അല്‍ ഇഖ്‌ലാസ്‌ – സൂക്തങ്ങള്‍: 1-4

الإِخْلاَص സൂറയുടെ പേരു മാത്രമല്ല; ഉള്ളടക്കത്തിന്റെ ശീര്‍ഷകവും കൂടിയാകുന്നു. തൗഹീദിന്റെ തനിമ അഥവാ തനി തൗഹീദാണ് ഇതില്‍ പറയുന്നത്. മറ്റു ഖുര്‍ആന്‍ സൂറകള്‍ക്ക് പൊതുവില്‍ നിശ്ചയിക്കപ്പെട്ട പേരുകള്‍ അവയില്‍ വന്നിട്ടുള്ള ഏതെങ്കിലും പദങ്ങളാണ്. എന്നാല്‍, ഇഖ്‌ലാസ്വ് എന്ന പദം ഈ സൂറയില്‍ എവിടെയും വന്നിട്ടില്ല. ഈ സൂറ ഗ്രഹിച്ച് അതിലെ തത്ത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശിര്‍ക്കില്‍നിന്ന് മുക്തരാകുന്നു എന്ന നിലക്കാണ് ഇതിന് അല്‍ഇഖ്‌ലാസ്വ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

കല്ല്, മരം, സ്വര്‍ണം, വെള്ളി തുടങ്ങിയ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിച്ച ദൈവങ്ങളെയാണ് വിഗ്രഹാരാധകരായ ബഹുദൈവവിശ്വാസികള്‍ ആരാധിച്ചിരുന്നത്. അവക്ക് രൂപവും ആകാരവും ജഡവുമുണ്ടായിരുന്നു. ദേവീദേവന്മാരുടെ വ്യവസ്ഥാപിതമായ വംശങ്ങള്‍ നിലനിന്നു. ദേവിമാര്‍ക്കൊക്കെ ഭര്‍ത്താക്കന്മാരുമുണ്ട്. ഇണയില്ലാത്ത ദേവന്മാരാരുമില്ല. അവര്‍ക്ക് തിന്നാനും കുടിക്കാനും വേണമായിരുന്നു. ഭക്തന്മാരാണ് അതൊക്കെ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നത്. ബഹുദൈവവിശ്വാസികളില്‍ വലിയൊരു വിഭാഗം, ദൈവം മനുഷ്യരൂപം ധരിച്ചു പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിച്ചു. ചില മനുഷ്യര്‍ ദൈവാവതാരങ്ങളായിരുന്നു. ക്രൈസ്തവര്‍ ഏകദൈവവിശ്വാസം അവകാശപ്പെട്ടിരുന്നുവെങ്കിലും അവരുടെ ദൈവത്തിന് ചുരുങ്ങിയത് ഒരു പുത്രനെങ്കിലും ഉണ്ടായിരുന്നു. പിതാവിനും പുത്രനുമൊപ്പം റൂഹുല്‍ഖുദ്‌സിനും ദിവ്യത്വത്തില്‍ പങ്കാളിത്തം ലഭിച്ചിരുന്നു. പോരാ, ദൈവത്തിന് മാതാവും അമ്മായിയും കൂടിയുണ്ടായിരുന്നു. ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ് ജൂതന്മാരും. പക്ഷേ, അവരുടെ ദൈവവും പദാര്‍ഥത്തില്‍നിന്നും ജഡത്തില്‍നിന്നും മറ്റു മാനുഷികഗുണങ്ങളില്‍നിന്നും മുക്തനായിരുന്നില്ല. അവന്‍ അലസമായി ചുറ്റിക്കറങ്ങി നടക്കുന്നു. മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ ദാസനുമായി ദ്വന്ദ്വയുദ്ധം നടത്തുകപോലും ചെയ്യുന്നു. ഉസൈര്‍ എന്ന ഒരു പുത്രന്റെ പിതാവുമാണ്. ഈ മതഗ്രൂപ്പുകള്‍ക്ക് പുറമെ മജൂസികള്‍ അഗ്‌നിയെ ആരാധിച്ചു. സാബികള്‍ നക്ഷത്രങ്ങളെ ആരാധിച്ചു. ഈ പരിതഃസ്ഥിതിയില്‍ പങ്കുകാരനില്ലാത്ത ഏകദൈവത്തില്‍ വിശ്വസിക്കുക