അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 50 (A)

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۗ أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾


(50) ആദമിന് പ്രണാമം ചെയ്യുവിന്‍ എന്ന് നാം മലക്കുകളോടാജ്ഞാപിച്ചതോര്‍ക്കുക. അപ്പോള്‍ അവര്‍ പ്രണമിച്ചു. പക്ഷേ, ഇബ്‌ലീസ് പ്രണമിച്ചില്ല. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അവന്‍ റബ്ബിന്റെ ആജ്ഞ ധിക്കരിച്ചുകളഞ്ഞു. എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളായി വരിക്കുന്നത്; അവര്‍ നിങ്ങളുടെ വൈരികളായിരിക്കെ? ധിക്കാരികളായ ജനം പകരം തെരഞ്ഞെടുത്തത് അത്യന്തം ദുഷിച്ചതുതന്നെ.

(47) വഴിപിഴച്ചുപോയ മനുഷ്യരെ അവരുടെ വിഡ്ഢിത്തത്തെപ്പറ്റി ബോധവാന്മാരാക്കുകയാണ് ഈ വാക്യശൃംഖലയില്‍ ആദം-ഇബ്‌ലീസ് സംഭവത്തിലേക്ക് വിരല്‍ ചൂണ്ടിയതിന്റെ ഉദ്ദേശ്യം. സൃഷ്ടിയുടെ ആരംഭംതൊട്ട് മനുഷ്യനോട് അസൂയ പുലര്‍ത്തിപ്പോന്ന അവന്റെ ആജന്മശത്രുവാണ് പിശാച്. എന്നിട്ടും മനുഷ്യന്‍ കാരുണ്യവാനായ സൃഷ്ടികര്‍ത്താവിനെയും തന്റെ അഭ്യുദയകാംക്ഷികളായ പ്രവാചകന്മാരെയും വിട്ട് ആ പിശാചിന്റെ കുരുക്കില്‍പെട്ടുപോവുന്നു! ഇബ്‌ലീസ് മലക്കുകളില്‍ പെട്ടവനായിരുന്നില്ല; ജിന്നുവര്‍ഗത്തിലായിരുന്നു. അതുകൊണ്ടാണ് ധിക്കാരം അവന് സാധ്യമായത്. മലക്കുകള്‍ പ്രകൃത്യാ അനുസരണശീലരാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല; തങ്ങള്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നു.’ (അത്തഹ്‌രീം: 6) ‘അവര്‍ ഒരിക്കലും ധിക്കാരം പ്രവര്‍ത്തിക്കുന്നില്ല. അവരൊക്കെയും അത്യുന്നതനായ റബ്ബിനെ ഭയപ്പെടുകയും അവനാല്‍ നല്‍കപ്പെടുന്ന ശാസനകളനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.’ (അന്നഹ്ല്‍: 50) ഇതിന് വിപരീതമായി, ജിന്നുവര്‍ഗം മനുഷ്യരെപ്പോലെ അധികാരമുള്ള ഒരു സൃഷ്ടിയാണ്. ജന്മനാ അനുസരണശീലരായി അവരെ സൃഷ്ടിച്ചിട്ടില്ല. വിശ്വസിക്കാനും അവിശ്വസിക്കാനും ധിക്കരിക്കാനും അനുസരിക്കാനുമുള്ള കഴിവ് അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഇബ്‌ലീസ് ജിന്നില്‍പെട്ടവനായിരുന്നുവെന്നും തന്നിമിത്തം ഇച്ഛാപൂര്‍വം അധര്‍മമാര്‍ഗം തെരഞ്ഞെടുത്തുവെന്നും പറഞ്ഞേടത്ത് ഈ വസ്തുതയാണ് തുറന്നുകാട്ടിയിരിക്കുന്നത്. ഇബ്‌ലീസ് മലക്കായിരുന്നു; മലക്കൂത്തിന്റെ മഹാഗുരുവര്യനായിരുന്നു എന്നൊക്കെ ജനങ്ങളില്‍ പ്രചരിച്ച പല തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ഈ വിശദീകരണം സഹായകമാകുന്നുണ്ട്. എന്നാല്‍, ഒരു ചോദ്യം അവശേഷിക്കുന്നു; ഇബ്‌ലീസ് മലക്കുകളില്‍പെട്ടവനായിരുന്നില്ല എന്ന് കരുതുക. എങ്കില്‍ ‘ആദമിനെ നമിക്കുവിന്‍ എന്ന് മലക്കുകളോട് നാം പറഞ്ഞു. അവരെല്ലാം നമിച്ചു; ഇബ്‌ലീസ് ഒഴികെ, എന്ന ഖുര്‍ആനിക ശൈലി ശരിയാകുന്നതെങ്ങനെ? മറുപടി ഇതാണ്: മനുഷ്യന് തലകുനിക്കാന്‍ മലക്കുകളോട് കല്‍പിച്ചുവല്ലോ. അതിനര്‍ത്ഥം, ഭൂലോകത്തിന്റെ കാര്യനിര്‍വഹണത്തില്‍ മലക്കുകളുടെ നിയന്ത്രണത്തിന് കീഴിലുള്ള ഭൂമിയിലെ സമസ്ത സൃഷ്ടികളും മനുഷ്യന് മുമ്പില്‍ തലകുനിച്ച് വിധേയത്വം പ്രകടിപ്പിക്കണമെന്നാണ്. മലക്കുകളോടൊപ്പം അവരെല്ലാം തലകുനിക്കുകയും ചെയ്തു. എന്നാല്‍, ഇബ്‌ലീസ് അവരോട് സഹകരിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

നാം പറഞ്ഞ സന്ദര്‍ഭം = وَإِذْ قُلْنَا
മലക്കുകളോട് = لِلْمَلَائِكَةِ
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ = اسْجُدُوا
ആദമിന്ന് = لِآدَمَ
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു = فَسَجَدُوا
ഇബ്‌ലീസ് ഒഴികെ = إِلَّا إِبْلِيسَ
അവനായിരുന്നു = كَانَ
ജിന്നുകളില്‍ പെട്ടവന്‍ = مِنَ الْجِنِّ
അങ്ങനെ അവന്‍ ധിക്കരിച്ചു = فَفَسَقَ
കല്‍പനയെ = عَنْ أَمْرِ
തന്റെ നാഥന്റെ = رَبِّهِۗ
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ = أَفَتَتَّخِذُونَهُ
അവന്റെ സന്തതികളെയും = وَذُرِّيَّتَهُ
രക്ഷാധികാരികളായി = أَوْلِيَاءَ
എന്നെ കൂടാതെ = مِن دُونِي
അവരാകട്ടെ = وَهُمْ
നിങ്ങള്‍ക്ക് = لَكُمْ
ശത്രുവാകുന്നു = عَدُوٌّۚ
എത്ര ചീത്ത = بِئْسَ
അക്രമികള്‍ക്ക് = لِلظَّالِمِينَ
പകരമായി ലഭിച്ചത് = بَدَلًا

Add comment

Your email address will not be published. Required fields are marked *