അല്‍ കൗഥര്‍ – സൂക്തങ്ങള്‍: 1-3

إِنَّا أَعْطَيْنَاكَ الْكَوْثَر എന്ന വാക്യത്തിലെ الْكَوْثَر എന്ന പദമാണ് സൂറയുടെ നാമമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ഇതിനുമുമ്പ് സൂറ അദ്ദുഹായും സൂറ അലം നശ്‌റഹും നിങ്ങള്‍ കാണുകയുണ്ടായി. പ്രവാചകത്വത്തിന്റെ ആദ്യനാളുകള്‍ അതികഠിനമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. സമൂഹത്തിലാകമാനം ശത്രുത കൊടുമ്പിരികൊണ്ടു. എതിര്‍പ്പുകളുടെ മലകള്‍ മാര്‍ഗത്തില്‍ പ്രതിബന്ധങ്ങളായി ഉയര്‍ന്നുനിന്നു. വിമര്‍ശനത്തിന്റെ കൊടുങ്കാറ്റ് എങ്ങും ചീറിയടിച്ചുകൊണ്ടിരുന്നു. പ്രവാചകനും ഒരുപിടി അനുയായികളും കണ്ണെത്തുന്ന ദൂരത്തെങ്ങും വിജയത്തിന്റെ ഒരു ലക്ഷണവും കണ്ടിരുന്നില്ല. ആ സാഹചര്യത്തില്‍ തിരുമേനിക്ക് ആശ്വാസവും ധൈര്യവും പകരാന്‍ അല്ലാഹു പല സൂക്തങ്ങളും അവതരിപ്പിക്കുകയുണ്ടായി.

إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾


(1-3) (പ്രവാചകാ) നിനക്കു നാം കൗസര്‍ പ്രദാനം ചെയ്തിരിക്കുന്നു.1 ആകയാല്‍, നിന്റെ നാഥന്നു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.2 താങ്കളുടെ ശത്രുവാരോ3 അവനാണ് കുറ്റിയറ്റവന്‍4 .

1. ഇവിടെ പ്രയോഗിച്ച الْكَوْثَر എന്ന പദത്തിന്റെ ആശയം മുഴുവന്‍ നമ്മുടെ ഭാഷയിലെന്നല്ല ലോകത്തൊരു ഭാഷയിലും ഒരു പദംകൊണ്ട് പ്രകടിപ്പിക്കാനാവില്ല. كَثْرَة എന്ന പദത്തിന്റെ മുബാലഗ (ആധിക്യസൂചക) രൂപമാണിത്. അപാരമായ സമൃദ്ധി, പെരുപ്പം എന്നാണ് ഭാഷാര്‍ഥം. പക്ഷേ, ഇവിടെ ഇത് ഉപയോഗിച്ച സന്ദര്‍ഭത്തില്‍ അതിന് സമൃദ്ധി എന്ന ആശയം മാത്രമല്ല ഉള്ളത്. നന്മയുടെയും വിശിഷ്ടതയുടെയും അനുഗ്രഹത്തിന്റെയും സമൃദ്ധിയെന്നും ആത്യന്തികവും അമിതത്വത്തിന്റെ അതിരോളമെത്തുന്നതുമായ സമൃദ്ധിയെന്നുമുള്ള ആശയവും കൂടി അതുള്‍ക്കൊള്ളുന്നുണ്ട്. ഒരു നന്മയുടെയോ വിശിഷ്ടതയുടെയോ അനുഗ്രഹത്തിന്റെയോ ആധിക്യമല്ല അതിന്റെ ഉദ്ദേശ്യം; എണ്ണമറ്റ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ആധിക്യമാണ്. ആമുഖത്തില്‍ നാം ഈ സൂറയുടെ പശ്ചാത്തലം വിവരിച്ചത് ഒന്നുകൂടി ഓര്‍ത്തുനോക്കുക. ശത്രുക്കള്‍ മുഹമ്മദ് എല്ലാ നിലക്കും നശിച്ചുകഴിഞ്ഞു എന്ന് കരുതുന്ന കാലം. