അന്നാസ്‌ – സൂക്തങ്ങള്‍: 1-6

ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി’ദലാഇലുന്നുബുവ്വതി’ല്‍ എഴുതുന്നു: ”ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.” രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറും വെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു..

മക്കയില്‍ ഈ സൂറകള്‍ അവതീര്‍ണമായ സാഹചര്യം ഇതായിരുന്നു: ഇസ്‌ലാമിക പ്രബോധനം ആരംഭിച്ചതോടെത്തന്നെ, പ്രവാചകന്റെ അവസ്ഥ കടന്നല്‍ക്കൂട്ടില്‍ കൈയിട്ടതുപോലെയായിത്തീര്‍ന്നു. പ്രവാചകസന്ദേശം പ്രചരിക്കുംതോറും ഖുറൈശികളുടെ എതിര്‍പ്പിന് ആക്കം കൂടിക്കൊണ്ടിരുന്നു. തിരുമേനിയോട് എങ്ങനെയെങ്കിലും വിലപേശിയിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തെ വല്ല കെണിയിലും കുടുക്കിയിട്ടോ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന കാലത്ത് ശത്രുതയുടെ രൂക്ഷതക്ക് അല്‍പം കുറവുണ്ടായിരുന്നു. പക്ഷേ, ദീനിന്റെ കാര്യത്തില്‍ത്തന്നെ ഏതെങ്കിലും സന്ധിക്കു സന്നദ്ധനാക്കാനുള്ള ശ്രമത്തില്‍ പ്രവാചകന്‍ (സ) അവരെ തീരെ നിരാശപ്പെടുത്തുകയും സൂറ അല്‍കാഫിറൂനിലൂടെ, നിങ്ങളുടെ ആരാധ്യരെ ആരാധിക്കുന്നവനല്ല ഞാന്‍, എന്റെ ആരാധ്യനെ ആരാധിക്കുന്നവരല്ല നിങ്ങള്‍, എന്റെ വഴിവേറെ, നിങ്ങളുടെ വഴി വേറെ എന്ന് അര്‍ഥശങ്കക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തതോടെ ബഹുദൈവവിശ്വാസികളുടെ ശത്രുത അതിന്റെ പരമകാഷ്ഠയിലെത്തി. ഇസ്‌ലാം സ്വീകരിച്ച അംഗങ്ങളുള്ള (സ്ത്രീയോ പുരുഷനോ യുവാവോ യുവതിയോ) കുടുംബങ്ങളുടെ മനസ്സില്‍ വിശേഷിച്ചും, തിരുമേനിയോടുള്ള വിരോധത്തിന്റെ അടുപ്പ് ആളിക്കത്തിക്കൊണ്ടിരുന്നു. വീടുകള്‍ തോറും തിരുമേനി ശപിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ക്കും കുറവുണ്ടായിരുന്നില്ല. ഒരു നാള്‍ നിശയുടെ അന്ധകാരത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വധിക്കണം. ആരാണ് ഘാതകനെന്ന് ഹാശിം കുടുംബത്തിന് മനസ്സിലാക്കാന്‍ കഴിയരുത്. അപ്പോള്‍ പിന്നെ അവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ലല്ലോ; ഇതായിരുന്നു പരിപാടി. അദ്ദേഹം തീര്‍ന്നുപോവുകയോ മാറാരോഗം ബാധിച്ച് മൂലയിലാവുകയോ അല്ലെങ്കില്‍ ഭ്രാന്തനായിത്തീരുകയോ ചെയ്യാന്‍വേണ്ടി ആഭിചാരക്രിയകളും മുറയ്ക്കു ചെയ്തുനോക്കി. തിരുമേനിക്കും അദ്ദേഹമവതരിപ്പിക്കുന്ന ദീനിനും ഖുര്‍ആനിനുമെതിരില്‍ ആളുകളില്‍ പലവക സന്ദേഹങ്ങളുയര്‍ത്തി തെറ്റിദ്ധരിപ്പിച്ച് അവരെ തിരുമേനിയില്‍നിന്ന് ഓടിയകലാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യപ്പിശാചുക്കളും ജിന്നുപിശാചുക്കളും നാലുപാടും വിഹരിക്കുന്നുണ്ടായിരുന്നു. പലരുടെയും മനസ്സുകളില്‍ കടുത്ത അസൂയ നിറഞ്ഞു. താനോ തന്റെ ഗോത്രക്കാരനോ അല്ലാതെ മറ്റൊരാളും ശോഭിക്കുന്നത് കണ്ടുകൂടാത്തവരായിരുന്നു അവര്‍.

قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴿١﴾ مَلِكِ ٱلنَّاسِ﴿٢﴾ إِلَٰهِ ٱلنَّاسِ﴿٣﴾ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ﴿٤﴾ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ﴿٥﴾ مِنَ ٱلْجِنَّةِ وَٱلنَّاسِ﴿٦﴾

(1-6) പറയുക: മനുഷ്യരുടെ വിധാതാവിനോട് ഞാന്‍ ശരണംതേടുന്നു; മനുഷ്യരുടെ രാജാവിനോട്, മനുഷ്യരുടെ യഥാര്‍ഥ ദൈവത്തോട്,1 ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കുന്ന2 ദുര്‍ബോധകന്റെ ദ്രോഹത്തില്‍നിന്ന്. മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം ചെയ്യുന്നവരുടെ ദ്രോഹത്തില്‍നിന്ന്–അവര്‍ ജിന്നുകളില്‍ പെട്ടവരാവട്ടെ, മനുഷ്യരില്‍ പെട്ടവരാവട്ടെ3 .

1. ഇവിടെയും സൂറ അല്‍ഫലഖിലെന്നപോലെ أَعُوذُ بِاللهِ എന്നു പറയുന്നതിനു പകരം അല്ലാഹുവിന്റെ മൂന്നു ഗുണങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അവനില്‍ ശരണം തേടാന്‍ ഉപദേശിച്ചിരിക്കുകയാണ്. ഒന്ന്, അവന്റെ رَبُّ النَّاس എന്ന ഗുണം. അതായത്, സകല മനുഷ്യരുടെയും രക്ഷകനും നാഥനും ഉടമയുമാണ് എന്ന അവസ്ഥ. രണ്ട് അവന്റെ مَلِكُ النَّاس എന്ന ഗുണം. അതായത്, സകല മനുഷ്യരുടെയും രാജാവും അധിപനും ശാസകനുമാണ് എന്ന അവസ്ഥ. മൂന്ന്, إَلَـهُ النَّاس എന്ന ഗുണം. അതായത്, അവന്‍ മനുഷ്യരുടെ യഥാര്‍ഥ ആരാധ്യനാണ് എന്ന അവസ്ഥ. (ഇലാഹ് എന്ന പദം ഖുര്‍ആനില്‍ രണ്ടര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ ശരിക്കും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ഒന്ന്, ഇബാദത്തിനുള്ള യാതൊരര്‍ഹതയും ലഭിച്ചിട്ടില്ലെങ്കിലും പ്രായോഗികമായി ഇബാദത്തു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുവോ വ്യക്തിയോ. രണ്ട്, മനുഷ്യന്‍ ആരാധിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇബാദത്തു ചെയ്യപ്പെടാന്‍ അര്‍ഹതയുള്ളതും യഥാര്‍ഥത്തില്‍ ആരാധ്യനുമായ അസ്തിത്വം. അല്ലാഹുവിനെക്കുറിച്ച് എവിടെയും ഈ പദം ഉപയോഗിച്ചിട്ടുള്ളത് രണ്ടാമത് പറഞ്ഞ അര്‍ഥത്തിലാകുന്നു). ഈ മൂന്ന് ഗുണങ്ങളാല്‍ ശരണം തേടുന്നതിന്റെ താല്‍പര്യമിതാണ്: മനുഷ്യരുടെ രക്ഷിതാവെന്ന നിലയിലും രാജാവെന്ന നിലയിലും ആരാധ്യനെന്ന നിലയിലും മനുഷ്യരുടെ മേല്‍ പരമാധികാരമുള്ള ദൈവത്തില്‍ ഞാന്‍ ശരണം തേടുന്നു. തന്റെ ദാസന്മാരെ സംരക്ഷിക്കാന്‍ തികച്ചും കഴിവുള്ളവനാണവന്‍. യഥാര്‍ഥത്തില്‍ മനുഷ്യരെ തിന്മകളില്‍നിന്ന് രക്ഷിക്കാന്‍ കഴിവുള്ളവനോട് സ്വയം രക്ഷപ്പെടുന്നതിനും മറ്റു മനുഷ്യരെ രക്ഷപ്പെടുത്തുന്നതിനും ഞാന്‍ ശരണം തേടുന്നു. എന്നു മാത്രമല്ല, രക്ഷിതാവും രാജാവും ആരാധ്യനും അവന്‍ മാത്രമായതിനാല്‍ എനിക്ക് അഭയം പ്രാപിക്കാനായി, ശരണം നല്‍കാന്‍ കഴിവുള്ള മറ്റൊരു ശക്തിയുമില്ല താനും.

2. മൂലത്തില്‍ وَسْوَاسُ الْخَنَّاس എന്നാണുപയോഗിച്ചത്. ആവര്‍ത്തിച്ച് وَسْوَسة ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് وَسْوَاس ന്റെ അര്‍ഥം. ഒരാളുടെ മനസ്സില്‍ അയാളറിയാത്ത രീതിയില്‍ അല്ലെങ്കില്‍ രീതികളില്‍ ദുശ്ചിന്തയുണര്‍ത്തുകയെന്നാണ് وَسْوَسة യുടെ അര്‍ഥം. അതായത്, വസ്‌വാസിന് വിധേയനാകുന്ന മനുഷ്യന്ന് താന്‍ വസ്‌വാസിന് വിധേയനായിക്കൊണ്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. وَسْوَسة എന്ന പദത്തില്‍ത്തന്നെ ആവര്‍ത്തനത്തിന്റെ ആശയമുണ്ട്; زَلزَلَة എന്ന പദം ചലനത്തിന്റെ ആവര്‍ത്തനാശയം ഉള്‍ക്കൊള്ളുന്നതുപോലെ. മനുഷ്യന്‍ ഒരുവട്ടം വ്യാമോഹിപ്പിക്കപ്പെടുന്നതുകൊണ്ട് വഞ്ചിതനായിപ്പോകുന്നില്ല. അവനെ വഞ്ചിക്കാന്‍ നിരന്തര ശ്രമം വേണം. അതിനാല്‍, അങ്ങനെയുള്ള ശ്രമത്തെ വസ്‌വസ എന്നും ശ്രമികളെ വസ്‌വാസ് എന്നും പറയുന്നു. ഇനി, خَنَّاس എന്ന പദം خُنُوس എന്ന പദത്തില്‍നിന്ന് നിഷ്പന്ദിച്ചതാണ്. പ്രത്യക്ഷപ്പെട്ടശേഷം തിരോധാനം ചെയ്യുക, ആഗമിച്ചശേഷം നിര്‍ഗമിക്കുക എന്നൊക്കെയാണ് خُنُوس ന്റെ അര്‍ഥം. خَنَّاس അധികാര്‍ഥ സൂചകവചനമാകയാല്‍ അതിനര്‍ഥം ഏറെ വന്നുംപോയുമിരിക്കുന്നത് എന്നായിത്തീരുന്നു. വസ്‌വസതുണ്ടാക്കുന്നവന്ന് അതിനുവേണ്ടി നിരന്തരം മനുഷ്യനെ സമീപിച്ചുകൊണ്ടിരിക്കേണ്ടി വരുമല്ലോ. അതോടൊപ്പം خَنَّاس എന്നു കൂടി പറഞ്ഞപ്പോള്‍ രണ്ടു പദങ്ങളും ചേര്‍ന്നു പ്രകാശിപ്പിക്കുന്ന ആശയമിതാണ്: ദുഷ്ചിന്തയുണര്‍ത്തി തിരിച്ചുപോവുകയും പിന്നെ വീണ്ടും വീണ്ടും ശങ്കയുണര്‍ത്താന്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്‍. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ദുഷ്ചിന്തയുണര്‍ത്താനുള്ള ശ്രമം ഒരിക്കല്‍ പരാജയപ്പെട്ടാല്‍ അവന്‍ തിരിഞ്ഞുപോകും. അതേശ്രമം ആവര്‍ത്തിക്കുന്നതിനുവേണ്ടി പിന്നെയും വന്നുകൊണ്ടിരിക്കുകയും ചെയ്യും. وَسْوَاسُ الخَنَّاس ന്റെ ആശയം ഗ്രഹിച്ചശേഷം, അതിന്റെ ദ്രോഹത്തില്‍നിന്ന് ശരണം തേടുന്നതിന്റെ താല്‍പര്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. ശരണം തേടുന്നവന്‍ വസ്‌വസതില്‍നിന്നുതന്നെ, അതായത് മനസ്സില്‍ وَسْوَسة ഉണ്ടാവുക എന്നതില്‍നിന്നുതന്നെ അല്ലാഹുവില്‍ ശരണം തേടുക എന്നാണ് ഒരാശയം. രണ്ടാമത്തെ താല്‍പര്യമിതാണ്: ദൈവമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവര്‍ക്കെതിരില്‍ ഹൃദയങ്ങളില്‍ ദുശ്ശങ്കകളുണ്ടാക്കി വിഹരിക്കുന്നവരുടെ ശല്യത്തില്‍നിന്ന് സത്യപ്രബോധകന്‍ അല്ലാഹുവില്‍ ശരണം തേടുക. തനിക്കെതിരില്‍ ശത്രുക്കള്‍ ആരുടെയെല്ലാം മനസ്സുകളില്‍ ശങ്കകളും സംശയങ്ങളുമുളവാക്കിയിട്ടുണ്ടോ, അവരെ ഓരോരുത്തരെയും സമീപിച്ച് തെറ്റുധാരണകള്‍ ദൂരീകരിക്കുക എന്നത് പ്രബോധകന്റെ കഴിവില്‍ പെട്ടതല്ല. ജനങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നത് മാറ്റിവെച്ച് വസ്‌വസതുണ്ടാക്കുന്നവര്‍ സൃഷ്ടിച്ച തെറ്റുധാരണകളകറ്റുന്നതിലും അവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിലും മുഴുകുക എന്നത് സത്യപ്രബോധകന്ന് ഭൂഷണവുമല്ല. പ്രതിയോഗികള്‍ ഇറങ്ങിനില്‍ക്കുന്ന അധോതലത്തിലേക്ക് സ്വയം ഇറങ്ങിച്ചെല്ലുക എന്നതും അയാള്‍ തന്റെ സ്ഥാനത്തോടു ചെയ്യുന്ന അനീതിയാകുന്നു. അതുകൊണ്ട് സത്യപ്രബോധകരോട് അല്ലാഹു നിര്‍ദേശിക്കുകയാണ്: ഇത്തരം ദുഷ്ടന്മാരുടെ ദ്രോഹങ്ങളില്‍നിന്ന് ദൈവത്തില്‍ ശരണം തേടിയാല്‍ മാത്രം മതി. പിന്നെ നിര്‍ഭയമായി സ്വന്തം ദൗത്യത്തില്‍ മുഴുകിക്കൊള്ളുക. അനന്തരം അവരോട് പകരം വീട്ടുക