അശ്ശൂറ – സൂക്തങ്ങള്‍: 37-43

وَٱلَّذِينَ يَجْتَنِبُونَ كَبَٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ وَإِذَا مَا غَضِبُوا۟ هُمْ يَغْفِرُونَ﴿٣٧﴾ وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ﴿٣٨﴾ وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ﴿٣٩﴾ وَجَزَٰٓؤُا۟ سَيِّئَةٍۢ سَيِّئَةٌۭ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ﴿٤٠﴾ وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِۦ فَأُو۟لَٰٓئِكَ مَا عَلَيْهِم مِّن سَبِيلٍ﴿٤١﴾ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ﴿٤٢﴾ وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ ٱلْأُمُورِ﴿٤٣﴾


(37-43) അവരോ, മഹാപാപങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും അകന്നുനില്‍ക്കുന്നവരും58 ക്ഷോഭമുണ്ടാകുമ്പോള്‍ വിട്ടുവീഴ്ചയനുവര്‍ത്തിക്കുന്നവരുമാകുന്നു.59 വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരും60 നമസ്‌കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും61 നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും62 തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു63 — 64 തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മതന്നെ.65 ഇനി ഒരുവന്‍ മാപ്പുകൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അവന്ന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയാകുന്നു.66 അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല.67 ഒരു ജനം അക്രമിക്കപ്പെട്ടശേഷം പകരം ചെയ്തുവെങ്കില്‍, അവര്‍ ആക്ഷേപാര്‍ഹരാകുന്നില്ല. ആക്ഷേപിക്കപ്പെടേണ്ടവര്‍, മറ്റു ജനങ്ങളെ അക്രമിക്കുകയും ഭൂമിയില്‍ അന്യായമായി അധര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്യുന്നവരത്രെ. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. എന്നാല്‍, ഒരുവന്‍ ക്ഷമയവലംബിക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണെങ്കില്‍ അത് നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യങ്ങളില്‍ പെട്ടതാകുന്നു68 .

58. വിശദീകരണത്തിന് തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒന്നാം വാല്യം അന്നിസാഅ്: 31 ; അല്‍അന്‍ആം: 151 ; രണ്ടാം വാല്യം അന്നഹ്ല്‍ : 90 എന്നീ സൂക്തങ്ങള്‍ വ്യാഖ്യാനസഹിതവും അന്നജ്മ്: 32-ആം സൂക്തവും നോക്കുക.

59. അവര്‍ ശുണ്ഠിക്കാരോ കടിച്ചുകീറുന്ന സ്വഭാവക്കാരോ ആയിരിക്കുകയില്ല. പ്രത്യുത, സൗമ്യരും ശാന്തപ്രകൃതരുമായിരിക്കും. പ്രതികാര ദാഹമുള്ളവരായിരിക്കുകയില്ല. ദൈവദാസന്മാരോട് വിട്ടുവീഴ്ചയും സൗമനസ്യവുമനുവര്‍ത്തിക്കുന്നവരായിരിക്കും. വല്ലപ്പോഴും കോപം വന്നാല്‍ത്തന്നെ അവരത് വിഴുങ്ങിക്കളയും. മനുഷ്യന്റെ ശ്രേഷ്ഠഗുണങ്ങളാണിവ. വിശുദ്ധ ഖുര്‍ആന്‍ ഇവയെ വളരെ പ്രശംസനീയമെന്നരുളുകയും (ആലുഇംറാന്‍: 134 ) തിരുനബി(സ)യുടെ വിജയത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്നായി എണ്ണുകയും ചെയ്തിരിക്കുന്നു (ആലുഇംറാന്‍: 159 ). ഒരു ഹദീസില്‍ ഹ. ആഇശ(റ)പറയുന്നു: ما انتقم رسول الله صلى الله عليه وسلم لنفسه فى شيئ قط الا ان تنتهك حرمة الله – بخارى، مسلم (നബി(സ) ഒരു കാര്യത്തിലും തനിക്കുവേണ്ടി പ്രതികാരം ചെയ്തിട്ടില്ല. അല്ലാഹു നിശ്ചയിച്ച വല്ല നിഷിദ്ധതയും ലംഘിക്കപ്പെട്ടാല്‍ അതിന് ശിക്ഷിച്ചിട്ടുണ്ടെന്ന് മാത്രം).