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു. നിസ്സഹായനും നിരാലംബനുമായി. വ്യാപാരം പൊളിഞ്ഞു. തനിക്കു ശേഷം തന്റെ പേര് നിലനിര്‍ത്തേണ്ട ആണ്‍മക്കളാണെങ്കില്‍ അവരും മരിച്ചുപോയി. തുച്ഛം ചിലരൊഴിച്ചാല്‍ മക്കയിലെന്നല്ല അറേബ്യയില്‍ത്തന്നെ ആര്‍ക്കും അദ്ദേഹം പറയുന്നത് കേള്‍ക്കുന്നതേ അരോചകമാകുന്നു. അതുകൊണ്ട് അവരുടെ കണക്കില്‍ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ പാഴിലും പരാജയത്തിലുമാണ്ടിരിക്കുന്നു. മരിച്ചുകഴിഞ്ഞാലാവട്ടെ, അദ്ദേഹത്തിന്റെ പേരുനിലനിര്‍ത്താന്‍ മക്കളാരും ശേഷിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ അല്ലാഹു അദ്ദേഹത്തോട് നാം നിനക്ക് കൗസര്‍ പ്രദാനംചെയ്തിരിക്കുന്നു എന്നു പറയുമ്പോള്‍ അതില്‍നിന്ന് സ്വയം പ്രകാശിതമാകുന്ന അര്‍ഥമിതാണ്: താങ്കളുടെ പ്രതിയോഗികള്‍ അവരുടെ മൗഢ്യം മൂലം, താങ്കള്‍ തകര്‍ന്നുപോയെന്നും പ്രവാചകത്വത്തിനുമുമ്പ് താങ്കള്‍ക്കുണ്ടായിരുന്ന വിശിഷ്ടതകളും അനുഗ്രഹങ്ങളുമെല്ലാം തട്ടിത്തെറിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും വിചാരിക്കുന്നുണ്ട്. എന്നാല്‍, നാം താങ്കള്‍ക്ക് അനന്തമായ നന്മകളും അപാരമായ അനുഗ്രഹങ്ങളും നല്‍കിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തിരുമേനിക്ക് ലഭിച്ച അതുല്യവും അത്യുല്‍കൃഷ്ടവുമായ സ്വഭാവഗുണങ്ങള്‍ അക്കൂട്ടത്തില്‍പെട്ടതാണ്. തിരുമേനിയുടെ പ്രവാചകത്വം, ഖുര്‍ആന്‍, ജ്ഞാനവിജ്ഞാനങ്ങള്‍ എന്നീ മഹാനുഗ്രഹങ്ങളും കൗസറിന്റെ ഭാഗംതന്നെ. തൗഹീദും അതില്‍പെടുന്നു. സാധാരണബുദ്ധിക്കും ഗ്രാഹ്യതക്കും മനുഷ്യപ്രകൃതിക്കും യോജിച്ചതും ലോകം മുഴുവന്‍ എന്നും പ്രചരിച്ചുകൊണ്ടിരിക്കാന്‍ പര്യാപ്തവും സമഗ്രവും സമ്പൂര്‍ണവുമായ തത്ത്വങ്ങളിലധിഷ്ഠിതവുമായ ഒരു ജീവിതവ്യവസ്ഥയരുളി എന്നതും ഈ അപരിമേയ ദാനങ്ങളുടെ ഗണത്തില്‍പെടുന്നതാണ്. കീര്‍ത്തി പരക്കുക എന്ന അനുഗ്രഹത്തെയും അതുള്‍ക്കൊള്ളുന്നു. അതുമൂലം പതിനഞ്ചു നൂറ്റാണ്ടുകളായി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും പ്രവാചകനാമം നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു; ലോകാവസാനം വരെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രബോധനത്തിലൂടെ, എക്കാലത്തും സത്യദീനിന്റെ വക്താക്കളായി നിലകൊണ്ട ഒരാഗോളസമൂഹം നിലവില്‍വന്നു എന്ന അനുഗ്രഹവും അക്കൂട്ടത്തില്‍ പെടുന്നു. അവരെക്കാള്‍ നല്ലവരും സംശുദ്ധരും ഉന്നതനിലവാരമുള്ളവരുമായ മനുഷ്യര്‍ ലോകത്തൊരു സമുദായത്തിലും ഒരിക്കലും ഉണ്ടായിട്ടില്ല. അവര്‍ എത്രതന്നെ അധഃപതിച്ചാലും ലോകത്തെ മറ്റെല്ലാ സമുദായങ്ങളിലുമുള്ളതിനെക്കാളേറെ നന്മ അവരിലുണ്ടായിരിക്കും. പ്രവാചകന്‍ (സ) ജീവിതകാലത്ത് സ്വന്തം കണ്ണുകൊണ്ടുതന്നെ തന്റെ പ്രബോധനത്തിന്റെ മഹത്തായ വിജയം കണ്ടുവെന്നതും സ്വന്തം കൈകള്‍കൊണ്ടുതന്നെ ലോകത്തെങ്ങും പരക്കാന്‍ കെല്‍പുള്ള ആ സംഘത്തെ അദ്ദേഹം കെട്ടിപ്പടുത്തു എന്നതും അക്കൂട്ടത്തില്‍ പെടുന്നു. ആണ്‍മക്കളില്ലാത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരും ചൂരും വേഗം മാഞ്ഞുപോകുമെന്ന് പ്രതിയോഗികള്‍ വിചാരിച്ചിരുന്നു. പക്ഷേ, മുസ്‌ലിംസമൂഹത്തിന്റെ രൂപത്തില്‍, അന്ത്യനാള്‍ വരെ ഭൂമിയിലെങ്ങും അദ്ദേഹത്തിന്റെ നാമം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്മീയ സന്തതികളെ അല്ലാഹു അദ്ദേഹത്തിനു പ്രദാനംചെയ്തു. എന്നു മാത്രമല്ല, പുത്രിയായ ഹ. ഫാത്വിമയിലൂടെ ശാരീരിക സന്തതികളെയും നല്‍കിയിരിക്കുന്നു. അവര്‍ ലോകത്തെങ്ങും പരന്നിരിക്കുന്നു. തിരുമേനിയുമായുള്ള വംശബന്ധം മാത്രമാകുന്നു അവരുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും സര്‍വസ്വം. ഇത്രയും അല്ലാഹു അദ്ദേഹത്തിനരുളിയ അപാരമായ അനുഗ്രഹങ്ങളില്‍പെട്ടതത്രേ. അല്ലാഹു അവന്റെ സ്‌നേഹഭാജനമായ പ്രവാചക(സ)ന്ന് അത്യധികം നല്‍കിയിട്ടുള്ളതായി ഈ ലോകത്ത് ജനങ്ങള്‍ക്ക് നേരില്‍ കാണാന്‍കഴിയുന്ന അനുഗ്രഹങ്ങളാണിവ. ഇതുകൂടാതെ പരലോകത്ത് അല്ലാഹു, തിരുമേനിക്കു നല്‍കാനിരിക്കുന്ന ഗംഭീരമായ അനുഗ്രഹങ്ങള്‍ വേറെയുമുണ്ട്. അതിനെ അറിയാനുള്ള ഉപാധികളൊന്നും നമ്മുടെ കൈവശമില്ല. എന്നാല്‍, റസൂല്‍ (സ) നമുക്കതറിയിച്ചു തന്നിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിചാരണാമൈതാനത്ത് തനിക്കു ലഭിക്കുന്ന ഒരു തടാകമാണ് അതിലൊന്ന് എന്ന് റസൂല്‍ തിരുമേനി വിശദീകരിച്ചു. രണ്ടാമത്തേത് സ്വര്‍ഗത്തില്‍ തനിക്കു ലഭിക്കുന്ന നദിയാണെന്നും. ഇവ രണ്ടിനെയും കുറിച്ച്, സാധുതയില്‍ സംശയിക്കാന്‍ പഴുതില്ലാത്തത്രയേറെ നിവേദകന്മാര്‍ നബി(സ)യില്‍നിന്നുള്ള പ്രസ്താവനകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹൗദുല്‍ കൗസര്‍ സംബന്ധിച്ച നബിവചനങ്ങള്‍: i. ഈ തടാകം അന്ത്യനാളില്‍ തിരുമേനി(സ)ക്ക് പ്രദാനം ചെയ്യപ്പെടുന്നതാണ്. എല്ലാവരും العَطَش العَطَش (ദാഹം, ദാഹം) എന്ന് ആര്‍ത്തുകൊണ്ടിരിക്കുന്ന അതിക്ലേശകരമായ അവസരത്തിലായിരിക്കും അത് ലഭിക്കുക. തിരുമേനിയുടെ സമുദായം അതിനടുത്ത് അദ്ദേഹത്തെ സമീപിക്കും. അവര്‍ അതില്‍നിന്ന് ദാഹം തീര്‍ക്കും. തിരുമേനി നേരത്തേതന്നെ അവിടെ എത്തിയിട്ടുണ്ടാകും. അവിടുന്ന് അതിന്റെ മധ്യത്തില്‍ ആഗതനാകും. هُوَ حَوْضٌ تَرِدُ عَلَيْهِ أُمَّتِى يَوْمَ الْقِيَامَة (അന്ത്യനാളില്‍ എന്റെ സമുദായം വന്നുചേരുന്ന തടാകമാണത്)എന്ന് നബി (സ) പ്രസ്താവിച്ചതായി മുസ്‌ലിം, കിതാബുസ്സ്വലാത്തിലും, അബൂദാവൂദ് കിതാബുസ്സുന്നയിലും ഉദ്ധരിച്ചിരിക്കുന്നു.