എന്നുദ്‌ബോധിപ്പിക്കപ്പെട്ടാല്‍ ജനമനസ്സില്‍ ഇത്തരം ചോദ്യം ഉയരുക സ്വാഭാവികമായിരുന്നു: മറ്റെല്ലാ റബ്ബുകളെയും ആരാധ്യരെയും കൈവെടിഞ്ഞ്, തങ്ങളോട് അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന ഈ ഒരേയൊരു ദൈവം ഏതു ജാതിയാണ്? ഏതാനും പദങ്ങളിലൂടെ ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയത് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയത്രേ. അത് ദൈവാസ്തിത്വത്തിന്റെ വ്യക്തമായ വിഭാവനമുളവാക്കുന്നു. ബഹുദൈവത്വപരമായ എല്ലാ ദൈവസങ്കല്‍പങ്ങളെയും അട്ടിമറിക്കുന്നു. ദൈവസത്തയെ സൃഷ്ടിഗുണങ്ങളിലൊരു ഗുണത്തിന്റെയും മാലിന്യം തീണ്ടാതെ സംശുദ്ധമായി, തെളിമയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.

قُلْ هُوَ ٱللَّهُ أَحَدٌ﴿١﴾ ٱللَّهُ ٱلصَّمَدُ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ﴿٤﴾


(1-4) പ്രവാചകന്‍ പറഞ്ഞുകൊടുക്കുക:1 അവന്‍ അല്ലാഹുവാകുന്നു.2 ഏകന്‍.3 അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.4 അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.5 അവന്ന് തുല്യനായി ആരുമില്ല6

1. ഈ ആജ്ഞയുടെ പ്രഥമ സംബോധിതന്‍ നബി(സ)യാണ്. അദ്ദേഹത്തോടാണല്ലോ താങ്കളുടെ റബ്ബ് ആരാണ്, എന്താണ് എന്നൊക്കെ ചോദിച്ചത്. അതുകൊണ്ട് പ്രസ്തുത ചോദ്യങ്ങള്‍ക്ക് ഇങ്ങനെ ഉത്തരം കൊടുക്കുക എന്ന് അദ്ദേഹത്തോടുതന്നെ ആജ്ഞാപിക്കുകയാണ്. എന്നാല്‍, തിരുമേനിക്ക് ശേഷം ഓരോ വിശ്വാസിയും ഇതിന്റെ സംബോധിതരാകുന്നു. തിരുമേനിയോട് പറയാനാവശ്യപ്പെട്ട ഈ ഉത്തരംതന്നെ അവരും പറയേണ്ടതുണ്ട്.

2. നിങ്ങള്‍ എന്നോട് പരിചയപ്പെടുത്താനാവശ്യപ്പെടുന്ന ദൈവം അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്നര്‍ഥം. ഇത് ചോദ്യകര്‍ത്താക്കള്‍ക്കുള്ള ഒന്നാമത്തെ മറുപടിയാകുന്നു. താല്‍പര്യമിതാണ്: ‘നിങ്ങള്‍ മറ്റെല്ലാ ആരാധ്യരെയുമുപേക്ഷിച്ച് പുതിയ ഒരു ദൈവത്തെ ആരാധിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ അല്ലാഹു എന്ന പേരില്‍ അറിയുന്ന ആ യഥാര്‍ഥ ദൈവത്തെത്തന്നെയാണ് ഞാനുദ്ദേശിക്കുന്നത്.’ اللهُ അറബികള്‍ക്ക് അന്യമായ ഒരു പദമായിരുന്നില്ല. പൗരാണികകാലം മുതലേ അവര്‍ പ്രപഞ്ചസ്രഷ്ടാവിനെ കുറിക്കാന്‍ ഈ പദംതന്നെയാണ് ഉപയോഗിച്ചിരുന്നത്. മറ്റ് ആരാധ്യരെയൊന്നും അവര്‍ ഈ പദംകൊണ്ട് വ്യവഹരിച്ചിരുന്നില്ല. إِلـه (ദൈവം) എന്ന പദംകൊണ്ടാണ് ഇതര ദൈവങ്ങളെ വിളിച്ചിരുന്നത്.

