അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 25-27

وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍۢ سِنِينَ وَٱزْدَادُوا۟ تِسْعًۭا﴿٢٥﴾ قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًۭا﴿٢٦﴾ وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًۭا﴿٢٧﴾


(25) അവര്‍ ആ ഗുഹയില്‍ മുന്നൂറ് വര്‍ഷങ്ങള്‍ വസിച്ചു. ചിലയാളുകള്‍ കാലഗണനയില്‍ ഒന്‍പതു വര്‍ഷം കൂട്ടിയിട്ടുണ്ട്.

(26) താങ്കള്‍ പറയുക: ‘അവരുടെ ഗുഹാവാസകാലം അല്ലാഹുവിന് മാത്രമേ അറിയൂ. ആകാശഭൂമികളുടെ രഹസ്യങ്ങളൊക്കെയും അറിയുന്നത് അവന്‍ മാത്രമാകുന്നു. അവന്‍ എത്ര നന്നായി കാണുന്നവന്‍, എത്ര നന്നായി കേള്‍ക്കുന്നവന്‍! ഭൂമിയിലും ആകാശത്തുമുള്ള സൃഷ്ടികള്‍ക്ക് അവനല്ലാതെ മറ്റൊരു രക്ഷാധികാരിയുമില്ല. അവന്‍, തന്റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നുമില്ല.’

(27) പ്രവാചകരേ, താങ്കളുടെ റബ്ബിന്റെ വേദത്തില്‍ നിന്ന് താങ്കള്‍ക്ക് ബോധനം ലഭിച്ചതിനെ യഥാവിധി ജനത്തെ ഓതിക്കേള്‍പ്പിക്കുക. അവന്റെ വചനങ്ങള്‍ ഭേദഗതി ചെയ്യുന്നവരാരുമില്ല. താങ്കള്‍ ആര്‍ക്കെങ്കിലും വേണ്ടി അത് ഭേദഗതി ചെയ്യുകയാണെങ്കില്‍ അവനില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ ഒരഭയസ്ഥാനം കണ്ടെത്തുന്നതുമല്ല.

(25) ഈ വാചകം നമ്മുടെ അഭിപ്രായത്തില്‍ ഉപവാക്യത്തിന് മുമ്പുള്ള വാചകവുമായി ബന്ധപ്പെട്ടതാണ്. അതായത്, വാചകഘടന ഇപ്രകാരമാണ്: ‘ഗുഹാവാസികള്‍ മൂന്നു പേരായിരുന്നു; നാലാമത്തേത് അവരുടെ നായയും എന്നുചിലര്‍ പറയും. ചിലരുടെപക്ഷം അവര്‍ ഗുഹയില്‍ മുന്നൂറു വര്‍ഷം താമസിച്ചു എന്നാണ്. ചിലര്‍ ഒമ്പതു വര്‍ഷം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.’ ഇവിടെ മുന്നൂറ് എന്നും മുന്നൂറ്റിഒമ്പത് എന്നും പറഞ്ഞിട്ടുള്ളത്, നമ്മുടെ പക്ഷത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതാണ്; അല്ലാഹു പറഞ്ഞതല്ല. തുടര്‍ന്നുള്ള വാചകത്തില്‍ ‘അവരുടെ പ്രവാസകാലം അല്ലാഹുവിന് മാത്രമേ അറിയൂ’ എന്ന് വന്നിട്ടുള്ളതാണ് അതിന് തെളിവ്. 309 എന്ന എണ്ണം അല്ലാഹു പറഞ്ഞതാണെങ്കില്‍ അവന്‍തന്നെ തുടര്‍ന്നുള്ള വാചകം പറഞ്ഞത് തീരേ നിരര്‍ഥമായിത്തീരുന്നതാണ്. ഈ തെളിവിനെ ആസ്പദമാക്കി ഇബ്‌നു അബ്ബാസും ഇതേ വ്യാഖ്യാനമാണ് സ്വീകരിച്ചിട്ടുള്ളത്. അതായത്, ഈ വാക്യം അല്ലാഹുവിന്റേതല്ല; ജനങ്ങളുടെ വാക്ക് ഉദ്ധരിച്ചതാണ്.

