അന്നസ്വര്‍ – സൂക്തങ്ങള്‍: 1-3

إِذَاجَاءَ نَصْرُ اللهِ എന്ന പ്രഥമ സൂക്തത്തിലെ نَصْرُ എന്ന പദം സൂക്തത്തിന്റെ നാമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ഈ സൂറയിലൂടെ അല്ലാഹു അവന്റെ അന്തിമ ദൂതനെ ഇപ്രകാരമറിയിച്ചിരിക്കുകയാണ്: അറേബ്യയില്‍ ഇസ്‌ലാമിന്റെ വിജയം പൂര്‍ണമാവുകയും ആളുകള്‍ കൂട്ടംകൂട്ടമായി ദീനിലേക്കു വന്നുതുടങ്ങുകയും ചെയ്താല്‍, അതിനര്‍ഥം താങ്കളെ ഈ ലോകത്തേക്കയച്ചത് എന്തു ദൗത്യത്തിനുവേണ്ടിയാണോ അതു പൂര്‍ത്തിയായിരിക്കുന്നു എന്നാണ്. അനന്തരം തിരുമേനിയോട് അല്ലാഹുവിനെ സ്തുതിക്കുന്നതിലും ഭജിക്കുന്നതിലും ഏര്‍പ്പെടേണമെന്ന് കല്‍പിച്ചിരിക്കുന്നു. എന്തെന്നാല്‍, അവന്റെ അനുഗ്രഹത്താലാണ് താങ്കള്‍ ഇത്രയും മഹത്തായ ദൗത്യനിര്‍വഹണത്തില്‍ വിജയം വരിച്ചത്. ഈ സേവനം നിറവേറ്റുന്നതില്‍ താങ്കള്‍ക്ക് സംഭവിച്ചിരിക്കാവുന്ന ഓര്‍മത്തെറ്റുകളും പിശകുകളും വീഴ്ചകളും പൊറുത്തുതരാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക. ഈ സൂറ ആഴത്തില്‍ പരിശോധിക്കുന്നവര്‍ക്ക് ഒരു പ്രവാചകനും ഒരു സാധാരണ ഭൗതികനേതാവും തമ്മില്‍ എത്ര വമ്പിച്ച അന്തരമാണുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരു ഭൗതികനേതാവ് താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന വിപ്ലവം നടത്തുന്നതില്‍ വിജയിച്ചാല്‍ അയാള്‍ക്കത് ഉത്സവം കൊണ്ടാടാനും തന്റെ നേതൃത്വത്തില്‍ ഊറ്റംകൊള്ളാനുമുള്ള അവസരമാണ്. ഇവിടെ അല്ലാഹുവിന്റെ ദൂതനെ നാം കാണുന്നതിങ്ങനെയാണ്: ചുരുങ്ങിയ ഇരുപത്തി മൂന്നു സംവത്സരക്കാലംകൊണ്ട് അദ്ദേഹം ഒരു ജനതയുടെ വിശ്വാസസങ്കല്‍പങ്ങളെയും സ്വഭാവസമ്പ്രദായങ്ങളെയും സംസ്‌കാര നാഗരികതകളെയും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- സൈനിക യോഗ്യതകളെയുമെല്ലാം അടിമുടി മാറ്റിമറിക്കുകയും അജ്ഞതയിലും അവിവേകത്തിലും മുങ്ങിക്കിടന്നിരുന്ന സമൂഹത്തെ ലോകം കീഴടക്കാനും ലോകജനതകള്‍ക്കു നേതൃത്വം നല്‍കാനും യോഗ്യരാക്കി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. പക്ഷേ, അതിഗംഭീരമായ ഈ ദൗത്യം അദ്ദേഹത്തിന്റെ കൈകളാല്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹത്തോട് കല്‍പിച്ചത് ഉത്സവമാഘോഷിക്കാനല്ല; പ്രത്യുത, അല്ലാഹുവിനെ സ്തുതിക്കാനും വാഴ്ത്താനും അവനോട് പാപമോചനമര്‍ഥിക്കാനുമാണ്. അദ്ദേഹമോ തികഞ്ഞ എളിമയോടെ ആ ആജ്ഞ പ്രാവര്‍ത്തികമാക്കുന്നതിലേര്‍പ്പെടുന്നു.

