മുഅ്മിനൂൻ – സൂക്തങ്ങള്‍: 1

قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾


(1) നിശ്ചയം, സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.

സത്യവിശ്വാസികള്‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി(സ)യുടെ പ്രബോധനം സ്വീകരിക്കുകയും അദ്ദേഹത്തെ മാര്‍ഗദര്‍ശകനായി അംഗീകരിക്കുകയും അദ്ദേഹം അവതരിപ്പിക്കുന്ന മാര്‍ഗം പിന്‍പറ്റി ജീവിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നവരെയാകുന്നു. വിജയം, സൗഖ്യം എന്നൊക്കെയാണ് ‘ഫലാഹ്’ എന്ന വാക്കിനര്‍ഥം. പരാജയം, നഷ്ടം, തകര്‍ച്ച, അലക്ഷ്യത എന്നീ അര്‍ഥങ്ങളിലുള്ള ‘ഹുസ്‌റാന്‍’ എന്നതിന്റെ വിപരീതമാണത്. ‘അഫ്‌ലഹറജ്‌ലു’ എന്നുപറഞ്ഞാല്‍, അയാള്‍ വിജയിച്ചു, ലക്ഷ്യം നേടി, ഐശ്വര്യവും സൗഖ്യവും സമ്പാദിച്ചു, പ്രയത്‌നം സഫലമായി, അയാള്‍ നല്ല നിലയിലായി എന്നൊക്കെയാണര്‍ഥം. ഈ പ്രഭാഷണത്തിന്റെ അവതരണപശ്ചാത്തലം അവലോകനം ചെയ്യുമ്പോള്‍ മാത്രമേ ‘നിശ്ചയമായും വിജയം പ്രാപിച്ചിരിക്കുന്നു’ എന്ന വാക്യത്തോടെ പ്രഭാഷണം ആരംഭിച്ചതിന്റെ അര്‍ഥവും ഔചിത്യവും പൂര്‍ണമായി മനസ്സിലാവുകയുള്ളൂ. ഈ അവസരത്തില്‍ ഒരുവശത്ത്, വ്യാപാരപ്രമുഖരും ക്ഷേമൈശ്വര്യങ്ങളുടെ സര്‍വോപാധികളും ഒത്തിണങ്ങിയവരുമായ മക്കാനേതാക്കള്‍ ഇസ്‌ലാമിക പ്രബോധനത്തെ എതിര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. മറുവശത്ത്, ഇസ്‌ലാമികപ്രബോധനം സ്വീകരിച്ചവരാകട്ടെ, ഭൂരിപക്ഷവും മുമ്പേതന്നെ ദുര്‍ബലരും നിസ്സഹായരും ദരിദ്രരുമായിരുന്നു. ധനികകുടുംബങ്ങളുമായി ബന്ധമുള്ളവരോ സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ നേരത്തേ സുസ്ഥിതി നേടിയിരുന്നവരോ ആയ ഏതാനും ചിലരുണ്ടായിരുന്നു. എങ്കിലും സമൂഹത്തിന്റെ ശത്രുതമൂലം അവരുടെയും സ്ഥിതി ശോചനീയമായിത്തീര്‍ന്നു. ഈ പരിതഃസ്ഥിതിയില്‍ ‘നിശ്ചയമായും സത്യവിശ്വാസികള്‍ വിജയംപ്രാപിച്ചിരിക്കുന്നു’ എന്ന പ്രഭാഷണാരംഭത്തിന്റെ വ്യക്തമായ വിവക്ഷയിതാണ്: വിജയവും പരാജയവും തീരുമാനിക്കാന്‍ നിങ്ങള്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡം തെറ്റാകുന്നു. നിങ്ങളുടെ സങ്കല്‍പങ്ങള്‍ തെറ്റാണ്. നിങ്ങളുടെ കാഴ്ചപ്പാട് ദീര്‍ഘദര്‍ശനത്തോടുകൂടിയതല്ല. നിങ്ങള്‍ വിജയമായി കണക്കാക്കുന്ന ക്ഷണികമായ ഈ സമൃദ്ധി യഥാര്‍ഥത്തില്‍ വിജയമല്ല, മറിച്ച് പരാജയമാകുന്നു. മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരെ നിങ്ങള്‍ പരാജിതരും ജീവിതം പാഴായവരുമായി ഗണിക്കുന്നു. എന്നാല്‍, അവരാണ് യഥാര്‍ഥത്തില്‍ വിജയവും സാഫല്യവും നേടിയവര്‍. സത്യപ്രബോധനം സ്വീകരിക്കുന്നതിലൂടെ അവര്‍ നേടുന്നത് നഷ്ടവും പരാജയവുമല്ല; മറിച്ച്, ഇഹത്തിലും പരത്തിലും ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്തുകയാണവര്‍. ഇതുതന്നെയാണ് ഈ സൂറയുടെ കേന്ദ്രവിഷയം. ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ പ്രതിപാദനവും ഈ വിഷയം വിശദീകരിക്കുകയാണ് ചെയ്യുന്നത്.

തീര്‍ച്ചയായും = قَدْ
വിജയിച്ചു = أَفْلَحَ
സത്യവിശ്വാസികള്‍ = الْمُؤْمِنُونَ

Add comment

Your email address will not be published. Required fields are marked *