നാമം
‘ശൂറാ’ എന്ന നാമം അധ്യായത്തിലെ 38-ആം സൂക്തത്തിലെ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന വാക്യത്തില്‍നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ശൂറാ എന്ന പദം വന്നിട്ടുള്ള അധ്യായം എന്നാണ് നാമകരണത്തിന്റെ താല്പര്യം.
അവതരണകാലം
പ്രബലമായ നിവേദനങ്ങളിലൂടെ വ്യക്തമാകുന്നില്ലെങ്കിലും ഉള്ളടക്കത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഈ അധ്യായം സൂറ ഹാമീം അസ്സജദയുടെ അവതരണത്തിന് തൊട്ടുടനെ അവതരിച്ചതായിരിക്കുമെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടെന്നാല്‍, ഒരുവശത്ത് പ്രസ്തുത സൂറയുടെ ഒരു പൂരകമാണിതെന്നു തോന്നും. ആദ്യം ഹാമീം അസ്സജദ ശ്രദ്ധാപൂര്‍വം വായിക്കുകയും തുടര്‍ന്ന് ഈ സൂറ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ ആദ്യ സൂറയില്‍ കാണുന്നതിതാണ്: ഖുറൈശി നേതാക്കളുടെ അന്ധവും ബധിരവുമായ സത്യനിഷേധത്തിന് കനത്ത ആഘാതമേല്പിക്കുന്നു. മക്കയിലും പരിസരത്തും ധര്‍മബോധവും മാന്യതയും യുക്തിവിചാരവും അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇതുവഴി സമുദായ നേതാക്കള്‍ മുഹമ്മദ് നബി (സ)യെ എതിര്‍ക്കുന്നതില്‍ എന്തുമാത്രം നീചവും നികൃഷ്ടവുമായ ചെയ്തികളാണവലംബിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനെതിരെ നബി(സ) സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം മാന്യവും സംസ്കാരസമ്പന്നവും ബുദ്ധിപൂര്വവുമാണ്. ഈ ഉണര്‍ത്തലിന്റെ ഉടനെ ഈ സൂറയില്‍ പ്രബോധന ദൗത്യം നിര്‍വഹിക്കപ്പെടുന്നു. ഹൃദയാവര്‍ജകമായ രീതിയില്‍ മുഹമ്മദീയ ദൗത്യത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുന്നു. ഹൃദയാന്തരാളത്തില്‍ അല്പമെങ്കിലും സത്യത്തോടുള്ള താല്പര്യം നിലനില്ക്കുന്നവരും ജാഹിലിയ്യത്തിനോടുള്ള പ്രേമത്താല്‍ തികച്ചും അന്ധരായിത്തീരാത്തവരുമായ ആര്‍ക്കും അതിന്റെ സ്വാധീനം സ്വീകരിക്കാതിരിക്കാനാവില്ല.
ഉള്ളടക്കം
തുടങ്ങുന്നതിങ്ങനെയാണ്: നമ്മുടെ ദൂതന് അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ നിങ്ങള്‍ എന്തെല്ലാം വിതണ്ഡവാദങ്ങളാണുന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ സന്ദേശം പുതിയതോ വിചിത്രമായതോ അല്ല. ഒരു മനുഷ്യന്ന് ദിവ്യബോധനം ലഭിക്കുക, അദ്ദേഹം മനുഷ്യരാശിയുടെ മാര്‍ഗദര്‍ശകനാക്കപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ചരിത്രത്തില്‍ ആദ്യമായുണ്ടാകുന്ന അപൂര്‍വ സംഭവവുമല്ല. ഇതേ ദിവ്യസന്ദേശങ്ങളും ഇതേ രീതിയിലുള്ള മാര്‍ഗദര്‍ശനങ്ങളുമായി അല്ലാഹു ഇദ്ദേഹത്തിനു മുമ്പും തുടര്‍ച്ചയായി പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നിട്ടുണ്ട്. ആകാശഭൂമികളുടെ ഉടമയും അധിപനുമായവന്‍ ആരാധ്യനായ ദൈവമായി അംഗീകരിക്കപ്പെടുക എന്നതല്ല അദ്ഭുതാവഹമായ പുതുമ. മറിച്ച്, ആകാശഭൂമികള്‍ക്കുടയവന്റെ അടിമകളായിക്കൊണ്ട്, അവന്റെ ദിവ്യത്വത്തിന് കീഴില്‍ വാണുകൊണ്ട് മറ്റുള്ളവര്‍ക്ക് ആരാധ്യതയും ദിവ്യത്വവും അംഗീകരിച്ചുകൊടുക്കുക എന്നതത്രേ വിചിത്രമായ സംഗതി. ഏകദൈവത്വം പ്രചരിപ്പിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുന്നു. എന്നാല്‍, ദൈവത്തിന് പങ്കാളികളെ ആരോപിക്കുക വഴി നിങ്ങള്‍ ചെയ്യുന്നത് ആകാശം ഇടിഞ്ഞുവീഴത്തക്ക ഭയങ്കരമായ പാപമാകുന്നു. നിങ്ങളുടെ ഈ ധാര്ഷ്ട്യത്തില് മലക്കുകള്‍ വിഹ്വലരാകുന്നു. എപ്പോഴാണ് നിങ്ങളുടെ മേല്‍ ദൈവകോപം പൊട്ടിവീഴുന്നതെന്ന് ഭയന്നുകൊണ്ടിരിക്കുകയാണവര്‍. അനന്തരം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഒരാള്‍ പ്രവാചകനായി നിയുക്തനാവുകയും അയാള്‍ നബി എന്ന നിലയില്‍ രംഗത്തുവരുകയും ചെയ്യുന്നതിന്, അയാള്‍ ദൈവദാസന്മാരുടെ ഭാഗധേയങ്ങള്‍ക്കുടയവനാക്കപ്പെട്ടിരിക്കുന്നുവെന്നോ അങ്ങനെയൊരു വാദവുമായാണയാള്‍ രംഗത്തുവരുന്നതെന്നോ അര്‍ഥമില്ല. ഭാഗധേയങ്ങളൊക്കെ അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു. പ്രജ്ഞാശൂന്യരെ ഉണര്‍ത്താനും വഴിപിഴച്ചവരെ നേര്‍വഴിയിലേക്ക് നയിക്കാനും മാത്രമാകുന്നു പ്രവാചകന്മാര് ആഗതരാകുന്നത്. അദ്ദേഹത്തിന്റെ സന്ദേശം തിരസ്കരിച്ചവരെ വിചാരണ ചെയ്യുക, അനന്തരം ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക എന്നതൊക്കെ അല്ലാഹുവിന്റെ സ്വന്തം ചുമതലകളില്‍പെട്ട കാര്യമാകുന്നു. അത്തരം കാര്യങ്ങളൊന്നും പ്രവാചകന്മാരില് ഏല്പിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിങ്ങളുടെ കൃത്രിമ മതാചാര്യന്മാരും സിദ്ധന്മാരും മറ്റും തങ്ങളുടെ വാക്ക് സ്വീകരിക്കാതിരിക്കുകയോ മഹത്ത്വം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ കരിച്ചു ഭസ്മമാക്കിക്കളയും എന്നും മറ്റും ജല്‍പിക്കുന്നതുപോലെയുള്ള വാദങ്ങളുമായി വരുന്ന ഒരാളാണ് പ്രവാചകന് എന്ന തെറ്റിദ്ധാരണ മസ്തിഷ്കത്തില്‍നിന്ന് തുടച്ചുനീക്കണം. നിങ്ങള്‍ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന മാര്‍ഗം നാശത്തിലേക്കുള്ളതാണ് എന്ന് മുന്നറിയിപ്പു നല്കുന്ന പ്രവാചകന് യഥാര്‍ഥത്തില്‍ തിന്മയല്ല കാംക്ഷിക്കുന്നത്, അദ്ദേഹം നിങ്ങളുടെ ഗുണകാംക്ഷി മാത്രമാകുന്നു എന്നും ഇക്കൂട്ടത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. തുടര്‍ന്ന്, അല്ലാഹു എല്ലാ മനുഷ്യരെയും ജന്മനാതന്നെ സന്മാര്ഗ ബദ്ധരാക്കാതെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ഭിന്നിക്കുന്ന പ്രവണതയുള്ളവരാക്കിയതിന്റെ യാഥാര്‍ഥ്യം വിശദീകരിച്ചുകൊടുക്കുന്നു. ഈ പ്രകൃതിയുടെ ഫലമായിട്ടാണല്ലോ ജനം പലവഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വിശദീകരണമിതാണ്: ഈ പ്രകൃതിവിശേഷത്തിന്റെ ഫലമായിട്ടാണ് മനുഷ്യന്ന് തന്റെ അബോധമായ ജന്മവാസന എന്ന നിലയ്ക്കല്ലാതെ ബോധപൂര്‍വം അല്ലാഹുവിനെ തന്റെ രക്ഷിതാവായി വരിക്കാന്‍ കഴിയുന്നത്. ഇത് അവന്റെ ബോധശൂന്യമായ സൃഷ്ടികള്‍ക്കൊന്നുമില്ലാത്ത ഇച്ഛയും