അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 29-31

وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍۢ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا﴿٢٩﴾ إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا﴿٣٠﴾ أُو۟لَٰٓئِكَ لَهُمْ جَنَّٰتُ عَدْنٍۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍۢ وَيَلْبَسُونَ ثِيَابًا خُضْرًۭا مِّن سُندُسٍۢ وَإِسْتَبْرَقٍۢ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًۭا﴿٣١﴾


(29) തുറന്നുപറഞ്ഞുകൊള്ളുക: ഇത് നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം. നിഷേധിക്കുന്ന അക്രമികള്‍ക്കായി നരകം ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയംചെയ്തുകഴിഞ്ഞിരിക്കുന്നു. അവിടെ അവര്‍ വെള്ളത്തിന് വേണ്ടി യാചിച്ചാല്‍ ഉരുകിയ ലോഹം പോലുള്ള ദ്രാവകമായിരിക്കും ലഭിക്കുക. അതവരുടെ മുഖങ്ങളെ കരിച്ചുകളയുന്നു. എത്ര ദുഷ്ടമായ പാനീയം! എന്തുമാത്രം നീചമായ വിശ്രമസ്ഥാനം!

(30) എന്നാല്‍, വിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്ത, സല്‍കര്‍മികളുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കുന്നില്ല.

(31) അവര്‍ക്കായി നിത്യാനന്ദമുള്ള ആരാമങ്ങളുണ്ട്. അവയ്ക്കു കീഴെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെ അവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. തടിച്ചതും നേര്‍ത്തതുമായ പച്ചപ്പട്ടുകള്‍ അണിയിക്കപ്പെടുകയും ഉയര്‍ന്ന മഞ്ചങ്ങളില്‍ ചാരിയിരിക്കുകയും ചെയ്യും. എത്ര ഉല്‍കൃഷ്ടമായ പ്രതിഫലം. എന്തുമാത്രം ഉന്നതമായ അന്തിമസങ്കേതം!

