.’ ഓരോ പക്ഷിയും കൊക്കില്‍ ഓരോ കല്ലുവീതവും കാലുകളില്‍ ഈരണ്ടു കല്ലുവീതവും വഹിച്ചിരുന്നുവെന്ന കാര്യത്തില്‍ എല്ലാ നിവേദകരും ഏകോപിച്ചിട്ടുണ്ട്. മക്കയില്‍ ചിലര്‍ ഈ കല്ല് വളരെക്കാലം സൂക്ഷിച്ചിരുന്നു. അബൂനുഐം, നൗഫലുബ്‌നു അബീമുആവിയയെ ഉദ്ധരിക്കുന്നു: ‘അസ്ഹാബുല്‍ഫീലിന്റെ മീതെ എറിയപ്പെട്ട കല്ല് ഞാന്‍ കണ്ടിട്ടുണ്ട്. കറുപ്പുകലര്‍ന്ന ചെമപ്പുനിറവും ചെറിയ കടലമണിയോളം വലുപ്പവുമുള്ള കല്ലായിരുന്നു അത്.’ അബൂനുഐം, ഇബ്‌നു അബ്ബാസില്‍നിന്നുദ്ധരിക്കുന്നത് അത് പൈന്‍കുരുവോളം പോന്നതായിരുന്നുവെന്നാണ്. ആട്ടിന്‍കാഷ്ഠത്തിന്റെ മണിയോളം പോന്നതായിരുന്നുവെന്നാണ് ഇബ്‌നുമര്‍ദവൈഹിയുടെ നിവേദനം. എല്ലാ കല്ലുകളും ഒരുപോലെയായിരുന്നിരിക്കില്ല എന്നാണ് വ്യക്തമാകുന്നത്. അവ തമ്മില്‍ അല്‍പസ്വല്‍പം വ്യത്യാസങ്ങളുണ്ടായിരിക്കാം.

6. بِحِجَارَةٍ مِنْ سِجِّيل എന്നാണ് മൂലത്തിലുപയോഗിച്ചത്. സിജ്ജീല്‍ വര്‍ഗത്തില്‍പെട്ട കല്ലുകള്‍ എന്നര്‍ഥം. ഇബ്‌നുഅബ്ബാസ് പറയുന്നു: സങ്ക്, ഗില്‍ എന്നീ പാഴ്‌സി പദങ്ങളുടെ തദ്ഭവമാണ് സിജ്ജീല്‍. കുഴച്ച കളിമണ്ണുകൊണ്ട് നിര്‍മിച്ച് ചുട്ടെടുത്ത് ദൃഢമാക്കിയ കട്ട എന്നാണതിന്റെ താല്‍പര്യം. ഖുര്‍ആനും ഈ അഭിപ്രായത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സൂറ ഹൂദ് 82-ആം സൂക്തത്തിലും സൂറ അല്‍ഹിജ്ര്‍ 74-ആം സൂക്തത്തിലും ലൂത്വ് ജനതയുടെ മേല്‍ സിജ്ജീല്‍ കല്ലുകള്‍ വര്‍ഷിച്ചതായി പ്രസ്താവിക്കുന്നു. അതേ കല്ലുകളെക്കുറിച്ച് സൂറ അദ്ദാരിയാത്തില്‍ حِجَارَة مِنْ طِين – (കുഴച്ച കളിമണ്ണുകൊണ്ടുണ്ടാക്കിയ കല്ലുകള്‍) എന്നും പ്രസ്താവിക്കുന്നു. ആധുനിക കാലത്ത് ഖുര്‍ആനിന്റെ അര്‍ഥവും ആശയവും അപഗ്രഥിക്കുന്നതില്‍ അമൂല്യമായ സേവനമര്‍പ്പിച്ച മര്‍ഹൂം മൗലാനാ ഹമീദുദ്ദീന്‍ ഫറാഹി ഈ സൂക്തത്തിലെ ترْمِيهِمْ എന്ന ക്രിയാവാക്യത്തിലെ കര്‍ത്താവ്, أَلَمْ تَرَ എന്നതിന്റെ സംബോധിതരായ മക്കാവാസികളും മറ്ററബികളുമാണെന്ന് നിര്‍ദേശിച്ചിരിക്കുന്നു. പക്ഷികളെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെയാണ്: ശിലാ വര്‍ഷത്തിനായിട്ടല്ല അവ എത്തിയത്; മറിച്ച്, ആനപ്പടയുടെ ശവങ്ങള്‍ തിന്നാനായിരുന്നു. ഈ വ്യാഖ്യാനത്തിന് അദ്ദേഹമുന്നയിക്കുന്ന ന്യായങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: അബ്ദുല്‍മുത്ത്വലിബ് അബ്‌റഹത്തിനെ സന്ദര്‍ശിച്ച് കഅ്ബയുടെ സംരക്ഷണം ആവശ്യപ്പെടാതെ സ്വന്തം ഒട്ടകങ്ങളെ തിരിച്ചുതരാനാവശ്യപ്പെട്ടു എന്നു പറയുന്നത് ഒരു നിലക്കും വിശ്വസനീയമല്ല. ഖുറൈശികളും ഹജ്ജിനായി എത്തിയ മറ്ററബികളും ആക്രമണസേനക്കെതിരെ ഒന്നും ചെയ്യാതെ, കഅ്ബയോടുള്ള സ്‌നേഹവും ഭക്തിയുമെല്ലാം വെടിഞ്ഞ് മലകളില്‍ പോയി ഒളിച്ചിരുന്നു എന്നു പറയുന്നതും മനസ്സിലാക്കാനാവാത്തതാണ്. അതിനാല്‍, യഥാര്‍ഥ സംഭവം ഇങ്ങനെയാണ്: അറബികള്‍ അബ്‌റഹത്തിന്റെ സേനയെ കല്ലെറിഞ്ഞു. അല്ലാഹു കല്ലുകള്‍ പറത്തിയെറിയുന്ന കൊടുങ്കാറ്റയച്ച് ആ പടയെ ചതച്ചുകളഞ്ഞു. അനന്തരം അവയുടെ ശവങ്ങള്‍ ഭക്ഷിക്കാന്‍ പക്ഷികളെ അയച്ചു.’ പക്ഷേ, നാം മുഖവുരയില്‍ ചൂണ്ടിക്കാണിച്ചതുപോലെ, അബ്ദുല്‍ മുത്ത്വലിബ് തന്റെ ഒട്ടകങ്ങളെ തിരിച്ചുചോദിച്ചു എന്നു മാത്രമല്ല നിവേദനമുള്ളത്. അദ്ദേഹം ഒട്ടകത്തെ തിരിച്ചുചോദിക്കാതെ, അബ്‌റഹത്തിനെ കഅ്ബ ആക്രമിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും നിവേദനമുണ്ട്. അബ്‌റഹത്തിന്റെ പട മക്കയിലെത്തിയത്, പ്രബലമായ നിവേദനങ്ങള്‍ പ്രകാരം, ഹാജിമാര്‍ തിരിച്ചുപോയിക്കഴിഞ്ഞശേഷം മുഹര്‍റം മാസത്തിലായിരുന്നുവെന്നും നാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അബ്‌റഹത്തിന്റെ അറുപതിനായിരം വരുന്ന സൈന്യത്തെ നേരിടുക ഖുറൈശികളുടെയോ പരിസരഗോത്രങ്ങളുടെയോ കഴിവില്‍ പെട്ടതായിരുന്നില്ലെന്നും അഹ്‌സാബ് യുദ്ധകാലത്ത് എല്ലാ അറേബ്യന്‍ മുശ്‌രിക്കുകളില്‍നിന്നും ജൂത ഗോത്രങ്ങളില്‍നിന്നുമായി വലിയ തയ്യാറെടുപ്പുകളോടെ ശ്രമിച്ചിട്ടും അവര്‍ക്ക് ശേഖരിക്കാന്‍ കഴിഞ്ഞത്, പത്തുപന്തീരായിരം ഭടന്മാരെ മാത്രമായിരുന്നുവെന്നും നാം വിശദീകരിക്കുകയുണ്ടായി. എന്നിരിക്കെ സര്‍വായുധ സജ്ജമായ അറുപതിനായിരം ഭടന്മാരെ നേരിടാന്‍ അവരെങ്ങനെയാണ് ധൈര്യപ്പെടുക? ഇനി ഈ ന്യായങ്ങളെല്ലാം അവഗണിച്ച് സൂറ അല്‍ഫീലിലെ വചനക്രമം മാത്രം പരിശോധിച്ചു നോക്കിയാലും ഈ വ്യാഖ്യാനം അതിനെതിരാണെന്നു കാണാം. അറബികള്‍ കല്ലെറിയുകയും അതേറ്റ് ആനപ്പട വീണടിയുകയും അനന്തരം അവരുടെ ശവങ്ങള്‍ തിന്നാനായി പക്ഷികള്‍ വരുകയുമാണുണ്ടായതെങ്കില്‍ വചനക്രമം ഇപ്രകാരമായിരുന്നു ഉണ്ടാവുക: .تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ. فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ. وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ (നിങ്ങളവരെ മണ്‍കട്ടകളെറിഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലെയാക്കി. അല്ലാഹു അവരുടെ നേരെ പറവക്കൂട്ടങ്ങളെ അയയ്ക്കുകയും ചെയ്തു). പക്ഷേ, ഇവിടെ അല്ലാഹു ആദ്യംതന്നെ പക്ഷിക്കൂട്ടങ്ങളെ പരാമര്‍ശിക്കുന്നതാണ് നാം കാണുന്നത്. അതിനോട് ചേര്‍ത്ത് تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ (അത് അവരുടെ മേല്‍ ചുട്ട മണ്‍കട്ടകളെറിഞ്ഞുകൊണ്ടിരുന്നു) എന്നും പ്രസ്താവിക്കുന്നു. ഒടുവിലാണ് ‘അല്ലാഹു അവരെ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലെയാക്കി’ എന്നു പറയുന്നത്.