സ്വാതന്ത്ര്യവുമുള്ളവര്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക അനുഗ്രഹമാകുന്നു. ഈ നിലപാട് സ്വീകരിക്കുന്നവരെ അല്ലാഹു സഹായിക്കുന്നു, മാര്‍ഗദര്‍ശനം ചെയ്യുന്നു. അവര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ക്കുതവിയേകി തന്റെ സവിശേഷ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ഏത് മനുഷ്യന് തന്റെ സ്വാതന്ത്ര്യത്തെ തെറ്റായി ഉപയോഗിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ രക്ഷകരല്ലാത്തവരെ, രക്ഷകരായിരിക്കുക സാധ്യമല്ലാത്തവരെ തന്റെ രക്ഷകരായി വരിക്കുന്നുവോ അവന്ന് ഈ കാരുണ്യം വിലക്കപ്പെടുന്നു. ഇവ്വിഷയകമായി ഇതുകൂടി വിശദീകരിക്കുന്നുണ്ട്; മനുഷ്യന്റെയും മറ്റെല്ലാ സൃഷ്ടികളുടെയും യഥാര്‍ഥ രക്ഷകന് അല്ലാഹു മാത്രമാകുന്നു. രക്ഷകനായി മറ്റാരുമില്ല. രക്ഷകന്റെ ചുമതല നിര്‍വഹിക്കാനുള്ള ശക്തിയും മറ്റാര്‍ക്കുമില്ല. മനുഷ്യന് തന്റെ സ്വാതന്ത്ര്യമുപയോഗിച്ച് രക്ഷിതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുപറ്റാതിരിക്കുക എന്നതാണ് മനുഷ്യവിജയത്തിന്റെ അച്ചുതണ്ട്. അവന് തന്റെ രക്ഷകനായി വരിക്കുന്നത് യഥാര്‍ഥ രക്ഷകനെത്തന്നെ ആയിരിക്കണം. തുടര്‍ന്ന്, മുഹമ്മദ് നബി(സ) അവതരിപ്പിക്കുന്ന ദീനിന്റെ യാഥാര്‍ഥ്യമെന്താണെന്ന് വ്യക്തമാക്കുന്നു. ഒന്നാമത്തെ അടിസ്ഥാനതത്ത്വമിതാണ്: അല്ലാഹു പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവും ഉടമസ്ഥനും യഥാര്‍ഥ രക്ഷിതാവുമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ശാസനാധികാരിയും അവന് മാത്രമാകുന്നു. മനുഷ്യന്ന് ദീനും ശരീഅത്തും (പ്രമാണവും കര്‍മവ്യവസ്ഥയും) നിര്‍ദേശിക്കാനും മനുഷ്യര്‍ തമ്മിലുള്ള ഭിന്നിപ്പുകളില്‍ സത്യമേത്, അസത്യമേത് എന്നു വിധിക്കാനുമുള്ള അധികാരവും അവന്നു മാത്രമേയുള്ളൂ. മറ്റു യാതൊരസ്തിത്വത്തിനും മനുഷ്യന്റെ നിയമദാതാവായിരിക്കാനുള്ള അവകാശമില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രകൃതിയിലുള്ള വിധികര്‍ത്തൃത്വമെന്ന പോലെ നിയമനിര്‍ദേശങ്ങളിലുള്ള വിധികര്‍ത്തൃത്വവും അവന്ന് മാത്രമുള്ളതാണ്. മനുഷ്യന്നോ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലുമോ ഈ വിധികര്‍ത്തൃത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. വല്ലവരും അല്ലാഹുവിന്റെ ഈ വിധികര്‍ത്തൃത്വം മാത്രം അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ല. ഈയടിസ്ഥാനത്തില്‍ അല്ലാഹു ആദിമുതലേ മനുഷ്യന്ന് ഒരു ദീന് നിശ്ചയിച്ചിട്ടുണ്ട്. ആ ദീന്‍തന്നെയാണ് എല്ലാ കാലത്തും എല്ലാ പ്രവാചകന്മാര്ക്കും നല്കിപ്പോന്നിട്ടുള്ളത്. ഒരു പ്രവാചകനും വ്യതിരിക്തമായ ഏതെങ്കിലും മതത്തിന്റെ ഉപജ്ഞാതാവായിരുന്നില്ല. മനുഷ്യാരംഭം മുതല്‍ അല്ലാഹു അവര്‍ക്കായി നിശ്ചയിച്ച ദീന് ഏതാണോ ആ ദീനിന്റെത്തന്നെ അനുകര്‍ത്താക്കളും പ്രചാരകരുമായിരുന്നു സകല പ്രവാചകവര്യന്മാരും. ആ ദീന് അയച്ചിട്ടുള്ളത്, അത് വിശ്വസിച്ചിട്ട് മനുഷ്യന് വെറുതെ കുത്തിയിരിക്കാനല്ല. മറിച്ച്, എക്കാലത്തും ആ ദീനിനെ ഈ ഭൂമിയില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രായോഗികമാക്കാനുമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീനല്ലാതെ മറ്റൊരു ഘടനയും വ്യവസ്ഥയും നടക്കാവതല്ല. പ്രവാചകന്മാര് നിയുക്തരായിട്ടുള്ളത് ഈ ദീന് പ്രബോധനം ചെയ്യാന്‍ മാത്രമല്ല, അതിനെ സംസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സേവനത്തിനു കൂടിയാകുന്നു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ സാക്ഷാല്‍ മതം. പക്ഷേ, പ്രവാചകന്മാര്‍ക്കുശേഷം എന്നും സംഭവിച്ചിട്ടുള്ളതിതാണ്: സ്വാര്‍ഥികളും തന്നിഷ്ടക്കാരും സ്വാഭിപ്രായക്കാരുമായ ആളുകള്‍ സ്വന്തം താല്പര്യങ്ങള്ക്കുവേണ്ടി ഭിന്നിപ്പുകളുണ്ടാക്കി. പുതിയ പുതിയ മതങ്ങളുണ്ടാക്കി. ഈ ലോകത്ത് കാണപ്പെടുന്ന എല്ലാ മതങ്ങളും ആ ഏകമതം വികൃതമാക്കി നിര്‍മിക്കപ്പെട്ടതാണ്. ഇപ്പോള്‍, മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടതിന്റെ ലക്ഷ്യമിതാണ്: ഈ വ്യത്യസ്ത മാര്‍ഗങ്ങളുടെയും കൃത്രിമ മതങ്ങളുടെയും മനുഷ്യനിര്‍മിത ദീനുകളുടെയും സ്ഥാനത്ത് സാക്ഷാല്‍ ദീനിനെ ജനസമക്ഷം അവതരിപ്പിക്കുക, അത് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിക്കുക. ഇതിന്റെ പേരില്‍ ദൈവത്തോട് നന്ദിയുള്ളവരാകുന്നതിനു പകരം അതിനെ താറുമാറാക്കാനും അതിനെതിരില്‍ പോരാടാനുമാണ് ഒരുമ്പെടുന്നതെങ്കില്‍ അത് നിങ്ങളുടെ അവിവേകവും മൗഢ്യവുമാകുന്നു. ഈ മൂഢത കണ്ട് പ്രവാചകന് അദ്ദേഹത്തിന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിയാന് പോവുന്നില്ല. സ്വന്തം നിലപാടില്‍ അചഞ്ചലനായി ഉറച്ചുനില്ക്കാനും നിശ്ചിത ദൗത്യം പൂര്‍ത്തീകരിക്കാനും കല്‍പിക്കപ്പെട്ടവനാണദ്ദേഹം. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി പണ്ട് ദൈവിക ദീനിനെ ദുഷിപ്പിച്ച ഊഹാപോഹങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അദ്ദേഹം അരുനില്‍ക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. അല്ലാഹുവിന്റെ ദീന് തള്ളിക്കളഞ്ഞ് ഇതരന്മാരുടെ കൃത്രിമ ദീനും പ്രമാണവും കൈക്കൊള്ളുക എന്നത് അല്ലാഹുവിനെതിരിലുള്ള എത്ര വലിയ ധിക്കാരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. അതൊരു സാധാരണ സംഗതിയായാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അതില്‍ ഒരു ദൗഷ്ട്യവും നിങ്ങള്‍ കാണുന്നില്ല. എന്നാല്‍, അല്ലാഹുവിന്റെ ഭൂമിയില്‍ സ്വന്തം വക ദീന് നടത്തുകയും അതിനെ അനുസരിക്കുകയും ചെയ്യുക എന്നത് അവന്റെ ദൃഷ്ടിയില് കഠിനശിക്ഷയര്‍ഹിക്കുന്ന ഏറ്റവും ദുഷിച്ച ശിര്‍ക്കും ഏറ്റവും വഷളായ കുറ്റവുമാകുന്നു. ഇപ്രകാരം ദീനിന്റെ വ്യക്തവും സ്പഷ്ടവുമായ ഒരു വിഭാവനം അവതരിപ്പിച്ചശേഷം അരുളുന്നു: നിങ്ങള്‍ക്ക് നേര്‍മാര്‍ഗം മനസ്സിലാക്കിത്തരാന്‍ സാധ്യമായതില്‍വെച്ച് ഏറ്റവും വിശിഷ്ടമായ മാര്‍ഗം ഏതാണോ അത് പ്രയോജനപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഒരുവശത്ത്, അല്ലാഹു അവന്റെ വേദം ഇറക്കിത്തന്നു. അത് ഹൃദയഹാരിയായ ശൈലിയില്‍ നിങ്ങളുടെ ഭാഷയില്‍ യാഥാര്‍ഥ്യം വിവരിച്ചുതരുന്നു. മറുവശത്ത്, മുഹമ്മദ് നബിയുടെയും ശിഷ്യന്മാരുടെയും ജീവിതം നിങ്ങളുടെ കണ്മുമ്പില്തന്നെയുണ്ട്. ഈ വേദം എങ്ങനെയുള്ള ആളുകളെയാണ് വാര്‍ത്തെടുക്കുന്നതെന്ന് അവരെ കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നിട്ടും സന്മാര്ഗം പ്രാപിക്കുന്നില്ലെങ്കില്‍ ഈ ലോകത്ത് യാതൊന്നിനും നിങ്ങളെ സന്മാര്ഗത്തിലേക്ക് നയിക്കാന്‍ സാധിക്കുകയില്ല. നിങ്ങള്‍ നൂറ്റാണ്ടുകളായി അകപ്പെട്ടിരിക്കുന്ന അപഭ്രംശത്തില്‍ത്തന്നെ തുടരുകയായിരിക്കും അതിന്റെ ഫലം. എങ്കില്‍ അത്തരം ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹു നിശ്ചയിച്ചിട്ടുള്ള ദുഷ്പരിണതി തന്നെ നിങ്ങളും അനുഭവിക്കേണ്ടിവരുകയും ചെയ്യും. ഈ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടക്കിടക്ക് ഏകദൈവത്വത്തിന്റെയും പരലോകത്തിന്റെയും തെളിവുകളും ചൂണ്ടിക്കാണിക്കുന്നു. ഭൗതികപൂജയുടെ അനന്തര ഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നു. പാരത്രിക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുന്നു. നിഷേധികള്‍ സന്മാര്ഗത്തില്നിന്ന് പിന്തിരിഞ്ഞുപോകുന്നതിന്റെ യഥാര്‍ഥ കാരണമായ ധാര്‍മിക ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് രണ്ട് സുപ്രധാന കാര്യങ്ങള്‍ പറയുന്നു: ഒന്ന്: മുഹമ്മദ് നബി(സ)ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല്പതാണ്ടുകളില് വേദത്തെക്കുറിച്ചോ വിശ്വാസപ്രശ്നങ്ങളെക്കുറിച്ചോ ഒരറിവും സങ്കല്‍പവുമുണ്ടായിരുന്നില്ല. പിന്നീടദ്ദേഹം പെട്ടെന്ന് ഈ രണ്ടു കാര്യങ്ങളുമായി ജനമധ്യത്തിലേക്ക് വരുന്നു. ഇതുതന്നെ അദ്ദേഹം പ്രവാചകനാണെന്നതിന്റെ വ്യക്തമായ തെളിവാകുന്നു. രണ്ട്: അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങള്‍ ദൈവിക പാഠങ്ങളാണ് എന്നതിന് അദ്ദേഹം നിരന്തരമായി അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് വാദിക്കുന്നതായി അര്‍ഥമില്ല. മറ്റെല്ലാ പ്രവാചകന്മാര്‍ക്കുമെന്നപോലെ ദൈവം ഈ പ്രവാചകന്നും പാഠങ്ങള്‍ നല്‍കിയിട്ടുള്ളത് മൂന്നു മാര്‍ഗങ്ങളിലൂടെയാകുന്നു. ഒന്ന്: ദിവ്യബോധനം, രണ്ട്: മറയ്ക്കുപിന്നില്‍നിന്നുള്ള ശബ്ദം, മൂന്ന്: മലക്കുകള്‍ മുഖേനയുള്ള സന്ദേശം. നബി അല്ലാഹുവുമായി നേരിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു വാദിക്കുന്നതായി പ്രതിയോഗികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരം കിട്ടാതിരിക്കുന്നതിനുവേണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാഹു പ്രവാചകത്വ പദവിയില്‍ അവരോധിക്കുന്നവര്‍ക്ക് അവന് ഏതെല്ലാം രൂപത്തിലാണ് മാര്‍ഗദര്‍ശനമരുളുന്നതെന്നു സത്യാന്വേഷികളായ ആളുകള്‍ അറിഞ്ഞിരിക്കേണ്ടതിനു വേണ്ടിയും.
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
حمٓ﴿١﴾ عٓسٓقٓ﴿٢﴾ كَذَٰلِكَ يُوحِىٓ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٣﴾ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ﴿٤﴾ تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرْنَ مِن فَوْقِهِنَّ ۚ وَٱلْمَلَٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ ۗ أَلَآ إِنَّ ٱللَّهَ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿٥﴾ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ٱللَّهُ حَفِيظٌ عَلَيْهِمْ وَمَآ أَنتَ عَلَيْهِم بِوَكِيلٍۢ﴿٦﴾ وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ قُرْءَانًا عَرَبِيًّۭا لِّتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ ٱلْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌۭ فِى ٱلْجَنَّةِ وَفَرِيقٌۭ فِى ٱلسَّعِيرِ﴿٧﴾ وَلَوْ شَآءَ ٱللَّهُ لَجَعَلَهُمْ أُمَّةًۭ وَٰحِدَةًۭ وَلَٰكِن يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّٰلِمُونَ مَا لَهُم مِّن وَلِىٍّۢ وَلَا نَصِيرٍ﴿٨﴾ أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۖ فَٱللَّهُ هُوَ ٱلْوَلِىُّ وَهُوَ يُحْىِ ٱلْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٩﴾ وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍۢ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿١٠﴾
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
(1-6) ഹാ-മീം. ഐന്‍-സീന്‍-ഖാഫ്. ഇവ്വിധം അജയ്യനും അഭിജ്ഞനുമായ അല്ലാഹു നിന്നെയും മുമ്പുണ്ടായിരുന്നവ(ദൈവദൂതന്മാ)രെയും ദിവ്യബോധനം ചെയ്തുകൊണ്ടിരിക്കുന്നു.1 ആകാശ-ഭൂമികളിലുള്ളതെന്തും അവന്റേതുമാത്രമാകുന്നു. അവന് ഔന്നത്യവും ഗാംഭീര്യവുമുടയവനല്ലോ.2 വാനലോകം മുകളില്‍നിന്ന് പൊട്ടിച്ചിതറാനടുത്തിരിക്കുന്നു.3 മലക്കുകള്‍ അവരുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവനെ സങ്കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു; ഭുവനവാസികള്ക്ക് പൊറുത്തുകൊടുക്കാനപേക്ഷിക്കുകയും ചെയ്യുന്നു.4 അറിഞ്ഞിരിക്കുവിന്‍, നിശ്ചയം, അല്ലാഹു മാപ്പരുളുന്നവനും കനിവേകുന്നവനുംതന്നെയാകുന്നു.5 അവനെ വെടിഞ്ഞ് മറ്റു ചിലരെ രക്ഷകരായി വരിച്ച6 ജനമുണ്ടല്ലോ, അവരുടെ മേല്നോട്ടക്കാരന് അല്ലാഹുതന്നെയാകുന്നു. നീ അവരുടെ ഭാഗധേയമേല്പിക്കപ്പെട്ടവനൊന്നുമല്ല7 .
(7) പ്രവാചകാ, ഇതേപ്രകാരം നാം ഈ അറബി ഖുര്‍ആന്‍ നിനക്ക് ദിവ്യബോധനം നല്കി.8 നീ നാടുകളുടെ കേന്ദ്രത്തിനും (മക്ക) അതിന്റെ പരിസരവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കാനും,9 വന്നെത്തുമെന്നതില്‍ സംശയമേതുമില്ലാത്ത ആ വന്‍ സമ്മേളന നാളിനെക്കുറിച്ച് താക്കീത് ചെയ്യുന്നതിനും.10 ഒരുപക്ഷം സ്വര്‍ഗത്തിലും മറുപക്ഷം നരകത്തിലും പോകേണ്ടവരാകുന്നു.
