അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 83

وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا﴿٨٣﴾


(83) പ്രവാചകരേ, ദുല്‍ഖര്‍നൈനിയെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നുവല്ലോ. അവരോടു പറയുക: അദ്ദേഹത്തെപ്പറ്റി ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.

മുമ്പത്തെ സംഭവത്തോട് ചേര്‍ത്താണ് ഇവിടെ ‘ദുല്‍ഖര്‍നൈനിയെക്കുറിച്ചും ചോദിക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നത്. അതിനാല്‍, മൂസാ-ഖദിര്‍ സംഭവവും ജനങ്ങളുടെ ചോദ്യത്തിനുത്തരമായി വിവരിച്ചിട്ടുള്ളതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ അധ്യായത്തിലെ മൂന്നു പ്രധാന കഥകളും മക്കയിലെ അവിശ്വാസികള്‍ വേദക്കാരുടെ ഉപദേശപ്രകാരം നബിയെ പരീക്ഷിക്കാന്‍ വേണ്ടി ചോദിച്ചതായിരുന്നു എന്ന നമ്മുടെ നിഗമനത്തെ ഇത് ബലപ്പെടുത്തുന്നുണ്ട്. കഥാപുരുഷനായ ‘ദുല്‍ഖര്‍നൈനി’ ആരായിരുന്നു? പൗരാണിക കാലം മുതല്‍ക്കേ ഈ പ്രശ്‌നത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നിട്ടുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ആയിരിക്കണമെന്ന പക്ഷക്കാരായിരുന്നു പൂര്‍വകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. എന്നാല്‍, ഖുര്‍ആന്‍ ദുല്‍ഖര്‍നൈനിക്ക് പറഞ്ഞിട്ടുള്ള ഗുണഗണങ്ങളും സവിശേഷതകളും വളരെ ഞെരുങ്ങിയേ അലക്‌സാണ്ടറില്‍ ചേരുന്നുള്ളൂ. ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇറാനിലെ ‘ഖോറസ്’ രാജാവിനാണ് ആധുനികകാലത്തെ മുഫസ്സിറുകള്‍ മുന്‍ഗണന നല്‍കുന്നത്. താരതമ്യേന കൂടുതല്‍ ശരിയായിത്തോന്നുന്നതും ഇതുതന്നെ. എന്നാല്‍, ഇന്നയാളാണ് ദുല്‍ഖര്‍നൈനിയെന്ന് ഇപ്പോഴും തീര്‍ത്തുപറയാന്‍ പറ്റില്ല. വിശുദ്ധഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി നല്‍കിയ വിവരണത്തില്‍നിന്ന് നാലു കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. 1. അദ്ദേഹത്തിന്റെ വിശേഷണനാമമായ ‘ദുല്‍ഖര്‍നൈന്‍’ ജൂതന്മാര്‍ക്കെങ്കിലും സുപരിചിതമായിരിക്കണം. ‘ഇരട്ടക്കൊമ്പന്‍’ എന്നാണിതിന്റെ ഭാഷാര്‍ത്ഥം. അവരുടെ സൂചനപ്രകാരമാണല്ലോ മക്കയിലെ അവിശ്വാസികള്‍ നബി(സ)യോട് അദ്ദേഹത്തെപ്പറ്റി ചോദിച്ചിരുന്നത്. അതിനാല്‍, ജൂതന്മാര്‍ ഏത് വ്യക്തിത്വത്തെയാണ്, അല്ലെങ്കില്‍ രാഷ്ട്രത്തെയാണ് ‘ഇരട്ടക്കൊമ്പന്‍’ എന്ന് വിളിച്ചിരുന്നത് എന്നറിയാന്‍ അനിവാര്യമായും ഇസ്‌റാഈലീ സാഹിത്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നതാണ്. 2. അദ്ദേഹം തീര്‍ച്ചയായും വലിയൊരു ഭരണാധിപനും ജേതാവുമായിരിക്കണം. സമസ്ത ദിക്കുകളിലുമുള്ള തന്റെ വിജയങ്ങള്‍ കിഴക്കുതൊട്ട് പടിഞ്ഞാറ് വരെയും തെക്കോ വടക്കോ ഭാഗങ്ങളിലും വ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങള്‍ ഖുര്‍ആന്റെ അവതരണത്തിന് മുമ്പ് ഏതാനും പേര്‍ മാത്രമേ കഴിഞ്ഞുപോയിട്ടുള്ളൂ. അപ്പോള്‍ അവരില്‍ വല്ലവരിലുംതന്നെ അദ്ദേഹത്തിന്റെ ഇതര സവിശേഷതകളും കണ്ടെത്തേണ്ടിവരുന്നതാണ്. 