3. അറബി വ്യാകരണനിയമങ്ങളുടെ വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ هُوَ اللهُ എന്ന വാക്യത്തിന് പലവിധ തര്‍കീബുകള്‍ (ഘടനകള്‍) നിര്‍ദേശിച്ചിട്ടുണ്ട്. അവയില്‍ നമ്മുടെ വീക്ഷണത്തില്‍, ഈ സന്ദര്‍ഭത്തോട് ഏറ്റം ഇണങ്ങുന്ന ഘടന ഇതാകുന്നു: ‘ഹുവ’ മുബ്തദഅ്-ആഖ്യം. ‘അല്ലാഹു’ അതിന്റെ ഖബര്‍ -ആഖ്യാതം. ‘അഹദ്’, അതിന്റെ രണ്ടാമത്തെ ആഖ്യാതം. ആ ഘടനയനുസരിച്ച് വാക്യത്തിന്റെ ആശയം ഇപ്രകാരമാകുന്നു: ഏതൊരുവനെക്കുറിച്ചാണോ നിങ്ങള്‍ എന്നോട് ചോദിക്കുന്നത്, അവന്‍ അല്ലാഹുവാകുന്നു. ഏകനാകുന്നു.’ മറ്റൊരാശയം ഇങ്ങനെയുമാകാം: ‘ആ അല്ലാഹു ഏകനാകുന്നു.’ ഭാഷാപരമായി ഇതും തെറ്റല്ല. ഇവിടെ ആദ്യമായി ഗ്രഹിച്ചിരിക്കേണ്ട ഒരു സംഗതിയിതാണ്: ഈ വാക്യത്തില്‍ അല്ലാഹുവിനെ ‘അഹദ്’ എന്നു വിശേഷിപ്പിച്ചത് അറബിഭാഷയില്‍ ഈ പദത്തിന്റെ അസാധാരണമായ പ്രയോഗമാണ്. സാധാരണഗതിയില്‍ ഈ പദം مُضَاف ആയിട്ടോ مُضَافٌ إِلَيْهِ ആയിട്ടോ (മറ്റൊന്നിനെ അതിനോട് ഘടിപ്പിച്ചുകൊണ്ടോ അതിനെ മറ്റൊന്നിനോട് ഘടിപ്പിച്ചുകൊണ്ടോ) ആണ് ഉപയോഗിക്കുക. ഉദാ: يَوْمُ الأَحَد (ആഴ്ചയിലെ പ്രഥമദിവസം), فَابْعَثُوا أَحَدَكُمْ (നിങ്ങളിലൊരാളെ അയയ്ക്കുക). മൊത്തമായ നിഷേധത്തെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാ: مَا جَائَنِي أَحَدٌ (എന്റെ അടുത്ത് ആരും വന്നില്ല). അല്ലെങ്കില്‍ ചോദ്യവാക്യത്തില്‍ സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: هَلْ عِنْدَكَ أَحَدٌ (നിന്റെയടുത്ത് വല്ലവനും ഉണ്ടോ?). സോപാധികവാക്യത്തിലും (الجُمْلَةُ الشَّرْطِيَّة) സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉദാ: إِنْ جَائَكَ أَحَدٌ (നിന്റെയടുക്കല്‍ വല്ലവനും വന്നെങ്കില്‍). എണ്ണത്തിലും ഉപയോഗിക്കാറുണ്ട്. أَحَد، إِثْنَان، أَحَدَ عَشَر (ഒന്ന്, രണ്ട്, പതിനൊന്ന്). ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് ഈ ഉപയോഗങ്ങള്‍ക്കല്ലാതെ അറബിഭാഷയില്‍ ഈ പദം ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ വിശേഷണമായി ഉപയോഗിച്ചതിന് ഉദാഹരണം കാണുകയില്ല.