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ ﴿١﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿٢﴾ فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُۚ إِنَّهُ كَانَ تَوَّابًا ﴿٣﴾


(1-3) ദൈവസഹായം വന്നെത്തുകയും വിജയം ലഭിക്കുകയും1 ജനങ്ങള്‍ കൂട്ടംകൂട്ടമായി ദൈവികദീനില്‍ പ്രവേശിക്കുന്നതായി കാണുകയും2 ചെയ്യുമ്പോള്‍, നീ അല്ലാഹുവിന്റെ സ്തുതി പ്രകീര്‍ത്തനം ചെയ്യുകയും3 അവനോട് പാപമോചനം തേടുകയും ചെയ്യുക.4നിസ്സംശയം, (തന്നിലേക്ക് പശ്ചാത്തപിച്ചു) മടങ്ങുന്നവരെ ഏറ്റം നന്നായി കൈക്കൊള്ളുന്നവനാണവന്‍.

1. ‘വിജയം’കൊണ്ടുദ്ദേശ്യം ഏതെങ്കിലും ഒരു സംഘട്ടനത്തില്‍ നേടിയ വിജയമല്ല. അറേബ്യയില്‍ ദീനുല്‍ ഇസ്‌ലാം അതിജയിക്കുകതന്നെ ചെയ്യുമെന്ന് ഉറപ്പാകും വണ്ണം നാട്ടില്‍നിന്നും ഇസ്‌ലാമിനെ തകര്‍ക്കാന്‍ കെല്‍പുള്ള ശക്തികള്‍ തുടച്ചുനീക്കപ്പെട്ട നിര്‍ണായക വിജയമാണിവിടെ വിവക്ഷ. ചില വ്യാഖ്യാതാക്കള്‍, ഇതുകൊണ്ടുദ്ദേശിച്ചത് മക്കാവിമോചനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, മക്കാവിജയമുണ്ടായത് ഹി. എട്ടാം ആണ്ടിലാണ്. ഈ സൂറയാകട്ടെ, നാം ആമുഖത്തില്‍ ഉദ്ധരിച്ച അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെയും സര്‍റാഅ് ബിന്‍തു നബ്ഹാനിന്റെയും നിവേദനങ്ങളില്‍നിന്നു മനസ്സിലാകുന്നതു പ്രകാരം ഹി. പത്താം ആണ്ട് അവസാനത്തിലാണ് അവതരിപ്പിച്ചത്. കൂടാതെ ഏറ്റവും ഒടുവില്‍ അവതരിച്ച സൂറയാണിതെന്ന് അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ പ്രസ്താവനക്കും ഈ അഭിപ്രായം എതിരാകുന്നു. കാരണം ‘വിജയം’കൊണ്ടു വിവക്ഷ മക്കാ വിമോചനമാണെങ്കില്‍ സൂറതുത്തൗബ മുഴുവന്‍ അവതരിച്ചത് അതിനുശേഷമാണ്. പിന്നെങ്ങനെയാണിത് അന്തിമ സൂറയാവുക? മക്കാവിമോചനം അറേബ്യന്‍ മുശ്‌രിക്കുകളുടെ വീര്യം കെടുത്തിയ നിര്‍ണായകവിജയമായിരുന്നുവെന്നതില്‍ സംശയമില്ല– പക്ഷേ, അതിനുശേഷവും അവര്‍ക്ക് നല്ല മിടിപ്പുണ്ടായിരുന്നു. അറേബ്യയില്‍ ഇസ്‌ലാമിന്റെ വിജയം പൂര്‍ണമാവാന്‍ പിന്നെയും ഏകദേശം രണ്ട് വര്‍ഷമെടുത്തു. അതിനിടക്കാണല്ലോ ത്വാഇഫ്-ഹുനൈന്‍ യുദ്ധങ്ങള്‍ അരങ്ങേറിയത്.

