അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 32-36

وَاضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴿٣٢﴾ كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْئًاۚ وَفَجَّرْنَا خِلَالَهُمَا نَهَرًا ﴿٣٣﴾ وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ﴿٣٤﴾ وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَٰذِهِ أَبَدًا ﴿٣٥﴾ وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴿٣٦﴾


(32) പ്രവാചകരേ, അവര്‍ക്ക് ഒരു ഉദാഹരണം പറഞ്ഞുകൊടുക്കുക. രണ്ട് വ്യക്തികള്‍, അവരിലൊരുവന്ന് നാം രണ്ട് മുന്തിരിത്തോപ്പുകള്‍ നല്‍കി. ചുറ്റും ഈന്തപ്പഴ മരങ്ങള്‍ വളര്‍ത്തി അവയെ പൊതിഞ്ഞു. അവയ്ക്കിടയിലായി കൃഷിയിടവും ഉണ്ടാക്കി.

(33) രണ്ടു തോട്ടങ്ങളും നല്ല വിളവുല്‍പാദിപ്പിച്ചു. അതില്‍ ഒരു കുറവും വരുത്തിയില്ല. ആ തോട്ടങ്ങള്‍ക്കുള്ളിലൂടെ നാം ഒരു നദിയും ഒഴുക്കിയിട്ടുണ്ടായിരുന്നു.

(34) അയാള്‍ക്ക് നല്ല ആദായം ലഭിച്ചു. ഇതെല്ലാം കണ്ടിട്ട്, ഒരു നാള്‍ അവന്‍ സ്‌നേഹിതനോട് സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഞാന്‍ നിന്നെക്കാള്‍ സമ്പന്നനും ആള്‍ബലമുള്ളവനുമാകുന്നു.’

(35) അങ്ങനെ തന്നോടുതന്നെ അതിക്രമം ചെയ്യുന്നവനായിക്കൊണ്ട് അവന്‍ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ‘ഈ സമ്പത്ത് എന്നെങ്കിലും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല.

(36) അന്ത്യനാള്‍ എന്നൊന്ന് ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അഥവാ എന്റെ റബ്ബിലേക്ക് മടക്കപ്പെട്ടാല്‍ത്തന്നെ അവിടെ ഇതിലേറെ വിശിഷ്ടമായ സങ്കേതം എനിക്ക് ലഭിക്കും.’

(32) ഈ ഉദാഹരണത്തിന്റെ സന്ദര്‍ഭപരമായ ഔചിത്യം മനസ്സിലാക്കേണ്ടതിന് ഒരു കാര്യം അത്യാവശ്യമാണ്. അതായത്, ദരിദ്രരായ മുസ്‌ലിംകളോടൊപ്പം വന്നിരിക്കാന്‍ തങ്ങള്‍ക്ക് സാധ്യമല്ല; അവരെ മാറ്റിനിര്‍ത്തിയാല്‍ നബിക്ക് പറയാനുള്ളത് തങ്ങള്‍ വന്നു കേട്ടുകൊള്ളാം; എന്നിങ്ങനെ അഹങ്കാരികളായ മക്കാനേതാക്കള്‍ പറഞ്ഞതിന് മറുപടിനല്‍കിക്കൊണ്ടുള്ള മുന്‍ഖണ്ഡികയിലെ സൂക്തം നമ്മുടെ മുമ്പില്‍ വേണം. സൂറ അല്‍ഖലം, സൂക്തം 17 മുതല്‍ 33 വരെ വിവരിച്ചിട്ടുള്ള ഉദാഹരണവും ഇവിടെ ശ്രദ്ധേയമാണ്. കൂടാതെ മര്‍യം 73-74, അല്‍ മുഅ്മിനൂന്‍ 55-61, അസ്സബഅ് 34-36, ഹാമീം അസ്സജദ 49-50 എന്നീ സൂക്തങ്ങളും ശ്രദ്ധിക്കുക.

(35) തന്റെ സ്വര്‍ഗമായി താന്‍ കരുതുന്ന തോട്ടം എന്ന് സാരം. ഇഹലോകത്ത് കുറച്ചൊരു സ്ഥിതിയും പദവിയും ലഭിച്ചിരിക്കുന്ന ഹ്രസ്വമനസ്‌കരായ ആളുകള്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, തങ്ങള്‍ക്ക് ഈ ലോകത്ത് തന്നെ സ്വര്‍ഗം കിട്ടിയെന്ന്. പിന്നെ മറ്റൊരു സ്വര്‍ഗത്തെപ്പറ്റി ചിന്തിക്കുന്നതെന്തിന്?

