അല്‍ ഫലഖ്‌ – സൂക്തങ്ങള്‍: 1-5

ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി’ദലാഇലുന്നുബുവ്വതി’ല്‍ എഴുതുന്നു: ”ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.” രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറും വെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു..

മക്കയില്‍ ഈ സൂറകള്‍ അവതീര്‍ണമായ സാഹചര്യം ഇതായിരുന്നു: ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചതോടെത്തന്നെ, പ്രവാചകന്റെ അവസ്ഥ കടന്നല്‍ക്കൂട്ടില്‍ കൈയിട്ടതുപോലെയായിത്തീര്‍ന്നു. പ്രവാചകസന്ദേശം പ്രചരിക്കുംതോറും ഖുറൈശികളുടെ എതിര്‍പ്പിന് ആക്കം കൂടിക്കൊണ്ടിരുന്നു. തിരുമേനിയോട് എങ്ങനെയെങ്കിലും വിലപേശിയിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ വല്ല കെണിയിലും കുടുക്കിയിട്ടോ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന കാലത്ത് ശത്രുതയുടെ രൂക്ഷതക്ക് അല്‍പം കുറവുണ്ടായിരുന്നു. പക്ഷേ, ദീനിന്റെ കാര്യത്തില്‍ത്തന്നെ ഏതെങ്കിലും സന്ധിക്കു സന്നദ്ധനാക്കാനുള്ള ശ്രമത്തില്‍ പ്രവാചകന്‍ (സ) അവരെ തീരെ നിരാശപ്പെടുത്തുകയും സൂറ അല്‍കാഫിറൂനിലൂടെ, നിങ്ങളുടെ ആരാധ്യരെ ആരാധിക്കുന്നവനല്ല ഞാന്‍, എന്റെ ആരാധ്യനെ ആരാധിക്കുന്നവരല്ല നിങ്ങള്‍, എന്റെ വഴിവേറെ, നിങ്ങളുടെ വഴി വേറെ എന്ന് അര്‍ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ബഹുദൈവവിശ്വാസികളുടെ ശത്രുത അതിന്റെ പരമകാഷ്ഠയിലെത്തി. ഇസ്‌ലാം സ്വീകരിച്ച അംഗങ്ങളുള്ള (സ്ത്രീയോ പുരുഷനോ യുവാവോ യുവതിയോ) കുടുംബങ്ങളുടെ മനസ്സില്‍ വിശേഷിച്ചും, തിരുമേനിയോടുള്ള വിരോധത്തിന്റെ അടുപ്പ് ആളിക്കത്തിക്കൊണ്ടിരുന്നു. വീടുകള്‍ തോറും തിരുമേനി ശപിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ക്കും കുറവുണ്ടായിരുന്നില്ല. ഒരു നാള്‍ നിശയുടെ അന്ധകാരത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വധിക്കണം. ആരാണ് ഘാതകനെന്ന് ഹാശിം കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയരുത്. അപ്പോള്‍ പിന്നെ അവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ലല്ലോ; ഇതായിരുന്നു പരിപാടി. അദ്ദേഹം തീര്‍ന്നുപോവുകയോ മാറാരോഗം ബാധിച്ച് മൂലയിലാവുകയോ അല്ലെങ്കില്‍ ഭ്രാന്തനായിത്തീരുകയോ ചെയ്യാന്‍വേണ്ടി ആഭിചാരക്രിയകളും മുറയ്ക്കു ചെയ്തുനോക്കി. തിരുമേനിക്കും അദ്ദേഹമവതരിപ്പിക്കുന്ന ദീനിനും ഖുര്‍ആനിനുമെതിരില്‍ ആളുകളില്‍ പലവക സന്ദേഹങ്ങളുയര്‍ത്തി തെറ്റിദ്ധരിപ്പിച്ച് അവരെ തിരുമേനിയില്‍നിന്ന് ഓടിയകലാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും നാലുപാടും വിഹരിക്കുന്നുണ്ടായിരുന്നു. പലരുടെയും മനസ്സുകളില്‍ കടുത്ത അസൂയ നിറഞ്ഞു. താനോ തന്റെ ഗോത്രക്കാരനോ അല്ലാതെ മറ്റൊരാളും ശോഭിക്കുന്നത് കണ്ടുകൂടാത്തവരായിരുന്നു അവര്‍.

قُلْ أَعُوذُ بِرَبِّ ٱلْفَلَقِ﴿١﴾ مِن شَرِّ مَا خَلَقَ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ﴿٣﴾ وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ﴿٥﴾


(1-5) പറയുക:1 പ്രഭാതത്തിന്റെ നാഥനില്‍2 ഞാന്‍ ശരണം തേടുന്നു;3 അവന്‍ സൃഷ്ടിച്ച സകല വസ്തുക്കളുടെയും ദ്രോഹത്തില്‍നിന്നും,4 ഇരുട്ടു മുറ്റിയ രാവിന്റെ ദ്രോഹത്തില്‍നിന്നും,5 ബന്ധനങ്ങളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്നും,6 അസൂയ കാട്ടുന്ന അസൂയാലുവിന്റെ ദ്രോഹത്തില്‍നിന്നും7 .