4. صَمَد എന്ന പദമാണ് മൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ص، م، د എന്നീ അക്ഷരങ്ങളാണതിന്റെ ധാതു. അറബി ഭാഷയില്‍ ഈ ധാതുവില്‍നിന്നുദ്ഭവിച്ചിട്ടുള്ള പദങ്ങള്‍ പരിശോധിച്ചുനോക്കിയാലറിയാം ഇതിന്റെ അര്‍ഥം എന്തുമാത്രം വിപുലമാണെന്ന്. الصَّمد -ലക്ഷ്യമാക്കുക, വളരെ ഗംഭീരമായ ഉന്നതസ്ഥാനം, ഉന്നതതലം, പോരാട്ടത്തില്‍ വിശപ്പും ദാഹവുമേശാത്തവന്‍, ആവശ്യങ്ങള്‍ക്ക് അവലംബിക്കപ്പെടുന്ന നായകന്‍. الصَّمَد -ഓരോന്നിന്റെയും ഉയര്‍ന്നഭാഗം, തനിക്കുപരി മറ്റാരുമില്ലാത്ത ഉന്നതന്‍, അനുസരിക്കപ്പെടുന്നവനും തീരുമാനങ്ങളെടുക്കുന്നതില്‍ അനുപേക്ഷണീയനുമായ നേതാവ്, ആവശ്യക്കാരുടെ അന്തിമാവലംബമായ നേതാവ്, സ്ഥിരമായത്, ഉന്നതപദവി, ഉറയോ ആവരണമോ ഇല്ലാത്തതും യാതൊന്നും ഉള്ളില്‍ചേരുകയോ പുറത്തുപോവുകയോ ചെയ്യാത്തവണ്ണം ദൃഢമായതുമായ വസ്തു, പോരാട്ടത്തില്‍ വിശപ്പോ ദാഹമോ ഏശാത്തവന്‍. المُصْمَد ഉള്ളുനികന്ന ഉറച്ചവസ്തു. المُصَمّد -പോകാനുദ്ദേശിച്ച ലക്ഷ്യസ്ഥാനം. بَيْتٌ مُصَمَّدٌ -ആവശ്യങ്ങളില്‍ ആശ്രയിക്കപ്പെടുന്ന വീട്. صَمَدَه وَصَمَدَ إِلَيْهِ صَمْدًا -ആയാളെ ലക്ഷ്യമാക്കി പോകാനുദ്ദേശിച്ചു. بِنَاءٌ مُصْمَدٌ -ഉത്തുംഗ സൗധം. أَصْمَدَ إِلَيْهِ الأَمْرُ -പ്രശ്‌നം അയാളെ ഏല്‍പിച്ചു, അയാളുടെ മുന്നില്‍ സമര്‍പ്പിച്ചു, കാര്യം അയാളുടെ ചുമതലയിലാണ്, അവലംബിച്ചു.

5. ബഹുദൈവവിശ്വാസികള്‍ എല്ലാ കാലത്തും വെച്ചുപുലര്‍ത്തിയിരുന്ന ഒരു സങ്കല്‍പമാണ് മനുഷ്യര്‍ക്കെന്നപോലെ ദൈവങ്ങള്‍ക്കും ധാരാളം അംഗങ്ങളുള്ള വംശമുണ്ട് എന്നുള്ളത്. അവരില്‍ ദാമ്പത്യത്തിന്റെയും പ്രജനനത്തിന്റെയും ശൃംഖല തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ മൂഢസങ്കല്‍പത്തില്‍ അവര്‍ സര്‍വലോകനാഥനായ അല്ലാഹുവിനെപ്പോലും ഒഴിവാക്കുന്നില്ല. അവന്നും സന്തതികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. അറബികള്‍ മലക്കുകളെ അല്ലാഹുവിന്റെ പെണ്‍മക്കളെന്നു ഘോഷിച്ചിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. പ്രവാചകവര്യന്മാരുടെ സമുദായങ്ങള്‍ക്കുപോലും ഈ അവിവേകത്തില്‍നിന്ന് മുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. ചിലയാളുകള്‍ ദൈവപുത്രന്മാരാണെന്ന വിശ്വാസം അവരിലും വളര്‍ന്നുവരുകയുണ്ടായി. ഈ വ്യത്യസ്ത അനുമാനങ്ങളില്‍ രണ്ടുതരം സങ്കല്‍പങ്ങള്‍ എന്നും