അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 89 – 93

ثُمَّ أَتْبَعَ سَبَبًا﴿٨٩﴾ حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍۢ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًۭا﴿٩٠﴾ كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًۭا﴿٩١﴾ ثُمَّ أَتْبَعَ سَبَبًا﴿٩٢﴾ حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًۭا لَّا يَكَادُونَ يَفْقَهُونَ قَوْلًۭا﴿٩٣﴾


(89) പിന്നീട് അദ്ദേഹം മറ്റൊരു പര്യടനത്തിന് തുടക്കമിട്ടു.

(90) അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍, അവിടെ സൂര്യന്‍ ഒരു ജനത്തിന് മീതെ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. ആ ജനത്തിനാകട്ടെ, സൂര്യതാപത്തെ ചെറുക്കുന്നതിന് ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.

(91) ഇതായിരുന്നു അവരുടെ അവസ്ഥ. എന്നാല്‍, ദുല്‍ഖര്‍നൈനിയുടെ കൈവശമുണ്ടായിരുന്നതിനെക്കുറിച്ച് നമുക്ക് നന്നായറിയാമായിരുന്നു.

(92) അനന്തരം അദ്ദേഹം വേറൊരു പര്യടനത്തിന് ഒരുക്കംചെയ്തു.

(93) അങ്ങനെ രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവയ്ക്കടുത്തായി ഒരു ജനത്തെ കണ്ടുമുട്ടി; പറയുന്നതൊന്നും അനായാസം ഗ്രഹിക്കാനാവാത്ത ഒരു ജനം.

(90) അതായത്, അദ്ദേഹം രാജ്യങ്ങള്‍ ജയിച്ചടക്കി, പൂര്‍വ ഭാഗത്ത് പരിഷ്‌കൃത ലോകത്തിന്റെ അതിര്‍ത്തി അവസാനിച്ച ഒരു പ്രദേശത്ത് ചെന്നെത്തി. അതിനപ്പുറം അപരിഷ്‌കൃതരായ കാടന്മാരുടെ പ്രദേശമായിരുന്നു. അവര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് പോകട്ടെ, കൂടാരങ്ങളുണ്ടാക്കുന്നത്‌പോലും വശമില്ലായിരുന്നു.

(93) ആ രണ്ട് പര്‍വതങ്ങള്‍ക്കപ്പുറം യഅ്ജൂജ്-മഅ്ജൂജിന്റെ പ്രദേശമായിരുന്നുവെന്ന് പിന്നീട് പറയുന്നുണ്ട്. അതിനാല്‍, ആ പര്‍വതങ്ങള്‍ കാസ്പിയന്‍ കടലിനും കരിങ്കടലിനും മധ്യേ സ്ഥിതിചെയ്യുന്ന കോക്കസസ് മലനിരകള്‍തന്നെയായിരിക്കണമെന്ന് തീര്‍ച്ച. പറയുന്നതൊന്നും ഗ്രഹിക്കാത്ത ആ ജനതയുടെ ഭാഷ ദുല്‍ഖര്‍നൈനിക്കും കൂട്ടുകാര്‍ക്കും മിക്കവാറും അപരിചിതമായിരുന്നു. തനി കാടന്മാരായതിനാല്‍ അവരുടെ ഭാഷ അന്യര്‍ക്കെന്നപോലെ അന്യരുടെ ഭാഷ അവര്‍ക്കും മനസ്സിലാകുമായിരുന്നില്ല.

പിന്നെ = ثُمَّ
അദ്ദേഹം പിന്തുടര്‍ന്നു = أَتْبَعَ
(മറ്റൊരു) മാര്‍ഗം = سَبَبًا
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ = حَتَّىٰ إِذَا بَلَغَ
ഉദയ സ്ഥാനത്ത് = مَطْلِعَ
സൂര്യന്റെ = الشَّمْسِ
അദ്ദേഹം അതിനെ കണ്ടു = وَجَدَهَا
അത് ഉദിക്കുന്നു = تَطْلُعُ
ഒരു ജനതയുടെ മേല്‍ = عَلَىٰ قَوْمٍ
നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ല = لَّمْ نَجْعَل
അവര്‍ക്ക് = لَّهُم
അതിന്റെ പിന്നില്‍ = مِّن دُونِهَا
ഒരു മറയും = سِتْرًا
അപ്രകാരം = كَذَٰلِكَ
നാം വലയം ചെയ്തിട്ടുണ്ട് (മനസ്സിലാക്കിയിട്ടുണ്ട്) = وَقَدْ أَحَطْنَا
അദ്ദേഹത്തിന്റെ വശമുള്ളതിനെ = بِمَا لَدَيْهِ
സൂക്ഷ്മ വിവരമായി = خُبْرًا
പിന്നെ = ثُمَّ
അദ്ദേഹം പിന്തുടര്‍ന്നു = أَتْبَعَ
(മറ്റൊരു) മാര്‍ഗം = سَبَبًا
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ = حَتَّىٰ إِذَا بَلَغَ
രണ്ട് പര്‍വത നിരകള്‍ക്കിടയില്‍ = بَيْنَ السَّدَّيْنِ
അദ്ദേഹം കണ്ടെത്തി = وَجَدَ
അവ രണ്ടിനും പിന്നില്‍ = مِن دُونِهِمَا
ഒരു ജനതയെ = قَوْمًا
അവര്‍ ഗ്രഹിക്കുന്നവര്‍ ആയിരുന്നില്ല = لَّا يَكَادُونَ يَفْقَهُونَ
ഒരു വാക്കും = قَوْلًا

Add comment

Your email address will not be published. Required fields are marked *