60. റബ്ബിന്റെ വിളി കേള്‍ക്കുന്നവര്‍ എന്നോ വിളിക്ക് ഉത്തരം കൊടുക്കുന്നവര്‍ എന്നോ ആണ് പദാനുപദ തര്‍ജമ. അല്ലാഹു ഏത് കാര്യത്തിലേക്ക് വിളിച്ചാലും അവര്‍ ഓടിച്ചെല്ലുകയും എന്ത് സന്ദേശം നല്‍കിയാലും അതുടന്‍ സ്വീകരിക്കുകയും ചെയ്യും എന്നര്‍ഥം.

61. ഇക്കാര്യം ഇവിടെ വിശ്വാസികളുടെ വിശിഷ്ട ഗുണങ്ങളിലൊന്നായി എണ്ണിയിരിക്കുന്നു. സൂറ ആലു ഇംറാന്‍ 159-ആം സൂക്തത്തില്‍ അത് അനുശാസിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച്, കൂടിയാലോചിക്കുക എന്നത് ഇസ്‌ലാമിക ജീവിതത്തിന്റെ ഒരു സുപ്രധാന സ്തംഭമാകുന്നു. കൂടിയാലോചനയില്ലാതെ സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് ജാഹിലിയ്യത്താണെന്ന് മാത്രമല്ല, അംഗീകൃത ഇസ്‌ലാമിക ചിട്ടക്ക് തികച്ചും വിരുദ്ധവുമാകുന്നു. കൂടിയാലോചനക്ക് ഇസ്‌ലാം ഇത്ര പ്രാധാന്യം കല്‍പിച്ചതെന്തുകൊണ്ടാണ്? അതിന്റെ കാരണങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍, മൂന്ന് കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നതാണ്. ഒന്ന്, രണ്ടോ അതില്‍ കൂടുതലോ ആളുകളുടെ താല്‍പര്യവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അവരില്‍ ഏതെങ്കിലും ഒരാള്‍ ഒറ്റക്ക് തീരുമാനമെടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നത് അതിക്രമമാകുന്നു. പൊതുകാര്യങ്ങളില്‍ ആര്‍ക്കും തന്നിഷ്ടം നടത്താനവകാശമില്ല. ഒരു പ്രശ്‌നത്തിന് എത്രത്തോളം ആളുകളുടെ താല്‍പര്യവുമായി ബന്ധമുണ്ടോ, അതില്‍ അവരുടെയെല്ലാം അഭിപ്രായം പരിഗണിക്കുകയാണ് നീതിയുടെ താല്‍പര്യം. ഇനി അത് വളരെയധികം ആളുകളുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ അവരുടെ ആധികാരിക പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കാളികളാക്കണം. രണ്ട്, മനുഷ്യന്‍ പൊതുകാര്യങ്ങളില്‍ തന്നിഷ്ടം നടത്താന്‍ ശ്രമിക്കുന്നത് ഒന്നുകില്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ അവകാശം ഹനിക്കാനുദ്ദേശിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അയാള്‍ സ്വയം വലിയവനും കഴിവുറ്റവനുമായും മറ്റുള്ളവരെ നിസ്സാരരായും ഗണിക്കുന്നുവെന്നതായിരിക്കും അതിന്റെ കാരണം. ധാര്‍മികമായി ഈ രണ്ടു നിലപാടുകളും ഒരുപോലെ നികൃഷ്ടമാകുന്നു. യഥാര്‍ഥ വിശ്വാസികളുടെ അന്തരംഗത്ത് ഇതില്‍ ഏതെങ്കിലും സ്വഭാവത്തിന്റെ ലാഞ്ഛനപോലും കാണപ്പെടുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ കൈയേറി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാനാഗ്രഹിക്കുന്ന സ്വാര്‍ഥിയോ, ബുദ്ധിയുടെ സാരസര്‍വസ്വവും സര്‍വകലാവല്ലഭനും സൂക്ഷ്മജ്ഞനുമായി സ്വയം കരുതുന്ന അഹങ്കാരിയോ ആത്മപ്രശംസകനോ ആവുകയില്ല, സത്യവിശ്വാസി. മൂന്ന്, മറ്റുള്ളവരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുക വമ്പിച്ച ഒരു ഉത്തരവാദിത്വമാണ്. ദൈവത്തെ ഭയപ്പെടുകയും അവന്റെ മുമ്പില്‍ എത്ര രൂക്ഷമായിട്ടാണ് താന്‍ വിചാരണ ചെയ്യപ്പെടുക എന്നറിയുകയും ചെയ്യുന്ന ആരുംതന്നെ ഈ മഹാഭാരം ഒറ്റക്ക് ഏറ്റെടുക്കാന്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. ദൈവത്തെ ഭയപ്പെടാത്തവരും പരലോക വിചാരമില്ലാത്തവരുമായ ആളുകള്‍ക്കു മാത്രമേ അത്തരം ധൈര്യമുണ്ടാവുകയുള്ളൂ. പാരത്രിക വിചാരണയെക്കുറിച്ച് ബോധമുള്ളവര്‍, ഒരു പൊതുകാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍, ആ കാര്യം ആരുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയൊക്കെ അല്ലെങ്കില്‍ അവര്‍ ഭരമേല്‍പിച്ച പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കെടുപ്പിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. അതുവഴി കൂടുതല്‍ ശരിയായതും കുറ്റമറ്റതും നീതിനിഷ്ഠവുമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. അറിയാതെ വല്ല പിശകും പറ്റിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്വം ഒരൊറ്റയാളില്‍ മാത്രം വന്നുചേരുകയുമില്ല. ഈ മൂന്നു കാരണങ്ങളെക്കുറിച്ചും ആഴത്തില്‍ ആലോചിച്ചുനോക്കിയാല്‍, ഇസ്‌ലാം മനുഷ്യന്നു നല്‍കുന്ന ധാര്‍മികാധ്യാപനങ്ങളുടെ അനിവാര്യ താല്‍പര്യമാണ്, കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമെന്നും അതില്‍നിന്നുള്ള വ്യതിചലനം ഇസ്‌ലാം ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത വലിയ അധര്‍മമാണെന്നും നന്നായി മനസ്സിലാകുന്നതാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാതത്വം പാലിക്കണമെന്നാണ് ഇസ്‌ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൂടിയാലോചിക്കണം. മക്കള്‍ യുവത്വം പ്രാപിച്ചാല്‍ അവരെയും കൂടിയാലോചനയില്‍ പങ്കാളികളാക്കണം. കുടുംബത്തിന്റെ പ്രശ്‌നമാണെങ്കില്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്തിയ സാമാന്യ ബുദ്ധിയുള്ള എല്ലാവരുടെയും അഭിപ്രായമാരായണം. ഒരു ഗോത്രത്തിന്റെയോ സമൂഹത്തിന്റെയോ ഗ്രാമത്തിന്റെയോ പ്രശ്‌നമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളെയും കൂടിയാലോചനയില്‍ പങ്കാളികളാക്കുക സാധ്യമല്ലെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഏകോപിത രീതിയനുസരിച്ച്, ബന്ധപ്പെട്ട എല്ലാവരെയും ആധികാരികമായി പ്രതിനിധാനംചെയ്യുന്നവര്‍ക്ക് പങ്കുള്ള സമിതിയോ പഞ്ചായത്തോ ആകുന്നു. ഒരു രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ കൊണ്ടുനടത്താന്‍ എല്ലാ ജനങ്ങളുടെയും തൃപ്തിയോടെ ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ സ്വീകാരയോഗ്യരായി കരുതുന്ന അഭിപ്രായ സുബദ്ധതയുള്ളവരുമായി കൂടിയാലോചിച്ചാണ് അവര്‍ ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അവരുടെ കൈകാര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലമേ അവര്‍ അധികാരികളായിരിക്കൂ. സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള ഒരാള്‍ക്ക് ബലാല്‍ക്കാരം സമൂഹത്തിന്റെ കൈകാര്യാധികാരിയാകാനോ ആകണമെന്ന് ആഗ്രഹിക്കാനോ അതിനുവേണ്ടി പരിശ്രമിക്കാനോ കഴിയില്ല. ആദ്യം ശക്തിയുപയോഗിച്ച് ജനങ്ങളെ കീഴടക്കുകയും പിന്നെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ അവരുടെ സമ്മതിദാനം നേടുകയും ചെയ്യുക എന്ന ഉപായത്തിനും അവര്‍ തയ്യാറാവില്ല. ജനങ്ങള്‍ അവരുടെ സ്വതന്ത്രമായ ഇഷ്ടപ്രകാരം നിശ്ചയിക്കുന്ന പ്രതിനിധികള്‍ക്കു പകരം, തന്റെ തൃപ്തിക്കൊത്തവണ്ണം അഭിപ്രായങ്ങള്‍ പറയുന്ന ഉപദേശകരെ തെരഞ്ഞെടുക്കുക എന്ന തന്ത്രം പ്രയോഗിക്കാനും അവര്‍ക്കു സാധിക്കുകയില്ല. ദുരുദ്ദേശ്യങ്ങള്‍കൊണ്ടു മലിനമായ മനസ്സില്‍ മാത്രമേ ഇത്തരം ആഗ്രഹങ്ങള്‍ ഉടലെടുക്കുകയുള്ളൂ. ഒരേസമയം സൃഷ്ടികളേയും സ്രഷ്ടാവിനേയും വഞ്ചിക്കാന്‍ ഒരു സങ്കോചവുമില്ലാത്തവര്‍ മാത്രമേ ഇത്തരം അഭിലാഷത്തോടുകൂടി وَأَمْرُهُمْ شُورَى بَيْنَهُمْ എന്നതിന്റെ ബാഹ്യരൂപം നിര്‍മിച്ച് അതിന്റെ ആത്മാവ് കളയാന്‍ ശ്രമിക്കൂ. എന്നാല്‍, അവര്‍ക്ക് ദൈവത്തെ വഞ്ചിക്കാനാവില്ല. പകല്‍വെളിച്ചത്തില്‍ കൊള്ള നടത്തുന്നവന്‍, കൊള്ള നടത്തുകയല്ല; മറിച്ച്, ജനസേവനം ചെയ്യുകയാണ് എന്ന് സത്യസന്ധമായി മനസ്സിലാക്കാന്‍ മാത്രം അന്ധരായിരിക്കുകയില്ല സൃഷ്ടികളും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന സിദ്ധാന്തം, അതിന്റെ സ്വഭാവവും പ്രകൃതിയും പരിഗണിക്കുമ്പോള്‍ അഞ്ച് കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നതായി കാണാം. ഒന്ന്: ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെയാണ് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ബോധവുമുണ്ടായിരിക്കണം. തങ്ങളുടെ കൈകാര്യാധികാരികളില്‍ വല്ല കുറ്റമോ കുറവോ തെറ്റോ കണ്ടാല്‍ അത് തടയാനും പ്രതിഷേധിക്കാനും എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ അധികാരികളെ മാറ്റാനും അവര്‍ക്ക് പൂര്‍ണമായ അവകാശമുണ്ടായിരിക്കുകയും വേണം. ആളുകളുടെ വായടച്ചും കൈകാലുകള്‍ കെട്ടിവരിഞ്ഞും വാര്‍ത്തകള്‍ തമസ്‌കരിച്ചും സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് സ്പഷ്ടമായ കാപട്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന തത്ത്വം അനുസരിക്കുന്നവരാണെന്നംഗീകരിക്കാനാവില്ല. രണ്ട്: സാമൂഹിക കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വമേല്‍പിക്കപ്പെടുന്നവര്‍ ആരുതന്നെയായിരുന്നാലും ജനങ്ങളുടെ തൃപ്തിയോടെ നിശ്ചയിക്കപ്പെടുന്നവരായിരിക്കണം. സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്നതായിരിക്കണം ഈ തൃപ്തി. ഭീതികൊണ്ടോ ഭീഷണികൊണ്ടോ നേടുന്നതാവരുത്. സമ്മര്‍ദംകൊണ്ടും പ്രലോഭനംകൊണ്ടും വാങ്ങിയതുമാകരുത്. വഞ്ചനകൊണ്ടും കുതന്ത്രങ്ങള്‍കൊണ്ടും കൊള്ളയടിച്ചുണ്ടാക്കിയ തൃപ്തി യഥാര്‍ഥത്തില്‍ തൃപ്തിയേ അല്ല. സാധ്യമായ എല്ലാ രീതിയിലും കിണഞ്ഞു പരിശ്രമിച്ച് ഒരു ജനത്തിന്റെ ഭരണാധികാരിയാകുന്ന വ്യക്തി അവരുടെ ശരിയായ ഭരണാധികാരിയായിരിക്കുകയില്ല. ജനങ്ങള്‍ സ്വന്തം ഇഷ്ടത്തോടെയും പ്രീതിയോടെയും ഭരണാധികാരിയായി നിശ്ചയിക്കുന്നവരേ ശരിയായ ജനകീയ ഭരണാധികാരിയായിരിക്കൂ. മൂന്ന്: ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവരായും ജനങ്ങളില്‍ വേരുകളുള്ള ആളുകള്‍ തന്നെ നിശ്ചയിക്കപ്പെടേണ്ടതാകുന്നു. സമ്മര്‍ദം ചെലുത്തിയോ പണം കൊടുത്തോ കളവും കുതന്ത്രവുമുപയോഗിച്ചോ ജനങ്ങളെ വഴിതെറ്റിച്ചോ പ്രതിനിധിസ്ഥാനം നേടുന്നവരൊന്നും യഥാര്‍ഥ ജനകീയാടിത്തറയുള്ളവരായി അംഗീകരിക്കപ്പെടുകയില്ലെന്നു വ്യക്തമാണല്ലോ. നാല്: അധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ തങ്ങളുടെ അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും യോജിച്ച അഭിപ്രായങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ആ വിധത്തില്‍ അഭിപ്രായം വെളിപ്പെടുത്താന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടതുമാകുന്നു. ഇതില്ലാത്തേടത്ത്, ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ അത്യാഗ്രഹത്തിന്റെയോ ഭയത്തിന്റെയോ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പെട്ടുപോയതിന്റെ പേരില്‍ സ്വന്തം അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നിടത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് വഞ്ചനയും കാപട്യവുമായിരിക്കും.وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന തത്ത്വമായിരിക്കുകയില്ല. അഞ്ച്: കൂടിയാലോചനാ സഭയുടെ ഏകകണ്ഠമായ അഭിപ്രായം അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നു വന്നാല്‍, കൂടിയാലോചന തികച്ചും നിരര്‍ഥമായിത്തീരുന്നു. അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നു എന്നല്ല; പ്രത്യുത ‘അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നു’ എന്നാണ് അല്ലാഹു അരുളിയിട്ടുള്ളത്. കൂടിയാലോചന നടത്തുന്നതുകൊണ്ട് മാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന്, കൂടിയാലോചനയില്‍ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനങ്ങളനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടതനിവാര്യമാകുന്നു. ശൂറാതത്ത്വത്തിന്റെ ഈ വിശദീകരണത്തോടൊപ്പം അടിസ്ഥാനപരമായ ഒരു സംഗതി കൂടി മനസ്സിലാക്കേണ്ടതുണ്ട്. ശൂറാ (കൂടിയാലോചനാ സഭ) മുസ്‌ലിംകളുടെ കാര്യങ്ങള്‍ നടത്താന്‍ നിരുപാധികം അഴിച്ചുവിടപ്പെട്ടതോ സര്‍വാധികാരമുള്ളതോ അല്ല. അല്ലാഹു നേരിട്ടു നിയമിച്ച ദീനിന്റെ നിയമങ്ങളാല്‍ അതിനു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ‘നിങ്ങള്‍ തമ്മിലുണ്ടാകുന്ന ഏതു ഭിന്നിപ്പിലും തീര്‍പ്പുകല്‍പിക്കേണ്ടത് അല്ലാഹുവാകുന്നു’, ‘നിങ്ങള്‍ തമ്മിലുള്ള ഏതു തര്‍ക്കത്തിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടങ്ങുക’ എന്നീ വാക്യങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന മൗലികതത്ത്വത്തിന് അത് വിധേയവുമായിരിക്കണം. ഈ പൊതു സിദ്ധാന്തമനുസരിച്ച്, ശര്‍ഈ പ്രശ്‌നങ്ങളില്‍ ഏതെങ്കിലും പ്രമാണത്തിന്റെ അര്‍ഥമെന്ത്? അതിന്റെ ലക്ഷ്യം ശരിയാംവണ്ണം സാക്ഷാല്‍ക്കരിക്കപ്പെടുമാറ് എങ്ങനെ പ്രാവര്‍ത്തികമാക്കാം? എന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് കൂടിയാലോചന നടത്താവുന്നതാണ്. എന്നാല്‍, അല്ലാഹുവും അവന്റെ ദൂതനും തീരുമാനമെടുത്തിട്ടുള്ള കാര്യങ്ങളില്‍ സ്വന്തം വകയായി സ്വതന്ത്രമായ പുതിയ തീരുമാനമെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടിയാലോചന നടത്തുന്ന പ്രശ്‌നമേയില്ല.