2. അതായത്, ആളുകള്‍ ഒന്നും രണ്ടുമായി ഇസ്‌ലാമിലേക്ക് വന്നിരുന്ന കാലം കടന്നുപോവുകയും യുദ്ധമോ സംഘട്ടനമോ കൂടാതെ ഗോത്രങ്ങളൊന്നടങ്കവും വലിയ വലിയ പ്രദേശങ്ങളിലെ നിവാസികളും സ്വമേധയാ ഇസ്‌ലാമില്‍ പ്രവേശിക്കുന്ന കാലം സമാഗതമാവുകയും ചെയ്യുമ്പോള്‍. ഹി. 9-ആം ആണ്ടിന്റെ തുടക്കത്തിലാണ് ഈ അവസ്ഥ കണ്ടുതുടങ്ങിയത്. അതുമൂലം പ്രസ്തുത വര്‍ഷം عَامُ الوُفُود (പ്രതിനിധിസംഘങ്ങളുടെ വര്‍ഷം) എന്നു വിളിക്കപ്പെടുകയുണ്ടായി. അക്കാലത്ത് അറേബ്യയുടെ നാനാഭാഗങ്ങളില്‍നിന്നായി പ്രതിനിധിസംഘങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നബി(സ)യെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും നബി(സ)ക്ക് ബൈഅത്ത് നല്‍കുകയും ചെയ്തു. ഹിജ്‌റ പത്താം ആണ്ടില്‍ നബി (സ) ഹജ്ജതുല്‍ വിദാഇന് പുറപ്പെട്ട സന്ദര്‍ഭത്തില്‍ അറബുദേശം മുഴുവന്‍ ഇസ്‌ലാമിന്റെ കീഴിലായിക്കഴിഞ്ഞിരുന്നു. രാജ്യത്തെവിടെയും വിഗ്രഹാരാധകര്‍ അവശേഷിച്ചിരുന്നില്ല.

3. حَمْد എന്നതിന്റെ വിവക്ഷ അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും അവന്ന് നന്ദി പ്രകടിപ്പിക്കുകയുമാകുന്നു. تَسْبِيح കൊണ്ടുദ്ദേശ്യം അവന്‍ എല്ലാ കുറവുകള്‍ക്കും അതീതനും എല്ലാ നിലകളിലും വിശുദ്ധനുമാണെന്നംഗീകരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍, നിന്റെ നാഥന്റെ ശക്തിപ്രഭാവം പ്രത്യക്ഷമായാല്‍ അവനെ ഹംദ് ചെയ്യുന്നതോടൊപ്പം തസ്ബീഹ് ചെയ്യുക എന്നു പറഞ്ഞതില്‍ ഹംദിന്റെ താല്‍പര്യമിതാകുന്നു: ഈ മഹാ വിജയത്തെ സംബന്ധിച്ചിടത്തോളം, അത് താങ്കളുടെ സാമര്‍ഥ്യംകൊണ്ട് നേടിയതാണെന്ന് ഒരിക്കലും ചിന്തിക്കരുത്. മറിച്ച്, അത് പൂര്‍ണമായും അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവുമായി കരുതണം. അതിന്റെ പേരില്‍ അവനോട് നന്ദി കാണിക്കണം. ഈ വിജയത്തിന്റെ എല്ലാ പ്രശംസയും അല്ലാഹുവിന് മാത്രം ചേര്‍ന്നതാണെന്ന് മനസ്സുകൊണ്ടും അധരംകൊണ്ടും സമ്മതിക്കണം. തസ്ബീഹ്‌കൊണ്ട് ഇവിടെ വിവക്ഷിച്ച ആശയം ഇതാണ്: അല്ലാഹുവിനെ സര്‍വാതീതനും പരമപരിശുദ്ധനുമായി അംഗീകരിച്ചുകൊള്ളുക. അവന്റെ വചനത്തിന്റെ ഉന്നതിക്ക് താങ്കളുടെ പ്രയത്‌ന പരിശ്രമങ്ങള്‍ ആവശ്യമോ, അവയുടെ ആശ്രയമോ ആവശ്യമാകുന്നതില്‍നിന്നും അതീതനും പരിശുദ്ധനുമാണവന്‍. നേരെമറിച്ച്, താങ്കളുടെ പ്രയത്‌ന പരിശ്രമങ്ങളുടെ വിജയം അല്ലാഹുവിന്റെ പിന്തുണയെയും സഹായത്തെയും മാത്രം ആശ്രയിച്ചിരിക്കുന്നു എന്ന ഉറച്ച ബോധത്താല്‍ നിര്‍ഭരമായിരിക്കണം നിന്റെ മനസ്സ്. താനുദ്ദേശിക്കുന്ന ഏതു ദാസനെയും തന്റെ കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ അവന്നു കഴിയും. തന്റെ വചനം ഉയര്‍ത്തുക എന്ന സേവനം താങ്കളുടെ കരങ്ങളിലൂടെ നടത്തിച്ചത് അവന്‍ താങ്കളോട് ചെയ്ത മഹത്തായ ഔദാര്യമാകുന്നു. ഇതിനു പുറമെ തസ്ബീഹില്‍, അതായത് سُبْحَانَ اللهِ എന്നു പറയുന്നതില്‍ ഒരതിശയസൂചനയുമുണ്ട്. സംഭ്രമകരമായ സംഭവങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യന്‍ سُبْحَانَ اللهِ എന്നു പറയാറുണ്ട്. ഇത്തരം അദ്ഭുതസംഭവങ്ങള്‍ അല്ലാഹുവിന്റെ ശക്തിയാല്‍ മാത്രമാണ് ഉണ്ടാകുന്നത് എന്നും ഇത്തരം പ്രതിഭാസങ്ങളുളവാക്കാന്‍ പ്രാപ്തനായ മറ്റൊരു ശക്തിയും ലോകത്തില്ലെന്നുമുള്ള ആശയമാണതുള്‍ക്കൊള്ളുന്നത്.

