ഖുറൈശ്‌ – സൂക്തങ്ങള്‍: 1-4

പ്രഥമ സൂക്തത്തില്‍ത്തന്നെയുള്ള قُرَيْش എന്ന പദം സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ദഹ്ഹാകും കല്‍ബിയും ഈ സൂറ മദനിയാണെന്നു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഖുര്‍ആന്‍വ്യാഖ്യാതാക്കളും ഇത് മക്കിയാണെന്ന കാര്യത്തില്‍ യോജിച്ചിരിക്കുന്നു. ഈ സൂറയില്‍ത്തന്നെയുള്ള ‘ഈ മന്ദിരത്തിന്റെ നാഥന്‍’ എന്ന പ്രയോഗം ഇതു മക്കിയാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു. സൂറ മദീനയിലാണവതരിച്ചതെങ്കില്‍ കഅ്ബയെക്കുറിച്ച് ‘ഈ മന്ദിരം’ എന്നു പറയുന്നതെങ്ങനെയാണ് യോജിക്കുക? കൂടാതെ ഇതിന്റെ ഉള്ളടക്കം സൂറ അല്‍ഫീലിന്റെ ഉള്ളടക്കത്തോട് അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നു. അതു പരിഗണിച്ചാല്‍ ഈ സൂറ മിക്കവാറും സൂറ അല്‍ഫീലിന് തൊട്ടുടനെയായി അവതരിച്ചതായിരിക്കാനാണ് സാധ്യത. രണ്ടു സൂറകളും തമ്മിലുള്ള ചേര്‍ച്ചയെ ആധാരമാക്കി ചില പൂര്‍വസൂരികള്‍ ഇവ രണ്ടും യഥാര്‍ഥത്തില്‍ ഒറ്റ സൂറതന്നെയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹ. ഉബയ്യുബ്‌നു കഅ്ബിന്റെ മുസ്ഹഫില്‍ രണ്ടു സൂറകളും ഇടക്ക് ബിസ്മികൊണ്ട് വേര്‍പെടുത്താതെ ഒന്നിച്ചാണെഴുതിയിരുന്നത് എന്ന നിവേദനം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. അതുപോലെ, ഉമര്‍(റ) ഒരിക്കല്‍ ഈ രണ്ടു സൂറയെയും കൂട്ടിച്ചേര്‍ത്തു നമസ്‌കാരത്തില്‍ പാരായണം ചെയ്തതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉസ്മാന്‍(റ) സകല സ്വഹാബികളുടെയും സഹായത്തോടെ ഔദ്യോഗികമായി എഴുതിച്ച് ഇസ്‌ലാമികനാടിന്റെ എല്ലാ കേന്ദ്രങ്ങളിലേക്കും കൊടുത്തയച്ച മുസ്ഹഫില്‍ ഇവ രണ്ടിനെയും ബിസ്മികൊണ്ട് വേര്‍തിരിച്ചിട്ടുണ്ടായിരുന്നു എന്ന വസ്തുത ഈ അഭിപ്രായത്തെ അസ്വീകാര്യമാക്കുന്നു. അന്നുമുതല്‍ ഇന്നുവരെ ലോകമെങ്ങും ഈ സൂറകളെ വെവ്വേറെ സൂറകളായിട്ടാണ് എഴുതിവരുന്നത്. അതിനും പുറമെ, രണ്ടു സൂറയുടെയും ശൈലി പ്രത്യക്ഷത്തില്‍ രണ്ടും വെവ്വേറെയാണെന്ന് തോന്നുംവണ്ണം വ്യത്യസ്തവുമാണ്.

لِإِيلَافِ قُرَيْشٍ ﴿١﴾ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ ﴿٢﴾ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ ﴿٣﴾ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ ﴿٤﴾


(1-4) അങ്ങനെ ഖുറൈശികള്‍ ഇണങ്ങിയതിന്,1 (അതായത്) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം.2 അതിനാല്‍, അവര്‍ ഈ മന്ദിരത്തിന്റെ നാഥന്ന് ഇബാദത്ത് ചെയ്യേണ്ടതാകുന്നു;3 അവര്‍ക്ക് ആഹാരം കൊടുത്തു വിശപ്പകറ്റുകയും4 ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥന്ന്5 .

1. لإِيلاَفِ قُرَيْشٍ എന്നാണ് മൂലവാക്യം. ألْف എന്ന പദത്തില്‍നിന്നാണ് إِيلاَف ഉണ്ടായത്. ശീലം, ഇണക്കം, വേര്‍പെട്ടതിനെ കൂട്ടിച്ചേര്‍ക്കല്‍, ഒരുകാര്യം പതിവായി സ്വീകരിക്കല്‍ എന്നൊക്കെയാണ് അതിനര്‍ഥം. ഉര്‍ദുഭാഷയിലെ ‘ഉല്‍ഫത്’, ‘മാലൂഫ്’ എന്നീ പദങ്ങളും ഇതില്‍നിന്നുള്ള തദ്ഭവങ്ങളാണ്. إِيلاَف എന്ന പദത്തിന്റെ മുന്നില്‍ ചേര്‍ത്തിട്ടുള്ള لِ എന്ന അക്ഷരത്തെക്കുറിച്ച് ചില അറബിഭാഷാ വിശാരദന്‍മാര്‍ പ്രകടിപ്പിച്ച അഭിപ്രായം അത് അറബി പ്രയോഗമനുസരിച്ച് അദ്ഭുതസൂചകമാണെന്നത്രേ. ഉദാഹരണമായി, لِزَيْدٍ وَمَا صَنَعْنَا بِهِ (ഒന്നു നോക്കൂ! ഞങ്ങള്‍ സൈദിനോട് എത്ര നന്നായിട്ടാണ് പെരുമാറിയതെന്നും അയാള്‍ ഞങ്ങളോടെന്താണ് ചെയ്തതെന്നും) എന്ന് അറബികള്‍ പറയാറുണ്ട്. ഇതനുസരിച്ച് لإِيلاَفِ قُرَيْشٍ എന്നതിന്റെ താല്‍പര്യം ഇപ്രകാരമാകുന്നു: ഖുറൈശികളുടെ നിലപാട് വളരെ അദ്ഭുതകരംതന്നെ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ്, ചിന്നിച്ചിതറിപ്പോയിരുന്ന അവര്‍ ഒരുമിച്ചുകൂടിയതും അവരുടെ സമൃദ്ധിയുടെ മാധ്യമമായ കച്ചവടം ശീലിച്ചതും. പക്ഷേ, അവര്‍ അല്ലാഹുവിനു മാത്രം അടിമപ്പെടുന്നതില്‍നിന്ന് അകന്നു പോവുകയാണ്. അഖ്ഫശ്, കിസാഇ, ഫര്‍റാഅ്N632 എന്നിവരുടേതാണീ അഭിപ്രായം. ഈ അര്‍ഥത്തെ പിന്തുണച്ചുകൊണ്ട് ഇബ്‌നു ജരീര്‍ എഴുതി: അറബികള്‍ ഈ ‘لِ’ നുശേഷം ഒരു കാര്യം പറഞ്ഞാല്‍, അക്കാര്യം ഉള്ള മനുഷ്യന്‍ സ്വീകരിച്ച ഏതെങ്കിലും നടപടി അദ്ഭുതാവഹമാണെന്ന് വെളിപ്പെടുത്താന്‍ അതു മതിയാകും എന്നു കരുതിയിരുന്നു. ഇതിനെതിരായി ഖലീലുബ്‌നു അഹ്മദും സീബ വൈഹിയും സമഖ്ശരിയും പറയുന്നു: ഈ ‘ലാം’ കാരണസൂചകമാണ്. തുടര്‍ന്നുവരുന്ന فَلْيَعْبُدُوا رَبَّ هَـذَ الْبَيْتِ എന്ന വാക്യവുമായിട്ടാണതിന്റെ ബന്ധം. താല്‍പര്യമിതാണ്: ‘ഖുറൈശികള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൈയും കണക്കുമില്ല. എന്നാല്‍, മറ്റെല്ലാ അനുഗ്രഹങ്ങളെയും മാറ്റിനിറുത്തി, അവന്റെ അനുഗ്രഹത്താല്‍ അവര്‍ കച്ചവടയാത്രകള്‍ ശീലിച്ചു എന്ന ഒറ്റക്കാര്യം മാത്രം പരിഗണിക്കുകയാണെങ്കില്‍ പോലും അവര്‍ അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍, അതുതന്നെ അവരോടുള്ള അതിമഹത്തായ ഔദാര്യമാകുന്നു.

2. ഉഷ്ണകാലത്തും ശീതകാലത്തുമുള്ള യാത്രകള്‍ കൊണ്ടുദ്ദേശ്യമിതാണ്: ഉഷ്ണകാലത്ത് ഖുറൈശികള്‍ സിറിയയിലേക്കും ഫലസ്ത്വീനിലേക്കും കച്ചവട യാത്രകള്‍ നടത്തിയിരുന്നു. കാരണം, അവ ശൈത്യപ്രദേശങ്ങളാണ്. ശൈത്യകാലത്ത് അവര്‍ ഉഷ്ണമേഖലയായ ദക്ഷിണ അറേബ്യയിലേക്കാണ് വ്യാപാരയാത്രകള്‍ സംഘടിപ്പിച്ചിരുന്നത്.