(8-9) അല്ലാഹുവിനു വേണമെങ്കില്‍ ജനങ്ങളെയെല്ലാം ഒരൊറ്റ സമുദായമാക്കാമായിരുന്നു. പക്ഷേ, താനുദ്ദേശിക്കുന്നവരെ അവന് തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. ധിക്കാരികള്‍ക്ക് ഒരു രക്ഷകനുമില്ല,11 തുണയുമില്ല. ഈ ജനം (പടുവിഡ്ഢികളായി) അവനെ വെടിഞ്ഞ് മറ്റു രക്ഷകന്മാരെ വരിച്ചുവെന്നോ? രക്ഷകനോ, അല്ലാഹു മാത്രമാകുന്നു. അവനാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവന് സകല സംഗതികള്‍ക്കും കഴിവുറ്റവനാകുന്നു12 .
(10) 13 നിങ്ങള്‍ തമ്മില്‍ ഭിന്നിക്കുന്നത് ഏതു പ്രശ്നത്തിലായാലും, അതില്‍ വിധികല്പിക്കേണ്ടത് അല്ലാഹുവാകുന്നു.14 അവന് മാത്രമാകുന്നു എന്റെ റബ്ബായ അല്ലാഹു.15 അവനില്തന്നെയാകുന്നു ഞാന്‍ ഭരമേല്പിച്ചിട്ടുള്ളത്. അവങ്കലേക്കുതന്നെയാകുന്നു ഞാന്‍ തിരിച്ചുചെല്ലുന്നതും.16
1. പ്രഭാഷണാരംഭത്തില്‍ ഈ ശൈലിതന്നെ, വിശുദ്ധ മക്കയുടെ സകല കവലകളിലും അങ്ങാടികളിലും സഭകളിലും വീടുകളിലും കോണുകളിലുമെല്ലാം അന്ന് നബി(സ)യുടെ ആദര്‍ശത്തെയും വിശുദ്ധ ഖുര്‍ആന്റെ ഉള്ളടക്കത്തെയും സംബന്ധിച്ച് ഏഷണികള്‍ പ്രചരിക്കപ്പെട്ടുകൊണ്ടിരുന്ന പശ്ചാത്തലത്തെ സൂചിപ്പിക്കുന്നുണ്ട്. ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നു: ഇയാള്‍ എവിടന്നാണീ വിചിത്ര വര്‍ത്തമാനങ്ങളൊക്കെ ചികഞ്ഞുകൊണ്ടുവരുന്നതെന്ന് ആര്‍ക്കറിയാം. നമ്മളാരും ഇതൊന്നും ഒരിക്കലും കേട്ടിട്ടും കണ്ടിട്ടുമില്ല. ഇതെന്ത് പുതുമ! പൂര്‍വ പിതാക്കള്‍ ആചരിച്ചുവന്നതും സമുദായം മുഴുവന്‍ പിന്തുടര്ന്നുവരുന്നതുമായ മതം, നൂറ്റാണ്ടുകളായി രാജ്യത്തെങ്ങും അംഗീകരിച്ചുവരുന്ന സമ്പ്രദായം, ഇതൊക്കെ തെറ്റാണുപോല്! അയാള്‍ അവതരിപ്പിക്കുന്ന പുത്തന്‍ മതമാണത്രേ ശരിയായിട്ടുള്ളത്. പൂര്‍വികരുടെ മതത്തിലും ഇന്നാചരിച്ചുവരുന്ന സമ്പ്രദായത്തിലും ചില ദൂഷ്യങ്ങള്‍ ഉള്ളതിനാല്‍ അവയുടെ സ്ഥാനത്ത് താന്‍ ചിന്തിച്ച് കണ്ടുപിടിച്ച ചില കാര്യങ്ങള്‍ സ്ഥാപിക്കുന്നു എന്ന നിലയിലാണ് അയാള്‍ ഈ മതം അവതരിപ്പിക്കുന്നതെങ്കില്‍ അയാളുമായൊന്ന് സംസാരിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷേ, അയാള്‍ നമ്മെ കേള്‍പ്പിക്കുന്നത് ദൈവിക വചനങ്ങളാണെന്നാണല്ലോ വാദം. അതെങ്ങനെ അംഗീകരിച്ചുകൊടുക്കും? എന്താ, ദൈവം അയാളുടെ അടുത്തുവരുന്നുണ്ടോ? അതോ, അയാള്‍ ദൈവത്തിന്റെ അടുത്തുപോകുന്നുണ്ടോ? അല്ലെങ്കില്‍ ദൈവവും അയാളും തമ്മില്‍ സംഭാഷണം നടത്തുന്നുണ്ടോ? – ഇത്തരം ചര്‍ച്ചകളെയും ഏഷണികളെയും സംബന്ധിച്ച് പ്രത്യക്ഷത്തില്‍ നബി(സ)യെ അഭിമുഖീകരിച്ചുകൊണ്ട് വാസ്തവത്തില്‍ സത്യനിഷേധികളെ കേള്‍പ്പിക്കുന്നതിനുവേണ്ടി പറയുകയാണ്: അതെ, ഈ വര്‍ത്തമാനം അജയ്യനും അഭിജ്ഞനുമായ അല്ലാഹു ബോധനം ചെയ്യുന്നതുതന്നെ. പൂര്‍വ പ്രവാചകന്മാര്ക്കും ഇതേ നിലക്കുള്ള ദിവ്യബോധനങ്ങള്‍ അവതരിച്ചിട്ടുണ്ട്. ‘വഹ്യ്’ എന്ന പദത്തിന്റെ ഭാഷാര്‍ഥം ശീഘ്രസൂചന, അവ്യക്ത സൂചന എന്നൊക്കെയാണ്. അതായത്, സൂചന നല്കുന്നവന്ന്, അല്ലെങ്കില്‍ നല്കപ്പെടുന്നവന്നു മാത്രം അറിയാന്‍ കഴിയുംവണ്ണം വേഗത്തിലുള്ള സൂചന. മറ്റാര്‍ക്കും അതിനെക്കുറിച്ച് ഒന്നും മനസ്സിലാവില്ല. അല്ലാഹു തന്റെ ഒരു ദാസനില്‍ മിന്നല്‍പ്പിണര്‍ പോലെ അതിവേഗത്തില്‍ നിക്ഷേപിക്കുന്ന ജ്ഞാനം എന്നാണ് ഇതിന്റെ സാങ്കേതികമായ അര്‍ഥം. ദൈവിക സന്ദേശത്തിന്റെ താല്പര്യം, അല്ലാഹു വല്ലവരുടെയും അടുത്തേക്ക് വരുകയോ വല്ലവനും അല്ലാഹുവിന്റെ അടുത്തേക്ക് പോവുകയോ ചെയ്യുന്നു എന്നല്ല. ആരെങ്കിലും അവനുമായി നേരിട്ട് സംഭാഷണം നടത്തുന്ന പ്രശ്നമില്ല. അവന് അജയ്യനും സര്‍വജ്ഞനുമാകുന്നു. മനുഷ്യവര്‍ഗത്തെ സന്മാര്ഗദര്ശനം ചെയ്യാന്‍ ഏതെങ്കിലും അടിമയുമായി ബന്ധം സ്ഥാപിക്കുക എന്നത് അല്ലാഹുവിന് ഒട്ടും പ്രയാസമുള്ള കാര്യമല്ല. അവന് അങ്ങനെ ഇച്ഛിച്ചാല്‍ അത് തടസ്സപ്പെടുത്താന്‍ കഴിയുന്നവരും ആരുമില്ല. അവന് ഈ ദൗത്യത്തിനുവേണ്ടി സ്വന്തം യുക്തികൊണ്ട് ദിവ്യബോധനരീതിയെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ സൂറയിലെ അവസാന സൂക്തങ്ങളില്‍ ഈ വിഷയം ആവര്‍ത്തിച്ചിട്ടുണ്ട്. അവിടെ കൂടുതല്‍ വിസ്തരിച്ച വ്യാഖ്യാനവുമുണ്ട്. പിന്നെ ഇതൊരു വിചിത്ര വചനമാണെന്ന അവരുടെ വിചാരത്തെക്കുറിച്ച് പറയുന്നു: ഇത് വിചിത്ര വര്ത്തമാനങ്ങളൊന്നുമല്ല. മുഹമ്മദ് നബി(സ)ക്കു മുമ്പ് എത്ര പ്രവാചകന്മാര് ആഗതരായിട്ടുണ്ടോ അവര്‍ക്കെല്ലാം നല്‍കിയിട്ടുള്ളത് ഇതേ ദിവ്യബോധനംതന്നെയാണ്.