(26) താങ്കള്‍ പറയുക: ‘അവരുടെ ഗുഹാവാസകാലം അല്ലാഹുവിന് മാത്രമേ അറിയൂ. ആകാശഭൂമികളുടെ രഹസ്യങ്ങളൊക്കെയും അറിയുന്നത് അവന്‍ മാത്രമാകുന്നു. അവന്‍ എത്ര നന്നായി കാണുന്നവന്‍, എത്ര നന്നായി കേള്‍ക്കുന്നവന്‍! ഭൂമിയിലും ആകാശത്തുമുള്ള സൃഷ്ടികള്‍ക്ക് അവനല്ലാതെ മറ്റൊരു രക്ഷാധികാരിയുമില്ല. അവന്‍, തന്റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നുമില്ല.’

(27) ഗുഹാവാസികളുടെ കഥ സമാപിച്ചശേഷം ഇവിടന്നങ്ങോട്ട് മറ്റൊരു വിഷയം ആരംഭിക്കുകയാണ്. പ്രസ്തുത സൂക്തങ്ങളുടെ അവതരണഘട്ടത്തില്‍ മക്കാമുസ്‌ലിംകളെ അഭിമുഖീകരിച്ചിരുന്ന അവസ്ഥാവിശേഷങ്ങളെസ്സംബന്ധിച്ച നിരൂപണമാണ് ഇതിലെ ഉള്ളടക്കം. മക്കയിലെ അവിശ്വാസികളെ പ്രീതിപ്പെടുത്താനായി വിശുദ്ധഖുര്‍ആനില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതിനെപ്പറ്റിയും ഖുറൈശിത്തലവന്മാരുമായി വല്ല മിനിമം പരിപാടിയിലും സന്ധിയാവുന്നതിനെക്കുറിച്ചും നബി(സ) ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു; അതില്‍ നിന്ന് തിരുമേനിയെ അല്ലാഹു തടയുകയാണ്. എന്നിങ്ങനെയുള്ള, ഒരു സൂചനയും ഇതിലടങ്ങിയിട്ടില്ല. പ്രത്യക്ഷത്തില്‍ നബി(സ)യോടാണ് സംബോധനയെങ്കിലും വാചകത്തിന്റെ മുഖം മക്കയിലെ അവിശ്വാസികളുടെ നേരെയാണ്. അല്ലാഹുവിന്റെ വചനത്തില്‍ തന്റെ വക എന്തെങ്കിലും ഭേദഗതി ചെയ്യാനോ ഏറ്റക്കുറവ് വരുത്താനോ നബി തിരുമേനി അധികാരമുള്ളവനല്ല; അല്ലാഹു അവതരിപ്പിച്ചത് അതേപടി ഒരു കൂട്ടലും കുറക്കലുമില്ലാതെ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുകമാത്രമാണ് നബിയുടെ കര്‍ത്തവ്യം. നിങ്ങളത് സ്വീകരിക്കുന്നുവെങ്കില്‍ പ്രപഞ്ചനാഥനില്‍ നിന്ന് അവതീര്‍ണമായ സമ്പൂര്‍ണ ദീനിനെ മുഴുവനായി സ്വീകരിക്കുക; നിഷേധിക്കുന്നുവെങ്കിലോ സസന്തോഷം നിഷേധിച്ചുകൊള്ളുക. എന്നാല്‍, നിങ്ങളെ സന്തോഷിപ്പിക്കാനായി ഈ ദീനില്‍ നിങ്ങളുടെ ദേഹേച്ഛകള്‍ക്കൊത്തവണ്ണം ഭേദഗതി വരുത്തുമെന്ന് ഒരു പരിതഃസ്ഥിതിയിലും വ്യാമോഹിക്കേണ്ടതില്ല; എന്നെല്ലാം അവിശ്വാസികളെ അറിയിക്കുകയാണിവിടെ. പലപ്പോഴായി അവിശ്വാസികളില്‍ നിന്ന് ഉന്നയിക്കപ്പെട്ടിരുന്ന ഒരാവശ്യത്തിനുള്ള മറുപടിയാണിത്. ‘നിങ്ങള്‍ പറയുന്നത് അപ്പടി ഞങ്ങള്‍ സ്വീകരിച്ചുകൊള്ളണമെന്ന് എന്താണൊരു ശാഠ്യം? ഞങ്ങളുടെ പൂര്‍വിക മതത്തിന്റെ വിശ്വാസാചാരങ്ങള്‍ കുറച്ചൊക്കെ നിങ്ങള്‍ക്കും സ്വീകരിച്ചാലെന്താണ്? കുറച്ചൊക്കെ ഞങ്ങളുടേത്; കുറച്ചൊക്കെ നിങ്ങളുടേത്, അങ്ങനെ വിട്ടുവീഴ്ചാടിസ്ഥാനത്തില്‍ നമുക്ക് സന്ധിയിലാവുകയും ഗോത്രങ്ങളെ പിളര്‍പ്പില്‍നിന്ന് രക്ഷിക്കുകയും ചെയ്യാം.’ ഇതായിരുന്നു അവിശ്വാസികളുടെ ആവശ്യം. ഖുര്‍ആനില്‍ ഇതേപ്പറ്റി പല സന്ദര്‍ഭങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇതേ പ്രത്യുത്തരമാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നതും. ഉദാഹരണമായി, സൂറ യൂനുസിലെ 15-ആം സൂക്തത്തില്‍ പറയുന്നു:
‘നമ്മുടെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കൊടുക്കുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്നാശിക്കാത്തവരായ ജനം പറയുന്നു: ഇതിന് പകരം മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ ചില ഭേദഗതികള്‍ ചെയ്യുക.’