62. ഇതിനു മൂന്നു താല്‍പര്യങ്ങളുണ്ട്. ഒന്ന്, നാമവര്‍ക്ക് നല്‍കിയ ഹിതകരമായ വിഭവത്തില്‍നിന്ന് ചെലവഴിക്കുന്നു. അവരുടെ ചെലവുകള്‍ നികത്തുന്നതിനുവേണ്ടി നിഷിദ്ധ ധനത്തില്‍ കൈവെക്കുന്നില്ല. രണ്ട്, നാം നല്‍കിയ വിഭവങ്ങള്‍ കുന്നുകൂട്ടി വെക്കുകയല്ല; ചെലവഴിച്ചുകൊണ്ടിരിക്കും. മൂന്ന്, അവര്‍ക്ക് നല്‍കപ്പെട്ട വിഭവങ്ങളില്‍നിന്ന് ദൈവമാര്‍ഗത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കും, കിട്ടിയതെല്ലാം സ്വസുഖത്തിനുവേണ്ടി മാത്രം ഉഴിഞ്ഞുവെക്കുകയില്ല. ഒന്നാമത്തെ ആശയത്തിനാധാരം, അല്ലാഹു ഹിതകരവും ശുദ്ധവുമായ വിഭവങ്ങളെക്കുറിച്ച് മാത്രമേ ‘നാം നല്‍കിയ വിഭവങ്ങള്‍’ എന്നു പറയാറുള്ളൂ എന്നതാകുന്നു. അവിഹിതവും നിഷിദ്ധവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കപ്പെട്ട വിഭവങ്ങളെ ‘നമ്മുടെ വിഭവങ്ങള്‍’ എന്നു പറയാറില്ല. രണ്ടാമത്തെ ആശയത്തിനടിസ്ഥാനമിതാണ്: അല്ലാഹു മനുഷ്യര്‍ക്ക് വിഭവങ്ങള്‍ നല്‍കുന്നത് അവരത് ചെലവാക്കാനാണ്, കുന്നുകൂട്ടിവെച്ച് അതിന്‍മേല്‍ നിധി കാക്കുന്ന സര്‍പ്പമായി ഇരിക്കാനല്ല. ചെലവഴിക്കുക എന്നതുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് സ്വന്തം ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മാത്രം ചെലവഴിക്കലല്ല എന്നുള്ളതാണ് മൂന്നാമത്തെ അര്‍ഥത്തിനടിസ്ഥാനം. ‘ചെലവഴിക്കല്‍’ എന്നതിന്റെ അര്‍ഥത്തില്‍ ദൈവിക സരണിയിലുള്ള ചെലവഴിക്കല്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. ഈ മൂന്നു കാരണങ്ങളാല്‍ ചെലവഴിക്കലിനെ അല്ലാഹു വിശ്വാസികളുടെ വിശിഷ്ട ഗുണമായി എണ്ണിയിരിക്കുകയാണിവിടെ. അത്തരം വിശിഷ്ട ഗുണങ്ങളെ ആസ്പദിച്ചാണ് പാരത്രിക നന്മ അവര്‍ക്കു മാത്രമായി പ്രത്യേകമാക്കപ്പെട്ടിട്ടുള്ളത്.