4. അതായത്, അവന്‍ താങ്കളില്‍ ചുമത്തിയ സേവനം പൂര്‍ത്തീകരിക്കുന്നതില്‍ താങ്കള്‍ക്ക് സംഭവിച്ചിരിക്കാവുന്ന പിഴകളും വീഴ്ചകളും പൊറുത്തുമാപ്പാക്കണമേ എന്ന് പ്രാര്‍ഥിക്കുക. ഇതാണ് ഇസ്‌ലാമിലൂടെ ദൈവദാസന്മാര്‍ പഠിപ്പിക്കപ്പെടുന്ന മര്യാദ. ഒരാള്‍ ദൈവികദീനിനുവേണ്ടി എത്രവലിയ സേവനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ശരി, ആ മാര്‍ഗത്തില്‍ എന്തെന്തു ത്യാഗങ്ങള്‍ വരിച്ചിട്ടുണ്ടെങ്കിലും ശരി, അല്ലാഹുവിനെ ആരാധിക്കാനും അവന്ന് അടിമപ്പെടാനും വേണ്ടി എന്തുമാത്രം ആത്മസമര്‍പ്പണം ചെയ്തിട്ടുണ്ടെങ്കിലും ശരി, താന്‍ തന്റെ റബ്ബിനോടുള്ള ബാധ്യതകള്‍ പൂര്‍ണമായും കുറ്റമറ്റ രീതിയിലും നിറവേറ്റിയിരിക്കുന്നു എന്ന വിചാരം അയാളുടെ മനസ്സില്‍ ഒരിക്കലും കടന്നുകൂടിക്കൂടാ. താന്‍ ചെയ്യേണ്ടിയിരുന്നത് മുഴുവന്‍ വേണ്ടവണ്ണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് എപ്പോഴും അയാള്‍ മനസ്സിലാക്കേണ്ടത്. അതിന്റെ പേരില്‍ അയാള്‍ അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ഥിക്കുകയും വേണം: ‘നാഥാ, എന്നില്‍ സംഭവിച്ച കുറ്റങ്ങളും കുറവുകളും പൊറുത്തു മാപ്പാക്കി, എന്റെ നിസ്സാരസേവനത്തെ നീ സ്വീകരിക്കേണമേ!’ അല്ലാഹു അവന്റെ ദൂതനെ പഠിപ്പിച്ച മര്യാദയാണിത്. റസൂല്‍ തിരുമേനി(സ)യെക്കാളേറെ ഇസ്‌ലാമിനുവേണ്ടി ത്യാഗപരിശ്രമങ്ങളര്‍പ്പിച്ച ഒരു മനുഷ്യനെ സങ്കല്‍പിക്കാന്‍ സാധ്യമല്ല. എങ്കില്‍ പിന്നെ തന്റെ പ്രവര്‍ത്തനത്തെ മഹല്‍ കൃത്യമായി കരുതാവുന്നതും, അല്ലാഹുവിനോട് തനിക്കുള്ള ബാധ്യതകള്‍ സമ്പൂര്‍ണമായി നിറവേറ്റിയിരിക്കുന്നു എന്ന് ഉറപ്പിക്കാവുന്നതുമായ അവസ്ഥ മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നതെങ്ങനെ? മനുഷ്യന്ന് സമ്പൂര്‍ണമായും