മുഅ്മിനൂൻ – സൂക്തങ്ങള്‍: 3-4

وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ﴿٣﴾ وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ﴿٤﴾


(2) അനാവശ്യങ്ങളില്‍ നിന്ന് അവര്‍ അകന്ന് നില്‍ക്കുന്നു.
(3) സകാത്തിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണവര്‍;

3- അനാവശ്യവും അര്‍ഥശൂന്യവുമായ പ്രവര്‍ത്തനങ്ങളെയും സംസാരങ്ങളെയുമാണ് ‘ലഗ്‌വ്’ എന്നു പറയുക. ഏതെങ്കിലും സദുദ്ദേശ്യം സാധിക്കാത്തതും യഥാര്‍ഥത്തില്‍ ആവശ്യമുള്ളതോ പ്രയോജനകരമോ ആയ ഒരു ഫലവും ഉണ്ടാക്കാത്തതുമായ എല്ലാ സംസാരങ്ങളും കര്‍മങ്ങളും ‘ലഗ്‌വിയാത്ത്’ ആകുന്നു. ‘അകന്നു നില്‍ക്കുന്നവര്‍’ എന്നാണ് ‘മുഅ്‌രിളൂന്‍’ എന്ന വാക്കിനെ തര്‍ജമ ചെയ്തിട്ടുള്ളത്. എന്നാല്‍, ആശയം മുഴുവനായി അത് പ്രതിഫലിപ്പിക്കുന്നില്ല. അവര്‍ അനാവശ്യകാര്യങ്ങള്‍ ശ്രദ്ധിക്കുകയില്ല, അതിലേക്ക് തിരിയുകയില്ല, അതിലേക്ക് ആകൃഷ്ടരാവുകയില്ല, അനാവശ്യമായ സംസാരമോ പ്രവൃത്തിയോ നടക്കുന്നേടത്തേക്ക് പോവുകയുമില്ല. ആകസ്മികമായി അത്തരം കാര്യങ്ങളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ അകന്നുമാറുകയും അതുമായി ബന്ധപ്പെടാതെ അവഗണിച്ചു പിന്തിരിയുകയും ചെയ്യും. ഇക്കാര്യം സൂറത്തുല്‍ ഫുര്‍ഖാനില്‍ ഇപ്രകാരമാണ് വ്യക്തമാക്കിയിട്ടുള്ളത്: അനാവശ്യമായ പ്രവര്‍ത്തനമോ സംസാരമോ നടക്കുന്ന സ്ഥലത്തുകൂടി കടന്നുപോവാനിടയായാല്‍ അവര്‍ മാന്യമായ രീതിയില്‍ കടന്നുപോകുന്നു(അല്‍ ഫുര്‍ഖാന്‍: 72). സത്യവിശ്വാസികളുടെ സുപ്രധാനമായ ഗുണങ്ങളില്‍ ചിലതത്രേ ഈ സംക്ഷിപ്ത വാക്യങ്ങളില്‍ വിവരിച്ചിട്ടുള്ളത്.സത്യവിശ്വാസി എല്ലായ്‌പ്പോഴും സ്വന്തം ഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധമുള്ള വ്യക്തിയായിരിക്കും. ഇഹലോകം ഒരു പരീക്ഷണാലയമാണെന്ന് അവനറിയാം. ജീവിതം, ആയുസ്സ്, സമയം എന്നിവയെല്ലാം പരീക്ഷണാര്‍ഥം തനിക്ക് നല്‍കിയിട്ടുള്ള അളന്നുതൂക്കി ക്ലിപ്തപ്പെടുത്തിയ ഘട്ടമാണെന്നും അവന്‍ മനസ്സിലാക്കുന്നു. ഈ ബോധം അവനെ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയെപ്പോലെ അച്ചടക്കമുള്ളവനും പ്രവര്‍ത്തനനിരതനുമാക്കുന്നു. പരീക്ഷാഹാളിലിരിക്കുന്ന ഏതാനും മണിക്കൂറുകളാണ് തന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നത് എന്ന തീക്ഷ്ണമായ ബോധം ആ വിദ്യാര്‍ഥിയിലുണ്ടായിരിക്കും. ഈ ബോധം മൂലം പരീക്ഷയുടെ ഓരോ നിമിഷവും അവന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ വിനിയോഗിക്കുന്നു. ഒരുനിമിഷം പോലും പാഴായിപ്പോകാനനുവദിക്കുകയില്ല. ഇതുപോലെത്തന്നെ സത്യവിശ്വാസിയും തന്റെ സമയമത്രയും അന്തിമവീക്ഷണത്തില്‍ ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വിനിയോഗിക്കുന്നു. എത്രത്തോളമെന്നാല്‍, അവന്‍ ഉല്ലാസത്തിനും വിനോദത്തിനും വേണ്ടി തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ പോലും കേവലം സമയം കൊല്ലാനുള്ളതായിരിക്കുകയില്ല. മറിച്ച്, തന്നെ ഉല്‍കൃഷ്ട ലക്ഷ്യത്തിനു വേണ്ടി തയ്യാറാക്കാന്‍ സഹായകമായതായിരിക്കും. അവന്റെ വീക്ഷണത്തില്‍ സമയം കൊല്ലാനുള്ളതല്ല, ഉപയോഗപ്പെടുത്താനുള്ളതാണ്. കൂടാതെ സല്‍സ്വഭാവവും സഹൃദയത്വവുമുള്ള മനുഷ്യനാണ് സത്യവിശ്വാസി. നിരര്‍ഥകമായ കാര്യങ്ങളുമായി അവന്റെ പ്രകൃതി പൊരുത്തപ്പെടുകയില്ല. ഫലപ്രദമായ കാര്യങ്ങളേ അവന്‍ സംസാരിക്കൂ. പാഴ്‌വര്‍ത്തമാനം പറയുകയില്ല. ഫലിതവും തമാശയും ഹാസ്യവും അവയുടെ പരിധികളില്‍ ആസ്വദിക്കുന്നു. അതേസമയം, അവന്‍ വെറും കോമാളിയാവുകയില്ല. അധമമായ ആസ്വാദനങ്ങളും പരിഹാസവും സഹിക്കാനും അവന് കഴിയില്ല. വിനോദഭാഷണങ്ങളില്‍ സ്വയം തളച്ചിടാനും അവന് സാധിക്കുകയില്ല. സ്വന്തം ചെവിയെ പരദൂഷണങ്ങളില്‍നിന്നും കുശുകുശുപ്പില്‍നിന്നും വ്യാജവാര്‍ത്തകളില്‍നിന്നും ആഭാസഭാഷണങ്ങളില്‍നിന്നും സുരക്ഷിതമാക്കാന്‍ കഴിയാത്ത സാമൂഹിക ചുറ്റുപാട് അവനെ സംബന്ധിച്ചിടത്തോളം വലിയൊരു ശിക്ഷയായിരിക്കും. അല്ലാഹു അവന് വാഗ്ദത്തം ചെയ്തിട്ടുള്ള അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഒരനുഗ്രഹമായി ഇതുകൂടി എണ്ണിയിട്ടുണ്ട്: സ്വര്‍ഗത്തില്‍ അവന്‍ പാഴ്‌മൊഴികള്‍ കേള്‍ക്കുകയുമില്ല.