കൂടിക്കുഴഞ്ഞുകൊണ്ടിരുന്നു. തങ്ങള്‍ ദൈവപുത്രനെന്നാരോപിക്കുന്നവന്‍ ആ പരിശുദ്ധസത്തയുടെ വംശപരമായ പുത്രനാണെന്ന് ചിലര്‍ കരുതി. തങ്ങള്‍ ദൈവപുത്രനെന്നു വിളിക്കുന്നയാള്‍ ദൈവം ദത്തുപുത്രനായി സ്വീകരിച്ച മനുഷ്യനാണെന്നാണ് ചിലര്‍ കരുതിയത്. വല്ലവരെയും ദൈവത്തിന്റെ പിതാവെന്നാരോപിക്കാന്‍ ആരും ധൈര്യപ്പെട്ടില്ലെങ്കിലും അവനെ സംബന്ധിച്ച് പ്രജനനത്തില്‍നിന്നും വംശപരമ്പരയില്‍നിന്നും മുക്തനല്ലെന്നും സന്താനഹീനനായ അവസ്ഥയില്‍ അവന്ന് ഒരു പുത്രനെ സ്വീകരിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നുവെന്നും അവനും മനുഷ്യരെപ്പോലെ പുത്രകളത്രങ്ങളുള്ള അസ്തിത്വമാണെന്നുമുള്ള സങ്കല്‍പം വെച്ചുപുലര്‍ത്തുന്ന മനുഷ്യമനസ്സ് ദൈവവും ആരുടെയോ പുത്രനായിരിക്കുമെന്ന അനുമാനത്തില്‍നിന്ന് മുക്തമായിരിക്കുകയില്ല. നബി(സ)യോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് ‘അല്ലാഹുവിന്റെ വംശമേത്’ എന്നായതിന്റെ ന്യായം അതുതന്നെയാണ്. ആരില്‍നിന്നാണവന്ന് ലോകത്തിന്റെ അവകാശം കിട്ടിയതെന്നും അവന്നുശേഷം ആരായിരിക്കും അതിന്റെ അവകാശിയെന്നുമുള്ള ചോദ്യത്തിന്റെയും ആധാരം ഈ അനുമാനംതന്നെ. ഈ മൂഢസങ്കല്‍പങ്ങള്‍ അപഗ്രഥിച്ചുനോക്കിയാല്‍, ഈ സങ്കല്‍പങ്ങളാവിഷ്‌കരിക്കാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി സങ്കല്‍പിക്കേണ്ടതനിവാര്യമായിത്തീരുന്നു. ഒന്ന്, ദൈവം ഏകനല്ല. ദൈവങ്ങളുടേതായ ഒരു വര്‍ഗമുണ്ട്. അതിലെ അംഗങ്ങള്‍ ദിവ്യത്വഗുണങ്ങളിലും കര്‍മങ്ങളിലും അധികാരങ്ങളിലും പങ്കാളികളാകുന്നു. ഈ സങ്കല്‍പം ദൈവത്തിന് വംശപരമായ സന്തതിയെ ആരോപിക്കുമ്പോള്‍ മാത്രമല്ല, ദൈവം ആരെയെങ്കിലും പുത്രനായി ദത്തെടുത്തതായി ആരോപിക്കുമ്പോഴും അനിവാര്യമായിത്തീരും. എന്തുകൊണ്ടെന്നാല്‍, ഒരുവന്റെ ദത്തുപുത്രന്‍ അനിവാര്യമായും സ്വജാതിയില്‍പെട്ടവനായിരിക്കണമല്ലോ. അല്ലാഹുവിന്- മആദല്ലാഹ് – സ്വജാതീയരുണ്ടെങ്കില്‍ അവര്‍ക്ക് ദിവ്യത്വഗുണങ്ങളുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. രണ്ട്, സ്ത്രീ-പുരുഷ സംസര്‍ഗവും മാതൃശരീരത്തില്‍നിന്നും പിതൃശരീരത്തില്‍നിന്നും ബീജധാതുക്കള്‍ പുറപ്പെട്ട് ശിശുരൂപം കൈക്കൊള്ളുക എന്നതും ഇല്ലാതെ സന്തതികളെ സങ്കല്‍പിക്കാനാവില്ല. അപ്പോള്‍ അല്ലാഹുവിനും സന്തതിയെ സങ്കല്‍പിക്കുന്നതിന്റെ അനിവാര്യതയായിത്തീരുന്നു-മആദല്ലാഹ്- അവനെ പദാര്‍ഥികവും ജഡികവുമായ ഒരസ്തിത്വമായി