2. ഇതിന് പല മഹാന്മാരില്‍നിന്ന് പല വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ നമസ്‌കാരത്തിന് അര്‍ഥം കല്‍പിച്ചത് അഞ്ചുനേരത്തെ നമസ്‌കാരമെന്നാകുന്നു. ചിലര്‍ ബലിപെരുന്നാള്‍ നമസ്‌കാരമെന്നും, ചിലര്‍ നമസ്‌കാരം നിര്‍വഹിക്കുക എന്നു മാത്രവും. ഇതേപോലെ وَانْحَرْ (അറുക്കുക) എന്നതിന് ചില പ്രഗല്‍ഭരായ പണ്ഡിതന്മാരില്‍നിന്നുദ്ധരിക്കപ്പെട്ട വ്യാഖ്യാനം നമസ്‌കാരത്തില്‍ ഇടതു കൈക്കു മുകളിലായി വലതുകൈ നെഞ്ചില്‍ കെട്ടുക എന്നത്രേ. വേറെചിലര്‍ പറയുന്നത് അതിനര്‍ഥം നമസ്‌കാരം തുടങ്ങുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി തക്ബീര്‍ ചൊല്ലുക എന്നാണ്. നമസ്‌കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്കു പോകുമ്പോഴും റുകൂഇല്‍നിന്ന് ഉയരുമ്പോഴും കൈ ഉയര്‍ത്തുകയാണിതിന്റെ ഉദ്ദേശ്യമെന്നാണ് ഇനിയും ചിലരുടെ പക്ഷം. ബലിപെരുന്നാളില്‍ നമസ്‌കരിക്കുകയും നമസ്‌കാരാനന്തരം ബലി നടത്തുകയും ചെയ്യുക എന്നാണര്‍ഥമെന്നു പറഞ്ഞവരുമുണ്ട്. പക്ഷേ, ഈ കല്‍പന നല്‍കപ്പെട്ട സന്ദര്‍ഭ പശ്ചാത്തലങ്ങള്‍ പരിശോധിച്ചുനോക്കിയാല്‍ അതിന്റെ താല്‍പര്യം ഇപ്രകാരമാണെന്നു വ്യക്തമാകും: ‘പ്രവാചകാ, താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് ഇത്ര ഗംഭീരവും സമൃദ്ധവുമായ നന്മകള്‍ അരുളിയിട്ടുള്ളതിനാല്‍ താങ്കള്‍ അവന്നുവേണ്ടി നമസ്‌കരിക്കുകയും അവന്നുവേണ്ടി ബലിനടത്തുകയും ചെയ്യുക.’ ഖുറൈശീ ബഹുദൈവവിശ്വാസികള്‍ മാത്രമല്ല, അറേബ്യയിലെയും ലോകത്തിലെയും സകല ബഹുദൈവവിശ്വാസികളും തങ്ങള്‍ സ്വയം നിര്‍മിച്ച ദൈവങ്ങളെ പൂജിക്കുകയും അവയുടെ സന്നിധാനങ്ങളില്‍ ബലി നടത്തുകയും ചെയ്തുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് ഈ കല്‍പന നല്‍കപ്പെടുന്നത്. അതിനാല്‍, കല്‍പനയുടെ താല്‍പര്യം ഇതാണ്: താങ്കള്‍ ബഹുദൈവാരാധകര്‍ക്ക് വിരുദ്ധമായി സ്വന്തം നിലപാടില്‍ ഉറച്ച് നിലകൊള്ളുക. താങ്കളുടെ നമസ്‌കാരം അല്ലാഹുവിനു വേണ്ടിയായിരിക്കട്ടെ. താങ്കളുടെ ബലികളും അവന്നുവേണ്ടി മാത്രമായിരിക്കട്ടെ.