1. قُلْ (പറയുക) എന്നപദം, ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി റസൂല്‍ (സ) തിരുമേനിക്ക് വഹ്‌യ് മുഖേന അവതീര്‍ണമായ സന്ദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഈ വചനത്തിന്റെ പ്രാഥമിക സംബോധിതന്‍ റസൂല്‍(സ)തന്നെയാണെങ്കിലും അദ്ദേഹത്തിനു ശേഷം വിശ്വാസികളെല്ലാവരും അതിന്റെ സംബോധിതരാകുന്നു.

2. رَبِّ الْفَلَق എന്നാണ് മൂലത്തില്‍ ഉപയോഗിച്ച വാക്ക്. فَلَق എന്ന പദത്തിന്റെ മൗലികമായ അര്‍ഥം പിളരുക എന്നാണ്. രാത്രിയുടെ അന്ധകാരത്തെ പിളര്‍ന്ന് പുലര്‍വെട്ടം പുറത്തുവരുക എന്നാണ് ബഹുഭൂരിപക്ഷം മുഫസ്സിറുകളും ഇതിനു വിവക്ഷ കല്‍പിച്ചിരിക്കുന്നത്. കാരണം, പ്രഭാതോദയം എന്ന അര്‍ഥത്തില്‍ فَلَقُ الصُّبْح എന്ന് അറബിഭാഷയില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലും, സൂറ അല്‍അന്‍ആം 96-ആം സൂക്തത്തില്‍ അല്ലാഹുവിനെക്കുറിച്ച് فَالِقُ الإصْبَاح എന്നുപയോഗിച്ചതായി കാണാം. രാത്രിയുടെ ഇരുട്ടിനെ പിളര്‍ന്നു പ്രഭാതത്തെ പുറത്തുകൊണ്ടുവരുന്നവന്‍ എന്നാണതിന്റെ താല്‍പര്യം. ഫലഖിന് خَلْق (സൃഷ്ടി) എന്ന മറ്റൊരര്‍ഥവുമുണ്ട്. ലോകത്തുളവാകുന്ന ഏതു സൃഷ്ടിയും ഏതെങ്കിലും വസ്തുക്കളെ പിളര്‍ന്നുളവാകുന്നതാണ് എന്നത്രെ ഈ അര്‍ഥകല്‍പനക്കാധാരം. സസ്യവിത്തുകളെല്ലാം ഭൂമിയെ പിളര്‍ന്നു കൂമ്പുയര്‍ത്തുന്നു. ജന്തുക്കളെല്ലാം മാതാവിന്റെ ഗര്‍ഭാശയത്തിലൂടെ അല്ലെങ്കില്‍ മുട്ടയുടെ തോടുപിളര്‍ന്ന് അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും മറകള്‍ കീറി പിറന്നുവരുന്നു. ഭൂമിയോ പര്‍വതങ്ങളോ പിളര്‍ന്നാണ് എല്ലാ ഉറവകളുമൊഴുകുന്നത്. പകലവന്‍ രാവിന്റെ തിരശ്ശീല നീക്കി പ്രത്യക്ഷപ്പെടുന്നു. മഴത്തുള്ളികള്‍ മേഘങ്ങള്‍ കീറി ഭൂമിയിലേക്കു വീഴുന്നു. ചുരുക്കത്തില്‍, എല്ലാ വസ്തുക്കളും ഒന്നല്ലെങ്കില്‍ മറ്റൊന്നിന്റെ പിളര്‍പ്പിന്റെ ഫലമായിട്ടാണ് ഇല്ലായ്മയില്‍നിന്ന് ഉണ്‍മ നേടുന്നത്. എത്രത്തോളമെന്നാല്‍ പിന്നീട് വേര്‍പെടുത്തപ്പെട്ട ഒറ്റ പിണ്ഡമായിരുന്നു പണ്ട് ഭൂമിയും വാനലോകവും പോലും. അല്‍അമ്പിയാഅ് 30-ആം സൂക്തത്തില്‍ പറയുന്നു: كَانَتَا رَتْقًا فَفَتَقْنَاهُمَا (ഭൂലോകവും വാനലോകവും ഒട്ടിനില്‍ക്കുന്നവയായിരുന്നു. പിന്നെ നാമവയെ വേര്‍പെടുത്തി). ഈ അര്‍ഥമനുസരിച്ച് فَلَق സൃഷ്ടികളെ സാകല്യേന ഉള്‍ക്കൊള്ളുന്ന പൊതുവായ പദമാകുന്നു. ആദ്യത്തെ അര്‍ഥത്തിലെടുത്താല്‍ സൂക്തത്തിന്റെ ആശയം പ്രഭാതോദയത്തിന്റെ നാഥനില്‍ അഭയം തേടുന്നു എന്നാകുന്നു. രണ്ടാമത്തെ അര്‍ഥത്തിലെടുത്താല്‍, സര്‍വസൃഷ്ടികളുടെയും നാഥനില്‍ അഭയം തേടുന്നു എന്നായിരിക്കും ആശയം. ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ സത്താനാമം ഉപയോഗിക്കാതെ رَبّ എന്ന വിശേഷണനാമം ഉപയോഗിച്ചത് ശരണാര്‍ഥനയില്‍ അല്ലാഹുവിന്റെ رَبّ (നാഥനും ഉടമയും പരിപാലകനും) എന്ന ഗുണം ഏറെ പ്രസക്തമായതുകൊണ്ടാണ്. കൂടാതെ رَبّ الْفَلَق ന് പ്രഭാതോദയത്തിന്റെ നാഥന്‍ എന്നര്‍ഥം നല്‍കുകയാണെങ്കില്‍ അതിന്റെ താല്‍പര്യം ഇങ്ങനെയാകുന്നു: അന്ധകാരത്തെ വകഞ്ഞുമാറ്റി പ്രകാശം പുറപ്പെടുവിക്കുന്ന പരിപാലകനില്‍ ഞാന്‍ അഭയം തേടുന്നു; അവന്‍ ആപത്തുകളെ വകഞ്ഞുമാറ്റി എനിക്ക് സൗഖ്യം പ്രദാനം ചെയ്യാന്‍. സൃഷ്ടികളുടെ നാഥന്‍ എന്നാണര്‍ഥം നല്‍കുന്നതെങ്കില്‍ താല്‍പര്യം ഇങ്ങനെയായിരിക്കും: സകല സൃഷ്ടികളുടെയും നാഥനോട് ഞാന്‍ അഭയം തേടുന്നു; അവന്‍ തന്റെ സൃഷ്ടികളുടെ ദ്രോഹങ്ങളില്‍നിന്ന് എനിക്ക് രക്ഷയേകാന്‍.