(36) മറ്റൊരു ജീവിതം ഉണ്ടെന്ന് വന്നാല്‍ത്തന്നെ അവിടെ ഞാന്‍ കൂടുതല്‍ സുഖസ്ഥിതിയിലായിരിക്കുമെന്ന് സാരം. കാരണം, താന്‍ ദൈവംതമ്പുരാന് പ്രിയങ്കരനായിരിക്കുന്നത് കൊണ്ടാണല്ലോ ഇവിടെ തനിക്ക് സുഖസമൃദ്ധി നല്‍കപ്പെട്ടിരിക്കുന്നത്!

നീ വിവരിച്ചു കൊടുക്കുക = وَاضْرِبْ
അവര്‍ക്ക് = لَهُم
ഉദാഹരണമായി = مَّثَلًا
രണ്ടാളുകളെ = رَّجُلَيْنِ
നാം ആക്കിക്കൊടുത്തു = جَعَلْنَا
അവരില്‍ ഒരാള്‍ക്ക് = لِأَحَدِهِمَا
രണ്ട് തോട്ടങ്ങള്‍ = جَنَّتَيْنِ
മുന്തിരികളുടെ = مِنْ أَعْنَابٍ
അവ രണ്ടിനെയും നാം ചുറ്റുകയും ചെയ്തു = وَحَفَفْنَاهُمَا
ഈത്തപ്പന കൊണ്ട് = بِنَخْلٍ
നാം ഉണ്ടാക്കുകയും ചെയ്തു = وَجَعَلْنَا
അവ രണ്ടിനുമിടയില്‍ = بَيْنَهُمَا
കൃഷി = زَرْعًا
രണ്ടും = كِلْتَا
ആ രണ്ടു തോട്ടങ്ങളില്‍ = الْجَنَّتَيْنِ
നല്‍കി = آتَتْ
അതിന്റെ ഫലങ്ങള്‍ = أُكُلَهَا
അത് വീഴ്ച വരുത്തിയില്ല = وَلَمْ تَظْلِم
അതില്‍ നിന്ന് = مِّنْهُ
ഒന്നും = شَيْئًاۚ
നാം ഒഴുക്കിക്കൊടുകയും ചെയ്തു = وَفَجَّرْنَا
അവ രണ്ടിനുമിടയില്‍ = خِلَالَهُمَا
ഒരു നദി = نَهَرًا
ഉണ്ടായിരുന്നു = وَكَانَ
അവന്ന് = لَهُ
(വേറെയും) ഫലങ്ങള്‍, (വരുമാനം) = ثَمَرٌ
അങ്ങനെ അവന്‍ പറഞ്ഞു = فَقَالَ
അവന്റെ കൂട്ടുകാരനോട് = لِصَاحِبِهِ
അവന്‍ അവനുമായി സംഭാഷണം നടത്തവെ = وَهُوَ يُحَاوِرُهُ
ഞാന്‍ = أَنَا
കൂടുതലുള്ളവനാണ് = أَكْثَرُ
നിന്നെക്കാള്‍ = مِنكَ
സമ്പത്തിനാല്‍ = مَالًا
ഏറെ പ്രതാപിയും = وَأَعَزُّ
സംഘ(ബല)ത്താല്‍ = نَفَرًا
അവന്‍ പ്രവേശിച്ചു = وَدَخَلَ
അവന്റെ തോട്ടത്തില്‍ = جَنَّتَهُ
അവന്‍ ആയിരിക്കെ = وَهُوَ
അക്രമം പ്രവര്‍ത്തിക്കുന്നവന്‍ = ظَالِمٌ
തന്നോടു തന്നെ = لِّنَفْسِهِ
അവന്‍ പറഞ്ഞു = قَالَ
ഞാന്‍ കരുതുന്നില്ല = مَا أَظُنُّ
നശിച്ചു പോകുമെന്ന് = أَن تَبِيدَ
ഇത് = هَٰذِهِ
ഒരിക്കലും = أَبَدًا
ഞാന്‍ വിചാരിക്കുന്നുമില്ല = وَمَا أَظُنُّ
അന്ത്യനാള്‍ = السَّاعَةَ
നിലവില്‍ വരുന്നതായി = قَائِمَةً
ഇനി, ഞാന്‍ മടക്കപ്പെട്ടാല്‍ തന്നെ = وَلَئِن رُّدِدتُّ
എന്റെ നാഥങ്കലേക്ക് = إِلَىٰ رَبِّي
തീര്‍ച്ചയായും ഞാന്‍ കണ്ടെത്തും (എനിക്ക് ലഭിക്കും) = لَأَجِدَنَّ
ഉത്തമമായത് = خَيْرًا
അതിനേക്കാള്‍ = مِّنْهَا
മടക്ക സ്ഥലം, സങ്കേതം = مُنقَلَبًا

Add comment

Your email address will not be published. Required fields are marked *