2. ഈ ആമുഖവാക്യങ്ങള്‍ ദൈവസ്തോത്രമായി മാത്രം അരുളിയിട്ടുള്ളതല്ല. ഈ സൂക്തങ്ങള്‍ അവതരിച്ച പശ്ചാത്തലത്തോട് അഗാധമായ ബന്ധമുണ്ട് സൂക്തത്തിലെ ഓരോ പദത്തിനും. നബി(സ)ക്കെതിരെ ഏഷണികള്‍ പ്രചരിപ്പിച്ചിരുന്നവരുടെ പ്രാഥമികമായ അസ്തിവാരങ്ങള്‍ ഇവയായിരുന്നു: പ്രവാചകന് പ്രബോധനം ചെയ്ത തൗഹീദിനെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ട് അവര്‍ ചോദിച്ചു: ആരാധ്യനും ആവശ്യങ്ങള്‍ നിറവേറ്റുന്നവനും നിയമദാതാവുമായി ഒരേയൊരു അല്ലാഹു മാത്രമേയുള്ളൂവെങ്കില്‍ നമ്മുടെ പുണ്യവാളന്മാരുടെയൊക്കെ സ്ഥിതിയെന്ത്? അതേക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ഈ പ്രപഞ്ചമഖിലം അല്ലാഹുവിന്റെ ഉടമസ്ഥതയിലാകുന്നു. ഉടമസ്ഥനോടൊപ്പം അതിന്റെ ഉടമസ്ഥതയില്‍ മറ്റാര്‍ക്കെങ്കിലും ദൈവികാധികാരമുണ്ടാകുന്നതെങ്ങനെ? വിശേഷിച്ചും ദൈവികാധികാരങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നവര്‍, അല്ലെങ്കില്‍ സ്വയം ദിവ്യത്വം നടത്താന്‍ തുനിയുന്നവര്തന്നെ അവന്റെ ഉടമസ്ഥതയിലുള്ള അടിമകളായിരിക്കെ. അനന്തരം അരുളുന്നു: അവന് അത്യുന്നതനും അതിഗംഭീരനുമാകുന്നു. അതായത്, അവന് തനിക്ക് ഒരു സമശീര്ഷനുണ്ടാവുക എന്ന അവസ്ഥക്കതീതനാംവണ്ണം മഹത്ത്വമേറിയവനാകുന്നു. അവന്റെ സത്തയിലോ ഗുണവിശേഷങ്ങളിലോ അധികാരാവകാശങ്ങളിലോ ആര്‍ക്കും ഒരിക്കലും പങ്കാളിയാകാനാവില്ല.
3. ഏതെങ്കിലും സൃഷ്ടിയുടെ വംശത്തെ ദൈവവുമായി കൂട്ടിച്ചേര്‍ക്കുകയും അതിനെ ദൈവത്തിന്റെ സന്തതിയായി കരുതുകയും ചെയ്യുക എന്നത് ഒരു ചെറിയ സംഗതിയൊന്നുമല്ല. വല്ലവരെയുമൊക്കെ ആഗ്രഹങ്ങള്‍ സഫലീകരിച്ചുതരുന്നവരും ആവലാതികള്‍ കേള്‍ക്കുന്നവരുമായി സങ്കല്പിച്ച് പ്രാര്‍ഥിക്കുക, ഏതെങ്കിലും പുണ്യവാളനെ മുഴുലോകത്തിന്റെയും കൈകാര്യക്കാരനായി കരുതിക്കൊണ്ട്, ഞങ്ങളുടെ പുണ്യവാളന് എപ്പോഴും എവിടെനിന്നും ആരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുകയും സഹായമെത്തിച്ച് അവരുടെ കാര്യങ്ങള്‍ സുഗമമാക്കിക്കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നും പരസ്യമായി പറഞ്ഞുനടക്കുക, ആരെയെങ്കിലുമൊക്കെ വിധിവിലക്കുകള്ക്കധികാരമുള്ളവരും ദൈവത്തെ വെടിഞ്ഞ് ആളുകള്‍, തങ്ങളുടെ ദൈവം അവര്‍ തന്നെയാണെന്നവണ്ണം അവരുടെ നിയമങ്ങള്‍ അനുസരിക്കുക– ഇതൊക്കെ ആകാശം ഇടിഞ്ഞുവീഴാന്‍ മാത്രം ഗുരുതരമായ ദൈവധിക്കാരങ്ങളാകുന്നു.
4. താല്പര്യമിതാണ്: മനുഷ്യരുടെ ഇത്തരം ജല്പനങ്ങള് കേട്ട് മലക്കുകള്‍ ചെവിയില്‍ വിരല്‍ തിരുകുകയാണ്. അവര്‍ കരുതുന്നു: നമ്മുടെ നാഥന്റെ അവസ്ഥയെക്കുറിച്ച് എന്തെന്ത് വിടുവായത്തങ്ങളാണിവര് ജല്പിച്ചുകൊണ്ടിരിക്കുന്നത്! ഭൂമിയിലെ ഈ പടപ്പുകള്‍ എന്തൊരു ധിക്കാരമാണനുവര്ത്തിക്കുന്നത്! മലക്കുകള്‍ പറയുന്നു: സുബ്ഹാനല്ലാഹ്! സര്‍വലോകനാഥന്റെ ദിവ്യത്വത്തിലും അധികാരത്തിലും പങ്കാളിയാകാന്‍ കഴിയുന്നവരാരുണ്ട്! നമ്മോടും മറ്റെല്ലാ സൃഷ്ടികളോടും നന്മ ചെയ്യുന്നവനായ അവനല്ലാതെ, സ്തുതിക്കപ്പെടാനും നന്ദികാണിക്കപ്പെടാനും ആരാണുള്ളത്?! കൂടാതെ, അല്ലാഹുവിന്റെ കോപം സദാ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭയങ്കരമായ കുറ്റമാണിതെന്നും അവര്‍ മനസ്സിലാക്കുന്നു. അതിനാല്‍, തങ്ങളോടുതന്നെയും ദൈവത്തോടും കൃതഘ്നത കാണിക്കുന്ന അടിമകള്‍ക്കുവേണ്ടി അവര്‍ കാരുണ്യമര്ഥിച്ചുകൊണ്ടിരിക്കുന്നു. ആ ജനത്തിനുമേല്‍ ഇപ്പോള്‍തന്നെ ശിക്ഷയിറക്കരുതെന്നും അവര്‍ പുനരാലോചിക്കാനും സത്യത്തിലേക്ക് മടങ്ങാനും കുറച്ചുകൂടി അവസരം നല്‍കണമെന്നും അപേക്ഷിച്ചുകൊണ്ടിരിക്കുന്നു.
5. അതായത്, അവിശ്വാസവും ബഹുദൈവത്വവും നാസ്തികത്വവും നികൃഷ്ടതയും പാപവും അക്രമവും മര്‍ദനവുമൊക്കെ അനുവര്‍ത്തിക്കുന്നവര്‍ക്ക് വര്‍ഷങ്ങളോളം എന്നല്ല നൂറ്റാണ്ടുകളോളം തന്നെ ദീര്‍ഘദീര്‍ഘമായ അവസരം ലഭിച്ചുവരുന്നുവെന്നത് അവന്റെ കനിവിന്റെയും കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ഫലമാകുന്നു. അവര്‍ക്ക് ആഹാരം ലഭിക്കുക മാത്രമല്ല, ലോകം മുഴുവന്‍ അവരുടെ ഉയര്‍ച്ച ഘോഷിക്കുകയും ജീവിതാലങ്കാരത്തിന്റെ സകല സാധനസാമഗ്രികളും സ്വായത്തമാവുകയും ചെയ്യുന്നു. അജ്ഞരായ ആളുകള്‍ അതെല്ലാം കാണുമ്പോള്‍ ഈ ലോകത്തിന് ഒരു ദൈവമേയില്ലെന്ന് തെറ്റിദ്ധരിക്കുന്നു.
6. മൂലത്തില്‍ ഉപയോഗിച്ച ‘ഔലിയാഅ്’ എന്ന ശബ്ദത്തിന് അറബിഭാഷയില്‍ വിപുലമായ അര്‍ഥമുണ്ട്. മിഥ്യാദൈവങ്ങളുമായി ബന്ധപ്പെട്ട്, വിവിധ ആശയങ്ങളും ബഹുവിധ കര്മരീതികളുമവലംബിച്ച് വഴിപിഴച്ച ആളുകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ‘അല്ലാഹുവിനെ വെടിഞ്ഞ് ഇതരന്മാരെ തങ്ങളുടെ വലിയ്യ് ആക്കിയവര്‍’ എന്നു പറഞ്ഞിട്ടുണ്ട്.