3. ശരണാര്‍ഥനയില്‍ മൂന്നു കാര്യങ്ങളുള്‍ക്കൊള്ളുന്നു. ഒന്ന്, ശരണം തേടുക എന്നതുതന്നെ. രണ്ട്, ശരണാര്‍ഥി. മൂന്ന്, ശരണമര്‍ഥിക്കപ്പെടുന്നവന്‍. ശരണം തേടുക എന്നതിന്റെ ഉദ്ദേശ്യം ഒരു സംഗതിയില്‍ ഭയം തോന്നി, രക്ഷപ്പെടുന്നതിനുവേണ്ടി മറ്റൊന്നിന്റെ സംരക്ഷണത്തിലാവുക. അല്ലെങ്കില്‍ കാവലിലോ വലയത്തിലോ തണലിലോ ആവുക എന്നാകുന്നു. ശരണാര്‍ഥി ഏതവസ്ഥയിലും, താന്‍ ഭയപ്പെടുന്ന സംഗതിയെ തനിക്ക് സ്വയം നേരിടാനാവില്ലെന്നും, അതില്‍നിന്ന് രക്ഷപ്പെടാന്‍ തനിക്ക് മറ്റുള്ളവരുടെ അഭയം ആവശ്യമാണെന്നും കരുതുന്നവന്‍തന്നെയായിരിക്കും. തനിക്ക് ഏര്‍പ്പെട്ടിട്ടുള്ള ഭയാനകമായ കാര്യത്തില്‍നിന്നു രക്ഷയരുളാന്‍ കഴിവുള്ളവന്‍ അവന്‍തന്നെ എന്നായിരിക്കും അഭയം തേടുന്നവന്‍ അഭയം തേടപ്പെടുന്നവനെക്കുറിച്ച് അനിവാര്യമായും കരുതുന്നത്. അപ്പോള്‍ പ്രകൃതിനിയമങ്ങളനുസരിച്ച് കാര്യകാരണ ലോകത്ത് ഒരു ഭൗതിക പദാര്‍ഥത്തില്‍നിന്നോ വ്യക്തിയില്‍നിന്നോ ശക്തിയില്‍നിന്നോ ലഭിക്കുന്നതാണ് ഒരിനം ശരണം. ഉദാഹരണം, ശത്രുവിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോട്ടയില്‍ അഭയം പ്രാപിക്കുക, വെടിയുണ്ടകളില്‍നിന്ന് രക്ഷപ്പെടാന്‍ ട്രഞ്ചിലോ മണല്‍ച്ചാക്കുകള്‍ക്കു പിന്നിലോ മതിലിനപ്പുറമോ ഒളിക്കുക. ഒരു ശക്തിയുടെയോ അക്രമിയുടെയോ ദ്രോഹത്തില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരാളുടെയോ സമുദായത്തിന്റെയോ സര്‍ക്കാറിന്റെയോ സംരക്ഷണം സ്വീകരിക്കുക. വെയിലില്‍നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെയോ കെട്ടിടത്തിന്റെയോ തണല്‍ പ്രാപിക്കുക. രണ്ടാമത്തെ ഇനം ശരണാര്‍ഥന ഇതില്‍നിന്ന് തികച്ചും ഭിന്നമാകുന്നു. എല്ലാവിധ ആപത്തുകളില്‍നിന്നും ഭൗതികവും ആത്മീയവുമായ പീഡനങ്ങളില്‍നിന്നും ഉപദ്രവകരമായ എല്ലാ സംഗതികളില്‍നിന്നും പ്രകൃത്യതീതമായ ഒരസ്തിത്വത്തില്‍ അഭയം തേടുകയാണത്. ആ അസ്തിത്വം കാര്യകാരണലോകത്തിന്റെ നിയന്താവും അഗോചരവും അജ്ഞേയവുമായ മാര്‍ഗങ്ങളിലൂടെ അഭയാര്‍ഥിയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ കഴിവുള്ളവനുമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇങ്ങനെ അഭയം തേടുന്നത്. ശരണാര്‍ഥനയുടെ ഈ രണ്ടാമത്തെ ഇനമാണ് ഈ സൂറകളില്‍ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. എന്നല്ല, ഖുര്‍ആനിലും ഹദീസിലും എവിടെയെല്ലാം അഭയാര്‍ഥനയെ പരാമര്‍ശിച്ചിട്ടുണ്ടോ അവിടെയെല്ലാം ഉദ്ദേശ്യം ഈ സവിശേഷതരം അഭയാര്‍ഥനയാകുന്നു. ഈ സ്വഭാവത്തിലുള്ള تَعَوُّذ അല്ലെങ്കില്‍ إِسْتِعَاذَة (അഭയാര്‍ഥന) അല്ലാഹുവിനോടല്ലാതെ മറ്റാരോടും പാടില്ല എന്നത് തൗഹീദിന്റെ അനിവാര്യതാല്‍പര്യമത്രേ. ബഹുദൈവവിശ്വാസികള്‍ ഈ വിധത്തിലുള്ള അഭയാര്‍ഥന അല്ലാഹുവിനെക്കൂടാതെ ജിന്നുകളോടും ദേവീദേവന്മാര്‍ തുടങ്ങിയ മറ്റു ദൈവേതര ശക്തികളോടും നടത്തിയിരുന്നു. ഇന്നും അവരാ സമ്പ്രദായം തുടരുന്നുണ്ട്. ഭൗതിക പൂജകര്‍ അതിനും ഭൗതികോപാധികളെയും ഉപകരണങ്ങളെയുംതന്നെ അവലംബിക്കുന്നു. കാരണം, അവര്‍ ഒരു പ്രകൃത്യതീത ശക്തികളെയും അംഗീകരിക്കുന്നില്ല. എന്നാല്‍, സത്യവിശ്വാസി, തനിക്ക് സ്വയം പ്രതിരോധിക്കാനെളുപ്പമല്ല എന്നു കരുതുന്ന എല്ലാ ആപത്തുകളിലും അത്യാഹിതങ്ങളിലും അല്ലാഹുവിലേക്കു മാത്രം മടങ്ങുകയും അവനോടുമാത്രം ശരണമര്‍ഥിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, ബഹുദൈവവിശ്വാസികളെക്കുറിച്ചു ഖുര്‍ആന്‍ പറഞ്ഞു: وَأَنَّهُ كَانَ رِجَالٌ مِنَ الإنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ (മനുഷ്യരില്‍ ചിലയാളുകള്‍ ജിന്നുകളില്‍ ചിലയാളുകളോട് ശരണം തേടിയിരുന്നു – അല്‍ജിന്ന് 6).

4. മറ്റു വാക്കുകളില്‍, എല്ലാ സൃഷ്ടികളില്‍നിന്നുമുള്ള തിന്മകളില്‍നിന്നും ഞാന്‍ അവനില്‍ ശരണം തേടുന്നു. ഈ വാക്യത്തില്‍ ശ്രദ്ധേയമായ ചില സംഗതികളുണ്ട്: ഒന്ന്: തിന്മയുളവാക്കുന്നതിനെ അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുന്നില്ല. സൃഷ്ടികളുടെ ഉളവാകലിനെയാണവനിലേക്ക് ചേര്‍ക്കപ്പെട്ടത്. തിന്മകളെ ചേര്‍ത്തിരിക്കുന്നത് സൃഷ്ടികളിലേക്കാണ്. അതായത്, അല്ലാഹു സൃഷ്ടിച്ച തിന്മകളില്‍നിന്ന് ശരണം തേടുന്നു എന്നല്ല, അല്ലാഹു സൃഷ്ടിച്ച സൃഷ്ടികള്‍ ഉളവാക്കുന്ന തിന്മകളില്‍നിന്ന് ശരണം തേടുന്നു എന്നാണ് പറയുന്നത്. അല്ലാഹു ഒരു സൃഷ്ടിയെയും തിന്മകള്‍ ഉണ്ടാക്കാന്‍ സൃഷ്ടിച്ചിട്ടില്ല എന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. അവന്റെ എല്ലാ കാര്യങ്ങളും നന്മക്കും ഗുണത്തിനും വേണ്ടിമാത്രം ഉള്ളതാകുന്നു. സൃഷ്ടികളില്‍ അവന്‍ നിക്ഷേപിച്ച ഗുണങ്ങളെല്ലാം അതിന്റെ സൃഷ്ടിതാല്‍പര്യം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയുള്ളതാണ്. പക്ഷേ, ചില സമയങ്ങളില്‍ ചിലയിനം സൃഷ്ടികള്‍ ആ ഗുണങ്ങളിലൂടെ തിന്മകളാണ് പ്രകടമാക്കുന്നതെന്നു മാത്രം. രണ്ട്: ശേഷമുള്ള വാക്യങ്ങളില്‍ പ്രത്യേക സൃഷ്ടിവര്‍ഗങ്ങളുടെ തിന്മകളെ വെവ്വേറെ എടുത്തു പരാമര്‍ശിക്കാതെ ഈ വാക്യത്തില്‍ത്തന്നെ അവസാനിപ്പിച്ചിരുന്നുവെങ്കിലും വാക്യത്തിന്റെ ആശയം പൂര്‍ണമാകുമായിരുന്നു. അതില്‍, എല്ലാ സൃഷ്ടികളുടെ തിന്മകളില്‍നിന്നും അല്ലാഹുവില്‍ ശരണം തേടുന്നുണ്ടല്ലോ. ഈ പൊതുവായ ശരണാര്‍ഥനക്കുശേഷം ചില പ്രത്യേക തിന്മകളില്‍നിന്ന് പേര്‍ ചൊല്ലി അഭയം തേടിയതില്‍നിന്ന് പ്രകാശിതമാകുന്ന അര്‍ഥമിതാണ്: അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളുടെയും തിന്മകളില്‍നിന്ന് മൊത്തത്തില്‍ ഞാന്‍ അഭയം തേടുന്നു. എങ്കിലും സൂറ അല്‍ഫലഖിലെ ശിഷ്ട സൂക്തങ്ങളിലും സൂറ അന്നാസിലും പറയുന്ന ചില സൃഷ്ടികളുടെ ദ്രോഹങ്ങളില്‍നിന്ന് അല്ലാഹുവിന്റെ ശരണം ലഭിക്കേണ്ടത് എനിക്ക് സവിശേഷം ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. മൂന്ന്: സൃഷ്ടികളുടെ തിന്മകളില്‍നിന്ന് രക്ഷ പ്രാപിക്കാന്‍ ഉചിതവും ഫലപ്രദവുമായ പ്രാര്‍ഥന, സൃഷ്ടികളുടെ സ്രഷ്ടാവില്‍ ശരണം തേടുക എന്നതുതന്നെയാണ്. ഏതു നിലക്കും സൃഷ്ടികളെ അതിജയിച്ചുനില്‍ക്കുന്നവന്‍ അവനാണല്ലോ. അവയുടെ തിന്മകളില്‍ നമുക്കറിയുന്നത് അവന്നുമറിയാം. നമുക്കറിഞ്ഞുകൂടാത്തവയും അവന്നറിയാം. അതുകൊണ്ട് അവനില്‍ അഭയം തേടുകയെന്നാല്‍ ഒരു സൃഷ്ടിക്കും എതിര്‍ക്കാന്‍ കഴിയാത്ത അത്യുന്നതാധിപനോട് അഭയം തേടലാകുന്നു. അവനില്‍ ശരണം തേടുക വഴി നമുക്കറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ എല്ലാ സൃഷ്ടികളുടെയും എല്ലാവിധ തിന്മകളില്‍നിന്നും നാം സ്വയം അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്. കൂടാതെ അതില്‍ ഭൗതികമായ തിന്മകള്‍ക്ക് പുറമെ പാരത്രിക തിന്മകളില്‍നിന്നുള്ള അഭയാര്‍ഥനയും ഉള്‍പ്പെടുന്നു. നാല്: شَرّ എന്ന പദം നഷ്ടം, പീഡനം, ക്ലേശം, തിന്മ, വേദന എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്നു. നഷ്ടത്തിന്റെയും ക്ലേശത്തിന്റെയും വേദനയുടെയും കാരണങ്ങളെക്കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. ഉദാഹരണം പട്ടിണി, രോഗം, അത്യാഹിതത്തിലോ യുദ്ധത്തിലോ പരിക്കേല്‍ക്കുക, തീയില്‍ വെന്തുപോവുക, സര്‍പ്പദംശനമേല്‍ക്കുക, പുത്രദുഃഖമനുഭവിക്കുക തുടങ്ങിയ ‘ശര്‍റുകള്‍’ ഒന്നാമത്തെ അര്‍ഥത്തിലുള്ള ശര്‍റ് ആകുന്നു. അവ സ്വയം ക്ലേശവും പീഡയുമാണല്ലോ. ഇതില്‍നിന്നു ഭിന്നമായി കുഫ്ര്‍, ശിര്‍ക്ക് അക്രമം, പാപകൃത്യങ്ങള്‍ പോലുള്ള ശര്‍റുകള്‍ രണ്ടാമത്തെ അര്‍ഥത്തിലുള്ള ശര്‍റ് ആകുന്നു. എന്തുകൊണ്ടെന്നാല്‍, അതിന്റെ പരിണതി നഷ്ടവും പീഡനവുമാണ്– തല്‍ക്കാലം അതുകൊണ്ട് പ്രത്യക്ഷമായ തിന്മകളൊന്നും ഉണ്ടായില്ലെങ്കിലും; എന്നല്ല, ചില പാപകൃത്യങ്ങള്‍ ക്ഷണികരസമോ ലാഭമോ പ്രദാനംചെയ്താല്‍ പോലും. അതിനാല്‍, ശര്‍റില്‍നിന്നുള്ള ശരണാര്‍ഥന ഈ രണ്ടാശയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. അഞ്ച്: ‘ശര്‍റി’ല്‍നിന്ന് അഭയം തേടുന്നതിന് രണ്ടാശയങ്ങള്‍ കൂടിയുണ്ട്. ഒന്ന്, സംഭവിച്ചുകഴിഞ്ഞ തിന്മ നീങ്ങിക്കിട്ടുന്നതിനുവേണ്ടി അടിമ ദൈവത്തോടു പ്രാര്‍ഥിക്കുക. രണ്ട്, സംഭവിച്ചിട്ടില്ലാത്ത തിന്മകളില്‍നിന്ന് സുരക്ഷിതനാക്കേണമേ എന്ന് അടിമ ദൈവത്തോട് പ്രാര്‍ഥിക്കുക.