3. ഈ മന്ദിരം എന്നതുകൊണ്ടു വിവക്ഷ കഅ്ബാലയമാകുന്നു. ദൈവികവചനത്തിന്റെ താല്‍പര്യമിതാണ്: ഈ മന്ദിരം മൂലമാണ് ഖുറൈശികള്‍ക്ക് ഈ അനുഗ്രഹം ലഭിച്ചത്. തങ്ങള്‍ അതിനകത്ത് പൂജിച്ചുപോരുന്ന 360 വിഗ്രഹങ്ങളും ആ മന്ദിരത്തിന്റെ നാഥരല്ലെന്നും അല്ലാഹു മാത്രമാണ് അതിന്റെ നാഥനെന്നും അവര്‍ സ്വയം സമ്മതിക്കുന്നു. അബ്‌റഹത്തിന്റെ പടക്കെതിരില്‍ തങ്ങള്‍ സഹായം തേടി പ്രാര്‍ഥിച്ചത് അവനോട് മാത്രമാണെന്നും ആനപ്പടയുടെ ആക്രമണത്തില്‍നിന്ന് അതിനെ രക്ഷിച്ചത് അവന്‍ മാത്രമാണെന്നും അവര്‍ക്ക് നന്നായിട്ടറിയാം. അവന്റെ മന്ദിരത്തിന്റെ സംരക്ഷണത്തില്‍ എത്തിച്ചേരുന്നതിനുമുമ്പ് അവര്‍ അറേബ്യയില്‍ ചിതറിക്കിടക്കുകയായിരുന്നു. അന്നവര്‍ക്ക് പേരും ചൂരുമൊന്നും ഉണ്ടായിരുന്നില്ല. സാധാരണ അറബിഗോത്രങ്ങളെപ്പോലെ ഗ്രൂപ്പുകളായി ചിതറിയ ഒരു വംശമായിരുന്നു അവരും. എന്നാല്‍, അവര്‍ മക്കയിലെ ഈ മന്ദിരത്തിനു ചുറ്റുമായി ഒന്നിച്ചുകൂടുകയും ഇതിനെ സേവിച്ചുതുടങ്ങുകയും ചെയ്തതോടെ സകല അറബികള്‍ക്കും അവര്‍ ആദരണീയരായിത്തീര്‍ന്നു. അവരുടെ വ്യാപാരസംഘങ്ങള്‍ എല്ലാ ദിക്കുകളിലേക്കും ഭയലേശമില്ലാതെ സഞ്ചരിച്ചുതുടങ്ങി. അവര്‍ക്ക് ലഭിച്ച ഏതു സൗഭാഗ്യവും ഈ മന്ദിരത്തിന്റെ നാഥന്‍ നിമിത്തം ലഭിച്ചതാണെന്നര്‍ഥം. അതുകൊണ്ട് അവന്നു മാത്രമാണ് അവര്‍ ഇബാദത്തു ചെയ്യേണ്ടത്.

4. ഖുറൈശികള്‍ മക്കയിലെത്തുന്നതിനുമുമ്പ്, അറേബ്യയില്‍ ചിതറിയ കാലത്ത് വിശന്നു മരിച്ചിരുന്നതിലേക്കാണീ സൂചന. ഇവിടെയെത്തിയശേഷം അവര്‍ക്ക് വിഭവങ്ങളുടെ കവാടം തുറന്നു കിട്ടി. അവരെ സംബന്ധിച്ച, ഇബ്‌റാഹീമി(അ)ന്റെ പ്രാര്‍ഥന അക്ഷരംപ്രതി പുലര്‍ന്നു. അദ്ദേഹം പ്രാര്‍ഥിച്ചിട്ടുണ്ടായിരുന്നു: ”നാഥാ, ഞാന്‍ എന്റെ സന്തതികളിലൊരു ഭാഗത്തെ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത്, കൃഷിശൂന്യമായ ഒരു താഴ്‌വരയില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചിരിക്കുന്നു; അവര്‍ നമസ്‌കാരം നിലനിര്‍ത്താന്‍. നീ ജനഹൃദയങ്ങളെ അവരിലേക്കാകര്‍ഷിക്കേണമേ, അവര്‍ക്കു തിന്നാന്‍ ഫലങ്ങള്‍ നല്‍കേണമേ!” (ഇബ്‌റാഹീം )