63. ഇതും വിശ്വാസികളുടെ വിശിഷ്ട ഗുണങ്ങളില്‍പെട്ടതാകുന്നു. അവര്‍ അക്രമികളോടും നിഷ്ഠുരന്മാരോടും സൗമനസ്യം കാണിക്കുന്നവരാവുകയില്ല. അവരുടെ സൗമനസ്യവും വിട്ടുവീഴ്ചാ സ്വഭാവവും ദൗര്‍ബല്യത്തില്‍നിന്നുടലെടുക്കുന്നതല്ല. ഭിക്ഷാംദേഹികളെയോ സന്യാസികളെയോ പോലെ പതിതരായിരിക്കാന്‍ അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. അവരുടെ മാന്യതയുടെ താല്‍പര്യമിതാണ്: വിജയിക്കുമ്പോള്‍ പരാജിതരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുക, കഴിവുള്ളപ്പോള്‍ പ്രതികാരം ചെയ്യാതെ വിട്ടുവീഴ്ച ചെയ്യുക. കീഴിലുള്ളവരോ ദുര്‍ബലരോ ആയവരില്‍നിന്ന് വല്ല തെറ്റും സംഭവിച്ചാല്‍ അതിനുനേരെ കണ്ണടക്കുക. എന്നാല്‍, വല്ല ശക്തനും തന്റെ ശക്തിയുടെ ഹുങ്കില്‍ അവരെ കൈയേറ്റം ചെയ്യുകയാണെങ്കില്‍ അവനെ നിസ്സങ്കോചം നേരിടുകയും അവന്റെ പല്ല് കൊഴിപ്പിക്കുകയും ചെയ്യണം. സത്യവിശ്വാസി ഒരിക്കലും അക്രമിയാല്‍ അടിച്ചമര്‍ത്തപ്പെട്ടുകൂടാ. അഹങ്കാരികളുടെ മുന്നില്‍ തലകുനിച്ചുകൂടാ. അത്തരം ആളുകളുടെ മുന്നില്‍ അവര്‍ ഇരുമ്പുപോലെ കഠിനരായിരിക്കണം. അത് ചവച്ചരക്കാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം അണപ്പല്ലു പൊട്ടിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.