5. സൃഷ്ടികളുടെ തിന്മകളില്‍നിന്ന് മൊത്തത്തില്‍ ദൈവത്തോട് ശരണം തേടിയശേഷം ഇവിടെ ചില പ്രത്യേക സൃഷ്ടികളുടെ തിന്മയില്‍നിന്ന് സവിശേഷം ശരണം തേടാനുപദേശിച്ചിരിക്കുകയാണ്. സൂക്തത്തില്‍ غَاسِقٍ إِذَا وَقَبَ എന്നുപയോഗിച്ചിരിക്കുന്നു. غَاسِق ന്റെ ഭാഷാര്‍ഥം അന്ധകാരമെന്നാണ്. ബനീ ഇസ്‌റാഈല്‍ 78-ആം സൂക്തത്തില്‍ ഖുര്‍ആന്‍ പറഞ്ഞു: أَقِمِ الصَّلاَةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ (മധ്യാഹ്നം തെറ്റുന്നതുമുതല്‍ രാത്രി ഇരുട്ടുന്നത് വരെ നമസ്‌കാരം നിലനിര്‍ത്തുക). وَقَبَ എന്ന പദത്തിനര്‍ഥം പ്രവേശിക്കുക, മൂടുക എന്നൊക്കെയാണ്. അക്രമങ്ങളും പാപകൃത്യങ്ങളും ഏറെ നടക്കുന്നത് രാത്രിയിലായതുകൊണ്ടാണ് രാത്രിയുടെ അന്ധകാരത്തിന്റെ ശര്‍റില്‍നിന്ന് ശരണം തേടാന്‍ പ്രത്യേകം ഉപദേശിച്ചത്. ഉപദ്രവിക്കുന്ന ജന്തുക്കള്‍ പുറത്തുവരുന്നതും രാത്രികാലത്താണല്ലോ. ഈ സൂക്തങ്ങള്‍ അവതരിക്കുന്ന കാലത്ത് നിലവിലുണ്ടായിരുന്ന അറേബ്യന്‍ ഗോത്രാധിപത്യ സമ്പ്രദായത്തിലെ രാത്രികള്‍ കാളരാത്രികള്‍തന്നെയായിരുന്നു. ഇരുട്ടിന്റെ മറവില്‍ ഗോത്രപ്പടകള്‍ പുറത്തിറങ്ങുന്നു. അവര്‍ ഇതര ഗോത്രങ്ങളെ കടന്നാക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. റസൂല്‍(സ) തിരുമേനിയുടെ രക്തത്തിനു ദാഹിച്ചിരുന്നവരും, കൊലയാളി തിരിച്ചറിയപ്പെടാതിരിക്കാന്‍ രാത്രികാലത്താണ് അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നത്. അതുകൊണ്ട് രാത്രികാലത്തു സംഭവിക്കുന്ന സകല വിപത്തുകളില്‍നിന്നും അല്ലാഹുവില്‍ ശരണം തേടാന്‍ കല്‍പിച്ചിരിക്കുകയാണ്. ഇവിടെ ഇരുണ്ട രാത്രിയുടെ തിന്മകളില്‍നിന്ന് പ്രഭാതോദയത്തിന്റെ നാഥനില്‍ ശരണം തേടുന്നതിലെ ഔചിത്യ സൗന്ദര്യം കലാഹൃദയമുള്ളവര്‍ കാണാതിരിക്കുകയില്ല.