(29) ഗുഹാവാസികളുടെ കഥ വിവരിച്ചശേഷം ഈ വാചകത്തിന്റെ സന്ദര്‍ഭത്തിലെ ഔചിത്യം ഇവിടെ വെച്ച് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ച ഗുഹാവാസികളുടെ ആ യുവസംഘം നിര്‍ഭയരായി എഴുന്നേറ്റ് നിന്ന്, ആകാശഭൂമികളുടെ നാഥനാണ് ഞങ്ങളുടെ നാഥനെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുകയുണ്ടായി. വഴിപിഴച്ച തങ്ങളുടെ സമുദായവുമായി ഒരുവിധ സന്ധിക്കും വിട്ടുവീഴ്ചക്കും അവര്‍ സന്നദ്ധരായില്ല. മാത്രമല്ല, ‘അവനല്ലാത്ത ഒരു ദൈവത്തെ ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെയെങ്കില്‍ ഞങ്ങള്‍ തികഞ്ഞ അതിക്രമം ചെയ്തവരാകും’ എന്ന് ഉറച്ചുനിന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം സമുദായത്തെയും ദൈവങ്ങളെയും അവര്‍ പരിത്യജിച്ചു. എന്നിട്ട് ആരും സഹായത്തിനില്ലാതെ, ഭൗതികവസ്തുക്കളുടെ പിന്‍ബലമില്ലാതെ ഏതോ ഒരു ഗുഹയില്‍ ചെന്ന് പാര്‍ക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടെങ്കിലും സത്യത്തില്‍നിന്ന് മുടിയിട വ്യതിചലിച്ച് സ്വന്തം ജനതയുമായി സന്ധിയാവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പിന്നീടവര്‍ ഉണര്‍ന്നെണീറ്റപ്പോഴും അവരെ വ്യാകുലചിത്തരാക്കിയ ഒരേയൊരു പ്രശ്‌നം സ്വസമുദായം അവരുടെ മതത്തിലേക്ക് തങ്ങളെ തിരിച്ചുകൊണ്ടുപോയ്ക്കളഞ്ഞെങ്കില്‍ തങ്ങളൊരിക്കലും വിജയം പ്രാപിക്കുകയില്ല എന്നുള്ളത് മാത്രമായിരുന്നു. ഗുഹാവാസികളുടെ ആ സംഭവങ്ങള്‍ അനുസ്മരിച്ചശേഷം നബി തിരുമേനിയെ അല്ലാഹു അറിയിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ തിരുമേനി വഴി ഇസ്‌ലാമിന്റെ ശത്രുക്കളെയാണ് അറിയിക്കുന്നത്. ബഹുദൈവവിശ്വാസികളും സത്യനിഷേധികളുമായ കൂട്ടരുമായി സന്ധിയും വിട്ടുവീഴ്ചയും ആലോചനാര്‍ഹമായ വിഷയമേ അല്ല. ദൈവത്തിങ്കല്‍ നിന്ന് കിട്ടിയ സത്യം, ഏറ്റക്കുറവില്ലാതെ അവരുടെ മുമ്പാകെ സമര്‍പ്പിക്കുക; എന്നിട്ട് അവരത് സമ്മതിക്കുന്നെങ്കില്‍ അവര്‍ക്ക് നല്ലത്; സമ്മതിക്കുന്നില്ലെങ്കിലോ അനന്തരഫലം നേരിട്ടുകൊള്ളട്ടെ. സമ്മതിച്ചിട്ടുള്ളവര്‍ ചെറുപ്പക്കാരോ ദരിദ്രരോ അടിമകളോ കൂലിവേലക്കാരോ ആരായാലും അല്ലാഹുവിങ്കല്‍ അനര്‍ഘ രത്‌നങ്ങളാണവര്‍. അവങ്കലവര്‍ ആദരണീയരും സമ്മാനിതരുമാണ്. ആ നല്ല മനുഷ്യരെ വിട്ട് കൊമ്പന്മാരും വമ്പന്മാരുമായ ഈ നേതാക്കളെ അശേഷം വിലവെക്കരുത്. ഐഹിക സ്ഥാനമാനങ്ങള്‍ എത്രമേല്‍ ഉള്ളവരാണെങ്കിലും ദൈവത്തെ ത്യജിച്ച് ദേഹത്തെ പൂജിക്കുന്നവരാണിവര്‍. ഈ ആയത്തിലെ ‘സുറാദിഖി’ന്റെ സാക്ഷാലര്‍ത്ഥം, കൂടാരത്തെ ചുറ്റിയുള്ള വിരി, അല്ലെങ്കില്‍ പുറമൂടി എന്നാണ്. പക്ഷേ, നരകവുമായി ചേര്‍ത്തുപറയുമ്പോള്‍ അതിന്റെ വിവക്ഷ, നരകത്തിന്റെ അഗ്നിജ്വാലകളും പുകപടലങ്ങളും ചെന്നെത്തുന്ന, ഉഷ്ണത്താല്‍ ചുറ്റപ്പെട്ട അതിന്റെ ബാഹ്യാവരണങ്ങളാണെന്ന് തോന്നുന്നു. ‘അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തിരിക്കുന്നു’ എന്ന വാക്യത്തിന് ചിലര്‍ ഭാവിയുടെ അര്‍ഥമാണ് കല്‍പിച്ചിരിക്കുന്നത്. അതായത്, മരണാനന്തരജീവിതത്തില്‍ നരകത്തീ അവരെ വലയം ചെയ്യുമെന്നര്‍ഥം. എന്നാല്‍, സത്യവിമുഖനായ അക്രമി ഇഹലോകത്തുവച്ചുതന്നെ നരകത്തിന്റെ അതിര്‍ത്തിവലയത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്നും അതില്‍നിന്ന് അയാള്‍ക്ക് കുതറിയോടുക സാധ്യമല്ലെന്നുമുള്ള അര്‍ഥമാണ് നാം മനസ്സിലാക്കുന്നത്. ‘ മുഹ്ല്‍ ‍’ എന്ന അറബിപദത്തിന് ഒന്നിലധികം അര്‍ഥം വിവരിക്കപ്പെട്ടിരിക്കുന്നു. ചിലരുടെ പക്ഷത്തില്‍ ‘എണ്ണക്കീട’മെന്നാണിതിനര്‍ഥം. ചിലര്‍ ‘ലാവ’ എന്നും അര്‍ഥം കൊടുത്തിരിക്കുന്നു. അതായത്, ഉഷ്ണാധിക്യത്താല്‍ ഉരുകിപ്പോയ ഭൂഗര്‍ഭപദാര്‍ഥങ്ങള്‍. ചിലരുടെ അഭിപ്രായത്തില്‍ ഉരുകിയ ലോഹമാണതുകൊണ്ട് വിവക്ഷിക്കുന്നത്. ‘ചലവും ചോരയും’ എന്ന അര്‍ഥം കല്‍പിച്ചവരുമുണ്ട്.

(31) പുരാതനകാലത്ത് രാജാക്കന്മാര്‍ സ്വര്‍ണവളകളണിഞ്ഞിരുന്നു. സ്വര്‍ഗവാസികളുടെ വേഷഭൂഷകളില്‍ ഇതെടുത്തുപറഞ്ഞതിന്റെ ഉദ്ദേശ്യം. അവിടെ അവരെ രാജകീയ വസ്ത്രാലങ്കാരങ്ങള്‍ അണിയിക്കുമെന്നറിയിക്കുകയാണ്. അവിശ്വാസിയും അധര്‍മചാരിയുമായ ഒരു രാജാവ് അവിടെ നീചനും നിന്ദ്യനുമായിരിക്കും. അതേസമയത്ത്, സത്യവിശ്വാസിയും സദ്‌വൃത്തനുമായ ഒരു തൊഴിലാളി അവിടെ രാജകീയ പദവി അലങ്കരിച്ചിരിക്കും. ഇവിടെ ‘അറാഇക’ എന്ന പദം ‘അരീകത്തി’ന്റെ ബഹുവചനമാണ്. മേലാപ്പോടുകൂടിയ അലംകൃത കട്ടിലിനാണ് അറബി ഭാഷയില്‍ ‘അരീകത്ത്’ എന്നു പറയുക. സ്വര്‍ഗസ്ഥര്‍ രാജസിംഹാസനത്തില്‍ ഉപവിഷ്ടരായിരിക്കുമെന്ന് ധരിപ്പിക്കുകയാണ് അതുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്.

