അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 9

أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾

(9) ഗുഹയുടെയും ശിലാലിഖിതത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അദ്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് താങ്കള്‍ ധരിച്ചുവോ?

(9) വിശാലമായ ഗുഹക്കാണ് അറബിയില്‍ ‘കഹ്ഫ്’ എന്നു പറയുക. ഇടുങ്ങിയ ഗുഹക്ക് ‘ഗാര്‍’ എന്ന് പറയുന്നു. ഈ ആയത്തിലെ ‘അര്‍റഖീമി’ന്റെ അര്‍ത്ഥത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ഗുഹാവാസികളുടെ സംഭവം നടന്നതും, ‘ഐല’ അഥവാ ‘അഖബ’യുടെയും ഫലസ്ത്വീന്റെയും മധ്യേ സ്ഥിതിചെയ്യുന്നതുമായ സ്ഥലത്തിന്റെ പേരാണ് അതെന്ന അഭിപ്രായം സ്വഹാബികളിലും താബിഇകളിലുംപെട്ട ചിലരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഗുഹാവാസികളുടെ സ്മാരകമായി സംഭവസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ലിഖിതഫലകമാണ് അതുകൊണ്ടുദ്ദേശ്യമെന്നാണ് പൗരാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. മൗലാനാ അബുല്‍കലാം ആസാദ് തന്റെ ‘തര്‍ജുമാനുല്‍ ഖുര്‍ആനില്‍’ ആദ്യത്തെ അര്‍ത്ഥത്തിന് മുന്‍ഗണന നല്‍കിയിരിക്കുന്നു. ബൈബിളിലെ യോശുവ പുസ്തകത്തില്‍ ‘രേഖെം’ എന്നു പറഞ്ഞിട്ടുള്ള സ്ഥലമാണതെന്നും നബ്ത്വീവര്‍ഗക്കാരുടെ ‘പീറ്റ്‌റാ’ എന്ന ചരിത്ര വിഖ്യാതമായ കേന്ദ്രത്തിന്റെ പ്രാചീന നാമമായിരുന്നു അതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ, യോശുവ പുസ്തകത്തില്‍ ‘രേഖെമി’ന്റെ പരാമര്‍ശം ബെന്‍യമീന്‍ സന്തതികളുടെ അനന്തരാവകാശം വിവരിച്ചേടത്താണ് വന്നിട്ടുള്ളത്. ഇതേ പുസ്തകത്തിലെത്തന്നെ വിവരണമനുസരിച്ച് ബെന്‍യമീന്‍ സന്തതികളുടെ അനന്തരാവകാശഭൂമി ജോര്‍ദാന്‍ നദിയുടേയും ചാവുകടലിന്റെയും പടിഞ്ഞാറുവശത്താണ് സ്ഥിതിചെയ്തിരുന്നത്. ഈ വസ്തുത അദ്ദേഹം ശ്രദ്ധിച്ചിട്ടില്ല. ‘പീറ്റ്‌റാ’ ആ പ്രദേശത്തായിരിക്കാന്‍ ഒരു സാധ്യതയുമില്ല. പീറ്റ്‌റായുടെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനും ബെന്‍യമീന്‍മക്കള്‍ക്കവകാശപ്പെട്ട സ്ഥലത്തിനും മധ്യേ യഹൂദായുടേയും അദോമിയ്യായുടേയും ഭൂപ്രദേശങ്ങളത്രയുമുണ്ട്. പീറ്റ്‌റായും രേഖെമും ഒന്നാണെന്ന അനുമാനം അംഗീകരിക്കുന്നതില്‍ ആധുനിക പുരാവസ്തുഗവേഷകന്മാര്‍ ശക്തിയായി ശങ്കിച്ചുനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. ‘റഖീം’ എന്നാല്‍ ലിഖിതഫലകമെന്ന അഭിപ്രായമാണ് നമ്മുടെ പക്ഷത്ത് ശരിയായി തോന്നുന്നത്. ഏതാനും മനുഷ്യരെ രണ്ടുമൂന്നു ശതാബ്ദത്തോളം ഉറക്കത്തില്‍ വീഴ്ത്തുക. എന്നിട്ടവരെ പൂര്‍വാവസ്ഥയില്‍ യുവാക്കളും ആരോഗ്യവാന്മാരുമായി എഴുന്നേല്‍പിക്കുക. ഇതൊക്കെ ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ അപാരമായ കഴിവിനെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്ക് വിദൂരമായി തോന്നുന്നുണ്ടോ? ഭൂലോകത്തിന്റെയും സൂര്യ ചന്ദ്രന്മാരുടെയും മറ്റും സൃഷ്ടിയില്‍ ചിന്തിച്ചിരുന്നെങ്കില്‍ സര്‍വശക്തനായ ദൈവത്തിന് ഇതൊക്കെ പ്രയാസമുള്ള കാര്യമാണെന്ന് നിങ്ങള്‍ ഒരിക്കലും ധരിക്കുമായിരുന്നില്ല.

അതോ = أَمْ
നീ വിചാരിച്ചുവോ = حَسِبْتَ
നിശ്ചയം = أَنَّ
ആളുകള്‍ = أَصْحَابَ
ഗുഹയുടെ = الْكَهْفِ
റഖീമിന്റെ (ലിഖിത ഫലകങ്ങളുടെ)യും = وَالرَّقِيمِ
അവര്‍ ആയിരുന്നു(എന്ന്) = كَانُوا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍പെട്ട = مِنْ آيَاتِنَا
ഒരു അത്ഭുതം = عَجَبًا

Add comment

Your email address will not be published. Required fields are marked *