5. ഏതൊരു ഭയത്താല്‍ അറബുദേശത്ത് യാതൊന്നും സുരക്ഷിതമായിരുന്നില്ലയോ, ആ ഭയത്തില്‍നിന്ന് ഇത് സുരക്ഷിതമാകുന്നു. അക്കാലത്ത് അറേബ്യയുടെ അവസ്ഥ ഇതായിരുന്നു: ആളുകള്‍ക്ക് സമാധാനത്തോടെ അന്തിയുറങ്ങാവുന്ന ഒരു നാടും അവിടെ ഉണ്ടായിരുന്നില്ല. ഏതു നിമിഷത്തിലും ഏതെങ്കിലും കൊള്ളസംഘം തങ്ങളുടെമേല്‍ ചാടിവീഴാമെന്ന ഉല്‍ക്കണ്ഠയിലായിരുന്നു അവര്‍ സദാ. ഒരാളും സ്വന്തം ഗോത്രത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് കാലുകുത്താന്‍ ധൈര്യപ്പെട്ടിരുന്നില്ല. കാരണം, കൂട്ടംതെറ്റുന്നവന്‍ ജീവനോടെ തിരിച്ചെത്തുക, അല്ലെങ്കില്‍ പിടികൂടി അടിമയാക്കപ്പെടുന്നതില്‍നിന്ന് രക്ഷപ്പെടുക ഏതാണ്ട് അസംഭവ്യമായിരുന്നു. സമാധാനത്തോടെ യാത്രചെയ്യാന്‍ കഴിയുന്ന ഒരു സംഘവുമില്ലായിരുന്നു. വഴിയില്‍ എവിടെയും കൊള്ളക്കാരെ ഭയപ്പെടണം. വഴിക്കുള്ള പ്രബല ഗോത്രങ്ങളുടെ തലവന്‍മാര്‍ക്ക് കോഴ കൊടുത്തുവേണം സാര്‍ഥവാഹക സംഘങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍. പക്ഷേ, മക്കയില്‍ ഖുറൈശികള്‍ തികച്ചും സുരക്ഷിതരായിരുന്നു. അവര്‍ക്ക് ആരുടെയും ആക്രമണം പേടിക്കേണ്ടതുണ്ടായിരുന്നില്ല. അവരുടെ ചെറുതും വലുതുമായ സാര്‍ഥവാഹക സംഘങ്ങള്‍ നാനാദിക്കുകളിലും പോയിവന്നുകൊണ്ടിരുന്നു. സംഘം ഹറമിന്റെ ഊരാളന്മാരുടേതാണെന്നറിഞ്ഞാല്‍ പിന്നെയാരും അവരെ ദ്രോഹിക്കാന്‍ ധൈര്യപ്പെടുകയില്ല. എത്രത്തോളമെന്നാല്‍ ഒരു ഖുറൈശി ഒറ്റക്ക് എവിടെയെ ങ്കിലും സഞ്ചരിക്കുകയാണെങ്കില്‍പോലും അയാളെ ആരെങ്കിലും തടഞ്ഞാല്‍ حَرَمِي എന്നോ أَنَا مِنْ حَرَمِ اللهِ (ഞാന്‍ അല്ലാഹുവിന്റെ വിശുദ്ധ ദേശത്തുനിന്നാണ്) എന്നോ പറയുകയേ വേണ്ടൂ; അതു കേള്‍ക്കേണ്ട താമസം പൊങ്ങിയ കൈ താനേ താണുപോകുമായിരുന്നു.

ഇണക്കിയതിനാല്‍ = لِإِيلَافِ
ഖുറൈശികളെ = قُرَيْشٍ
അതായത്, അവരുടെ ഇണക്കം = إِيلَافِهِمْ
യാത്രയുമായി = رِحْلَةَ
ശൈത്യകാലത്തെ = الشِّتَاءِ
ഉഷ്ണകാലത്തെയും = وَالصَّيْفِ
അതിനാല്‍ അവര്‍ വഴിപ്പെടട്ടെ = فَلْيَعْبُدُوا
നാഥനെ = رَبَّ
ഈ മന്ദിരത്തിന്റെ = هَٰذَا الْبَيْتِ
അവര്‍ക്ക് ആഹാരം നല്‍കിയ = الَّذِي أَطْعَمَهُم
വിശപ്പിന് = مِّن جُوعٍ
അവര്‍ക്ക് നിര്‍ഭയത്വവും നല്‍കിയ = وَآمَنَهُم
പേടിക്കു പകരം = مِّنْ خَوْفٍ

Add comment

Your email address will not be published. Required fields are marked *