4- ധനത്തിലൊരു വിഹിതം നല്‍കുന്നു, അല്ലെങ്കില്‍ വീട്ടുന്നു എന്നാണ്. ഈ അര്‍ഥത്തിലാകുമ്പോള്‍ അത് സാമ്പത്തിക സകാത്തില്‍ പരിമിതമാകുന്നു. എന്നാല്‍, ‘ലിസ്സക്കാത്തി ഫാഇലൂന്‍’ എന്നാണ് പറയുന്നതെങ്കില്‍ ആശയം ഇപ്രകാരമാകുന്നു: അവര്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നവരാകുന്നു. ഈ രൂപത്തില്‍ സംസ്‌കരണം സമ്പത്ത് ചെലവഴിക്കുന്നതില്‍ മാത്രം പരിമിതമാകുന്നില്ല; ആത്മസംസ്‌കരണം, സ്വഭാവസംസ്‌കരണം, ജീവിതസംസ്‌കരണം, സമ്പല്‍സംസ്‌കരണം എന്നുവേണ്ട എല്ലാ രംഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. കൂടാതെ സ്വന്തം ജീവിതത്തിന്റെ മാത്രം സംസ്‌കരണത്തിലും അത് പരിമിതമാകുന്നില്ല. തന്റെ സഹജീവികളുടെ ജീവിതസംസ്‌കരണത്തോളം അത് വ്യാപകമാകും. അതിനാല്‍, മറ്റൊരു വിധത്തില്‍ ഈ വാക്യങ്ങളുടെ തര്‍ജമ ഇപ്രകാരമാണ്: ‘അവര്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാകുന്നു.’ അതായത്, തങ്ങളെ സ്വയം സംസ്‌കരിക്കുന്നവരും മറ്റുള്ളവരെ സംസ്‌കരിക്കുന്നതിന് സേവനങ്ങളര്‍പ്പിക്കുന്നവരുമാകുന്നു അവര്‍. എല്ലാ ഉല്‍കൃഷ്ട മാനുഷിക സ്വഭാവങ്ങളും സ്വയം വളര്‍ത്തുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തിലും പുരോഗതിയുണ്ടാക്കാന്‍ അവര്‍ പരിശ്രമിക്കും. ഈ ആശയം വിശുദ്ധ ഖുര്‍ആനില്‍ വേറെയും സ്ഥലങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, സൂറ അല്‍അഅ്‌ലായില്‍: 14,15 സൂക്തങ്ങളില്‍ പറയുന്നു: വിശുദ്ധി കൈക്കൊള്ളുകയും നാഥന്റെ നാമം സ്മരിച്ച് നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയം പ്രാപിക്കുന്നു. സൂറ അശ്ശംസ്: 9-10 വരെ സൂക്തങ്ങളില്‍ പറയുന്നു: ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയംപ്രാപിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെട്ടു. എന്നാല്‍, ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തം ഈ രണ്ടു സൂക്തങ്ങളെയുമപേക്ഷിച്ച് കൂടുതല്‍ വിപുലമായ ആശയമുള്‍ക്കൊള്ളുന്നു. ഇവ രണ്ടും ആത്മസംസ്‌കരണത്തിലാണ് ഊന്നിയിട്ടുള്ളത്. മറ്റേതാകട്ടെ, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലുമുള്ള സംസ്‌കരണവും കൂടി ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു.

ഒരു കൂട്ടരും = وَالَّذِينَ
അവര്‍ = هُمْ
അനാവശ്യങ്ങളില്‍ നിന്ന് = عَنِ اللَّغْوِ
തിരിഞ്ഞുകളയുന്നവര്‍ (ആണ്) = مُعْرِضُونَ
ഒരു കൂട്ടരും = وَالَّذِينَ
അവര്‍ (ആകുന്നു) = هُمْ
സകാത്തിന് = لِلزَّكَاةِ
പ്രവര്‍ത്തിക്കുന്നവര്‍ = فَاعِلُونَ

Add comment

Your email address will not be published. Required fields are marked *