7. ‘അല്ലാഹുതന്നെയാണവരുടെ മേല്നോട്ടക്കാരന്.’ അതായത്, ‘അവന് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം നോക്കിക്കൊണ്ടിരിക്കുന്നു. അവരുടെ കര്‍മരേഖ തയ്യാറാക്കുന്നു. അവരെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യേണ്ടത് അവന്‍തന്നെയാണ്. താങ്കള്‍ അവരുടെ ഭാഗധേയമേല്പിക്കപ്പെട്ടവനല്ല.’ ഇത് നബി(സ)യോടാണ് പറയുന്നത്. അതായത്, അവരുടെ ചുമതല താങ്കളെ ഏല്പിച്ചിട്ടില്ല. താങ്കളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരെ കരിച്ചുകളയാനോ അവരുടെ ആസനം തട്ടിമറിക്കാനോ അവരെ ചതച്ചരക്കാനോ ഒന്നും താങ്കളെ ഏല്പിച്ചിട്ടില്ല -മആദല്ലാഹ് – നബി(സ) സ്വയം അങ്ങനെയൊക്കെ കരുതിയിരുന്നുവെന്നോ, ആ തെറ്റിദ്ധാരണ ദൂരീകരിക്കാനാണിത് അരുളിയതെന്നോ ഇതിനര്‍ഥമില്ല. പ്രത്യുത, അവിശ്വാസികളെ കേള്പ്പിക്കാനാണിത് പറഞ്ഞത്. പ്രത്യക്ഷ സംബോധിതന് നബി(സ) ആണെങ്കിലും നിഷേധികളെ ഇപ്രകാരമറിയിക്കുകയാണതിന്റെ യഥാര്‍ഥ താല്പര്യം. ദിവ്യസിദ്ധികളുടെയും ആത്മീയതയുടെയും പെരുമ്പറ മുഴക്കുന്നവര്‍ സാധാരണ നിങ്ങളോട് ഉന്നയിക്കാറുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒരാളല്ല അല്ലാഹുവിന്റെ പ്രവാചകന്. ജാഹിലിയ്യാ സമൂഹങ്ങളില്‍ മൊത്തത്തില്‍ ഇങ്ങനെയൊരു ധാരണ പ്രചരിച്ചിരുന്നു: വല്ലവരും പുണ്യാത്മാക്കളായ ആളുകളുടെ മഹത്ത്വത്തെ അവമതിച്ചാല്‍ അത്തരം ആളുകളുടെ ഭാഗധേയം അവര്‍ ദുരന്തപൂര്ണമാക്കിക്കളയും. എന്നല്ല, മരിച്ച മഹാന്മാരുടെ ഖബറുകളെപ്പോലും അനാദരിക്കുകയോ അവരെക്കുറിച്ച് വല്ല ദുര്‍വിചാരവും മനസ്സില്വെക്കുകയോ ചെയ്താല്‍പോലും അവരെ ആ മഹാന്മാര് തട്ടിമറിച്ചിട്ടുകളയും. ഇത്തരം ധാരണകളധികവും ആ മഹാന്മാര്‍തന്നെ പ്രചരിപ്പിക്കുന്നതായിരിക്കും. ഇത്തരം അവകാശവാദങ്ങളൊന്നും പ്രചരിപ്പിക്കാത്ത സജ്ജനങ്ങളെക്കുറിച്ചാവട്ടെ അവരുടെ പേരും അസ്ഥികൂടവുമെല്ലാം മൂലധനമാക്കി ലാഭംകൊയ്യാന്‍ ശ്രമിക്കുന്ന അത്യാഗ്രഹികള്‍ ഇങ്ങനെയെല്ലാം പ്രചരിപ്പിക്കുന്നു. ഏതായാലും, ആത്മീയതയുടെയും ദൈവസാമീപ്യത്തിന്റെയും അനിവാര്യതയാണ് മറ്റുള്ളവരുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള അധികാരമെന്ന് സാധാരണക്കാര്‍ ധരിച്ചുവശാകുന്നു. ഈ തട്ടിപ്പിന്റെ വല പൊട്ടിക്കുന്നതിനുവേണ്ടി അല്ലാഹു അവിശ്വാസികള്‍ കേള്‍ക്കെ തന്റെ ദൂതനോട് പറയുന്നു: നിസ്സംശയം, താങ്കള്‍ നമ്മുടെ ദൂതനാകുന്നു. നാം നമ്മുടെ ജ്ഞാനബോധത്താല് താങ്കളെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാല്‍, താങ്കളുടെ ദൗത്യം ജനങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കുക മാത്രമാകുന്നു. അവരുടെ ഭാഗധേയമൊന്നും കൈകാര്യം ചെയ്യാന്‍ നാം താങ്കളെ ഏല്പിച്ചിട്ടില്ല. അത് നമ്മുടെ കൈയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അടിമകളുടെ കര്‍മങ്ങള്‍ നോക്കി അവരെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുക നാംതന്നെ നിര്‍വഹിക്കേണ്ട കാര്യമാകുന്നു.
8. പ്രഭാഷണാരംഭത്തില്‍ പറഞ്ഞ കാര്യംതന്നെ വീണ്ടും ആവര്‍ത്തിച്ചുറപ്പിച്ചു പറയുകയാണ്. ‘അറബിഭാഷയിലുള്ള ഖുര്‍ആന്‍’ എന്നു പറഞ്ഞുകൊണ്ട്, ഇത് നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത അന്യഭാഷയിലല്ലെന്നും നിങ്ങളുടെ മാതൃഭാഷയില്ത്തന്നെയുള്ളതാണെന്നും നിങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നും വ്യക്തമാക്കിയിരിക്കുന്നു. അതിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കുക: ഇത്രയും സുവ്യക്തവും നിസ്വാര്‍ഥവുമായ മാര്‍ഗദര്‍ശനം ദൈവത്തിങ്കല്നിന്നല്ലാതെ മറ്റാരില്നിന്നുണ്ടാവാനാണ്?
9. അതായത്, അവരെ പ്രജ്ഞാശൂന്യതയില്‍നിന്ന് ഉണര്‍ത്തുക, അവരകപ്പെട്ട ചിന്താപരവും വിശ്വാസപരവുമായ മാര്‍ഗഭ്രംശത്തിന്റെയും കര്‍മപരവും ധാര്‍മികവുമായ ജീര്‍ണതയുടെയും അവരുടെ വ്യക്തിഗതവും സമഷ്ടിഗതവുമായ ജീവിതത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന അബദ്ധജടിലമായ തത്ത്വങ്ങളുടെയും അനന്തരഫലം നാശമല്ലാതെ മറ്റൊന്നുമല്ലെന്ന് ഉദ്ബോധിപ്പിക്കുക.
10. ഈ നാശവും നഷ്ടവും ഐഹികജീവിതത്തില്‍ പരിമിതമായിരിക്കുകയില്ലെന്നുകൂടി അവരെ ഉദ്ബോധിപ്പിക്കുക. അല്ലാഹു എല്ലാ മനുഷ്യരെയും ഒരുമിച്ചുകൂട്ടി വിചാരണചെയ്യുന്ന ഒരുനാള്‍ വരുന്നുണ്ട്. വല്ലവരും ഈ ലോകത്ത് തങ്ങളുടെ ദുര്‍വൃത്തികളുടെ ദുഷ്ഫലങ്ങളില്നിന്ന് രക്ഷപ്പെട്ടാല്‍ത്തന്നെ ആ നാളില്‍ ഒരുവിധത്തിലും രക്ഷപ്പെടുക സാധ്യമല്ല. ഇവിടെയും അവിടെയും നാശമടഞ്ഞവന്റെ ദൗര്ഭാഗ്യമാകട്ടെ അതിഭയങ്കരംതന്നെയായിരിക്കും.
11. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയം പറയുന്നത് മൂന്നു ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്: ഒന്ന്: നബി(സ)യെ പഠിപ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക. ഇതില്‍ തിരുമേനിക്ക് ഇപ്രകാരം മനസ്സിലാക്കിക്കൊടുത്തിരിക്കുന്നു: മക്കയിലെ അവിശ്വാസികളുടെ അവിവേകവും ദുര്മാര്ഗാഭിമുഖ്യവും സത്യവിരോധവും കണ്ടിട്ട് താങ്കള്‍ ഇത്രയധികം വേവലാതിപ്പെടേണ്ടതില്ല. മനുഷ്യര്‍ക്ക് ഇച്ഛിക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുക എന്നതുതന്നെയാണ് അല്ലാഹുവിനിഷ്ടം. എന്നിട്ട് സന്മാര്ഗം ഇച്ഛിക്കുന്നവര്‍ക്ക് സന്മാര്ഗം ലഭിക്കണം. ദുര്‍മാര്‍ഗം ഇഷ്ടപ്പെടുന്നവര്‍ക്ക് ആ വഴിക്കും പോകാന്‍ കഴിയണം. ഇതല്ല അല്ലാഹുവിന്റെ താല്പര്യമെങ്കില് വേദങ്ങളും പ്രവാചകന്മാരും അയക്കപ്പെടേണ്ട ആവശ്യമെന്ത്? അല്ലാഹുവിന് സൃഷ്ടിപരമായ ഒരു സൂചന മാത്രമേ വേണ്ടിയിരുന്നുള്ളൂ. മലയും പുഴയും മരവും കല്ലും എല്ലാം എപ്രകാരം അവന്റെ ആജ്ഞാനുവര്ത്തികളായിരിക്കുന്നുവോ അപ്രകാരംതന്നെ സകല മനുഷ്യരും അവന്റെ ആജ്ഞാനുവര്ത്തികളായിത്തീരുമായിരുന്നു.