തികച്ചും കുറ്റമറ്റ രീതിയിലും നിര്‍വഹിക്കാന്‍ കഴിയുന്നതിനതീതമാണ് അല്ലാഹുവിനോടുള്ള ബാധ്യതകള്‍. അല്ലാഹുവിന്റ ഈ വചനം മുസ്‌ലിംകള്‍ക്ക് എല്ലാ കാലത്തേക്കുമുള്ള മഹത്തായ ഒരു പാഠം നല്‍കുന്നുണ്ട്. തന്റെ ഏതെങ്കിലും ആരാധനയെയോ അനുഷ്ഠാനത്തെയോ ദീനീസേവനത്തെയോ ഒരു മഹാ സംഭാവനയായി സ്വയം ഗണിക്കരുത്. മറിച്ച്, സ്വന്തം ജീവിതം ദൈവികമാര്‍ഗത്തില്‍ വിനിയോഗിച്ചശേഷവും അവന്‍ കരുതേണ്ടതിങ്ങനെയാണ്: ‘സത്യം നിറവേറ്റിയിട്ടില്ല എന്നതാണ് സത്യം.’ അതുപോലെ വല്ല വിജയവും ഉണ്ടാകുമ്പോള്‍ അത് സ്വന്തം സാമര്‍ഥ്യത്തിന്റെ ഫലമായി കാണരുത്; മറിച്ച്, അല്ലാഹുവിന്റെ ഔദാര്യത്തിന്റെ ഫലമായി വേണം കാണാന്‍. അതിന്റെ പേരില്‍ അഹങ്കരിക്കുകയും ഊറ്റംകൊള്ളുകയും ചെയ്യുന്നതിനു പകരം തന്റെ നാഥന്റെ മുമ്പില്‍ എളിമയോടെ തലകുനിച്ച് അവനെ സ്തുതിക്കുകയും അവന്റെ പരിശുദ്ധി കീര്‍ത്തനം ചെയ്യുകയും അവനോട് പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയുമാണ് വേണ്ടത്.

വന്നെത്തിയാല്‍ = إِذَا جَاءَ
അല്ലാഹുവിന്റെ സഹായം = نَصْرُ اللَّهِ
വിജയവും = وَالْفَتْحُ
നീ കാണുകയും ചെയ്താല്‍ = وَرَأَيْتَ
ജനങ്ങളെ = النَّاسَ
അവര്‍ കടന്നുവരുന്നു = يَدْخُلُونَ
അല്ലാഹുവിന്റെ മതത്തില്‍ = فِي دِينِ اللَّهِ
കൂട്ടങ്ങളായി = أَفْوَاجًا
അപ്പോള്‍ നീ വാഴ്ത്തുക = فَسَبِّحْ
സ്തുതിച്ചുകൊണ്ട് = بِحَمْدِ
നിന്റെ നാഥനെ = رَبِّكَ
അവനോട് നീ പാപമോചനം തേടുകയും ചെയ്യുക = وَاسْتَغْفِرْهُۚ
നിശ്ചയം അവന്‍ = إِنَّهُ
അവനാണ് = كَانَ
പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവന്‍ = تَوَّابًا

Add comment

Your email address will not be published. Required fields are marked *