3. شَانِئَكَ എന്ന വാക്കാണ് മൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരാള്‍ മറ്റൊരാളോട് ദുഷ്ടമായി പെരുമാറാന്‍ കാരണമാകുന്ന വിദ്വേഷവും വൈരവും എന്ന അര്‍ഥത്തിലുള്ള شَنْئِ എന്ന പദത്തില്‍നിന്നുള്ളതാണ് شَانِئ. ഖുര്‍ആന്‍ മറ്റൊരിടത്ത് وَلاَ يَجْرِمَنَّكُمْ شَنَئَانُ قَوْمٍ عَلَى أَلاَّ تَعْدِلُوا (ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ അവരോട് അനീതിചെയ്യാന്‍ പ്രേരിപ്പിച്ചുകൂടാ) എന്നു പ്രസ്താവിച്ചതായി കാണാം. അതിനാല്‍, شَانِئَكَ എന്നതിന്റെ വിവക്ഷ, തിരുമേനിയോടുള്ള വിദ്വേഷത്താലും വിരോധത്താലും അന്ധരായി അദ്ദേഹത്തെ നിന്ദിച്ചും അപമാനിച്ചും ദ്രോഹിച്ചും ശകാരിച്ചും അദ്ദേഹത്തെക്കുറിച്ച് ഏഷണികള്‍ പ്രചരിപ്പിച്ചും പകപോക്കുന്ന എല്ലാ ആളുകളുമാകുന്നു.

4. هُوَ الاَبْتَر (അവന്‍തന്നെയാണ് വേരറ്റവന്‍) എന്നാണ് പറയുന്നത്: അതായത്, അവന്‍ താങ്കളെ കുറ്റിയറ്റവന്‍ എന്ന് പറയുന്നു. പക്ഷേ, യഥാര്‍ഥത്തില്‍ വേരറ്റുപോകുന്നത് അവനാണ്. أَبْتَر നെ നാം ഈ സൂറയുടെ ആമുഖത്തില്‍ കുറച്ചു വിശദീകരിച്ചിട്ടുണ്ട്. മുറിക്കുക എന്ന അര്‍ഥത്തിലുള്ള بَتَر പദത്തില്‍നിന്നാണിതിന്റെ ഉദ്ഭവം. എങ്കിലും സംസാരത്തില്‍ ഈ പദം വളരെ വിശാലമായ അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഒരു റക്അത്ത് മാത്രം നമസ്‌കരിക്കുന്നതിന് بُتَيْرَاء എന്ന് പറയാറുണ്ട്. മറ്റ് രണ്ടു റക്അത്തുകള്‍ കൂടെയില്ലാതെ ഒറ്റപ്പെട്ട റക്അത്ത് എന്നാണതിനര്‍ഥം. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: كُلُّ أَمْرٍ ذِى بَالٍ لاَ يُبْدَأُ فِيهِ بِحَمْدِ اللهِ فَهُوَ أَبْتَر (ദൈവസ്തുതികൊണ്ട് തുടങ്ങപ്പെടാത്ത സുപ്രധാനമായ ഏതുകാര്യവും കുറ്റിയറ്റതാകുന്നു).അതായത്, അതിനു വേരില്ല, ഭദ്രതയുണ്ടാവില്ല, അല്ലെങ്കില്‍ അതിന്റെ പരിണതി നന്നാവില്ല. അലക്ഷ്യനായ മനുഷ്യനെയും أَبْتَر എന്നു പറയാറുണ്ട്. മാധ്യമങ്ങളും ഉപാധികളും വിലക്കപ്പെട്ടവരെയും أَبْتَر എന്നു പറയുന്നു. ഒരുവനില്‍നിന്ന് നന്മയോ ഗുണമോ ഉണ്ടാകുമെന്ന പ്രതീക്ഷ അവശേഷിക്കുന്നില്ലെങ്കില്‍ അവനും أَبْتَر ആണ്. ഒരാള്‍ വിജയിക്കുമെന്ന എല്ലാ ആശയും അസ്തമിച്ചാല്‍ അയാളെയും أَبْتَر എന്നു വിളിക്കും. സ്വന്തം ഉറ്റവരില്‍നിന്നും സഹായികളില്‍നിന്നും വിച്ഛേദിതനായി ഒറ്റയ്ക്ക് കഴിയുന്നവനും أَبْتَر ആകുന്നു. ആണ്‍മക്കളില്ലാത്ത, അല്ലെങ്കില്‍ പുത്രന്മാര്‍ മരിച്ചുപോയ ആളെയും أَبْتَر എന്നു വിശേഷിപ്പിക്കുന്നു. കാരണം, അയാള്‍ക്ക് തന്റെ പേരു നിലനിര്‍ത്താന്‍ പിന്‍ഗാമിയില്ല. മരിച്ചുപോകുന്നതോടെ അയാളുടെ പേരും കുറിയും മാഞ്ഞുപോകുന്നു. ഏതാണ്ടിപ്പറഞ്ഞ എല്ലാ അര്‍ഥങ്ങളിലുമാണ് ഖുറൈശികള്‍ നബി(സ)യെ أَبْتَر എന്നു വിളിച്ചിരുന്നത്. ഇതെപ്പറ്റി അല്ലാഹു അരുളുകയാണ്: ‘പ്രവാചകരേ, അബ്തര്‍ താങ്കളല്ല. പ്രത്യുത, താങ്കളുടെ ഈ വിരോധികളാകുന്നു.’ ഇത് വെറുമൊരു പ്രതികരണവാക്യം മാത്രമല്ല. പ്രത്യക്ഷരം സത്യമായി പുലര്‍ന്ന, വിശുദ്ധ ഖുര്‍ആനിലെ സുപ്രധാന പ്രവചനങ്ങളിലൊന്നാണിത്. ഈ പ്രവചനം നടത്തുന്ന കാലത്ത് ആളുകള്‍ أَبْتَر (വേരറ്റവന്‍) ആയി ഗണിച്ചിരുന്നത് മുഹമ്മദി(സ)നെയായിരുന്നു. വമ്പന്മാരായ ഖുറൈശിപ്രമാണിമാര്‍ വേരറ്റുപോകുന്നത് അന്നാര്‍ക്കും സങ്കല്‍പിക്കാനാവില്ലായിരുന്നു. മക്കയില്‍ മാത്രമല്ല, പുറംലോകത്തും പുകള്‍പെറ്റവരും വിജയികളുമായിരുന്നുവല്ലോ അവര്‍. സമ്പത്ത്, സന്തതികള്‍, സ്ഥാനമാനങ്ങള്‍ തുടങ്ങിയ സൗഭാഗ്യങ്ങളെല്ലാം ഒത്തിണങ്ങിയവര്‍, നാട്ടില്‍ പലയിടത്തും സ്വന്തക്കാരും സഹായികളുമുള്ളവര്‍, വ്യാപാരപ്രമുഖരെന്ന നിലയിലും ഹജ്ജിന്റെ നിയന്താക്കളെന്ന നിലയിലും എല്ലാ അറേബ്യന്‍ ഗോത്രങ്ങളുമായും അവര്‍ക്ക് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും സ്ഥിതിഗതികളാകെ മാറിമറിഞ്ഞു. ഹി. അഞ്ചാം ആണ്ടില്‍ ഖുറൈശികള്‍ നിരവധി അറബി ജൂതഗോത്രങ്ങളെയും കൂട്ടി മദീനയെ ആക്രമിക്കാന്‍ വന്നു. തിരുമേനി ഉപരോധിക്കപ്പെട്ടു. പട്ടണത്തിനു ചുറ്റും കിടങ്ങുകീറി പ്രതിരോധിക്കേണ്ടിവന്നു. എന്നാല്‍, അനന്തരം വെറും മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ തിരുമേനി(സ) മക്കയെ വിമോചിപ്പിച്ചു. അപ്പോള്‍ ഖുറൈശികളെ തുണക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ നിസ്സഹായരായി ആയുധം വെക്കേണ്ടിവന്നു. അനന്തരം ഒരാണ്ടിനുള്ളില്‍ അറേബ്യന്‍ പ്രദേശം മുഴുവന്‍ തിരുമേനിക്കു വിധേയമായി. നാട്ടിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പ്രതിനിധിസംഘങ്ങള്‍ വന്ന് തിരുമേനിക്ക് അനുസരണ പ്രതിജ്ഞ ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതിയോഗികളെല്ലാവരും കേവലം നിസ്സഹായരും നിരാലംബരും ആയിത്തീര്‍ന്നു. പിന്നെ അവരുടെ പേരും കുറിയും മാഞ്ഞുപോയി.

നിശ്ചയമായും നാം = إِنَّا
നിനക്ക് നാം നല്‍കിയിരിക്കുന്നു = أَعْطَيْنَاكَ
ധാരാളം നന്മ = الْكَوْثَرَ
അതിനാല്‍ നീ നമസ്കരിക്കുക = فَصَلِّ
നിന്റെ നാഥന്ന് = لِرَبِّكَ
നീ ബലിയര്‍പ്പിക്കുകയും ചെയ്യുക = وَانْحَرْ
നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ = إِنَّ شَانِئَكَ
അവന്‍ തന്നെയാണ് = هُوَ
വാലറ്റവന്‍ = الْأَبْتَرُ

Add comment

Your email address will not be published. Required fields are marked *