3. തന്റെ സാമ്രാജ്യത്തെ യഅ്ജൂജ്-മഅ്ജൂജിന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനായി ഏതോ മലയിടുക്കില്‍ സുഭദ്രമായ ഒരു മതില്‍ കെട്ടിപ്പൊക്കിയ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ഈ ലക്ഷണം കണ്ടുപിടിക്കുന്നതിനായി യഅ്ജൂജ്-മഅ്ജൂജ് എന്നറിയപ്പെട്ട സമുദായങ്ങള്‍ ആരാണെന്നും നമുക്കറിയേണ്ടതായുണ്ട്. മാത്രമല്ല, അവരുടെ പ്രദേശങ്ങള്‍ക്ക് സമീപം വല്ല മതില്‍ക്കെട്ടും ലോകത്ത് വല്ലപ്പോഴും നിര്‍മിതമായിട്ടുണ്ടോ എന്നും ആരാണത് നിര്‍മിച്ചതെന്നും അറിയേണ്ടതായിട്ടുണ്ട്. 4. മുകളില്‍ പറഞ്ഞ സവിശേഷതകള്‍ക്ക് പുറമെ ‘ദൈവഭക്തനായ നീതിമാന്‍’ എന്നൊരു പ്രത്യേകത കൂടി അദ്ദേഹത്തിനുണ്ടായിരിക്കണം. കാരണം, അദ്ദേഹത്തിന്റെ ഈയൊരു സവിശേഷതയാണിവിടെ ഖുര്‍ആന്‍ സര്‍വോപരി തെളിച്ചുപറയുന്നത്. ഇതില്‍ പ്രഥമ ലക്ഷണം ‘ഖോറസി’ല്‍ നിഷ്പ്രയാസം യോജിക്കാവുന്നതേയുള്ളൂ. എന്തെന്നാല്‍, ബൈബിള്‍ ദാനിയേല്‍ പുസ്തകത്തില്‍ ദാനിയേല്‍ പ്രവാചകന്റെ സ്വപ്നം വിവരിച്ചിട്ടുണ്ട്. അതില്‍ യവനരുടെ ഉത്ഥാനത്തിന് മുമ്പ് മീഡ്യാ-പേര്‍ഷ്യന്‍ സംയുക്ത രാഷ്ട്രത്തെ രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്റെ രൂപത്തില്‍ കണ്ടതായി പറയുന്നുണ്ട്. യഹൂദര്‍ക്കിടയില്‍ ഈ ‘ഇരുകൊമ്പനെ’പ്പറ്റി ധാരാളം പറഞ്ഞുവന്നിരുന്നു. കാരണം, അദ്ദേഹത്തിന്റെ പ്രഹരമാണ് ബാബിലോണിയാ രാഷ്ട്രത്തെ തകര്‍ത്തത്, ഒടുവില്‍ ഇസ്‌റാഈല്യരെ ബന്ധനമുക്തരാക്കിയത്. രണ്ടാമത്തെ ലക്ഷണവും അദ്ദേഹത്തില്‍ വളരെയേറെ യോജിക്കുന്നുണ്ട്; എന്നാല്‍, പൂര്‍ണമായിട്ടില്ല. അദ്ദേഹത്തിന്റെ യുദ്ധവിജയങ്ങള്‍ പടിഞ്ഞാറ് ഏഷ്യാമൈനറിന്റെയും സിറിയയുടെയും തീരങ്ങളോളവും കിഴക്ക് ബക്ട്രിയ വരെയും ചെന്നെത്തിയിരുന്നു. എന്നാല്‍ വടക്കോട്ടോ തെക്കോട്ടോ അദ്ദേഹത്തിന്റെ സുപ്രധാനമായ വല്ല സൈനിക നീക്കവും ഉണ്ടായതായി ചരിത്രത്തില്‍നിന്ന് ഇതുവരെ തെളിവ് കണ്ടെത്തിയിട്ടില്ല. ഖുര്‍ആനാകട്ടെ ഒരു മൂന്നാമത്തെ മുന്നേറ്റത്തെപ്പറ്റി വ്യക്തമായി പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍, ഇവ്വിധമൊരു മുന്നേറ്റത്തിന്റെ സാധ്യതയും സംഭവ്യതയും നിഷേധിക്കേണ്ടതായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഖോറസിന്റെ സാമ്രാജ്യം വടക്ക് കൊക്കേഷ്യ വരെ വ്യാപിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. യഅ്ജൂജ്-മഅ്ജൂജ് എന്നറിയപ്പെടുന്നത് താര്‍ത്താരി, മങ്കോളി, ഹൂണര്‍, സീതിയന്‍ മുതലായ പേരുകളില്‍ കുപ്രസിദ്ധരായവരാണ്. പ്രാചീനകാലം മുതല്‍ക്കേ പരിഷ്‌കൃത രാജ്യങ്ങളുടെ നേരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നവരായിരുന്നു അവര്‍. റഷ്യന്‍-ഉത്തരചൈനീസ് ഗോത്രങ്ങളാണ് അവരെന്ന വസ്തുത മിക്കവാറും തെളിഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. ഇവരുടെ കടന്നാക്രമണങ്ങളില്‍നിന്ന് രക്ഷപ്രാപിക്കുന്നതിനായി കൊക്കേഷ്യയുടെ തെക്ക്ഭാഗത്ത് ‘ദര്‍ബന്തി’ലും ‘ദാരിയാലി’ലും ഭിത്തികള്‍ നിര്‍മിക്കപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഖോറസ് ചക്രവര്‍ത്തി തന്നെയാണോ ഇവ നിര്‍മിച്ചിട്ടുള്ളത് എന്നു മാത്രമേ സ്ഥിരീകരിക്കപ്പെടേണ്ടതായുള്ളൂ. ഒടുവിലത്തെ ലക്ഷണം പൗരാണികകാലത്തെ പ്രസിദ്ധരായ ജേതാക്കളില്‍ വല്ലവരിലും യോജിപ്പിക്കാമെങ്കില്‍ അത് ഖോറസില്‍ മാത്രമാണ്. എന്തെന്നാല്‍, അദ്ദേഹത്തിന്റെ നീതിബോധത്തെ ശത്രുക്കള്‍പോലും പ്രശംസിച്ചിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹം ദൈവവിശ്വാസിയും ദൈവഭക്തനുമായ രാജാവായിരുന്നുവെന്ന് ബൈബിള്‍ എസ്രാ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇസ്‌റാഈല്യരെ ബാബിലോണിയന്‍ ബന്ധനത്തില്‍ നിന്ന് അദ്ദേഹം മോചിപ്പിച്ചത് അവരുടെ ദൈവവിശ്വാസത്താലായിരുന്നു. ഏകദൈവാരാധനക്കായി ബൈത്തുല്‍ മഖ്ദിസില്‍ ഹൈക്കല്‍ സുലൈമാനിയുടെ പുനര്‍നിര്‍മാണത്തിന് അദ്ദേഹം ഉത്തരവിട്ടിരുന്നതും അതുകൊണ്ടുതന്നെ. ഈ അടിസ്ഥാനത്തില്‍, ഖുര്‍ആന്‍ അവതരണത്തിനു മുമ്പ് കഴിഞ്ഞുപോയ വിശ്വജേതാക്കളില്‍ വെച്ച് ‘ദുല്‍ഖര്‍നൈനി’യുടെ ലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ യോജിച്ചുകാണുന്നത് ഖോറസില്‍ മാത്രമാണ്. എന്നാല്‍, അദ്ദേഹംതന്നെയാണ് ദുല്‍ഖര്‍നൈനിയെന്ന് ഖണ്ഡിതമായി പറയാന്‍ കൂടുതല്‍ സാക്ഷ്യങ്ങള്‍ ആവശ്യമായിട്ടുണ്ട്. എന്നിരുന്നാലും ഖുര്‍ആനില്‍ പരാമര്‍ശിച്ച ലക്ഷണങ്ങള്‍ ഖോറസിലെന്നപോലെ മറ്റൊരു ജേതാവിലും യോജിക്കുന്നില്ല എന്നതാണ് ശരി. ചരിത്രപരമായ വിവരണം ഇങ്ങനെ സംഗ്രഹിക്കാം: ഒരു പേര്‍ഷ്യന്‍ രാജാവായിരുന്നു ഖോറസ്. ബി.സി. 549നടുത്ത കാലത്താണ് അദ്ദേഹത്തിന്റെ ഉയര്‍ച്ച ആരംഭിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കകം അല്‍ജിബാല്‍, ഏഷ്യാമൈനര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കീഴ്‌പ്പെടുത്തിയശേഷം ബി.സി. 539ല്‍ ബാബിലോണിയ ജയിച്ചടക്കി. പിന്നീട് അദ്ദേഹത്തിന്റെ മാര്‍ഗത്തില്‍ ഒരു ശക്തിയും പ്രതിബന്ധമായില്ല. അദ്ദേഹത്തിന്റെ വിജയശൃംഖല സിന്ധ്, സുഗദ് മുതല്‍ ഒരു ഭാഗത്ത് ഈജിപ്ത്-ലിബിയ വരെയും മറുഭാഗത്ത് ടെരീസ്-മാസിഡോണിയ വരെയും വ്യാപിച്ചു. വടക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം ഖഫ്ഖാസ് -ഖുവാരിസ്മ് വരെയും പരന്നുകിടന്നു. ഫലത്തില്‍ അന്നത്തെ പരിഷ്‌കൃതലോകം മുഴുവന്‍ അദ്ദേഹത്തിന് അധീനമായിരുന്നു.

അവര്‍ നിന്നോടു ചോദിക്കുന്നു = وَيَسْأَلُونَكَ
ദുല്‍ ഖര്‍നൈനിയെ കുറിച്ച് = عَن ذِي الْقَرْنَيْنِۖ
നീ പറയുക = قُلْ
ഞാന്‍ ഓതിക്കേള്‍പ്പിക്കാം = سَأَتْلُو
നിങ്ങള്‍ക്ക് = عَلَيْكُم
അദ്ദേഹത്തെ കുറിച്ച് = مِّنْهُ
വിവരം = ذِكْرًا

Add comment

Your email address will not be published. Required fields are marked *