കല്‍പിക്കല്‍. അവന്ന് സ്വജാതിയില്‍നിന്നുള്ള ഭാര്യയും വേണം. അവന്റെ ശരീരത്തില്‍നിന്ന് ബീജം സ്രവിക്കുകയും വേണം. മൂന്ന്, പ്രജനനവും സന്തതിപരമ്പരയും എവിടെ ഉണ്ടെങ്കിലും അതിന്റെ നിമിത്തം അംഗങ്ങളുടെ നശ്വരതയും വംശം നിലനിര്‍ത്താന്‍ അവരില്‍നിന്ന് സന്തതികളുണ്ടാവേണ്ടതിന്റെ അനുപേക്ഷണീയതയുമാകുന്നു. അപ്പോള്‍ അല്ലാഹുവിന് പുത്രനെ സങ്കല്‍പിക്കുന്നതുവഴി അല്ലാഹു-മആദല്ലാഹ്-നശ്വരനാണെന്നും അനശ്വരമായത് അവന്റെ സത്തയല്ല വംശമാണെന്നും വന്നുകൂടുന്നു. അപ്രകാരം നശ്വരമായ മറ്റ് അംഗങ്ങളെപ്പോലെ -നഊദുബില്ലാഹ്- അല്ലാഹുവിനും ആദ്യവും അന്ത്യവുമുണ്ടെന്നും വരുന്നു. എന്തുകൊണ്ടെന്നാല്‍, വംശനൈരന്തര്യം പ്രജനനത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഏതു വര്‍ഗത്തിലെയും അംഗങ്ങള്‍ അനശ്വരമോ അനന്തമോ ആയിരിക്കുകയില്ല. നാല്, മക്കളില്ലാത്തവന്‍ തന്റെ ജീവിതത്തിന് വല്ലവിധത്തിലും സഹായകമാകുന്നതിനുവേണ്ടിയാണ് മറ്റൊരുവനെ പുത്രനായി ദത്തെടുക്കുന്നത്. അല്ലെങ്കില്‍ തന്റെ മരണാനന്തരം ഒരനന്തരാവകാശി ആവശ്യമുള്ളതുകൊണ്ടായിരിക്കും. അപ്പോള്‍ അല്ലാഹു ഒരാളെ ദത്തുപുത്രനായി സ്വീകരിക്കുക എന്നതിനര്‍ഥം, നശ്വരരായ വ്യക്തികളിലുള്ള ദൗര്‍ബല്യങ്ങള്‍ അവനിലും ആരോപിക്കുക എന്നാകുന്നു. അല്ലാഹു അഹദും അസ്സ്വമദുമാണെന്ന പ്രസ്താവനയിലൂടെ ഈ സങ്കല്‍പങ്ങളുടെയെല്ലാം വേരറുത്തു കളഞ്ഞിരിക്കുകയാണ്. അതിനുശേഷം ‘അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല’ എന്ന വാക്യത്തിലൂടെ അക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടമില്ലാതാക്കി. കൂടാതെ, ദൈവസത്തയെ സംബന്ധിച്ചുള്ള ഇത്തരം സങ്കല്‍പങ്ങള്‍ ശിര്‍ക്കിന്റെ മുഖ്യമാര്‍ഗങ്ങളാകയാല്‍ അവയെ സ്പഷ്ടമായും ഖണ്ഡിതമായും സുദൃഢമായും ഖണ്ഡിക്കുന്നത് ഈ സൂറയില്‍ മാത്രം പരിമിതമാക്കിയിട്ടില്ല. ജനങ്ങള്‍ യാഥാര്‍ഥ്യം നല്ലവണ്ണം ഗ്രഹിക്കുന്നതിനുവേണ്ടി വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും അവന്‍ ഈ ആശയങ്ങള്‍ ആവര്‍ത്തിച്ച് അരുളിയിട്ടുണ്ട്. ഉദാഹരണത്തിന്, താഴെ സൂക്തങ്ങള്‍ നോക്കുക: إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ ۘ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ – النساء : ١٧١ (ഏകനായ ദൈവം മാത്രമാകുന്നു അല്ലാഹു. പുത്രനുണ്ടാകുന്നതില്‍നിന്ന് പരിശുദ്ധനത്രേ അവന്‍. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാകുന്നു.) أَلَا إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ. وَلَدَ اللَّهُ وَإِنَّهُمْ لَكَاذِبُونَ – الصّافّات : ١٥١-١٥٢ (അറിയുവിന്‍, ഇക്കൂട്ടര്‍, അല്ലാഹുവിന് മക്കളുണ്ടെന്ന് കള്ളം കെട്ടിച്ചമക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍തന്നെയാണ്.) وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ – الصّافّات : ١٥٨ (അവര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ വംശബന്ധം ഉണ്ടാക്കിയിരിക്കുന്നു. എന്നാലോ, ജിന്നുകള്‍ക്ക് നന്നായറിയാം തങ്ങള്‍ (കുറ്റവാളികളായി) ഹാജരാക്കപ്പെടുമെന്ന്.) وَجَعَلُوا لَهُ مِنْ عِبَادِهِ جُزْءًا ۚ إِنَّ الْإِنسَانَ لَكَفُورٌ مُّبِينٌ – الزخرف : ١٥ (ജനം അവന്റെ ചില ദാസന്മാരെ അവന്റെ ഘടകമാക്കിക്കളഞ്ഞു. മനുഷ്യന്‍ സ്പഷ്ടമായും നന്ദികെട്ടവനാണെന്നതത്രേ യാഥാര്‍ഥ്യം.) وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ . بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ – الأنعام : ١٠٠ – ١٠١ (ജനം ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളായി നിശ്ചയിച്ചിരിക്കുന്നു, അവനാണവയെ സൃഷ്ടിച്ചതെന്നിരിക്കെ. അറിവില്ലാതെ, അവര്‍ അവന്ന് പുത്രന്മാരെയും പുത്രികളെയും ആരോപിച്ചിരിക്കുന്നു. അവര്‍ പറയുന്നതില്‍നിന്നൊക്കെയും അവന്‍ പരമപരിശുദ്ധനത്രേ. ആകാശഭൂമികളുടെ മൗലിക സ്രഷ്ടാവ്. അവന്ന് ഒരു പുത്രനുണ്ടാകുന്നതെങ്ങനെയാണ്, അവന്ന് ഒരു സഖിപോലും ഇല്ലെന്നും സകലതും അവന്‍ സൃഷ്ടിച്ചതാണെന്നുമിരിക്കെ?!) وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ۗ سُبْحَانَهُ ۚ بَلْ عِبَادٌ مُّكْرَمُونَ – الانبياء : ٢٦ (അല്ലാഹു പുത്രനെ സ്വീകരിച്ചതായി ഇക്കൂട്ടര്‍ ജല്‍പിച്ചിരിക്കുന്നു. അവനെത്ര പരിശുദ്ധന്‍! (അവര്‍ പുത്രന്മാരെന്നു പറയുന്നവരാകട്ടെ) അവന്റെ ആദരണീയരായ അടിമകളാകുന്നു). قَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ هُوَ الْغَنِيُّ ۖ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَانٍ بِهَٰذَا ۚ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ – يونس : ٦٨ (അല്ലാഹു പുത്രനെ സ്വീകരിച്ചുവെന്നു ജനം പറഞ്ഞുകളഞ്ഞു. അവനെത്ര പരിശുദ്ധന്‍! അവന്‍ സ്വയംപര്യാപ്തനാകുന്നു. ആകാശഭൂമികളൊക്കെയും