12. അതായത്, രക്ഷകത്വമെന്നത് ഒരു ഭാവനാവസ്തുവൊന്നുമല്ല. തോന്നുന്നവരെ രക്ഷാധികാരിയായി സങ്കല്പിച്ചതുകൊണ്ട് അവര്‍ യഥാര്‍ഥത്തില്‍ നിങ്ങളുടെ സത്യസന്ധമായ രക്ഷാധികാരിയാവുകയും രക്ഷാധികാരിയുടെ ചുമതല നിര്‍വഹിക്കുകയും ചെയ്യാന്‍ പോകുന്നില്ല. രക്ഷകത്വമെന്നത് ഒരു യഥാര്‍ഥ സംഗതിയാകുന്നു. ആളുകളുടെ തോന്നലുകളനുസരിച്ച് ഉണ്ടാവുകയും മാറുകയും ചെയ്യുന്നതല്ല അത്. യഥാര്‍ഥത്തില്‍ രക്ഷകനാരാണോ അവന് രക്ഷകന്തന്നെയാണ്, നിങ്ങളവനെ രക്ഷകനായി അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി. യഥാര്‍ഥത്തില്‍ ആര് രക്ഷകരല്ലയോ അവര്‍ രക്ഷകരല്ലതാനും; നിങ്ങള്‍ അന്ത്യശ്വാസം വരെ അവരെ രക്ഷകരായി വിശ്വസിച്ചംഗീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാലും ശരി. ആവട്ടെ, അല്ലാഹു മാത്രമേ യഥാര്‍ഥ രക്ഷാധികാരിയാകൂ എന്നതിനും മറ്റാരും ആവുകയില്ലെന്നും ഉള്ളതിന് എന്താണ് ന്യായമെന്നു ചോദിച്ചാല്‍ മറുപടി ഇതാണ്: മരണത്തെ ജീവിതമായി പരിവര്ത്തിപ്പിക്കുന്നവനു മാത്രമേ മനുഷ്യന്റെ യഥാര്‍ഥ രക്ഷാധികാരിയായിരിക്കാനാവൂ. നിര്‍ജീവ വസ്തുക്കളില്‍ ജീവനിട്ട്, മനുഷ്യനായി ജീവിപ്പിച്ചെഴുന്നേല്പിക്കുന്നവനും രക്ഷാധികാരത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ശക്തിയും അധികാരങ്ങളുമുള്ളവനും. അങ്ങനെയുള്ളവന് അല്ലാഹുവിനെക്കൂടാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍, അവരെ രക്ഷാധികാരികളാക്കിക്കൊള്ളുക. അതല്ല, അങ്ങനെയൊരുവന് അല്ലാഹു മാത്രമേയുള്ളൂവെങ്കില്‍ അവനെ വെടിഞ്ഞ് മറ്റ് വല്ലവരെയും രക്ഷാധികാരികളാക്കുന്നത് മൂഢതയും അവിവേകവും ധിക്കാരവുമല്ലാതെ മറ്റൊന്നുമല്ല.
13. ഈ ഖണ്ഡിക മുഴുവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ദിവ്യബോധനംതന്നെയാണെങ്കിലും അതിലെ വക്താവ് അല്ലാഹുവല്ല, റസൂല്‍(സ) തിരുമേനിയാകുന്നു. ഇപ്രകാരം പ്രഖ്യാപിക്കാന്‍ അല്ലാഹു നബി (സ)യോട് നിര്ദേശിച്ചതുപോലെയാണിത്. ഇത്തരം വിഷയങ്ങള്‍ ഖുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ ‘ഖുല്‍’ (പറയുക) എന്ന വാക്കിലൂടെയാണ് ആരംഭിക്കുക. ചില സ്ഥലങ്ങളില്‍ അതില്ലാതെയും ആരംഭിച്ചിരിക്കുന്നു. വചനരീതിയില്നിന്ന് മാത്രമേ അതിലെ വക്താവ് അല്ലാഹുവല്ല, റസൂല്‍ തിരുമേനിയാണ് എന്നു വ്യക്തമാകൂ. കൂടാതെ ചില സ്ഥലങ്ങളില്‍ വചനം അല്ലാഹുവിന്റേതും വക്താക്കള്‍ വിശ്വാസികളും ആകുന്നുണ്ട്. സൂറ ഫാതിഹ അതിനുദാഹരണമാകുന്നു. ചിലപ്പോള്‍ വക്താക്കള്‍ മലക്കുകളുമാകും.
14. അല്ലാഹു പ്രപഞ്ചത്തിനുടമയും യഥാര്‍ഥ രക്ഷകനുമായിരിക്കുന്നതിന്റെ പ്രകൃതിപരവും നൈയാമികവുമായ താല്പര്യമാണിത്. രാജാവും രക്ഷകനും അവന് മാത്രമാണെങ്കില്‍ വിധികര്ത്താവായിരിക്കേണ്ടതും അനിവാര്യമായി അവന്‍തന്നെ. മനുഷ്യരുടെ തര്‍ക്കങ്ങളിലും ഭിന്നിപ്പുകളിലും തീര്‍പ്പു കല്പിക്കേണ്ടതും അവനാണ്. അവന്റെ ആ അവകാശങ്ങളെ പരലോകത്തേക്ക് പരിമിതമായി കരുതുന്നവര്‍ അബദ്ധമാണ് ചെയ്യുന്നത്. അതുപോലെ ഈ ലോകത്ത് അവന്റെ അവകാശം ചില വിശ്വാസപ്രമാണങ്ങളിലും മദ്ഹബീ പ്രശ്നങ്ങളിലും പരിമിതമാക്കുന്നവരും അബദ്ധത്തിലാണ്. വിശുദ്ധ ഖുര്‍ആന്റെ വാക്കുകള്‍ സമഗ്രവും എല്ലാ തര്‍ക്കങ്ങളിലും ഭിന്നിപ്പുകളിലും തീര്‍പ്പു കല്പിക്കാനുള്ള മൗലികമായ അവകാശം നിരുപാധികം അല്ലാഹുവിനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നതുമാകുന്നു. അതിന്റെ വീക്ഷണത്തില്‍ അല്ലാഹു എപ്രകാരം പരലോകത്തിന്റെയും വിധിദിനത്തിന്റെയും ഉടമയാണോ അപ്രകാരംതന്നെ ഇഹലോകത്തിന്റെയും അഹ്കമുല്‍ ഹാകിമീന്‍– വിധികര്‍ത്താക്കളില്‍ ഏറ്റവും ഉന്നതനായ വിധികര്‍ത്താവ്– ആകുന്നു. എപ്രകാരം വിശ്വാസപരമായ ഭിന്നിപ്പുകളില്‍ സത്യമേത് അസത്യമേത് എന്നു തീരുമാനിക്കേണ്ടതവനാണോ അപ്രകാരം നിയമപരമായ പ്രശ്നങ്ങളിലും മനുഷ്യന്ന് നല്ലതേത് ചീത്തയേത്, ഹിതമേത് അഹിതമേത്, അനുവദനീയമേത് നിഷിദ്ധമേത് എന്നു തീരുമാനിക്കേണ്ടത് അവന്‍തന്നെയാണ്. പെരുമാറ്റത്തില്‍ നന്മയേത് തിന്മയേത് എന്ന് അവന് നിശ്ചയിക്കണം. ഇടപാടുകളില്‍ ആര്‍ക്ക് എന്തവകാശമുണ്ട്, ആര്‍ക്ക് എന്തില്ല എന്ന് അവന് തീരുമാനിക്കണം. സാംസര്‍ഗികവും നാഗരികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ശരിയായ രീതിയെന്ത് തെറ്റായതേത് എന്നു വിധിക്കേണ്ടതും അവന്‍തന്നെ.
15. ഭിന്നിപ്പുകളില്‍ തീര്പ്പുകല്പിക്കുന്നവനാണ് യഥാര്‍ഥ വിധികര്‍ത്താവ് എന്നര്‍ഥം.