നീ പറയുക = وَقُلِ
ഈ സത്യം = الْحَقُّ
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു = مِن رَّبِّكُمْۖ
അതുകൊണ്ട് ആര് = فَمَن
ഉദ്ദേശിക്കുന്നു(വോ) = شَاءَ
അവന്‍ വിശ്വസിക്കട്ടെ = فَلْيُؤْمِن
ആര് ഉദ്ദേശിക്കുന്നുവോ = وَمَن شَاءَ
അവന്‍ നിഷേധിച്ചു കൊള്ളട്ടെ = فَلْيَكْفُرْۚ
നിശ്ചയം നാം = إِنَّا
നാം ഒരുക്കി വെച്ചിരിക്കുന്നു = أَعْتَدْنَا
അക്രമികള്‍ക്ക് = لِلظَّالِمِينَ
നരകാഗ്നിയെ = نَارًا
വലയം ചെയ്തിരിക്കുന്നു = أَحَاطَ
അവരെ = بِهِمْ
അതിന്റെ ജ്വാലകള്‍ = سُرَادِقُهَاۚ
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍ = وَإِن يَسْتَغِيثُوا
അവര്‍ സഹായിക്കപ്പെടും = يُغَاثُوا
വെള്ളം (നല്‍കി) കൊണ്ട് = بِمَاءٍ
ഉരുകിയ ലോഹം പോലുള്ള = كَالْمُهْلِ
അത് ചുട്ടു കരിക്കും = يَشْوِي
മുഖങ്ങളെ = الْوُجُوهَۚ
എത്ര ചീത്ത = بِئْسَ
ആ പാനീയം = الشَّرَابُ
അത് (നരകം) ദുഷിച്ചതാണ് = وَسَاءَتْ
വിശ്രമ കേന്ദ്രം (എന്ന നിലയില്‍) = مُرْتَفَقًا
തീര്‍ച്ചയായും വിശ്വസിച്ചവര്‍ = إِنَّ الَّذِينَ آمَنُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു = وَعَمِلُوا
സല്‍കര്‍മങ്ങള്‍ = الصَّالِحَاتِ
നിശ്ചയം നാം = إِنَّا
നാം പാഴാക്കിക്കളയുന്നതല്ല = لَا نُضِيعُ
പ്രതിഫലം = أَجْرَ
നന്നാക്കിയവന്റെ = مَنْ أَحْسَنَ
പ്രവര്‍ത്തനത്തെ = عَمَلًا
അക്കൂട്ടര്‍ = أُولَٰئِكَ
അവര്‍ക്കുണ്ട് = لَهُمْ
ആരാമങ്ങള്‍, തോട്ടങ്ങള്‍ = جَنَّاتُ
സ്ഥിരവാസത്തിന്റെ = عَدْنٍ
ഒഴുകുന്നു = تَجْرِي
അവരുടെ താഴ്ഭാഗത്തൂടെ = مِن تَحْتِهِمُ
നദികള്‍ = الْأَنْهَارُ
അവര്‍ അണിയിക്കപ്പെടും = يُحَلَّوْنَ
അവിടെവച്ച്, അതില്‍ = فِيهَا
വളകള്‍ = مِنْ أَسَاوِرَ
സ്വര്‍ണത്താലുള്ള = مِن ذَهَبٍ
അവര്‍ ധരിക്കുകയും ചെയ്യും = وَيَلْبَسُونَ
വസ്ത്രങ്ങള്‍ = ثِيَابًا
പച്ച = خُضْرًا
നേരിയ പട്ടിനാലുള്ള = مِّن سُندُسٍ
കനത്ത പട്ടിനാലുമുള്ള = وَإِسْتَبْرَقٍ
അവര്‍ ചാരിയിരിക്കുന്നവരായ നിലക്ക് = مُّتَّكِئِينَ
അതില്‍, അവിടെ = فِيهَا
ചാരുകട്ടിലുകളില്‍ = عَلَى الْأَرَائِكِۚ
എത്ര നല്ലത് = نِعْمَ
ആ പ്രതിഫലം = الثَّوَابُ
നല്ലതായിരിക്കുന്നു = وَحَسُنَتْ
വിശ്രമ സ്ഥലം = مُرْتَفَقًا

Add comment

Your email address will not be published. Required fields are marked *