7. كَعَصْفٍ مَّأْكُول എന്നാണ് മൂലപദങ്ങള്‍. عَصْف എന്ന പദം സൂറ അര്‍റഹ്മാന്‍ 12-ആം സൂക്തത്തില്‍ ذُو الْعَصْفِ وَالرَّيْحَان എന്ന വാക്യത്തിലും കാണാം. കൊതുമ്പുകളില്‍ പൊതിഞ്ഞ വിളകളും ധാന്യങ്ങളും എന്നാണതിനര്‍ഥം. عَصْف എന്നാല്‍ വിളകളുടെയും ധാന്യങ്ങളുടെയും പുറംതോട് ധാന്യം വേര്‍തിരിച്ചെടുക്കുമ്പോള്‍ കര്‍ഷകര്‍ ഒഴിവാക്കുകയും പിന്നെ കാലികള്‍ക്ക് തീറ്റയായി കൊടുക്കുകയും ചെയ്യുന്ന ഭാഗമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. കാലികള്‍ തിന്നുമ്പോള്‍ വീണുപോകുന്നതും അവയുടെ കാലുകള്‍ ചവിട്ടിമെതിക്കുന്നതും കൂടി അതില്‍പെടുന്നു.

നീ കണ്ടില്ലേ? = أَلَمْ تَرَ
എങ്ങനെ = كَيْفَ
ചെയ്തുവെന്ന് = فَعَلَ
നിന്റെ നാഥന്‍ = رَبُّكَ
ആള്‍ക്കാരെക്കൊണ്ട് = بِأَصْحَابِ
ആനയുടെ = الْفِيلِ
അവന്‍ ആക്കിയില്ലേ? = أَلَمْ يَجْعَلْ
അവരുടെ കുതന്ത്രത്തെ = كَيْدَهُمْ
പിഴവില്‍ = فِي تَضْلِيلٍ
അവന്‍ അയക്കുകയും ചെയ്തു = وَأَرْسَلَ
അവരുടെ നേരെ = عَلَيْهِمْ
പക്ഷികളെ = طَيْرًا
കൂട്ടങ്ങളായി = أَبَابِيلَ
അവരെ അവ എറിയുന്നു = تَرْمِيهِم
കല്ലുകള്‍കൊണ്ട് = بِحِجَارَةٍ
ചുട്ടെടുത്ത കളിമണ്ണുകൊണ്ടുള്ള = مِّن سِجِّيلٍ
അങ്ങനെ അവരെ ആക്കി = فَجَعَلَهُمْ
കച്ചിത്തുരുമ്പ് പോലെ = كَعَصْفٍ
തിന്നപ്പെട്ട = مَّأْكُولٍ

Add comment

Your email address will not be published. Required fields are marked *