64. ഇവിടം മുതല്‍ ഖണ്ഡികയുടെ അവസാനവാക്യം വരെയുള്ളത് മുന്‍പറഞ്ഞതിനുള്ള വിശദീകരണമെന്ന നിലക്കരുളിയതാണ്.

65. പ്രതികാരം ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ട ഒന്നാമത്തെ തത്ത്വമാണിത്. ഒരുവന്‍ ഇങ്ങോട്ട് ചെയ്ത തിന്മയുടെ അത്രമാത്രം അങ്ങോട്ടും ചെയ്യുക എന്നതാണ് പകരംവീട്ടുന്നതിന്റെ അനുവദനീയമായ പരിധി. ഒരു തിന്മക്ക് പകരമായി അതിനേക്കാള്‍ വലിയ തിന്മ അങ്ങോട്ട് ചെയ്യാന്‍ അവന്നവകാശമില്ല.

66. ഇത് രണ്ടാമത്തെ തത്ത്വമാണ്. അതിക്രമം ചെയ്തവനോട് പ്രതികാരം ചെയ്യുന്നത് അനുവദനീയമാണെങ്കിലും മാപ്പുകൊടുക്കുന്നത് സമാധാനത്തിനും സംസ്‌കരണത്തിനും നിമിത്തമായിത്തീരുമെന്നുണ്ടെങ്കില്‍, പ്രതികാരമുപേക്ഷിച്ച് മാപ്പ് കൊടുക്കുന്നതാണ് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്; ഈ മാപ്പ് മനമില്ലാ മനസ്സോടെ ചെയ്യുന്നതാണെങ്കില്‍ പോലും എന്നാണതിന്റെ താല്‍പര്യം. അതുകൊണ്ടാണ് അതിന് പ്രതിഫലം നല്‍കുക നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് അല്ലാഹു അരുളിയത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ കുല്‍സിതരായ ആളുകളെ സംസ്‌കരിക്കുന്നതിനുവേണ്ടി ഈ കയ്പുനീര്‍ കുടിക്കുകയാണല്ലോ.

67. ഈ താക്കീതിലൂടെ പ്രതികാരം സംബന്ധിച്ച മൂന്നാമതൊരു തത്ത്വത്തെ സൂചിപ്പിച്ചിരിക്കുകയാണ്. ഒരാള്‍ മറ്റൊരുവന്റെ അക്രമത്തിന് പ്രതികാരം ചെയ്തുചെയ്ത് സ്വയം അക്രമിയായിത്തീര്‍ന്നുകൂടാ എന്നതാണത്. തിന്മക്കു പകരമായി അതിനേക്കാള്‍ വലിയ തിന്മകളനുവര്‍ത്തിക്കുന്നതനുവദനീയമല്ല. ഉദാഹരണമായി, ഒരാള്‍ ഒരടിയടിച്ചാല്‍ അയാളെ ഒരടി മാത്രമടിക്കാം. അല്ലാതെ അയാളുടെ മേല്‍ ഇടിയും ചവിട്ടും വര്‍ഷിച്ചുകൂടാ. അതേപ്രകാരം, കുറ്റകൃത്യത്തിന് കുറ്റകൃത്യംകൊണ്ട് പ്രതികാരം ചെയ്യുന്നത് ശരിയായിരിക്കുകയില്ല. ഉദാഹരണമായി, ഒരക്രമി മറ്റൊരാളുടെ കുട്ടിയെ വധിച്ചാല്‍ അതിന് പ്രതികാരമായി അയാള്‍ ഓടിച്ചെന്ന് ആ അക്രമിയുടെ കുട്ടിയേയും വധിക്കുന്നത് അനുവദനീയമല്ല. അല്ലെങ്കില്‍ തന്റെ മകളെയോ സഹോദരിയെയോ ഒരു മനുഷ്യാധമന്‍ നശിപ്പിച്ചാല്‍ പ്രതികാരമായി അയാളുടെ മകളെയോ സഹോദരിയെയോ മാനഭംഗപ്പെടുത്തുന്നത് നിഷിദ്ധമാകുന്നു.

68. ഈ സൂക്തങ്ങളില്‍ വിശ്വാസികളുടേതായി വിവരിക്കപ്പെട്ട വിശിഷ്ട ഗുണങ്ങളെല്ലാം ആ കാലത്ത് പ്രവാചകന്റെയും ശിഷ്യന്മാരുടെയും ജീവിതത്തില്‍ പ്രായോഗികരൂപത്തില്‍ ഉണ്ടായിരുന്നതും മക്കയിലെ അവിശ്വാസികള്‍ സ്വന്തം കണ്ണുകളാല്‍ കണ്ടുകൊണ്ടിരിക്കുന്നതും ആയിരുന്നു. ആ നിലക്ക് അല്ലാഹു മക്കാ മുശ്‌രിക്കുകളോട് പറയുകയാണ്: ഏതാനും നാളത്തെ ഐഹികജീവിതത്തിനുവേണ്ടി സാധനസാമഗ്രികള്‍ നേടിയതില്‍ നിലംവിട്ട് ചാടുകയാണല്ലോ നിങ്ങള്‍. എന്നാല്‍, യഥാര്‍ഥ സമ്പത്ത് അതൊന്നുമല്ല; പ്രത്യുത, ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ച്, നിങ്ങളുടെ സമൂഹത്തില്‍ത്തന്നെയുള്ള സത്യവിശ്വാസികള്‍ തങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന ഈ ധര്‍മങ്ങളും സ്വഭാവങ്ങളുമാണ് യഥാര്‍ഥ സമ്പത്ത്.

