മുഅ്മിനൂൻ – ആമുഖം

നാമം
(قَدْ أَفْلَحَ الْمُؤْمِنُون) എന്ന പ്രഥമ സൂക്തത്തില്‍നിന്നാണ് അധ്യായ നാമം സ്വീകരിച്ചിട്ടുള്ളത്.

അവതരണകാലം
ഈ അധ്യായം അവതരിച്ചത് പ്രവാചകന്റെ മക്കാഘട്ടത്തിന്റെ മധ്യനാളുകളിലാണെന്ന് പ്രതിപാദ്യവിഷയങ്ങളില്‍നിന്നും അവതരണശൈലിയില്‍നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. നബി(സ)യും കാഫിറുകളും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായിരുന്നെങ്കിലും കാഫിറുകളുടെ അക്രമമര്‍ദനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നില്ല എന്ന് സൂക്ഷ്മനിരീക്ഷണത്തില്‍നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നു. മക്കയെ ബാധിച്ചിരുന്ന രൂക്ഷമായ ക്ഷാമത്തിന്റെ നാളുകളിലാണ് ഇതവതരിച്ചതെന്ന് 75-77 23:75 സൂക്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പ്രബല റിപ്പോര്‍ട്ടുകളനുസരിച്ച് മക്കാഘട്ടത്തിന്റെ മധ്യത്തിലാണതുണ്ടായത്. ഉര്‍വതുബ്‌നു സുബൈറിന്റെ ഒരു റിപ്പോര്‍ട്ടുപ്രകാരം അന്ന് ഹദ്‌റത്ത് ഉമര്‍ ഇസ്‌ലാം സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഈ സൂക്തം തന്റെ മുമ്പിലാണവതരിച്ചതെന്ന ഉമറിന്റെ പ്രസ്താവനയെ അദ്ദേഹം അബ്ദുര്‍റഹ്മാനിബ്‌നു അബ്ദില്‍ഖാരിയിലൂടെ ഉദ്ധരിച്ചിരിക്കുന്നു. വഹ്‌യ് അവതരണവേളയില്‍ നബി(സ)യില്‍ ഉണ്ടാകുന്ന ഭാവഭേദങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമര്‍. വഹ്‌യ് സ്വീകരണത്തില്‍നിന്നും മുക്തനായ ശേഷം പ്രവാചകന്‍(സ) പറഞ്ഞു: ‘എനിക്കിപ്പോള്‍ പത്ത് സൂക്തങ്ങള്‍ അവതരിച്ചുകിട്ടിയിട്ടുണ്ട്. അവയ്ക്ക് പൂര്‍ണമായ വിധത്തില്‍ ഉത്തരം നല്‍കുന്നവര്‍ തീര്‍ച്ചയായും സ്വര്‍ഗസ്ഥരായിത്തീരുന്നതാണ്. അനന്തരം അവിടുന്ന് ഈ സൂറയിലെ പ്രഥമ സൂക്തങ്ങള്‍ പാരായണം ചെയ്തു.