നിന്റെ ചുമതലയല്ല. മറിച്ച്, ജനങ്ങളുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹുവിന്റെ ചുമതലയാകുന്നു. وَسْوَسة എന്നത് ദുഷ്‌കര്‍മത്തിന്റെ ആരംഭബിന്ദുവാണ് എന്ന സംഗതി കൂടി ഇവിടെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്. അത് അശ്രദ്ധനോ ശൂന്യമനസ്‌കനോ ആയ ഒരുവന്റെ അന്തരാളത്തെ സ്വാധീനിച്ചാല്‍ ആദ്യമായി അതില്‍ ദുര്‍മോഹങ്ങളുളവാകുന്നു. പിന്നെ കൂടുതല്‍ وَسْوَسةകള്‍ ആ ദുര്‍മോഹത്തെ ദുരുദ്ദേശ്യവും ദുഷ്ട തീരുമാനവുമായി മാറ്റുന്നു. وَسْوَسةയുടെ സ്വാധീനം പിന്നെയും വളരുമ്പോള്‍ ദുരുദ്ദേശ്യം ദൃഢനിശ്ചയമായി ഉറയ്ക്കുന്നു. പിന്നെ ഒടുവിലത്തെ ചുവട് ദുഷ്‌കര്‍മമാണ്. അതിനാല്‍, വസ്‌വസത് ഉണ്ടാക്കുന്നവരുടെ ദ്രോഹത്തില്‍നിന്ന് ദൈവത്തില്‍ അഭയം തേടുന്നതിന്റെ താല്‍പര്യം, തിന്മയെ അതിന്റെ മുളയില്‍ത്തന്നെ നുള്ളിക്കളയണമേ അല്ലാഹുവേ എന്നാകുന്നു. രണ്ടാമത്തെ പരിഗണനയനുസരിച്ച് വീക്ഷിച്ചാല്‍ വസ്‌വസത് ഉണ്ടാക്കുന്നവരുടെ തിന്മകളുടെ ക്രമം ഇപ്രകാരമാണെന്നു കാണാം. ആദ്യം അവര്‍ വ്യക്തമായ കുഫ്‌റിനും ശിര്‍ക്കിനും നാസ്തികത്വത്തിനും അല്ലെങ്കില്‍ അല്ലാഹുവിനോടും റസൂലിനോടുമുള്ള ധിക്കാരത്തിനും ദൈവവിശ്വാസികളോട് ശത്രുതക്കും പ്രേരിപ്പിച്ചുനോക്കുന്നു. അതില്‍ പരാജയപ്പെടുകയും ആളുകള്‍ അല്ലാഹുവിന്റെ ദീനില്‍ പ്രവേശിക്കുന്നത് തുടരുകയുമാണെങ്കില്‍ അവര്‍ അടവൊന്നു മാറ്റുന്നു. വിശ്വാസികളെ ഏതെങ്കിലും തരത്തിലുള്ള ബിദ്അത്തിലേക്ക് (സ്വയംകൃത പുത്തന്‍ സമ്പ്രദായത്തിലേക്ക്) തിരിച്ചുവിടാനായിരിക്കും പിന്നത്തെ ശ്രമം. അതിനും സാധിക്കുന്നില്ലെങ്കില്‍ പാപകൃത്യങ്ങളില്‍ തല്‍പരനാക്കാന്‍ നോക്കുന്നു. അതിലും വിജയിക്കുന്നില്ലെങ്കില്‍ അയാളുടെ മനസ്സില്‍ ചെറിയ ചെറിയ തെറ്റുകള്‍ ചെയ്തുപോകുന്നതില്‍ കുഴപ്പമൊന്നുമില്ല എന്ന തോന്നലുണ്ടാക്കുന്നു. അതു പെരുകിയാല്‍ത്തന്നെ പാപങ്ങളുടെ മഹാഭാരം അയാളുടെ ചുമലില്‍ തൂങ്ങിക്കൊള്ളുമല്ലോ. ഈ കെണിയില്‍നിന്ന് രക്ഷപ്പെടുന്നവരെ മറ്റൊരു രീതിയില്‍ പിടികൂടാന്‍ നോക്കും. തന്റെ സത്യധര്‍മാദികളെ തന്നില്‍മാത്രം പരിമിതമാക്കിവെക്കാന്‍ പ്രേരിപ്പിക്കുകയാണ് അത്. അത് പ്രബോധനം ചെയ്യുന്നതിനെക്കുറിച്ചോ പ്രായോഗികമായി വിജയിപ്പിക്കുന്നതിനെക്കുറിച്ചോ ചിന്തിപ്പിക്കാതിരിക്കുക. ഒരാള്‍ ഈ തന്ത്രങ്ങളെയെല്ലാം തോല്‍പിച്ചുകളയുകയാണെങ്കില്‍ മനുഷ്യ-ജിന്നു പിശാചുക്കളുടെ പാര്‍ട്ടികളെല്ലാം അയാളെ കടന്നാക്രമിക്കുകയായി. അയാള്‍ക്കെതിരെ ജനങ്ങളെ ഇളക്കിവിടുന്നു. ശകാരങ്ങളും ആരോപണങ്ങളും ഉന്നയിപ്പിക്കുന്നു. എല്ലാവിധത്തിലും അയാള്‍ക്ക് അപമാനവും ദുഷ്‌കീര്‍ത്തിയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ചെകുത്താന്‍ തുടര്‍ന്ന് ആ വിശ്വാസിയില്‍ കോപമുണര്‍ത്തുകയായി. അവന്‍ ദുര്‍ബോധനം ചെയ്യുന്നു: ‘ഇതൊക്കെ വെറുതെ നിന്ന് സഹിക്കുന്നത് മഹാഭീരുത്വമാണ്. ഈ അക്രമികളോട് ധീരമായി ഏറ്റുമുട്ടുകയാണ് വേണ്ടത്.’ സത്യപ്രബോധനത്തെ വഴിതെറ്റിക്കാനും പ്രബോധകരുടെ മാര്‍ഗത്തില്‍ മുള്ളുകള്‍ മുളപ്പിക്കാനും ചെകുത്താന്‍ അവലംബിക്കുന്ന അവസാനത്തെ അടവാണിത്.

3. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ ഈ വാക്കിന്റെ താല്‍പര്യമിതാകുന്നു: ദുഷ്ചിന്തകളുണ്ടാക്കുന്നവര്‍ രണ്ടുതരം ആളുകളുടെ മനസ്സിലാണതുളവാക്കുന്നത്. മനുഷ്യരും ജിന്നുകളുമാണാ രണ്ടു കൂട്ടര്‍. ഈ വീക്ഷണം അംഗീകരിക്കുകയാണെങ്കില്‍ نَاس (മനുഷ്യര്‍) എന്ന പദം ജിന്നിനെയും മനുഷ്യരെയും ഉദ്ദേശിച്ച് പ്രയോഗിച്ചതാവണം. അതങ്ങനെത്തന്നെയാണെന്ന് അവര്‍ പറയുന്നുമുണ്ട്.

നീ പറയുക = قُلْ
ഞാന്‍ ശരണം തേടുന്നു = أَعُوذُ
നാഥനോട് = بِرَبِّ
ജനങ്ങളുടെ = النَّاسِ
രാജാവായ = مَلِكِ
ജനങ്ങളുടെ = النَّاسِ
ആരാധ്യനുമായ = إِلَٰهِ
ജനങ്ങളുടെ = النَّاسِ
ദ്രോഹത്തില്‍നിന്ന് = مِن شَرِّ
ദുര്‍ബോധകന്റെ = الْوَسْوَاسِ
പിന്മാറുന്ന = الْخَنَّاسِ
ദുര്‍ബോധനം നടത്തുന്ന = الَّذِي يُوَسْوِسُ
മനസ്സുകളില്‍ = فِي صُدُورِ
മനുഷ്യരുടെ = النَّاسِ
ജിന്നുകളില്‍പെട്ട = مِنَ الْجِنَّةِ
മനുഷ്യരിലും = وَالنَّاسِ

Add comment

Your email address will not be published. Required fields are marked *