വര്‍ജ്ജിക്കുന്നവര്‍ക്കും = وَالَّذِينَ يَجْتَنِبُونَ
വന്‍ പാപങ്ങള്‍ = كَبَائِرَ الْإِثْمِ
നീചകൃത്യങ്ങളും = وَالْفَوَاحِشَ
അവര്‍ കോപിച്ചാല്‍ = وَإِذَا مَا غَضِبُوا
അവര്‍ മാപ്പരുളുന്നു = هُمْ يَغْفِرُونَ
ഉത്തരം നല്‍കിയവര്‍ക്കും = وَالَّذِينَ اسْتَجَابُوا
തങ്ങളുടെ നാഥന്ന് = لِرَبِّهِمْ
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു = وَأَقَامُوا
നമസ്കാരം = الصَّلَاةَ
അവരുടെ കാര്യം = وَأَمْرُهُمْ
കൂടിയാലോചിക്കപ്പെടുന്നതാണ് = شُورَىٰ
അവര്‍ക്കിടയില്‍ = بَيْنَهُمْ
നാം നല്‍കിയതില്‍നിന്ന് = وَمِمَّا رَزَقْنَاهُمْ
ചെലവഴിക്കുകയും ചെയ്യുന്നു = يُنفِقُونَ
യാതൊരു കൂട്ടര്‍ക്കും = وَالَّذِينَ
അവര്‍ക്കുനേരെ ഉണ്ടായാല്‍ = إِذَا أَصَابَهُمُ
അതിക്രമം = الْبَغْيُ
അവര്‍ രക്ഷാ നടപടി സ്വീകരിക്കും = هُمْ يَنتَصِرُونَ
പ്രതിഫലം = وَجَزَاءُ
തിന്മക്കുള്ള = سَيِّئَةٍ
തിന്മ തന്നെയാണ് = سَيِّئَةٌ
തത്തുല്യമായ = مِّثْلُهَاۖ
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍ = فَمَنْ عَفَا
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു = وَأَصْلَحَ
എങ്കില്‍ അവന്നുള്ള പ്രതിഫലം = فَأَجْرُهُ
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു = عَلَى اللَّهِۚ
തീര്‍ച്ചയായും അവന്‍ = إِنَّهُ
അവന്‍ ഇഷ്ടപ്പെടുന്നില്ല = لَا يُحِبُّ
അക്രമകാരികളെ = الظَّالِمِينَ
രക്ഷാ നടപടി സ്വീകരിച്ചവന്‍ = وَلَمَنِ انتَصَرَ
താന്‍ അക്രമത്തിന്നിരയായ ശേഷം = بَعْدَ ظُلْمِهِ
അത്തരക്കാര്‍ = فَأُولَٰئِكَ
അവര്‍ക്കെതിരില്‍ ഇല്ല = مَا عَلَيْهِم
(കുറ്റം ചുമത്താന്‍) ഒരു മാര്‍ഗവും = مِّن سَبِيلٍ
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത് = إِنَّمَا السَّبِيلُ
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ് = عَلَى الَّذِينَ يَظْلِمُونَ
ജനങ്ങളെ = النَّاسَ
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും = وَيَبْغُونَ
ഭൂമിയില്‍ = فِي الْأَرْضِ
ന്യായമില്ലാതെ = بِغَيْرِ الْحَقِّۚ
അത്തരക്കാര്‍ = أُولَٰئِكَ
അവര്‍ക്കുണ്ട് = لَهُمْ
ശിക്ഷ = عَذَابٌ
നോവേറിയ = أَلِيمٌ
എന്നാല്‍ വല്ലവനും ക്ഷമിച്ചാല്‍ = وَلَمَن صَبَرَ
അവന്‍ പൊറുക്കുകയും ചെയ്തു = وَغَفَرَ
തീര്‍ച്ചയായും അത് = إِنَّ ذَٰلِكَ
നിശ്ചയദാര്‍ഢ്യം ആവശ്യമുള്ള കാര്യങ്ങളില്‍ പെട്ടതുതന്നെ = لَمِنْ عَزْمِ الْأُمُورِ

Add comment

Your email address will not be published. Required fields are marked *