6. نَفَّاثَاتِ فِى الْعُقَدِ എന്നാണ് മൂല വാക്ക്. നൂലിലും കയറിലുമൊക്കെ ഉണ്ടാക്കുന്ന കെട്ട് എന്ന അര്‍ഥത്തിലുള്ള عُقْدَة എന്ന പദത്തിന്റെ ബഹുവചനമാണ് عُقَد. ഊതുക എന്നാണ് نَفَث ന്റെ അര്‍ഥം. نَفَّاثَة ന്റെ ബഹുവചനമാണ് نَفَّاثَات. ഇതിനെ عَلاَّمَة പോലുള്ള പ്രയോഗമായി ഗണിച്ചാല്‍ അധികം ഊതുന്ന പുരുഷന്മാര്‍ എന്നാകും അര്‍ഥം. സ്ത്രീലിംഗ വചനമായി ഗണിച്ചാല്‍ അധികം ഊതുന്ന സ്ത്രീകള്‍ എന്നും. ആത്മാവുകള്‍ അല്ലെങ്കില്‍ സംഘങ്ങള്‍ എന്നും ആവാം. അറബിയില്‍ نَفْس ഉം (ആത്മാവ്) جَمَاعَة ഉം (സംഘം) സ്ത്രീലിംഗ പദങ്ങളാകുന്നു. കെട്ടില്‍ ഊതുക എന്നത് ഏതാണ്ടെല്ലാ മുഫസ്സിറുകളുടെയും വീക്ഷണത്തില്‍ ആഭിചാരത്തിന്റെ ഉല്‍പ്രേക്ഷയാകുന്നു. ആഭിചാരകര്‍ ചരടിലോ കുരുക്കിട്ട നൂലിലോ ഊതുക സാധാരണമാണല്ലോ. അപ്പോള്‍ സൂക്തത്തിന്റെ വിവക്ഷ ഇങ്ങനെയാകുന്നു: ആഭിചാരകരില്‍നിന്ന് അല്ലെങ്കില്‍ ആഭിചാരക്രിയകളില്‍നിന്ന് ഞാന്‍ പ്രഭാതോദയത്തിന്റെ നാഥനില്‍ ശരണം തേടുന്നു. പ്രവാചകന്ന് (സ) ആരോ ആഭിചാരം ചെയ്തപ്പോള്‍ ജിബ്‌രീല്‍ (അ) വന്ന് മുഅവ്വിദതൈനി ഓതാന്‍ അദ്ദേഹത്തോടു നിര്‍ദേശിച്ചു എന്ന നിവേദനം ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നുണ്ട്. മുഅവ്വിദതൈനിയില്‍ ഈ ഒരു വാക്യം മാത്രമേ ആഭിചാരവുമായി നേരിട്ടു ബന്ധപ്പെട്ടതായിട്ടുള്ളൂ. അബൂമുസ്‌ലിം ഇസ്ഫഹാനിയും സമഖ്ശരിയും نَفَّاثَات ന് മറ്റൊരാശയവും കൂടി പറഞ്ഞിട്ടുണ്ട്. അതിതാണ്: കെട്ടുകളില്‍ ഊതുക എന്നതിന്റെ വിവക്ഷ സ്ത്രീകളുടെ കുതന്ത്രങ്ങളുമാണ്. അവര്‍ പുരുഷന്മാരുടെ നിശ്ചയദാര്‍ഢ്യത്തിലും വിചാരവീക്ഷണങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ ആഭിചാരത്തോട് ഉപമിച്ചിരിക്കുകയാണ്. കാരണം, സ്ത്രീയോടുള്ള അനുരാഗത്തില്‍ മുങ്ങിപ്പോകുന്ന പുരുഷന്‍ ആഭിചാരം ബാധിച്ചവനെപ്പോലെ ആയിത്തീരുന്നു. ഈ വ്യാഖ്യാനം വളരെ ധൈഷണികമാണെങ്കിലും പൂര്‍വസൂരികള്‍ അംഗീകരിച്ചുപോന്നതിനെതിരാണ്. നാം മുഖവുരയില്‍ ചൂണ്ടിക്കാണിച്ച മുഅവ്വിദതൈനിയുടെ അവതരണ പശ്ചാത്തലവുമായും ഈ വ്യാഖ്യാനം പൊരുത്തപ്പെടുന്നില്ല. ആഭിചാരം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്: മറ്റൊരാള്‍ക്ക് ദോഷഫലങ്ങളുണ്ടാക്കുന്നതിനുവേണ്ടി ചെകുത്താന്മാരുടെയോ ദുരാത്മാക്കളുടെയോ ഗ്രഹങ്ങളുടെയോ സഹായം തേടുകയാണതില്‍ ചെയ്യുന്നത്. അതുകൊണ്ട് ഖുര്‍ആന്‍ അതിനെ കുഫ്ര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

7. ‘അസൂയ’ എന്നതുകൊണ്ടുള്ള വിവക്ഷ ഇതാണ്: മറ്റൊരുവന്ന് അല്ലാഹു നല്‍കിയ അനുഗ്രഹത്തിലോ ശ്രേഷ്ഠതയിലോ നന്മയിലോ അസഹിഷ്ണുവായി അത് അയാളില്‍നിന്ന് നഷ്ടപ്പെടുകയും തനിക്കു ലഭിക്കുകയും വേണമെന്ന് അല്ലെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് നഷ്ടപ്പെടുകയെങ്കിലും വേണമെന്ന് ഒരുവന്‍ ആഗ്രഹിക്കുക. എന്നാല്‍, ഒരാള്‍ മറ്റൊരാള്‍ക്ക് ലഭിച്ച നേട്ടം തനിക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് അസൂയയുടെ നിര്‍വചനത്തില്‍ പെടുന്നില്ല. ഇവിടെ അസൂയക്കാരന്റെ ശര്‍റില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടുന്ന സന്ദര്‍ഭം ഇതാണ്: അവന്‍ അസൂയ പുലര്‍ത്തുമ്പോള്‍. അതായത്, തന്റെ മനസ്സിലെ അസൂയാഗ്നി ശമിപ്പിക്കുന്നതിനുവേണ്ടി അവന്‍ വാക്കാലോ പ്രവൃത്തിയാലോ മുതിരുമ്പോള്‍. എന്തുകൊണ്ടെന്നാല്‍, പ്രായോഗിക നടപടിക്കു മുതിരാത്തിടത്തോളം കാലം, അസൂയാവികരം സ്വയമൊരു തിന്മയാണെങ്കിലും അത് അസൂയാവിധേയന്‍ ശരണാര്‍ഥന നടത്തേണ്ട ഒരു ശര്‍റ് ആയിത്തീരുന്നില്ല. പിന്നെ ഒരസൂയാലുവില്‍നിന്ന് അത്തരം ‘ശര്‍റ്’ പ്രകടമാകുമ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ ഒന്നാമതായി അവലംബിക്കേണ്ട മാര്‍ഗം അല്ലാഹുവില്‍ ശരണം തേടുക എന്നതാകുന്നു. അസൂയാലുവിന്റെ ദ്രോഹത്തില്‍നിന്ന് രക്ഷപ്രാപിക്കാന്‍ ഇതോടൊപ്പം വേറെ ചില സംഗതികള്‍ കൂടി ആവശ്യമാകുന്നു. ഒന്ന്, അല്ലാഹുവില്‍ സര്‍വസ്വം സമര്‍പ്പിക്കുക. അല്ലാഹു ഉദ്ദേശിക്കാതെ തനിക്കൊരു ദ്രോഹവും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് ദൃഢവിശ്വാസമാര്‍ജിക്കുക. രണ്ട്, അസൂയാലുവിന്റെ വര്‍ത്തമാനങ്ങള്‍ ക്ഷമിക്കുക. അക്ഷമയാല്‍ ധാര്‍മികമായി അസൂയാലുവിന്റെ നിലവാരത്തിലേക്ക് സ്വയം താഴുന്ന തരത്തിലുള്ള ചൊല്ലുകളും ചെയ്തികളും കൈക്കൊണ്ടുകൂടാ. മൂന്ന്, അസൂയാലു ദൈവത്തെ പേടിക്കാതെയും ജനങ്ങളോടു നാണമില്ലാതെയും എന്തവിവേകങ്ങള്‍ പ്രവര്‍ത്തിച്ചാലും അസൂയാവിധേയന്‍ സദാ തഖ്‌വയില്‍ (ദൈവഭക്തിയില്‍) തന്നെ നിലകൊള്ളണം. നാല്, അസൂയാലുവിനെക്കുറിച്ചുള്ള വിചാരങ്ങളില്‍നിന്ന് മനസ്സിനെ തീരെ മുക്തമാക്കുക. അങ്ങനെയൊരാളേയില്ലാത്തതുപോലെ അയാളെ അവഗണിച്ചേക്കണം. കാരണം, അസൂയാവിധേയന്‍ അസൂയാലുവിനെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിമഗ്നനാവുക എന്നത് അസൂയാലുവിന്റെ വിജയത്തിന്റെ പ്രഥമപടിയാകുന്നു. അഞ്ച്, അസൂയാലുവിനോട് മോശമായി പെരുമാറരുത്. എന്നല്ല; അവസരം കിട്ടുമ്പോഴൊക്കെ അയാളോട് നല്ല നിലയിലും ഉദാരമായുംതന്നെ പെരുമാറുകയും വേണം. ആ നല്ല പെരുമാറ്റംമൂലം അയാളുടെ മനസ്സിലെ അസൂയാഗ്നി കെട്ടുപോകുന്നുണ്ടോ ഇല്ലേ എന്നൊന്നും പരിഗണിക്കേണ്ടതില്ല. ആറ്, അസൂയാവിധേയന്‍ ഏകദൈവാദര്‍ശം ഉള്‍ക്കൊണ്ട് അതില്‍ അടിയുറച്ചുനില്‍ക്കുക. ഏകദൈവാദര്‍ശം നന്നായി കുടിയിരിക്കുന്ന മനസ്സില്‍ ദൈവഭയത്തോടൊപ്പം മറ്റൊരു ഭയത്തിനും കുടിയിരിക്കാന്‍ ഇടം ലഭിക്കുകയില്ലതന്നെ.

നീ പറയുക = قُلْ
ഞാന്‍ ശരണം തേടുന്നു = أَعُوذُ
നാഥനോട് = بِرَبِّ
പ്രഭാതത്തിന്റെ = الْفَلَقِ
ദ്രോഹത്തില്‍നിന്ന് = مِن شَرِّ
അവന്‍ സൃഷ്ടിച്ചവയുടെ = مَا خَلَقَ
ദ്രോഹത്തില്‍നിന്നും = وَمِن شَرِّ
രാവിന്റെ = غَاسِقٍ
അത് ഇരുള്‍ മൂടുമ്പോള്‍ = إِذَا وَقَبَ
ഉപദ്രവത്തില്‍നിന്നും = وَمِن شَرِّ
ഊതുന്നവരുടെ = النَّفَّاثَاتِ
കെട്ടുകളില്‍ = فِي الْعُقَدِ
ദ്രോഹത്തില്‍നിന്നും = وَمِن شَرِّ
അസൂയാലുവിന്റെ = حَاسِدٍ
അവന്‍ അസൂയ വെക്കുമ്പോള്‍ = إِذَا حَسَدَ

Add comment

Your email address will not be published. Required fields are marked *