അവര്‍ താമസിച്ചു = وَلَبِثُوا
അവരുടെ ഗുഹയില്‍ = فِي كَهْفِهِمْ
മുന്നൂറ് = ثَلَاثَ مِائَةٍ
കൊല്ലങ്ങള്‍ = سِنِينَ
അവര്‍ വര്‍ധിപ്പിക്കുകയും ചെയ്തു = وَازْدَادُوا
ഒമ്പത് = تِسْعًا
നീ പറയുക = قُلِ
അല്ലാഹു = اللَّهُ
ഏറെ അറിയുന്നവനാണ് = أَعْلَمُ
അവര്‍ താമസിച്ചതിനെ കുറിച്ച് = بِمَا لَبِثُواۖ
അവന്നാണ് = لَهُ
അദൃശ്യ ജ്ഞാനം = غَيْبُ
ആകാശങ്ങളിലെ = السَّمَاوَاتِ
ഭൂമിയിലെയും = وَالْأَرْضِۖ
അവനെത്ര നന്നായി കാണുന്നവന്‍ = أَبْصِرْ بِهِ
അവനെത്ര നന്നായി കേള്‍ക്കുന്നവന്‍ = وَأَسْمِعْۚ
അവര്‍ക്കില്ല = مَا لَهُم
അവനു പുറമെ = مِّن دُونِهِ
ഒരു രക്ഷകനും = مِن وَلِيٍّ
അവന്‍ പങ്കാളിയാക്കുന്നതല്ല = وَلَا يُشْرِكُ
അവന്റെ തീരുമാനത്തില്‍ (വിധിയില്‍) = فِي حُكْمِهِ
ഒരുത്തനെയും = أَحَدًا
ബോധനം നല്‍കപ്പെട്ടത് = مَا أُوحِيَ
നിനക്ക് = إِلَيْكَ
ഗ്രന്ഥത്തില്‍ നിന്ന് = مِن كِتَابِ
നിന്റെ നാഥന്റെ = رَبِّكَۖ
ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല = لَا مُبَدِّلَ
അവന്റെ വചനങ്ങള്‍ക്ക് = لِكَلِمَاتِهِ
നീ ഒരിക്കലും കണ്ടെത്തുകയുമില്ല = وَلَن تَجِدَ
അവനെക്കൂടാതെ = مِن دُونِهِ
ഒരഭയ കേന്ദ്രവും = مُلْتَحَدًا

Add comment

Your email address will not be published. Required fields are marked *