16. ഒന്ന് ഭൂതകാല വചനത്തിലും മറ്റേത് നൈരന്തര്യമുള്ള വര്‍ത്തമാനകാല വചനത്തിലും അരുളപ്പെട്ട രണ്ടു ക്രിയകളാണിത്. ഭൂതകാല ക്രിയാവചനത്തില് അരുളുന്നു: ‘ഞാന്‍ അവനില്‍ ഭരമേല്പിച്ചിരിക്കുന്നു.’ അതായത്, ഞാന്‍ എന്നെന്നേക്കുമായി ഒന്ന് തീരുമാനിച്ചിരിക്കുന്നു; എന്തെന്നാല്‍, ജീവിച്ചിരിക്കുന്ന കാലത്തോളം എനിക്ക് അവന്റെ സഹായത്തെയും മാര്‍ഗദര്‍ശനത്തെയും സംരക്ഷണത്തെയും അവന്റെത്തന്നെ തീരുമാനത്തെയും അവലംബിക്കേണ്ടതുണ്ടെന്ന്. തുടര്‍ന്ന് വര്ത്തമാനക്രിയാവചനത്തില് അരുളുന്നു: ‘ഞാന്‍ അവനിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.’ അതായത്, എനിക്കീ ജീവിതത്തില്‍ കൈകാര്യം ചെയ്യേണ്ട ഏതു കാര്യവും അല്ലാഹുവിങ്കലേക്ക് മടങ്ങിക്കൊണ്ടാണ് ഞാന്‍ കൈകാര്യം ചെയ്യുക. ഒരു പ്രശ്നമോ ക്ലേശമോ ആപത്തോ അണയുമ്പോള്‍ ഞാന്‍ ആരിലേക്കും തിരിയാതെ അവനില്‍നിന്ന് സഹായമര്ഥിക്കുന്നു. ഒരപായമുണ്ടായാല് അവനില്‍ അഭയം തേടുന്നു; അവന്റെ സംരക്ഷണത്തില്‍ സ്വയം സമര്‍പ്പിക്കുന്നു. ഒരു പ്രശ്നം നേരിടുമ്പോള്‍ അവനോട് മാര്‍ഗദര്‍ശനം തേടുന്നു. അവന്റെ നിര്‍ദേശത്തിലും മാര്‍ഗദര്‍ശനത്തിലും അതിന്റെ പരിഹാരം അല്ലെങ്കില്‍ വിധി അന്വേഷിക്കുന്നു. ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ അവനിലേക്ക് നോക്കുന്നു. അവന്റെ തീരുമാനമായിരിക്കും അതിന്റെ അന്തിമ തീരുമാനം. അവന്റെ തീരുമാനം എന്താവട്ടെ, അതുതന്നെയാണ് സത്യമെന്ന് എനിക്കുറപ്പുണ്ട്.
ഹാമീം = حمٓ
ഐന്‍ സീന്‍ ഖാഫ് = عٓسٓقٓ
അപ്രകാരം = كَذَٰلِكَ
ദിവ്യബോധനം നല്കുന്നു = يُوحِي
നിനക്ക് = إِلَيْكَ
നിനക്കുമുമ്പുള്ളവര്‍ക്കും = وَإِلَى الَّذِينَ مِن قَبْلِكَ
അല്ലാഹു = اللَّهُ
അജയ്യനായ = الْعَزِيزُ
യുക്തിമാനുമായ = الْحَكِيمُ
അവന്റേതാണ് = لَهُ
ആകാശങ്ങളിലുള്ളത് = مَا فِي السَّمَاوَاتِ
ഭൂമിയിലുള്ളതും = وَمَا فِي الْأَرْضِۖ
അവന് = وَهُوَ
ഉന്നതനാണ് = الْعَلِيُّ
മഹാനും = الْعَظِيمُ
അടുത്തിരിക്കുന്നു = تَكَادُ
ആകാശങ്ങള്‍ = السَّمَاوَاتُ
പൊട്ടിച്ചിതറാന്‍ = يَتَفَطَّرْنَ
അവയുടെ മുകള്‍ഭാഗത്ത്നിന്ന് = مِن فَوْقِهِنَّۚ
മലക്കുകള്‍ = وَالْمَلَائِكَةُ
സങ്കീര്‍ത്തനം ചെയ്യുന്നു = يُسَبِّحُونَ
സ്തുതിക്കുന്നതോടൊപ്പം = بِحَمْدِ
തങ്ങളുടെ നാഥനെ = رَبِّهِمْ
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു = وَيَسْتَغْفِرُونَ
ഭൂമിയിലുള്ളവര്‍ക്ക് = لِمَن فِي الْأَرْضِۗ
അറിയുക = أَلَا
തീര്‍ച്ചയായും അല്ലാഹു = إِنَّ اللَّهَ
അവന് ഏറെ പൊറുക്കുന്നവനാണ് = هُوَ الْغَفُورُ
കരുണാനിധിയും = الرَّحِيمُ
സ്വീകരിച്ചവര്‍ = وَالَّذِينَ اتَّخَذُوا
അവനെക്കൂടാതെ = مِن دُونِهِ
രക്ഷാധികാരികളെ = أَوْلِيَاءَ
അല്ലാഹു = اللَّهُ
സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ് = حَفِيظٌ
അവരെ = عَلَيْهِمْ
നീയല്ല = وَمَا أَنتَ
അവരുടെമേല്‍ = عَلَيْهِم
ചുമതല ഏല്പിക്കപ്പെട്ടവന് = بِوَكِيلٍ
അപ്രകാരം = وَكَذَٰلِكَ
നാം ബോധനം നല്കിയിരിക്കുന്നു = أَوْحَيْنَا
നിനക്ക് = إِلَيْكَ
ഖുര്‍ആനിനെ = قُرْآنًا
അറബി ഭാഷയിലുള്ള = عَرَبِيًّا
നീ മുന്നറിയിപ്പ് നല്കാന് = لِّتُنذِرَ
നാടുകളുടെ കേന്ദ്രത്തിന്(മക്കക്ക്) = أُمَّ الْقُرَىٰ
അതിനു ചുറ്റുമുള്ളവര്‍ക്കും = وَمَنْ حَوْلَهَا
നീ മുന്നറിയിപ്പ് നല്‍കാനും = وَتُنذِرَ
സമ്മേളന ദിനത്തെക്കുറിച്ച് = يَوْمَ الْجَمْعِ
അതില്‍ സംശയമേയില്ല = لَا رَيْبَ فِيهِۚ
ഒരു വിഭാഗം = فَرِيقٌ
സ്വര്‍ഗത്തിലാകുന്നു = فِي الْجَنَّةِ
മറ്റൊരു വിഭാഗം = وَفَرِيقٌ
കത്തിജ്വലിക്കുന്ന നരകത്തിലും = فِي السَّعِيرِ
ഉദ്ദേശിച്ചിരുന്നുവെങ്കില്‍ = وَلَوْ شَاءَ
അല്ലാഹു = اللَّهُ
അവരെ ആക്കുമായിരുന്നു = لَجَعَلَهُمْ
ഒരൊറ്റ സമുദായം = أُمَّةً وَاحِدَةً
പക്ഷേ = وَلَٰكِن
അവന് പ്രവേശിപ്പിക്കുന്നു = يُدْخِلُ
താനിച്ഛിക്കുന്നവരെ = مَن يَشَاءُ
തന്റെ കാരുണ്യത്തില്‍ = فِي رَحْمَتِهِۚ
അക്രമികള്‍ = وَالظَّالِمُونَ
അവര്‍ക്കില്ല = مَا لَهُم
ഒരു രക്ഷകനും = مِّن وَلِيٍّ
ഒരു സഹായിയും = وَلَا نَصِيرٍ
അതല്ല, അവര്‍ സ്വീകരിച്ചിരിക്കുകയാണോ = أَمِ اتَّخَذُوا
അവനെക്കൂടാതെ = مِن دُونِهِ
രക്ഷകന്മാരെ = أَوْلِيَاءَۖ
എന്നാല്‍ അല്ലാഹു = فَاللَّهُ
അവന് മാത്രമാകുന്നു = هُوَ
രക്ഷകന് = الْوَلِيُّ
അവന് = وَهُوَ
ജീവിപ്പിക്കുന്നു = يُحْيِي
മരിച്ചവരെ = الْمَوْتَىٰ
അവന് = وَهُوَ
എല്ലാ കാര്യങ്ങള്‍ക്കും = عَلَىٰ كُلِّ شَيْءٍ
കഴിവുറ്റവനാണ് = قَدِيرٌ
നിങ്ങള്‍ ഭിന്നിച്ചിട്ടുള്ള = وَمَا اخْتَلَفْتُمْ فِيهِ
ഏതൊരു കാര്യവും = مِن شَيْءٍ
അതിന്റെ വിധി = فَحُكْمُهُ
അല്ലാഹുവിന്നാകുന്നു = إِلَى اللَّهِۚ
അവനാണ് = ذَٰلِكُمُ
അല്ലാഹു = اللَّهُ
എന്റെ നാഥനായ = رَبِّي
അവനില്‍ = عَلَيْهِ
ഞാന്‍ ഭരമേല്പിച്ചിരിക്കുന്നു = تَوَكَّلْتُ
അവങ്കലേക്കുതന്നെ = وَإِلَيْهِ
ഞാന്‍ മടങ്ങുന്നു = أُنِيبُ
Add comment