ഉള്ളടക്കവും പ്രതിപാദ്യവും
പ്രവാചകനെ അനുധാവനം ചെയ്യാനുള്ള ആഹ്വാനമാണ് ഈ സൂറയുടെ കേന്ദ്രവിഷയം. മറ്റ് പ്രഭാഷണങ്ങളെല്ലാം ഈ കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഈ പ്രവാചകന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരില്‍ ആന്തരികമായി ഇന്നയിന്ന ഗുണങ്ങള്‍ ഉണ്ടായിത്തീരുന്നു; അവര്‍ നിശ്ചയമായും ഇഹപരവിജയത്തിനര്‍ഹരാകുന്നു എന്നു പറഞ്ഞുകൊണ്ടാണ് വചനാരംഭം. അനന്തരം മനുഷ്യസൃഷ്ടിയിലേക്കും ആകാശഭൂമികളുടെ സൃഷ്ടിപ്പിലേക്കും സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും സൃഷ്ടിപ്പിലേക്കും മറ്റു പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. പ്രവാചകന്‍ നിങ്ങളോട് വിശ്വസിക്കണമെന്നാവശ്യപ്പെടുന്ന തൗഹീദിന്റെയും പുനരുത്ഥാനത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ക്ക് നിങ്ങളുടെ അസ്തിത്വവും പ്രാപഞ്ചികവ്യവസ്ഥയഖിലവും സാക്ഷ്യംവഹിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുകയാണിതിന്റെ ഉദ്ദേശ്യം. പിന്നീട് പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും കഥയാരംഭിക്കുന്നു. പ്രത്യക്ഷത്തില്‍ അവ കഥാകഥനങ്ങളായിത്തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അതിലൂടെ ശ്രോതാക്കളെ ചില വസ്തുതകള്‍ ഗ്രഹിപ്പിക്കുകയാണ് ചെയ്യുന്നത്: ഒന്ന്: മുഹമ്മദി(സ)ന്റെ പ്രബോധനത്തിനെതിരായി നിങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങളും ആരോപണങ്ങളുമൊന്നും ഒട്ടും പുതിയതല്ല. ദൈവത്താല്‍ അയക്കപ്പെട്ടവരെന്ന് നിങ്ങള്‍തന്നെ വിശ്വസിക്കുന്ന പ്രവാചകന്മാര്‍ മുമ്പ് ഇവിടെ ആഗതരായപ്പോള്‍ അവര്‍ക്കെതിരായി അവരുടെ കാലത്തെ അജ്ഞരായ ആളുകളും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇനി ചരിത്രത്തിന്റെ പാഠമെന്തെന്ന് ചിന്തിക്കുക. ആരോപണങ്ങളുന്നയിച്ചവരായിരുന്നുവോ സത്യവാന്മാര്‍, അതോ പ്രവാചകന്മാരോ? രണ്ട്: ഏകദൈവത്വത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും മുഹമ്മദ്‌നബി (സ) അവതരിപ്പിക്കുന്ന അതേ അധ്യാപനങ്ങള്‍തന്നെയാണ് എല്ലാ കാലത്തുമുള്ള പ്രവാചകന്മാരും അവതരിപ്പിച്ചിട്ടുള്ളത്. അവരില്‍നിന്നും വ്യത്യസ്തമായ, ലോകം ഇതുവരെ കേട്ടിട്ടില്ലാത്ത പുതിയ ഒരു കാര്യവും അദ്ദേഹം അവതരിപ്പിക്കുന്നില്ല. മൂന്ന്: ഏതെല്ലാം സമുദായങ്ങള്‍ പ്രവാചകന്മാരുടെ പ്രബോധനം ശ്രവിക്കാന്‍ കൂട്ടാക്കാതിരിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ടോ അവരെല്ലാം അവസാനം നാശത്തില്‍ പതിക്കുകയാണുണ്ടായിട്ടുള്ളത്. നാല്: എല്ലാ കാലത്തും മനുഷ്യര്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഒരേ ദീന്‍തന്നെയാകുന്നു. എല്ലാ പ്രവാചകന്മാരും ഏകസമുദായത്തിലെ ആളുകളുമായിരുന്നു. ഈ ഏക ദീനൊഴിച്ച് ലോകത്ത് നിങ്ങള്‍ കാണുന്ന വിവിധ മതങ്ങളെല്ലാം മനുഷ്യരുടെ സൃഷ്ടികളാണ്. അവയില്‍ യാതൊന്നും അല്ലാഹുവിങ്കല്‍നിന്നുള്ളതല്ല. കഥാകഥനത്തിനു ശേഷം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണ്: ഐഹികസൗഖ്യവും സമ്പത്തും കുടുംബങ്ങളും സന്താനങ്ങളും സേവകരും പരിവാരവും ശക്തിയും സ്വാധീനവും ഒന്നുംതന്നെ ഒരു വ്യക്തിയോ സമൂഹമോ സന്മാര്‍ഗം ലഭിച്ചവരാണെന്നു കുറിക്കുന്ന ഖണ്ഡിതമായ ലക്ഷണങ്ങളല്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണെന്നതിനോ അവരുടെ നിലപാടില്‍ അല്ലാഹു പ്രീതിപ്പെട്ടിരിക്കുന്നുവെന്നതിനോ തെളിവായും അത് പരിഗണിക്കപ്പെടാവതല്ല. അപ്രകാരം, ഒരു വിഭാഗത്തിന്റെ നിസ്സഹായതയും ദാരിദ്ര്യവും അവരുടെയും അവരുടെ നിലപാടിന്റെയും നേരെ അല്ലാഹു അതൃപ്തനാണെന്നതിനും തെളിവാക്കിക്കൂടാ. അല്ലാഹുവിന്റെ പ്രീതിയും അപ്രീതിയും ബന്ധപ്പെട്ടിട്ടുള്ള യഥാര്‍ഥ സംഗതി മനുഷ്യന്റെ വിശ്വാസവും ദൈവഭക്തിയും കീഴ്‌വണക്കവുമാകുന്നു. അക്കാലത്ത് നബി(സ)യുടെ പ്രബോധനത്തെ എതിര്‍ത്തിരുന്നവരെല്ലാം മക്കയിലെ ധനാഢ്യരും പ്രമാണികളുമായിരുന്നു എന്നതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളത്. അവര്‍ അങ്ങനെ സ്വയം അഹങ്കരിച്ചിരുന്നു. ഭൗതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുകയും മുന്നോട്ടു ഗമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരില്‍ അനിവാര്യമായും ദൈവത്തിന്റെയും ദേവതകളുടെയും പ്രീതിയുണ്ടെന്നും അവര്‍ തങ്ങളുടെ സ്വാധീനത്തിന് വിധേയരായവരാണെന്നും സ്വയം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ കൂടെയുള്ള വിരലിലെണ്ണാവുന്നവരുടെ അവസ്ഥതന്നെ ദൈവം അയാളുടെ കൂടെയില്ലെന്നും ദേവതകള്‍ അയാളോട് കോപിച്ചിരിക്കുന്നുവെന്നും വിളിച്ചോതുന്നുണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് പലവിധത്തിലായി, മക്കാനിവാസികളെ നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വാസമുള്ളവരാക്കാന്‍ ശ്രമിച്ചിരിക്കുന്നു. പിന്നീട്, നിങ്ങളെ ബാധിച്ചിട്ടുള്ള ഈ ക്ഷാമം നിങ്ങള്‍ക്ക് ഒരു താക്കീതാണെന്നും അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സന്മാര്‍ഗത്തിലേക്ക് വരണമെന്നും അല്ലാത്തപക്ഷം നിങ്ങള്‍ വിലപിക്കേണ്ടിവരുന്നവിധം കഠിനമായ ശിക്ഷ വന്നുഭവിക്കുമെന്നും വിശദീകരിക്കുകയാണ്. അനന്തരം പ്രപഞ്ചത്തിലേക്കും സ്വന്തം ജീവിതത്തിലേക്കും വീണ്ടും അവരുടെ ശ്രദ്ധ തിരിക്കുന്നു. അതിന്റെ താല്‍പര്യം ഇതാണ്: ഏതൊരു ഏകദൈവത്വത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ചാണ് ഈ പ്രവാചകന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു തരുന്നതെന്ന് കണ്ണുതുറന്നൊന്നു നോക്കുക. നിങ്ങള്‍ക്കു ചുറ്റും അതിനുള്ള സാക്ഷ്യങ്ങള്‍ പരന്നുകിടക്കുന്നില്ലേ? നിങ്ങളുടെ പ്രകൃതിയും ബുദ്ധിയും അതിന്റെ സത്യതയ്ക്കും സാധുതയ്ക്കും തെളിവു തരുന്നില്ലേ? പിന്നെ, ഈ ജനങ്ങള്‍ എത്രതന്നെ ദുഷിച്ച നിലപാടാണ് നിങ്ങളോട് സ്വീകരിച്ചിട്ടുള്ളതെങ്കിലും നിങ്ങള്‍ നല്ല രീതിയില്‍ വേണം അതിനെ പ്രതിരോധിക്കാന്‍ എന്ന് നബി(സ)യോട് നിര്‍ദേശിച്ചിരിക്കുന്നു. പിശാച് എപ്പോഴെങ്കിലും താങ്കളില്‍ രോഷം നിറച്ച് തിന്മയെ തിന്മകൊണ്ട് നേരിടാന്‍ ദുഷ്‌പ്രേരണ നല്‍കിയാല്‍ അതനുസരിച്ചുപോകരുത്. അവസാനമായി, സത്യനിഷേധികളെ പരലോകവിചാരണയെ സംബന്ധിച്ച് ഭയപ്പെടുത്തിയിരിക്കുന്നു. സത്യപ്രബോധനത്തോടും അതിന്റെ വാഹകരോടും അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പേരില്‍ നിങ്ങള്‍ ഭയങ്കരമായ വിചാരണയെ നേരിടേണ്ടിവരുമെന്ന് അവരെ താക്കീതു ചെയ്യുകയും ചെയ്തിരിക്കുന്നു.

Add comment

Your email address will not be published. Required fields are marked *