അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 60 (B)

وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًۭا﴿٦٠﴾


(60) മൂസാക്കുണ്ടായ ഒരനുഭവം ഇവരെയൊന്നു കേള്‍പ്പിക്കുക: മൂസാ സേവകനോടു പറഞ്ഞ സന്ദര്‍ഭം: ‘രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തുന്നത് വരെ ഞാന്‍ ഈ യാത്ര നിര്‍ത്തുകയില്ല. അല്ലെങ്കില്‍ ദീര്‍ഘകാലം സഞ്ചരിച്ചുകൊണ്ടേയിരിക്കും.’

ഈ ഘട്ടത്തില്‍ ഇവിടെ പറഞ്ഞ കഥ ഉദ്ധരിച്ചതിന്റെ ഉദ്ദേശ്യം അവിശ്വാസികളും വിശ്വാസികളുമായ ഇരു കക്ഷികളെയും ഒരു വസ്തുത ഉണര്‍ത്തുകയാണ്. ലോകത്ത് പ്രത്യക്ഷത്തില്‍ സംഭവിച്ചുകാണുന്ന കാര്യങ്ങളെവെച്ച്, ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്നവര്‍ തികച്ചും തെറ്റായ നിഗമനത്തിലെത്തിച്ചേരുന്നു. സര്‍വജ്ഞനായ അല്ലാഹു കാര്യങ്ങള്‍ ചെയ്യുന്നതിനടിസ്ഥാനമായ ഉദ്ദേശ്യ താല്‍പര്യങ്ങള്‍ അവരുടെ മുമ്പിലില്ലാത്തതുതന്നെ കാരണം. ലോകത്ത് അക്രമികള്‍ കൊഴുത്ത് തടിക്കുന്നു. നിരപരാധികള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നു. ധിക്കാരികളില്‍ ഔദാര്യങ്ങള്‍ കോരിച്ചൊരിയുമ്പോള്‍ അനുസരണശാലികള്‍ക്ക് അവയൊന്നും ലഭിക്കുന്നില്ല ക്ലേശകരമായ ജീവിതമാണവര്‍ നയിക്കുന്നത്. ദുര്‍ജനങ്ങള്‍ സുഖിച്ചുമദിച്ചുകൊണ്ടിരിക്കുന്നു, സജ്ജനങ്ങളുടെ സ്ഥിതി പരിതാപകരവും. നിത്യവും ഈ രംഗങ്ങള്‍ മനുഷ്യര്‍ കാണുന്നു. ഇതിന്റെയൊക്കെ ആന്തരാര്‍ഥം മനസ്സിലാകുന്നില്ല എന്നതുകൊണ്ടുമാത്രം പൊതുവെ, ജനമനസ്സില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും ജന്മമെടുക്കുന്നു. ഇതെല്ലാം കണ്ട് ഈ ലോകം തനി അരാജക നഗരിയാണെന്ന നിഗമനത്തിലാണ് അവിശ്വാസികളും അക്രമികളുമായ ജനങ്ങള്‍ എത്തിച്ചേരുന്നത്. ഇവിടെ ഒരു രാജാവില്ല; ഉണ്ടെങ്കില്‍ത്തന്നെ തനി പൊങ്ങുതടി; ആര്‍ക്കും എന്തുവേണമെങ്കിലുമാവാം; ചോദിക്കാന്‍ ആളില്ല എന്നൊക്കെയാണവര്‍ കണക്കുകൂട്ടുന്നത്. മറുവശത്ത്, ഈ സംഭവങ്ങള്‍ കണ്ട് സത്യവിശ്വാസികള്‍ മനം തളര്‍ന്നിരുന്നു പോകുന്നു. കഠിനമായ പരീക്ഷണഘട്ടങ്ങളില്‍ അവരുടെ വിശ്വാസം പോലും പലപ്പോഴും ആഞ്ഞുലഞ്ഞ് പോകുന്നു. ഇതുപോലൊരു പരിതഃസ്ഥിതിയിലാണ് അല്ലാഹു തന്റെ പ്രപഞ്ച സംവിധാനത്തിന്റെ യവനിക അല്‍പമൊന്നു നീക്കി, അതിന്റെ ഒരു മിന്നലാട്ടം മൂസാ(അ)ക്ക് കാണിച്ചുകൊടുത്തത്; ഇവിടെ രാപ്പകല്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എന്തുദ്ദേശ്യാര്‍ഥം, എങ്ങനെ നടക്കുന്നു, സംഭവങ്ങളുടെ ബാഹ്യാന്തരവശങ്ങള്‍ തമ്മിലുള്ള അന്തരങ്ങളെന്ത് എന്നെല്ലാം അതുവഴി മൂസാ നബിയെ അറിയിക്കാന്‍വേണ്ടിയാണത്. മൂസാ(അ) എപ്പോള്‍, എവിടെവെച്ചാണ് ഈ സംഭവം അഭിമുഖീകരിച്ചത്? ഖുര്‍ആന്‍ ഈ ചോദ്യത്തിന് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഹദീസില്‍ ഔഫിയുടെ ഒരു നിവേദനം കാണുന്നുണ്ട്. അതില്‍ ഫിര്‍ഔന്റെ നാശത്തിനുശേഷം മൂസാ(അ) തന്റെ ജനതയെ ഈജിപ്തില്‍ താമസിപ്പിച്ച കാലത്താണ് സംഭവം നടന്നതെന്ന ഒരഭിപ്രായം ഇബ്‌നു അബ്ബാസിന്റേതായി ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍, ഇബ്‌നു അബ്ബാസില്‍നിന്നുള്ള കൂടുതല്‍ പ്രബലമായ നിവേദനങ്ങള്‍ ഈ പ്രസ്താവനയെ പിന്താങ്ങുന്നില്ല. ഫിര്‍ഔന്റെ പതനത്തിന് ശേഷം മൂസാ നബി വല്ലപ്പോഴും ഈജിപ്തില്‍ താമസിച്ചിരുന്നതായി മറ്റൊരു വഴിക്ക് സ്ഥിരപ്പെട്ടിട്ടുമില്ല. എന്നല്ല, ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിന് ശേഷം മൂസാ(അ)യുടെ മുഴുവന്‍ കാലവും സീനായിലും തൈഹിലുമാണ് കഴിഞ്ഞതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ആകയാല്‍, ഔഫിയുടെ പ്രസ്തുത റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് സ്പഷ്ടം. എന്നാല്‍, ഈ കഥയുടെത്തന്നെ വിശദാംശങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്: 1) ഈ നിരീക്ഷണങ്ങള്‍ക്ക് മൂസാ നബിയെ വിധേയനാക്കിയത് തന്റെ നുബുവ്വത്തിന്റെ പ്രാരംഭഘട്ടത്തിലായിരിക്കാനാണ് സാധ്യത. എന്തുകൊണ്ടെന്നാല്‍, പ്രവാചകന്മാര്‍ക്ക് ഇവ്വിധമുള്ള ശിക്ഷണശീലങ്ങള്‍ ആവശ്യമായിവരാറുള്ളത് ദൗത്യാരംഭത്തിലാണ്. 2) മക്കയിലെ മുസ്‌ലിംകള്‍ നബിതിരുമേനിയുടെ കാലത്ത് അകപ്പെട്ടിരുന്നതുപോലുള്ള പരിതഃസ്ഥിതികള്‍ ഈജിപ്തില്‍ ഇസ്‌റാഈല്യരെ അഭിമുഖീകരിച്ചിരുന്ന കാലഘട്ടത്തിലായിരിക്കണം, പ്രസ്തുത നിരീക്ഷണാനുഭവങ്ങളുടെ ആവശ്യം മൂസാ നബിക്ക് നേരിട്ടിരിക്കുക. ഇപ്പറഞ്ഞ രണ്ടു കാരണങ്ങളാല്‍, ഈജിപ്തില്‍ ഇസ്‌റാഈല്യരുടെ നേരെ ഫിര്‍ഔനിന്റെ മര്‍ദനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്ന കാലത്താണ് സംഭവം നടന്നതെന്നാണ് നമ്മുടെ അനുമാനം. ദൈവശിക്ഷക്ക് കാലവിളംബം കണ്ടിട്ട് ഫിര്‍ഔനും കിങ്കരന്മാരും, മക്കയിലെ ഖുറൈശിത്തലവന്മാരെപ്പോലെത്തന്നെ, തങ്ങള്‍ക്ക് മേലെ ചോദ്യംചെയ്യാന്‍ ഒരുത്തനുമില്ലെന്ന് ധരിച്ചിരുന്നു. മക്കയിലെ മര്‍ദിത മുസ്‌ലിംകളെപ്പോലെ മര്‍ദിതരായ ഈജിപ്തിലെ മുസ്‌ലിംകളും തളര്‍ന്നവശരായി. ”ഓ, ദൈവമേ! അക്രമികളില്‍ അനുഗ്രഹവര്‍ഷവും; ഞങ്ങള്‍ക്ക് കഷ്ടപ്പാടിന്റെ ശരമാരിയും; ഇതെത്ര കാലം തുടരും?” എന്ന് ചോദിച്ചുപോവുകയും ചെയ്തിരുന്നു. എത്രത്തോളമെന്നാല്‍ മൂസാ നബിപോലും ആ പ്രതിസന്ധിയില്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചുപോയി: ‘ഞങ്ങളുടെ നാഥാ, ഫിര്‍ഔനും അയാളുടെ പ്രമാണിമാര്‍ക്കും നീ ഭൗതികജീവിതത്തില്‍ ആര്‍ഭാടവും സമ്പത്തും പ്രദാനം ചെയ്തിരിക്കുന്നു. നാഥാ, അവര്‍ ജനത്തെ നിന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്നതിന് വേണ്ടിയാണോ ഇത്?’ ഈ പ്രതിസന്ധിയിലാവണം പ്രസ്തുത സംഭവം നടന്നത്.

പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) = وَإِذْ قَالَ
മൂസാ = مُوسَىٰ
തന്റെ ഭൃത്യനോട് = لِفَتَاهُ
(ഈ യാത്ര) ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും = لَا أَبْرَحُ
വരെ = حَتَّىٰ
ഞാന്‍ എത്തുന്നു = أَبْلُغَ
സംഗമ സ്ഥാനത്ത് = مَجْمَعَ
രണ്ടു സമുദ്രങ്ങളുടെ = الْبَحْرَيْنِ
അല്ലെങ്കില്‍ = أَوْ
ഞാന്‍ നടക്കുന്ന = أَمْضِيَ
ദീര്‍ഘ കാലം = حُقُبًا

Add comment

Your email address will not be published. Required fields are marked *