അവന്റേതാണ്. നിങ്ങളിപ്പറയുന്നതിന് നിങ്ങളുടെ വശം വല്ല പ്രമാണവുമുണ്ടോ? അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ പറയുകയോ?!) وَقُلِ الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ – بنى اسرائيل : ١١١ (നബീ, പറയുക: പുത്രനെ സ്വീകരിക്കാത്തവനും ആധിപത്യത്തില്‍ പങ്കാളികളാരുമില്ലാത്തവനും രക്ഷിക്കാന്‍ ഒരു സഹായി ആവശ്യമാകത്തക്ക വണ്ണം ഒരു ദൗര്‍ബല്യവും ഇല്ലാത്തവനുമായ അല്ലാഹുവിന് സര്‍വസ്തുതിയും.) مَا اتَّخَذَ اللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَٰهٍ ۚ – المؤمنون : ٩١ (അല്ലാഹു പുത്രനെ സ്വീകരിച്ചിട്ടില്ല. അവന്റെ കൂടെ വേറെ ദൈവവുമില്ല.) അല്ലാഹുവിന് വംശപരമായ മക്കളോ അല്ലെങ്കില്‍ ദത്തുപുത്രന്മാരായി സ്വീകരിക്കപ്പെടുന്ന മക്കളോ ഉണ്ട് എന്ന വിശ്വാസത്തെ മേലുദ്ധരിച്ച സൂക്തങ്ങള്‍ എല്ലാ വശങ്ങളിലൂടെയും ഖണ്ഡിച്ചിരിക്കുന്നു. അത് അബദ്ധമാണെന്നതിനുള്ള തെളിവുകളും പ്രസ്താവിച്ചിട്ടുണ്ട്. ഇതേ ആശയത്തില്‍ ഖുര്‍ആനില്‍ വന്നിട്ടുള്ള മറ്റനവധി സൂക്തങ്ങള്‍ സൂറ അല്‍ഇഖ്‌ലാസ്വിനെ ഏറ്റവും നല്ല നിലയില്‍ വ്യാഖ്യാനിച്ചിരിക്കുന്നു.

6. كُفْو എന്നാണ് മൂലപദം. തുല്യന്‍, സമാനന്‍, സദൃശന്‍, സമശീര്‍ഷന്‍ എന്നൊക്കെയാണര്‍ഥം. വൈവാഹികവിഷയത്തില്‍ ‘കുഫ്‌വ്’ എന്ന പദം നമ്മുടെ ഭാഷയിലും ഉപയോഗിക്കാറുള്ളതാണല്ലോ. വധൂവരന്മാര്‍ സാമൂഹികമായി തുല്യനിലവാരമുള്ളവരാവുക എന്നാണിതിന്റെ താല്‍പര്യം. ഇവിടെ സൂക്തത്തിന്റെ താല്‍പര്യമിതാകുന്നു: അല്ലാഹുവിനെപ്പോലെ അല്ലെങ്കില്‍ അവന്ന് സമശീര്‍ഷനായി അല്ലെങ്കില്‍ ഗുണങ്ങളിലും കര്‍മങ്ങളിലും അധികാരങ്ങളിലും ഏതെങ്കിലുമൊരളവില്‍ അവനോടു സാദൃശ്യമുള്ള ഒരു വസ്തുവും പ്രപഞ്ചത്തിലെങ്ങും ഒരിക്കലും ഉണ്ടായിട്ടില്ല; എന്നെങ്കിലും ഉണ്ടാവുക സാധ്യവുമല്ല.

നീ പറയുക = قُلْ
അവന്‍ = هُوَ
അല്ലാഹുവാണ് = اللَّهُ
ഏകന്‍ = أَحَدٌ
അല്ലാഹു = اللَّهُ
ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും = الصَّمَدُ
അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല) = لَمْ يَلِدْ
അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല) = وَلَمْ يُولَدْ
ഇല്ല = وَلَمْ يَكُن
അവന്ന് = لَّهُ
തുല്യനായി = كُفُوًا
ആരും = أَحَدٌ

Add comment

Your email address will not be published. Required fields are marked *